2025, ഫെബ്രുവരി 16, ഞായറാഴ്‌ച

റ്റെഡ് കൂസെർ - ഒരു വായനക്കാരിയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്


ഒന്നാമതായി, അവൾക്കു സൗന്ദര്യമുണ്ടായിരിക്കണം,
ഒരുച്ചതിരിഞ്ഞനേരത്തെ ഏകാന്തനിമിഷത്തിൽ
എന്റെ കവിതയിരിക്കുന്ന ഷെല്ഫിലേക്കവൾ ശ്രദ്ധാപൂർവ്വം നടന്നടുക്കും,
(ഈറൻ മാറാത്ത മുടിയവളുടെ പിടലിയിലപ്പോഴും  ഒട്ടിക്കിടക്കുന്നുണ്ടാവും.)
അവളൊരു മഴക്കോട്ടു ധരിച്ചിരിക്കണം, പഴയതൊന്ന്,
അലക്കുകൂലി കൊടുക്കാനില്ലാത്തതിനാൽ അഴുക്കു പിടിച്ചതും.
പിന്നെ തന്റെ കണ്ണടയെടുത്തുവച്ചവൾ, ആ പുസ്തകക്കടയിൽ വച്ച്,
എന്റെ കവിതകൾ മറിച്ചുനോക്കും, പിന്നെയതു തിരിയെ വയ്ക്കും.
അവൾ തന്നോടെന്നപോലിങ്ങനെ പറയും: 
“ഇതിനു കൊടുക്കുന്ന കാശുണ്ടെങ്കിൽ
എനിക്കെന്റെ മഴക്കോട്ടലക്കാൻ കൊടുക്കാം.”
അതാണവൾ ചെയ്യാൻ പോകുന്നതും.
*

2005ൽ പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ കവിയാണ്‌ 1939ൽ ജനിച്ച Theodore J. Kooser.

ലിൻഡ പാസ്റ്റൻ - ഉറക്കമില്ലായ്മ



എന്റെ ശരീരം
എനിക്കൊരു കൂട്ടുകാരനായിരുന്ന കാലം 
ഞാനോർക്കുന്നു

ഉറക്കമന്നൊക്കെ
വിളിച്ചാലോടിവരുമായിരുന്നു
സ്നേഹമുള്ള നായയെപ്പോലെ

ഭാവിയിലേക്കുള്ള കവാടം
അന്നടയാൻ തുടങ്ങിയിരുന്നില്ല

തണുത്ത വിരിപ്പുകൾക്കു മേൽ 
മലർന്നു കിടക്കുമ്പോൾ

മറ്റൊന്നിനുള്ള 
പരിശീലനമാണതെന്നു തോന്നിയിരുന്നില്ല

ഒരവശിഷ്ടവെളിച്ചമിതാ,
കിഴക്കൊരു പാടുപോലെ

ഉറക്കം, തിരക്കുള്ളൊരു ഡോക്ടറെപ്പോലെ
എന്നെ വന്നുനോക്കാൻ ദയ കാണിക്കുന്നു
വൈമനസ്യത്തോടെ

*

ക്ലാരിസ് ലിസ്പെക്റ്റർ

 ഒരനുഗൃഹീതാവസ്ഥയിൽ നമുക്കു ചിലപ്പോൾ, മറ്റൊരാളുടെ, അതുവരെയും നമുക്കപ്രാപ്യമായിരുന്ന, ഒരു ഗഹനസൗന്ദര്യം അനുഭവവേദ്യമാകാൻ തുടങ്ങുന്നു. സർവ്വതിനും ഒരു പ്രകാശപരിവേഷം കൈവരുന്നു; അത് സാങ്കല്പികവുമല്ല: വ്യക്തികളിൽ നിന്നും വസ്തുക്കളിൽ നിന്നും പ്രസരിക്കുന്ന, ഗണിതകാർശ്യം നിറഞ്ഞതെന്നു പറയാവുന്ന ഒരു പ്രകാശത്തിന്റെ ശോഭയിൽ നിന്നാണതു വരുന്നത്. നിലനില്ക്കുന്നതെന്തും, വ്യക്തികളാവട്ടെ, വസ്തുക്കളാവട്ടെ, ഊർജ്ജത്തിന്റെ സൂക്ഷ്മപ്രകാശമാണ്‌ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നതെന്ന് നിങ്ങൾക്കു തോന്നിത്തുടങ്ങുന്നു. ലോകത്തിന്റെ യാഥാർത്ഥ്യം തൊട്ടറിയാൻ കഴിയാത്തതാണ്‌.

(Selected Cronicas )

2025, ഫെബ്രുവരി 8, ശനിയാഴ്‌ച

മാജ് പിയേസി - അതിസരളമായ ഒരു ഗാനം

 

ഒരാൾക്കടുത്തേക്കു പോകുമ്പോൾ നാം പറയുന്നു
നിങ്ങൾ എന്നെപ്പോലെതന്നെയാണല്ലോ
നിങ്ങളുടെ ചിന്തകൾ എന്റെ സഹോദരങ്ങൾ
വാക്കിന്‌ വാക്കിനോടു പൊരുത്തവും
എത്രയെളുപ്പമാണ്‌ ഒരുമിച്ചാവുക

ഒരാളെ വിട്ടുപോകുമ്പോൾ നാം പറയുന്നു
എത്രയപരിചിതനാണു നിങ്ങൾ
നമുക്കന്യോന്യം ഒന്നും പറയാനില്ല
നാം തമ്മിലൊരുകാര്യത്തിലും യോജിക്കുകയുമില്ല
എത്ര ദുഷ്കരമാണ്‌, ദുസ്സഹമാണ്‌ ഒരുമിച്ചാവുക

നാം വ്യത്യസ്തരല്ല, ഒരുപോലെയുമല്ല
സ്വന്തം തോലുടലിൽ അപരിചിതരാണു നാം
ചർമ്മത്തിനുള്ളിൽ നാം അടയ്ക്കപ്പെട്ടിരിക്കുന്നു
വിലക്ഷണമായി നാം കൈകൾ നീട്ടുന്നു
സ്നേഹമെന്ന പ്രവൃത്തിയുടെ ആയുസ്സു കൂടുതലല്ല
തുറന്ന കയ്യിനെക്കാൾ
തുറന്ന കണ്ണിനെക്കാൾ
നെഞ്ചിലെ മലർക്കെത്തുറന്ന വാതിലിനെക്കാൾ 
*

Marge Piercy- 1936ൽ ജനിച്ച അമേരിക്കൻ കവിയും നോവലിസ്റ്റും.

വീസ്വാവ ഷിംബോർസ്ക - കവിതകൾ


ബഫോ


ഒന്നാമതായി, നമ്മുടെ പ്രണയം മരിക്കും, കഷ്ടം,
പിന്നെ ഇരുനൂറൂകൊല്ലം കടന്നുപോകും,
പിന്നെയൊടുവിൽ വീണ്ടും നാം സന്ധിക്കും-

ഇത്തവണ ഒരു നാടകവേദിയിൽ,
രണ്ടു ഹാസ്യതാരങ്ങൾ, അയാളും അവളും,
പൊതുജനത്തിന്റെ പ്രീതിഭാജനങ്ങൾ,
അവർ നമ്മെ അവതരിപ്പിക്കും.

പ്രഹസനം പോലെയൊന്ന്, പാട്ടുകളുമായി,
തമാശകളും കാലു കൊണ്ട് താളമിടലും
അന്തിമാഭിവാദനങ്ങളുമായി ഒരു തമാശനാടകം;
തീർച്ചയായുമാളുകൾ ചിരിച്ചുമണ്ണുകപ്പും.

അരങ്ങിൽ നീയവരെ ശരിക്കും രസിപ്പിക്കും,
പഴയ മട്ടിലുള്ള നിന്റെ ടൈയും
നിന്റെ ചില്ലറ അസൂയകളുമായി.

അതുപോലെ ഞാനും, പ്രണയത്തിന്റെ കാലാൾ,
എന്റെ ഹൃദയവും എന്റെ ആനന്ദവും എന്റെ കിരീടവുമായി,
എന്റെ തകർന്ന ഹൃദയവും നഷ്ടമായ ആനന്ദവും
നിലത്തേക്കുരുണ്ടുവീഴുന്ന കിരീടവുമായി.

ചിരിയുടെ ഉച്ചത്തിലുള്ള പല്ലവിയുടെ അകമ്പടിയോടെ
നാം പിന്നെയും പിന്നെയും ഒരുമിക്കും, പിരിഞ്ഞുപോകും,
ഏഴുമലകളും ഏഴു പുഴകളും നമ്മുടെ വേദന പെരുപ്പിക്കും.

നൈരാശ്യവും ശോകവും നാമനുഭവിച്ചതു പോരെങ്കിൽ
നെടുങ്കൻ വാചകങ്ങൾ കൊണ്ടു നാം
അന്യോന്യം കഥ കഴിക്കും.

പിന്നെ നാം എഴുന്നേല്ക്കും, സദസ്സിനോടു വിട വാങ്ങും:
ഒരു പ്രഹസനത്തിനങ്ങനെ അവസാനമാകും.
കാണികൾ എഴുന്നേല്ക്കും കയ്യടിക്കും,
പിന്നെയവർ വീട്ടിലേക്കു പോകും.

സ്വന്തം ജീവിതത്തിന്റെ കൂടുകളിലേക്കവർ പിന്നെയും കയറും,
പ്രണയത്തിന്റെ കടുവ ചിലപ്പോഴൊന്നമറിയെന്നു വരാം,
എന്നാലത്രയ്ക്കിണങ്ങിയതിനാൽ അതു കടിക്കുകയുമില്ല.

നാമെപ്പോഴും പക്ഷേ, അധികപ്പറ്റുകളായിരിക്കും,
കൂർമ്പൻ തൊപ്പികൾ ധരിച്ച പ്രാകൃതർ,
അതിന്റെ മണികിലുക്കം കേട്ടു രസിക്കുന്നവർ.
*
ബഫോ- ഇറ്റാലിയൻ ഓപ്പെറയിലെ ഹാസ്യനടൻ

ലുഡ്‌വിക്ക വാഴ്സിൻസ്ക്കയ്ക്കു വേണ്ടി ഒരു മിനുട്ടുനേരത്തെ മൗനാചരണം


അല്ല, നിങ്ങളെങ്ങോട്ടാണു പോകുന്നത്,
അവിടെയാകെ തീയും പുകയുമാണ്‌!
-അഞ്ചു കുഞ്ഞുങ്ങളവിടെ കുടുങ്ങിക്കിടക്കുകയാണ്‌,
ഞാനവരെ രക്ഷിക്കാൻ പോവുകയാണ്‌!

ഇതെന്തു പറ്റി,
ഇത്ര പെട്ടെന്നിങ്ങനെ
നിങ്ങൾ നിങ്ങളല്ലാതാവാൻ?
രാത്രി കഴിഞ്ഞുള്ള പകൽ,
വരുംകൊല്ലത്തെ പുതുമഞ്ഞ്,
ആപ്പിളിന്റെ തുടുപ്പ്,
ഒരിക്കലും മതിവരാത്ത
സ്നേഹത്തിനായുള്ള ദാഹം,
ഇതൊന്നും ഒന്നുമല്ലാതാവാൻ?

ആരോടും വിട പറയാതെ,
ആരും വിട പറയാതെ,
അവളൊറ്റയ്ക്കോടിച്ചെല്ലുന്നു,
ആ കുഞ്ഞുങ്ങളെ വീണ്ടെടുക്കാൻ;
നോക്കൂ, കുഞ്ഞുങ്ങളെയവൾ വാരിയെടുക്കുന്നു,
അരയോളം തീയിലവൾ മുങ്ങുന്നു,
തീനാളങ്ങളുടെ പ്രഭയിലവളുടെ മുടി തിളങ്ങുന്നു.

