2022, നവംബർ 2, ബുധനാഴ്‌ച

എമിൽ ചൊറാൻ - ഹർഷോന്മാദം


ഒരു സംശയാലു, യാതൊന്നും പരിഹൃതമാവാത്ത ഒരു ലോകമായി ഈ ലോകത്തെ കാണുന്ന ഒരാൾ, ഹർഷോന്മാദത്തെക്കുറിച്ച്- ഏറ്റവും പുഷ്കലവും ഏറ്റവും അപകടകരവുമായ ഹർഷോന്മാദത്തെ, ജീവന്റെ പരമമായ ഉല്പത്തിയുടെ ഹർഷോന്മാദത്തെക്കുറിച്ച്- എന്താണു ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. സ്പഷ്ടമായ തീർച്ചയോ ഖണ്ഡിതമായ ജ്ഞാനമോ നിങ്ങൾക്കതിൽ നിന്നു കിട്ടാൻ പോകുന്നില്ല; എന്നാല്ക്കൂടി, സാരഭൂതമായതൊന്നിൽ താൻ ഭാഗഭാക്കാകുന്നു എന്ന അത്ര ഉത്ക്കടമായ അനുഭൂതി സാമാന്യജ്ഞാനത്തിന്റെ എല്ലാ അതിരുകളേയും സംവർഗ്ഗങ്ങളേയും അതിവർത്തിക്കുന്നതുമാണ്‌. കഷ്ടപ്പാടിന്റെയും വേദനയുടേയും യാതനയുടേയും ഈ ലോകത്തു നിന്ന് ജീവന്റെ ശ്രീകോവിലിലേക്ക് ഒരു കവാടം നിങ്ങൾക്കു തുറന്നുകിട്ടുകയാണ്‌; എത്രയും ലളിതമായ ഒരു ദർശനം ഉജ്ജ്വലമായ ഒരതിഭൗതികസമാധിയിൽ നമുക്കു ഗ്രഹിക്കാമെന്നാകുന്നു. അസ്തിത്വത്തിന്റെ ഉപരിപ്ലവവും വൈയക്തികവുമായ അടരുകൾ ആദിമഗഹനതകൾ വെളിവാക്കിക്കൊണ്ട് അലിഞ്ഞുപോവുകയാണ്‌. ഉപരിപ്ലവമായ രൂപങ്ങൾ അപ്രത്യക്ഷമാകാതെ ശരിക്കും അതിഭൗതികമായ ഒരനുഭൂതി സാദ്ധ്യമാണോയെന്നുതന്നെ ഞാൻ സംശയിക്കുന്നു. ആകസ്മികവും അസംഗതവുമായ ഘടകങ്ങളിൽ നിന്നുള്ള ശുദ്ധീകരണത്തിൽ പിന്നെയേ ജീവന്റെ മർമ്മത്തിലേക്കു നാമെത്തുന്നുള്ളു. അതിഭൗതികമായ ഒരസ്തിത്വാനുഭൂതി സ്വഭാവേനതന്നെ ഹർഷോന്മത്തമാണ്‌; എല്ലാ അതിഭൗതികജ്ഞാനപദ്ധതികളുടേയും വേരുകൾ കിടക്കുന്നത് ഹർഷോന്മാദത്തിന്റെ രൂപങ്ങളിലുമാണ്‌. അതീന്ദ്രിയതയിലേക്ക് അവശ്യം നയിക്കാത്ത ഹർഷോന്മാദത്തിന്റെ രൂപങ്ങൾ മറ്റനേകമുണ്ട്. ശുദ്ധാസ്തിത്വത്തിന്റേതായ ഒരു ഹർഷോന്മാദം എന്തുകൊണ്ടുണ്ടുണ്ടായിക്കൂടാ? ലോകത്തിന്റെ ആദിമോത്ഭവത്തെ അഭിമുഖീകരിക്കുമ്പോഴുണ്ടാകുന്ന ഹർഷോന്മാദത്തിൽ നിന്നു ജനിക്കുന്നതാണ്‌ അതിഭൗതികമായ അസ്തിത്വബോധം; അതാണ്‌ പരമമായ ഉന്മത്തത, സത്തയെ ധ്യാനിക്കുന്നതിൽ നിന്നുണ്ടാകുന്ന നിർവൃതി. ഹർഷോന്മാദം- അന്തർലീനതയിൽ നിന്നുണ്ടാകുന്ന ആത്മോക്കർഷം, ജ്ഞാനോദയം, ഈ ലോകത്തിന്റെ ഉന്മാദത്തെക്കുറിച്ചുള്ള ഒരുൾക്കാഴ്ച- എല്ലാ അതിഭൗതികദർശനങ്ങളുടേയും ആധാരം അതാണ്‌; ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിൽപ്പോലും സാധുവുമാണത്. യഥാർത്ഥത്തിലുള്ള ഏതു ഹർഷോന്മാദവും അപകടകാരിയാണ്‌. അതിനു സാദൃശ്യം ഈജിപ്ഷ്യൻ ഗൂഢവിദ്യകളിലേക്ക് ഒരാൾക്കു ദീക്ഷ നല്കുന്ന ചടങ്ങുകളിൽ അവസാനത്തേതിനോടാണ്‌: അന്തിമമായ ജ്ഞാനം പകർന്നുകൊടുക്കുന്നതിനു പകരം അയാളോടു പറയുകയാണ്‌: “ഓസിരിസ് ഒരിരുണ്ട ദേവനാണ്‌.” പരമമായത് അജ്ഞാതമായിത്തന്നെ ശേഷിക്കുന്നു. ജീവന്റെ പരമമായ ഉല്പത്തിയിൽ ഞാൻ കാണുന്നത് ജ്ഞാനത്തിന്റേതല്ലാത്ത ഉന്മാദത്തിന്റെ ഒരു രൂപമാണ്‌. ഏകാന്തതയിലല്ലാതെ നിങ്ങൾക്കതിന്റെ അനുഭവം ഉണ്ടാകുന്നില്ല; ലോകത്തിനു മേൽ പൊന്തിയൊഴുകുന്ന ഒരു തോന്നലാണ്‌ നിങ്ങൾക്കപ്പോഴുണ്ടാകുന്നത്. ഉന്മാദത്തിനുള്ള ഉചിതസാഹചര്യമാണ്‌ ഏകാന്തത. ഒരു സംശയാലുവിനുപോലും ഈതരം ഹർഷോന്മാദം അനുഭവിക്കാമെന്നത് ശ്രദ്ധേയമാണ്‌. ഹർഷോന്മാദം വെളിപ്പെടുന്നതും ‘തീർച്ചയും സത്തയും’ ‘സംശയവും ഹതാശയും’ കലരുന്ന വിചിത്രമായ ചേരുവയിലല്ലേ?
ഹതാശ അനുഭവിച്ചിട്ടല്ലാതെ ഒരാളും ഹർഷോന്മാദം അനുഭവിക്കാൻ പോകുന്നില്ല; കാരണം, രണ്ടവസ്ഥകൾക്കും മുമ്പായി വ്യത്യസ്തരൂപത്തിലെങ്കിലും ഒരേപോലെ മൗലികമായ ശുദ്ധീകരണങ്ങൾ നടക്കണമെന്നുണ്ട്.
അതിഭൗതികത്തിന്റെ വേരുകൾ അസ്തിത്വത്തിന്റെ വേരുകൾ പോലെതന്നെ സങ്കീർണ്ണമത്രെ.

(On the Heights of Despair)

അഭിപ്രായങ്ങളൊന്നുമില്ല: