2024, നവംബർ 2, ശനിയാഴ്‌ച

ഗിയാക്കോമോ ലെപ്പാർദി- ചിന്തകൾ

 വർത്തമാനകാലത്തെ സംഗതികളെ ഇകഴ്ത്താനും കഴിഞ്ഞുപോയവയെ പുകഴ്ത്താനും മനുഷ്യവർഗ്ഗത്തിനു പൊതുവേ ഒരു ശീലമുള്ളപോലെ, മിക്ക സഞ്ചാരികൾക്കും യാത്ര ചെയ്യുമ്പോൾ തങ്ങളുടെ ജന്മദേശത്തോടു വലിയ സ്നേഹമായിരിക്കും, യാത്രയിൽ തങ്ങൾ കാണുന്നതെന്തിനെക്കാളും നാട്ടിലുള്ളതിനെ ഒരുതരം രോഷത്തോടെ അവർ ഇഷ്ടപ്പെടുകയും ചെയ്യും. തിരിച്ചു നാട്ടിലെത്തിയാലാവട്ടെ, തങ്ങൾ പോയ സ്ഥലങ്ങളെക്കാളൊക്കെ മോശമായി അവർ അതിനെക്കാണും, അതേ രോഷത്തോടെതന്നെ.

*


ഏതു നാട്ടിൽ ചെന്നാലും മനുഷ്യവർഗ്ഗത്തിനും സമൂഹത്തിനും പൊതുവേയുള്ള ദോഷങ്ങളേയും തിന്മകളേയും തങ്ങളുടെ നാട്ടിനു മാത്രമുള്ളതായിട്ടായിരിക്കും ആ നാട്ടുകാർ കാണുക. ‘ഇവിടെ സ്ത്രീകൾ പൊങ്ങച്ചക്കാരികളും ചപലകളുമാണ്‌, അവർക്കു വായന തീരെയില്ല, വിദ്യാഭ്യാസവും കഷ്ടി. ഇവിടെ പൊതുജനത്തിന്‌ അന്യരുടെ കാര്യം അന്വേഷിക്കാനാണ്‌ കൗതുകം, വായ തോരാത്ത വർത്തമാനവും അപവാദപ്രചാരണവുമാണ്‌ അവരുടെ പണി. പണവും ശുപാർശയും വൃത്തികേടുമുണ്ടെങ്കിൽ ഇവിടെ എന്തും സാധിക്കാം. ഇവിടെ വാഴുന്നത് അസൂയയാണ്‌, സൗഹൃദങ്ങളിൽ ആത്മാർത്ഥത കാണാൻ കിട്ടില്ല,’ അങ്ങനെയങ്ങനെ. അതു കേട്ടാൽ തോന്നും, മറ്റിടങ്ങളിൽ അങ്ങനെയൊന്നുമല്ലെന്ന്. മനുഷ്യർ അനിവാര്യമായിത്തന്നെ യാതന അനുഭവിക്കുന്നവരാണ്‌; എന്നാൽ, തങ്ങൾ യാതന അനുഭവിക്കുന്നത് യാദൃച്ഛികമായിട്ടാണെന്നു വിശ്വസിക്കുന്നതിൽ നിർബ്ബന്ധബുദ്ധികളുമാണവർ.

*

ആളുകളുമായി അധികം സഹവാസമില്ലാത്ത ഒരാൾ മനുഷ്യവിദ്വേഷി ആകാനുള്ള സാദ്ധ്യത കുറവാണ്‌. ശരിക്കും മനുഷ്യവിദ്വേഷികളെ കാണാൻ പറ്റുന്നത് ഏകാന്തതയിലല്ല, ലോകത്തിനു നടുക്കാണ്‌. ആളുകളെ മനുഷ്യവിദ്വേഷികളാക്കുന്നത് തത്ത്വശാസ്ത്രമല്ല, പ്രായോഗികപരിചയമാണ്‌ എന്നതാണ്‌ അതിന്റെ കാരണം. മനുഷ്യവിദ്വേഷിയായ ഒരാൾ സമൂഹത്തിൽ  നിന്നു പിൻവാങ്ങിയാൽ ആ ഏകാന്തവാസത്തിൽ അയാൾക്ക് തന്റെ മനുഷ്യവിദ്വേഷം നഷ്ടപ്പെടുകയും ചെയ്യും.

*

ഒരു ദേശത്ത് പരമാർത്ഥത്തിലുള്ള നന്മകളുടെ ക്ഷയം എത്ര കൂടുതലാണോ, അത്ര കൂടുതലായിരിക്കും അവിടെ ഉണ്ടെന്നു തോന്നിക്കുന്ന നന്മകളുടെ വർദ്ധന എന്നു പലപ്പോഴും പറഞ്ഞുകേൾക്കാറുണ്ട്. സാഹിത്യവും അതേ വിധിയ്ക്കധീനമാണെന്നാണു തോന്നുന്നത്; കാരണം, നമ്മുടെ ഈ കാലത്ത്, ശൈലിയുടെ നന്മകളെക്കുറിച്ചുള്ള ഓർമ്മ (അതിന്റെ ഉപയോഗം എന്നു ഞാൻ പറയുന്നില്ല) എത്ര കുറയുന്നുവോ , അത്ര കൂടുതലായിരിക്കും, പ്രസിദ്ധീകരണങ്ങളുടെ പൊലിമ. ഒരു ദിവസത്തെ മാത്രം ആയുസ്സുള്ള പത്രങ്ങളും മറ്റു രാഷ്ട്രീയജല്പനങ്ങളും ഇന്നടിച്ചിറക്കുന്ന അതേ ഭംഗിയിൽ പണ്ട് ക്ലാസ്സിക്കുകൾ ഇറങ്ങിയിരുന്നില്ല. എഴുത്തിന്റെ കല ഇന്നാർക്കും അറിയാതായിരിക്കുന്നു, അതിന്റെ വില ആർക്കും മനസ്സിലാകാതെയുമായിരിക്കുന്നു. പുതിയ പുസ്തകങ്ങൾ തുറന്നുനോക്കുകയോ വായിച്ചുനോക്കുകയോ ചെയ്യുന്ന, മാന്യതയുള്ള ഏതൊരാൾക്കും ആ കടലാസ്സുതാളുകളുടെ പേരിലും തെളിഞ്ഞ അച്ചുകളുടെ പേരിലും സഹതാപം തോന്നാതെവയ്യ, എത്ര ജുഗുപ്സാവഹമായ വാക്കുകളെയും മിക്കപ്പോഴും അലസമായ ചിന്തകളേയുമാണ്‌ അവ പ്രതിനിധീകരിക്കുന്നതെന്നോർത്ത്.

*


അഭിപ്രായങ്ങളൊന്നുമില്ല: