2017, മാർച്ച് 27, തിങ്കളാഴ്‌ച

ഇവാൻ ഗോൾ - കവിതകൾ




ഇവാൻ ഗോൾ Yvan Goll1891ൽ അൽസേയ്സിൽ ജനിച്ചു. അച്ഛനും അമ്മയും ഫ്രഞ്ച് ആയിരുന്നുവെങ്കിലും അദ്ദേഹം വളർന്നത് അക്കാലത്ത് ജർമ്മൻ പ്രവിശ്യ ആയിരുന്ന മെറ്റ്സിൽ ആണ്‌. അങ്ങനെ ഫ്രഞ്ചും ജർമ്മനും അദ്ദേഹത്തിനു മാതൃഭാഷകളായി. സ്ട്രാസ്ബർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടി ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതിനാൽ ജർമ്മൻ സൈന്യത്തിൽ ചേരുന്നതിൽ നിന്നു രക്ഷപ്പെടാനായി അദ്ദേഹം സ്വിറ്റ്സർലണ്ടിലേക്കു പലായനം ചെയ്തു. ഇവിടെ വച്ചാണദ്ദേഹം സമാധാനവാദികളായ റൊമെയ്ൻ റൊളാങ്ങ്, സ്റ്റെഫാൻ സ്വെയ്ഗ്, ഫ്രാൻസ് വെർഫെൽ തുടങ്ങിയവരെ പരിചയപ്പെടുന്നത്. തന്റെ ഭാവിഭാര്യയായ ക്ളെയറിനെ കാണുന്നതും അപ്പോഴാണ്‌. സൂറിച്ചിൽ വച്ച് അദ്ദേഹം ജയിംസ് ജോയ്സിന്റെ സ്നേഹിതനുമായി. ഗോളും ഭാര്യയും 1919ൽ പാരീസിലേക്കു താമസം മാറ്റി. യുളീസസ്സിന്റെ ജർമ്മൻ വിവർത്തനത്തിന്‌ ജോയ്സുമായി സഹകരിക്കുന്നത് അക്കാലത്താണ്‌. 1939ൽ ഫ്രാൻസ് ജർമ്മനിക്കധീനമായപ്പോൾ അവർ ന്യൂയോർക്കിലേക്കു രക്ഷപ്പെട്ടു. 1947ൽ അവർ വീണ്ടും പാരീസിലേക്കു മടങ്ങി. ലുക്കേമിയ ബാധിച്ച് 1950ൽ അദ്ദേഹം മരിച്ചു. ഇംഗ്ളീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷകളിലായി കവിത, കഥ, നാടകം, ലേഖനം തുടങ്ങിയ വിഭാഗങ്ങളിൽ അമ്പതിലധികം പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. 1921ൽ എഴുതിയ Methuselem എന്ന നാടകം അസംബന്ധനാടകവേദിയെ സ്വാധീനിച്ചിട്ടുണ്ട്.  Chaplinade (1921) എന്ന പുസ്തകത്തിലൂടെ ചാപ്ളിന്റെ സിനിമകൾ യൂറോപ്പിൽ പരിചയപ്പെടുത്തുന്നത് അദ്ദേഹമാണ്‌. ലാൻഡ്ലെസ് ജോൺ എന്ന നാടോടിയായ ജൂതന്റെ അലച്ചിലുകൾ രേഖപ്പെടുത്തുന്ന Jean Sans Terre ആണ്‌ പ്രധാന കവിതാഗ്രന്ഥം. ക്ളെയറിനൊപ്പം ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ളീഷ് ഭാഷകളിൽ പ്രണയകവിതകളും എഴുതിയിരുന്നു.


മലയൻ പ്രണയഗാനങ്ങൾ



1

നിന്റെ തോണി വെള്ളത്തിൽ വരയുന്ന
ഇരുണ്ട താരയാണു ഞാൻ.

നിന്റെ പനമരം വീഴ്ത്തുന്ന
കാതരനിഴലാണു ഞാൻ.

നിന്റെ വെടിയുണ്ട വന്നുകൊള്ളുമ്പോൾ
തിത്തിരിപ്പക്ഷിയുടെ കുഞ്ഞുരോദനമാണു ഞാൻ.

2

മറ്റൊന്നുമെനിക്കാവേണ്ട,
നിന്റെ വീടിനരികിലൊരു കാരകിലെന്നല്ലാതെ,
ആ കാരകിലിന്റെയൊരു ശാഖയെന്നല്ലാതെ,
ആ ശാഖയുടെയൊരു ചില്ലയെന്നല്ലാതെ,
ആ ചില്ലയിലൊരിലയെന്നല്ലാതെ,
ആ ഇലയുടെയൊരു നിഴലെന്നല്ലാതെ,
ഒരു നൊടി നിന്റെ നെറ്റിത്തടം തഴുകുന്ന
ആ നിഴലിന്റെയൊരലയെന്നല്ലാതെ.

3

ഓർമ്മയുടെ കിണറ്റിൽ നിന്നു വെള്ളം കോരി
നിന്റെ നിഴല്പൂവിനു ഞാൻ നനയ്ക്കുന്നു-
അതിന്റെ വാസനയേറ്റു ഞാൻ മരിക്കും.

4

നിന്റെ ആവനാഴിയിൽ നിന്നമ്പുകളെടുത്തുമാറ്റി
അതിൽ ഞാൻ വയല്പൂക്കൾ നിറച്ചു.
കാതരകളായ മാൻപേടകളെ ഞാൻ രക്ഷിച്ചു,
നിന്റെയമ്പുകൾ ചെന്നുകൊണ്ടപ്പോൾ
നോട്ടം കൊണ്ടെവയെന്നെ അസൂയപ്പെടുത്തിരുന്നു.

5

നമ്മുടെ പ്രണയത്തിന്റെ അയ്യായിരാമത്തെ സായാഹ്നത്തിലും
പണ്ടേപ്പോലെ കാതരനാണു ഞാൻ:
ഈറൻ പുല്പുറത്തു നിന്നു പറിച്ചെടുത്ത
നീലിച്ച തൊട്ടാവാടികൾ കൊണ്ടെന്റെ
വെളുത്ത കൈയുറകളിൽ പാടു വീഴ്ത്തിയും,
എന്റെ കോട്ടിന്റെ പോക്കറ്റിലിട്ടുകൊണ്ടുവന്ന
മീവൽക്കിളിയെ ശ്വാസം മുട്ടിച്ചും.
എന്റെ ശോകത്തിന്റെ ഭാഗ്യത്തെ മറയ്ക്കാൻ
എങ്ങനെ പുഞ്ചിരിക്കണമെന്നെനിക്കറിയില്ല,
നിന്നെ പുണരാൻ തോന്നുമ്പോൾ
സൂര്യനെ ഞാൻ തിരിച്ചും നിർത്തുന്നു.

(ക്ളെയറിനെ സംബോധന ചെയ്തെഴുതിയതാണ്‌ “മലയൻ പ്രണയഗാനങ്ങൾ.”


ഞാനെന്തു പരാതിപ്പെടാൻ…


ഞാനെന്തു പരാതിപ്പെടാൻ,
ഒരേയൊരു കണ്ണീർത്തുള്ളിയിറ്റുനില്ക്കുന്ന
ജെറിക്കോവിലെ പനിനീർപ്പൂവു പോലെ
നിന്റെ കൈ എന്റെ കൈയിൽ പൂക്കുന്ന കാലത്തോളം.

രാത്രിയുടെ ലോകത്തു ഞാനെന്തു പേടിക്കാൻ,
ഒരു സ്നേഹവാക്കിൽ നിന്നൊരു സ്നേഹവാക്കിലേക്ക്,
മൗനത്തിൽ നിന്നു നേരിലേക്ക്
നിന്റെ ചുണ്ടനങ്ങുന്നതു ഞാൻ കേൾക്കുന്ന കാലത്തോളം.

എന്റെ കണ്ണുകളടയുകയും അന്ധമാവുകയുമില്ല,
ഒരുനാളുമളവു തെറ്റാത്ത പ്രണയപാത്രങ്ങളിൽ
രാവുകളും പകലുകളുമളന്നെടുക്കുവാനായി
നിന്റെ കണ്ണുകൾ, രണ്ടു സൂര്യന്മാരുള്ള കാലത്തോളം.



ക്ളെയറിന്‌

നിന്നെ ഞാൻ കണ്ടെടുത്തതെഫീസസ് ഉദ്യാനത്തിൽ നിന്നോ?
സായാഹ്നം പൂക്കൾ വിടർത്തിയ എന്റെ കൈക്കുമ്പിളിൽ
ലവംഗപുഷ്പങ്ങൾ പോലെയായിരുന്നു നിന്റെ കുറുനിരകൾ.

നിന്നെ ഞാൻ പിടിച്ചതു കിനാവിന്റെ തടാകത്തിൽ നിന്നോ?
ആറ്റുവഞ്ഞികൾ വളരുന്ന കരയിൽ ചൂണ്ടയുമായി ഞാനിരുന്നു,
ചൂണ്ടച്ചരടിൽ ഹൃദയം കോർത്തു നിനക്കു നേർക്കു ഞാനെറിഞ്ഞു.

നിന്നെ ഞാൻ കണ്ടതു മണൽക്കാടിന്റെ പാഴ്പ്പരപ്പിൽ വച്ചോ?
നീയായിരുന്നു, എനിക്കാകെ ശേഷിച്ച മരം,
എന്റെ ആത്മാവിനവസാനത്തെക്കനിയും.

ഇന്നു നിന്റെ നിദ്രയിലൊതുങ്ങിക്കൂടി ഞാൻ കിടക്കുന്നു,
നിന്റെ പ്രശാന്തതയ്ക്കുള്ളിലാഴത്തിൽ പൂണ്ടിറങ്ങി,
രാത്രി പോലിരുണ്ട പുറന്തോടിലൊരു ബദാമിന്റെ പരിപ്പു പോലെ.

ഇവാൻ ഗോളിന്റെ അവസാനത്തെ കവിത. മരണക്കിടക്കയിൽ വച്ച് ക്ളെയറിനെഴുതിയത്.

 


യൂറോപ്പിന്റെ പരേതാത്മാക്കൾക്കായി ഒരു വിലാപഗീതം (1915)
വിലപിക്കട്ടെ ഞാൻ,
സ്വന്തം കാലത്തിൽ നിന്നു പുറപ്പെട്ടുപോയ പുരുഷന്മാർക്കെല്ലാമായി;
വിലപിക്കട്ടെ ഞാൻ,
കിളികളെപ്പോലെ ചിലച്ചിരുന്ന ഹൃദയങ്ങൾ കൊണ്ടിന്നലറിക്കരയുന്ന സ്ത്രീകൾക്കായി;
നഷ്ടപ്പെട്ട ഭർത്താക്കന്മാരെയോർത്തു വിളക്കുവെട്ടത്തിൽ യുവവിധവകൾ തേങ്ങുമ്പോൾ
ഓരോ വിലാപവും ഞാൻ കുറിച്ചിടട്ടെ, പട്ടികയിൽ ചേർക്കട്ടെ.
ഓരോ ചുമരിലുമെനിക്കു കാണാം 
പുഞ്ചിരി തൂകുന്ന മുഖങ്ങളുടെ മാല ചാർത്തിയ ഫോട്ടോകൾ;
ഓരോ ജനാലയ്ക്കു പിന്നിലുമുണ്ടേകാകിനികളായ പെൺകിടാങ്ങൾ,
പൊള്ളുന്ന കണ്ണുകളിൽ കണ്ണീരിന്റെ തിളക്കവുമായി;
ഓരോ പൂന്തോപ്പിലും ലില്ലിപ്പൂക്കൾ വിടർന്നുനില്ക്കുന്നു,
ഏതോ കുഴിമാടമലങ്കരിക്കാനെന്നപോലെ;
ഓരോ തെരുവിലും വണ്ടികൾ സാവധാനം നീങ്ങുന്നു,
ഏതോ ശവഘോഷയാത്രയിലെന്നപോലെ.
ഏതു ദേശത്തെയുമേതു നഗരത്തിലും നിങ്ങൾക്കു കേൾക്കാം,
മരണമറിയിക്കുന്ന കൂട്ടമണികളുടെ നാദം;
ഓരോ ഹൃദയത്തിലുമുണ്ടൊരു ദീനനിവേദനം,
നാളു ചെല്ലുന്തോറും ഞാനതു തെളിഞ്ഞുകേൾക്കുന്നു.


പ്രണയകവിതകൾ


ഇവാൻ:

ഓർഫ്യൂസ് പാട്ടിലാക്കി,

ചിറയുന്ന പുലികളെ,

വെൽവെറ്റു പോലുള്ള പെരുച്ചാഴികളെ,

നാണംകുണുങ്ങിയായ ഒട്ടകപ്പക്ഷിയെ,

നാലുനിലയുള്ള തിമിംഗലത്തെ,

അടുത്തുവരാത്ത ഞാറക്കിളിയെ,

ശുദ്ധരായ ഗൗളികളെ.


എന്നാൽ നിന്നെ,

ജന്തുക്കളിൽ വച്ചേറ്റവും വന്യമായ നിന്നെ,

ഏതു പാട്ടു കൊണ്ടയാൾ കീഴടക്കും?


ക്ലെയർ:

ഒരായിരം ചീന്തുകളാക്കുകയെന്നെ,

എന്റെ ഹൃദയത്തിന്റെ രാജകീയവ്യാഘ്രമേ,

എന്റെ പുഞ്ചിരി പിച്ചിക്കീറുക,

എന്റെയുടലിലും വലിയ നിലവിളികൾ

എന്നിൽ നിന്നു പറിച്ചെടുക്കുക,

എന്റെ ചുവന്ന മുടിയിരുന്നിടത്ത്

വേവലാതിയുടെ വെണ്മ നടുക,

വ്യർത്ഥമായി നിന്നെക്കാത്തിരുന്നെന്റെ

കാലടികൾ വൃദ്ധമാകട്ടെ,

വെറുമൊരു മണിക്കൂർ കൊണ്ടെന്റെ

കണ്ണീരെല്ലാം ധൂർത്തടിക്കുക:

എന്നാലുമൊന്നും ഞാൻ ചെയ്യില്ല,

നിന്റെ കാല്പാദത്തിലുമ്മവയ്ക്കുകയല്ലാതെ!


ഇവാൻ:

മടങ്ങിവരൂ!

ഞാൻ നമുക്കായഞ്ചാമതൊരു ഋതു കണ്ടുപിടിക്കാം:

അതിൽ ചിപ്പികൾക്കു ചിറകുണ്ടാവും,

കിളികൾ ദബൂസിയെക്കുറിച്ചു പാടും,

ദൈവങ്ങളുടേയും സ്വർണ്ണത്തിന്റെയും കാവലാളുകൾ

മരങ്ങളിൽ കായ്കളാവുകയും ചെയ്യും.

 

കലണ്ടറുകളെല്ലാം ഞാൻ മാറ്റിയെഴുതാം,

അതിൽ നിന്റെ മുൻപ്രണയങ്ങളുടെ തീയതികളുണ്ടാവുകയേയില്ല.

നീ ഓടിപ്പോകാറുണ്ടായിരുന്ന പാതകൾ

യൂറോപ്പിന്റെ ഭൂപടങ്ങളിൽ നിന്നു ഞാൻ മായ്ച്ചുകളയുകയും ചെയ്യാം.


മടങ്ങിവരൂ!

ലോകം പുതിയൊരു ജന്മമെടുക്കും,

വടക്കുനോക്കിയന്ത്രങ്ങൾക്ക് 

പുതിയൊരു കാന്തികദിശയുമുണ്ടാവും: നിന്റെ ഹൃദയം!


ഇവാൻ:

പൂവൻകോഴികളുടെ തുരുമ്പു പിടിച്ച നീട്ടിക്കൂവലുകൾ കേട്ടുണരുന്ന

കല്പണിക്കാരനെപ്പോലെ

എന്നും കാലത്തു ഞാനുണരുന്നു,

ചുറ്റും ഫ്രാൻസിലെ സകലമാന പക്ഷികളുമായി.

ഉയർന്നുയർന്നുവരുന്ന നമ്മുടെ പ്രണയത്തിന്റെ ചട്ടക്കൂടിലേക്ക്

പിന്നെ ഞാൻ പൊത്തിപ്പിടിച്ചുകയറുന്നു.

നാമൊരു പൂമുഖം പണിയുന്നു.

കല്ലിന്മേൽ കല്ലു വച്ച്.

നോവിന്മേൽ നോവു വച്ച്.

കണ്ണീരും സിമന്റും കുഴച്ച്.

പിന്നൊരിക്കൽ, നമ്മുടെ വയസ്സുകാലത്ത്,

മിണ്ടാതെ, പറയാതെ, ആട്ടുകട്ടിലിൽ നമുക്കിരിക്കാനായി,

ഓർമ്മകളുടെ മുന്നിൽ,

നമ്മുടെ സ്വന്തം ജീവിതത്തിനു മുന്നിൽ.


ഇവാൻ:

എവിടെയും നിന്റെ കണ്ണുകൾ:

ജ്ഞാനവൃക്ഷത്തിൽ പഴുത്തുപാകമായ കനിയിൽ.


അന്ധയായ സ്ഫിങ്ക്സിന്റെ കണ്ണുകളെക്കാൾ

കടന്നുകാണുന്നവ നിന്റെ കണ്ണുകൾ.


അപ്രിക്കോട്ടിന്റെ മദാലസഹൃദയവുമായി

നിന്റെ കയ്ക്കുന്ന ബദാം കണ്ണുകൾ.


ടിബറ്റിലെ ആട്ടിൻപറ്റത്തിൽ നിന്നു കട്ടെടുത്ത

നിന്റെ ചിത്രപുസ്തകക്കണ്ണുകൾ.


ഫ്രാൻസിലെ ഓരോ റോസാപ്പൂവിന്റെയും

കണ്ണിമകൾക്കടിയിൽ നിന്റെ കണ്ണുകൾ.


പുഴമീനുകളുടെ ചെതുമ്പലുകളിൽ

മയില്പീലികളിൽ നിന്റെ കണ്ണുകൾ.


അപായങ്ങളിലേക്കുള്ള പാതകളിൽ

പച്ചനിറത്തിൽ നിന്റെ ചക്രങ്ങൾ.


ഉന്മാദിയാകും വരെ ഞാനൂറ്റിക്കുടിക്കുന്ന

മദിര നിറഞ്ഞ നിന്റെ കണ്ണുകൾ.


നിന്റെ സ്വർഗ്ഗോയനേത്രങ്ങൾ

പേഴ്സ്യൂസിന്റെ ഇരട്ടനക്ഷത്രങ്ങൾ.


നിന്റെ മദ്ധ്യധരണ്യാഴിക്കണ്ണുകൾ,

അതിന്റെ കയത്തിൽ മുങ്ങിക്കിടന്നു ഞാൻ മന്ദഹസിക്കുന്നു.


ക്ലെയർ:

രാത്രിയിലിറങ്ങിപ്പോകരുതേ,

അപ്പാച്ചികൾ വന്നാക്രമിക്കും.

നിന്റെ പെട്ടി നിറയെയില്ലേ,

രണ്ടു കവിതകൾക്കിടയിലുണങ്ങിയ

അഞ്ചിലകളും ആറിലകളും?

കിനാക്കളാൽ വീർത്തതല്ലേ നിന്റെ കീശകൾ,

രാപ്പാടികളുടെ നെടുവീർപ്പുകളാലും?


ഹാ, എന്റെ കൂടെ നില്ക്കൂ!

നമുക്കൊരുമിച്ചു പൊരുളു തിരിക്കാം,

നിന്റെ ദൈനന്ദിനാർദ്രതകൾ

എന്റെ കൈകളിൽ കോറിവരച്ച ഗൂഢലിപികൾ.


രാത്രിയിലിറങ്ങിപ്പോകരുതേ,

നിന്റെ വിശുദ്ധമായ കാല്പാദങ്ങളാൽ

മലിനമായ മണ്ണിൽ തൊടരുതേ,

നിന്റെ പൂർവ്വികരുടെ മാലാഖച്ചിറകുകളാൽ

മാനത്തേക്കുയരുമെന്നായവനേ.


ഇവാൻ:

അവർ ചലിക്കുന്ന മഹാദുരന്തനാടകങ്ങളായിരുന്നു,

അവർ ചിന്താധീനരായ മേഘങ്ങളായിരുന്നു,

അവർ ഒരു ട്രാം ജനാലയിൽ കണ്ട സ്വപ്നമായിരുന്നു,

അവർ ഒരു പൊള്ളുന്ന കൈത്തലത്തിലെ മഞ്ഞായിരുന്നു,

അവർ മഴയുടെ വിഷാദമായിരുന്നു,

അവർ റഷ്യയിൽ നിന്നോ ബ്രസീലിൽ നിന്നോ ആയിരുന്നു,

അവർ സ്ത്രീകൾ പോലുമായിരുന്നില്ല,

ആ സ്ത്രീകൾ...


എന്നാൽ നീയോ,

എനിക്കു നിന്നെ അറിയുകപോലുമില്ലായിരുന്നു,

എനിക്കു നിന്നെ വിവരിക്കാൻ പോലുമറിയില്ലായിരുന്നു,

എന്നാലും നിന്നോടുള്ള പ്രണയം കൊണ്ടു നിറഞ്ഞവനാണു ഞാൻ!


ഇവാൻ:

അസൂയയുടെ ഋതുവാണിത്:

എന്റെ ജീവിതത്തിന്റെ ശിശിരത്തിൽ നിന്നും

ഇലകൾ പോലെന്റെ കണ്ണുകൾ കൊഴിയുന്നു.


വൈധവ്യം ഭവിച്ച കൈകളാൽ

മഴയെന്റെ മുടിയിൽ തലോടുന്നു.

സോദരീ, ശോകമേ,

എന്റെ കാറിന്റെ ഡിക്കിയിലിരിക്കുന്നവളേ,

എന്നെച്ചൊല്ലിക്കരയൂ!


പ്രണയം പോലെ
ഭാരിച്ചതല്ല

ഇരുമ്പും കറുത്തീയവും.


(ഇവാൻ ഗോളും ക്ലെയർ ഗോളും മുപ്പതു കൊല്ലത്തിനിടയിൽ എഴുതിയ പ്രണയകവിതകളുടെ സമാഹാരമായ ‘10000 പ്രഭാതങ്ങ’ളിൽ നിന്ന്)

2017, മാർച്ച് 25, ശനിയാഴ്‌ച

റില്ക്കെ - ഒരു യുവകവിക്കയച്ച കത്തുകൾ



വിയെനർ ന്യൂസ്റ്റാഡ്റ്റിലെ മിലിട്ടറി അക്കാദമിയിൽ ഓഫീസർ കേഡറ്റ് ആയിരുന്ന പത്തൊമ്പതുകാരൻ ഫ്രാൻസ് ക്സേവർ കാപ്പുസ് (Franz Xaver Kappus) റെയ്നർ മരിയ റിൽക്കേയ്ക്ക് ആദ്യത്തെ കത്തെഴുതുന്നത് 1902ലാണ്‌. റിൽക്കെ അന്ന് ഫ്രഞ്ച് ശില്പിയായ റോദാങ്ങിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയാണ്‌. തന്റെ കവിതകളെക്കുറിച്ചുള്ള റിൽക്കേയുടെ അഭിപ്രായമാണ്‌ കാപ്പുസ്സിന്‌ അറിയേണ്ടിയിരുന്നത്. ഒപ്പം താൻ ഏതു വഴിയിലേക്കാണ്‌ തിരിയേണ്ടതെന്ന് (സാഹിത്യകാരനായുള്ള ജീവിതം തിരഞ്ഞെടുക്കണോ അതോ മിലിട്ടറി പരിശീലനം പൂർത്തിയാക്കി ആസ്ട്രോ-ഹംഗേറിയൻ പട്ടാളത്തിൽ ഓഫീസറാവണോ) എന്നതിൽ ഉപദേശവും തേടുന്നുണ്ട്. റിൽക്കെയുടെ മറുപടി 1903 ഫെബ്രുവരി 17നാണ്‌. അങ്ങനെ തുടങ്ങിയ ആ കത്തിടപാട് 1908 ക്രിസ്തുമസ്സ് വരെ നീളുന്നു. 1929ലാണ്‌ കാപ്പുസ് റിൽക്കെ തനിക്കയച്ച പത്തു കത്തുകൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നത്.

ചെറുപ്പക്കാരനായ ഒരു കവിക്കയച്ച കത്തുകളായിട്ടല്ല, ചെറുപ്പക്കാരനായ ഒരു കവി എഴുതിയ കത്തുകളായി വേണം ഇതു വായിക്കേണ്ടതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. റിൽക്കേയ്ക്ക് അന്ന് 26 വയസ്സു മാത്രമേ പ്രായമായിട്ടുള്ളു. ചില കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും മഹാനായ ഒരു കവിയായി അദ്ദേഹത്തെ അടയാളപ്പെടുത്തുന്ന കവിതകൾ, Neue Gedichte പുതിയ കവിതകൾ (1907-1908) മുതലുള്ളവ, എഴുതാൻ കിടക്കുന്നതേയുള്ളു. കുടുംബപരവും സാമ്പത്തികവുമായ വൈഷമ്യങ്ങൾ പലതുമുണ്ടായിരുന്നു. റോദാങ്ങുമായുള്ള സഹവാസം അതേ വരെയുള്ള കാവ്യജീവിതത്തിൽ നിന്നു പൂർണ്ണമായ ഒരു വിച്ഛേദത്തിന്‌ അദ്ദേഹത്തെ നിർബ്ബന്ധിക്കുകയുമായിരുന്നു. റിൽക്കേ തന്നെ ഒരു കത്തിൽ പറയുന്നുണ്ട്: “നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തി നിങ്ങൾക്കു ചിലനേരം തുണയാവുന്ന ലളിതവും വിനീതവുമായ വാക്കുകൾക്കു പിന്നിൽ സ്വസ്ഥമായൊരു ജീവിതം നയിക്കുകയാണെന്നു കരുതരുതേ. വളരെയധികം വൈഷമ്യങ്ങളും സങ്കടങ്ങളും നിറഞ്ഞതാണയാളുടെ ജീവിതം, അവയെ നേരിടാൻ അതിനു തീരെ പ്രാപ്തിയുമില്ല. എന്നാൽ അതങ്ങനെയായിരുന്നില്ലെങ്കിൽ ആ വാക്കുകൾ അയാൾ കണ്ടെത്തുകയുമില്ല ”

റിൽക്കെ കാപ്പുസിനു നല്കുന്ന ഈ ഉപദേശങ്ങൾ അദ്ദേഹം തനിക്കു തന്നെ നല്കുന്നതായിട്ടു വേണം കാണാൻ. സ്വയം ഒരു തുടക്കക്കാരനായി മാറുകയാണദ്ദേഹം. അങ്ങനെയൊരാൾ സ്വന്തം ജീവിതവും കലയും ചിട്ടപ്പെടുത്തേണ്ടത് എങ്ങനെയാണെന്നതിനുള്ള പ്രമാണങ്ങളാണ്‌ ഈ കത്തുകളിൽ ഉടനീളം ചിതറിക്കിടക്കുന്നത്. ഒരർത്ഥത്തിൽ റോദാങ്ങായി മാറിയ റില്ക്കേയാണ്‌ ആ ഉപദേശി എന്നും വായിക്കാം. കാരണം, ആ ശില്പിയാണ്‌ കവിയെ പഠിപ്പിച്ചത്, ഏകാന്തതയാണ്‌ കലാകാരന്റെ സ്വരാജ്യമെന്ന്, കലയെ നിത്യത്തൊഴിലായി വേണം അയാള്‍ കാണേണ്ടതെന്ന്.


ആമുഖം


1902ലെ ശരത്കാലത്തിന്റെ അവസാനനാളുകൾ. വിയെന്നെർ ന്യൂസ്റ്റാഡ്റ്റിലെ മിലിട്ടറി അക്കാദമിയുടെ പാർക്കിൽ പുരാതനരായ ചെസ്റ്റ്നട്ട് മരങ്ങൾക്കടിയിൽ ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ്‌ ഞാൻ. അതിൽ അത്രയും മുഴുകിപ്പോയതു കാരണം അക്കാദമിയിലെ ചാപ്ളൈൻ പ്രൊഫസ്സർ ഹോറച്ചെക്ക് (പണ്ഡിതനും എല്ലാവരുടെയും സ്നേഹപാത്രവുമായ അദ്ദേഹം ഞങ്ങളുടെ അദ്ധ്യാപകരിൽ ആർമ്മി ഓഫീസറല്ലാത്ത ഒരേയൊരാളുമാണ്‌) അടുത്തു വന്നിരുന്നത് ഞാൻ അറിഞ്ഞില്ല. അദ്ദേഹം എന്റെ കൈയിൽ നിന്നു പുസ്തകം വാങ്ങി കവറിൽ ഒന്നു കണ്ണോടിച്ചിട്ട് തല കുലുക്കി. “റെയ്നർ മരിയ റിൽക്കെയുടെ കവിതകൾ?” എന്തോ ആലോചിച്ചുകൊണ്ടെന്നപോലെ അദ്ദേഹം ചോദിച്ചു. അദ്ദേഹം പേജുകൾ മറിച്ചുനോക്കി, ചില കവിതകൾ ഒന്നോടിച്ചു വായിച്ചു, എന്നിട്ട് ചിന്താധീനനായി വിദൂരതയിലേക്കു നോക്കിയിരുന്നു. ഒടുവിൽ തലയാട്ടിക്കൊണ്ടദ്ദേഹം പറഞ്ഞു, “അങ്ങനെ എന്റെ ശിഷ്യൻ റെനെ റിൽക്കെ കവിയായി.”

അങ്ങനെയാണ്‌ പതിനഞ്ചു കൊല്ലം മുമ്പ് കമ്മിഷൻഡ് ഓഫീസറാവാനായി സാങ്ക്റ്റ് പോൾട്ടനിലെ മിലിട്ടറി ലോവർ സ്കൂളിലേക്ക് അച്ഛനമ്മമാർ പറഞ്ഞയച്ച കൃശശരീരനായ, രക്തപ്രസാദമില്ലാത്ത ഒരു കുട്ടിയെക്കുറിച്ച് ഞാൻ അറിയുന്നത്. അക്കാലത്ത് ഹോറച്ചെക്ക് ചാപ്ളൈനായി അവിടെയുണ്ടായിരുന്നു; തന്റെ പൂർവ്വവിദ്യാർത്ഥിയെക്കുറിച്ച് അദ്ദേഹത്തിന്‌ നല്ല ഓർമ്മയുണ്ട്. ശാന്തസ്വഭാവിയായ, ഗൗരവക്കാരനായ, കഴിവുകളുള്ള ഒരു ചെറുപ്പക്കാരൻ; തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടുന്ന പ്രകൃതം; ഡോർമിറ്ററി ജീവിതത്തിന്റെ കാർക്കശ്യങ്ങളൊക്കെ അയാൾ ക്ഷമയോടെ സഹിച്ചുപോന്നു. നാലു കൊല്ലത്തിനു ശേഷം അയാളും മറ്റുള്ളവരോടൊപ്പം മാഹ്റിഷ്-വെയ്സ്കിർച്ചെനിലെ മിലിട്ടറി അപ്പർ സ്കൂളിലേക്കു മാറി. പക്ഷേ അവിടുത്തെ കഠിനമായ പരിശീലനം താങ്ങാനാവില്ലെന്നു തെളിഞ്ഞതിനാൽ മിലിട്ടറി വിദ്യാഭ്യാസം അവസാനിപ്പിച്ച് അദ്ദേഹം പ്രാഗിലേക്കു തന്നെ മടങ്ങി. അതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതം ഏതു വഴിക്കു തിരിഞ്ഞുവെന്ന് പ്രൊഫസ്സർ ഹോറച്ചെക്കിനറിയില്ല.

എന്റെ കവിതാശ്രമങ്ങൾ റെയ്നർ മരിയ റിൽക്കേക്കയച്ചുകൊടുക്കാനും അതിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായമറിയാനും അപ്പോൾത്തന്നെ ഞാൻ തീരുമാനമെടുത്തുവെങ്കിൽ അതെന്തുകൊണ്ടാണെന്നൂഹിക്കാൻ പ്രയാസമുണ്ടാവില്ലല്ലോ. എനിക്കന്ന് ഇരുപതു തികഞ്ഞിട്ടില്ല; എന്റെ ഉൾവിളികളോട് ഒരു തരത്തിലും പൊരുത്തപ്പെടാത്ത ഒരു തൊഴിലിലേക്കിറങ്ങാൻ നിർബ്ബന്ധിതനായി നില്ക്കുകയാണ്‌ ഞാൻ. എന്റെ സാഹചര്യം മനസ്സിലാക്കുന്ന ഒരാളുണ്ടെങ്കിൽ അത് “എന്നെ ആഘോഷിച്ചുകൊണ്ട്” എഴുതിയ കവി തന്നെ എന്നെനിക്കു വ്യക്തമായിരുന്നു. അങ്ങനെയൊരു ഉദ്ദേശ്യം ഇല്ലായിരുന്നെങ്കിലും കവിതകളോടൊപ്പം ഞാനൊരു കത്തു കൂടി വച്ചു; അതിനു മുമ്പോ പിമ്പോ മറ്റൊരാൾക്കും മുന്നിൽ ചെയ്യാത്ത പോലെ ഞാൻ ആ കത്തിൽ എന്നെത്തന്നെ തുറന്നുകാട്ടിയിരുന്നു.

ഒരു മറുപടി വരാൻ ആഴ്ചകൾ കഴിയേണ്ടിവന്നു. നീലനിറത്തിലുള്ള തപാൽമുദ്ര കത്തു വരുന്നത് പാരീസിൽ നിന്നാണെന്നു വ്യക്തമാക്കി. കൈയിലെടുത്തപ്പോൾ അതിന്റെ ഭാരം ഞാനറിഞ്ഞു; ആദ്യത്തെ വരി മുതൽ അവസാനത്തെ വരി വരെ ഉള്ളടക്കത്തിൽ കണ്ട വ്യക്തവും സുന്ദരവും ദൃഢവുമായ കൈപ്പട കത്തിന്റെ കവറിലും ഞാൻ ദർശിച്ചു. അങ്ങനെയാണ്‌ റെയ്നർ മരിയ റിൽക്കേയുമായുള്ള 1908 വരെ നീളുന്ന എന്റെ കത്തിടപാട് തുടങ്ങുന്നത്. ക്രമേണ കത്തുകൾക്കിടയിലെ കാലയളവ് ദീർഘിച്ചുവന്നു, ഒടുവിൽ കത്തുകൾ പൂർണ്ണമായി നിലയ്ക്കുകയും ചെയ്തു. കാരണം, ഞാനിറങ്ങരുതെന്ന് കവിയുടെ സ്നേഹോഷ്മളമായ ആകാംക്ഷ ആഗ്രഹിച്ച അതേ വഴികളിലേക്ക് അപ്പോഴേക്കും ജീവിതം എന്നെ തള്ളിവിട്ടിരുന്നു.

പക്ഷേ അതു പ്രധാനമല്ല. പ്രധാനം ഇനി വരുന്ന പത്തു കത്തുകളാണ്‌; റെയ്നർ മരിയ റിൽക്കെ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ലോകത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നല്കുന്നുവെന്നതിനാൽ പ്രധാനമാണവ; ഇന്നും ഇനി വരാനുള്ള കാലത്തും വളരുകയും വികാസം പ്രാപിക്കുകയും ചെയ്യുന്ന പലർക്കും പ്രധാനമാണവ. മഹാനും അതുല്യനുമായ ഒരാൾ സംസാരിക്കുന്നിടത്ത് ശേഷിച്ച നാം മിണ്ടാതിരിക്കുക തന്നെ വേണം.

ഫ്രാൻസ് ക്സേവർ കാപ്പുസ്

ബർലിൻ, 1929 ജൂൺ.


വിയെന്നെർ ന്യൂസ്റ്റാഡ്റ്റിലെ മിലിട്ടറി അക്കാദമി- Wiener Neustadt വിയന്നയ്ക്കു തെക്കുഭാഗത്തുള്ള ഒരു ചെറിയ നഗരം; ഇവിടെയുള്ള മിലിട്ടറി അക്കാദമി ലോകത്തിലെ തന്നെ ആദ്യത്തേതാണ്; 1752ല്‍ മരിയ തെരേസ സ്ഥാപിച്ചത്.

ഹോറച്ചെക്ക് – Horacek 1886 മുതല്‍ 1890 വരെ റില്‍ക്കേയുടെ അദ്ധ്യാപകനായിരുന്നു.

എന്നെ ആഘോഷിച്ചുകൊണ്ട് – Mir zur Feier 1899ല്‍ പുറത്തുവന്ന റില്‍ക്കേയുടെ കവിതാസമാഹാരം


1.

പാരീസ്, 1903 ഫെബ്രുവരി 7


പ്രിയപ്പെട്ട സർ,
നിങ്ങളുടെ കത്ത് കുറച്ചു നാളുകൾക്കു മുമ്പാണ്‌ എനിക്കു കിട്ടിയത്. അതിൽ പ്രകടമാവുന്ന അഗാധമായ സ്നേഹത്തിനും വിശ്വാസത്തിനും ഞാൻ നന്ദി പറഞ്ഞുകൊള്ളട്ടെ. അതിലധികമൊന്നും എനിക്കു ചെയ്യാനില്ല. നിങ്ങളുടെ കവിതയുടെ ശൈലിയെക്കുറിച്ച് അഭിപ്രായം പറയാൻ ഞാനാളല്ല. വിമർശിക്കാനുള്ള ഒരുമ്പാടുകൾ എന്റെ പ്രകൃതത്തിന്‌ അത്രയ്ക്കന്യവുമാണ്‌. ഒരു കലാസൃഷ്ടിയെ സ്വാധീനിയ്ക്കാൻ എന്തിനെങ്കിലുമാവുമെങ്കിൽ അതു വിമർശകന്റെ വാക്കുകൾക്കല്ലെന്നതു സുനിശ്ചയം. ദൗർഭാഗ്യകരമെന്നു പറയാവുന്ന തെറ്റിദ്ധാരണകളേ അതു ജനിപ്പിക്കൂ. അത്രയെളുപ്പം മനസ്സിലാവുന്നവയല്ല, വാക്കുകൾക്കു വഴങ്ങുന്നവയുമല്ല കാര്യങ്ങൾ, അങ്ങനെയല്ലെന്ന് ആളുകൾ നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും; പറഞ്ഞു ഫലിപ്പിക്കാനാവാത്തവയാണ്‌ അനുഭവങ്ങളധികവും; ഒരു വാക്കും ഇതേവരെ കടന്നുചെല്ലാത്തൊരിടത്താണ്‌ അവ നടക്കുന്നത്. കലാസൃഷ്ടികളാവട്ടെ, മറ്റേതിനെക്കാളും അവാച്യമായതും. ദുരൂഹസത്തകളാണവ, നമ്മുടെ ക്ഷണികജീവിതങ്ങളെ അതിജീവിക്കുന്ന ജന്മങ്ങൾ.
ഇങ്ങനെയൊരു തുടക്കത്തിനു ശേഷം ഇത്രമാത്രം ഞാൻ പറഞ്ഞുകൊള്ളട്ടെ: നിങ്ങളുടെ കവിതകൾക്ക് തനതായൊരു ശൈലി ഇനിയും കൈവന്നിട്ടില്ല. എന്നാല്ക്കൂടി വ്യക്തിപരമായ എന്തോ ഒന്നിന്റെ നിശ്ശബ്ദവും അദൃശ്യവുമായ തുടക്കങ്ങൾ അവയിൽ കാണാനുമുണ്ട്. ‘എന്റെ ആത്മാവ്’ എന്ന ഒടുവിലത്തെ കവിതയിൽ ഞാനതു പ്രത്യേകം ശ്രദ്ധിച്ചു. അതിൽ നിങ്ങളുടെ അന്തരാത്മാവിന്റേതായ എന്തോ ഒന്ന് പ്രകാശനത്തിലേക്കുയരാൻ ശ്രമിക്കുന്നുണ്ട്. ‘ലെപാർദിക്ക്’* എന്ന മനോഹരമായ കവിതയിലാവട്ടെ, മഹാനായ ആ ഏകാകിയുമായി ഏതോ വിധത്തിലുള്ള ചാർച്ച തെളിഞ്ഞുകാണുന്നുണ്ടെന്നു പറയുകയുമാവാം. എന്നാല്ക്കൂടി നിങ്ങളുടെ കവിതകൾക്ക് സ്വന്തം മേന്മകളുടെ ബലത്തിൽ പിടിച്ചുനില്ക്കാറായിട്ടില്ല; അത്രയ്ക്കു സ്വതന്ത്രമായിട്ടില്ലവ, ലെപാർദിയ്ക്കെഴുതിയ അവസാനത്തെ കവിത പോലും. കവിതകൾക്കൊപ്പം വച്ചിരുന്ന കത്തിൽ അവയുടെ ചില കുറവുകൾ സമ്മതിയ്ക്കാനും അവയെ വിശകലനം ചെയ്യാനും നിങ്ങൾ ശ്രമിച്ചിട്ടുമുണ്ട്; വായിച്ചുപോകുമ്പോൾ എനിക്കും അവ മനസ്സിൽ വന്നതാണെങ്കിലും ഇന്നതാണവയെന്നു പറയാൻ എനിക്കു കഴിഞ്ഞില്ലെന്നേയുള്ളു.
നിങ്ങളുടെ കവിതകളിൽ കാര്യമെന്തെങ്കിലുമുണ്ടോയെന്നു നിങ്ങൾ ചോദിക്കുന്നു. നിങ്ങളവ പ്രസാധകർക്കയച്ചുകൊടുക്കുന്നു. മറ്റു കവിതകളുമായി നിങ്ങൾ അവയെ താരതമ്യം ചെയ്യുന്നു. ചില പ്രസാധകർ നിങ്ങളുടെ പരിശ്രമങ്ങളെ തിരസ്കരിക്കുമ്പോൾ നിങ്ങൾക്കു വിഷമമാകുന്നു. നിങ്ങളെ ഉപദേശിക്കാൻ എനിക്കനുമതി തന്നതു കൊണ്ടു പറയുകയാണ്‌, ആ വകയൊക്കെ ദൂരെക്കളയുക. നിങ്ങൾ പുറത്തേക്കാണു നോക്കുന്നത്; നിങ്ങൾ ചെയ്യരുതാത്തതും അതു തന്നെ. ആർക്കും, ആർക്കുമാവില്ല നിങ്ങളെ ഉപദേശിക്കാൻ, സഹായിക്കാനും.


ഒരു വഴിയേയുള്ളു: ഉള്ളിലേക്കിറങ്ങുക. എഴുതാൻ നിങ്ങളെ അനുശാസിക്കുന്ന പ്രചോദനമേതെന്ന് കണ്ടെത്തുക; നിങ്ങളുടെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് അതിന്റെ വേരുകളോടിയിട്ടുണ്ടോയെന്ന് നോക്കുക. എഴുതരുതെന്നൊരു വിലക്കു വന്നാൽ മരിക്കുക തന്നെ തനിക്കു ഗതി എന്നൊരവസ്ഥയിലേക്കു താനെത്തിയിട്ടുണ്ടോയെന്നു സ്വയം ചോദിക്കുക. അതിനൊക്കെയുപരി രാത്രിയുടെ ഏറ്റവും നിശ്ശബ്ദമായ മുഹൂർത്തത്തിൽ ഇങ്ങനെ സ്വയം ചോദ്യം ചെയ്യുക: ഞാൻ എഴുതണോ? സത്യസന്ധമായ ഒരുത്തരത്തിനായി തനിക്കുള്ളിലേക്ക് ആഴത്തിലാഴത്തിൽ കുഴിച്ചിറങ്ങുക. മുഴങ്ങുന്നൊരു സമ്മതമാണു മറുപടിയെങ്കിൽ, ഗൗരവപൂർണ്ണമായ ആ ചോദ്യത്തെ ‘എഴുതണം’ എന്ന ലളിതമായ മറുപടി കൊണ്ട് ആത്മവിശ്വാസത്തോടെ നേരിടാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എങ്കില്പ്പിന്നെ നിങ്ങൾക്കതിന്മേൽ സ്വന്തം ജീവിതം പടുത്തുയർത്താം. ഇപ്പോഴതു നിങ്ങളുടെ ജീവിതാവശ്യമായി മാറിയിരിക്കുന്നു. എത്ര നിസ്സാരവും അഗണ്യവുമായ മുഹൂർത്തത്തിലുമാവട്ടെ, ആ ഒരു ത്വരയുടെ ചിഹ്നമായിരിക്കണം, പ്രമാണപത്രമായിരിക്കണം നിങ്ങളുടെ ജീവിതം.
എന്നിട്ടുപിന്നെ നിങ്ങൾ പ്രകൃതിയിലേക്കടുക്കുക. താൻ തന്നെ ആദിമനുഷ്യൻ എന്ന നാട്യത്തോടെ കാണുന്നതും അനുഭവിക്കുന്നതും സ്നേഹിക്കുന്നതും നഷ്ടപ്പെടുന്നതുമൊക്കെ എഴുതിവയ്ക്കുക. പ്രണയകവിതകൾ എഴുതാൻ പോകരുത്, തുടക്കത്തിലെങ്കിലും; ഏറ്റവും കടുത്ത വെല്ലുവിളികളാണവ. മികച്ചതും, ചിലനേരം ഗംഭീരവുമായ പാരമ്പര്യങ്ങൾ ആ വകയിൽ സമൃദ്ധമായിരിക്കെ വ്യക്തിപരവും അന്യാദൃശവുമായതൊന്നു സൃഷ്ടിക്കാൻ ഉന്നതവും പാകമെത്തിയതുമായ ശേഷികൾ തന്നെ വേണം. പൊതുവിഷയങ്ങളെ കരുതിയിരിക്കുക. നിത്യജീവിതം വച്ചുകാട്ടുന്ന വിഷയങ്ങളെ കൈയെത്തിപ്പിടിക്കുക. നിങ്ങളുടെ സന്താപങ്ങളെയും അഭിലാഷങ്ങളെയും കുറിച്ചെഴുതുക; നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളെയും, സുന്ദരമായതേതിലുമുള്ള വിശ്വാസത്തെയും കുറിച്ചെഴുതുക. അതൊക്കെയും വർണ്ണിക്കുക, അകം നിറഞ്ഞ, നിശ്ശബ്ദമായ, എളിമപ്പെട്ട ആത്മാർത്ഥതയോടെ. ചുറ്റും കാണുന്ന വസ്തുക്കളെ, നിങ്ങളുടെ സ്വപ്നരംഗങ്ങളെ, നിങ്ങളുടെ ഓർമ്മയ്ക്കു വിഷയമാവുന്നവയെ ആത്മാവിഷ്കാരത്തിനുപയോഗപ്പെടുത്തുക.


നിങ്ങളുടെ നിത്യജീവിതം കവിതയ്ക്കു വിഷയമാവാൻ മാത്രം സമ്പന്നമല്ലെന്നു തോന്നുന്നുവെങ്കിൽ ജീവിതത്തെ പഴി ചാരാൻ പോകരുത്, സ്വയം പഴിയ്ക്കുക. ജീവിതത്തിന്റെ ധന്യതകളെ ആവാഹിച്ചുവരുത്താൻ പ്രാപ്തനായ കവിയായിട്ടില്ല ഇനിയും താനെന്നു പരിതപിക്കുക. എന്തെന്നാൽ സർഗ്ഗധനനായ കലാകാരനു ദാരിദ്ര്യമേയില്ല- യാതൊന്നും അപ്രധാനമല്ലയാൾക്ക്, അഗണ്യവുമല്ല. ഇനിയഥവാ, നിങ്ങളൊരു തടവറയിലാണെന്നും, പുറംലോകത്തിന്റെ ശബ്ദങ്ങളിൽ നിന്നു നിങ്ങളെ കൊട്ടിയടയ്ക്കുകയാണ്‌ അതിന്റെ ചുമരുകളെന്നുമിരിക്കട്ടെ, അപ്പോഴും നിങ്ങൾക്കു സ്വന്തമായിട്ടുണ്ടല്ലോ നിങ്ങളുടെ ബാല്യകാലം, വിലമതിയ്ക്കാനാവാത്ത ആ രത്നം, ഓർമ്മകളുടെ ആ ഭണ്ഡാഗാരം. അതിലേക്കു നിങ്ങൾ ശ്രദ്ധ തിരിയ്ക്കുക. വിദൂരമായ ഒരു ഭൂതകാലത്തിന്റെ മണ്ണമർന്ന അനുഭൂതികളെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുക. ആത്മവിശ്വാസം നിങ്ങൾക്കു കൈവരും. നിങ്ങളുടെ ഏകാന്തത വികസ്വരമാവുകയും, സാന്ധ്യവെളിച്ചത്തിൽ നിങ്ങൾക്കു കുടിയേറാനൊരിടമാവുകയും ചെയ്യും. പുറംലോകത്തിന്റെ ആരവങ്ങൾ അകലെയകലെക്കൂടി കടന്നുപൊയ്ക്കൊള്ളും.


ആത്മാരാമനായിരിക്കുന്ന ഈ അവസ്ഥയിൽ നിന്ന്, ഈ സമാധിയിൽ നിന്ന് കവിത പുറപ്പെട്ടാലാവട്ടെ, അതു നല്ല കവിതയാണോയെന്നു നിങ്ങൾ ചോദിച്ചുനടക്കുകയുമില്ല. അവയിലേക്കു പ്രസാധകരെ ആകർഷിച്ചുവരുത്താൻ നിങ്ങൾ ശ്രമിക്കുകയുമില്ല . കാരണം അവയിൽ നിങ്ങൾ കേൾക്കുക നിങ്ങളുടെ തന്നെ ശബ്ദമായിരിക്കും. അവയിൽ നിങ്ങൾ കാണുക നിങ്ങളുടെ ജീവിതാംശമായിരിക്കും. നിങ്ങളുടെ ജന്മസ്വത്തായിരിക്കുമത്. ഒരു കലാസൃഷ്ടി ഉന്നതമായിരിക്കും, ഒരനിവാര്യതയിൽ നിന്നാണ്‌ അതു ജന്മമെടുത്തതെങ്കിൽ. ഇതല്ലാതെ മറ്റൊരു മാനദണ്ഡവുമില്ല.
അതിനാൽ, എന്റെ പ്രിയസുഹൃത്തേ, എനിക്കു തരാൻ ഈയൊരുപദേശമേയുള്ളു: ഉള്ളിലേക്കിറങ്ങി സ്വന്തം ജീവിതം ഉറവെടുക്കുന്നത് എത്രയാഴത്തിലാണെന്നു കണ്ടെത്തുക; ആ സ്രോതസ്സിലുണ്ടാവും താനെഴുതണോയെന്ന ചോദ്യത്തിനുള്ള ഉത്തരം. ആ ഉത്തരം കൈയേല്ക്കുക, അതേപടി, വിശകലനത്തിനൊന്നും നില്ക്കാതെ. എഴുത്തുകാരനാവുക എന്നതാണു തന്റെ നിയോഗമെന്ന് നിങ്ങൾക്കൊരുപക്ഷേ തെളിഞ്ഞുകിട്ടിയെന്നുവരാം. എങ്കിൽ ആ വിധി ഏറ്റെടുക്കുക. അതിന്റെ ഭാരവും അതിന്റെ പ്രതാപവും പേറുക. പുറമേ നിന്ന് എന്തു പ്രതിഫലമാണതിനു ലഭിക്കുക എന്നു ചോദിക്കുകയുമരുത്. എന്തെന്നാൽ കലാകാരൻ തന്നിലടങ്ങിയ ഒരു ലോകമായിരിക്കണം; തനിയ്ക്കു വേണ്ടതൊക്കെ അയാൾ തന്നിൽ നിന്നു തന്നെ കണ്ടെത്തണം; പിന്നെ, താൻ പരിണയിച്ച പ്രകൃതിയിൽ നിന്നും.


തന്നിലേക്കും, തന്റെ ഏകാന്തതയിലേക്കുമുള്ള ഈ അവരോഹണത്തിനു ശേഷവും കാവ്യജീവിതം നിങ്ങൾക്കു ത്യജിക്കേണ്ടിവന്നുവെന്നു വരാം. ഞാൻ പറഞ്ഞപോലെ, എഴുതാതെ ജീവിക്കാമെന്നൊരു തോന്നലു വന്നുകഴിഞ്ഞാൽ എഴുത്തു നിർത്താൻ അതുമതി. അപ്പോൾക്കൂടി ഞാൻ പറയുന്ന ഈ ആത്മാന്വേഷണം ഫലമില്ലാത്തതാവുന്നില്ല. അതില്പ്പിന്നെ നിങ്ങളുടെ ജീവിതം അതിന്റെ വഴി തെളിച്ചുപൊയ്ക്കൊള്ളും. നന്മ നിറഞ്ഞതായിരിക്കും ആ വഴികൾ, സമൃദ്ധവും വിശാലവുമായിരിക്കുമവ.


വേറെന്തു ഞാൻ നിങ്ങളോടു പറയാൻ? വേണ്ടതൊക്കെ മതിയായ ഊന്നലുകളോടെ പറഞ്ഞുകഴിഞ്ഞുവെന്ന് എനിക്കു തോന്നുന്നു. സ്വന്തം വികാസത്തിലൂടെ നിങ്ങൾ കടന്നുപോകുന്നത് അടക്കത്തോടെയും ഭവ്യതയോടെയുമാവണമെന്നും ഞാൻ ഉപദേശിക്കട്ടെ. ആ പ്രക്രിയയിൽ വല്ലാത്ത തടസ്സമാവും, നിങ്ങൾ പുറത്തേക്കു നോക്കുകയാണെങ്കിൽ, നിങ്ങൾ എത്രയും മൗനിയായിരിക്കുന്ന മുഹൂർത്തത്തിൽ സ്വന്തം ആന്തരാനുഭൂതികളിൽ നിന്നു പുറപ്പെട്ടുവെന്നു വന്നേക്കാവുന്ന ഉത്തരങ്ങൾ പുറത്തു നിന്നെത്തുമെന്നാണു നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ.
നിങ്ങളുടെ കത്തിൽ പ്രൊഫസർ ഹോറച്ചെക്കിന്റെ പേരു കണ്ടപ്പോൾ സന്തോഷം തോന്നി. ദയാലുവും പണ്ഡിതനുമായ അദ്ദേഹത്തിന്റെ പേരിൽ വലുതായ ആദരവുണ്ടെനിക്ക്, തീരാത്ത കടപ്പാടും. എന്റെ മനസ്സിലുള്ളത് അദ്ദേഹത്തെ ഒന്നറിയിക്കുമല്ലോ? അദ്ദേഹം എന്നെ ഓർമ്മ വയ്ക്കുന്നുവെന്നത് ആ വലിയ മനസ്സിനെയാണു കാണിക്കുന്നത്; ഞാനതിനെ മതിപ്പോടെ കാണുകയും ചെയ്യുന്നു.


നിങ്ങൾ എന്നെ ഏല്പ്പിച്ച കവിതകൾ തിരിച്ചയക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കും ആത്മാർത്ഥമായ വിശ്വാസത്തിനും ഒരിക്കല്ക്കൂടി നന്ദി പറയട്ടെ; ആ ചോദ്യങ്ങൾക്ക് എന്റെ കഴിവിനൊത്ത വിധം മറുപടി പറയുന്നതിലൂടെ നിങ്ങൾക്കറിവില്ലാത്ത എന്നെ ഒരല്പം കൂടി വിലകൂട്ടിക്കാണാൻ ശ്രമിക്കുകയുമായിരുന്നു ഞാൻ.
എത്രയും ആത്മാർത്ഥതയോടെ,


റെയ്നർ മരിയ റില്ക്കെ.



*ലെപാര്ദി - Giacomo Leopardi (1798-1937)- ഇറ്റാലിയന്‍ കവിയും ചിന്തകനും ഭാഷാശാസ്ത്രജ്ഞനും.

 

2.

വിയാറെഗിയോ, 1903 ഏപ്രിൽ 5


ഫെബ്രുവരി 24 ന്‌ നിങ്ങളയച്ച കത്തിനെ നന്ദിപൂർവമോർക്കാൻ ഇന്നേ എനിക്കു കഴിഞ്ഞുള്ളുവെങ്കിൽ നിങ്ങളതു പൊറുക്കണം, പ്രിയപ്പെട്ട സർ. ഇത്രനാളായി ഞാൻ സുഖമില്ലാതിരിക്കുകയായിരുന്നു. എന്തെങ്കിലും രോഗമായിരുന്നുവെന്നു പറയാനില്ല. പക്ഷേ പകർച്ചപ്പനി പോലൊന്നു പിടിച്ചു തളർന്നുകിടക്കുകയായിരുന്നു ഞാൻ. ഒന്നിനുമുള്ള കെല്പ്പെനിക്കുണ്ടായിരുന്നില്ല. ഒടുവിൽ ഒരു ഭേദവുമില്ലാതെ വന്നപ്പോൾ ഈ തെക്കൻകടലോരത്തേക്കു പോരുകയായിരുന്നു ഞാൻ. മുമ്പൊരിക്കൽ ഇതിന്റെ ദാക്ഷിണ്യം കൊണ്ട് ഞാൻ സ്വാസ്ഥ്യം വീണ്ടെടുക്കുകയുണ്ടായിട്ടുണ്ട്. ഇപ്പോഴും നല്ല സുഖമായെന്നു പറയാനായിട്ടില്ല. എഴുതുക ദുഷ്കരം; അതിനാൽ ഈ ചില വരികളെ ഞാൻ എഴുതുമായിരുന്ന വിപുലമായൊരു കത്തിനു പകരമായിട്ടെടുക്കുക തന്നെ വേണം.
നിങ്ങളുടെ ഓരോ കത്തും എന്തുമാത്രം ആഹ്ളാദമാണ്‌ എനിക്കെത്തിക്കുന്നതെന്ന കാര്യം ഞാൻ പറയേണ്ടല്ലോ. പക്ഷേ മറുപടികളുടെ കാര്യത്തിൽ നിങ്ങൾ ക്ഷമ കാണിക്കാതെയും പറ്റില്ല. പലപ്പോഴും വെറുംകൈയുമായി മടങ്ങേണ്ടി വന്നുവെന്നും വരാം. എന്തെന്നാൽ നമ്മളോടത്രയുമടുത്ത, നമുക്കത്രയും പ്രധാനപ്പെട്ട സംഗതികളുടെ കാര്യം വരുമ്പോൾ പറയരുതാത്ത വിധം എകാകികളായിപ്പോവുകയാണു നമ്മൾ. ഒരാൾക്കു മറ്റൊരാളെ ഉപദേശിക്കാൻ, ഒന്നു സഹായിക്കാൻ തന്നെയും, എത്രയൊക്കെ സംഭവിക്കേണ്ടിയിരിക്കുന്നു: വ്യത്യസ്തമായ എത്ര ഘടകങ്ങൾ ഒന്നുചേരേണ്ടിയിരിക്കുന്നു; അങ്ങനെയൊന്ന് ഒരിക്കലെങ്കിലും സംഭവിക്കണമെങ്കിൽ കാര്യങ്ങളുടെ ഒരു നക്ഷത്രമണ്ഡലം തന്നെ നിരക്കേണ്ടിയിരിക്കുന്നു.


രണ്ടു സംഗതികളെക്കുറിച്ചു മാത്രമേ ഞാനിന്നു പറയുന്നുള്ളു:
ഐറണി(വിരുദ്ധോക്തി)യാണൊന്ന്. അതു നിങ്ങളെ നിയന്ത്രിക്കാൻ നിന്നുകൊടുക്കരുത്, നിങ്ങളുടെ സർഗ്ഗശേഷി പ്രകടമാവാത്ത സന്ദർഭങ്ങളിൽ പ്രത്യേകിച്ചും. നിങ്ങളുടെ സർഗ്ഗാത്മകമുഹൂർത്തങ്ങളിൽ ജിവിതത്തെ കൂടുതൽ നന്നായി മനസ്സിലാക്കാനുള്ള സാമഗ്രികളിലൊന്നായി അതിനെയും ഉപയോഗപ്പെടുത്തിക്കോളൂ. ശുദ്ധമായ ഉദ്ദേശ്യത്തോടെയാണ്‌ നിങ്ങളതിനെ ഉപയോഗപ്പെടുത്തുന്നതെങ്കിൽ അതും ശുദ്ധം തന്നെ. നിങ്ങൾക്കതിൽ നാണക്കേടു തോന്നേണ്ട കാര്യം വരുന്നില്ല. അതേസമയം ഐറണിയുടെ പിടി വിടാത്ത ഒരു വീക്ഷണത്തെ കരുതിയിരിക്കുകയും വേണം; പകരം, ഉന്നതവും  ഗൗരവപൂർണ്ണവുമായ വിഷയങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിയട്ടെ. അവയുടെ സാന്നിദ്ധ്യത്തിൽ ഐറണി നിറം കെട്ടു വിളറുകയും നിസ്സഹായമാവുകയും ചെയ്യുന്നതു കാണാം. വസ്തുക്കളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുക; ഐറണി അത്രയുമാഴത്തിലേക്കിറങ്ങിവരാൻ പോകുന്നില്ല. നിങ്ങളുടെ ആ പര്യവേക്ഷണത്തിനിടെ മഹത്വത്തിന്റെ വക്കിലേക്കു നിങ്ങളെത്തിപ്പെടുകയാണെന്നിരിക്കട്ടെ, നിങ്ങൾ സ്വയമൊന്നു വിചാരണ ചെയ്യുക, നിങ്ങളുടെ ആത്മവത്തയുടെ ഏതെങ്കിലുമൊരനിവാര്യതയിൽ നിന്നാണോ ഈ ഒരു വീക്ഷണം ഉറവെടുക്കുന്നതെന്ന്. എന്തെന്നാൽ ഗൗരവപൂർണ്ണമായ വസ്തുക്കളുമായുള്ള ആഘാതത്തിൽ ഒന്നുകിലത് നിങ്ങളിൽ നിന്നു കൊഴിഞ്ഞുപോകും, വെറും ആകസ്മികമായിരുന്നു അതെങ്കിൽ; ഇനിയല്ല, നിങ്ങൾക്കു നിസർഗ്ഗജമായ ഒന്നാണതെങ്കിൽ ഗണനീയമായ ഒരുപകരണമായി അതു കരുത്തു നേടുകയും ചെയ്യും; നിങ്ങളുടെ കലാകർമ്മത്തിനു വേണ്ടിവരുന്ന മറ്റെല്ലാ ഉപകരണങ്ങൾക്കുമിടയിൽ അതു തന്റെ സ്ഥാനവും കണ്ടെത്തും.


രണ്ടാമതൊന്നു പറയാനുള്ളതിതാണ്‌:
എന്റെ പുസ്തകങ്ങളിൽ അനുപേക്ഷണീയമെന്ന് എനിക്കു തോന്നിയിട്ടുള്ളത് വളരെ ചുരുക്കമേയുള്ളു. അവയിൽ രണ്ടെണ്ണം സദാസമയവും എന്റെ വിരൽത്തുമ്പുകളിലുണ്ട്, ഞാനെവിടെയായിരുന്നാലും. ഇപ്പോഴും അവ എന്നോടൊപ്പമുണ്ട്: ബൈബിളും, മഹാനായ ഡാനിഷ് എഴുത്തുകാരൻ ജെൻസ് പീറ്റർ ജേക്കബ്സന്റെ പുസ്തകങ്ങളും. നിങ്ങൾ അവയെക്കുറിച്ചു കേട്ടിട്ടുണ്ടോയെന്ന് എനിക്കു സംശയമാണ്‌. സുലഭമാണവ; അവയിൽ ചിലത് ഒന്നാന്തരം വിവർത്തനങ്ങളായി കിട്ടാനുണ്ട്. ഡി. പി. ജേക്കബ്സന്റെ ആറു കഥകൾ എന്ന ചെറുപുസ്തകവും നീൽസ് ലൈൺ എന്ന നോവലും തേടിപ്പിടിക്കുക; ആദ്യം പറഞ്ഞതിലെ മോഗൻസ് എന്ന കഥ വച്ചു തുടങ്ങുക. ഒരു ലോകമങ്ങനെ തന്നെ വന്ന് നിങ്ങളെ ആശ്ളേഷിക്കും- ഒരു ലോകത്തിന്റെ ആനന്ദങ്ങൾ, സമൃദ്ധികൾ, ഗ്രഹണാതീതമായ വൈപുല്യവും! ആ പുസ്തകങ്ങളിൽ ഒരല്പനേരം ജീവിക്കുക. പഠിക്കാനെന്തെങ്കിലുമുള്ളതായി തോന്നുന്നുവെങ്കിൽ അവയിൽ നിന്നതു പഠിക്കുക; അതിലുമുപരി അവയെ സ്നേഹിക്കുക. നിങ്ങളുടെ ജീവിതം ഏതു വഴിക്കും തിരിഞ്ഞോട്ടെ, ആ സ്നേഹം ആയിരമായിരം ഇരട്ടിയായി നിങ്ങൾക്കു മടക്കിക്കിട്ടും. നിങ്ങളുടെ സത്തയുടെ ചുരുൾ നിവരുന്ന ചിത്രകംബളത്തിൽ ആ സ്നേഹവും ഒരിഴയിടും, നിങ്ങളുടെ അനുഭവങ്ങളുടെ, നൈരാശ്യങ്ങളുടെ, ആഹ്ളാദങ്ങളുടെ ഇഴയടുപ്പത്തിൽ പ്രാധാന്യമുള്ള മറ്റൊരിഴയായി.
സർഗ്ഗാത്മകതയുടെ സാരം ഇന്നതാണെന്ന അനുഭവം, അതിന്റെ ആഴങ്ങൾ, അതിന്റെ ചിരസ്ഥായിത്വം ഇതൊക്കെ എന്നെ പഠിപ്പിച്ചതാരെന്ന് എന്നോടു നിർബന്ധിച്ചു ചോദിച്ചാൽ എനിക്കു പേരെടുത്തു പറയാൻ രണ്ടാളുകളേയുള്ളു: എഴുത്തുകാരിൽ അത്യുന്നതനായ ആ ജേക്കബ്സൺ, പിന്നെ ആഗസ്റ്റ് റോദാങ്ങ് എന്ന ശില്പിയും. ഇന്നു ജീവിച്ചിരിക്കുന്ന കലാകാരന്മാരിൽ ഇവർക്കു സമാനരായി മറ്റൊരാളില്ല.
നിങ്ങളുടെ വഴികൾ വിജയം നിറഞ്ഞതാവട്ടെ!


സ്വന്തം,
റെയിനർ മറിയ റിൽക്കെ



വിയാറെഗിയോ Viareggio – ഇറ്റലിയിലെ പിസായ്ക്കടുത്തുള്ള സ്ഥലം

ജെൻസ് പീറ്റർ ജേക്കബ്സൺ -Jens Peter Jacobsen (1847-1885) -ഡാനിഷ് കവിയും നോവലിസ്റ്റും.

ആഗസ്റ്റ് റോദാങ്ങ് -  Auguste Rodin (1840-1917) - ആധുനികശില്പകലയുടെ പിതാവെന്നറിയപ്പെടുന്ന ഫ്രഞ്ച് ശില്പി; അദ്ദേഹത്തെക്കുറിച്ച് ഒരു പ്രബന്ധമെഴുതാന്‍ പാരീസിലെത്തിയ റില്‍ക്കെ കുറച്ചു കാലം അദ്ദേഹത്തിന്റെ സെക്രട്ടറിയാവുകയും ചെയ്തു.

 

3.

വിയാറെഗിയോ, പിസായ്ക്കടുത്ത്, ഇറ്റലി
1903 ഏപ്രിൽ 23


ഈസ്റ്റർ നാളിലെ നിങ്ങളുടെ കത്ത് എന്നെ വല്ലാതെ ആഹ്ളാദിപ്പിച്ചു, പ്രിയപ്പെട്ട സർ; നിങ്ങളെക്കുറിച്ച് അത്രയും നല്ല കാര്യങ്ങൾ അതിലുണ്ടായിരുന്നല്ലോ. ജേക്കബ്സന്റെ മഹത്തും പ്രിയങ്കരവുമായ കലയെക്കുറിച്ചു നിങ്ങളെഴുതിയ രീതി കണ്ടപ്പോൾ എനിക്കു ബോദ്ധ്യമായി, നിങ്ങളുടെ ജീവിതത്തെ അതിന്റെ നിരവധി ചോദ്യങ്ങളോടൊപ്പം ആ അക്ഷയഖനിയിലേക്കു വഴി കാട്ടിയതിൽ എനിക്കു പിശകിയിട്ടില്ലെന്ന്.


നീൽസ് ലൈൺ,* ഗഹനവും ഗംഭീരവുമായ ആ പുസ്തകം ആവർത്തിച്ചു വായിക്കുംതോറും നിങ്ങൾക്കു മുന്നിൽ പതിയെപ്പതിയെ സ്വയം അനാവൃതമാവും. സർവതും അതിലടങ്ങിയിരിക്കുന്ന പോലെയാണ്‌, ജീവിതത്തിന്റെ ഏറ്റവും നേർത്ത പരിമളം മുതൽ മൂത്തു കനത്ത കനികളുടെ നിറഞ്ഞ സ്വാദു വരെ. മനസ്സിലാകാത്തതായി, അനുഭവമില്ലാത്തതായി യാതൊന്നുമതിലുണ്ടാവില്ല; ഓർമ്മയിൽ പരിചിതമായ ഒരനുരണനമുണർത്താത്തതായി ഒന്നുമതിലുണ്ടാവില്ല. ഒരനുഭവവും അഗണ്യമാകുന്നില്ല- വിധി പോലെ അനാവൃതമാവുകയാണ്‌ ഏറ്റവും നിസ്സാരമായ ഒരു സംഭവം പോലും. വിധിയോ, വിചിത്രവും വിപുലവുമായ ഒരു ചിത്രകംബളവും; ആ കംബളത്തിൽ അവാച്യമായ വിധത്തിൽ മൃദുവായൊരു ഒരു കരത്തിന്റെ നിദേശത്തിൻ പടി ഓരോ ഇഴയും മറ്റൊരിഴയ്ക്കരികിൽ ഇടം നേടുകയും, മറ്റു നൂറിഴകളോടിണങ്ങിച്ചേരുകയുമാണ്‌.


ആദ്യമായി നിങ്ങൾ ഈ പുസ്തകം വായിക്കുമ്പോൾ എത്രയും വലുതായൊരു ആഹ്ളാദമാവും നിങ്ങളനുഭവിക്കുക; പുതുമ നിറഞ്ഞൊരു സ്വപ്നത്തിലെന്നപോലെ എണ്ണമറ്റ വിസ്മയങ്ങളിലൂടെ നിങ്ങൾ കടന്നുപോവുകയും ചെയ്യും. അതേ അത്ഭുതാദരങ്ങൾ വിടാതെയാവും പില്ക്കാലത്തും നിങ്ങളതു വായിക്കുക എന്നും ഞാൻ പറയുന്നു; ആദ്യവായനയിൽ നിങ്ങളെ കീഴടക്കിയ അസാധാരണമായ ആ ശക്തിയും യക്ഷിക്കഥകളുടെ വശ്യതയും അല്പം പോലും ചോർന്നുപോയിട്ടുണ്ടാവില്ല.


നിങ്ങൾ കൂടുതൽ കൂടുതൽ സന്തുഷ്ടനും, കൃതജ്ഞനുമാവുന്നതേയുള്ളു; നിങ്ങളുടെ ജീവിതദർശനം ഏതോ വിധത്തിൽ കൂടുതൽ തെളിഞ്ഞതും, ലളിതവുമാകുന്നതേയുള്ളു. നിങ്ങൾക്കു ജീവിതത്തെ വിശ്വസിക്കാമെന്നാവുകയാണ്‌, നിങ്ങൾ തൃപ്തനാവുകയാണ്‌, താനത്രയ്ക്കു നിന്ദ്യനല്ലെന്നും നിങ്ങൾക്കു തോന്നുകയാണ്‌.


പിന്നീടു നിങ്ങൾ *മേരീ ഗ്രബ്ബേയുടെ വിധിയും അഭിലാഷങ്ങളും വിവരിക്കുന്ന ആ ഗംഭീരപുസ്തകവും, ജേക്കബ്സന്റെ കത്തുകളും ഡയറിക്കുറിപ്പുകളും, ഒടുവിലായി അദ്ദേഹത്തിന്റെ കവിതകളും വായിക്കണം. നിങ്ങളുടെ മനസ്സിൽ ആ കവിതകൾ ഒടുങ്ങാത്ത അനുരണനങ്ങളുയർത്തും- അത്ര നന്നായിട്ടില്ല അവയുടെ പരിഭാഷകളെങ്കില്പ്പോലും. പറ്റിയ സമയമെത്തുമ്പോൾ ജേക്കബ്സന്റെ സമ്പൂർണ്ണകൃതികളുടെ മനോഹരമായ പതിപ്പു വാങ്ങണമെന്നുകൂടി ഞാൻ ഉപദേശിക്കട്ടെ. ഇപ്പറഞ്ഞതെല്ലാം അതിലുണ്ട്.


‘റോസാപ്പൂക്കൾ വേണ്ടിയിരുന്നു’* എന്നതിനെക്കുറിച്ചാണെങ്കിൽ - താരതമ്യമില്ലാത്ത വാഗ്മിതയുടെയും രൂപത്തിന്റെയും ആ രചനയുടെ കാര്യത്തിൽ അവതാരികാകാരന്റെ വീക്ഷണത്തെ നിരാകരിക്കുന്ന നിങ്ങളുടെ അഭിപ്രായം ഒരു തർക്കത്തിനുമിടം കൊടുക്കാത്ത രീതിയിൽ തീർത്തും ശരി തന്നെ. സാഹിത്യവിമർശനങ്ങൾ കഴിയുന്നത്ര വായിക്കാതിരിക്കുക എന്നൊരു നിർദ്ദേശം നിങ്ങളുടെ മുന്നിൽ വയ്ക്കാൻ ഈ സന്ദർഭത്തിൽ എനിക്കു തോന്നുകയാണ്‌.അവ ഒന്നുകിൽ ജഡപ്രായവും, അർത്ഥശൂന്യവും, കല്ലിച്ചതുമായ മുൻവിധികളായിരിക്കും; അല്ലെങ്കിൽ വിദഗ്ധമായ വാചകമടികൾ. ആ വീക്ഷണങ്ങൾക്ക് ഇന്നംഗീകാരം കിട്ടിയേക്കാമെങ്കിൽ നാളെയതുണ്ടാവുകയുമില്ല. ചിരന്തനമായ ഒരേകാന്തതയാണ്‌ കലാസൃഷ്ടികളുടെ സത്ത എന്നു പറയാവുന്നത്; വിമർശനത്തിന്‌ അതു മനസ്സിലാവുക എന്നതില്ല. സ്നേഹത്തിനേ അതിനെ കടന്നുപിടിയ്ക്കാനും, കൈയിലെടുക്കാനും, നീതിയോടെ വിലയിരുത്താനുമുള്ള കഴിവുള്ളു. തർക്കങ്ങൾക്കും ചർച്ചകൾക്കും അവതാരികകൾക്കുമല്ല, നിങ്ങളുടെ അന്തരാത്മാവിനും നിങ്ങളുടെ അനുഭൂതികൾക്കുമാണ്‌ നിങ്ങൾ കാതു കൊടുക്കേണ്ടത്. ഇനിയഥവാ ഒരിക്കൽ നിങ്ങൾക്കു പിശകിയാലും, നിങ്ങളുടെ ആന്തരജീവിതത്തിന്റെ വികാസം കാലക്രമേണ നിങ്ങളെ മറ്റുൾക്കാഴ്ചകളിലേക്കു നയിച്ചുകൊള്ളും. നിങ്ങളുടെ തീർപ്പുകൾക്ക് അവയുടേതായ നിശ്ശബ്ദവും അകലുഷിതവുമായ ഒരു വികാസം അനുവദിച്ചുകൊടുക്കുക;   എല്ലാ വികാസങ്ങളെയും പോലെ അവയും ഉള്ളിന്റെയുള്ളിൽ നിന്നാണു വരേണ്ടത്; അവയെ തിടുക്കപ്പെടുത്തരുത്. കാലം തികഞ്ഞേ പിറവിയുണ്ടാവൂ. നിങ്ങളുടെ മനസ്സിൽ പതിയുന്നതേതൊന്നും, അനുഭൂതിയുടെ ഭ്രൂണമോരോന്നും ഉള്ളിന്റെയുള്ളിൽ, ഇരുട്ടിൽ, വാക്കുകൾക്കുമപ്പുറം, യുക്തിക്കപ്രാപ്യമായ ചോദനകളുടെ മണ്ഡലത്തിൽ സാഫല്യത്തിലെത്തട്ടെ; നിങ്ങൾ എളിമയോടെ, ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുക , പുതിയൊരു തെളിച്ചം പിറവിയെടുക്കുന്ന മുഹൂർത്തത്തിനായി; കലാകാരനായി ജീവിക്കുകയെന്നാൽ ഇങ്ങനെ ഒരർത്ഥമേയുള്ളു: സൃഷ്ടിയിലായാലും ഗ്രഹണത്തിലായാലും.
ഇതിൽ കാലം ഒരളവുകോലാവുന്നുമില്ല. ഒരു കൊല്ലം ഒരു കാര്യമല്ല. പത്തു കൊല്ലം ഒന്നുമല്ല. കലാകാരനാവുക എന്നാൽ കണക്കെടുക്കുകയും കണക്കു കൂട്ടുകയുമല്ല; ഒരു മരം പോലെ വിളയുക എന്നാണ്‌; അതു തന്റെ ജീവദ്രവത്തെ തിടുക്കപ്പെടുത്തുന്നില്ല; വസന്തത്തിലെ കൊടുങ്കാറ്റുകളിൽ അടി പറിയാതെ നില്ക്കുകയാണത്, പിന്നെ വേനൽ വരാതിരിക്കുമോ എന്ന ശങ്കയൊന്നുമില്ലാതെ. വേനൽ വന്നുതന്നെയാവണം. അതു പക്ഷേ തങ്ങൾക്കു മുന്നിൽ നിത്യത നീണ്ടുകിടക്കുകയാണ്‌, അതിരറ്റതും നിശ്ശബ്ദവുമായി എന്ന അറിവോടെ ജീവിതം ജീവിക്കുന്നവരിലേക്കേ വന്നുചേരുകയുമുള്ളു. എന്റെ ജീവിതത്തിലെ ഒരു നിത്യപാഠമാണ്‌, പലപല വേദനകളെടുത്തു ഞാൻ പഠിക്കുന്നതാണ്‌, ഞാൻ കടപ്പെട്ട ഒരു പാഠവുമാണ്‌: ക്ഷമയാണെല്ലാം!
***


*റിച്ചാർഡ് ദെഹ് മലിന്റെ പുസ്തകങ്ങളെക്കുറിച്ച് എനിക്കുള്ള അഭിപ്രായം - എനിക്കു ചെറിയൊരു പരിചയമുള്ള ആ വ്യക്തിയെക്കുറിച്ചും- ഇതാണ്‌: മനോഹരമായ ഒരു പുറം വായിച്ചുകഴിയുമ്പോൾ എനിക്കു പേടിയാവുകയാണ്‌, തുടർന്നുള്ളവ അതേ വരെയുള്ള സർവതും നശിപ്പിച്ചു കളയുമെന്നും, സ്നേഹാർഹമായിരുന്നതൊന്നിനെ വിലകെട്ടതാക്കുമെന്നും. ‘ജീവിതത്തിലും എഴുത്തിലും അതികാമി’ എന്നു നിങ്ങൾ അയാളെ നന്നായി ചിത്രീകരിച്ചിരിക്കുന്നു. സത്യത്തിൽ കലാകാരന്റെ സർഗ്ഗാനുഭൂതി ലൈംഗികതയുമായും അതിന്റെ സുഖവും വേദനയുമായും അവിശ്വസനീയമാം വിധം അത്ര സമീപസ്ഥമായിരിക്കുന്നു; ഒരേ തൃഷ്ണയുടെയും നിർവൃതിയുടെയും വിഭിന്നരൂപങ്ങളാണ്‌ രണ്ടു പ്രതിഭാസങ്ങളെന്നും പറയാം. ‘കാമ’ത്തിനു പകരം ‘ലൈംഗികത’ എന്നു പറയുകയാണെങ്കിൽ - ആ വാക്കിന്റെ വിപുലവും ആദിമവുമായ അർത്ഥത്തിലാണ്‌ ഞാൻ ‘ലൈംഗികത’ എന്നുപയോഗിക്കുന്നത്, അല്ലാതെ പള്ളിയുടെ പാപക്കറ പുരണ്ട അർത്ഥത്തിലല്ല- അയാളുടെ കല മഹത്തും അതിപ്രധാനവും തന്നെ. ഒരാദിമചോദന പോലെ ഊറ്റം നിറഞ്ഞതാണ്‌ അയാളുടെ കവിത്വം. പാറക്കെട്ടുകളിൽ നിന്നിരച്ചുചാടുന്ന വെള്ളച്ചാട്ടത്തിന്റെ തിമിർത്ത താളമുണ്ടതിന്‌.


പക്ഷേ എപ്പോഴും തികച്ചും സ്വാഭാവികമല്ല, നാട്യം കലരാത്തതല്ല അയാളുടെ കവിത്വമെന്ന് തോന്നിപ്പോവുന്നു. ( ഇതു തന്നെയല്ലേ ഒരു യഥാർത്ഥകലാകാരനു കടന്നുകൂടേണ്ട കടുത്ത പരീക്ഷകളിലൊന്നും: തന്റെ മേന്മകളെന്നു പറയുന്നവയെക്കുറിച്ച് ഒരുകാലത്തും ബോധമുള്ളവനായിരിക്കരുതയാൾ, അവയുടെ സ്വാച്ഛന്ദ്യവും ആർജ്ജവവും അപഹൃതമാവരുതെന്നയാൾക്കു വിചാരമുണ്ടെങ്കിൽ.} അയാളുടെ കവിത്വം അയാളുടെ സത്തയിലൂടെ ഇരച്ചിറങ്ങി ലൈംഗികതയിലെത്തുമ്പോൾ കണ്ടുമുട്ടുന്നത് വേണ്ടത്ര പരിശുദ്ധിയില്ലാത്ത ഒരു വ്യക്തിയെയാണ്‌. ലൈംഗികതയുടെ പരിപക്വവും പരിശുദ്ധവുമായ ലോകമല്ല അയാളുടേത്; മനുഷ്യന്റേതല്ല, പുരുഷന്റേതാണത്. കാമാന്ധവും ഉന്മത്തവും പ്രക്ഷുബ്ധവുമാണത്; പുരുഷൻ എന്നുമെന്നും പ്രണയത്തെ വിരൂപപ്പെടുത്താനും ഭരിക്കാനും ഉപയോഗപ്പെടുത്തിയ മുൻവിധികളും ധാർഷ്ട്യവും പേറുന്നതാണത്. വെറുമൊരു മനുഷ്യജീവിയായിട്ടല്ല, പുരുഷനെന്ന നിലയ്ക്കാണ്‌ അയാളുടെ പ്രണയം. അതിൻ ഫലമായിത്തന്നെ അയാളുടെ ലൈംഗികാനുഭൂതിയിൽ സങ്കുചിതവും ഗർഹണീയവുമായതെന്തോ ഉണ്ട്, പ്രാകൃതവും കാലബദ്ധവും അനിത്യവുമായതെന്തോ. അതയാളുടെ കലയ്ക്കു കുറവു വരുത്തുകയാണ്‌, അതിനെ സന്ദിഗ്ധവും സംശയാസ്പദവുമാക്കുകയാണ്‌. കറ പുരളാത്തതല്ല  അയാളുടെ കല; ആസക്തിയും ക്ഷണികതയും അതിൽ മുദ്ര വച്ചിരിക്കുന്നു. അതിൽ അധികമൊന്നും കാലത്തെ അതിജീവിക്കുകയില്ല. ( കലാസൃഷ്ടികളിൽ മിക്കതിന്റെയും ഗതിയുമാണല്ലോ അത്!)


എന്നാല്ക്കൂടി മഹത്വത്തിന്റെ അംശമുള്ള ഭാഗം ആസ്വദിക്കാവുന്നതേയുള്ളു. നാമതിൽ വ്യാമുഗ്ധരായിപ്പോവരുതെന്നേയുള്ളു, ദെഹ് മലിന്റെ ലോകത്തെ കുടികിടപ്പുകാരനാവരുതെന്നേയുള്ളു. ഭീതികളും വ്യഭിചാരവും ആശയക്കുഴപ്പങ്ങളും കൊണ്ടു നിറഞ്ഞ, മനുഷ്യന്റെ യഥാർത്ഥഭാഗധേയങ്ങളിൽ നിന്നകന്ന ഒരു ലോകമാണത്. അയാളുടെ ക്ഷണികശോകങ്ങളെക്കാൾ നമ്മെ യാതനപ്പെടുത്തിയേക്കാം അതെങ്കിലും, മഹത്വത്തിനുള്ള ഒരവസരം കൂടി അതു നല്കുന്നുണ്ട്, നിത്യതയെ നേരെ നോക്കാനുള്ള ധൈര്യവും.
അവസാനമായി എന്റെ പുസ്തകങ്ങളുടെ കാര്യം പറയുമ്പോൾ, അവയിൽ നിങ്ങൾക്കു സന്തോഷം നല്കുന്നവ അയച്ചുതരണമെന്ന് എനിക്കു മോഹമുണ്ട്. പക്ഷേ, ഞാൻ വളരെ ദരിദ്രനാണ്‌; എന്റെ പുസ്തകങ്ങളാവട്ടെ, പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ എന്റെ സ്വന്തമല്ലാതെയുമാവുന്നു. ഞാൻ പലപ്പോഴും വിചാരിച്ചിട്ടുള്ള പോലെ അവയെ ഇഷ്ടപ്പെടുന്ന ഒരാൾക്കു വാങ്ങി സമ്മാനിക്കാൻ എന്നെക്കൊണ്ടു കഴിഞ്ഞിട്ടില്ല.
അതുകൊണ്ട് മറ്റൊരു കടലാസുതുണ്ടിൽ അടുത്തകാലത്തിറങ്ങിയ പുസ്തകങ്ങളുടെ പേരും പ്രസാധകരുടെ വിവരവും ഞാനെഴുതാം. (ഏറ്റവും പുതിയവ പന്ത്രണ്ടോ പതിമൂന്നോ കാണും.) സൗകര്യം പോലെ അവയിൽ ചിലതു വരുത്താൻ നോക്കുക.


എന്റെ പുസ്തകങ്ങൾ നിങ്ങളുടെ കൈകളിലുണ്ടെന്നറിഞ്ഞാൽ എനിക്കതു വലിയ സന്തോഷമായിരിക്കും.
ആശംസകളോടെ,


താങ്കളുടെ,
റെയിനർ മരിയ റില്ക്കെ



നീൽസ് ലൈൺ - Niels Lyhne (1880)- ജേക്കബ്സന്റെ നോവല്‍
മേരീ ഗ്രബ്ബേ - Fru Marie Grubbe (1876) - ജേക്കബ്സന്റെ നോവല്‍
‘റോസാപ്പൂക്കൾ വേണ്ടിയിരുന്നു’- Mogens എന്ന ജേക്കബ്സന്റെ സമാഹാരത്തില്‍ നിന്നുള്ള കഥ
റിച്ചാർഡ് ദെഹ് മൽ - Richard Dehmel (1863-1920) - ജര്‍മ്മന്‍ കവി

 

4.

വോർപ്‌സ്വീഡ്, ബ്രെമനു സമീപം
1903
ജൂലൈ 16

തീരെ സുഖമില്ലാതെയും ക്ഷീണിതനായും പത്തു ദിവസം മുമ്പ് ഞാൻ പാരീസിൽ നിന്ന് ഈ വടക്കൻ സമതലത്തിലേക്കു പോന്നു; ഇപ്രദേശത്തിന്റെ വിപുലതയും നിശബ്ദതയും ആകാശവും ആരോഗ്യം വീണ്ടെടുക്കാൻ എന്നെ സഹായിക്കുമെന്നതിൽ സംശയിക്കാനില്ല; പക്ഷേ തോരാതെ മഴ പെയ്യുന്നൊരു കാലത്തായിപ്പോയി ഞാൻ ഇവിടെയെത്തിയത്; നിർത്താതെ കാറ്റു വീശുന്ന ഈ ദേശത്ത് ഇന്നിപ്പോഴാണ്‌ മഴയ്ക്കൊരു ശമനമുണ്ടായത്. തെളിച്ചത്തിന്റെ ഈ നിമിഷം നിങ്ങളോടു കുശലം പറയാൻ ഉപയോഗപ്പെടുത്തട്ടെ, പ്രിയപ്പെട്ട സർ.

പ്രിയപ്പെട്ട കാപ്പുസ്, നിങ്ങളുടെ കത്ത് എന്റെ മറുപടി പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിരിക്കുന്നു. ഞാനതിനെ മറവിയിൽ തള്ളി എന്നല്ല; മറിച്ച്, മറ്റു കത്തുകളുടെ കൂട്ടത്തിൽ കാണുമ്പോൾ വീണ്ടുമെടുത്തു വായിക്കുന്ന തരത്തിൽപ്പെട്ടതൊന്നാണത്. വായിക്കുന്തോറും നിങ്ങൾ എനിക്കത്ര സമീപസ്ഥനാണെന്ന് എനിക്കു തോന്നുകയുമായിരുന്നു. മേയ് രണ്ടാം തീയതിയിലെ കത്താണത്; നിങ്ങൾക്ക് അതോർമ്മയുണ്ടാവണം. ഈ വിദൂരദേശത്തെ വിപുലമൌനത്തിലിരുന്ന് വീണ്ടും ഈ കത്തു വായിക്കുമ്പോൾ ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ മനോഹരമായ ആകാംക്ഷകൾ പാരീസിൽ വച്ചെന്നതിനെക്കാൾ എന്റെ മനസ്സിനെ സ്പർശിച്ചുപോവുകയാണ്‌!; അവിടെയാകട്ടെ, ഭൂമി കുലുക്കുന്ന ആ ഒച്ചപ്പാടിൽ എന്തും നമ്മുടെ കാതിലേക്കെത്തുന്നത് വ്യത്യസ്തമായൊരു പ്രകാരത്തിലാണല്ലോ. ഇവിടെ, കടൽക്കാറ്റുകൾ മേയുന്ന ഈ പ്രബലപ്രകൃതി വലയം ചെയ്തുനിൽക്കെ, എനിക്കു തോന്നുകയാണ്‌, ഒരു മനുഷ്യനുമാവില്ല, താങ്കളുടെ ആ ചോദ്യങ്ങൾക്കു മറുപടി നല്കാനെന്ന്, ഉള്ളിന്റെയുള്ളിൽ സ്വന്തമായൊരു ജീവിതമുള്ള ആ അനുഭൂതികളെ വിശദീകരിക്കാനെന്ന്. എന്തെന്നാൽ, എത്രയും സൂക്ഷ്മമായ, അവാച്യമെന്നുതന്നെ പറയാവുന്ന അനുഭൂതികളെക്കുറിച്ചു പറയേണ്ടി വരുമ്പോൾ ഏതു കേമനായ എഴുത്തുകാരനും കാലിടറും.


അതങ്ങനെയാണെങ്കിൽക്കൂടി, ഈ നിമിഷം എന്റെ കണ്ണുകളെ ഉന്മേഷപ്പെടുത്തുന്ന ഈ വസ്തുക്കളോടു സദൃശമായമായവയിലാണു നിങ്ങൾ പറ്റിച്ചേർന്നു നിൽക്കുന്നതെങ്കിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെപോകില്ല എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. പ്രകൃതിയിൽ, അതിന്റെ സാരള്യത്തിൽ, കണ്ണിൽപ്പെടാൻ കൂടിയില്ലാത്ത വിധത്തിൽ അത്ര നിസ്സാരമെങ്കിലും പൊടുന്നനേ വിശ്വരൂപമെടുത്തേക്കാവുന്ന ചെറിയവയിൽ നിങ്ങൾ വിശ്വാസമർപ്പിക്കുമെങ്കിൽ; എളിമയുള്ളതുകളോടാണു നിങ്ങൾക്കു മമതയെങ്കിൽ, നിസ്സാരങ്ങളുടെ സ്നേഹമാർജ്ജിക്കാൻ ഒരു സേവകനെപ്പോലെ നിങ്ങൾ ശ്രമിക്കുമെങ്കിൽ; എങ്കിൽ സർവതും നിങ്ങൾക്കു കൂടുതൽ അനായാസമാവുകയാണ്‌, കൂടുതൽ സന്തുലിതവും യുക്തവുമാവുകയാണ്‌- നിങ്ങളുടെ ബോധമനസ്സിനല്ല- അത് അത്ഭുതസ്തബ്ധമായി പിൻവലിയുകയാണല്ലൊ- നിങ്ങളിൽ അന്തര്യാമിയായ ബോധത്തിന്‌, ജാഗ്രതയ്ക്ക്, ജ്ഞാനത്തിന്‌.

നിങ്ങൾ തീരെ ചെറുപ്പമാണ്‌; തുടക്കങ്ങൾ വരാൻ കിടക്കുന്നതേയുള്ളു; അതിനാൽ പ്രിയപ്പെട്ട കാപ്പുസ്, എനിക്കായ വിധം ഞാൻ നിങ്ങളോടപേക്ഷിക്കട്ടെ: നിങ്ങളുടെ ഹൃദയത്തിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങൾക്കു മുന്നിൽ ഒരല്പം ക്ഷമ കാണിക്കുക, ആ ചോദ്യങ്ങളെത്തന്നെ സ്നേഹിക്കാൻ പഠിക്കുക, അടഞ്ഞുകിടക്കുന്ന മുറികളെയെന്നപോലെ, നമുക്കു തീർത്തുമന്യമായ ഭാഷയിലെഴുതിയ പുസ്തകങ്ങളെപ്പോലെ. ഉത്തരങ്ങൾ തേടിപ്പോകരുത്; അവ സ്വീകരിക്കാൻ ഇപ്പോൾ നിങ്ങൾ അർഹനായിട്ടില്ല, കാരണം, അവയെ അനുഭവമാക്കാനുള്ള കഴിവു നിങ്ങൾക്കായിട്ടില്ല എന്നുതന്നെ. സർവതും അനുഭവമാവുക എന്നതിലാണു കാര്യം. ഇപ്പോൾ ചോദ്യങ്ങൾ നിങ്ങൾക്കനുഭവമാകട്ടെ. എങ്കിൽ വിദൂരഭാവിയിലൊരു നാൾ പതിയെപ്പതിയെ, നിങ്ങൾ പോലുമറിയാതെ ഉത്തരങ്ങൾ നിങ്ങൾക്കനുഭവമായെന്നു വരാം. തീർത്തും സംതൃപ്തവും ആഹ്ളാദപ്രദവും നിർമ്മലവുമായ ഒരു ജീവിതശൈലി തനിക്കായി മനസ്സിൽ കാണാനും ആസൂത്രണം ചെയ്യാനും നടപ്പിൽ വരുത്താനുമുള്ള ശക്തി നിങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്നുവെന്നുതന്നെയും വരാം. അതിനായി സ്വയം പരിശീലിപ്പിക്കുക; അതേ സമയം, വരുന്നതെന്തിനെയും, നിങ്ങളുടെ സ്വതന്ത്രേച്ഛയിൽ നിന്നാണതു വരുന്നതെങ്കിൽ, നിങ്ങളുടെ അന്തരാത്മാവിന്റെ ഒരാവശ്യത്തിൽ നിന്നാണു വരുന്നതെങ്കിൽ, പൂർണ്ണവിശ്വാസത്തോടെ കൈക്കൊള്ളുക, ഒന്നിനെയും വെറുക്കാതിരിക്കുക.

ലൈംഗികത ദുഷ്കരമാണ്‌; അതെ, അതു ദുഷ്കരം തന്നെയാണ്‌. പക്ഷേ നമുക്കു പറഞ്ഞിട്ടുള്ള ഉദ്യമങ്ങളിൽ ദുഷ്കരമല്ലാത്തതായി ഏതിരിക്കുന്നു? സാരമായിട്ടുള്ളതെല്ലാം ദുഷ്കരമാണ്‌, സാരമല്ലാത്തതായി ഒന്നുമില്ലതാനും. ഇതംഗീകരിക്കാൻ നിങ്ങൾക്കായാൽ, നിങ്ങളിൽ നിന്ന്, നിങ്ങളുടെ സ്വന്തം പ്രകൃതത്തിലും മനോഭാവത്തിലും നിന്ന്, നിങ്ങളുടെ സ്വന്തം അനുഭവസമ്പത്തിൽ നിന്ന്, നിങ്ങളുടെ കരുത്തുകളിൽ നിന്ന്, നിങ്ങളുടെ ബാല്യകാലത്തിൽ നിന്ന് പൂർണ്ണമായും നിങ്ങളുടേതായ ഒരു ബന്ധം (മാമൂലുകൾ സ്വാധീനിക്കാത്തതായ ഒന്ന്) ലൈംഗികതയോടു രൂപപ്പെടുത്താൻ നിങ്ങൾക്കായാൽ, എങ്കിൽ നിങ്ങൾ വ്യക്തിത്വമില്ലാത്തവനാവുമെന്നോ, നിങ്ങളുടെ ഏറ്റവും അനർഘമായ സ്വത്തായ ലൈംഗികതയ്ക്ക് നിങ്ങൾ അർഹനല്ലാതാവുമെന്നോ പിന്നെ പേടിക്കാനില്ലാതാവുന്നു.

ഉടലിന്റെ ആനന്ദങ്ങളെ മറ്റേതൊരു ഐന്ദ്രിയാനുഭവം പോലെ തന്നെ എടുത്താൽ മതി- ശുദ്ധമായ കാഴ്ച പോലെ, നന്നായി പഴുത്ത ഒരു മധുരഫലം നാവിൽ നിറയുമ്പോലെ. നമുക്കു നല്കപ്പെട്ട മഹത്തായതും അനന്തവുമായ ജ്ഞാനമാണത്, എല്ലാ ജ്ഞാനത്തിന്റെയും പൂർണ്ണതയും മഹിമയുമാണത്. അതിനെ കൈക്കൊള്ളുന്നതിൽ ഹീനമായിട്ടൊന്നുമില്ല. മിക്കവരും അതിനെ ദുരുപയോഗപ്പെടുത്തുന്നു, ദുർവ്യയം ചെയ്യുന്നു എന്നതാണു ഹീനമായിട്ടുള്ളത്. തങ്ങളുടെ ഏറ്റവും ഉന്നതമായ മുഹൂർത്തങ്ങളിലേക്കുള്ള മാർഗ്ഗമായി അതിനെ ഉപയോഗപ്പെടുത്തുന്നതിനു പകരം സ്വന്തം ജീവിതത്തിലെ വിരസവും ക്ഷീണിതവുമായ ഇടങ്ങളിൽ ഒരു പ്രലോഭനമായിട്ടാണ്‌ അവരതിനെ കാണുന്നത്.

ഭക്ഷണം കഴിക്കുന്നതിനെപ്പോലും മനുഷ്യൻ മറ്റൊന്നായി മാറ്റിയിരിക്കുന്നു. ഒരിടത്തു കുറവും മറ്റൊരിടത്തു കൂടുതലും ആ അടിസ്ഥാനപരമായ ആവശ്യത്തെപ്പോലും കലുഷമാക്കിയിരിക്കുന്നു. ഇതേ പ്രകാരം തന്നെ കലുഷമായിരിക്കുന്നു, ജീവിതം സ്വയം നവീകരിക്കുന്ന സരളവും അഗാധവുമായ എല്ലാ ആവശ്യങ്ങളും. വ്യക്തിക്കു പക്ഷേ, അവയെ തെളിച്ചെടുക്കാവുന്നതേയുള്ളു, ആ തെളിമയിൽ ജീവിക്കാവുന്നതേയുള്ളു- അന്യരെ അമിതമായി ആശ്രയിക്കുന്നില്ല അയാളെങ്കിൽ, ഏകാന്തതയുമായി ഉടമ്പടിയിലാണയാളെങ്കിൽ.

ജന്തുക്കളിലും സസ്യങ്ങളിലുമുള്ള സൌന്ദര്യം സ്നേഹത്തിന്റെയും അഭിലാഷത്തിന്റെയും മൂകവും ചിരന്തനവുമായ രൂപമാണെന്നും നാമോർക്കുക. സസ്യങ്ങളെപ്പോലെതന്നെ വേണം നാം ജന്തുക്കളെയും വീക്ഷിക്കുക- ക്ഷമാപൂർവ്വമായും സ്വേച്ഛയോടെയും വളരുകയും പെരുകുകയുമാണവ; അതുപക്ഷേ, ഭൌതികമായ സുഖത്തിലും വേദനയിലും നിന്നല്ല, അവയെക്കാളുന്നതവും സ്വേച്ഛയെക്കാൾ, പ്രതിരോധത്തെക്കാൾ ശക്തവുമായ ആവശ്യകതകൾക്കു വഴങ്ങിയിട്ടാണ്‌. ഈ രഹസ്യം കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌, ഭൂമി അതിന്റെ ഏറ്റവും നിസ്സാരമായ വസ്തുക്കൾ വരെ. ഹാ, അതിനെ നിസ്സാരമായി കാണാതെ എളിമയോടെ ആ രഹസ്യത്തെ കൈയേല്ക്കാൻ നമുക്കായെങ്കിൽ, ഭവ്യതയോടെ കൊണ്ടുനടക്കാൻ നമുക്കായെങ്കിൽ, അതിനെ നിസ്സാരമായി കാണാതെ എത്ര ഭയാനകമാം വിധത്തിൽ ദുഷ്കരമാണതെന്നറിയാൻ നമുക്കു കഴിഞ്ഞെങ്കിൽ!

തന്നിലെ ഉർവരതയെ ഭക്തിയോടെ കാണാൻ മനുഷ്യനായെങ്കിൽ! ആത്മീയമോ ഭൌതികമോ ആയിട്ടാണതിന്റെ ആവിഷ്കാരങ്ങളെന്നു തോന്നിയാലും സാരാംശത്തിൽ രണ്ടും ഒന്നു തന്നെ. കാരണം, ആത്മീയമായ ഒരു സൃഷ്ടിയും മുളയെടുക്കുന്നത് ഭൌതികതയിലാണ്‌, രണ്ടിനും ഒരേ പ്രകൃതിയുമാണ്‌; ശാരീരികാനന്ദങ്ങളുടെ കുറച്ചുകൂടി സൌമ്യവും നിർവൃതിദായകവും ചിരന്തനവുമായ ഒരാവർത്തനമാണെന്നേയുള്ളു മറ്റേത്. ‘സ്രഷ്ടാവാകാനുള്ള, ജനയിതാവാകാനുള്ള, രൂപപ്പെടുത്തിയെടുക്കാനുള്ള തൃഷ്ണ’ ഭൌതികലോകത്ത് അതു സാക്ഷാല്ക്കരിക്കപ്പെടുന്നില്ലെങ്കിൽ, ജന്തുക്കളുടെയും വസ്തുക്കളുടെയും അളവറ്റ സമ്മതി അതിനു ലഭിക്കുന്നില്ലെങ്കിൽ ഒന്നുമല്ലാതായിപ്പോകുന്നു. സൃഷ്ടിയിൽ നാം അനുഭവിക്കുന്ന ആനന്ദം അവാച്യമാം വിധത്തിൽ സുന്ദരവും സമ്പുഷ്ടവുമാണെങ്കിൽ അതിനു കാരണം പ്രജനനത്തിന്റെയും ജനനത്തിന്റെയും കോടിക്കണക്കായ മുഹൂർത്തങ്ങളുടെ സ്മൃതിപരമ്പര അതിൽ നിറയുന്നു എന്നതുതന്നെ. സൃഷ്ടി എന്നൊരു ചിന്ത ഒരാളുടെ മനസ്സിൽ ഉദയം കൊള്ളുമ്പോൾ പ്രണയത്തിന്റെ ഒരായിരം വിസ്മൃതരാത്രികൾ അതിൽ വീണ്ടും ജന്മമെടുക്കുകയാണ്‌, അതിനെ ഗംഭീരവും ഉദാത്തവുമാക്കുകയാണ്‌. രാത്രികളിൽ തമ്മിലൊരുമിക്കുന്നവർ, ത്രസിക്കുന്ന തൃഷ്ണയോടെ ഉടലുകൾ കെട്ടിവരിയുന്നവർ, അവർ ഭവ്യമായ ഒരനുഷ്ഠാനം നിർവഹിക്കുകയാണ്‌, അവാച്യമായ പ്രഹർഷങ്ങളെക്കുറിച്ചു പറയാൻ ഭാവിയിൽ ജനിക്കാനിരിക്കുന്ന ഏതോ കവിയുടെ ഗീതത്തിനായി മാധുര്യവും ഗഹനതയും ബലവും ശേഖരിച്ചുവയ്ക്കുകയാണ്‌. അവർ ഭാവിയെ ആവാഹിച്ചുവരുത്തുകയാണ്‌; ഇനിയഥവാ, അവർക്കൊരു സ്ഖലിതം പിണഞ്ഞുവെന്നിരിക്കട്ടെ, അന്ധതയോടെയാണ്‌ അവർ ആശ്ളേഷിക്കുന്നതെന്നിരിക്കട്ടെ, എന്നാൽക്കൂടി ഭാവി വന്നുചേരുകതന്നെ ചെയ്യും, പുതിയൊരു മനുഷ്യജീവി ജന്മമെടുക്കും, യാദൃച്ഛികതയ്ക്കു മേൽ പ്രകൃതിനിയമം പ്രയുക്തമാവും, ബലിഷ്ഠവും അപ്രതിരോധ്യവുമായ ഒരു ബീജം തനിക്കായി സ്വയം തുറക്കുന്ന ഒരണ്ഡത്തിലേക്ക് ഊറ്റത്തോടെ പ്രവേശിക്കുകയും ചെയ്യും.

വസ്തുക്കളുടെ ഉപരിതലം കണ്ടു വഴി തെറ്റാൻ നിന്നുകൊടുക്കരുത്; ആഴങ്ങളിൽ എല്ലാം നിയമമത്രെ. ആ നിഗൂഢത അയഥാർത്ഥമായി, വികലമായി അനുഭവിക്കുന്നവർക്ക് - അങ്ങനെയുള്ളവർ കുറച്ചൊന്നുമല്ല- അതു നഷ്ടപ്പെടുന്നുണ്ടെങ്കിലും ആ നഷ്ടം അവരെ സംബന്ധിച്ചു മാത്രമേയുള്ളു. ആ നിഗൂഢതയെക്കുറിച്ചജ്ഞരാണെങ്കിലും അതവർ അടുത്ത തലമുറയിലേക്കു പകരുന്നുണ്ട്, മുദ്ര വച്ച ഒരു കത്ത് കൊണ്ടേല്പിക്കുമ്പോലെ. പേരുകൾ എത്രയാണെന്നതും എത്ര സങ്കീർണ്ണമാണ്‌ ഓരോ ജീവിതമെന്നോർത്തും മനസ്സു കലുഷമാക്കുകയുമരുത്. പ്രബലമായ ഒരു മാതൃഭാവം പരസ്പരാകർഷണത്തിന്റെ രൂപത്തിൽ സർവതിനും മേലുണ്ടെന്നുമാവാം.

ഒരു കന്യകയുടെ,  നിങ്ങൾ അതിമനോഹരമായി പറഞ്ഞപോലെ ഇനിയുമൊന്നും കൈയവരിച്ചിട്ടില്ലാത്ത ഒരു വ്യക്തിയുടെ, സൌന്ദര്യം എന്നു പറയുന്നത് അവളുടെ മാതൃത്വമാണ്‌, അതിന്റെ പ്രതീക്ഷയാണ്‌; അതിന്റെ ഒരുക്കങ്ങളും ഉത്കണ്ഠകളും അഭിലാഷങ്ങളുമാണ്‌. അമ്മയുടെ സൌന്ദര്യമാകട്ടെ, ശുശ്രൂഷിക്കുന്ന മാതൃത്വത്തിന്റേതും. പ്രായമായ ഒരു സ്ത്രീയിൽ അതൊരു വിപുലസ്മൃതിയുമാകുന്നു.

പുരുഷനിലുമുണ്ട് ഒരു മാതൃഭാവമെന്നെനിക്കു തോന്നുന്നു, ശാരീരികമായും ആത്മീയമായും. പ്രജനനം ഒരു തരത്തിൽ പ്രസവം കൂടിയാണ്‌; പ്രസവം തന്നെയാണ്‌, അയാൾ തന്റെ ഉള്ളിന്റെയുള്ളിൽ നിന്ന് സൃഷ്ടി നടത്തുമ്പോൾ സംഭവിക്കുന്നതും.

ആണിനും പെണ്ണിനും തമ്മിൽ നാം കരുതുന്നതിനെക്കാൾ അടുപ്പമുള്ള ബന്ധമായിരിക്കാമുള്ളത്. ലോകത്തിന്റെ നവോത്ഥാനം ഒരുപക്ഷേ, ഇതിലായിരിക്കാം: സ്ത്രീയും പുരുഷനും, സകലവിധ ചിന്താകാലുഷ്യങ്ങളിലും വിദ്വേഷങ്ങളിലും നിന്നു മുക്തരായി, ഒരാൾ തന്റെ വിപരീതത്തെ എന്നല്ലാതെ സ്വന്തം സഹോദരനെയോ സഹോദരിയേയോ ഒരയൽക്കാരനെയോ എന്നപോലെ അന്യോന്യം തേടുക; മനുഷ്യജീവികളായി തമ്മിലൊരുമിക്കുക; തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ലൈംഗികത എന്ന ഭാരിച്ച ചുമതല ഗൌരവത്തോടെയും ക്ഷമയോടെയും ഒരുമിച്ചു വഹിക്കുക.

ഭാവിയിൽ പലരെക്കൊണ്ടും സാദ്ധ്യമാകുന്നതൊക്കെ ഏകാകിയായ മനുഷ്യന്‌ അത്രയധികം പിശകുകൾ വരുത്താത്ത സ്വന്തം കൈകൾ കൊണ്ട് ഇപ്പോഴേ ചെയ്തുതുടങ്ങാവുന്നതേയുള്ളു. അതിനാൽ പ്രിയപ്പെട്ട സ്നേഹിതാ, നിങ്ങളുടെ ഏകാന്തതയെ സ്നേഹിക്കുക. അതു കൊണ്ടുണ്ടാകുന്ന വേദന സഹിക്കാൻ പഠിക്കുക, അതിനെ പാടി മറി കടക്കുക. തനിക്കേറ്റവുമടുത്തവർ അകലെയാണെന്നല്ലേ നിങ്ങൾ എഴുതിയത്; നിങ്ങളുടെ കാഴ്ചപ്പാടു വിപുലമാവാൻ തുടങ്ങുന്നു എന്നാണതു കാണിക്കുന്നത്. അടുത്തുള്ളത് അകലെയായിക്കഴിഞ്ഞുവെങ്കിൽ നിങ്ങളുടെ ചക്രവാളം നക്ഷത്രങ്ങളിലേക്കു വികസിച്ചിരിക്കുന്നു എന്നാണർത്ഥം. നിങ്ങളുടെ വളർച്ചയിൽ ആഹ്ളാദിക്കുക; തീർച്ചയായും ആ വളർച്ചയിൽ നിങ്ങൾക്കാരെയും ഒപ്പം കൂട്ടാനാവില്ല; പിന്നിലായിപ്പോയവരോടു സൌമ്യരാവുക, അവരുടെ സാന്നിദ്ധ്യത്തിൽ നിങ്ങളുടെ പെരുമാറ്റം ആത്മവിശ്വാസവും അക്ഷോഭ്യതയും നിറഞ്ഞതാവട്ടെ; നിങ്ങളുടെ സന്ദേഹങ്ങൾ കൊണ്ട് അവരെ പീഡിപ്പിക്കരുത്; നിങ്ങളുടെ ആത്മവിശ്വാസമോ അവർക്കു പിടി കിട്ടാത്ത നിങ്ങളുടെ ആഹ്ളാദമോ കൊണ്ട് അവരെ വിരട്ടുകയുമരുത്. സരളവും ആത്മാർത്ഥവുമായ ഒരു ചാർച്ചയിലേക്ക് അവരെ കൊണ്ടുവരാൻ ശ്രമിക്കുക; നിങ്ങൾ നിരന്തരം മാറിക്കൊണ്ടിരുന്നാലും ആ ബന്ധത്തിനു മാറ്റം വരണമെന്നുമില്ല. നിങ്ങളിൽ നിന്നു വ്യത്യസ്തമാണതെങ്കിലും അവർ ജീവിക്കുന്ന ജീവിതത്തെ സ്നേഹിക്കുക. പ്രായമാകുന്നവരോടു പരിഗണന കാണിക്കുക; കാരണം, നിങ്ങൾ അത്രമേൽ വിശ്വാസമർപ്പിക്കുന്ന അതേ ഏകാന്തതയെ ഭയക്കുന്നവരാണവർ. കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിൽ നിത്യേന അരങ്ങേറുന്ന ആ ബലപരീക്ഷണനാടകത്തിനു കൊഴുപ്പു കൂട്ടാതെ നോക്കുക. അതു കുട്ടികളുടെ ശക്തി കവർന്നെടുക്കുകയാണ്‌, മുതിർന്നവരുടെ സ്നേഹത്തെ പാഴിലാക്കുകയുമാണ്‌; കുട്ടികളെ മനസ്സിലാക്കുന്നില്ലെങ്കിലും ചടുലവും ഊഷ്മളവുമാണല്ലോ, അവരുടെ സ്നേഹം. അവരിൽ നിന്ന് ഉപദേശം തേടരുത്, അവർ തന്നെ മനസ്സിലാക്കുമെന്നു മോഹിക്കുകയുമരുത്. പകരം, ഒരു പിതൃസ്വത്തു പോലെ തനിക്കായി കാത്തുവച്ചിരിക്കുന്ന ഒരു സ്നേഹത്തിൽ വിശ്വാസമർപ്പിക്കുക, ഒരു ശക്തിയും അനുഗ്രഹവും അതിലുണ്ട് എന്ന ദൃഢവിശ്വാസമുണ്ടായിരിക്കുക. നിങ്ങളുടെ ഏറ്റവും അകലത്തേക്കുള്ള യാത്രകളിൽ പോലും ആ സാന്നിദ്ധ്യം നിങ്ങളോടൊപ്പമുണ്ടാവുകയും ചെയ്യും.

നിങ്ങളെ സ്വതന്ത്രനാക്കുകയും ഏതർത്ഥത്തിലും സ്വന്തം കാലിൽ നിൽക്കാൻ നിങ്ങളെ പ്രാപ്തനാക്കുകയും ചെയ്യുന്ന ഒരു തൊഴിലിലേക്കാണ്‌ ഇപ്പോൾ നിങ്ങൾ പ്രവേശിക്കുന്നതെന്നത് നല്ല കാര്യമാണ്‌. ആ തൊഴിലിന്റെ സ്വഭാവം കൊണ്ട് നിങ്ങളുടെ ആന്തരജീവിതം ഞെരുങ്ങുമോയെന്ന് ക്ഷമയോടെ കാത്തിരുന്നു കാണുക. അതു വളരെ ദുഷ്കരമായിരിക്കുമെന്നാണ്‌ എന്റെ അഭിപ്രായം; കാരണം, അതിന്റെ നിർദ്ദിഷ്ടമായ കടമകളെ വ്യക്തിപരമായി വ്യാഖ്യാനിക്കാൻ ഒരു പഴുതും നല്കാത്ത വിധം മാമൂലുകൾ കൊണ്ട് അത്ര ഭാരം തൂങ്ങുന്നതാണ്‌ ആ തൊഴിൽ. പക്ഷേ അപരിചിതമായ ചുറ്റുപാടിലും നിങ്ങളുടെ ഏകാകിത നിങ്ങൾക്കൊരു സാന്ത്വനവും ആശ്രയവുമായിരിക്കും. ആ ഏകാകിതയിൽ നിന്ന് നിങ്ങൾ നിങ്ങളുടെ വഴികൾ തുറക്കുകയും ചെയ്യും. എന്റെ എല്ലാ ആശംസകളും നിങ്ങളുടെ യാത്രകളിൽ ഒപ്പം പോരാൻ ഒരുങ്ങിനിൽക്കുകയാണ്‌, അതുപോലെ തന്നെ എനിക്കു നിങ്ങളിലുള്ള വിശ്വാസവും.


സ്വന്തം,
റെയ്നർ മരിയ റിൽക്കെ


വോർപ്‌സ്വീഡ് Worpswede – വടക്കന്‍ ജര്‍മ്മനിയിലെ ഒരു ഗ്രാമം.

നിങ്ങളെ സ്വതന്ത്രനാക്കുകയും...മിലിട്ടറി അക്കാദമിയിലെ പരിശീലനം പൂര്‍ത്തിയാക്കി കാപ്പുസ് ഒരു ലെഫ്റ്റനന്റ് ആയിക്കഴിഞ്ഞിരുന്നു.

 

5.

റോം, 1903 ഒക്റ്റോബർ 29

പ്രിയപ്പെട്ട സർ,

ഓഗസ്റ്റ് 29ലെ നിങ്ങളുടെ കത്ത് ഫ്ളോറൻസിൽ വച്ച് എനിക്കു കിട്ടിയിരുന്നു; രണ്ടു മാസത്തിനു ശേഷം ഇപ്പോഴാണ്‌ ഞാൻ ആ വിവരം നിങ്ങളോടു പറയുന്നത്. ഈ അലംഭാവം നിങ്ങൾ പൊറുക്കണം. യാത്ര ചെയ്യുമ്പോൾ കത്തെഴുതുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല; കാരണം, അത്യാവശ്യം വേണ്ട ഉപകരണങ്ങൾ മാത്രം പോര, എനിക്കു കത്തെഴുതാൻ: അല്പം സ്വസ്ഥത, ഏകാന്തത, വീണുകിട്ടിയതല്ലാത്ത ഒരു മണിക്കൂറെങ്കിലും സമയം- ഇത്രയും എനിക്കു വേണം.

