2022, നവംബർ 4, വെള്ളിയാഴ്‌ച

ആദം സഗയെവ്സ്കി- മിവോഷിനെ വായിക്കുമ്പോൾ



താങ്കളുടെ കവിതകൾ
ഒരിക്കല്ക്കൂടി ഞാൻ വായിക്കാനെടുക്കുന്നു,
ധനികനായ, സർവ്വജ്ഞനായ ഒരാളെഴുതിയ കവിതകൾ,
വീടില്ലാത്ത ഒരു യാചകൻ,
ഏകാകിയായ ഒരു പ്രവാസിയുമെഴുതിയ കവിതകൾ.

താങ്കൾക്കെപ്പോഴും കവിതയ്ക്കപ്പുറത്തേക്കു പോകണമായിരുന്നു,
അതിനു മേൽ ഉയർന്നുപാറി നില്ക്കണമായിരുന്നു,
എന്നാലതിനു താഴേക്കും പോകാൻ താങ്കളാഗ്രഹിച്ചു,
കാതരവും വിനീതവുമായി ഞങ്ങളുടെ മേഖല തുടങ്ങുന്നിടത്തേക്കിറങ്ങാൻ.

ചിലനേരം താങ്കളുടെ സ്വരം
ഞങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു,
-ഒരു നിമിഷത്തേക്കാണതെങ്കിലും-
പാവനമാണോരോ നാളുമെന്ന്,

കവിത- എങ്ങനെയാണു ഞാനതു വാക്കുകളിലാക്കുക?- 
ജീവിതത്തെ പൂർണ്ണമാക്കുന്നുവെന്ന്,
അതിനെ പുഷ്കലമാക്കുന്നുവെന്ന്,
അഭിമാനിക്കാവുന്നതും ശരിയായ ചേരുവയാണെന്നതിൽ
നാണക്കേടു തോന്നേണ്ടാത്തതുമാക്കുന്നുവെന്ന്.

എന്നാലിതാ, രാത്രിയാവുകയായി,
ഞാൻ പുസ്തകം മാറ്റിവയ്ക്കുന്നു,
നഗരത്തിന്റെ നിത്യാരവത്തിനാരംഭമാവുന്നു-
ആരോ ചുമയ്ക്കുന്നു,
ആരോ ഞരങ്ങുകയും പ്‌രാകുകയും ചെയ്യുന്നു.



* മിവോഷ്- Czeslaw Milosz(1911-2004); 1980ൽ നൊബേൽ സമ്മാനം ലഭിച്ച പോളിഷ് കവി. അമേരിക്കയിൽ പ്രവാസിയായിരുന്നു; പോളിഷ് സാഹിത്യത്തെ പാശ്ചാത്യർക്കു പരിചയപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല: