2016, ജൂൺ 11, ശനിയാഴ്‌ച

ഏറിച്ച് ഫ്രീഡ്–കവിതകൾ - 2





നിർവചനം


ഒരു നായയെപ്പോലെയാണ്‌
താൻ ചാവുന്നതെന്നറിഞ്ഞുകൊണ്ട്
ചാവുന്ന ഒരു നായ


ഒരു നായയെപ്പോലെയാണ്‌
താൻ ചാവുന്നതെന്ന്
തനിക്കറിയാമെന്നു
പറയാൻ കഴിയുന്ന
ഒരു നായ
മനുഷ്യൻ



സംശയവും ഉത്കണ്ഠയും


തനിയ്ക്കുത്ക്കണ്ഠയുണ്ടെന്ന്
ഒരാൾ പറഞ്ഞാൽ
അയാളെ
സംശയിക്കരുത്


അതേ സമയം
തനിയ്ക്കൊരു സംശയവുമില്ലെന്ന്
ഒരാൾ പറഞ്ഞാൽ
അയാളെക്കുറിച്ചുത്ക്കണ്ഠ വേണം.



അനിശ്ചിതം


ജീവിതത്തിൽ നിന്ന്
ഞാന്‍
കവിതയിലേക്കു പോയി

കവിതയിൽ നിന്ന്
ഞാന്‍
ജീവിതത്തിലേക്കു പോയി

ഒടുവില്‍ കണക്കു നോക്കുമ്പോള്‍
ഏതു വഴിയായിരുന്നിരിക്കണം
തമ്മില്‍  ഭേദം?

നീ


സ്വാതന്ത്ര്യമില്ലാത്തിടത്ത്
നീയാണ്‌ സ്വാതന്ത്ര്യം
അന്തസ്സില്ലാത്തിടത്ത്
നീയാണന്തസ്സ്
മനുഷ്യർക്കിടയിൽ അടുപ്പമോ
ഊഷ്മളതയോ ഇല്ലാത്തിടത്ത്
നീയാണൂഷ്മളതയും അടുപ്പവും
ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയം


നിന്റെ ചുണ്ടുകളും നിന്റെ നാവും
ചോദ്യങ്ങളും ഉത്തരങ്ങളുമാണ്‌
നിന്റെ കൈകളിലും നിന്റെ നാഭിയിലും
ഒരുതരം ശാന്തിയടങ്ങുന്നു
നിന്നിൽ നിന്നുള്ള ഓരോ വേർപാടും
മടക്കത്തിലേക്കുള്ള ഒരു ചുവടാണ്‌
ഭാവിയുടെ തുടക്കമാണു നീ
ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയം


നീ ഒരു വിശ്വാസപ്രമാണവുമല്ല
ഒരു തത്ത്വശാസ്ത്രവുമല്ല
മുറുകെപ്പിടിക്കേണ്ട
നിയമവും പാരമ്പര്യവുമല്ല
ജീവനുള്ള ഒരു സത്ത
നീയൊരു സ്ത്രീയാണ്‌
പിഴയ്ക്കുകയും സംശയിക്കുകയും
നല്ലതു ചെയ്യുകയും ചെയ്യുന്നവൾ
ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയം


പക്ഷം ചേരൽ


വിപ്ളവപ്പാർട്ടി
സ്വന്തം സന്തതികളെ
പിടിച്ചു വിഴുങ്ങുമ്പോൾ
അവരിൽ മിക്കവരും
അന്ത്യം വരെയ്ക്കും
വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു:
“പാർട്ടി നീണാൾ വാഴട്ടെ!”


ചിലർ അങ്ങനെ വിളിച്ചുപറഞ്ഞത്
കൂറു കൊണ്ടായിരുന്നു
പാർട്ടിക്കു സ്വന്തം ജനങ്ങളുടെ
ആരാച്ചാരായി മാറാനും
പിന്നീടൊരിക്കൽ
അവർ തന്നെ അതിനെ തല്ലിത്തകർക്കാതിരിക്കാനും
സഹായിച്ച
അതേ ശപ്തമായ പാർട്ടിക്കൂറ്‌.


“പാർട്ടി നീണാൾ വാഴട്ടെ!”
എന്നു മറ്റു ചിലർ
വിളിച്ചുപറഞ്ഞത്
അതിനു ജീവിക്കാൻ
ജീവിതങ്ങൾ നൽകിയവരെ
കൊന്ന പാർട്ടി

അക്കാലങ്ങളിൽ
എത്ര നീതിഹീനമായിരുന്നുവെന്ന്

ആ മരണരോദനം
പിന്നീടു വരുന്നവരെ പഠിപ്പിക്കും
എന്ന പ്രതീക്ഷയിലായിരുന്നു.


ചിലർ അങ്ങനെ പറഞ്ഞതാവട്ടെ
പാർട്ടി തങ്ങളോടാവശ്യപ്പെട്ടതു
വിളിച്ചുപറഞ്ഞില്ലെങ്കിൽ
അതു തങ്ങളുടെ ഭാര്യമാരെയും
കുട്ടികളെയും ഞെരിച്ചുകൊല്ലുമെന്ന്
ഇതിനകം അവർക്കു ബോദ്ധ്യമായി
എന്നതു കൊണ്ടുമായിരുന്നു.


പക്ഷേ ഇനിയും ചിലർ
ഭാര്യയും കുട്ടികളുമില്ലാത്തവർ
അതിനാൽ കൊലപാതകികൾക്കു
ബന്ദികളാക്കാനാരുമില്ലാത്തവർ
അവർ വിളിച്ചുപറഞ്ഞില്ല
“പാർട്ടി നീണാൾ വാഴട്ടെ!” എന്ന്
അവർ ഇങ്ങനെ എഴുതുകയോ
പറയുകയോ ചെയ്തതേയുള്ളു:
“വിപ്ളവത്തിന്റെ പക്ഷം ചേർന്നോളൂ
വിപ്ളവകാരികളുടെയും
എന്നാലിനിയൊരിക്കലും
പാർട്ടിയുടെ പക്ഷം ചേരരുത്.”



ശത്രുക്കൾ


ജീവിതം താറുമാറായിക്കഴിഞ്ഞവർ
ചോദിക്കാത്ത ചോദ്യങ്ങൾക്ക്
ഉത്തരമേ വേണ്ടെന്നതിൽ
ശ്രദ്ധാലുക്കൾ

ശിഷ്ടജീവിതം
തങ്ങൾ ജീവിക്കാത്ത ജീവിതത്തിന്റെ
മഹിമകൾ
പാടിക്കഴിക്കുന്നവർ

തങ്ങൾ എന്തിനു വേണ്ടിയാണോ
എന്തിനെതിരായാണോ ജീവിക്കുന്നത്
അതു കാണാതിരിക്കാൻ
സ്വന്തം ജീവിതം കൊടുക്കാൻ
തയാറായിക്കഴിഞ്ഞവർ

ഇന്നലെയോ ഇന്നിനെയോ കുറിച്ചറിയാതെതന്നെ
നാളെയെക്കുറിച്ചുള്ള പ്രതീക്ഷ വെടിയാത്തവർ
ഏതു നുണയ്ക്കും ചതിയ്ക്കും സ്വയം തുറന്നിട്ടവർ
അവരാണെന്റെ സഹോദരന്മാരും സഹോദരികളും.


ജീവനോടെ ശേഷിച്ച ഒരാളുമായി സംസാരിച്ചത്


അപ്പോയ നാളുകളിൽ
ചെയ്യരുതാത്തതെന്തെങ്കിലും
നിങ്ങള്‍ ചെയ്തിരുന്നോ?
“ഇല്ല.”

ചെയ്യേണ്ടിയിരുന്നതെന്തെങ്കിലും
ചെയ്യാതിരുന്നോ?
“അതും ഇതും
പിന്നെ മറ്റേതും:
അങ്ങനെ ചിലതൊക്കെ”

എന്തുകൊണ്ടതു ചെയ്തില്ല?
“എനിക്കു ഭയമായിരുന്നതിനാൽ”

എന്തിനു നിങ്ങള്‍ ഭയന്നു?
“മരിക്കണമെന്നെനിക്കുണ്ടായില്ല”

നിങ്ങൾക്കു മരിക്കണമെന്നുണ്ടായില്ല
എന്നതിനാലാണോ
അന്യർക്കു മരിക്കേണ്ടിവന്നത്?
“എന്നെനിക്കു തോന്നുന്നു”

താന്‍ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച്
മറ്റെന്തെങ്കിലും നിങ്ങള്‍ക്കു പറയാനുണ്ടോ?
“ഉണ്ട്: എന്റെ സ്ഥാനത്തു നിങ്ങളായിരുന്നെങ്കിൽ
എന്തു ചെയ്തേനേയെന്നു ചോദിക്കാനുണ്ട്”

അതെനിക്കറിയില്ല
നിങ്ങളെ വിധിക്കാനും ഞാനില്ല.
ഒന്നേ എനിക്കറിയൂ:
ഇന്നു പിന്നെയും
ഒന്നും ചെയ്യുന്നില്ല നാമെങ്കിൽ
നമ്മിലൊരാളും
നാളെ ജീവനോടെ ഉണ്ടാവില്ല

നന്ദിയും കടപ്പാടും


(ഹിറ്റ്ലർ അധികാരത്തിൽ വന്ന് അമ്പതുകൊല്ലം കഴിഞ്ഞതില്പിന്നെ)


സ്വസ്തികാകാലത്തെ
പാതകങ്ങൾക്കു നേരേ
രോഷം കൊണ്ടു വിറയ്ക്കുക
അത്ര പരിചയമായിക്കഴിഞ്ഞതിനാല്‍

നമ്മുടെ മുൻഗാമികളോട്
ഒരല്പം നന്ദി കാണിക്കാൻ

നമ്മൾ വിട്ടുപോകുന്നു

അവര്‍ ചെയ്തതിലും വലിയ പാതകങ്ങൾക്കു
പ്ളാനിടുകയാണിന്നു നമ്മളെന്ന്
നമുക്കു തിരിച്ചറിവുണ്ടാവാൻ.

അവരുടെ ചെയ്തികൾ
നമ്മെ സഹായിച്ചില്ലേ


ഡോൺ ക്യൂഹോട്ടെയുടെ അവസാനത്തെ വാക്കുകൾ


ഭീഷണമായ കാറ്റാടിയിലകൾ
നിങ്ങളുടെ കണ്മുന്നിലുണ്ടെങ്കിൽ
എങ്കിൽ
നിങ്ങളുടെ ഹൃദയവും
നിങ്ങളുടെ തലയും
നിങ്ങളുടെ കുന്തവും
രാക്ഷസന്മാരുമായുള്ള പോരിലേക്ക്
നിങ്ങളെ വലിച്ചിഴയ്ക്കും


പക്ഷേ
കണ്ടുനിൽക്കുന്ന ജനക്കൂട്ടത്തിന്റെ
ആർത്തുചിരിക്കു ശേഷവും
ഭീഷണമായ കാറ്റാടിയിലകൾ
നിങ്ങളുടെ കണ്മുന്നിലുണ്ടെങ്കിൽ
രാക്ഷസൻ
നിങ്ങളുടെ തലയ്ക്കുള്ളിലുമുണ്ടെങ്കിൽ
എങ്കിൽ
കുന്തം നിങ്ങളുടെ ഹൃദയത്തിലേക്കാഴുന്നു.


മറുപടിയില്ല


നിങ്ങളിപ്പോഴും
എന്തിനു കവിതയെഴുതുന്നു
ചെറിയ കാര്യങ്ങളേ
ഈ രീതിയിൽ
കൈവരിക്കാനാവൂ
എന്നറിഞ്ഞിരിക്കെ

തങ്ങളുടെ രീതികള്‍ കൊണ്ട്
ചെറിയ കാര്യങ്ങളേ
കൈവരിക്കാനാവൂ
എന്നതിന്റെ ക്ഷമകേടോടെ
എന്റെ സ്നേഹിതർ ചോദിക്കുന്നു

അവര്‍ക്കു കൊടുക്കാന്‍
ഒരു മറുപടിയും
എനിക്കില്ല


നിശബ്ദത


ഇങ്ങില്ലാത്ത കിളികളുടെ
ചിലക്കലാണ് നിശബ്ദത
വരണ്ട കടലിന്റെ നുരയും
എതിരൊഴുക്കുമാണ് നിശബ്ദത

ഇരുട്ടിൽ എന്റെ കണ്ണുകള്‍ക്കു മുന്നില്‍
ഒരു നാളമിളകിയതാണ് നിശബ്ദത
എന്റെ കാതില്‍ നര്‍ത്തകരുടെ
താളമിടലാണ് നിശബ്ദത

ഒരു യുദ്ധകാലപ്രഭാതത്തിൽ
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുയരുന്ന
പുകയുടെയും മഞ്ഞിന്റെയും
മണമാണ് നിശബ്ദത

പ്രസംഗങ്ങളുടെയും വാഗ്ദാനങ്ങളുടെയും
മാറ്റൊലിയാണ് നിശബ്ദത
സകലമാന വാക്കുകളുടെയും
അടിപ്പാറയാണ് നിശബ്ദത

നിലവിളികളില്‍ൽ നിന്നു
ബാക്കിയാകുന്നതാണ് നിശബ്ദത
നിശബ്ദതയാണ് നിശബ്ദത
എന്റെ ഭാവിയാണ് നിശബ്ദത

ഒരു മണിക്കൂർ


എഴുതിയ കവിത
തിരുത്താനായി
ഒരു മണിക്കൂർ ഞാൻ കളഞ്ഞു

ഒരു മണിക്കൂറെന്നു പറഞ്ഞാൽ:
ഈ നേരത്തിനുള്ളിൽ
1400 കുട്ടികൾ വിശപ്പു കൊണ്ടു മരിച്ചിട്ടുണ്ട്
ഓരോ രണ്ടര സെക്കന്റിലും
അഞ്ചു വയസ്സിൽ താഴെയുള്ള
ഒരു കുട്ടി
നമ്മുടെ ലോകത്ത്
വിശപ്പു കൊണ്ടു മരിക്കുന്നുണ്ട്.

ഒരു മണിക്കൂറായി
ആയുധപ്പന്തയവും തുടർന്നിരുന്നു
ആ ഒരു മണിക്കൂറിനുള്ളിൽ
ആറു കോടി ഇരുപത്തെട്ടു ലക്ഷം ഡോളർ
വൻശക്തികൾ അന്യോന്യം രക്ഷിക്കാൻ
ചെലവിട്ടിരിക്കുന്നു
ആയുധങ്ങൾക്കായി
ലോകമിന്നു മാറ്റിവയ്ക്കുന്ന തുക
ഒരു വർഷം
അഞ്ഞൂറു കോടി ഡോളറായിരിക്കുന്നു
നമ്മുടെ രാജ്യവും
അതിന്റെ സംഭാവന നൽകുന്നുണ്ട്