ആറാഴ്ചയോളം മുമ്പ് ഞങ്ങൾ റോമിലെത്തി; ഉഷ്ണിക്കുന്ന, ജ്വരത്തിനു കുപ്രസിദ്ധമായ, സഞ്ചാരികളുടെ വരവു തുടങ്ങുന്നതിനു മുമ്പുള്ള സമയം. ഈ സാഹചര്യവും താമസസൌകര്യം സംബന്ധിച്ച ചില വൈഷമ്യങ്ങളും കൂടി ഞങ്ങൾക്കു സമ്മാനിച്ചത് ഒരിക്കലും മോചനമില്ലെന്നു തോന്നിയ ഒരു സ്വസ്ഥതകേടാണ്‌; വീടില്ലാത്തതിന്റെ ഭാരത്തിനൊപ്പം ഒരന്യദേശത്തിന്റെ അപരിചിതത്വവും ഞങ്ങൾക്കു താങ്ങേണ്ടിവന്നു. തന്നെയുമല്ല, ആദ്യത്തെ ചില നാളുകളിൽ കടുത്ത വിഷാദത്തിലേക്കു നിങ്ങളെ തള്ളിവിടുന്ന സ്വഭാവവുമുണ്ട് റോമിന്‌: കാഴ്ചബംഗ്ളാവിലേതെന്നപോലെ ജീവനറ്റതും ദാരുണവുമായ ആ അന്തരീക്ഷം കാരണം; ഉത്ഖനനം ചെയ്തെടുത്ത് അതീവശ്രദ്ധയോടെ സൂക്ഷിച്ചുപോരുന്ന ഭൂതകാലങ്ങളുടെ (വർത്തമാനകാലത്തിന്റെ ചെറിയൊരംശം അതുകൊണ്ടു ജീവിച്ചുപോരുന്നുമുണ്ട്) സമൃദ്ധി കാരണം; മറ്റൊരു കാലത്തിന്റേതായ, നമ്മുടേതല്ലാത്തതും നമ്മുടേതാകരുതാത്തതുമായ ഒരു ജീവിതത്തിന്‍റെ യാദൃച്ഛികാവശിഷ്ടങ്ങൾ മാത്രമാണ്‌ വിരൂപമാക്കപ്പെട്ടതും തകർന്നുടഞ്ഞതുമായ ആ വസ്തുക്കൾ; പക്ഷേ, പണ്ഡിതന്മാരും ഭാഷാശാസ്ത്രജ്ഞരും ടൂറിസ്റ്റുകളുമുൾപ്പെടെ മിക്കവരും വേണ്ടതിലധികം മൂല്യമാണ്‌ അവയ്ക്കു ചാർത്തിക്കൊടുക്കുന്നത്.

ഒടുവിൽ ആഴ്ചകൾ നീണ്ട പ്രതിരോധത്തിനു ശേഷം നിങ്ങൾ സ്വയം കണ്ടെടുക്കുകയാണ്‌ (ആശയക്കുഴപ്പം പൂർണ്ണമായി മാറിയിട്ടിലെങ്കില്ക്കൂടി); നിങ്ങൾ സ്വയം പറയുകയാണ്‌: ഇല്ല, മറ്റെവിടെയുമുള്ളതിലധികം സൌന്ദര്യം ഇവിടെയില്ല. തലമുറകളുടെ നിരന്തരമായ ആരാധനയ്ക്കു പാത്രമായ, പണിക്കാർ കേടു പോക്കിയെടുത്ത ഈ വസ്തുക്കൾ ഒരർത്ഥവും ഉൾക്കൊള്ളുന്നില്ല, അവ ഒന്നുമല്ല; അവയ്ക്കു ഹൃദയവുമില്ല, മൂല്യവുമില്ല.

പക്ഷേ ഇവിടെ ഒരുപാടു സൌന്ദര്യമുണ്ട്, എവിടെയും ഒരുപാടു സൌന്ദര്യമുണ്ട് എന്നതിനാൽ. ഒടുങ്ങാത്ത ഓജസ്സോടെ പ്രാക്തനമായ ജലനാളികളിലൂടെ മഹാനഗരത്തിലേക്കൊഴുകിയെത്തുന്ന വെള്ളം; നഗരചത്വരങ്ങളിലെ വെണ്ണക്കൽത്തളികകളിൽ നൃത്തം വച്ചുകൊണ്ടതു പരന്നൊഴുകുന്നു, വിശാലമായ താമ്പാളങ്ങളിൽ അതു തളം കെട്ടുന്നു, പകൽനേരത്തെ അതിന്റെ നേർത്ത മർമ്മരം രാത്രിയിൽ ഉച്ചത്തിലാകുന്നു. രാത്രികൾ ഇവിടങ്ങളിൽ വിപുലവും നക്ഷത്രാവൃതവും ഇളംകാറ്റുകളാൽ സൌമ്യവുമാണ്‌. പിന്നെ ഉദ്യാനങ്ങളുണ്ട്, ഓർമ്മയിൽ നിന്നു മായാത്ത നടക്കാവുകളുണ്ട്. പിന്നെ കല്പടവുകളുണ്ട്, മൈക്കലാഞ്ജലോ ഭാവന ചെയ്ത പടവുകൾ, ഒഴുകിയിറങ്ങുന്ന ജലം പോലെ പണിതെടുത്ത പടവുകൾ, പരന്നിറങ്ങിപ്പോകുമ്പോൾ തിരയിൽ നിന്നു തിരയെന്നപോലെ ഒന്നിൽ നിന്നൊന്നു പിറവിയെടുക്കുന്ന പടവുകൾ. മനസ്സിൽ പതിയുന്ന ഈ തരം ബിംബങ്ങളുടെ സഹായത്തോടെ നാം മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുകയാണ്‌, ആള്‍ക്കൂട്ടങ്ങളുടെ സംസാരങ്ങളിലും ജല്പനങ്ങളിലും നിന്ന് സ്വയം രക്ഷപ്പെടുത്തുകയാണ്‌. (എത്ര വാചാലമാണവ!) ക്രമേണ നമ്മൾ പഠിക്കുന്നു, നിത്യത വസിക്കുന്ന ചുരുക്കം ചില വസ്തുക്കളെ (നമുക്കവയെ സ്നേഹിക്കാനാകും), ഏകാന്തമായതൊന്നിനെ (നമുക്കതിന്റെ ഭാഗവുമാകാം) തിരിച്ചറിയാൻ.

ഇപ്പോഴും ഞാൻ നഗരത്തിൽ തന്നെയാണു താമസം, ക്യാപിറ്റോളിൽ; റോമൻ കലയിൽ നിന്നു നമുക്കു കിട്ടിയ അതിമനോഹരമായ ആ അശ്വാരൂഢപ്രതിമയിൽ നിന്ന് - മാർക്കസ് ഓറേലിയസിൽ നിന്ന്- അധികം അകലെയല്ലാതെ. പക്ഷേ ചില ആഴ്ചകൾക്കുള്ളിൽത്തന്നെ ചെറുതും ലളിതവുമായ ഒരു മുറിയിലേക്കു ഞാൻ താമസം മാറ്റുകയാണ്‌; നഗരത്തിന്റെ ആരവങ്ങളിലും സംഭവങ്ങളിൽ നിന്നുമൊഴിഞ്ഞ്, വലിയൊരു പാർക്കിനുള്ളിൽ ഒളിഞ്ഞുകിടക്കുന്ന പഴയൊരു വേനല്ക്കാലവസതി. ആ മഹാമൌനം ആസ്വദിച്ചുകൊണ്ട് മഞ്ഞുകാലം മുഴുവൻ ഞാൻ അവിടെ കഴിയാൻ പോവുകയാണ്‌. സഫലവും സന്തോഷപ്രദവുമായ ചില നാളുകൾ അതെനിക്കു സമ്മാനിക്കുമെന്നു ഞാൻ ആശിക്കുന്നു.

എനിക്കു കൂടുതൽ സ്വസ്ഥത തോന്നുന്ന ആ സ്ഥലത്തു ചെന്നിട്ട് ഞാൻ താങ്കൾക്ക് ദീർഘമായ ഒരു കത്തെഴുതാം; നിങ്ങളുടെ എഴുത്തിനെക്കുറിച്ച് എനിക്കു പറയാനുള്ളതും അതിൽ ഉൾക്കൊള്ളിക്കാം. ഇപ്പോൾ ഇതു മാത്രം പറയട്ടെ (ഇതു നേരത്തേ പറയാതിരുന്നതു തെറ്റായിപ്പോയി എന്നും തോന്നുന്നു): നിങ്ങളുടെ കത്തിൽ സൂചിപ്പിച്ചിരിക്കുന്ന ആ പുസ്തകം (നിങ്ങളുടെ രചനകൾ ഉൾപ്പെടുന്നത്) ഇനിയും ഇവിടെ കിട്ടിയിട്ടില്ല. അതിനി വോർപ്സ്വീഡിൽ നിന്ന് നിങ്ങളിലേക്കു തന്നെ തിരിച്ചെത്തിയോ? ഒരു വിദേശരാജ്യത്തേക്കയക്കുന്ന കത്തുകൾ അവർ സാധാരണഗതിയിൽ മറ്റൊരു മേൽവിലാസത്തിലേക്കു മാറ്റി അയക്കാറില്ല. ഏറ്റവും ഹിതകരമായ സാദ്ധ്യത അതാണ്‌; അതിനൊരു സ്ഥിരീകരണം താങ്കളിൽ നിന്നു കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. അതു നിങ്ങൾക്കു നഷ്ടപ്പെടില്ലെന്നും ആശിക്കട്ടെ; ദൌർഭാഗ്യവശാൽ ഇറ്റാലിയൻ പോസ്റ്റൽ സംവിധാനത്തിൽ അതൊരപവാദവുമല്ല.

ആ പുസ്തകം കൈയിൽ കിട്ടിയാൽ ഞാൻ ഏറെ സന്തോഷിക്കുമായിരുന്നു, നിങ്ങളുടെ അടയാളം പേറുന്ന മറ്റേതുമെന്നപോലെ. ഇതിനകം എഴുതിക്കഴിഞ്ഞ കവിതകളുണ്ടെങ്കിൽ - നിങ്ങൾ അവ എന്നെ വിശ്വസിച്ചേല്പിക്കുകയാണെങ്കിൽ- അവ ഞാൻ വായിക്കും, വീണ്ടും വായിക്കും, എനിക്കായവിധം, ആർജ്ജവത്തോടെ ഞാൻ വായിക്കും, അതിന്റെ അനുഭവം ഉൾക്കൊള്ളുകയും ചെയ്യും.

എല്ലാ അനുഗ്രഹാശിസ്സുകളോടെയും.

താങ്കളുടെ,

റെയ്‌നർ മരിയ റിൽക്കെ


1903 സെപ്തംബര്‍ മുതല്‍ 1904 ജൂണ്‍ വരെ റില്‍ക്കെ ഭാര്യ ക്ലാരയോടൊപ്പം റോമിലായിരുന്നു.

മാർക്കസ് ഓറേലിയസ് Marcus Aurelius (121-180)- 161 മുതല്‍ 180 വരെ റോമിലെ ചക്രവര്‍ത്തിയായിരുന്നു. സ്റ്റോയിക്ക് ദര്‍ശനത്തില്‍ അധിഷ്ഠിതമായ Meditations എന്ന കൃതി പ്രസിദ്ധമാണ്.

 

6.

റോം,

1903 ഡിസംബർ 23

പ്രിയപ്പെട്ട മി. കാപ്പുസ്,

ഈ ക്രിസ്തുമസ് കാലത്ത് എന്നിൽ നിന്നൊരാശംസ നിങ്ങൾക്കു കിട്ടാതെപോകരുതെന്നു ഞാൻ കരുതി; ചുറ്റും ആഘോഷങ്ങളുടെ ആരവങ്ങളാകുമ്പോൾ ഏകാന്തത പതിവിലുമധികം നിങ്ങൾക്കസഹ്യമാകുമല്ലോ. എന്നാൽ അത്ര വലുതായിട്ടാണ്‌ അതു നിങ്ങൾക്കനുഭവപ്പെടുന്നതെങ്കിൽ അതിൽ ആഹ്ളാദിക്കുക; കാരണം (നിങ്ങൾ സ്വയം ചോദിക്കുക), വലുതല്ലാത്ത ഒരേകാന്തതയുണ്ടോ? ഒരേകാന്തതയേയുള്ളു, അതു വിപുലമാണ്‌, അതു സഹിക്കാൻ എളുതുമല്ല; ഏതൊരു മനുഷ്യന്റെ ജീവിതത്തിലുമുണ്ടാവും, തന്റെ ഏകാന്തതയെ ഏതെങ്കിലും വിധത്തിലുള്ള സഹവാസവുമായി, അതിനി എത്ര അധമവും നിസ്സാരവുമായിക്കോട്ടെ, സന്തോഷത്തോടെ വച്ചുമാറാൻ അയാൾ കൊതിക്കുന്ന നിമിഷങ്ങൾ; എതിരേ വരുന്നയാൾ എത്ര വില കെട്ടവനായാലും അയാളുമായി ഒരു നേരിയ സൗഹൃദത്തിന്റെ മിഥ്യയിലേർപ്പെടാൻ അയാൾ ആശിച്ചുപോകും. എന്നാൽ ആ തരം നേരങ്ങളിൽത്തന്നെയാവാം, ഏകാന്തത തഴയ്ക്കുന്നതും; കാരണം, അതിന്റെ വളർച്ച ഒരു ബാലന്റെ വളർച്ച പോലെ വേദന നിറഞ്ഞതാണ്‌, വസന്തത്തിന്റെ തുടക്കം പോലെ വിഷാദം നിറഞ്ഞതുമാണ്‌. അതുകൊണ്ടു പക്ഷേ, നിങ്ങളുടെ മനസ്സിടിയരുത്. നിങ്ങൾക്കു വേണ്ടതിതാണ്‌- ഏകാന്തത, ഉള്ളു നിറയ്ക്കുന്ന ഏകാന്തത. തന്റെ ഉള്ളിലേക്കിറങ്ങുക, മണിക്കൂറുകളോളം ആരെയും കാണാതിരിക്കുക- അതിലേക്കാണ്‌ നിങ്ങളെത്തേണ്ടത്. കുട്ടിയായിരിക്കുമ്പോൾ മുതിർന്നവർക്കിടയിൽ നിങ്ങളറിഞ്ഞ ഏകാന്തത: കനപ്പെട്ട, വലിയ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണവരെന്ന് അന്നു നിങ്ങൾക്കു തോന്നിയിരുന്നു; കാരണം, അവർ അത്രയ്ക്കു തിരക്കിലായിരുന്നു, എന്താണവർ ചെയ്യുന്നതെന്നത് നിങ്ങൾക്കു പിടി കിട്ടാത്തതുമായിരുന്നു.

അവരുടെ പ്രവൃത്തികൾ നിസ്സാരവും അവരുടെ ജീവിതവൃത്തികൾ വന്ധ്യവും ജീവിതത്തോടുള്ള ബന്ധം മുറിഞ്ഞതുമാണെന്നു ബോദ്ധ്യം വന്നുകഴിഞ്ഞാൽ പിന്നെന്തുകൊണ്ടൊരു കുട്ടിയെപ്പോലെ ലോകത്തെ നോക്കിക്കൂടാ- തനിക്കപരിചിതമായതൊന്നിനെപ്പോലെ, നിങ്ങളുടെ സ്വന്തം ലോകത്തിന്റെ ഗഹനതയിൽ നിന്ന്, നിങ്ങളുടെ ഏകാന്തതയുടെ വൈപുല്യത്തിൽ നിന്ന്, നിങ്ങളുടെ പ്രവൃത്തിയും കർമ്മവും നേട്ടവുമായ ആ ഏകാന്തതയിൽ നിന്ന്? ഒരു കുട്ടിയുടെ പ്രാജ്ഞമായ മനസ്സിലാകായ്കയെ എന്തിനു തിരസ്കൃതബോധവും വിദ്വേഷവുമായി വെച്ചുമാറണം? ആ മനസ്സിലാകായ്ക തന്നെയല്ലേ, ഏകാന്തത? തിരസ്കൃതബോധവും വിദ്വേഷവും എന്തിൽ നിന്നു വിട്ടുപോരാൻ നിങ്ങളാഗ്രഹിച്ചുവോ, അതിൽ പങ്കു ചേരാനുള്ള വഴികളുമല്ലേ?

നിങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്ന ലോകത്തെക്കുറിച്ചു ചിന്തിക്കൂ, പ്രിയപ്പെട്ട മി. കാപ്പുസ്. ആ ചിന്തയെ നിങ്ങൾക്കെന്തുപേരിട്ടും വിളിക്കാം: സ്വന്തം ബാല്യത്തിന്റെ ഓർമ്മയെന്നോ സ്വന്തം ഭാവിയിലേക്ക് അഭിലാഷത്തോടെയുള്ള നോട്ടമെന്നോ. എന്തുമാവട്ടെ, നിങ്ങളുടെ ഉള്ളിൽ നിന്നുയർന്നുവരുന്നതിനെ ശ്രദ്ധയോടെ നിരീക്ഷിക്കുക, നിങ്ങൾക്കു ചുറ്റും കാണുന്നതിൽ നിന്നൊക്കെ ഉയരത്തിൽ അതിനെ വയ്ക്കുക. നിങ്ങളുടെ ഉള്ളിന്റെയുള്ളിൽ നടക്കുന്നതേ നിങ്ങളുടെ സ്നേഹത്തിനർഹമായിട്ടുള്ളു; നിങ്ങളുടെ ചെയ്തികളെല്ലാം അതിൽ ഊന്നിയായിരിക്കണം. നിങ്ങളുടെ നിലപാട് മറ്റുള്ളവർക്കു വിശദീകരിച്ചു കൊടുക്കാനായി അധികം സമയവും ഊർജ്ജവും പാഴാക്കുകയുമരുത്. നിങ്ങൾക്കൊരു നിലപാടുണ്ടെന്നു തന്നെ ആരു പറയുന്നു? എനിക്കറിയാം, നിങ്ങളുടെ ജോലി കഠിനമാണ്‌, നിങ്ങളുടെ വിശ്വാസങ്ങൾക്കെതിരുമാണത്; നിങ്ങളുടെ പരാതികൾ ഞാൻ മുൻകൂട്ടി കണ്ടിരുന്നു; എന്നെങ്കിലും അവ പുറത്തേക്കു വരുമെന്നും എനിക്കറിയാമായിരുന്നു. ഇന്നവ പുറത്തേക്കു വന്ന സ്ഥിതിയ്ക്ക് നിങ്ങൾക്കൊരാത്മവിശ്വാസം പകരാൻ എനിക്കു കഴിയുന്നില്ല; ഇങ്ങനെയൊരുപദേശമേ എനിക്കു തരാനുള്ളു: എല്ലാ തൊഴിലും ഇതുപോലെതന്നെയല്ലേ? നിരന്തരം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണത്, വ്യക്തിയോടുള്ള വിരോധം നിറഞ്ഞതാണത്, വിരസമായ ഒരു ജോലിയ്ക്ക് നിശ്ശബ്ദമായി കീഴ്വങ്ങിയവരുടെ നിരുന്മേഷമായ വിദ്വേഷം നിറഞ്ഞതാണത്. നിങ്ങൾക്കിപ്പോൾ ജീവിക്കേണ്ടിവരുന്ന അവസ്ഥ മാമൂലുകളും മുൻവിധികളും തെറ്റിദ്ധാരണകളും നിറഞ്ഞ മറ്റവസ്ഥകളേക്കാൾ ദുർവ്വഹമാണെന്നു പറയാനില്ല; കുറച്ചുകൂടി സ്വതന്ത്രമെന്നു പുറമേ കാണിക്കുന്ന മറ്റു മണ്ഡലങ്ങൾ ഉണ്ടെന്നു തോന്നാം; എന്നാൽ അപരിമിതവും വിശാലവും ജീവിതത്തെ യഥാർത്ഥമാക്കുന്ന വലിയ കാര്യങ്ങളോടു സമ്പർക്കമുള്ളതുമായ ഒരു മണ്ഡലം എങ്ങും നിങ്ങൾ കാണില്ല. ഏകാകിയായ ഒരു വ്യക്തിയേ, വസ്തുക്കളെപ്പോലെ, അടിസ്ഥാനനിയമങ്ങൾക്കു വിധേയനായിട്ടുള്ളു; അയാൾ പ്രഭാതാഗമത്തിലേക്കിറങ്ങിച്ചെല്ലുമ്പോൾ, അല്ലെങ്കിൽ സംഭവങ്ങൾ നിറഞ്ഞ സായാഹ്നത്തിലേക്കു കണ്ണയക്കുമ്പോൾ, എന്താണവിടെ നടക്കുന്നതെന്നയാൾക്കു മനസ്സിലാവുമ്പോൾ തന്റെ തല്ക്കാലാവസ്ഥയെക്കുറിച്ചുള്ള സൂചനകളൊക്കെ അയാളിൽ നിന്നൂർന്നുവീഴുകയാണ്‌, മരിച്ചൊരാളിൽ നിന്നെന്നപോലെ, ജീവിതത്തിന്റെ നടുവിലാണയാൾ നില്ക്കുന്നതെങ്കിലും. പ്രിയപ്പെട്ട മി. കാപ്പുസ്, ഓഫീസർ എന്ന നിലയിൽ നിങ്ങളിപ്പോൾ സഹിക്കേണ്ടി വരുന്നതിനു സമാനമായതൊന്ന് ഇപ്പോഴുള്ള മറ്റേതു തൊഴിലിലും നിങ്ങൾക്കനുഭവിക്കേണ്ടിവരും. ഇനി തൊഴിലിനു പുറത്ത്, സമൂഹവുമായി തൊലിപ്പുറമേയുള്ള നിരുപാധികമായ ഒരു സമ്പർക്കമേ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കില്ക്കൂടി ഞെരുക്കുന്ന ഈ തോന്നലിൽ നിന്ന് നിങ്ങൾക്കൊഴിവു കിട്ടുകയില്ല. എല്ലായിടത്തും ഇങ്ങനെ തന്നെയാണ്‌; എന്നാൽ ഉത്കണ്ഠയ്ക്കോ വിഷാദത്തിനോ അതു കാരണമാവുകയുമരുത്; മനുഷ്യരുമായി നിങ്ങൾക്കൊന്നും പങ്കു വയ്ക്കാനില്ലെന്നു തോന്നുന്നെങ്കിൽ വസ്തുക്കളോടടുക്കുക; അവ നിങ്ങളെ ഉപേക്ഷിക്കില്ല. രാത്രികൾ ഇപ്പോഴും അവിടെയുണ്ട്, കാടുകൾക്കും പലപല ദേശങ്ങൾക്കും മേൽ കൂടി കടന്നുപോകുന്ന കാറ്റുകളുമുണ്ട്. നിങ്ങൾക്കു കൂടി പങ്കു ചേരാവുന്ന കാര്യങ്ങൾ വസ്തുക്കൾക്കും ജീവികൾക്കുമിടയിൽ നടക്കുന്നുണ്ട്. കുട്ടികൾ നിങ്ങൾ കുട്ടിയായിരുന്നപ്പോഴെന്നപോലെ ഇപ്പോഴുമുണ്ട്, കുട്ടിയായിരുന്ന നിങ്ങളെപ്പോലെ തന്നെ സങ്കടവും സന്തോഷവും നിറഞ്ഞവരായി; സ്വന്തം ബാല്യത്തെക്കുറിച്ചോർക്കുമ്പോൾ നിങ്ങൾ വീണ്ടും അവരോടൊപ്പം ജീവിക്കുകയാണ്‌, ഏകാകികളായ കുട്ടികൾക്കിടയിൽ; മുതിർന്നവർ അവിടെ ആരുമല്ലാതാകുന്നു, അവരുടെ പ്രമാണിത്തത്തിനു വിലയുമില്ലാതാകുന്നു.

ബാല്യത്തെയും അതിന്റെ സഹചാരികളായ ലാളിത്യത്തെയും മൗനത്തെയും കുറിച്ചോർക്കുമ്പോൾ നിങ്ങൾക്ക് ഭയവും വേദനയും തോന്നുന്നുവെന്നാണെങ്കിൽ, അവിടെ നിത്യസാന്നിദ്ധ്യമായിരുന്ന ദൈവത്തിൽ നിങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണതെങ്കിൽ, പ്രിയപ്പെട്ട മി. കാപ്പുസ്, നിങ്ങൾക്ക് ശരിക്കും ദൈവത്തെ നഷ്ടപ്പെട്ടുവോ? നിങ്ങൾക്കൊരിക്കലും അവൻ സ്വന്തമായിരുന്നില്ലെന്നു പറയുകയാവില്ലേ, കൂടുതൽ ശരി? എന്നാണു നിങ്ങൾക്കവൻ സ്വന്തമായിരുന്നത്? മുതിർന്നവർക്കു തന്നെ അതിപ്രയത്നം കൊണ്ടേ അവനെ താങ്ങാൻ കഴിയുന്നുള്ളൂ എന്നിരിക്കെ, പ്രായമായവർ അവന്റെ ഭാരം കൊണ്ടു ഞെരിഞ്ഞുപോവുകയാണെന്നിരിക്കെ, ഒരു കുട്ടിയ്ക്ക് അവനെ താങ്ങാൻ പറ്റുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അവൻ ശരിക്കും സ്വന്തമായിരുന്ന ഒരാളിൽ നിന്ന് ഒരു വെള്ളാരങ്കല്ലു പോലെ പോലെ അവനങ്ങനെ നഷ്ടപ്പെട്ടുപോകുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവൻ സ്വന്തമായിരുന്നയാളെ അവനു നഷ്ടപ്പെടുക എന്നതല്ലേ ഉണ്ടാവുക? എന്നാൽ, നിങ്ങളുടെ ബാല്യത്തിൽ അവൻ ഉണ്ടായിരുന്നില്ലെന്നും അതിനു മുമ്പും അവൻ ഉണ്ടായിരുന്നില്ലെന്നുമാണ്‌ നിങ്ങൾക്കു ബോദ്ധ്യമാകുന്നതെങ്കിൽ, ക്രിസ്തു അനുകമ്പയുടെ മായത്തിൽ പെട്ടുപോയെന്നും മുഹമ്മദ് ഗർവ്വിനാൽ വഞ്ചിതനായെന്നുമാണ്‌ നിങ്ങൾ സംശയിക്കുന്നതെങ്കിൽ- ഇപ്പോഴും, നാം അവനെക്കുറിച്ചു സംസാരിക്കുന്ന ഈ നിമിഷത്തിലും അവൻ ഇല്ലെന്ന ഭീതിയാണ്‌ നിങ്ങൾക്കു തോന്നുന്നതെങ്കിൽ- എങ്കിൽ, ഒരിക്കലും ഇല്ലാതിരുന്ന ഒരാളെച്ചൊല്ലി നഷ്ടബോധം തോന്നാൻ, കാണാതെപോയ ഒരാളെ അന്വേഷിച്ചുപോകാൻ എന്തവകാശമാണ്‌ നിങ്ങൾക്കുള്ളത്?

എന്തുകൊണ്ടു നിങ്ങൾക്കവനെ വരാനുള്ള ദൈവമായി കണ്ടുകൂടാ, നിത്യതയിൽ നിന്നു നമ്മെ സമീപിച്ചുകൊണ്ടിരിക്കുന്നവനായി, ഒരുനാൾ എത്തിച്ചേരുന്നവനായി, നാം ഇലകളായ ഒരു മരത്തിന്റെ അന്തിമഫലമായി? ഉരുത്തിരിഞ്ഞുവരുന്ന ഒരു കാലത്തിലേക്ക് അവന്റെ ജനനത്തെ ചുഴറ്റിയെറിയുന്നതിലും മഹത്തായ ഒരു ഗർഭത്തിന്റെ ചരിത്രത്തിലെ വേദനിക്കുന്നതും മനോഹരവുമായ ഒരു ദിനമായി സ്വന്തം ജീവിതം ജീവിക്കുന്നതിലും നിന്ന് എന്താണു നിങ്ങളെ തടയുന്നത്? ഓരോ സംഭവവും പിന്നെ ഒരാരംഭമാവുകയാണെന്നു നിങ്ങൾ കാണുന്നില്ലേ? അത് അവന്റെ ആരംഭവുമായിക്കൂടേ, എത്ര മനോഹരമാണ്‌ ആരംഭങ്ങൾ എന്നോർക്കുമ്പോൾ? ഏറ്റവും പൂർണ്ണമായ സത്ത അവനാണെങ്കിൽ അതിലും കുറഞ്ഞ സത്തകൾ അവനു മുമ്പാവിർഭവിക്കില്ലേ, പൂർണ്ണതയിലും സമൃദ്ധിയിലും നിന്നു തനിക്കു വേണ്ടതവനെടുക്കാനായി? അവനാവേണ്ടേ അവസാനത്തവൻ, സർവ്വതും തന്നിൽത്തന്നെ അവനുൾക്കൊള്ളണമെങ്കിൽ? നാം കാത്തിരിക്കുന്നവൻ പണ്ടേ വന്നുപോയെങ്കിൽ പിന്നെ നമ്മുടെ ജീവിതം കൊണ്ടെന്തർത്ഥമാവാൻ?

തേനീച്ചകൾ തേനെടുക്കുന്നതുപോലെ സർവ്വതിൽ നിന്നും മാധുര്യം സഞ്ചയിച്ച് നാം അവനെ പണിതെടുക്കുന്നു. ഏറ്റവും നിസ്സാരമായതിൽ നിന്ന്, നമ്മുടെ കണ്ണില്പെടാൻ പോലുമില്ലാത്തത്ര ചെറുതുകളിൽ നിന്ന് നാം തുടങ്ങുന്നു; നമ്മുടെ പ്രവൃത്തിയിൽ നിന്ന്, അതു കഴിഞ്ഞുള്ള വിശ്രമത്തിൽ നിന്ന്, മൗനത്തിന്റെയോ ഒരേകാന്താനന്ദത്തിന്റെയോ നിമിഷത്തിൽ നിന്ന്, ഒപ്പമാരുമില്ലാതെയും സഹായിക്കാനാരുമില്ലാതെയും ഒറ്റയ്ക്കു നാം ചെയ്യുന്ന സർവ്വതിൽ നിന്നും നാമവനെ തുടങ്ങിവയ്ക്കുന്നു; അവനെ കാണാൻ നാം ജീവിച്ചിരിക്കില്ല, നമ്മെ കാണാൻ നമ്മുടെ പൂർവ്വികർ ജീവിച്ചില്ല എന്നപോലെതന്നെ. എന്നാൽ അവർ, പണ്ടേ മണ്മറഞ്ഞവർ, നമ്മിലുണ്ട്, ഒരന്തഃപ്രചോദനമായി, നമ്മുടെ നിയതിക്കു മേലൊരു ഭാരമായി, ചോരയിലൊരു മർമ്മരമായി, കാലത്തിന്റെ കയങ്ങളിൽ നിന്നുയർന്നുവരുന്നൊരു ചേഷ്ടയായി.

ഈ വിധം ഒരുനാൾ നിങ്ങൾ അവനിൽ, ഏറ്റവും വിദൂരസ്ഥനായ, പരിധിയുടെ പരമാവധിയായ അവനിൽ അധിവസിക്കുമെന്ന പ്രത്യാശയെ കെടുത്തുന്നതെന്തെങ്കിലും നിങ്ങളിലുണ്ടോ?

പ്രിയപ്പെട്ട മി. കാപ്പുസ്, നിങ്ങളുടെ ഈ അസ്തിത്വാകാംക്ഷയിൽ നിന്നുതന്നെയാണ്‌ അവൻ തുടക്കം കുറിയ്ക്കാൻ നിശ്ചയിച്ചിരിക്കുന്നത് എന്ന ഭവ്യമായ ചിന്തയോടെ നിങ്ങൾ ക്രിസ്തുമസ് ആഘോഷിക്കുക. നിങ്ങളുടെ സംക്രമണത്തിന്റെ ഈ ദിനങ്ങളിൽ തന്നെയാവാം, നിങ്ങളിലുള്ള സർവ്വതും അവനെ ഉന്നം വച്ചു പണിയെടുക്കുന്നതും, കുട്ടിയായിരുന്നപ്പോൾ ശ്വാസമടക്കിക്കൊണ്ടു നിങ്ങൾ അവനെ ഉന്നം വച്ചു പണിയെടുത്തിരുന്നപോലെ. ക്ഷമയോടിരിക്കുക, മനസ്സാന്നിദ്ധ്യം കൈവെടിയാതിരിക്കുക; നമുക്കിത്രയെങ്കിലും ചെയ്യാമെന്നോർക്കുക: അവന്റെ വരവു നാം ദുഷ്കരമാക്കാതിരിക്കുക, വരേണ്ട കാലത്തു വസന്തമെത്തുമ്പോൾ ഭൂമി അതു ദുഷ്കരമാക്കുന്നില്ലെന്നപോലെ. നിങ്ങൾക്കു ഞാൻ സന്തോഷവും ആത്മവിശ്വാസവും നേരുന്നു.

നിങ്ങളുടെ,

റെയിനർ മരിയ റില്ക്കെ.


7.

റോം, 1904 മേയ് 14

പ്രിയപ്പെട്ട മി. കാപ്പുസ്,

നിങ്ങൾ ഒടുവിൽ അയച്ച കത്തു കിട്ടിയിട്ട് ഏറെ നാളായിരിക്കുന്നു. അതിന്റെ പേരിൽ എന്നോടു നീരസം തോന്നരുതേ. ഒന്നാമത് ജോലി, പിന്നെ ചില തടസ്സങ്ങൾ, ഒടുവിലായി അനാരോഗ്യവും: മറുപടി എഴുതുന്നതിൽ നിന്ന് ഇതേവരെ എന്നെ തടഞ്ഞത് ഇതൊക്കെയായിരുന്നു. സമാധാനം നിറഞ്ഞ, നല്ല നാളുകളിൽ നിന്നു വേണം നിങ്ങൾക്കെഴുതാനെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ ഒരല്പം സുഖം പോലെ തോന്നുന്ന സ്ഥിതിയ്ക്ക് (ഇവിടെയും വസന്താഗമത്തിന്റെ തോന്ന്യവാസങ്ങൾ ദുർവഹമാകാതിരുന്നില്ല) നിങ്ങളെ എന്റെ ആശംസകൾ അറിയിക്കാമെന്നായിരിക്കുന്നു, പ്രിയപ്പെട്ട മി. കാപ്പുസ്; നിങ്ങളുടെ കത്തിനു മറുപടിയായി എനിക്കാവും വിധം അതുമിതുമൊക്കെ എഴുതാമെന്നുമായിരിക്കുന്നു (അതു ചെയ്യുന്നതിൽ എനിക്കു സന്തോഷമേയുള്ളുതാനും.)

കണ്ടുകാണുമല്ലോ: ഈ കത്തിൽ ഞാൻ താങ്കളുടെ ഗീതകം പകർത്തിയെഴുതിയിട്ടുണ്ട്; അതിനു കാരണം ഞാനതിൽ സൗന്ദര്യവും ലാളിത്യവും ഔചിത്യപൂർണ്ണമായ രൂപവും ദർശിച്ചു എന്നതുതന്നെ. എനിക്കു വായിക്കാൻ കിട്ടിയ നിങ്ങളുടെ കവിതകളിൽ ഇതാണ്‌ ഏറ്റവും മികച്ചത്. ഞാനിത് നിങ്ങൾക്കു പകർത്തി അയക്കുന്നത് ഇതേറ്റവും പ്രധാനമാണെന്ന് എനിക്കറിയാവുന്നതു കൊണ്ടാണ്‌; പിന്നെ, സ്വന്തം രചന മറ്റൊരാളുടെ കൈപ്പടയിൽ വായിക്കുമ്പോൾ അത് തീർത്തും പുതിയ ഒരനുഭവമാകുന്നു എന്നതുകൊണ്ടും. താൻ ഇതു മുമ്പു കണ്ടിട്ടില്ല എന്ന മട്ടിൽ നിങ്ങൾ ഇതു വായിക്കുക, അതെത്രമാത്രം തന്റേതാണെന്ന് ഉള്ളിന്റെയുള്ളിൽ അപ്പോൾ നിങ്ങൾക്കനുഭവമാകും.

നിങ്ങളുടെ ഈ ഗീതകവും കത്തും ഇടയ്ക്കിടെ എടുത്തു വായിക്കുന്നത് എനിക്കൊരു സന്തോഷമായിരുന്നു; രണ്ടിനും ഞാൻ നന്ദി പറയട്ടെ.

സ്വന്തം ഏകാന്തതയിൽ നിന്നു പുറത്തു കടക്കാൻ നിങ്ങൾക്കൊരാഗ്രഹം തോന്നുന്നുണ്ടെങ്കിൽ ആ ആഗ്രഹം മനസ്സിനെ വ്യതിചലിപ്പിക്കാൻ നിന്നുകൊടുക്കരുതേ. അതേ ആഗ്രഹം തന്നെ, ശാന്തതയോടെയും ഔചിത്യത്തോടെയും ഉപയോഗപ്പെടുത്തുകയാണെങ്കിൽ, നിങ്ങളുടെ ഏകാന്തതയുടെ വിസ്തൃതി വിദൂരമേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള ഉപകരണമാകാനേയുള്ളു. മിക്കവരും പരിഹാരം കാണുന്നത് (പലതരം മാമൂലുകളുടെ സഹായത്തോടെ) എളുപ്പവഴി നോക്കിയിട്ടാണ്‌, ഏറ്റവും എളുപ്പമുള്ള വഴി ഏതെന്നു നോക്കിയിട്ടാണ്‌. എന്നാൽ ഏറ്റവും ദുഷ്കരവും ദുർവഹവുമായതിനെയാണ്‌ നാം മുറുകെപ്പിടിക്കേണ്ടത് എന്നതു സുവ്യക്തവുമാണ്‌. ജീവനുള്ള ഏതു വസ്തുവും ഇതു തന്നെയാണ്‌ ചെയ്യുന്നത്; പ്രകൃതിയിലുള്ള എന്തും പുഷ്ടിപ്പെടുകയും സ്വയം പ്രതിരോധിക്കുകയും ചെയ്യുന്നത് അതിന്റേതായ ഒരു വഴിയിലൂടെയാണ്‌; അത് വ്യതിരിക്തമാവുന്നത് അതിന്റെ തന്നെ വിഭവങ്ങൾ ഉപയോഗപ്പെടുത്തിയിട്ടാണ്‌; എന്തു വിലകൊടുത്തും ഏതു പ്രാതികൂല്യത്തെയും നേരിട്ടും അത് സ്വന്തം തനിമ സ്ഥാപിക്കാൻ യത്നിക്കുകയും ചെയ്യും. നമുക്കറിയാവുന്നതായി കുറച്ചേയുള്ളു; എന്നാൽ ദുഷ്കരമായതിനെ നാം മുറുകെപ്പിടിക്കണം എന്ന തീർച്ച ഒരിക്കലും നമ്മെ ഉപേക്ഷിച്ചുപോകില്ല. ഏകാകിയാകുന്നത് നല്ലതാണ്‌, എന്തെന്നാൽ ഏകാന്തത ദുഷ്കരമാണ്‌; ഒരു കാര്യം ദുഷ്കരമാണ്‌ എന്നത് അതു ചെയ്യാനുള്ള അധികകാരണമാവുകയാണ്‌.

സ്നേഹിക്കുന്നതും നല്ലതാണ്‌, എന്തെന്നാൽ സ്നേഹം ദുഷ്കരമാണ്‌. ഒരാൾക്കു മറ്റൊരാളോടുള്ള സ്നേഹം: നമുക്കു പറഞ്ഞിരിക്കുന്ന ദൗത്യങ്ങളിൽ വച്ചേറ്റവും ദുഷ്കരം അതായേക്കാം; ഒരഗ്നിപരീക്ഷയാണത്, നമ്മുടെ മറ്റെല്ലാ പ്രയത്നങ്ങളും വെറും മുന്നൊരുക്കങ്ങൾ മാത്രമാവുന്ന പ്രയത്നമാണത്. അതുകൊണ്ടു തന്നെ ചെറുപ്പക്കാർക്ക്, എന്തിലും തുടക്കക്കാരായ അവർക്ക്, എങ്ങനെ സ്നേഹിക്കണമെന്ന് അറിയാറായിട്ടുമില്ല: അവരത് പഠിച്ചെടുക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ സർവ്വസ്വവുമെടുത്ത്, ഏകാന്തവും കാതരവുമായ തങ്ങളുടെ ഹൃദയങ്ങൾക്കു ചുറ്റുമായി കരുത്തുകളെല്ലാം വിന്യസിച്ച് അവർ സ്നേഹിക്കാൻ പഠിക്കണം. എന്നാൽ ആ പഠനകാലം ദീർഘമായിരിക്കും, ഒറ്റപ്പെടലിന്റേതായിരിക്കും; സ്നേഹവും അതുപോലെ ദീർഘകാലത്തേക്കുള്ളതാണ്‌, ഒറ്റപ്പെടലിന്റേതാണ്‌; ഏകാന്തത, തീവ്രവും ഗഹനവുമായ ഏകാന്തത: അതാണ്‌ സ്നേഹിക്കുന്നവനുള്ളത്. സ്നേഹമെന്നാൽ ആദ്യം തന്നെ വിലയനമോ സമർപ്പണമോ മറ്റൊരു വ്യക്തിയുമായുള്ള സംയോഗമോ ആകുന്നില്ല (വ്യക്തത വരാത്തവരും പൂർണ്ണത പ്രാപിക്കാത്തവരുമായ രണ്ടു വ്യക്തികളുടെ സംയോഗത്തിൽ എന്തർത്ഥമിരിക്കുന്നു?); വ്യക്തിക്കപ്പോൾ മഹത്തായ ഒരവസരം കിട്ടുകയാണ്‌: പാകതയെത്താൻ, സ്വന്തമായിട്ടെന്തെങ്കിലുമാകാൻ, ഒരു ലോകമാകാൻ, മറ്റൊരാൾക്കായി തന്നിൽത്തന്നെ ഒരു ലോകമാകാൻ. അത് അയാൾക്കു മേൽ ചുമത്തപ്പെടുന്ന അമിതമായ ഒരുത്തരവാദിത്തമാണ്‌, അതയാളെ തിരഞ്ഞുപിടിക്കുകയാണ്‌, വിശാലമായ ഒരു ചക്രവാളത്തിലേക്ക് അയാളെ പറഞ്ഞയക്കുകയാണ്‌. ഈയൊരർത്ഥത്തിലേ, തങ്ങൾക്കു മേൽ തന്നെയുള്ള ഒരു പണിയെടുക്കലായേ (‘രാവും പകലും കാതോർത്തും പണിയെടുത്തും) ചെറുപ്പക്കാർ തങ്ങൾക്കു ദത്തമായ സ്നേഹത്തെ ഉപയോഗപ്പെടുത്താവൂ. വിലയനവും സമർപ്പണവും ഒരു തരത്തിലുള്ള സഹവാസവും അവർക്കു പറഞ്ഞിട്ടുള്ളതല്ല (അതിനവർ ദീർഘദീർഘമായൊരു കാലത്തേക്ക് അരിഷ്ടിച്ചുജീവിക്കേണ്ടിവരും); പരമകാഷ്ഠയാണത്, ഒരു മനുഷ്യജന്മം അതിനു തികയുന്നില്ലെന്നു വരാം.

പക്ഷേ ചെറുപ്പക്കാർ എത്ര തവണയാണ്‌, എത്ര ദാരുണമായിട്ടാണ്‌ തെറ്റുകൾ വരുത്തുന്നത്: (അക്ഷമയാണ്‌ അവരുടെ പ്രകൃതമെന്നതിനാൽ) സ്നേഹം തങ്ങളെ കീഴ്പ്പെടുത്തുമ്പോൾ അവർ ഒരാൾ മറ്റൊരാളിലേക്കു സ്വയം വലിച്ചെറിയുകയാണ്‌, തങ്ങളുടെ അന്ധാളിപ്പും ആകുലതയും അവ്യവസ്ഥയുമൊക്കെയായി അവർ സ്വയം ചിതറിത്തെറിക്കുകയാണ്‌...പക്ഷേ എന്നിട്ടിതിൽ നിന്നെന്തുണ്ടാവാൻ? തങ്ങളുടെ ഒരുമിക്കൽ എന്നവർ വിളിക്കുന്ന, തങ്ങളുടെ ആനന്ദമെന്ന്, സാദ്ധ്യമെങ്കിൽ തങ്ങളുടെ ഭാവിയെന്നു തന്നെ അവർ വിളിക്കാനിഷ്ടപ്പെടുന്ന ആ പാതിയുടഞ്ഞ വസ്തുക്കളും കൊണ്ട് ജീവിതം എന്തു ചെയ്യണമെന്നാണ്‌? അങ്ങനെ ഓരോ ആളും മറ്റൊരാൾക്കു വേണ്ടി സ്വയം നഷ്ടപ്പെടുത്തുന്നു; എന്നിട്ട് ആ മറ്റൊരാളും പിന്നീടു വരാനുള്ള മറ്റുള്ളവരും അയാൾക്കു നഷ്ടപ്പെടുകയുമാണ്‌. വിപുലമായ അകലങ്ങളും സാദ്ധ്യതകളും അയാൾ നഷ്ടപ്പെടുത്തുന്നു; വന്ധ്യമായ ഒരു നിസ്സഹായതയ്ക്കു പകരമായി സൗമ്യവും നിഗൂഢവുമായ വസ്തുക്കളുടെ സാമീപ്യവും പലായനവും നഷ്ടപ്പെടുത്തുന്നു; അല്പം വിദ്വേഷവും നൈരാശ്യവും പാപ്പരത്തവും മാത്രം ബാക്കിയാകുന്നു; ഒടുവിൽ ഏറ്റവും അപകടം പിടിച്ച ഈ പാതയുടെ ഇരുവശവും ഇഷ്ടം പോലെ പണിതിട്ടിരിക്കുന്ന അഭയകേന്ദ്രങ്ങളായ കീഴ്നടപ്പുകളിലൊന്നിലേക്കുള്ള ഒളിച്ചോട്ടവും. കീഴ്നടപ്പുകൾ കൊണ്ട് ഇത്ര നന്നായി സജ്ജീകരിച്ചിരിക്കുന്ന മനുഷ്യാനുഭവത്തിന്റെ മറ്റൊരു മേഖലയുണ്ടാവില്ല: നിർമ്മാണത്തിൽ വൈവിദ്ധ്യം പുലർത്തുന്ന ലൈഫ് ബൽറ്റുകളുണ്ട്, വഞ്ചികളും പൊന്തിക്കിടക്കാനുള്ള സൂത്രങ്ങളുമുണ്ട്; സാദ്ധ്യമായ ഏതു തരത്തിലുമുള്ള അഭയസ്ഥാനങ്ങൾ സമൂഹം സൃഷ്ടിച്ചുവച്ചിട്ടുണ്ട്; കാരണം, പ്രണയജീവിതത്തെ നേരമ്പോക്കായിട്ടാണതു കാണുന്നതെന്നതിനാൽ മറ്റേതു ജനകീയവിനോദവും പോലെ അതിനെയും അതിലളിതവും സുലഭവും സുരക്ഷിതവുമാക്കുക എന്നത് അതിന്റെ ബാദ്ധ്യതയായിരുന്നു.

