2024, ജനുവരി 17, ബുധനാഴ്‌ച

ഷാന്തോർ മറോയ്

 ലോകത്തിന്റെ കണ്ണുകളിലും തന്റെതന്നെ കണ്ണിലും താനാരാണോ, അതിനോടു പൊരുത്തപ്പെട്ടുകഴിഞ്ഞതില്പിന്നെയേ ജീവിതം നമുക്കു സഹനീയമാകുന്നുള്ളു. നാം എന്താണോ, ആരാണോ, അതിനോടു നാം പൊരുത്തപ്പെടണം; അങ്ങനെയൊരു ജ്ഞാനം കിട്ടി എന്നതിൽ പ്രശംസനീയമായി ഒന്നുമില്ലെന്ന്, നമ്മുടെ പൊള്ളത്തരമോ അഹന്തയോ കഷണ്ടിയോ കുടവയറോ തിരിച്ചറിയുകയും അത് താങ്ങിനടക്കുകയും ചെയ്യുന്നതിന്റെ പേരിൽ ജീവിതം നമുക്കൊരു പതക്കം തരാൻ പോകുന്നില്ലെന്ന് നാം തിരിച്ചറിയണം. അതെ, ഒരു പാരിതോഷികവും അതിന്റെ പേരിൽ നമുക്കു കിട്ടാൻ പോകുന്നില്ല; നമ്മുടെ സ്വഭാവങ്ങളെ, നമ്മുടെ പ്രകൃതങ്ങളെ ആകും വിധം നാം കൊണ്ടുനടക്കണം; കാരണം, നമുക്കെത്ര അനുഭവങ്ങൾ ഉണ്ടായിക്കോട്ടെ, ഉൾക്കാഴ്ച ഉണ്ടായിക്കോട്ടെ, അത് നമ്മുടെ ദൗർബ്ബല്യങ്ങളെ, നമ്മുടെ സ്വാർത്ഥതയെ, നമ്മുടെ ആർത്തിയെ തിരുത്താൻ പോകുന്നില്ല. നമ്മുടെ ആഗ്രഹങ്ങൾക്ക് ലോകത്തു നിന്ന് ഒരു മാറ്റൊലിയും ഉണ്ടാകാൻ പോകുന്നില്ലെന്ന് നാം പഠിക്കണം. നാം സ്നേഹിക്കുന്നവർ നമ്മെ സ്നേഹിക്കുന്നില്ലെന്ന്, അല്ലെങ്കിൽ നാം പ്രതീക്ഷിക്കുന്നപോലെ നമ്മെ സ്നേഹിക്കുന്നില്ലെന്ന് നാം അംഗീകരിക്കണം. വഞ്ചനയും അവിശ്വസ്തതയും, അതിനെക്കാളൊക്കെ ദുസ്സഹമായ, മറ്റൊരാൾ നമ്മളെക്കാൾ സ്വഭാവത്തിലും ബുദ്ധിയിലും കേമനാണെന്ന അറിവും നാം അംഗീകരിക്കണം.

Sándor Márai (1900-1989) ഹംഗേറിയൻ കവിയും പത്രപ്രവർത്തകനുമായിരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല: