2024, നവംബർ 5, ചൊവ്വാഴ്ച

പാബ്ലോ നെരൂദ- ഓർമ്മക്കുറിപ്പുകൾ

 ഇക്കാലത്ത് പാരീസിൽ ഒരു സമാധാനസമ്മേളനം നടക്കുന്നുണ്ടായിരുന്നു. അതിന്റെ അവസാനനിമിഷം, എന്റെ ഒരു കവിത വായിക്കാനായി മാത്രം, ഞാനവിടെ മുഖം കാണിച്ചു. അവിടെ കൂടിയിരുന്ന പ്രതിനിധികളെല്ലാം എന്നെ കരഘോഷത്തോടെ എതിരേല്ക്കുകയും എന്നെ വന്നു കെട്ടിപ്പിടിക്കുകയും ചെയ്തു. ഞാൻ മരിച്ചുപോയി എന്നാണ്‌ പലരും കരുതിയിരുന്നത്. ചിലിയൻ പോലീസിന്റെ നിതാന്തജാഗ്രതയെ വെട്ടിച്ച് ഞാനെങ്ങനെ അവിടെയെത്തി എന്നത് അവർക്കു ഭാവന ചെയ്യാൻ പോലും പറ്റിയില്ല.

അടുത്ത ദിവസം France-Presseയുടെ തലമുതിർന്ന ഒരു ലേഖകൻ ഹോട്ടലിൽ വന്ന് എന്നെ കണ്ടു. “താങ്കൾ പാരീസിലുണ്ടെന്ന് പത്രങ്ങളിൽ വാർത്ത വന്നപ്പോൾ,” അയാൾ പറഞ്ഞു,  “ചിലിയൻ സർക്കാർ അതപ്പാടെ നിഷേധിക്കുകയാണ്‌ ചെയ്തത്. ഇവിടെ വന്നത് താങ്കളുടെ അപരനാണത്രെ. പാബ്ളോ നെരൂദ ചിലിയിൽത്തന്നെയുണ്ട്, പോലീസ് അയാളുടെ പിന്നാലെയാണ്‌, മണിക്കൂറുകൾക്കുള്ളിൽത്തന്നെ അയാൾ അകത്താകും. ഞങ്ങൾ എന്തു മറുപടിയാണ്‌ കൊടുക്കേണ്ടത്?”

എനിക്കപ്പോൾ ഓർമ്മ വന്നത് ഷേക്സ്പിയറാണോ അതോ മറ്റാരെങ്കിലുമാണോ ആ നാടകങ്ങൾ എഴുതിയതെന്നതിനെക്കുറിച്ച് ഒരു പൊരിഞ്ഞ ചർച്ച നടക്കുന്നതിനിടയിൽ മാർക്ക് ട്വെയ്ൻ കേറിപ്പറഞ്ഞ ആ അഭിപ്രായമാണ്‌: “ആ നാടകങ്ങൾ ശരിക്കും എഴുതിയത് വില്ല്യം ഷേക്സ്പിയർ ആയിരുന്നില്ല, മറിച്ച്, അതേ ദിവസം, അതേ നേരത്തു ജനിച്ച, അതേ ദിവസം തന്നെ മരിച്ച, യാദൃച്ഛികമെന്നേ പറയേണ്ടൂ, വില്ല്യം ഷേക്സ്പിയർ എന്നു പേരുമുള്ള മറ്റൊരു ഇംഗ്ലീഷുകാരനാണ്‌!“

”അവരോടു പോയിപ്പറയൂ ഞാൻ പാബ്ലോ നെരൂദയല്ലെന്ന്,“ ഞാൻ ലേഖകനോടു പറഞ്ഞു, ”കവിതയെഴുതുകയും സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയും ചെയ്യുന്ന,  പാബ്ലോ നെരൂദ എന്നുതന്നെ പേരുമുള്ള മറ്റൊരു ചിലിയനാണെന്ന്.“

*

റഫായെൽ ആൽബെർത്തി

-------------------------------


 കവിത സമാധാനത്തിൻ്റെ ഒരു പ്രവൃത്തിയാണ്. അപ്പമുണ്ടാക്കാൻ മാവു വേണമെന്നപോലെയാണ് ഒരു കവിയെ സൃഷ്ടിക്കുന്നത് സമാധാനമാണെന്നു പറയുന്നത്.

കവർച്ചക്കാർ, യുദ്ധക്കൊതിയന്മാർ, ചെന്നായ്ക്കൾ കവിയെ നായാടിപ്പിടിക്കുന്നു, അയാളെ ചുട്ടെരിക്കാൻ, കൊല്ലാൻ, അയാൾക്കു മേൽ തങ്ങളുടെ പല്ലുകളാഴ്ത്താൻ. ഇരുണ്ടതും വിഷണ്ണവുമായ ഒരു പാർക്കിൽ മരങ്ങൾക്കടിയിൽ വച്ച് ഒരുവൻ പുഷ്കിനെ മാരകമായി മുറിവേല്പിക്കുന്നു. പെറ്റോഫിയുടെ ചേതയനയറ്റ ഉടലിനെ യുദ്ധത്തിൻ്റെ ആഗ്നേയാശ്വങ്ങൾ ചവിട്ടിമെതിക്കുന്നു. യുദ്ധത്തിനെതിരെ പൊരുതിക്കൊണ്ട് ബൈറൺ ഗ്രീസിൽ കിടന്നു മരിച്ചു. സ്പാനിഷ് ഫാഷിസ്റ്റുകൾ സ്പെയിനിലെ യുദ്ധം തുടങ്ങിയത് അതിൻ്റെ ഏറ്റവും മഹാനായ കവിയെ വധിച്ചുകൊണ്ടാണ്.

റഫായെൽ ആൽബെർത്തി ഒരുതരത്തിൽ അതിജീവിച്ചവനാണ്. ഒരായിരം തവണ മരണം അയാളെ ഉന്നം വച്ചിരുന്നു. ഒരിക്കൽ ഗ്രനാഡയിൽ വച്ചും, ലോർക്കയെപ്പോലെ. മറ്റൊരിക്കൽ ബദാഹോയിൽ മരണം അയാളെയും കാത്തു നിന്നു. വെയിലിൽ കുളിച്ച സെവിയേയിൽ അവർ അയാളെത്തിരഞ്ഞുനടന്നു, കദീസിൽ, സ്വന്തം സ്ഥലമായ പോർട്ടൊ ദെ സാന്ത മരിയയിൽ അവർ അയാളെത്തിരഞ്ഞു, അയാളെ കൊല്ലാൻ, അയാളെ തൂക്കിക്കൊല്ലാൻ, അതുവഴി കവിതയ്ക്ക് മറ്റൊരു മാരകപ്രഹരമേല്പിക്കാൻ.

എന്നാൽ കവിത മരിച്ചില്ല, പൂച്ചയെപ്പോലെ ഒമ്പതു ജീവനുണ്ടായിരുന്നു അതിന്. അവരതിനെ പീഡിപ്പിക്കുന്നു, തെരുവുകളിലൂടെ വലിച്ചിഴയ്ക്കുന്നു, അതിനു മേൽ കാറിത്തുപ്പുകയും തങ്ങളുടെ വഷളൻ തമാശകൾക്കു വിഷയമാക്കുകയും ചെയ്യുന്നു, അവരതിനെ കഴുത്തു ഞെരിച്ചുകൊല്ലാൻ നോക്കുന്നു, നാട്ടിൽ നിന്നാട്ടിപ്പായിക്കുന്നു, തുറുങ്കിലേക്കെടുത്തെറിയുന്നു, അതിനു മേൽ വെടിയുണ്ടകൾ വർഷിക്കുന്നു, ; എന്നാൽ അതിനെയൊക്കെ അത് അതിജീവിക്കുന്നു, തെളിഞ്ഞ മുഖത്തോടെ, അരിമണി പോലെ തിളങ്ങുന്ന പുഞ്ചിരിയോടെ.

നീലഷർട്ടും ചുവന്ന ടൈയും ധരിച്ച് മാഡ്രിഡിലെ തെരുവുകളിലൂടെ നടന്നുപോകുന്ന ആൽബെർത്തിയെ എനിക്കറിയാം. പല കവികളും പിന്തുടരാൻ മടിക്കുന്ന ദുഷ്കരമായ ഒരു പാത തിരഞ്ഞെടുത്തുകൊണ്ട് ജനങ്ങൾക്കൊപ്പം പൊരുതുന്ന ആൽബെർത്തിയെ എനിക്കറിയാം. സ്പെയിനിൻ്റെ മരണമണി മുഴങ്ങിക്കഴിഞ്ഞിരുന്നില്ല; എന്നാൽ ആസന്നമാണതെന്ന് അയാൾക്കറിയാമായിരുന്നു. തെക്കൻ നാട്ടുകാരനാണയാൾ, പാടുന്ന കടലിനും പുഷ്യരാഗം പോലെ സ്വർണ്ണവർണ്ണമായ വീഞ്ഞു നിറച്ച നിലവറകൾക്കുമരികിൽ പിറന്നവൻ. അവിടെയാണയാളുടെ ഹൃദയം മുന്തിരിയിൽ നിന്നഗ്നിയും തിരയിൽ നിന്നു ഗാനവുമെടുത്തത്. എന്നും കവിയായിരുന്നു അയാൾ; എന്നാൽ അയാൾക്കുതന്നെ ആദ്യകാലത്തതറിയില്ലായിരുന്നു. പിന്നീട് സ്പെയിൻ അതറിഞ്ഞു, ഒടുവിൽ ലോകവും.

കസ്തീയയുടെ ഭാഷ അറിയാനും സംസാരിക്കാനും ഭാഗ്യം കിട്ടിയ ഞങ്ങളെപ്പോലുള്ളവർക്ക് സ്പാനിഷിൻ്റെ ഉജ്ജ്വലഗുണങ്ങളുടെയെല്ലാം മൂർത്തരൂപമായിരുന്നു റഫായെൽ ആൽബെർത്തി. അയാൾ ജന്മനാ കവിയാണെന്നു മാത്രമല്ല, രചനാനൈപുണ്യത്തിൽ ഒന്നാന്തരവുമാണ്. ദിവ്യാത്ഭുതമെന്നോണം മഞ്ഞുകാലത്തു വിടരുന്ന ഒരു പനിനീർപ്പൂവുപോലെ അയാളുടെ കവിതയിലുണ്ട്, ഗോങ്കൊറയുടെ മഞ്ഞിൻ്റെ ഒരലക്, ഹൊർഹെ മാൻറിക്കിൻ്റെ ഒരു വേര്, ഗാർസിലാസോയുടെ ഒരു പൂവിതൾ, ഗുസ്താവോ അഡോൾഫൊ ബെക്വറുടെ വിലാപത്തിൻ്റെ സൗരഭ്യം. അയാളുടെ സ്ഫടികപാനപാത്രത്തിൽ സ്പാനിഷ് കവിതയുടെ യഥാർത്ഥമായ സത്തുകളെല്ലാം ഒന്നുചേരുന്നു.

സ്പെയിനിൽ ഫാഷിസത്തെ തടഞ്ഞുനിർത്താൻ ശ്രമിച്ചവരുടെ പാതയിൽ അയാളുടെ ചെമ്പനിനീർപ്പൂവതിൻ്റെ ദീപ്തി വിതറി. വീരോചിതവും ദാരുണവുമായ ആ കഥ ലോകത്തിനറിയാം. ഐതിഹാസികമായ ഗീതകങ്ങൾ അയാളെഴുതി, ബാരക്കുകളിലും യുദ്ധമുന്നണിയിലും അയാളവ ചൊല്ലി; കവിതയുടെ ഒളിപ്പോരും യുദ്ധത്തിനെതിരെ കവിതയുടെ യുദ്ധവും അയാൾ കണ്ടുപിടിച്ചതാാണ്. അയാൾ കണ്ടുപിടിച്ചതാാണ്, പീരങ്കികളുടെ ഇടിമുഴക്കങ്ങൾക്കിടയിൽ ചിറകു വിടർത്തുന്ന പാട്ടുകൾ, പിൽക്കാലത്ത് ഈ ഭൂമിയാകെ പറന്നുനടന്ന പാട്ടുകൾ.

പൂർണ്ണത തികഞ്ഞ ഈ കവിയാണു കാണിച്ചുതന്നത്, ലോകത്തിനാകെ നിർണ്ണായകമായ ഒരു മുഹൂർത്തത്തിൽ കവിത എങ്ങനെയാണ് ഉപയോഗപ്രദമാകുന്നതെന്ന്. ഇക്കാര്യത്തിൽ മയക്കോവ്സ്ക്കിയ്ക്കു സദൃശനാണയാൾ. ഭൂരിപക്ഷത്തിനു പ്രയോജനപ്പെടുന്ന രീതിയിലുള്ള കവിതയുടെ ഈ പ്രയോഗം ആധാരമാക്കുന്നത് ബലത്തെ, ആർദ്രതയെ, ആനന്ദത്തെയാണ്, മനുഷ്യൻ്റെ നേർപ്രകൃതത്തെയാണ്. അതില്ലെങ്കിൽ കവിത ശബ്ദമുണ്ടാക്കുമെന്നേയുള്ളു, അതു പാടില്ല. ആൽബെർത്തിയുടെ കവിതകൾ ഒരിക്കലും പാടാതിരിക്കുന്നില്ല.

*

മിഗുവേൽ ഹെർണാണ്ടെഥിനെക്കുറിച്ച്

————————————————————————

മിഗുവേലിനെ മണ്ണിന്റെ ഒരു പരിവേഷം എപ്പോഴും ചൂഴ്ന്നുനിന്നിരുന്നു. ഒരു മൺകട്ട പോലെയായിരുന്നു അവന്റെ മുഖം, അല്ലെങ്കിൽ വേരുകൾക്കിടയിൽ നിന്ന് അപ്പോൾ പറിച്ചെടുത്ത, ഭൂഗർഭത്തിന്റെ പുതുമ മാറാത്ത ഒരു ഉരുളക്കിഴങ്ങ്. എന്റെ വീട്ടിലായിരുന്നു അവന്റെ ജീവിതവും എഴുത്തും. എന്റെ അമേരിക്കൻ കവിത, മറ്റു ചക്രവാളങ്ങൾക്കും സമതലങ്ങൾക്കുമൊപ്പം, അവനിൽ സ്വാധീനം ചെലുത്തുകയും മാറ്റം വരുത്തുകയും ചെയ്യുകയായിരുന്നു.

ജന്തുക്കളേയും കിളികളേയും കുറിച്ചുള്ള നാട്ടുകഥകൾ അവൻ എന്നോടു പറയാറുണ്ടായിരുന്നു. ചെത്തിമിനുക്കാത്ത രത്നം പോലെ പ്രകൃതിയിൽ നിന്നാവിർഭവിക്കുന്നതരം എഴുത്തുകാരനായിരുന്നു അവൻ; കാടിന്റെ പുതുമയും അദമ്യമായ ഒരോജസ്സും അവനിലുണ്ടായിരുന്നു. തള്ളയാടുറങ്ങുമ്പോൾ അതിന്റെ വയറ്റിൽ കാതു വച്ചു ശ്രദ്ധിക്കുന്നതിന്റെ രസത്തെക്കുറിച്ച് ഒരിക്കലവൻ എന്നോടു പറഞ്ഞിരുന്നു. അകിടിലേക്ക് പാലിന്റെ സഞ്ചാരം അവനു കേൾക്കാൻ പറ്റുമായിരുന്നു; ആ നിഗൂഢശബ്ദം ആ ആട്ടിടയക്കവിയ്ക്കു മാത്രമേ കേൾക്കാൻ പറ്റൂ എന്നും ഉണ്ടായിരിക്കാം.

മറ്റുചിലപ്പോൾ അവൻ രാപ്പാടിയുടെ പാട്ടിനെക്കുറിച്ചായിരിക്കും പറയുക.അവൻ ജനിച്ചുവളർന്ന കിഴക്കൻ സ്പെയിൻ നിറയെ പൂവിടുന്ന ഓറാഞ്ചുമരങ്ങളും രാപ്പാടികളുമായിരുന്നു. ആ പക്ഷി, ആ ഉദാത്തഗായകൻ, എന്റെ നാട്ടിൽ ഇല്ലാത്തതിനാൽ ആ കിറുക്കൻ മിഗുവേൽ എത്രയും വിശദവും സജീവവുമായി അതിനെ അനുകരിച്ച് എന്നെ കേൾപ്പിക്കും. തെരുവിലെ ഏതെങ്കിലും മരത്തിൽ പൊത്തിപ്പിടിച്ചു കയറിയിട്ട് അതിന്റെ ഏറ്റവും ഉയരത്തിലുള്ള കൊമ്പിലിരുന്ന് അവൻ തന്റെ നാട്ടിലെ കിളികളെപ്പോലെ ചൂളം കുത്തുകയോ ചിലയ്ക്കുകയോ ചെയ്യും.

അവനു തൊഴിലൊന്നും ഇല്ലാത്തതിനാൽ ഞാൻ അവനൊരു ജോലി തരപ്പെടുത്താൻ നോക്കി. സ്പെയിനിൽ ഒരു കവിയ്ക്കു ജോലി കിട്ടുക എന്നത് ദുഷ്കരമാണ്‌. ഒടുവിൽ ഒരു വിസ്കൌണ്ട് (ഇടപ്രഭു) വിദേശകാര്യവകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ, അവന്റെ കാര്യം നോക്കാമെന്നു സമ്മതിച്ചു. അദ്ദേഹം അവന്റെ കവിതകൾ വായിച്ചിട്ടുണ്ട്, ആ കവിതകൾ അദ്ദേഹത്തിന്‌ ഇഷ്ടപ്പെടുകയും ചെയ്തു. ഏതു ജോലിയാണ്‌ ഇഷ്ടമെന്ന് മിഗുവേൽ ഒന്നു സൂചിപ്പിക്കുകയേ വേണ്ടു, അതിൽ നിയമനം നല്കാമെന്ന് അദ്ദേഹം ഉറപ്പു തരികയും ചെയ്തു.

കാര്യം നേടിയ മട്ടിൽ ഞാൻ മിഗുവേലിനെ കണ്ടു പറഞ്ഞു: “മിഗുവേൽ ഹെർണാണ്ടെഥ്, ഒടുവിൽ നിന്റെ ഭാവി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വിസ്കൌണ്ട് നിനക്കൊരു ജോലി തരാമെന്നു പറഞ്ഞിട്ടുണ്ട്. നീ ഉയർന്ന പദവിയിലുള്ള ഒരുദ്യോഗസ്ഥനാവും. ഏതു ജോലിയാണ്‌ നിനക്കു വേണ്ടതെന്നു പറയൂ; നിനക്കതുതന്നെ കിട്ടും.”

മിഗുവേൽ ഒന്നു ചിന്തയിൽ മുഴുകി. ആഴത്തിൽ ചാലു കീറിയ അവന്റെ മുഖം ഉത്കണ്ഠ കൊണ്ട് ഒന്നിരുണ്ടു. മണിക്കൂറുകൾ കഴിഞ്ഞു; ഒടുവിൽ ഉച്ച തിരിഞ്ഞിട്ടാണ്‌ അവൻ എനിക്കൊരു മറുപടി തന്നത്. തന്റെ അന്നേവരെയുള്ള എല്ലാ ജീവിതപ്രശ്നങ്ങൾക്കും പരിഹാരം കണ്ട ഒരാളുടെ വിടർന്ന മുഖത്തോടെ അവൻ പറഞ്ഞു: “മാഡ്രിഡിനടുത്ത് എവിടെയെങ്കിലും ഒരാട്ടിൻ പറ്റത്തെ നോക്കാനുള്ള ചുമതല വിസ്കൌണ്ട് എനിക്കു തരുമോ?”

മിഗുവേൽ ഹെർണാണ്ടെഥിന്റെ ഓർമ്മ  ഹൃദയത്തിൽ നിന്നു പറിച്ചെടുത്തു കളയാൻ എനിക്കു കഴിയില്ല. ലെവന്റിലെ രാപ്പാടികളുടെ പാട്ടുകൾ, ഇരുട്ടിനും ഓറഞ്ചുപൂക്കൾക്കുമിടയിലൂടെ ഉയർന്നുപൊങ്ങുന്ന ആ ശബ്ദഗോപുരങ്ങൾ, അവനൊരു വിട്ടുപിരിയാത്ത ബാധ പോലെയായിരുന്നു. അതവന്റെ ചോരയിലുണ്ടായിരുന്നു, ഭൗമവും വന്യവുമായ കവിതയിലുണ്ടായിരുന്നു. ആ കവിതയിൽ നിറങ്ങളൂം ഗന്ധങ്ങളും സ്പാനിഷ് ലെവന്റിന്റെ ശബ്ദങ്ങളും എല്ലാ പൊലിമയോടെയും ഒന്നുചേർന്നിരുന്നു, പ്രബലവും വീര്യവത്തുമായ ഒരു യുവത്വത്തിന്റെ എല്ലാ പ്രസരിപ്പോടെയും പരിമളത്തോടെയും.

അവന്റെ മുഖം സ്പെയിനിന്റെ മുഖമായിരുന്നു. വെളിച്ചം ചെത്തിയെടുത്ത, ഉഴുത പാടം പോലെ ചാലു കീറിയ ആ മുഖത്തിന്‌ അപ്പം പോലെയോ ഭൂമി പോലെയോ വൃത്താകൃതിയായിരുന്നു. കാറ്റു വരട്ടിയതും തോലു പോലായതുമായ അതിന്റെ പ്രതലത്തിൽ അവന്റെ എരികണ്ണുകൾ കരുത്തിന്റെയും ആർദ്രതയുടേയും രണ്ടു രശ്മികളായിരുന്നു. 

അവന്റെ വാക്കുകളിൽ നിന്ന്, ഒരു പുതിയ മഹിമ കൊണ്ട്, ഒരു കിരാതവെളിച്ചം കൊണ്ട്, പഴയ ചോരയെ നവജാതശിശുവാക്കുന്ന ദിവ്യാത്ഭുതം കൊണ്ടു രൂപം മാറിയ വാക്കുകളിൽ നിന്ന്  കവിതയുടെ തനിമൂലകങ്ങൾ പുറത്തുവരുന്നതു ഞാൻ കണ്ടു. ഞാൻ കവിയായിരുന്ന, നാടോടിക്കവിയായിരുന്ന ഇത്രയും കാലത്തെ അനുഭവം വച്ച് എനിക്കു പറയാം, അവനെപ്പോലെ കവിത ജീവനമായിരുന്ന ഒരാളെ, വാക്കുകളെ വൈദ്യുതിയുടെ അറിവാക്കിയിരുന്ന മറ്റൊരാളെ കാണാനുള്ള അവസരം ജീവിതം എനിക്കു തന്നിട്ടില്ല. 
*

കുപ്പിച്ചില്ലുകൾ


ഏറെക്കാലം പുറത്തായിരുന്നതിനു ശേഷം മൂന്നു ദിവസം മുമ്പ് ഞാൻ വാല്പറൈസോവിൽ മടങ്ങിയെത്തി. ചുമരിലെ വലിയ വിള്ളലുകൾ മുറിവുകൾ പോലെതന്നെയായിരുന്നു. മുറികളുടെ തറയാകെ ചില്ലുകഷണങ്ങൾ മനമിടിക്കുന്ന പരവതാനികൾ പോലെ മൂടിക്കിടന്നിരുന്നു. തറയിൽ വീണുകിടന്നിരുന്ന ക്ലോക്കുകൾ വിഷണ്ണമായ മുഖത്തോടെ ഭൂകമ്പം നടന്ന നേരം രേഖപ്പെടുത്തി. എത്ര മനോഹരമായ വസ്തുക്കളാണ്‌ മാറ്റിൽഡേയുടെ ചൂലിപ്പോൾ അടിച്ചുവാരുന്നത്; ഭൂമിയുടെ പ്രകമ്പനം വെറും ചവറാക്കിമാറ്റിയത് ദുർലഭമായ എന്തൊക്കെയാണ്‌!

ഞങ്ങൾക്കെല്ലാം വെടിപ്പാക്കേണ്ടിയിരുന്നു, എല്ലാം അതാതിന്റെ സ്ഥാനത്തേക്കാക്കേണ്ടിയിരുന്നു, എല്ലാം ഒന്നേയെന്നു തുടങ്ങേണ്ടിയിരുന്നു. ഈ അലങ്കോലത്തിനെല്ലാമിടയിൽ പേപ്പറു കണ്ടെത്തുക പ്രയാസമായിരുന്നു; അല്ല, മനസ്സിനെ ഒന്നു പിടിച്ചുനിർത്തിയിട്ടു വേണ്ടേ, എഴുതാനൊക്കെ ഒരുമ്പെടാൻ?

ഞാൻ അവസാനമായി ചെയ്തത് റോമിയോജൂലിയറ്റിന്റെ ഒരു വിവർത്തനമായിരുന്നു; പിന്നെ ഒരു പ്രാചീനവൃത്തത്തിലെഴുതിയ ദീർഘമായ ഒരു പ്രണയകവിതയും. ആ കവിത എഴുതിത്തീരാതെ ശേഷിച്ചു.

വേഗമാകട്ടെ, പ്രണയകവിതേ, കുപ്പിച്ചില്ലുകൾക്കിടയിൽ നിന്നെഴുന്നേറ്റാട്ടെ, പാടാനുള്ള കാലം വന്നുവല്ലോ.

ശരിതന്നെ, ലോകം സ്വയം യുദ്ധങ്ങൾ വേണ്ടെന്നു വയ്ക്കുന്നില്ല, സ്വന്തം ദേഹത്തു നിന്നു ചോര കഴുകിക്കളയുന്നില്ല, വെറുപ്പിൽ നിന്നതു മുക്തമാകുന്നുമില്ല. അതൊക്കെ ശരിതന്നെ.

അത്രതന്നെ ശരിയാണ്‌, നമ്മൾ ഇങ്ങനെയൊരു ബോദ്ധ്യത്തിലേക്കു നീങ്ങുകയാണെന്നത്: അതായത്, ലോകത്തിന്റെ കണ്ണാടിയിൽ ഹിംസ കയ്യാളുന്നവരുടെ മുഖം പ്രതിഫലിക്കുന്നുണ്ടെന്ന്, കാണാൻ തീരെ സുന്ദരമല്ല, അവർക്കു പോലും, ആ മുഖമെന്ന്.

ഞാനാകട്ടെ, സ്നേഹത്തിന്റെ സാദ്ധ്യതയിൽ വിശ്വാസമർപ്പിച്ചു മുന്നോട്ടു നീങ്ങുന്നു. എനിക്കു തീർച്ചയാണ്‌, മനുഷ്യജീവികൾക്കിടയിൽ പരസ്പരധാരണ സാദ്ധ്യമാണെന്ന്, എന്തൊക്കെ യാതനകൾക്കും ചോരയ്ക്കും കുപ്പിച്ചില്ലുകൾക്കുമിടയിലും അതു കൈവരിക്കാമെന്ന്.

*

വേരുകൾ


എന്റെ കവിതകൾ വിവർത്തനം ചെയ്യുകയായിരുന്ന എഹ്‌റെൻബെർഗ് എന്നെ ശകാരിച്ചു: “എന്തുമാത്രം വേരുകൾ! ഇത്രയധികം വേരുകൾ എങ്ങനെ വന്നു?”

ശരിയാണത്. അതിർത്തിദേശങ്ങൾ എന്റെ കവിതയിൽ അത്രയ്ക്കും വേരുകളാഴ്ത്തിയിരുന്നു; ആ വേരുകൾ പറിച്ചെടുക്കാൻ പിന്നവയ്ക്കു കഴിഞ്ഞിട്ടുമില്ല. എന്റെ ജീവിതം അതിലേക്കുതന്നെ മടങ്ങിയെത്തുന്ന ദീർഘമായൊരു തീർത്ഥാടനമായിരുന്നു; തെക്കൻ നാടുകളിലെ കാടുകളിലേക്ക്, എനിക്കു നഷ്ടമായ വനദേശത്തേക്ക് അതെപ്പോഴും മടങ്ങിപ്പൊയ്ക്കൊണ്ടിരിക്കുന്നു.

ഭീമവൃക്ഷങ്ങൾ ചിലനേരമവിടെ അവയുടെ എഴുന്നൂറുകൊല്ലത്തെ പ്രബലജീവിതത്തിന്റെ ഭാരം കൊണ്ടുതന്നെ നിലംപറ്റിയിരുന്നു; ചിലനേരം കൊടുങ്കാറ്റുകളവയെ കടപുഴക്കിയിരുന്നു, ചിലനേരം മഞ്ഞുവീഴ്ചയിലവ വാടിവീണു, അല്ലെങ്കിൽ കാട്ടുതീയവയെ ദഹിപ്പിച്ചു. അതികായരായ മരങ്ങൾ വനഹൃദയത്തിലലച്ചുവീഴുന്നതു ഞാൻ കേട്ടിട്ടുണ്ട്: അത്യാപായത്തിന്റെ അമർത്തിയ ഒച്ചയോടെ ഓക്കുമരം താഴെ വീഴുന്നു, തന്നെ സംസ്കരിക്കൂ എന്ന് മണ്ണിന്റെ വാതിലിൽ കൂറ്റൻകൈ കൊണ്ടാഞ്ഞിടിക്കുന്നപോലെ. 

വേരുകൾ പക്ഷേ, അരക്ഷിതരായി ശേഷിച്ചു; ശത്രുവായ കാലത്തിന്‌, ഈർപ്പത്തിന്‌, പൂപ്പലിന്‌, ഒന്നിനു പിന്നാലെ മറ്റൊരു നശീകരണത്തിനവ തുറന്നുകിടന്നു.

മുറിപ്പെട്ടതോ കത്തിക്കരിഞ്ഞതോ ആയ, മലർക്കെത്തുറന്ന ആ കൂറ്റൻകൈകളെക്കാൾ മനോഹരമായി മറ്റൊന്നില്ല. ഒരു കാട്ടുവഴിയിൽ വച്ചു കാണുമ്പോൾ അവ നമ്മോടു പറയുകയാണ്‌, മണ്ണിൽ മറഞ്ഞുപോയ ഒരു മരത്തിന്റെ രഹസ്യം, ഇലകൾക്കു പോഷണം നല്കിയ നിഗൂഢത, ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന സസ്യലോകത്തിന്റെ പേശീബലം. ദാരുണമായ, ഒതുക്കമില്ലാത്ത അവ പുതിയൊരു സൗന്ദര്യം നമുക്കു കാട്ടിത്തരുന്നു: മണ്ണിന്റെ ആഴങ്ങൾ വാർത്തെടുത്ത ശില്പങ്ങളാണവ: പ്രകൃതി മറച്ചുവയ്ച്ചിരിക്കുന്ന പ്രകൃഷ്ടരചനകൾ.

ഒരിക്കൽ, റഫായേൽ ആൽബർട്ടിയും ഞാനും കൂടി ഒസാർണോയ്ക്കടുത്ത് ഒരുമിച്ചുനടക്കുമ്പോൾ (ഞങ്ങൾക്കു ചുറ്റും വെള്ളച്ചാട്ടങ്ങളും കാട്ടുപൊന്തകളും കാടുകളുമായിരുന്നു) ഓരോ ചില്ലയും ഒന്നിനൊന്നു വ്യത്യസ്തമാണെന്ന് അയാൾ ചൂണ്ടിക്കാണിച്ചു; രീതികളിൽ അനന്തവൈവിദ്ധ്യത്തിനു മത്സരിക്കുകയാണിലകൾ എന്നു തോന്നിപ്പോവും. “മനോഹരമായ ഒരുദ്യാനത്തിനു വേണ്ടി ഒരു തോട്ടക്കാരൻ തിരഞ്ഞെടുത്തുവച്ചിരിക്കുകയാണവയെ എന്നു തോന്നും,” അയാൾ പറഞ്ഞു. വർഷങ്ങൾക്കു ശേഷം റോമിൽ വച്ച് റഫായേൽ ആ നടത്തവും നമ്മുടെ കാടുകളുടെ നിസർഗ്ഗവൈവിദ്ധ്യവും ഓർത്തെടുത്തിരുന്നു.

അന്നൊക്കെ അങ്ങനെയായിരുന്നു. ഇന്ന് അങ്ങനെയല്ലാതായിരിക്കുന്നു. കുട്ടിയും യുവാവുമായിരുന്നപ്പോൾ ബൊറോവയ്ക്കും കരാഹുവേയ്ക്കുമിടയിൽ, അല്ലെങ്കിൽ, കടലോരത്തെ കുന്നുകൾക്കിടയിൽ ടോൾട്ടെനു ചുറ്റുമായി അലഞ്ഞുനടന്നതു ചിന്തിക്കുമ്പോൾ എനിക്കു വിഷാദം തോന്നുന്നു. എന്തൊക്കെ കണ്ടുപിടിത്തങ്ങൾ! മഴ തോർന്ന നേരത്തെ ഇലവർങ്ങമരത്തിന്റെ മട്ടും മണവും, കാടിന്റെ എണ്ണമറ്റ മുഖങ്ങളിൽ നിന്നു തൂങ്ങിക്കിടക്കുന്ന ശൈവാലങ്ങളുടെ മഞ്ഞുതാടികൾ!

കൊഴിഞ്ഞ ഇലകൾ ഞാൻ വകഞ്ഞുമാറ്റി, ചിലതരം വണ്ടുകളുടെ മിന്നലൊളികൾ കാണാൻ. വേരുകൾക്കിടയിൽ ഒരു സൂക്ഷ്മനൃത്തം വയ്ക്കാൻ മഴവിൽനിറത്തിൽ വേഷമിടുന്ന പൊൻവണ്ട്!

പിന്നൊരിക്കൽ ഞാൻ അർജ്ജന്റീനയിലേക്കു പോകാൻ മലകൾക്കിടയിൽ അതികായരായ വൃക്ഷങ്ങളുടെ പച്ചക്കമാനങ്ങൾക്കടിയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു തടസം ഞങ്ങൾക്കു മുന്നിൽ ഉയർന്നുവന്നു: അതിലൊന്നിന്റെ വേരുകൾ ഞങ്ങളുടെ കുതിരകളെക്കാളും പൊക്കത്തിൽ വഴിതടഞ്ഞു നില്ക്കുകയായിരുന്നു. കഠിനയത്നവും മഴുവും വേണ്ടിവന്നു ഞങ്ങൾക്കു വഴി തെളിയ്ക്കാൻ. കീഴ്മേൽ മറിഞ്ഞ ഭദ്രാസനപ്പള്ളികൾ പോലെയായിരുന്നു ആ വേരുകൾ: ഗാംഭീര്യം കൊണ്ടു നമ്മെ വികാരഭരിതരാക്കുന്ന അനാവൃതമഹത്വം.

*



അഭിപ്രായങ്ങളൊന്നുമില്ല: