ചോദ്യം: വിവർത്തനം താങ്കൾക്കെന്താണ്?
അന്റോനെല്ല അനെഡ്ഡ: വായനയുടെ ഏറ്റവും ആഴമേറിയ രൂപമാണ് വിവർത്തനം; ഒപ്പം ഏറ്റവും അപകടം പിടിച്ചതും; എന്നു പറഞ്ഞാൽ ഏറ്റവും വലിയ ഉത്തരവാദിത്തമാണത്. വിവർത്തനം എന്നു പറഞ്ഞാൽ മറ്റൊരു ഭാഷയിലെ വാക്കുകൾ എടുത്തുവയ്ക്കുക മാത്രമല്ല. ഒരു കവിതയിൽ സംസാരിക്കുന്ന ശബ്ദത്തിന്റെ ‘സ്വരവിശേഷം’ പിടിച്ചെടുക്കുന്നതാവണം വിവർത്തനം എന്ന് പോൾ ചെലാൻ പറയുന്നുണ്ട്. വിവർത്തനം മൂലകവിതയുടെ ‘ലോകം’ പകർന്നുതരുന്നതാവണം. ഒരായുസ്സിന്റെ പ്രവൃത്തിയാണതെന്നു വരാം- ഒരായുസ്സുതന്നെ മതിയായില്ലെന്നും വരാം. അതേ സമയം വിവർത്തനം ചെയ്യുക, സ്വന്തം വായനയെ വെളിപ്പെടുത്തുക എന്നത് ശരിയായതും ധീരവുമായ കൃത്യവുമാണ്. ക്ലാസ്സിക്കുകൾ പിന്നെയും വിവർത്തനം ചെയ്യുക എന്നത് ഓരോ തലമുറയ്ക്കും പറഞ്ഞിട്ടുള്ള ദൗത്യമാണ്. അതു വഴി പാഠങ്ങൾ പുനർജ്ജനിക്കുകയും വീണ്ടെടുക്കപ്പെടുകയും ചെയ്യുന്നു. വിവർത്തനം ചെയ്യുക എന്നു പറഞ്ഞാൽ ‘ചോദ്യം ചെയ്യുക’ എന്നാണെനിക്ക്. പാഠത്തെ പിന്നെയും ചോദ്യം ചെയ്യുകയാണത്. ജൂദായിസത്തിലെ മിദ്രാഷ് ആണത്. മിദ്രാഷ് പാഠത്തെ കീറിമുറിച്ച് ഉള്ളിലുള്ളതെല്ലാം പുറത്താക്കുന്നു, അതിനെ സമകാലികവും സമീപസ്ഥവും സജീവവുമാക്കുന്നു.
*
(Antonella Anedda- ഇറ്റാലിയൻ കവിയും വിവർത്തകയുമാണ്. 2020ലെ പാരീസ് റിവ്യു അഭിമുഖത്തിൽ നിന്ന്)
Midrash- ബൈബിൾ പാഠത്തിന്റെ സൂക്ഷ്മഭാഷ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