ചോദ്യം പ്രകടമാണ്‌
ഈ അവസ്ഥയിൽ
കവിതയെഴുത്തു തുടരുന്നതിൽ
അർഥമുണ്ടോയെന്ന്.
ചില കവിതകൾ വിഷയമാക്കുന്നത്
ആയുധച്ചെലവും യുദ്ധവും
വിശക്കുന്ന കുട്ടികളുമാണെന്നതു ശരി.
പക്ഷേ മറ്റുള്ളവ പറയുന്നത്
പ്രണയം വാർദ്ധക്യം
പുല്ലുമേടുകൾ മരങ്ങൾ മലകൾ
പിന്നെ കവിതകൾ ചിത്രങ്ങൾ
എന്നിവയെക്കുറിച്ചുമാണ്‌
ഇവയെക്കുറിച്ചുമല്ല
അവയെങ്കിൽ
കുട്ടികളെയും സമാധാനത്തെയും കുറിച്ച്
ആരും വേവലാതിപ്പെടാനും പോകുന്നില്ല.


താറാവുകളുടെ അന്ത്യം


“താറാവുകളെ
ഒറ്റയടിക്കു കൊല്ലുന്നതാണു
ഭേദം.
ഒന്നു പോയിക്കഴിഞ്ഞാൽ
മറ്റുള്ളവ വേണ്ടത്ര  തീറ്റയെടുക്കില്ല.”


ഈ നാട്ടുബുദ്ധി
മനുഷ്യരുടെ കാര്യത്തിലും
ബാധകമാണോ?
ഒരാണവയുദ്ധത്തിനുള്ള
തയാറെടുപ്പുകളെ
ന്യായീകരിക്കുകയാണതെന്നു വരുമോ?


വഴിയില്ല
മനുഷ്യർ താറാവുകളല്ലല്ലോ.
ചിലർ പോയിക്കഴിഞ്ഞാലും
അവർ തീറ്റ കുറയ്ക്കുകയില്ല.


കുറ്റപ്പെടുത്തല്‍


ആരാണു നല്ല അമ്മ
എന്നതിനെക്കുറിച്ചു ഞാൻ വായിച്ചിട്ടുണ്ട്:
“മുതിരുമ്പോള്‍ വിട്ടുപോകാനുള്ള സ്വാതന്ത്ര്യം
സ്വന്തം കുട്ടിക്കു നല്കുന്ന അമ്മ.”

ഇപ്പോൾ ഞാന്‍, അറുപതു വയസ്സുള്ള കുട്ടി,
എന്റെ മുറിയിലെ ചിതാഭസ്മത്തോടു പറയുന്നു:
“നിങ്ങള്‍ നല്ല അമ്മയായിരുന്നില്ല
എന്നെ വിടാതിരിക്കാന്‍ ആവുന്നത്ര നിങ്ങൾ ശ്രമിച്ചു.”

എന്റെ മുറിയില്‍  ഭസ്മക്കുടത്തിലിരുന്ന്
ചിതാഭസ്മം മിണ്ടുന്നതേയില്ല
മറുപടി പറയുന്നതേയില്ല
വലിയ വാശിയാണതിന്‌

എന്നാലൊരുപക്ഷേ


എന്റെ വലിയ വാക്കുകൾ
മരണത്തില്‍ നിന്നെന്നെ കാക്കില്ല
എന്റെ ചെറിയ വാക്കുകളും
മരണത്തില്‍ നിന്നെന്നെ കാക്കില്ല
ഏതു പ്രകാരത്തിലുള്ള വാക്കായാലും
വലുതും ചെറുതുമായ വാക്കുകള്‍ക്കിടയിലെ മൗനമായാലും
അതു മരണത്തില്‍  നിന്നെന്നെ കാക്കില്ല

എന്നാലൊരുപക്ഷേ
ഈ വാക്കുകളിൽല്‍ ചിലവ
ചെറിയവ വിശേഷിച്ചും
വാക്കുകള്‍ക്കിടയിലെ മൗനമൊരുപക്ഷേ
മരണത്തിൽ നിന്നു ചിലരെ കാത്തുവെന്നാകാം
ഞാന്‍  മരിച്ചു കഴിയുമ്പോള്‍


അഭിപ്രായങ്ങളൊന്നുമില്ല: