2022, നവംബർ 15, ചൊവ്വാഴ്ച

ആദം സഗയെവ്സ്കി - മൂന്നു കവിതകൾ

 ഉണർന്നാട്ടെ

--------------


ഉണർന്നാട്ടെ, എന്റെയാത്മാവേ.
നീ എവിടെയാണെന്നെനിക്കറിയില്ല,
എവിടെയാണു നീ ഒളിച്ചിരിക്കുന്നതെന്നും;
എവിടെയായാലും ഉണർന്നുവരൂ,
നാമിപ്പോഴും ഒരുമിച്ചാണല്ലോ,
പാതയിപ്പോഴും നമുക്കു മുന്നിലുണ്ടുതാനും,
പ്രഭാതദീപ്തിയുടെ ഒരു ചീളാവട്ടെ,
നമ്മുടെ നക്ഷത്രം.
*

ആത്മാവ്

-------------


നിന്റെ പേരുപയോഗിക്കാൻ ഞങ്ങൾക്കനുവാദമില്ലെന്ന് ഞങ്ങൾക്കറിയാം.
അവാച്യമാണ്‌, വിളർച്ച പിടിച്ചതാണ്‌, ദുർബ്ബലമാണ്‌,
ഒരു കുട്ടിയെപ്പോലെ അരുതാത്തതു ചെയ്തതിന്റെ സംശയത്തിലാണ്‌ നീയെന്നു ഞങ്ങൾക്കറിയാം.
സംഗീതത്തിലോ അസ്തമയനേരത്തെ മരങ്ങളിലോ ജീവിക്കാൻ
നിനക്കിപ്പോൾ അനുവാദമില്ലെന്നു ഞങ്ങൾക്കറിയാം.
ഞങ്ങൾക്കറിയാം- അല്ലെങ്കിൽ അങ്ങനെയാണ്‌ ഞങ്ങളോടു പറഞ്ഞിരിക്കുന്നത്-
നീയെന്നൊരാൾ ഇല്ലേയില്ല, ഒരിടത്തുമെന്ന്.
എന്നാലിപ്പോഴും നിന്റെ ക്ഷീണിതസ്വരം ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കുന്നുണ്ട്
-ഒരു മാറ്റൊലിയിൽ, ഒരു പരിഭവത്തിൽ,
ഗ്രീക്ക് മരുഭൂമിയിലെ ആന്റിഗണിയിൽ നിന്ന്
ഞങ്ങൾക്കു കിട്ടുന്ന കത്തുകളിൽ.


അവസാനത്തെ സ്റ്റോപ്പ്
-------------------------------


ചുവന്ന ചായമടിച്ച വീടുകളും കടന്ന് ട്രാം മുരണ്ടുനീങ്ങി.
മൈനിങ്ങ് ടവറുകളിലെ ചക്രങ്ങൾ 
ഉത്സവപ്പറമ്പിലെ കുടകൾ പോലെ വട്ടം കറങ്ങി.
കരി പിടിച്ചു മങ്ങിയ റോസാപ്പൂക്കൾ
പൂന്തോട്ടങ്ങളിൽ വളർന്നുനിന്നിരുന്നു,
ബേക്കറികളിൽ പഞ്ചാരത്തരികൾ വിതറിയ കേക്കുകൾക്കു മേൽ
കടന്നലുകൾ ഭ്രാന്തെടുത്തു പറന്നിരുന്നു.
എനിക്കു പതിനഞ്ചായിരുന്നു,
ഹൗസിങ്ങ് പ്രോജക്റ്റുകൾക്കിടയിലൂടെ
ട്രാം വേഗത്തിൽ നീങ്ങി,
പുൽത്തകിടികളിൽ ഞാൻ ജമന്തിപ്പൂക്കൾ കണ്ടെടുത്തു.
അവസാനത്തെ സ്റ്റോപ്പെത്തുമ്പോൾ, ഞാൻ കരുതി,
ഇതിന്റെയെല്ലാം അർത്ഥം വ്യക്തമായി തെളിഞ്ഞുനില്ക്കുമെന്ന്.
എന്നാലൊന്നും സംഭവിച്ചില്ല, യാതൊന്നും;
ഡ്രൈവർ ചീസു പുരട്ടിയ റൊട്ടി കഴിച്ചു,
വിലകളേയും അസുഖങ്ങളേയും കുറിച്ചു ശബ്ദം താഴ്ത്തി സംസാരിച്ചുകൊണ്ടിരുന്നു,
പ്രായമായ രണ്ടു സ്ത്രീകൾ.


അഭിപ്രായങ്ങളൊന്നുമില്ല: