ക്രി.മു. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ചൈനീസ് തത്വചിന്തകനാണ് ഷുവാങ്ങ് ത്‌സു (Zhuang Zhou, Chuang Tzu). അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ഷുവാങ്ങ് ത്‌സി ദാവോയിസത്തിന്റെ രണ്ടടിസ്ഥാനഗ്രന്ഥങ്ങളിൽ ഒന്നാണ്; മറ്റേത് ദാവോ ദെ ചിങ്ങ്.
ജീവിതാസ്വാദനം ഒരു മിഥ്യാഭ്രമമല്ലെന്ന് എനിക്കെങ്ങനെ അറിയാം? മരണത്തെ വെറുക്കുമ്പോൾ കുട്ടിക്കാലത്തേ കൂട്ടം തെറ്റിപ്പോവുകയും പിന്നീട് വീട്ടിലേക്കുള്ള വഴി മറക്കുകയും ചെയ്തവരെപ്പോലെയാവുകയല്ല നാമെന്ന് നമുക്കെങ്ങനെ അറിയാം? ലീ എന്ന സ്ത്രീ എയ് എന്ന അതിർത്തിരക്ഷാസൈനികന്റെ മകളായിരുന്നു. ജിൻ രാജാവ് അവരെ തടവിലാക്കിക്കൊണ്ടുപോകുമ്പോൾ അവർ കരഞ്ഞു. അവരുടെ കണ്ണീരിൽ ഉടുവസ്ത്രങ്ങളാകെ മുങ്ങി. എന്നാൽ കൊട്ടാരത്തിലെത്തുകയും രാജാവിന്റെ കിടക്ക പങ്കിടുകയും അതിസ്വാദിഷ്ടമായ ആഹാരം കഴിക്കുകയും ചെയ്തുകഴിഞ്ഞപ്പോൾ താനൊഴുക്കിയ കണ്ണീരിനെച്ചൊല്ലി അവർക്കു കുറ്റബോധം തോന്നി. ജീവിതത്തിനോട് തങ്ങൾക്കു മുമ്പുണ്ടായിരുന്ന ആർത്തിയെ ഓർത്ത് മരിച്ചവർ ഖേദിക്കുന്നില്ലെന്ന് എനിക്കെങ്ങനെ അറിയാം? താൻ വീഞ്ഞു കുടിക്കുന്നതായി സ്വപ്നം കണ്ടയാൾ കാലത്തിരുന്നു കരഞ്ഞുവെന്നു വരാം; സ്വപ്നത്തിൽ കണ്ണീരൊഴുക്കിയ ഒരാൾ കാലത്തെഴുന്നേറ്റു വേട്ടയ്ക്കു പോയെന്നും വരാം. സ്വപ്നാവസ്ഥയിൽ നാം സ്വപ്നം കാണുകയാണെന്ന് നമുക്കറിയില്ല. നാം സ്വപ്നത്തെ വ്യാഖ്യാനിക്കുകയാണെന്നുവരെ നാം സ്വപ്നം കണ്ടുവെന്നും വരാം. അതൊരു സ്വപ്നമായിരുന്നുവെന്ന് ഉണർന്നുകഴിയുമ്പോഴാണ് നാമറിയുക. വലിയ ഉണർച്ചയ്ക്കു ശേഷമാണു നമുക്കു ബോദ്ധ്യമാവുക, വലിയൊരു സ്വപ്നമായിരുന്നു ഇതെന്ന്. എന്നിട്ടും തങ്ങൾ ഉണർന്നിരിക്കുകയാണെന്ന്, ഭരണാധികാരികളും ഇടയന്മാരുമാണ് തങ്ങളെന്ന് മൂഢാത്മാക്കൾ കരുതുന്നു. നിങ്ങളും കൺഫ്യൂഷ്യസും സ്വപ്നം കാണുകയാണ്; നിങ്ങൾ സ്വപ്നമാണെന്നു പറയുന്ന ഈ ഞാനും സ്വപ്നം തന്നെ. ഇതാണ് എനിക്കു പറയാനുള്ള കഥ. വെറും അസംബന്ധമെന്ന് ആളുകൾ തള്ളിക്കളഞ്ഞേക്കാം; എന്നാൽ ഇത് വിശദീകരിക്കാൻ സമർത്ഥനായ ഒരു മഹാത്മാവ് പതിനായിരം തലമുറകൾക്കപ്പുറം ഉണ്ടായെന്നു വരാം, പ്രഭാതത്തിൽ നിന്ന് രാത്രിയിലേക്കു കടക്കുന്നതുവരെയുള്ള തീരെച്ചെറിയ ഇടവേളയ്ക്കു തുല്യമായ ഒരു കാലയളവിനപ്പുറം.
***
താനൊരു പൂമ്പാറ്റയായി തത്തിപ്പറന്നു നടക്കുന്നതായി ഷുവാങ്ങ് ത്‌സു ഒരിക്കൽ സ്വപ്നം കണ്ടു. തന്നിഷ്ടം പോലെ അങ്ങനെ പറന്നുനടക്കുക എന്തു രസമായിരുന്നു! താൻ ഷുവാങ്ങ് ത്‌സു ആണെന്ന് അയാൾക്കു ബോധമേ ഉണ്ടായില്ല. പെട്ടെന്ന് അയാളുടെ ഉറക്കം ഞെട്ടി, സ്വപ്നം മുറിഞ്ഞു, താൻ ഷുവാങ്ങ് ത്‌സു ആണല്ലോയെന്ന് അയാൾക്കു ബോധവും വന്നു. താനൊരു പൂമ്പാറ്റയായതായി ഷുവാങ്ങ് ത്‌സു സ്വപ്നം കാണുകയായിരുന്നോ അതോ, താൻ ഷുവാങ്ങ് ത്‌സു ആയതായി പൂമ്പാറ്റ സ്വപ്നം കാണുകയായിരുന്നോയെന്ന് അയാൾക്കു മനസ്സിലായില്ല. ഷുവാങ്ങ് ത്‌സുവിനും പൂമ്പാറ്റയ്ക്കുമിടയിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടായിരിക്കണം. വസ്തുക്കളുടെ രൂപാന്തരം എന്നു പറയുന്നത് ഇതിനെയാണ്.
***
മട്ടുപ്പാവിലിരുന്ന് പുസ്തകം വായിക്കുകയായിരുന്നു ഹുവാൻ പ്രഭു. താഴെ മുറ്റത്തിരുന്ന് വണ്ടിച്ചക്രം പണിയുകയായിരുന്ന മരപ്പണിക്കാരൻ പ്യാൻ പടി കയറിച്ചെന്ന് ഹുവാൻ പ്രഭുവിനോടു ചോദിച്ചു: “അവിടുന്നിപ്പോൾ വായിക്കുന്ന പുസ്തകത്തിൽ എന്താണെന്ന് അടിയനൊന്നു ചോദിച്ചോട്ടെ?”
“ജ്ഞാനികളുടെ വാക്കുകൾ,” പ്രഭു പറഞ്ഞു.
“ഈ ജ്ഞാനികൾ ഇപ്പോൾ ജീവിച്ചിരുപ്പുണ്ടോ?”
“അവർ എന്നേ മരിച്ചുകഴിഞ്ഞു.”
“അതിനർത്ഥം പണ്ടേ മരിച്ചുപോയവരുടെ അടിമട്ടാണ് അവിടുന്നു വായിക്കുന്നത് എന്നാണ്, അല്ലേ?”
പ്രഭു ചൂടായി: “ഞാൻ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഒരു മരപ്പണിക്കാരൻ ആളായെന്നോ? നീയിപ്പോൾ പറഞ്ഞത് എനിക്കു ബോദ്ധ്യമാകും വണ്ണം വിശദീകരിക്കുക. ഞാൻ നിന്നെ വെറുതേ വിടാം; ഇല്ലെങ്കിൽ മരണമാണു കിട്ടുക.”
മരപ്പണിക്കാരൻ പ്യാൻ പറഞ്ഞു: “ഞാൻ എല്ലാറ്റിനെയും കാണുന്നത് ഞാൻ ചെയ്യുന്ന പണിയുടെ കണ്ണിലൂടെയാണ്. ഒരു ചക്രം പണിയുമ്പോൾ ഉളി കൊണ്ടു ചെത്തുന്നത് വളരെപ്പതുക്കെയായാൽ ഉളി വിചാരിക്കുന്നിടത്തു നില്ക്കില്ല; ഞാൻ തിടുക്കം കാണിച്ചാൽ അത് തടിയിലുടക്കുകയും ചെത്തുന്നത് നേരാം വണ്ണമാകാതെ വരികയും ചെയ്യും. ഉളിയോടുന്നത് വളരെപ്പതുക്കെയോ വളരെ വേഗത്തിലോ അല്ലെങ്കിൽ എന്റെ കൈ പറയുന്നിടത്ത് അതു നില്ക്കും, എന്റെ ഹൃദയം കൊണ്ട് എനിക്കതിനെ നിയന്ത്രിക്കുകയും ചെയ്യാം. അതെങ്ങനെയാണെന്ന് വാക്കുകൾ കൊണ്ടു പറയാൻ എന്റെ നാവിനു ശേഷിയില്ല. അതിൽ എന്തോ ഉണ്ട്; അതെന്താണെന്ന് എനിക്കെന്റെ മകനെ പഠിപ്പിക്കാൻ പറ്റില്ല, എന്റെ മകന് അതെന്നിൽ നിന്നു പഠിക്കാനും പറ്റില്ല. അങ്ങനെ ചക്രങ്ങൾ ചെത്തിച്ചെത്തി ഞാനിപ്പോൾ എഴുപതു വയസ്സുള്ള ഒരു കിഴവനായിരിക്കുന്നു. പകർന്നുകൊടുക്കാൻ കഴിയാത്ത ഒരു സമ്പാദ്യവും കൊണ്ടാണ് പ്രാചീനർ ലോകം വിട്ടുപോയത്. അതിനാൽ അവിടുന്നു വായിക്കുന്നത് അവരുടെ അടിമട്ടാണെന്നും വരുന്നു.“
***
ഷുവാങ്ങ് ത്‌സുവിന്റെ മരണസമയം അടുത്തപ്പോൾ അദ്ദേഹത്തെ നല്ലൊരു ശവകുടീരത്തിൽ അടക്കാൻ ശിഷ്യന്മാർ ആഗ്രഹിച്ചു. ഷുവാങ്ങ് ത്‌സു പറഞ്ഞു: ”എന്റെ ശവപേടകത്തിന്റെ അകവും പുറവും മൂടികളായി ആകാശവും ഭൂമിയുമുണ്ട്. മുൻപിൻ ഫലകങ്ങളായി സൂര്യചന്ദ്രന്മാരുണ്ട്. കാഴ്ചദ്രവ്യങ്ങളായി പതിനായിരം വസ്തുക്കളുമുണ്ട്. വേറൊന്നും കൂട്ടിച്ചേർക്കാതെതന്നെ പര്യാപ്തമല്ലേ, എന്റെ ശവമടക്കിനുള്ള അനുസാരികൾ?“
”കാക്കകളും പരുന്തുകളും അങ്ങയെ കൊത്തിത്തിന്നുമെന്നു ഞങ്ങൾക്കു പേടിയുണ്ട്, ഗുരോ,“ ഒരു ശിഷ്യൻ പറഞ്ഞു.
”മണ്ണിനു മുകളിൽ കാക്കകൾക്കും പരുന്തുകൾക്കും ഞാൻ തീറ്റയാകും; മണ്ണിനടിയിൽ ഉറുമ്പുകൾക്കും. നിങ്ങൾ ഒരാളിൽ നിന്നു തട്ടിയെടുത്ത് മറ്റൊരാൾക്കു കൊടുക്കാൻ നോക്കുകയാണ്. പക്ഷഭേദം കാണിക്കണോ?“
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