മാനുവെൽ ബന്ദയ്‌ര Manuel Carneiro de Sousa Bandeira Filho (1886-1968)- മോഡേണിസ്മോ എന്ന ബ്രസീലിയൻ സാഹിത്യപ്രസ്ഥാനത്തിന്റെ നായകരിലൊരാളായ കവി. വിവർത്തകനും വിമർശകനും സാഹിത്യചരിത്രകാരനുമായിരുന്നു.
പതിനേഴാമത്തെ വയസ്സിൽ ക്ഷയരോഗം ബാധിച്ചതിനെ തുടർന്ന് പഠനവും ആർക്കിടെക്റ്റ് സ്വപ്നവും ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടുള്ള കുറേ വർഷങ്ങൾ ചികിത്സയ്ക്കു വേണ്ടിയുള്ള യാത്രകളിലായിരുന്നു. അക്കാലം പക്ഷേ, നിരന്തരമായ വായനയുടെയും കവിതയെഴുത്തിന്റെയും കാലം കൂടിയായിരുന്നു. സ്വിറ്റ്സർലണ്ടിലെ ഒരു സാനിട്ടോറിയത്തിൽ വച്ച് ഫ്രഞ്ച് സറിയലിസ്റ്റ് കവിയായ എല്വാദുമായി പരിചയപ്പെടുന്നുമുണ്ട്.
അദ്ദേഹത്തിന്റെ ആദ്യകാലകവിതകൾ സിംബലിസത്തിന്റെ സ്വാധീനമുള്ളതായിരുന്നു. എന്നാൽ 1924ൽ ഇറങ്ങിയ O ritmo dissoluto, 1930ലെ Libertinagem എന്നീ സമാഹാരങ്ങൾ മോഡേണിസ്മോ പ്രസ്ഥാനത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ വഹിക്കുന്നു. ബ്രസീലിയൻ സാഹിത്യത്തെ അക്കാഡമിക് പാണ്ഡിത്യത്തിൽ നിന്നും യൂറോപ്യൻ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുക എന്നതാണ് മോഡേണിസ്മോ അതിന്റെ ഉത്തരവാദിത്തമായിട്ടെടുത്തത്. അതിനുള്ള ഉപകരണങ്ങളാവട്ടെ, വൃത്തനിരാസവും സംസാരഭാഷയും അനിയതമായ പദഘടനയും നിത്യജീവിതസന്ദർഭങ്ങളും. ബന്ദയ്‌ര യുടെ പ്രമേയങ്ങൾ കാവ്യാത്മകമേയല്ല. ബ്രസീലിയൻ ജീവിതത്തിലെ ദൈനന്ദിനാനുഭവങ്ങളുടെ വളച്ചുകെട്ടില്ലാത്ത, എന്നാൽ നർമ്മബോധത്തോടെയുള്ള പ്രതിപാദനമാണ് അദ്ദേഹത്തിന്റെ കവിതകൾ.
പതിനേഴാമത്തെ വയസ്സിൽ ക്ഷയരോഗം ബാധിച്ചതിനെ തുടർന്ന് പഠനവും ആർക്കിടെക്റ്റ് സ്വപ്നവും ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടുള്ള കുറേ വർഷങ്ങൾ ചികിത്സയ്ക്കു വേണ്ടിയുള്ള യാത്രകളിലായിരുന്നു. അക്കാലം പക്ഷേ, നിരന്തരമായ വായനയുടെയും കവിതയെഴുത്തിന്റെയും കാലം കൂടിയായിരുന്നു. സ്വിറ്റ്സർലണ്ടിലെ ഒരു സാനിട്ടോറിയത്തിൽ വച്ച് ഫ്രഞ്ച് സറിയലിസ്റ്റ് കവിയായ എല്വാദുമായി പരിചയപ്പെടുന്നുമുണ്ട്.
അദ്ദേഹത്തിന്റെ ആദ്യകാലകവിതകൾ സിംബലിസത്തിന്റെ സ്വാധീനമുള്ളതായിരുന്നു. എന്നാൽ 1924ൽ ഇറങ്ങിയ O ritmo dissoluto, 1930ലെ Libertinagem എന്നീ സമാഹാരങ്ങൾ മോഡേണിസ്മോ പ്രസ്ഥാനത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ വഹിക്കുന്നു. ബ്രസീലിയൻ സാഹിത്യത്തെ അക്കാഡമിക് പാണ്ഡിത്യത്തിൽ നിന്നും യൂറോപ്യൻ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുക എന്നതാണ് മോഡേണിസ്മോ അതിന്റെ ഉത്തരവാദിത്തമായിട്ടെടുത്തത്. അതിനുള്ള ഉപകരണങ്ങളാവട്ടെ, വൃത്തനിരാസവും സംസാരഭാഷയും അനിയതമായ പദഘടനയും നിത്യജീവിതസന്ദർഭങ്ങളും. ബന്ദയ്‌ര യുടെ പ്രമേയങ്ങൾ കാവ്യാത്മകമേയല്ല. ബ്രസീലിയൻ ജീവിതത്തിലെ ദൈനന്ദിനാനുഭവങ്ങളുടെ വളച്ചുകെട്ടില്ലാത്ത, എന്നാൽ നർമ്മബോധത്തോടെയുള്ള പ്രതിപാദനമാണ് അദ്ദേഹത്തിന്റെ കവിതകൾ.
Estrela da Manha (പ്രഭാതതാരം,1936), Estrela da Tarde(സാന്ധ്യതാരം,1963), Estrela da Vida Enteira (ജന്മനക്ഷത്രം,1965) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികൾ. ഇംഗ്ളീഷിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ This Earth, That Sky (1989) എന്ന പേരിൽ Candace Slater വിവർത്തനം ചെയ്തിരിക്കുന്നു.
വൾഗിവാഗ
ഉടലിന്റെ ആനന്ദങ്ങളല്ലാതെ മറ്റൊന്നാണ്
പ്രണയമെന്നെനിക്കു വിശ്വാസമില്ല!
എന്റെ കാമുകൻ മുഴുക്കുടിയനായി മരിച്ചു,
എന്റെ കെട്ടിയവൻ കാസരോഗിയായി മരിച്ചു!
ഏതു വിദഗ്ധമായ വിരലുകൾക്കിടയിലാണ്
എനിക്കെന്റെ നിഷ്കളങ്കത നഷ്ടമായതെന്നോർമ്മയില്ല.
വയസ്സറിയിക്കും മുമ്പേ തന്നെ
രഹസ്യങ്ങളെല്ലാം ഞാനറിഞ്ഞിരുന്നു.
ഞാൻ ഒരാളുടേതായിരുന്നു...പിന്നെ മറ്റൊരാളുടെ...
ഈയാൾ ഡോക്ടറായിരുന്നു, മറ്റേയാൾ കവിയും..ശേഷിച്ചവരെ ഞാൻ മറന്നു!
എന്റെ സർവ്വവിജ്ഞാനശയ്യയിൽ കിടന്ന്
ലളിതകലകളെല്ലാം ഞാൻ പഠിച്ചു.
കിഴവന്മാർക്കു ഞാൻ വികാരത്തിന്റെ ചൂടു പകർന്നു,
ജ്വരബാധിതർക്കു ഞാൻ കുളിരു കൊടുത്തു,
എന്റെ കുഴഞ്ഞാട്ടം കലാകാരന്മാർക്കു പ്രചോദനമായി,
പേടിത്തൊണ്ടന്മാർക്കു ഞാൻ നെഞ്ചുറപ്പായി.
ചിലരെ ഞാൻ കളിയാക്കി, അവരുടെ കീശ കാലിയാക്കി.
നുകം കാളയ്ക്കു ചേർന്നതു തന്നെയായിരുന്നു...
മനോരാജ്യക്കാരുടേതും പഞ്ചപാവങ്ങളുടേതുമായിരുന്നില്ല,
എന്റെ അടിവയർ ആരുടേയും സ്വത്തായിരുന്നില്ല.
എന്നാലൊരാളെന്റെ ഹൃദയത്തെ തൊട്ടുവെന്നാകട്ടെ,
ഞാനലിയുന്നു.
ഞാനെന്നെ അയാൾക്കു നല്കുന്നു.
എന്തും ഞാനയാൾക്കു കൊടുക്കുന്നു...പണം പോലും!
അയാളെന്നെ തല്ലിയാൽ എനിക്കയാളെ എന്തിഷ്ടമാണെന്നോ!
ഹാ, പ്രഹരത്തിന്റെ ആനന്ദം!
കോപത്തോടെ അയാളെന്നെ ഇടിക്കുമ്പോൾ
കണ്ണീരൊഴുക്കിക്കൊണ്ടയാൾക്കു വഴങ്ങുക!
കാമച്ചൂടെടുക്കുമ്പോൾ
പോക്കിരികളുടെ മടകളിലേക്കു ഞാനോടുന്നില്ലെങ്കിൽ
ഇരുട്ടത്തു കത്തിത്തലപ്പുകളുടെ മൂർച്ചകൾ
എനിക്കു ഭയമാണെന്നതുകൊണ്ടു മാത്രം!
ഉടലിന്റെ ആനന്ദങ്ങളല്ലാതെ മറ്റൊന്നാണ്
പ്രണയമെന്നെനിക്കു വിശ്വാസമില്ല!
എന്റെ കാമുകൻ മുഴുക്കുടിയനായി മരിച്ചു,
എന്റെ കെട്ടിയവൻ കാസരോഗിയായി മരിച്ചു!
(വൾഗിവാഗ - വേശ്യ എന്നർത്ഥം വരുന്ന ലാറ്റിൻ പദം)
(1919)
ഗിനിപ്പന്നി
ആറു വയസ്സായപ്പോൾ
എനിക്കൊരു ഗിനിപ്പന്നിയെ സമ്മാനം കിട്ടി.
എന്തൊരു നെഞ്ചുരുക്കമാണെന്നോ
എനിക്കതു കൊണ്ടുവന്നത്-
അടുപ്പിന്മൂട്ടിലൊളിക്കണമെന്നല്ലാതെ
ആ കുഞ്ഞുജീവിക്കൊന്നും വേണ്ട!
ഞാനതിനെ സ്വീകരണമുറിയിലേക്കു കൊണ്ടുവന്നു,
വീടിന്റെ ഏറ്റവും വൃത്തിയുള്ള,
ഏറ്റവും ഭംഗിയുള്ള ഭാഗത്തു കൊണ്ടുവച്ചു,
അതിനു പക്ഷേ, അടുപ്പിന്മൂട്ടിലിരുന്നാൽ മതി.
എന്റെ ലാളനകളൊന്നും അതിലേശിയില്ല.
ആ ഗിനിപ്പന്നിയായിരുന്നു എന്റെ ആദ്യപ്രണയം.
(1930)
(1930)
എന്റെ അവസാനത്തെ കവിത
എന്റെ അവസാനത്തെ കവിത ഈ വിധമാകട്ടെയെന്നാണെനിക്ക്:
ഏറ്റവും സരളവും തീർത്തുമനുദ്ദിഷ്ടവുമായ കാര്യങ്ങൾ സൗമ്യമായതു പറയണം,
കണ്ണീരിറ്റാത്തൊരു തേങ്ങൽ പോലതുത്കടമാവണം,
അതിനുണ്ടാവണം മണമില്ലാത്ത പൂക്കളുടെ ഭംഗി,
അതിസുതാര്യമായ വജ്രങ്ങൾ ദഹിക്കുന്ന ജ്വാലയുടെ ശുദ്ധി,
കാരണമെഴുതിവയ്ക്കാതെ ആത്മഹത്യ ചെയ്യുന്നവരുടെ വികാരതീവ്രത.
(1930)
ഒരു പത്രലേഖനത്തിൽ നിന്നു കിട്ടിയ കവിത
ബാബിലോൺ കുന്നിലെ വീട്ടുനമ്പറില്ലാത്ത ഒരു ചായ്പിലാണ്
അയാളുടെ താമസം.
ഒരു രാത്രിയിൽ അയാൾ
നവംബർ 20 എന്ന ബാറിൽ പോയി
കുടിച്ചു
പാടി
ആടി
പിന്നെ റോഡ്രിഗോ ഡി ഫ്രെയ്റ്റാ പാലത്തിൽ നിന്നെടുത്തുചാടി
അയാൾ ആത്മഹത്യയും ചെയ്തു.
(പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു പത്രവാർത്തയുടെ കവിതാരൂപം)
(1930)
തെരേസ
തെരേസയെ ആദ്യമായി കാണുമ്പോൾ ഞാൻ കരുതി
അവളുടെ കാലുകൾ പരിഹാസ്യമാണെന്ന്.
അവളുടെ മുഖം കണ്ടിട്ട് കാലു പോലെയുണ്ടെന്നും
എനിക്കു തോന്നിയിരുന്നു.
തെരേസയെ രണ്ടാമതൊരിക്കൽ കണ്ടപ്പോൾ
അവളുടെ കണ്ണുകൾക്ക് അവളുടെ ശിഷ്ടഭാഗത്തെക്കാൾ
വളരെ പ്രായം കൂടുതലാണെന്നെനിക്കു തോന്നി.
(അവളുടെ കണ്ണുകൾ ജനിച്ച് പത്തു കൊല്ലം കാത്തിരുന്നു
അവളുടെ ശേഷം ഭാഗങ്ങൾക്കായി.)
മൂന്നാം തവണ ഒരു വസ്തുവും ഞാൻ കണ്ടില്ല.
ആകാശം ഭൂമിയിലേക്കിറങ്ങിവന്നു,
പരിശുദ്ധാത്മാവൊരിക്കൽക്കൂടി
ജലപ്പരപ്പിനു മേൽ കൂടി നീങ്ങുകയും ചെയ്തു.
(1930)
മീവൽപ്പക്ഷി
പുറത്തൊരു മീവൽപ്പക്ഷി പറയുകയായിരുന്നു:
“ഒരു പകലു മുഴുവൻ ഞാൻ തുലച്ചുകളഞ്ഞു!”
മീവലേ, മീവലേ, എന്റെ ഗാനമതിലും ദാരുണം.
ഒരായുസ്സു മുഴുവൻ ഞാൻ തുലച്ചുകളഞ്ഞു...
(1930)
ഐറിൻ സ്വർഗ്ഗത്തിൽ
കറുത്ത ഐറിൻ
നല്ലവളായ ഐറിൻ
ഒരിക്കലും മുഖം കറുക്കാത്ത ഐറിൻ.
ഐറിൻ സ്വർഗ്ഗത്തു ചെല്ലുന്നത്
ഞാൻ മനസ്സിൽ കാണുന്നു:
“ഞാൻ കയറിവന്നോട്ടെ, സാർ?”
പത്രോസ് പുണ്യവാൻ പറയുന്നു:
“കയറിവരൂ, ഐറിൻ.
നിനക്കനുവാദം ചോദിക്കേണ്ട കാര്യമില്ല.”
(ഐറിൻ ബന്ദയ്‌രയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു)
(1930)
ക്രിസ്തുമസ് കവിത
കണ്ണാടീ, ഉറ്റ ചങ്ങാതീ,
എന്റെ ചുളിവുകളും
നരച്ച മുടിയും
തളർന്ന, വെള്ളെഴുത്തു ബാധിച്ച കണ്ണുകളും
നീ പ്രതിഫലിപ്പിക്കുന്നു.
കണ്ണാടീ, ഉറ്റ ചങ്ങാതീ,
കൃത്യവും നിഷ്കൃഷ്ടവുമായ റിയലിസത്തിന്റെ ആചാര്യാ,
നന്ദി, നന്ദി.
എന്നാലൊരു മന്ത്രക്കണ്ണാടിയായിരുന്നു നീയെങ്കിൽ
ഈ വിഷാദവാനായ മനുഷ്യന്റെ കയങ്ങളിലേക്കു
നീയിറങ്ങുമായിരുന്നു,
ഈ മനുഷ്യനെ താങ്ങിനിർത്തുന്ന കുട്ടിയെ നീ കണ്ടെത്തുമായിരുന്നു,
മരിക്കാൻ കൂട്ടാക്കാത്ത കുട്ടിയെ,
എന്നോടൊപ്പമല്ലാതെ മരിക്കാത്ത കുട്ടിയെ,
ഓരോ ക്രിസ്തുമസ് രാത്രിയിലും
വാതിലിനു പിന്നിൽ തന്റെ ചെരുപ്പു കൊണ്ടുവയ്ക്കാൻ
ഇന്നും ഇഷ്ടപ്പെടുന്ന കുട്ടിയെ.
(1940)
ആപ്പിൾ
ഒരു കോണിലൂടെ നോക്കുമ്പോൾ
ചുക്കിച്ചുളിഞ്ഞ മുല പോലെയാണു നീ,
മറ്റൊരു വിധം നോക്കുമ്പോൾ
പൊക്കിൾക്കൊടി മുറിച്ചുമാറ്റാത്ത ഉദരം പോലെ.
ദിവ്യപ്രണയം പോലെ ചുവന്നിട്ടാണു നീ.
നിനക്കുള്ളിൽ കുഞ്ഞുകുഞ്ഞുവിത്തുകളിൽ
ജീവന്റെ സമൃദ്ധി തുടിക്കുന്നു,
അനന്തമായി.
എന്നിട്ടും എന്തു ലാളിത്യമാണു നിനക്ക്,
നികൃഷ്ടമായൊരു ഹോട്ടൽ മുറിയിൽ
ഒരു കത്തിക്കരികിലിരിക്കുമ്പോൾ.
(1940)
കാപ്പിക്കടയില്‍
ശവഘോഷയാത്ര കടന്നുപോയപ്പോൾ
കാപ്പിക്കടയിലിരുന്നവർ
തൊപ്പിയെടുത്തു പിടിച്ചു,
ഹാ, എത്ര യാന്ത്രികമായിരുന്നു അത്,
ചടങ്ങു കഴിക്കുംപോലെ, അശ്രദ്ധമായും,
മരിച്ചയാൾക്കൊരഭിവാദ്യം.
അവരെല്ലാം ജീവിതത്തിലേക്കു മുഖം തിരിച്ചവരായിരുന്നല്ലോ,
അവർ ജീവിതത്തിൽ മുങ്ങിത്താണവരായിരുന്നല്ലോ,
അവർ ജീവിതത്തെ താങ്ങിനില്‍ക്കുന്നവരായിരുന്നല്ലോ.
അവരിലൊരാൾ പക്ഷേ,
ദീർഘവും സാവധാനവുമായ ഒരു ചേഷ്ടയോടെ
തന്റെ തൊപ്പിയൂരിമാറ്റി
ശവമഞ്ചത്തെ ഉറ്റുനോക്കി നിന്നു.
ഈയാൾക്കറിയാമായിരുന്നു,
നിഷ്ഠുരവും ലക്ഷ്യമില്ലാത്തതുമായ ഒരു കലാപമാണു ജീവിതമെന്ന്,
ഒരു വഞ്ചനയാണു ജീവിതമെന്ന്,
മരണപ്പെട്ട ആത്മാവിൽ നിന്നു നിത്യമുക്തി നേടി
ഉടല്‍ കടന്നുപോകുമ്പോൾ
അയാൾ പ്രണാമമര്‍പ്പിക്കുകയായിരുന്നു .
എന്റെ നെറ്റി മേൽ നിന്റെ കൈ വയ്ക്കൂ
എന്റെ മൗനം നിന്നെ മുറിപ്പെടുത്താതിരിക്കട്ടെ.
വാക്കുകളെനിക്കു മടുത്തുവെന്നേയുള്ളു.
എനിക്കു നിന്നെ സ്നേഹമാണെന്നറിയില്ലേ?
എന്റെ നെറ്റി മേൽ നിന്റെ കൈ വയ്ക്കൂ.
അവാച്യമായൊരു മിടിപ്പിൽ നിനക്കു കേൾക്കാം
കണക്കിലെടുക്കേണ്ട ഒരേയൊരു വാക്കിന്റെ അർത്ഥം
-സ്നേഹം.
നിശ്ശേഷമരണം
മരിക്കുക.
ഉടലിലുമാത്മാവിലും മരിക്കുക.
നിശ്ശേഷമായി.
ഉടലിന്റെ ദാരുണാവശിഷ്ടങ്ങൾ ബാക്കി വയ്ക്കാതെ മരിക്കുക.
ചുറ്റിനും പൂക്കളുമായി
ചോര വറ്റിയ മെഴുകുമുഖാവരണം ശേഷിപ്പിക്കാതെയും.
(ദുഃഖത്തെക്കാളേറെ മരണഭീതിയിൽ നിന്നുറന്ന കണ്ണീരിൽ കുളിച്ച്
ഒരു നാളിനുള്ളിലവ ചീയും, ഭാഗ്യം ചെയ്ത പൂക്കൾ!)
അലയുന്നൊരാത്മാവിനെ ബാക്കി വയ്ക്കാതെ മരിക്കുക...
(സ്വർഗ്ഗത്തിലേക്കാണോ അതു പോകുന്നത്?)
എന്നാലേതു സ്വർഗ്ഗമാണു നിങ്ങളുടെ സങ്കല്പസ്വർഗ്ഗത്തെ തൃപ്തിപ്പെടുത്തുക?
ഒരു ചാലോ ഒരു പാടോ ഒരു നിഴലോ
ഒരു നിഴലിന്റെ ഓർമ്മയോ
ഒരു ഹൃദയത്തിലും ഒരു മനസ്സിലും
ഒരു തൊലിപ്പുറത്തും ശേഷിപ്പിക്കാതെ മരിക്കുക.
അത്ര നിശ്ശേഷമായി മരിക്കുക,
ഒരുനാൾ പത്രത്തിൽ നിങ്ങളുടെ പേരു കാണുമ്പോൾ
അവർ ചോദിക്കണം, “ആരാണിയാൾ?”
അതിലും നിശ്ശേഷമായി മരിക്കുക.
-അങ്ങനെയൊരു പേരു പോലും ശേഷിപ്പിക്കാതെ മരിക്കുക.
(1940)
നക്ഷത്രം
ഒരു വിദൂരനക്ഷത്രത്തെ ഞാൻ കണ്ടു,
എത്രയും തണുത്തുവിളറിയൊരു നക്ഷത്രം,
എന്റെ നിശ്ശൂന്യജീവിതത്തിൽ
ഒരു നക്ഷത്രം തിളങ്ങുന്നതു ഞാൻ കണ്ടു.
അതത്രയും തണുത്തൊരു നക്ഷത്രമായിരുന്നു!
അത്രയുമകലെയായതു തിളങ്ങിനിന്നു.
പകലസ്തമിക്കുന്ന നേരത്ത്
ഒരേകാന്തനക്ഷത്രമായി അതു തിളങ്ങിനിന്നു.
ആ ഉയരത്തിൽ നിന്നതെന്തേയിറങ്ങിവന്നില്ല,
ആ നക്ഷത്രം?
അത്രയുമുയരത്തിൽ അതെന്തേ തിളങ്ങിനിന്നു,
ആ നക്ഷത്രം?
അതു മറുപടി പറയുന്നതു ഞാൻ കേട്ടു,
അതാ വിധം പെരുമാറുന്നുവെങ്കിൽ
എന്റെ ആയുസ്സൊടുങ്ങുന്ന നാളു വരെ
വിഷാദപൂർണ്ണമായൊരു പ്രത്യാശ എനിക്കു നല്കാനത്രേ.
(1940)
മൊസാർട്ട് സ്വർഗ്ഗത്തിൽ
1791 ഡിസംബർ അഞ്ചാം തീയതി വെട്ടിത്തിളങ്ങുന്നൊരു വെള്ളക്കുതിരയുടെ പുറത്ത് വിസ്മയപ്പെടുത്തുമാറ് പെരുവിരലൂന്നിത്തിരിഞ്ഞുകൊണ്ടൊരു സർക്കസഭ്യാസിയെപ്പോലെ വുൾഫ്ഗാങ്ങ് അമേദ്യുസ് മൊസാർട്ട് സ്വർഗ്ഗത്തേക്കു കടന്നുചെന്നു.
കുഞ്ഞുമാലാഖമാർ അതിശയപ്പെട്ടു ചോദിച്ചു, “ഇതാര്? ദൈവമേ, ഇതാര്?”
അശ്രുതപൂർവ്വമായ ഈണങ്ങളൊന്നൊന്നായി ചിറകെടുക്കുകയുമായി.
വചനാതീതമായ അഖണ്ഡധ്യാനം നിമിഷനേരത്തേക്കു നിലച്ചു.
കന്യാമറിയം അയാളുടെ നെറ്റിയിൽ ചുംബിച്ചു.
ആ നിമിഷം മുതൽ വുൾഫ്ഗാങ്ങ് അമേദ്യുസ് മൊസാർട്ട് ആയി, ഏറ്റവും പ്രായം കുറഞ്ഞ മാലാഖ.
(1940)
തെന്നൽ
നമുക്കങ്ങു വടക്കു പോയി പാർക്കാം, അനാരിനാ.
ഞാനെന്റെ കൂട്ടുകാരെ ഉപേക്ഷിക്കാം,
എന്റെ പുസ്തകങ്ങളും എന്റെ സമ്പാദ്യങ്ങളും നാണക്കേടുകളും ഉപേക്ഷിക്കാം.
നീ നിന്റെ മകളെയും മുത്തശ്ശിയേയും ഭർത്താവിനേയും കാമുകനേയും ഉപേക്ഷിക്കുക.
ഇവിടെ കടുത്ത ചൂടാണ്.
വടക്കും നല്ല ചൂടു തന്നെ.
എന്നാൽ അവിടെയൊരു തെന്നലുണ്ട്:
അവിടെ അതിൽ നമുക്കു ജീവിക്കാം, അനാരിനാ.
(1946)
കവിത
ഇന്നു കാലത്തുണർന്നപ്പോൾ ഇരുട്ട് മാറിയിരുന്നില്ല
-പകലായിക്കഴിഞ്ഞിട്ടും-
മഴ പെയ്യുകയുമായിരുന്നു.
നിർവ്വേദത്തിന്റെ വിഷാദമഴ പെയ്യുകയായിരുന്നു,
രാത്രിയിലെ പ്രചണ്ഡോഷ്ണത്തിനൊരു വിപരീതവും
സാന്ത്വനവും പോലെ.
പിന്നെ ഞാൻ എഴുന്നേറ്റ്,
തന്നെത്താൻ ഒരു കാപ്പിയുണ്ടാക്കിക്കുടിച്ചിട്ട്
പിന്നെയും ചെന്നുകിടന്നു;
എന്നിട്ടൊരു സിഗററ്റിനു തീ കൊളുത്തിക്കൊണ്ട്
ഞാൻ ചിന്തിക്കാൻ തുടങ്ങി
-ജീവിതത്തെയും ഞാൻ സ്നേഹിച്ച സ്ത്രീകളെയും കുറിച്ച്
എളിമയോടെ ചിന്തിക്കാൻ.
(1946)
--------------------------------------------------------------------------------------------------------------
അനക്കമറ്റ രാത്രി
-------------------------------------------------------------------------------------------------
അനക്കമറ്റ രാത്രിയിൽ
വിളക്കുകാലിനരികിൽ
തവളകൾ കൊതുകുകളെ വെട്ടിവിഴുങ്ങുന്നു.
തെരുവിലൂടാരും പോകുന്നില്ല,
ഒരു കള്ളുകുടിയൻ പോലും.
എന്നാലുമവിടെയുണ്ട്,
നിഴലുകളുടെ ഒരു ഘോഷയാത്ര:
കടന്നുപോയിക്കഴിഞ്ഞവരുടെ നിഴലുകൾ,
ഇപ്പോഴും ജീവനുള്ളവരുടെയും
മരിച്ചുകഴിഞ്ഞവരുടേയും.
അരുവിയതിന്റെ തടത്തിൽ കിടന്നു തേങ്ങുന്നു.
രാത്രിയുടെ ശബ്ദം...
(ഈ രാത്രിയുടേതല്ല, ഇതിലും വിപുലമായതൊന്നിന്റെ.)
ക്ഷമാപണം
യൂറിക്കോ ആൽവെസ്, ബാഹിയൻ കവേ,
മേലാകെ മഞ്ഞുതുള്ളികളും നറുംപാലും
ആട്ടിൻകുട്ടികളുടെ കാട്ടവും വീണവനേ,
ഫെയ്റാ ദെൽ സാന്താ അന്നായിലേക്കു വരാനുള്ള തന്റെ ക്ഷണം
എനിക്കു സ്വീകരിക്കാനാവാത്തതിൽ ക്ഷമിക്കണേ.
ഞാനൊരു പട്ടണക്കവിയാണ്.
എന്റെ ശ്വാസകോശങ്ങൾ മനുഷ്യത്വഹീനമായ യന്ത്രങ്ങളാണ്,
സിനിമാക്കൊട്ടകകളിലെ കാർബൺ ഡയോക്സൈഡ് ശ്വസിക്കാൻ
അവ ശീലിച്ചുകഴിഞ്ഞിരിക്കുന്നു.
പിശാച് കുഴച്ചുണ്ടാക്കിയ അപ്പമാണ് ഞാൻ കഴിക്കുന്നത്.
ഞാൻ കുടിക്കുന്നത് ടിന്നിലടച്ച പാലാണ്.
ഞാൻ എ എന്ന കള്ളനുമായി വർത്തമാനം പറയുന്നു,
ബി എന്ന കൊലപാതകിയുമായി കൈ കുലുക്കുന്നു.
ഞാനൊരു സൂര്യോദയം കണ്ടിട്ടോ
പ്രഭാതവർണ്ണങ്ങളിൽ കണ്ണുകൾ കഴുകിയിട്ടോ യുഗങ്ങളായിരിക്കുന്നു.
യൂറിക്കോ ആൽവെസ്, ബാഹിയൻ കവേ,
തന്റെ നാട്ടിലെ വൈക്കോലു മണക്കുന്ന ശുദ്ധവായു ശ്വസിക്കാൻ
ഞാൻ അർഹനല്ലാതായിക്കഴിഞ്ഞിരിക്കുന്നു.
(Eurico Alves (1909-1974)- പ്രാദേശികതയുടെ വക്താവായ ബ്രസീലിയൻ കവി)
യാഥാർത്ഥ്യവും പ്രതിബിംബവും
മഴ കഴുകിയ തെളിഞ്ഞ വായുവിൽ
അംബരചുംബി ഉയർന്നുയർന്നുപോകുന്നു,
മുറ്റത്തെ ചെളിക്കുണ്ടിൽ പ്രതിബിംബിച്ചുകൊണ്ടതു താഴ്ന്നിറങ്ങുന്നു.
യാഥാർത്ഥ്യത്തിനും പ്രതിബിംബത്തിനുമിടയിലൂടെ,
രണ്ടിനേയും വേർതിരിക്കുന്ന ഉണങ്ങിയ നിലത്തിലൂടെ
നാലു പ്രാവുകൾ ഉല്ലാസയാത്ര നടത്തുന്നു.
(1946)
ആകാശം
നീലിച്ച അപാരതയിലേക്ക്
കുട്ടി കണ്ണെത്തിച്ചു നോക്കുന്നു,
ഒരു കുഞ്ഞുകൈക്കുമ്പിളിൽ
അതിനെ ഒതുക്കാൻ നോക്കുന്നു.
ആകാശം ഒരു മായയാണ്,
അവനു മനസ്സിലാകാത്തത്;
തനിക്കു കിട്ടില്ലെന്നവൻ കരുതുന്നു,
ഉള്ളംകൈയിലിപ്പോഴേയുള്ളത്.
(1946)
ജന്തു
മുറ്റത്തെ കുപ്പക്കൂനയ്ക്കിടയിൽ
ഇന്നലെ ഞാനൊരു ജന്തുവിനെ കണ്ടു,
ചവറുകൾക്കിടയിലത് തീറ്റ തേടുകയായിരുന്നു.
എന്തെങ്കിലുമൊന്നു കൈയിൽ കിട്ടിയാൽ
അതെന്താണെന്നു നോക്കിയിരുന്നില്ല,
ഒന്നു മണത്തുനോക്കിയിരുന്നില്ല-
കിട്ടിയ പാടേ വെട്ടിവിഴുങ്ങുകയായിരുന്നു.
ആ ജന്തു നായയായിരുന്നില്ല
പൂച്ചയായിരുന്നില്ല
എലിയായിരുന്നില്ല.
ആ ജന്തു, എന്റെ ദൈവമേ, ഒരു മനുഷ്യനായിരുന്നു.
(1946)
പുഴ
രാത്രിയിൽ നിശ്ശബ്ദമായൊഴുകുന്ന
പുഴ പോലാവുക.
ഇരുട്ടിനെ ഭയക്കാതിരിക്കുക.
നക്ഷത്രങ്ങളുണ്ടെങ്കിൽ അവയെ പ്രതിഫലിപ്പിക്കുക.
ഇനി ആകാശത്തു മേഘങ്ങൾ നിറഞ്ഞാൽ
(അവയും ജലം തന്നെയാണല്ലോ)
പ്രശാന്തമായ ആഴങ്ങളിൽ
അവയേയും പ്രതിഫലിപ്പിക്കുക,
ഖേദമേതുമില്ലാതെ.
(1946)
പ്രണയവിദ്യ
പ്രണയമാനന്ദമാകണമെങ്കിൽ
ആത്മാവിനെ മറന്നേക്കൂ.
പ്രണയത്തിന്റെ രസം കളയുന്നതാത്മാവു തന്നെ.
ദൈവത്തിലേ ആത്മാക്കൾ തൃപ്തരാവൂ,
മറ്റാത്മാക്കളിലല്ല,
ദൈവത്തിൽ, അല്ലെങ്കിൽ
പരലോകത്തിൽ.
അന്യോന്യം തൊട്ടറിയാനാത്മാക്കൾക്കാവില്ല.
നിങ്ങളുടെ ഉടൽ മറ്റൊരുടലുമായിടപഴകട്ടെ,
ഉടലുകളാണന്യോന്യമറിയുകയെന്നതിനാൽ,
ആത്മാക്കൾക്കതാവുകയില്ലെന്നതിനാൽ.
(1948)
രാത്രിയിൽ കേട്ടത്
ഗ്ളപ്, ഗ്ളപ്, ഗ്ളപ്...
ചതുപ്പിൽ തവളകളുടെ സംഘഗാനം?
അല്ല, നാല് പോലീസ് നായ്ക്കുട്ടികൾ
വെള്ളം നക്കിക്കുടിക്കുന്നത്.
(1952)
മരണത്തിനുള്ള ഒരുക്കം
ജീവിതം ഒരത്ഭുതമാണ്.
ഓരോ പൂവും,
അതിന്റെ രൂപവും നിറവും മണവുമായി,
ഓരോ പൂവും ഒരത്ഭുതമാണ്.
ഓരോ കിളിയും,
അതിന്റെ തൂവലും പറക്കലും പാട്ടുമായി,
ഓരോ കിളിയും ഒരത്ഭുതമാണ്.
സ്ഥലം, അനന്തമായ സ്ഥലം,
സ്ഥലം ഒരത്ഭുതമാണ്.
കാലം, അനന്തമായ കാലം,
കാലം ഒരത്ഭുതമാണ്.
ഓർമ്മ ഒരത്ഭുതമാണ്.
ബോധം ഒരത്ഭുതമാണ്.
ഏതും ഒരത്ഭുതമാണ്.
ഏതും, മരണമൊഴികെ ഏതും.
-എല്ലാ അത്ഭുതങ്ങൾക്കുമവസാനമായ മരണത്തിനു സ്തുതി.
(1952)
മരണശേഷം ഞാൻ ചെയ്യാൻ പോകുന്നത്
മരണശേഷം, പരലോകത്തെത്തിക്കഴിഞ്ഞാൽ,
എനിക്കൊന്നാമതായി എന്റെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും
മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും അമ്മാമന്മാരെയും അമ്മായിമാരെയും
മറ്റു ബന്ധുക്കളെയും ചുംബിക്കണം.
പിന്നെ ചില ചങ്ങാതിമാരെ എനിക്കു കെട്ടിപ്പിടിക്കണം-
വാസ്കോൺസെലോസിനെ, ഒവാലിയെ, മരിയോയെ...
അതു കഴിഞ്ഞാൽ ഫ്രാൻസിസ് അസീസി പുണ്യവാനുമായി
ഒന്നു കുശലം പറയനം.
(അതിനു പക്ഷേ, ഞാനാര്? എനിക്കെന്തർഹത?)
ഇതെല്ലാം ചെയ്തുകഴിഞ്ഞാല്പിന്നെ
ദൈവത്തെയും ദൈവമഹിമയേയും കുറിച്ചുള്ള ധ്യാനത്തിൽ ഞാൻ മുഴുകും.
ശവമാടത്തിനിപ്പുറമുള്ള ഈ മറ്റേ ജീവിതത്തിലെ
സുഖങ്ങളും ദുഃഖങ്ങളും സന്ദേഹങ്ങളും എന്നെന്നേക്കുമായി ഞാൻ മറക്കും.
(1966)