2016, ജൂൺ 25, ശനിയാഴ്‌ച

ക്രിസ്റ്റീന റോസെറ്റി - കവിതകള്‍

ക്രിസ്റ്റീന റോസെറ്റി Christina Georgina  Rosetti (1830-1894)- നാവു പൊള്ളിക്കുന്ന പ്രണയകവിതകളും ചൊടിയുള്ള കഥാഗാനങ്ങളും നഴ്സറിപ്പാട്ടുകളുമെഴുതിയ ഇംഗ്ളീഷ് കവയിത്രി.

കലാകാരന്മാരും പണ്ഡിതന്മാരും എഴുത്തുകാരുമടങ്ങിയ ഒരു ലണ്ടൻ കുടുംബത്തിൽ ജനിച്ചു. അച്ഛനായ ഗബ്രിയേൽ റോസെറ്റി പ്രവാസിയായ ഒരു ഇറ്റാലിയൻ വിപ്ളവകാരിയും കവിയുമായിരുന്നു; സഹോദരന്മാരായ വില്യം ഗബ്രിയേൽ റോസെറ്റിയും ദാന്തേ ഗബ്രിയേൽ റോസെറ്റിയും Pre-Raphelite Brotherhood എന്ന കലാപ്രസ്ഥാനത്തിന്റെ സ്ഥാപകാംഗങ്ങളുമായിരുന്നു. ബാല്യത്തിൽ തന്നെ കവിതകൾ എഴുതിത്തുടങ്ങിയ ക്രിസ്റ്റീനയുടെ ആദ്യത്തെ കവിതാസമാഹാരം മുത്തശ്ശൻ സ്വകാര്യവിതരണത്തിനായി അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയതാണ്‌. 1862ൽ Goblin Market and Other Poems എന്ന കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. മതപരമായ പ്രമേയങ്ങളാണ്‌ കവിതകളിൽ മുഖ്യമെങ്കിലും അവ പ്രബോധനത്തിലേക്കു വഴുതിവീഴുന്നില്ല. അന്ത്യകാലത്ത് Graves Disease ബാധിച്ചതിനെത്തുടർന്നുണ്ടായ സൗന്ദര്യനഷ്ടം പിന്നീടുള്ള കവിതകളിൽ നിഴൽ വീഴ്ത്തുന്നതും കാണാം.

കാറ്റിനെ ആരു കണ്ടു?




കാറ്റിനെ ആരു കണ്ടു?
നീയില്ല, ഞാനുമില്ല.
ഇലകൾ വിറ കൊള്ളുമ്പോഴെന്നാൽ
കാറ്റു കടന്നുപോവുകയത്രെ.


കാറ്റിനെ ആരു കണ്ടു?
നീയില്ല, ഞാനുമില്ല:
മരങ്ങൾ തല കുനിയ്ക്കുമ്പോഴെന്നാൽ
കാറ്റു കടന്നുപോവുകയത്രെ.



അവിടെവിടെയോ



അവിടെവിടെയോ ഉണ്ടാവണം,
കാണാത്തൊരു മുഖം, കേൾക്കാത്തൊരു ശബ്ദം,
ഞാൻ പറഞ്ഞ വാക്കിനിതുവരെ, ഹാ, ഇതുവരെയും
മറുപടി തരാത്തൊരു ഹൃദയം.


അവിടെവിടെയോ, അരികിൽ, അകലത്തുമാവാം;
കടലിനും കരയ്ക്കുമപ്പുറം, കണ്ണെത്താത്തൊരിടത്ത്;
അലയുന്ന ചന്ദ്രനുമപ്പുറം, രാത്രിയോടു രാത്രി
ചന്ദ്രനെയനുധാവനം ചെയ്യുന്ന നക്ഷത്രത്തിനുമപ്പുറം.


അവിടെവിടെയോ, അരികിൽ, അകലത്തുമാവാം;
ഒരു ചുമരു മാത്രം, ഒരു വേലി മാത്രമിടയിലായി;
പുല്ലു വായ്ച്ച നിലത്തു കൊഴിഞ്ഞുവീണ
പോയാണ്ടിന്റെ ശേഷിച്ച പഴുക്കിലകളുമായി.



ഗാനം

ഞാൻ മരിച്ചുകിടക്കുമ്പോഴെന്റെ പ്രിയനേ,
ഒരു വിഷാദഗാനമുമെനിക്കായിപ്പാടേണ്ട;
എന്റെ തലയ്ക്കലൊരു പനിനീർച്ചെടിയും നടേണ്ട,
തണലു തരാൻ സൈപ്രസ്മരവും.
മഴയും മഞ്ഞുമേറ്റീറനായിക്കോട്ടെ,
എനിക്കു മേൽ പച്ചപ്പുൽനാമ്പുകൾ;
നിന്റ മനസ്സു പോലെ നിനക്കോർമ്മ വയ്ക്കാം,
നിന്റെ മനസ്സു പോലെ നിനക്കു മറക്കുകയാവാം.
നിഴലുകള്‍ ഞാൻ കാണില്ല,
മഴ പൊഴിയുന്നതു ഞാനറിയില്ല,
വേദനപ്പെട്ടിട്ടെന്നപോലെ
രാപ്പാടി പാടുന്നതും ഞാൻ കേൾക്കില്ല;
ഉദയാസ്തമയങ്ങളില്ലാത്ത മങ്ങൂഴത്തിൽ
സ്വപ്നം കണ്ടുകിടക്കുമ്പോൾ,
ഒരുവേള ഞാനോർത്തുവെന്നാവാം,
ഒരുവേള ഞാൻ മറന്നുവെന്നാവാം.


മരണശേഷം

പടുതകൾ പാതി താഴ്ത്തിയിരുന്നു,
നിലമടിച്ചുവാരി പരിമളം തളിച്ചിരുന്നു,
ഞാൻ കിടന്ന കിടക്ക മേൽ
കനത്തിൽ പൂക്കൾ വിതറിയിരുന്നു.
അഴികൾക്കിടയിലൂടെ നിഴലുകളായി
വല്ലികളിഴഞ്ഞുകേറിയിരുന്നു.
എനിക്കു മേലയാൾ കുനിഞ്ഞുനിന്നു,
ഞാനുറക്കമെന്നയാളോർത്തിരിക്കും,
പറയുന്നതു ഞാൻ കേൾക്കില്ലെന്നും;
അയാൾ പറയുന്നതു പക്ഷേ, ഞാൻ കേട്ടു:
“പാവം കുട്ടി, പാവം കുട്ടി.”
അയാൾ പിന്നെ തിരിഞ്ഞുമാറിയപ്പോൾ
ഗഹനമായൊരു മൂകതയായിരുന്നു,
അയാൾ കരയുകയാണെന്നു ഞാനറിഞ്ഞു.
ശവക്കോടി അയാൾ തൊട്ടില്ല,
എന്റെ മുഖം മൂടിയ മടക്കുയർത്തിനോക്കിയില്ല,
എന്റെ കൈയൊന്നെടുത്തുപിടിച്ചില്ല,
എന്റെ തലയിണയൊന്നൊതുക്കിവച്ചുമില്ല.
ജിവിച്ചിരിക്കെ അയാളെന്നെ സ്നേഹിച്ചില്ല,
മരിച്ചപ്പോൾപ്പക്ഷേ, അയാളനുതപിക്കുന്നു.
എത്ര ഹൃദ്യമാണത്, ഞാൻ തണുത്തുകിടക്കെ
അയാളിലൂഷ്മളത ബാക്കിനില്പുണ്ടെന്നറിയുക.



അഭിപ്രായങ്ങളൊന്നുമില്ല: