ചോദ്യം: താങ്കളെ ആകർഷിച്ച അല്ലെങ്കിൽ താങ്കൾക്കടുപ്പം തോന്നുന്ന ഏതെങ്കിലും സമകാലികരായ എഴുത്തുകാർ ഉണ്ടോ?
ബോർഹസ്: സമകാലികരായ എഴുത്തുകാരെക്കുറിച്ചു പറയാൻ പറഞ്ഞാൽ എന്റെ ചിന്തയിൽ വരിക സർ തോമസ് ബ്രൗൺ, സ്പിനോസ, തോമസ് ഡി ക്വിൻസി, എമേഴ്സൺ, പിന്നെ, തീർച്ചയായും ഷോപ്പൻഹോവർ ഇവരൊക്കെയായിരിക്കും. ഏൻജെലസ് സിലേഷ്യസ്, ഫ്ലാബേർ ഇവരും ആകാം. ഞാൻ ഇവിടെ എസ്ര പൗണ്ട് പറഞ്ഞിട്ടുള്ളത് ആവർത്തിക്കുക മാത്രമേ ചെയ്യുന്നുള്ളു. അദ്ദേഹം പറഞ്ഞു “എല്ലാ കലയും സമകാലികമാണ്.” അദ്ദേഹം പറഞ്ഞതു ശരിയാണെന്നുതന്നെ എനിക്കു തോന്നുന്നു. ഞാൻ ജീവിച്ചിരിക്കുന്ന നൂറ്റാണ്ടിന്റെ അനുഭവങ്ങൾ പങ്കിടുന്നു എന്ന വസ്തുത ഒന്നുകൊണ്ടുമാത്രം എങ്ങനെയാണൊരാൾ വർഷങ്ങൾക്കു മുമ്പേ മരിച്ചുപോയ മറ്റൊരാളെക്കാൾ എനിക്കു പ്രാധാന്യമുള്ളതാണെന്നു പറയുക? ഞാൻ ഒരാളെ വായിക്കുന്നെങ്കിൽ ആ എഴുത്തുകാരൻ സമകാലികനാണ്- അതായത്, അയാൾ വർത്തമാനകാലത്തുള്ളതാണ്. അതിനാൽ “ആധുനികം,” എന്ന വാക്കിന് വലിയ വിലയൊന്നും കല്പിക്കാനില്ല; “സമകാലികം” എന്ന വാക്കാകട്ടെ, “ആധുനിക”ത്തിന്റെ വെറുമൊരു പര്യായവും. രണ്ടും നിരർത്ഥകമാണെന്ന് എനിക്കു തോന്നുന്നു.
(പട്രീഷ്യ മാർക്സ്, ജോൺ സിമോൺ എന്നിവർ ബോർഹസ്സുമായി നടത്തിയ ഒരു ഇന്റർവ്യൂവിൽ നിന്ന്)
ചോദ്യം : താൻ എഴുതുന്നത് എത്ര പേരിലേക്കെത്തുന്നു എന്നതിന്റെ പേരിലുള്ള എഴുത്തുകാരന്റെ ഉത്കണ്ഠയെ പാരീസ് റിവ്യൂവിനു കൊടുത്ത ഒരഭിമുഖത്തിൽ താങ്കൾ കളിയാക്കുകയുണ്ടായി. താങ്കളുടെ ആദ്യത്തെ പുസ്തകം 37 കോപ്പികളാണ് വിറ്റതെന്നും തന്നോടു പൊരുത്തപ്പെടുന്നവരായി 37 പേർ ഉണ്ടെന്നുള്ളതിൽ തനിക്കു സന്തോഷം തോന്നിയെന്നും താങ്കൾ പറഞ്ഞിരുന്നു.
ഹൊർഹെ ലൂയിസ് ബോർഹസ്: ഒരായിരം കോപ്പി വില്ക്കുന്നതുപോലെയല്ലേ, ഒരു കോപ്പിയും വില്ക്കാതിരിക്കുന്നതും, അല്ലേ? അനന്തതയും പൂജ്യവും ഒന്നുതന്നെ. എന്നാൽ 37 പേർ- മുഖങ്ങളുള്ള, സാഹചര്യങ്ങളുള്ള, ഇഷ്ടാനിഷ്ടങ്ങളുള്ള, ബന്ധുക്കളുള്ള,... അങ്ങനെയങ്ങനെയുള്ള 37 പേർ. അതിനാൽ 37 കോപ്പികൾ വിറ്റപ്പോൾ എനിക്കു വലിയ നന്ദി തോന്നി. പക്ഷേ ഞാൻ കൂട്ടിപ്പറയുകയായിരുന്നെന്നു തോന്നുന്നു: അത് 21 ആയിരിക്കാം, അതോ 17?.
ചോദ്യം: വലിയൊരു സദസ്സിലേക്കെത്തുന്നത് താങ്കളെ സംബന്ധിക്കുന്ന കാര്യമേയല്ലെന്നാണോ?
ബോർഹസ്: ഒരു വ്യക്തിയിലേക്കെത്തുക എന്നതായിരിക്കണം എന്റെ ചിന്ത എന്നെനിക്കു തോന്നുന്നു. ആ ഒരാൾ ഞാനാകാനും മതി. എന്റെ നാട്ടിൽ എഴുത്തുകാർ പൊതുവേ വായനക്കാരുടെ എണ്ണത്തെക്കുറിച്ചു ചിന്തിക്കാറില്ല. ഒരാളെയും കിട്ടാൻ പോകുന്നില്ല എന്നറിവുള്ളതുകൊണ്ടാവാം. എളിമ കൊണ്ടല്ല, ആത്മബോധം കൊണ്ട്. പക്ഷേ, ഒരെഴുത്തുകാരൻ അധികം പ്രശസ്തനാവാതിരിക്കുകതന്നെയാണ് നല്ലതെന്ന് ഞാൻ കരുതുന്നു. കാരണം, എഴുത്തുകാരൻ പ്രശസ്തനാവുന്ന ഒരു നാട്ടിൽ അയാൾക്കു പിന്നെ ആൾക്കൂട്ടങ്ങൾക്കും പ്രശസ്തിക്കുമൊക്കെ വഴങ്ങിക്കൊടുക്കേണ്ടിവരും. എന്നാൽ എന്റെ നാട്ടിൽ ഞാൻ എഴുതുന്നത് എനിക്കു വേണ്ടിയാണ്, ഒരര ഡസൻ സുഹൃത്തുക്കൾക്കു വേണ്ടിക്കൂടിയെന്നും പറയാം. അതുകൊണ്ടു മതിയാവണം. എന്റെ എഴുത്ത് നന്നാവാൻ അതു സഹായിച്ചുവെന്നും വരാം. എന്നാൽ ആയിരങ്ങൾക്കു വേണ്ടിയാണ് ഞാൻ എഴുതുന്നതെങ്കിൽ അവരെ പ്രീതിപ്പെടുത്തുന്ന രീതിയിൽ എനിക്കെഴുതേണ്ടിവരും. അവരെക്കുറിച്ച് എനിക്കൊന്നുമറിയില്ലെന്നതിനാൽ, അല്ലെങ്കിൽ അവരെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല എനിക്കുള്ളതെന്നതിനാൽ അതെന്റെ എഴുത്തിന് എന്തെങ്കിലും ഗുണം ചെയ്യുമെന്നും ഞാൻ കരുതുന്നില്ല.
(1968ലെ ഒരഭിമുഖത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