എന്നാലവൾക്കാഗ്രഹമുണ്ടായിരുന്നു,
ഒരു ടിക്കറ്റെടുക്കാൻ,
ഒരവധിയെടുത്തെവിടേക്കെങ്കിലും പോകാൻ,
ഒരു കത്തെഴുതാൻ,
കൊടുങ്കാറ്റു കഴിഞ്ഞ നേരത്തു ജനാല തുറന്നിടാൻ,
കാട്ടുപാതയിലൂടൊന്നു നടക്കാൻ,
ഉറുമ്പുകളെ നോക്കി വിസ്മയിക്കാൻ,
കാറ്റത്തു തടാകം കണ്ണിമയ്ക്കുന്നതു നോക്കിനില്ക്കാനും.
മരിച്ചവർക്കായി ഒരു മിനുട്ടു മൗനമാചരിക്കുന്നതു ചിലപ്പോൾ
ഒരു രാത്രി മുഴുവനെടുത്തുവെന്നും വരാം.

മേഘങ്ങളും പക്ഷികളും പറക്കുന്നതിനു
ഞാൻ ദൃക്സാക്ഷിയായി നിന്നിട്ടുണ്ട്.
പുല്ക്കൊടികൾ വളരുന്നതു ഞാൻ കേട്ടിട്ടുണ്ട്,
അതിനെന്താണു പേരെന്നുമെനിക്കറിയാം,
കോടിക്കണക്കിനച്ചടിയക്ഷരങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്,
അപരിചിതനക്ഷത്രങ്ങളിലേക്കു ഞാൻ
ദൂരദർശിനിക്കുഴൽ തിരിച്ചിട്ടുമുണ്ട്.
എന്നാലിന്നേവരെയൊരാളും
സഹായത്തിനെന്നെ വിളിച്ചിട്ടില്ല,
ഒരില, ഒരുടുപ്പ്, ഒരു കവിതയെച്ചൊല്ലി
എനിക്കു നഷ്ടബോധം തോന്നുമോയെന്നും എനിക്കറിയില്ല.

നാമെത്രത്തോളം പരീക്ഷിക്കപ്പെട്ടുവോ,
അത്രത്തോളമേ നമുക്കു നമ്മെക്കുറിച്ചറിവുമുള്ളു.
ഞാനിതു പറയുന്നത്
എനിക്കറിയാത്ത എന്റെ ഹൃദയത്തിൽ നിന്ന്.
*

ഈ കവിതയിലെ ലുഡ്‌വിക്ക വാഴ്സിൻസ്ക (1908-1955) പോളണ്ടിലെ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപികയായിരുന്നു. 1955 ഫെബ്രുവരി 8ന്‌ തീ പിടിച്ച ഒരു വീട്ടിൽ നിന്ന് അവർ നാലു കുട്ടികളെ രക്ഷപ്പെടുത്തി. എന്നാൽ അതിനിടയിൽ കാര്യമായ പൊള്ളലേറ്റ അവർ പത്തു ദിവസത്തിനു ശേഷം മരണമടഞ്ഞു. നിസ്വാർത്ഥമായ ജീവത്യാഗത്തിന്റെ പ്രതീകമാണ്‌ ഇന്നവർ പോളണ്ടിൽ. ഷിംബോർസ്കയ്ക്കു പുറമേ ലിയോപ്പോൾഡ് സ്റ്റാഫും അവരെക്കുറിച്ച് കവിതയെഴുതിയിട്ടുണ്ട്.
*

സർക്കസ് മൃഗങ്ങൾ


കരടികൾ താളത്തിനൊത്തു ചുവടു വയ്ക്കുന്നു,
സിംഹങ്ങൾ തീവളയങ്ങൾക്കുള്ളിലൂടെ ചാടുന്നു,
മഞ്ഞക്കുപ്പായമണിഞ്ഞ ചിമ്പാൻസികൾ ബൈക്കോടിക്കുന്നു,
ചാട്ടവാർ മൂളുന്നു, കാഹളങ്ങൾ മുരളുന്നു,
ചാട്ടവാർ മൂളുന്നു, മൃഗങ്ങളുടെ കണ്ണുകൾ തുറിയ്ക്കുന്നു,
മസ്തകത്തിലൊരു കുടവുമായി ആന നടക്കുന്നു, ഒരു തുള്ളിപോലും തുളുമ്പാതെ,
നായകൾ നൃത്തം വയ്ക്കുന്നു, ചുവടു പിഴയ്ക്കാതിരിക്കാൻ കരുതലോടെ.

എനിക്കു നാണക്കേടു തോന്നുന്നു- മനുഷ്യജീവിയായ എനിക്ക്.

ഇതെല്ലാം കണ്ടിട്ടാളുകൾക്കു രസിച്ചുവെന്നു പറയാനാവില്ല,
കരഘോഷത്തിനൊട്ടും കുറവുണ്ടായിരുന്നില്ലെങ്കിലും.
ഒരു ചാട്ടവാറു കൊണ്ടു നീളം വച്ചൊരു കൈ
പൂഴിപ്പരപ്പിൽ വീഴ്ത്തുന്നു, നിശിതമായൊരു നിഴൽ.
*

തുടലുകൾ


ചുട്ടുപൊള്ളുന്നൊരു പകൽ, ഒരു നായക്കൂട്, തുടലിട്ട ഒരു നായയും.
ചില ചുവടുകൾക്കപ്പുറത്തായി ഒരു കിണ്ണം നിറയെ വെള്ളം.
എന്നാൽ തുടലിനു നീളം പോരെന്നതിനാൽ നായക്കതെത്തില്ല.
ഈ ചിത്രത്തിൽ ഒരു വിശദാംശം കൂടി നമുക്കു കൂട്ടിച്ചേർക്കാം:
ഇതിലും നീളക്കൂടുതലുള്ള,
ഇത്രയും കാഴ്ചയിൽ വരാത്ത തുടലുകൾ,
നമുക്കു തടവില്ലാതെ കടന്നുപോകാൻ പാകത്തിന്‌.

*

റിസീവർ
-------------------------


ഫോണടിക്കുന്നതു കേട്ടു ഞാനുണർന്നുവെന്നു
ഞാൻ സ്വപ്നം കാണുന്നു.

തീർച്ചയായും മരിച്ചവരാരോ വിളിക്കുകയാണതെന്നു
ഞാൻ സ്വപ്നം കാണുന്നു.

റിസീവറെടുക്കാനായി ഞാൻ കൈനീട്ടുന്നുവെന്നു
ഞാൻ സ്വപ്നം കാണുന്നു.

റിസീവറിപ്പോൾ
അതല്ലാതായിരിക്കുന്നുവെന്നു മാത്രം,
അതിനു വല്ലാതെ ഭാരം വച്ചിരിക്കുന്നു,
അതെന്തിലോ കടന്നുപിടിച്ചിരിക്കുന്നുവെന്നപോലെ,
വേരുകൾ കൊണ്ടതിനെ വരിഞ്ഞുകെട്ടിയിരിക്കുകയാണെന്നപോലെ.
വലിച്ചാൽ ഭൂമി മൊത്തം പറിഞ്ഞുപോരുമെന്നപോലെ.

വിഫലമാണെന്റെ യത്നങ്ങളെന്നു
ഞാൻ സ്വപ്നം കാണുന്നു.

ബെല്ലടിക്കുന്നതു നിന്നിരിക്കുന്നുവെന്നതിനാൽ
നിശ്ശബ്ദതയാണിപ്പോഴെന്നു 
ഞാൻ സ്വപ്നം കാണുന്നു.

ഞാനുറക്കത്തിലായെന്നും
പിന്നെ ഞാനുറക്കമുണരുന്നുവെന്നും 
ഞാൻ സ്വപ്നം കാണുന്നു.

*

2025, ജനുവരി 28, ചൊവ്വാഴ്ച

ബോർഹസ്- സമകാലികവും ആധുനികവും

 ചോദ്യം: താങ്കളെ ആകർഷിച്ച അല്ലെങ്കിൽ താങ്കൾക്കടുപ്പം തോന്നുന്ന ഏതെങ്കിലും സമകാലികരായ എഴുത്തുകാർ ഉണ്ടോ?

ബോർഹസ്: സമകാലികരായ എഴുത്തുകാരെക്കുറിച്ചു പറയാൻ പറഞ്ഞാൽ എന്റെ ചിന്തയിൽ വരിക സർ തോമസ് ബ്രൗൺ, സ്പിനോസ, തോമസ് ഡി ക്വിൻസി, എമേഴ്സൺ, പിന്നെ, തീർച്ചയായും ഷോപ്പൻഹോവർ ഇവരൊക്കെയായിരിക്കും. ഏൻജെലസ് സിലേഷ്യസ്, ഫ്ലാബേർ ഇവരും ആകാം. ഞാൻ ഇവിടെ എസ്ര പൗണ്ട് പറഞ്ഞിട്ടുള്ളത് ആവർത്തിക്കുക മാത്രമേ ചെയ്യുന്നുള്ളു. അദ്ദേഹം പറഞ്ഞു “എല്ലാ കലയും സമകാലികമാണ്‌.” അദ്ദേഹം പറഞ്ഞതു ശരിയാണെന്നുതന്നെ എനിക്കു തോന്നുന്നു. ഞാൻ ജീവിച്ചിരിക്കുന്ന നൂറ്റാണ്ടിന്റെ അനുഭവങ്ങൾ പങ്കിടുന്നു എന്ന വസ്തുത ഒന്നുകൊണ്ടുമാത്രം എങ്ങനെയാണൊരാൾ വർഷങ്ങൾക്കു മുമ്പേ മരിച്ചുപോയ മറ്റൊരാളെക്കാൾ എനിക്കു പ്രാധാന്യമുള്ളതാണെന്നു പറയുക? ഞാൻ ഒരാളെ വായിക്കുന്നെങ്കിൽ ആ എഴുത്തുകാരൻ സമകാലികനാണ്‌- അതായത്, അയാൾ വർത്തമാനകാലത്തുള്ളതാണ്‌. അതിനാൽ “ആധുനികം,” എന്ന വാക്കിന്‌ വലിയ വിലയൊന്നും കല്പിക്കാനില്ല; “സമകാലികം” എന്ന വാക്കാകട്ടെ, “ആധുനിക”ത്തിന്റെ വെറുമൊരു പര്യായവും. രണ്ടും നിരർത്ഥകമാണെന്ന് എനിക്കു തോന്നുന്നു.


(പട്രീഷ്യ മാർക്സ്, ജോൺ സിമോൺ എന്നിവർ ബോർഹസ്സുമായി നടത്തിയ ഒരു ഇന്റർവ്യൂവിൽ നിന്ന്)

അലെഹാന്ദ്ര പിസാർനിക്ക് - ഡയറി

 പൊള്ളയായ സന്തോഷം. പകലു മുഴുവൻ കവിതകൾ വായിച്ചു കിടന്നു. അധികനേരം ചെലവഴിക്കാതെയും കല്പിച്ചുകൂട്ടിയും ടെൿനിക് പഠിക്കാനുള്ള ശ്രമം. ചില സമയത്ത് കുട്ടികളെയോർത്ത് നഷ്ടബോധം തോന്നും; അവർക്കെല്ലാം കളിയാണല്ലോ. എന്റെ കാര്യത്തിൽ, കവിത വായിക്കുന്നത് ജോലിയാണ്‌, കഠിനാദ്ധ്വാനം. അന്യരുടെ വാക്കുകളിലും മാനസികവ്യാപാരങ്ങളിലും ശ്രദ്ധ കൊടുക്കാൻ ശ്രമിക്കുന്നത് എന്നോടുതന്നെയുള്ള ഒരു യുദ്ധമാണ്‌. ഇന്നു രണ്ടു കവിതകൾ ചെയ്തു. ഇന്നലെ വേറേ രണ്ടും. ഞാനൊരിക്കലും ഒരു നോവൽ എഴുതാൻ പോകുന്നില്ല എന്നാണ്‌ എന്റെ വിചാരം; കാരണം, ഒരുപാടു പേജുകളിൽ പറയാനായി എനിക്കൊന്നുമില്ല. ഇനി, പറയാൻ എന്തെങ്കിലുമുണ്ടെങ്കിൽത്തന്നെ, ഇല്ലില്ല, എനിക്കു പറയാനൊന്നുമില്ല.


മറ്റൊരു കാര്യം: എനിക്ക് ഏറ്റവും വലിയ സന്തോഷം, അല്ലെങ്കിൽ മന:സുഖം കിട്ടുന്നത് ഇന്നത്തെപ്പോലെയുള്ള ദിവസങ്ങളിലാണ്‌: വായിച്ചും എഴുതിയും. മറ്റെല്ലാം, സിനിമയ്ക്കു പോകുന്നതുപോലും, ആളുകളെ കാണുന്നതുപോലും അസഹ്യമായ ഒരു യാതനയാണ്‌. ഞാനൊരു മനഃശാസ്ത്രജ്ഞനെ കാണാൻ പോകണമെന്നു തോന്നുന്നു; ഞാൻ എന്നെത്തന്നെ ഒളിപ്പിക്കുകയാണെന്നതിൽ സംശയമില്ല. കവിത വായിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു യന്ത്രമായി മാറിയാൽ ഒരു മനുഷ്യജീവിയ്ക്ക് സന്തോഷമുണ്ടാകാൻ പോകുന്നില്ല. ഇതൊഴിച്ചാൽ ഇന്നത്തെ ദിവസം ഒരു ദീർഘനിശ്ശബ്ദതയായിരുന്നു; എന്നെപ്പോലും എനിക്കു കേൾക്കാനില്ലായിരുന്നു. അത്രയും അടങ്ങിയതായിരുന്നു, തന്നിൽത്തന്നെ നിമഗ്നയായിരുന്നു, ഏകാഗ്രചിത്തയായിരുന്നു ഞാൻ, കൗതുകം തോന്നിക്കുന്ന ഒരു കുഞ്ഞുജീവിയെപ്പോലെ. രണ്ടോ മൂന്നോ പേടികളേ ഇടിച്ചുകയറിവന്നുള്ളു; അവ പക്ഷേ, വന്നതും ഇറങ്ങിപ്പോവുകയും ചെയ്തു. ജീവിതത്തിനുള്ള നൈപുണ്യമില്ലായ്മ എനിക്കല്ലാതെ മറ്റാർക്കുമില്ല എന്നെനിക്കു തോന്നുന്നു. ഒരുൾപ്രേരണയുമില്ല. ഇവിടെ, പാരീസിൽ വച്ച്, മടുപ്പ് ഞാനറിഞ്ഞു, ഏറ്റവും ഭയാനകമായതൊന്ന്. ടാപ്പിൽ നിന്ന് വെള്ളം തുള്ളിയിറ്റുന്നപോലെയാണത്. ടാപ്പ് ഞാൻ, വെള്ളവും ഞാൻ.


( 1960 ജൂലൈ 9ന്‌ ഡയറിയിൽ എഴുതിയത്)

റ്റി.എസ്. എലിയട്ട് - കവിയും വായനക്കാരനും

 (വായനക്കാരന്റെ) താല്പര്യത്തെ കവിയിൽ നിന്ന് കവിതയിലേക്കു തിരിച്ചുവിടുന്നത് അഭിനന്ദനീയമായ ഒരു ലക്ഷ്യമാണ്‌; എന്തെന്നാൽ, വാസ്തവത്തിലുള്ള കവിതയുടെ (നല്ലതും ചീത്തയും) കൂടുതൽ നീതിയുക്തമായ വിലയിരുത്തലിനു കാരണമാകുമത്. കവിതയിൽ ആത്മാർത്ഥമായ വികാരത്തിന്റെ ആവിഷ്കരണം ആസ്വദിക്കുന്ന അനേകം പേരുണ്ട്; സാങ്കേതികമായ മേന്മ ആസ്വദിക്കുന്ന കുറച്ചുപേരുമുണ്ട്. എന്നാൽ, ‘സാർത്ഥകമായ’ വികാരത്തിന്റെ ആവിഷ്കരണം, കവിയുടെ ചരിത്രത്തിലല്ലാതെ കവിതയിൽ ജീവനുള്ള വികാരത്തിന്റെ ആവിഷ്കരണം, തിരിച്ചറിയുന്നവരായി വളരെക്കുറച്ചുപേരേയുള്ളു. കലയിൽ വികാരം വ്യക്തിപരമല്ല. ആ വ്യക്ത്യതീതത്വത്തിലേക്കെത്തണമെങ്കിൽ കവിയ്ക്ക് താൻ സൃഷ്ടിക്കാൻ പോകുന്ന കൃതിയ്ക്കു സ്വയം കീഴടങ്ങാതെ പറ്റുകയുമില്ല. താൻ എന്താണു ചെയ്യേണ്ടതെന്ന് അയാൾ അറിയാനും പോകുന്നില്ല, വർത്തമാനകാലത്തിൽ മാത്രമല്ല, ഭൂതകാലത്തിന്റെ വർത്തമാനനിമിഷത്തിലും അയാൾ ജീവിക്കുന്നില്ലെങ്കിൽ, മരിച്ചുകഴിഞ്ഞതിനെക്കുറിച്ചല്ല, ജീവിച്ചിരിക്കുന്നതിനെക്കുറിച്ചയാൾ ബോധവാനല്ലെങ്കിൽ.


(from Tradition and Individual Talent)

ആർതർ റിംബോ- പ്രണയത്തിന്റെ മരുഭൂമി


ആമുഖം

———-

ഇന്നിടത്തെന്നില്ലാതെ ജീവിതം ചുരുളഴിഞ്ഞ ഒരു ചെറുപ്പക്കാരന്റെ, ചെറുപ്പത്തിലേക്കു കടന്ന ഒരാളിന്റെ രചനയാണിത്; അയാൾക്കമ്മയില്ല, നാടില്ല, ശ്രദ്ധ വേണ്ടതൊന്നിലും ശ്രദ്ധയില്ല; ശോച്യജീവിതം നയിക്കുന്ന മറ്റനേകം ചെറുപ്പക്കാരെപ്പോലെ സദാചാരത്തിന്റെ പിടിയിൽ പെടാതെ അയാൾ ഒഴിഞ്ഞുമാറി നടന്നു. പക്ഷേ അത്രയ്ക്കു ലക്ഷ്യബോധമില്ലാത്തവനായിരുന്നു, അത്രയ്ക്കസ്വസ്ഥമനസ്സായിരുന്നു താനെന്നതിനാൽ ഭീതിദവും മാരകവുമായൊരു മാനക്കേടാണതെന്നപോലെ മരണത്തിലേക്കയാൾ തന്റെ കാലടികളെ നയിച്ചു. ഒരു സ്ത്രീയെപ്പോലും സ്നേഹിച്ചിട്ടില്ലെന്നതിനാൽ-ചോരത്തിളപ്പുണ്ടായിട്ടുകൂടി!- അയാളുടെ ഹൃദയവും അയാളുടെ ആത്മാവും അയാളുടെ സർവബലവും വിചിത്രവും ദാരുണവുമായ മാർഗ്ഗഭ്രംശങ്ങൾക്കിരയാവുകയായിരുന്നു. താഴെ കൊടുത്തിരിക്കുന്ന സ്വപ്നങ്ങൾ- അയാളുടെ പ്രണയങ്ങൾ!- കിടക്കയിലോ തെരുവുകളിലോ വച്ച് അയാൾ കണ്ടവയാണ്‌; മതപരമായ ധ്വനികൾ നിങ്ങൾക്കവയിൽ കേൾക്കാനായെന്നു വന്നേക്കാം. ഇതിഹാസപ്രസിദ്ധരായ മുഹമ്മദരുടെ*- ധീരരും അഗ്രചർമ്മം ഛേദിച്ചവരും!- ദീർഘനിദ്ര നിങ്ങൾക്കോർമ്മ വന്നേക്കാം. എന്നാൽ അയാളനുഭവിച്ച അസാധാരണമായ യാതന നമ്മെ അസ്വസ്ഥരാക്കും വിധം യഥാർത്ഥമായിരുന്നു; ഈ ആത്മാവ്, മരണത്തിനു ദാഹിച്ചുകൊണ്ടെന്നപോലെ നമുക്കിടയിൽ അലഞ്ഞുനടക്കുന്ന ഈ ആത്മാവ്, മരണമുഹൂർത്തത്തിൽ യഥാർത്ഥസാന്ത്വനം കണ്ടെത്തുമെന്നും സ്വന്തം യോഗ്യത തെളിയിക്കുമെന്നും ആത്മാർത്ഥമായി നാം ആശിക്കുക.

എ. റിംബോ


I

ഇതതേ നാട്ടുമ്പുറം തന്നെ. എന്റെ അമ്മയച്ഛന്മാർ താമസിച്ചിരുന്ന അതേ കളപ്പുര. സിംഹരൂപങ്ങളും കുലചിഹ്നങ്ങളും വാതിലുകൾക്കു മേൽ ഗ്രാമീണജീവിതത്തിന്റെ നിറം മങ്ങിയ ചിത്രങ്ങളുമായി അതേ സ്വീകരണമുറി; മെഴുകുതിരികളും വൈൻകുപ്പികളും കാലപ്പഴക്കം ചെന്ന മരച്ചുമരുകളുമായി ഒരു തീൻമുറി. തീന്മേശ വളരെ വലുതായിരുന്നു. വേലക്കാർ!- എന്റെ ഓർമ്മ ശരിയാണെങ്കിൽ അവർ വളരെയധികമുണ്ടായിരുന്നു. എന്റെയൊരു പഴയ കൂട്ടുകാരനെയും ഞാൻ ഓർക്കുന്നു: ഒരു പുരോഹിതൻ, പുരോഹിതന്റെ വേഷം ധരിച്ചവൻ; അതവനു കൂടുതൽ സ്വാതന്ത്ര്യമെടുക്കാൻ വേണ്ടിയാണത്രെ. കടുംചുവപ്പു നിറമായ അയാളുടെ മുറി ഞാൻ ഓർക്കുന്നു; മഞ്ഞക്കടലാസ്സു പതിച്ച ജനൽപാളികൾ, കടലുപ്പു ചുവയ്ക്കുന്ന പുസ്തകങ്ങളുടെ രഹസ്യശേഖരം!


നാട്ടുമ്പുറത്തെ ആ അന്തമറ്റ വീട്ടിൽ പരിത്യക്തനായി ഞാൻ വളർന്നു: അടുക്കളയിലിരുന്നു ഞാൻ വായിച്ചു; സ്വീകരണമുറിയിലിരുന്നു സല്ലപിക്കുന്ന വിരുന്നുകാർക്കു മുന്നിൽ വച്ച് എന്റെ ഉടുപ്പിലെ ചെളി ഞാൻ തട്ടിക്കളഞ്ഞു; കാലത്തു പാലിന്റെയും രാത്രിയിൽ പോയ നൂറ്റാണ്ടിന്റെയും മർമ്മരം കേട്ടെന്റെ മനസ്സിളകി.


ആകെ ഇരുട്ടു പിടിച്ച ഒരു മുറിയിലായിരുന്നു ഞാൻ: അവിടെ ഞാൻ എന്തു ചെയ്യുകയായിരുന്നു? ഒരു വേലക്കാരി എന്റെ അരികിൽ വന്നു. അവളൊരു നായ്ക്കുട്ടിയായിരുന്നു എന്നു ഞാൻ പറയാം: സുന്ദരിയായിരുന്നു അവളെങ്കിലും; മാതൃത്വത്തിന്റെ അവാച്യമായ കുലീനതയായിരുന്നു- നിർമ്മലം, പരിചിതം, അതീവവശ്യം!- എനിക്കവളെങ്കിലും. അവൾ എന്റെ കൈത്തണ്ടയിൽ നുള്ളി.


എനിക്കിപ്പോൾ അവളുടെ മുഖം പോലും ഓർമ്മ വരുന്നില്ല: രണ്ടു വിരൽ കൊണ്ടു ഞാൻ തിരുപ്പിടിച്ച അവളുടെ കൈയെനിക്കോർമ്മയില്ല; എന്തോ തേടിയുഴറി പിന്നെയും പിന്നെയും പൂഴിമണ്ണു നക്കിത്തുടയ്ക്കുന്നൊരു കുഞ്ഞുതിര പോലെ എന്റെ ചുണ്ടുകൾ പതിഞ്ഞ ചുണ്ടുകളും എനിക്കോർമ്മയില്ല. ഒരിരുണ്ട കോണിൽ കൂട്ടിയിട്ടിരുന്ന മെത്തകൾക്കും വഞ്ചിപ്പായകൾക്കും മേൽ അവളെ ഞാൻ മറിച്ചിട്ടു. ഇപ്പോൾ എനിക്കോർമ്മയുള്ളത് അവളുടെ നേർത്ത അടിവസ്ത്രത്തിന്റെ വെളുപ്പു മാത്രം.- പിന്നെ ചുമരുകൾ സാവധാനം മരങ്ങൾ വീഴ്ത്തുന്ന നിഴലുകളായി, രാത്രിയുടെ ആർദ്രവിഷാദത്തിൽ ഞാൻ മുങ്ങിത്താഴ്ന്നു.


II

ഇത്തവണ അത് നഗരത്തിൽ വച്ചു ഞാൻ കണ്ട സ്ത്രീയാണ്‌- ഞാൻ മിണ്ടിയവൾ, എന്നോടു മിണ്ടിയവൾ.

ഞാൻ വെളിച്ചമില്ലാത്ത ഒരു മുറിയിലായിരുന്നു. അവൾ വന്നിട്ടുണ്ടെന്ന് ആരോ പറഞ്ഞു. അവളെ ഞാൻ എന്റെ കിടക്കയിൽ കണ്ടു, എന്റേതു മാത്രമായി, വെളിച്ചമില്ലാതെയും! ഞാനാകെ വികാരഭരിതനായി: എന്റെ കുടുംബവീട്ടിലാണല്ലോ ഇതു നടക്കുന്നത് എന്നതിനാൽ; പിന്നെ ഞാൻ വിഷാദഭരിതനുമായി: ഞാൻ കീറത്തുണി ധരിച്ചവനായിരുന്നു; അവൾ, ലോകപരിചയമുള്ള ഒരു സ്ത്രീ, എനിക്കു സ്വയം സമർപ്പിക്കുകയായിരുന്നു. പക്ഷേ അവൾക്കു പോകണം! വാക്കുകൾക്കതീതമായ ഒരു മനോവേദന! ഞാൻ അവളെ പിടിച്ചുവലിച്ചു; പൂർണ്ണനഗ്നയായി അവൾ കിടക്കയിൽ നിന്നു വീണു; എന്തെന്നറിയാത്തൊരു തളർച്ചയോടെ ഞാൻ അവൾക്കു മേൽ വീണ്‌ ആ ഇരുട്ടിൽ പരവതാനികൾക്കു മുകളിലൂടെ അവളെ വലിച്ചിഴച്ചു. കുടുംബവിളക്കിന്റെ വെളിച്ചം അടുത്ത മുറികളെ ഒന്നൊന്നായി തിളക്കിയിരുന്നു. പിന്നെ അവൾ അപ്രത്യക്ഷയായി. ദൈവം എന്നോടു ചോദിച്ചിരിക്കാവുന്നതിലുമധികം കണ്ണീരു ഞാനൊഴുക്കി.


അതിരില്ലാത്ത നഗരത്തിലേക്കു ഞാൻ ഇറങ്ങിപ്പോയി. തളർച്ച! ബധിരമായ രാത്രിയിൽ, ആഹ്ളാദത്തിൽ നിന്നുള്ള പലായനത്തിൽ ഞാൻ മുങ്ങിത്താണു. ലോകത്തെ ഞെക്കിക്കൊല്ലാനും മാത്രം മഞ്ഞു പെയ്യുന്ന ഒരു ഹേമന്തരാത്രി പോലെ. “അവൾ എവിടെപ്പോയി?” എന്റെ ചങ്ങാതിമാരോടു ഞാൻ വിളിച്ചുചോദിച്ചു; നുണകൾ കൊണ്ടാണ്‌ അവർ മറുപടി തന്നത്. എന്നും രാത്രിയിൽ അവൾ കയറിപ്പോകുന്ന കെട്ടിടത്തിന്റെ ജനാലകൾക്കു മുന്നിൽ ഞാൻ ചെന്നു. മഞ്ഞു മൂടിയ ഉദ്യാനത്തിലൂടെ ഞാനോടി. അവരെന്നെ ആട്ടിപ്പായിച്ചു. ഇതെല്ലാമോർത്ത് നിയന്ത്രണം വിട്ടു ഞാൻ കരഞ്ഞു. ഒടുവിൽ പൊടി മൂടിയ ഒരിടത്തു ഞാൻ ചെന്നു; മരച്ചട്ടം പോലൊന്നിൽ ഞാൻ ചെന്നിരുന്നു; ആ രാത്രി മുഴുവൻ എന്റെ ഉടലിലുള്ള കണ്ണീരെല്ലാം ഞാൻ പൊഴിച്ചു- എന്നിട്ടും എന്റെ തളർച്ച മാറിയില്ല.


പിന്നെയെനിക്കു ബോദ്ധ്യമായി, അവൾ തന്റെ ദൈനന്ദിനജീവിതത്തിലേക്കു തിരിച്ചുപോയിരിക്കുന്നുവെന്ന്, ആ കാരുണ്യം ഇനി മടങ്ങിവരാൻ ഒരു നക്ഷത്രദൂരം താണ്ടണമെന്ന്. അവൾ മടങ്ങിവന്നില്ല. അവൾ മടങ്ങിവരികയുമില്ല: എന്റെ വീട്ടിൽ വിരുന്നു വരാൻ ഔദാര്യം കാട്ടിയ ദേവത- അങ്ങനെയൊന്നുണ്ടാവുമെന്നു ഞാൻ സ്വപ്നം കണ്ടതു പോലുമല്ല. ഇത്തവണ, സത്യം പറയട്ടെ, ലോകത്തെ എല്ലാ കുഞ്ഞുങ്ങളുമൊഴുക്കിയ കണ്ണീരിനെക്കാൾ കണ്ണീരു ഞാനൊഴുക്കി.

--------------------------------------------------------------------------

റിംബോ ഗദ്യകവിതയുടെ ആഖ്യാനസാദ്ധ്യതകളിലേക്ക്  തിരിയുന്നത് 1871ലോ 72ലോ എഴുതിയ ഈ രചനയിലൂടെയാണ്‌. 1869ൽ പ്രസിദ്ധീകരിച്ച ബോദ്‌ലേറുടെ ഗദ്യകവിതകളാവാം റാംബോയ്ക്ക് മാതൃകയായത്. 

* കൊറാന്റെ പതിനെട്ടാം സൂറയിൽ പറയുന്ന “ഗുഹയിൽ കിടന്നുറങ്ങിയവർ” സൂചിതം. വിഗ്രഹാരാധകരെ ഭയന്ന് ഒരു ഗുഹയിൽ അഭയം തേടിയവർ ഒരു നൂറ്റാണ്ടു നീണ്ട ഉറക്കത്തിൽ നിന്നാണ്‌ പിന്നീടുണരുന്നത്.

2025, ജനുവരി 25, ശനിയാഴ്‌ച

സി.എസ്.ലൂയിസ് - എങ്ങനെ എഴുതണം

 എങ്ങനെ എഴുതണം എന്നതിൽ ഉപദേശം തേടിയ ഒരു സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് സി.എസ്.ലൂയിസ് അയച്ച മറുപടിക്കത്ത്.


1959 ഡിസംബർ 14


എഴുതുന്ന കാര്യത്തിൽ പൊതുവായ ഒരുപദേശം നല്കുന്നത് വളരെ പ്രയാസമുള്ള സംഗതിയാണ്‌. എന്റെ ശ്രമം ഇങ്ങനെ:


1. റേഡിയോ ഓഫ് ചെയ്യുക.

2. നല്ല പുസ്തകങ്ങൾ കഴിയാവുന്നത്ര വായിക്കുക, മാസികകൾ കഴിയുന്നതും ഒഴിവാക്കുക.

3. എപ്പോഴും കാതു കൊണ്ട് (കണ്ണുകൊണ്ടല്ല) എഴുതുക (വായിക്കുകയും ചെയ്യുക.)നിങ്ങൾ എഴുതുന്ന ഓരോ വാചകവും ഉറക്കെ വായിക്കുന്നപോലെയോ പറയുന്നപോലെയോ വേണം എഴുതാൻ. കേൾക്കുമ്പോൾ ശരിയായി തോന്നുന്നില്ലെങ്കിൽ മാറ്റിയെഴുതുക.

4. നിങ്ങൾക്കു ശരിക്കും താല്പര്യമുള്ളതെന്താണോ, അതിനെക്കുറിച്ചെഴുതുക, അത് യഥാർത്ഥമായ കാര്യങ്ങളോ സാങ്കല്പികമായ കാര്യങ്ങളോ ആവട്ടെ; മറ്റൊന്നിനെക്കുറിച്ചും എഴുതരുത്. (ഇതിനർത്ഥം, എഴുത്തിൽ മാത്രമാണ്‌ നിങ്ങൾക്കു താല്പര്യമെങ്കിൽ നിങ്ങൾ ഒരുകാലത്തും എഴുത്തുകാരിയാവാൻ പോകുന്നില്ല എന്നുമാണ്‌; കാരണം ഒന്നിനെക്കുറിച്ചും നിങ്ങൾക്കെഴുതാൻ ഉണ്ടാവില്ലല്ലോ.)

5. വ്യക്തത വരുത്താൻ പണിയെടുക്കുക. ഓർക്കുക, താൻ എന്താണർത്ഥമാക്കുന്നതെന്ന് നിങ്ങൾക്കറിയാമെങ്കിലും വായനക്കാരന്‌ അതറിയില്ല; അനുചിതമായ ഒരു വാക്കു മതി, അയാളെ ആകെ തെറ്റിദ്ധരിപ്പിക്കാൻ. വായനക്കാരന്‌ അറിയാൻ ആഗ്രഹമുള്ള ഒരു കാര്യം പറയാൻ വിട്ടുപോകുന്നത് കഥയിൽ വളരെ എളുപ്പമാണ്‌- കഥയുടെ പൂർണ്ണചിത്രം മനസ്സിൽ അത്ര തെളിച്ചത്തോടെ നില്ക്കുന്നതിനാൽ വായനക്കാരന്റെ കാര്യം അങ്ങനെയല്ലെന്ന് നിങ്ങൾ മറന്നുപോവുകയാണ്‌. 

6. ഒരു കഥ പൂർത്തിയാക്കാൻ പറ്റുന്നില്ലെങ്കിൽ അത് വലിച്ചെറിയരുത് (ആശയ്ക്കു വകയില്ലാത്ത വിധം മോശമാണതെങ്കിൽ അല്ലാതെ.) അതൊരു മേശവലിപ്പിലിടുക. പില്ക്കാലത്ത് അതുപയോഗപ്പെട്ടുവെന്നു വരാം. എന്റെ ഏറ്റവും നല്ല കൃതികളിൽ അധികവും, അല്ലെങ്കിൽ, ഏറ്റവും നല്ലതെന്നു ഞാൻ വിചാരിക്കുന്നവ, വർഷങ്ങൾക്കു മുമ്പ് തുടങ്ങിവച്ച്, പിന്നെ ഉപേക്ഷിച്ച സംഗതികൾ മാറ്റിയെഴുതിയവയാണ്‌.

7. ടൈപ്പ്റൈറ്റർ ഉപയോഗിക്കരുത്. വർഷങ്ങളുടെ പരിശീലനം വേണ്ടിവരുന്ന നിങ്ങളുടെ താളബോധത്തെ അതു തകർക്കും.

8. ഉപയോഗിക്കുന്ന ഓരോ വാക്കിന്റെയും അർത്ഥം (അല്ലെങ്കിൽ, അർത്ഥങ്ങൾ) തനിക്കറിയാമെന്ന് ഉറപ്പുവരുത്തുക.