ശരി തന്നെ, തെറ്റായ രീതിയിൽ സ്നേഹിക്കുന്ന പല ചെറുപ്പക്കാരും, എന്നു പറഞ്ഞാൽ, ഒരു പ്രതിരോധവുമുയർത്താതെ കീഴടങ്ങുകയും തങ്ങളുടെ ഏകാന്തത അടിയറ വയ്ക്കുകയും ചെയ്യുന്നവർ (ഒരു ശരാശരി മനുഷ്യൻ ഇതല്ലാതെ ചെയ്യാൻ പോകുന്നില്ല), തങ്ങളുടെ തോൽവിയിൽ മനഃപീഡയനുഭവിക്കുകയും തങ്ങൾ ചെന്നുപെട്ട അവസ്ഥയെ തങ്ങളുടേതായ, വ്യക്തിപരമായ രീതിയിൽ സാർത്ഥകമോ സഫലമോ ആക്കാൻ ആഗ്രഹിക്കുന്നുണ്ടാവാം. അവരുടെ പ്രകൃതം അവരോടു പറയുകയാണ്‌, സുപ്രധാനമായ മറ്റേതിനേയും പോലെയല്ല, സ്നേഹത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് പൊതുമണ്ഡലത്തിൽ വച്ചോ ഏതെങ്കിലും പൊതുസമ്മതപ്രകാരമോ ഉത്തരം കണ്ടെത്താനാവുകയില്ലെന്ന്; ഒരു മനുഷ്യജീവിയിൽ നിന്ന് മറ്റൊരു മനുഷ്യജീവിയോടുള്ള ചോദ്യങ്ങളാണ്‌, ഉള്ളിൽ നിന്നു വരുന്ന ചോദ്യങ്ങളാണവയെന്ന്, ഓരോ പ്രകരണത്തിലും പുതിയതും സവിശേഷവും തീർത്തും വ്യക്തിപരവുമായ ഉത്തരങ്ങളാണവ ആവശ്യപ്പെടുന്നതെന്ന്. പക്ഷേ, എങ്ങനെയാണവർ, ഒരാൾ മറ്റൊരാളിലേക്കു വലിച്ചെറിഞ്ഞുകളഞ്ഞവർ, ഒരാളെ ഒരാളിൽ നിന്നു വേർതിരിച്ചറിയാൻ പറ്റാത്ത വിധം സ്വന്തം പരിധികൾ മായ്ച്ചുകളഞ്ഞവർ, അതിനാൽ സ്വന്തമെന്നു പറയാവുന്നതൊന്നും ഇല്ലാതായിക്കഴിഞ്ഞവർ, എങ്ങനെയാണവർ തങ്ങളിൽ നിന്നു പുറത്തുവരാൻ, വെട്ടിക്കീറി കുഴിച്ചിട്ട ഏകാന്തതയുടെ ആഴങ്ങളിൽ നിന്നു പുറത്തു വരാൻ ഒരു വഴി കണ്ടെത്തുക?

അവരുടെ പ്രവൃത്തികൾ പിന്നെ പരസ്പരം പങ്കു വയ്ക്കുന്ന ഒരു നിസ്സഹായതയിൽ നിന്നാവുന്നു; ഏതെങ്കിലും നല്ല കാരണം കൊണ്ടാവാം, മുന്നിൽ വരുന്ന ഒരു നടപ്പുരീതിയിൽ നിന്ന് (ഉദാഹരണത്തിന്‌, വിവാഹം)അവർ രക്ഷ പെട്ടോടുന്നത് അത്ര പ്രകടമല്ലാത്ത, എന്നാൽ അത്ര തന്നെ മാരകമായ മറ്റൊരു നടപ്പുരീതിയുടെ നീരാളിക്കൈകളിലേക്കായിരിക്കും; കാരണം, അവർക്കു ചുറ്റും നടപ്പുരീതികളേയുള്ളു. അപക്വവും കലുഷവുമായ ഒരു സംയോജനത്തിൽ നിന്നുണ്ടാവുന്ന ഒരു പ്രവൃത്തി മാമൂൽ പ്രകാരമുള്ളതാകാതെ വഴിയില്ല. ആ തരം കാലുഷ്യത്തിന്റെ ഉല്പന്നമായ ഒരു ബന്ധം, അതിനി എത്ര അസാധാരണമാവട്ടെ (അതായത്, പൊതുവേ പറയുന്ന രീതിയിൽ അസാന്മാർഗ്ഗികവും), അതിന്റേതായ മാമൂലുകൾ സൃഷ്ടിക്കുകയായി. അതെ, വേർപിരിയൽ പോലും അവിടെ സാമ്പ്രദായികമായ ഒരു നടപടിയാവുകയാണ്‌, ബലമില്ലാത്ത, ഫലമില്ലാത്ത, വ്യക്തിപരമല്ലാത്ത, യാദൃച്ഛികമായ ഒരു തീരുമാനം.

ഈ സംഗതിയെ ഗൗരവത്തോടെ നോക്കിക്കണ്ടിട്ടുള്ള ഏതൊരാൾക്കും മനസ്സിലാവുകയാണ്‌, മരണത്തിനെന്നപോലെ (ദുഷ്കരമാണത്) സ്നേഹത്തിനും (അതും ദുഷ്കരമാണ്‌) നാളിതുവരെ ഒരു വിശദീകരണവും ഒരു പരിഹാരവും കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്ന്; ഒരു വഴിയുടെ സൂചന പോലും കാണാനില്ലെന്ന്. പൊതിഞ്ഞുകെട്ടി, മുദ്ര വച്ചു നാം പേറിനടക്കുകയും തുറന്നുനോക്കാതെ തന്നെ മറ്റൊരാൾക്കു കൈമാറുകയും ചെയ്യുന്ന ഈ രണ്ടു പ്രശ്നങ്ങൾക്കും സർവ്വസമ്മതമായ ഒരു പൊതുനിയമം കണ്ടെത്തുക അസാദ്ധ്യമാണ്‌. പക്ഷേ, വ്യക്തികളെന്ന നിലയ്ക്ക് എത്രത്തോളം നാം ജീവിതത്തിലേക്കിറങ്ങാൻ ഒരുമ്പെടുന്നുവോ, അത്രയുമളവിൽ ഈ രണ്ടു കാര്യങ്ങളെയും സ്വന്തമായി, തൊട്ടടുത്തായി നമുക്കു നേരിടേണ്ടിവരികയുമാണ്‌. സ്നേഹം എന്ന ദുഷ്കരകൃത്യം നമ്മുടെ വികാസത്തിൽ ചുമത്താൻ പോകുന്ന ഉത്തരവാദിത്തം നമുക്കു താങ്ങാവുന്നതിലും അധികമാണ്‌; തുടക്കക്കാരായ നാം അതിനെതിരു നില്ക്കാൻ പോന്നവരുമല്ല. അതേ സമയം, നാം പിടിച്ചുനില്ക്കുകയാണെങ്കിൽ, ആ സ്നേഹത്തെ നമ്മുടെ ഒരു ചുമതലയായും ഒരു പരിശീലനമായും കാണുകയാണെങ്കിൽ, ഗൗരവത്തോടെ ജീവിക്കേണ്ട സ്വന്തം ജീവിതത്തിൽ നിന്നു മറഞ്ഞുനില്ക്കാനായി ആളുകൾ കളിക്കുന്ന നിസ്സാരവും ചപലവുമായ കളികളിൽ സ്വയം നഷ്ടപ്പെടുത്തുന്നില്ലെങ്കിൽ- എങ്കിൽ ചെറിയൊരു പുരോഗതിയും അല്പമൊരു മനസ്സയവും നമുക്കു വളരെ പിന്നിൽ വരുന്നവർക്കു കിട്ടിയെന്നു വരാം. അതുതന്നെ വലിയൊരു കാര്യമാണ്‌.

ഇപ്പോൾ മാത്രമാണ്‌ ഒരു വ്യക്തിക്ക് രണ്ടാമതൊരു വ്യക്തിയോടുള്ള ബന്ധത്തെ വസ്തുനിഷ്ഠവും മുൻവിധികളില്ലാതെയും പരിഗണിക്കാൻ നാം തുടങ്ങിയിട്ടുള്ളത്; അങ്ങനെയൊരു ബന്ധം ജീവിതത്തിൽ പകർത്താനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഒരു മാതൃക നമുക്കു മുന്നിലില്ലതാനും. എന്നാലും നമ്മുടെ ദുർബലമായ തുടക്കങ്ങൾക്കു തുണയാകുന്ന പലതും കാലം കൊണ്ടുണ്ടായ മാറ്റങ്ങളിൽ കാണാനുമുണ്ട്.

പെൺകുട്ടികളും സ്ത്രീകളും പുരുഷന്മാരുടെ പെരുമാറ്റത്തെയും പെരുമാറ്റദൂഷ്യങ്ങളേയും അനുകരിക്കുന്നെങ്കിൽ, പുരുഷന്മാരുടെ ജീവിതവൃത്തികൾ കൈക്കൊള്ളുന്നെങ്കിൽ അതവരുടെ വ്യക്തിപരമായ വികാസത്തിലെ താല്ക്കാലികതുടക്കങ്ങൾ മാത്രമാണ്‌. ആ തരം പരിവർത്തനങ്ങളുടെ അനിശ്ചിതത്വം മാഞ്ഞുകഴിഞ്ഞാൽ നമുക്കു വ്യക്തമാകും, സ്ത്രീകൾ അങ്ങനെയുള്ള (പലപ്പോഴും അപഹാസ്യമായ) വേഷപ്പകർച്ചകളുടെ സമൃദ്ധിയിലൂടെയും വൈവിദ്ധ്യത്തിലൂടെയും കടന്നുപോകുന്നത് തങ്ങളുടെ സ്വപ്രകൃതി തെളിച്ചെടുക്കാനാണെന്ന്, എതിർലിംഗത്തിന്റെ വികലസ്വാധീനങ്ങളെ കഴുകിക്കളയാനാണെന്ന്. ജീവിതം കുറച്ചുകൂടി ആർജ്ജവത്തോടെയും വിശ്വാസത്തോടെയും സാഫല്യത്തോടെയും കുടികൊള്ളുന്ന സ്ത്രീ എന്തായാലും പുരുഷനേക്കാൾ പക്വതയാർജ്ജിച്ചവളാണ്‌, അവനേക്കാൾ മനുഷ്യത്വമുള്ളവളുമാണ്‌. ചപലനായ അവൻ ഉടലിൽ കായ്ക്കുന്ന ഒരു കനിയുടെ ഭാരം കൊണ്ട് ജീവിതത്തിന്റെ ഉപരിതലത്തിനടിയിലേക്കു പോയിട്ടില്ല, താൻ സ്നേഹിക്കുന്നുവെന്നവൻ കരുതുന്നതിനെ ധാർഷ്ട്യവും തിടുക്കവും കൊണ്ടു വിലയിടിക്കുകയല്ലാതവൻ ചെയ്തിട്ടില്ല. സ്ത്രീയിൽ കുടികൊള്ളുന്ന ആ മനുഷ്യത്വം, യാതനയും അപമാനവും സഹിച്ചുകൊണ്ട് അവൾ തന്റെ ഗർഭത്തിൽ പേറുന്ന ആ സാരള്യം, സാമ്പ്രദായികസ്ത്രീത്വത്തിന്റെ ബാഹ്യാവരണങ്ങൾ അവൾ പറിച്ചെറിയുന്ന നാൾ വെളിച്ചത്തേക്കു വരും; ഇന്നതിന്റെ വരവറിയാത്ത പുരുഷന്മാർ അതിനു മുന്നിൽ പകച്ചുനില്ക്കും, ഒടുവിൽ അടിയറവു പറയുകയും ചെയ്യും. ഒരുനാൾ (വടക്കൻ യൂറോപ്പിലെ ചില രാജ്യങ്ങളിൽ ഇപ്പോൾത്തന്നെ വിശ്വാസയോഗ്യമായ ചില സൂചനകൾ പരന്നുതുടങ്ങിയിരിക്കുന്നു) ഒരുനാൾ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സ്വന്തം പേരുകൾ തങ്ങൾ പുരുഷന്മാരല്ലെന്നതിന്റെ വെറും ചിഹ്നങ്ങൾ മാത്രമല്ലാതാകും, സ്വന്തനിലയ്ക്ക് അവയ്ക്കൊരർത്ഥമുണ്ടാകും. പരിധിയോ പൂരകമോ അല്ല അതു മനസ്സിൽ കൊണ്ടുവരിക, ജീവിതവും യാഥാർത്ഥ്യവുമാണ്‌: സ്ത്രീയായ മനുഷ്യജീവി.

ഈ മുന്നേറ്റം (പിന്നിലായിപ്പോയ പുരുഷന്റെ ഹിതത്തിനെതിരാണ്‌ തുടക്കത്തിലിത്) ഇപ്പോൾ സ്ഖലിതങ്ങൾ കൊണ്ടു നിറഞ്ഞ പ്രണയാനുഭവത്തെ രൂപാന്തരപ്പെടുത്തും, കടയിൽ നിന്നേയതിനെ മാറ്റിത്തീർക്കും, സ്ത്രീയും പുരുഷനും തമ്മിലല്ല, രണ്ടു മനുഷ്യജീവികൾ തമ്മിലുള്ള ബന്ധമായി അതിനെ പുതുക്കിപ്പണിയും. സ്നേഹത്തിന്റെ കൂടുതൽ മാനുഷികമായ ഈ രൂപം (പരിധിയറ്റ സൗമ്യതയും പരിഗണനയും കൊണ്ടാണ്‌ അതനുഷ്ഠിക്കപ്പെടുന്നത്, നേരും കരുണയും കൊണ്ടാണ്‌ അത് ബന്ധങ്ങൾ തീർക്കുന്നതും അഴിക്കുന്നതും) ഏതു സ്നേഹത്തിനാണോ ഉത്സാഹത്തോടെയും യാതനയോടെയും നാം വഴിയൊരുക്കുന്നത്, അതിനെ ഓർമ്മപ്പെടുത്തും: പരസ്പരം പരിരക്ഷിക്കുകയും പരിധി വയ്ക്കുകയും പരിഗണിക്കുകയും ചെയ്യുന്ന രണ്ടേകാന്തതകൾ തമ്മിലുള്ള സ്നേഹം.

ഒരു കാര്യം കൂടി: കുട്ടിയായിരുന്നപ്പോൾ തനിക്കു മേൽ ചൊരിയപ്പെട്ട ആ സ്നേഹത്തിന്റെ സമൃദ്ധി നഷ്ടമായെന്നു വിശ്വസിക്കരുത്. മഹത്തായ, ഉദാരമായ ആഗ്രഹങ്ങൾ അന്നു തന്നിൽ വിളഞ്ഞിരുന്നില്ലെന്നു നിങ്ങൾക്ക് പറയാൻ കഴിയുമോ, അന്നെടുത്ത നിശ്ചയങ്ങളുടെ ബലത്തിലല്ല ഇന്നും നിങ്ങൾ ജീവിക്കുന്നതെന്നും? സ്നേഹം പ്രബലവും തീക്ഷ്ണവുമായി നിങ്ങളുടെ ഓർമ്മയിൽ ശേഷിക്കുന്നുവെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു; എന്തെന്നാൽ അഗാധമായ ഏകാന്തതയുടെ ആദ്യാനുഭവമായിരുന്നു നിങ്ങൾക്കത്, ജീവിതത്തിലാദ്യമായി ഉള്ളു കൊണ്ടു നിങ്ങൾ ചെയ്ത പ്രവൃത്തിയും. - നിങ്ങൾക്കെല്ലാ ശുഭാശംസകളും, പ്രിയപ്പെട്ട മി. കാപ്പുസ്!

നിങ്ങളുടെ,

റെയിനർ മരിയ റില്ക്കെ.


രാവും പകലും കാതോർത്തും പണിയെടുത്തും- റില്‍ക്കെ റോദാങ്ങിനെക്കുറിച്ചെഴുതിയ പുസ്തകത്തിന്റെ തുടക്കത്തിലുള്ള വരി.

 

8.

ബർഗിബി ഗാർഡ്, ഫ്ലാഡീ, സ്വീഡൻ,

1904, ആഗസ്റ്റ് 12

അല്പനേരം കൂടി പിന്നെയും നിങ്ങളോടെനിക്കു സംസാരിക്കണം, പ്രിയപ്പെട്ട മി. കപ്പൂസ്, നിങ്ങൾക്കു സഹായകമാകുന്നതൊന്നും എനിക്കു പറയാനില്ലെങ്കിലും, ഉപയോഗമുള്ള ഒരു വാക്കെങ്കിലും എനിക്കു കണ്ടുപിടിക്കാനില്ലെങ്കിലും. കുറേയധികം വലിയ ദുഃഖങ്ങൾ ജീവിതത്തിൽ നിങ്ങൾക്കുണ്ടായിക്കഴിഞ്ഞു; അവ കടന്നുപോവുകയും ചെയ്തിരിക്കുന്നു. ആ കടന്നുപോകൽ പോലും നിങ്ങൾക്കു ദുർവഹമായിരുന്നു, നിങ്ങളെ അസ്വസ്ഥനാക്കിയിരുന്നുവെന്നു നിങ്ങൾ പറയുന്നു. പക്ഷേ ഞാൻ ഒന്നു പറയട്ടെ, ആ വലിയ സങ്കടങ്ങൾ നിങ്ങളിലൂടെ കടന്നുപോവുകയായിരുന്നു എന്ന മട്ടിൽ ഒന്നു കണ്ടുനോക്കുക. നിങ്ങൾക്കുള്ളിൽ പലതിനും രൂപാന്തരം വന്നിരിക്കാം; നിങ്ങൾ ദുഃഖിതനായിരുന്ന ആ നേരത്ത് നിങ്ങളുടെ സത്തയ്ക്കുള്ളിലെവിടെയോ സുപ്രധാനമായ ചില മാറ്റങ്ങൾ വന്നിരിക്കാം. ദുഃഖങ്ങളിൽ അപകടകരവും അനാരോഗ്യകരവുമായവ ആളുകളെ മുക്കിക്കൊല്ലാൻ അവരെ വന്നു ബാധിക്കുന്നവ മാത്രമാണ്‌. തൊലിപ്പുറമേയും അവിദഗ്ധമായും ചികിത്സിക്കപ്പെടുന്ന രോഗങ്ങളെപ്പോലെ അവ തല്ക്കാലത്തേക്കു പിന്മാറുന്നുവെന്നേയുള്ളു; ചെറിയ ഒരിടവേളയ്ക്കു ശേഷം ഭയാനകമായ ബലത്തോടെ അവ പിന്നെയും വന്നാക്രമിക്കുന്നു, നമുക്കുള്ളിൽ കുടിയേറുന്നു, ജീവിക്കാത്ത ജീവിതമാകുന്നു, തിരസ്കൃതമായ, നഷ്ടമായ ജീവിതമാകുന്നു- നമ്മുടെ മരണകാരണമാകുന്ന ജീവിതം. നമ്മുടെ അറിവിനെത്താനാവുന്നതിനപ്പുറത്തേക്ക്, നമ്മുടെ ദീർഘദൃഷ്ടിയുടെ പുറംകാവലും കടന്ന് ഒരല്പദൂരം കൂടി നമ്മുടെ കാഴ്ച്ച എത്തിയിരുന്നുവെങ്കിൽ എത്ര വിശ്വാസത്തോടെയാണോ നാം നമ്മുടെ ആഹ്ളാദങ്ങളിൽ മുഴുകിയിരുന്നത്, അതിലും വിശ്വാസത്തോടെ നാം നമ്മുടെ ദുഃഖങ്ങളെ സഹിച്ചുനില്ക്കുമായിരുന്നു എന്നുവരാം. എന്തെന്നാൽ, പുതിയതായ ഒന്ന്, എന്തെന്നറിയാത്ത ഒന്ന് നമ്മിലേക്കു പ്രവേശിക്കുന്ന നിമിഷങ്ങളാണത്; സംഭ്രമവും ലജ്ജയും കാരണം നമ്മുടെ വികാരങ്ങൾക്കു നാവിറങ്ങിപ്പോകുന്നു, നമ്മിലുള്ളതെല്ലാം പിൻവാങ്ങിനില്ക്കുന്നു, നമുക്കു മേൽ ഒരു നിശ്ചേഷ്ടത വന്നുവീഴുന്നു, അതിനൊക്കെ നടുവിൽ ഏതെന്നറിയാത്ത ഈ പുതിയ സാന്നിദ്ധ്യം നിശ്ശബ്ദമായി വന്നുനില്ക്കുകയും ചെയ്യുന്നു.

നമ്മുടെ മിക്കവാറുമെല്ലാ സങ്കടങ്ങളും ഒരു വലിഞ്ഞുമുറുകലിന്റെ നിമിഷങ്ങളാണെന്നു ഞാൻ വിശ്വസിക്കുന്നു. നമുക്കത് മരവിപ്പു പോലെ തോന്നുന്നത് നമ്മുടെ മനോവികാരങ്ങളിൽ നമുക്കിപ്പോൾ ജീവന്റെ തുടിപ്പു കേൾക്കാൻ കഴിയുന്നില്ല എന്നതുകൊണ്ടാണ്‌. നമുക്കുള്ളിൽ പ്രവേശിച്ച ആ അന്യവസ്തുവുമായി നാമിപ്പോൾ ഒറ്റയ്ക്കാണെന്നതു കൊണ്ടാണ്‌; നമുക്കു പരിചിതവും നാം വിശ്വാസമർപ്പിച്ചതുമായതെല്ലാം ഒരു നിമിഷത്തേക്ക് നമ്മിൽ നിന്നെടുക്കപ്പെടുന്നതുകൊണ്ടാണ്‌; നമുക്കു കാലുറയ്ച്ചുനില്ക്കാൻ കഴിയാത്ത ഒരു സംക്രമണത്തിന്റെ നടുവിലാണ്‌ നാമെന്നതു കൊണ്ടാണ്‌. അതുകൊണ്ടാണ്‌ നമ്മുടെ സങ്കടം കടന്നുപോകുന്നതും: നമുക്കുള്ളിലെ ആ പുതിയ സാന്നിദ്ധ്യം, നമ്മിലേക്കു പുതുതായി വന്നുചേർന്ന ആ സാന്നിദ്ധ്യം നമ്മുടെ ഹൃദയത്തിലേക്കു കടന്നുകഴിഞ്ഞു, അതിന്റെ ഉള്ളറയിലേക്കു നുഴഞ്ഞുകയറിക്കഴിഞ്ഞു, അവിടെയും നില്ക്കാതെ അതിപ്പോൾ നമ്മുടെ ചോരയോട്ടത്തിൽ കലർന്നുകഴിഞ്ഞു. അതെന്താണെന്ന് നമുക്കറിയുന്നതുമില്ല. പുതുതായിട്ടൊന്നും സംഭവിച്ചിട്ടില്ല എന്നു നമുക്കു ഭാവിക്കാവുന്നതേയുള്ളു; എന്നാൽ ഒരതിഥി വന്നുകയറുമ്പോൾ ഒരു വീടിനു മാറ്റം വരുന്നതുപോലെ നമുക്കു മാറ്റം വന്നുകഴിഞ്ഞിരിക്കുന്നു. വന്നതാരാണെന്നു പറയാൻ നമുക്കു കഴിയുന്നില്ല, അതൊരിക്കലും നാം അറിയാൻ പോകുന്നില്ലെന്നും വരാം; എന്നാൽ ഈ വിധം നമ്മിൽ വന്നുകയറിയത് ഭാവിയാണെന്നതിന്‌ സൂചനകൾ അനേകമാണ്‌, യഥാർത്ഥത്തിൽ സംഭവിക്കുന്നതിനു മുമ്പുതന്നെ നമുക്കുള്ളിൽ അതു രൂപപ്പെടുകയുമാണ്‌. അതുകൊണ്ടു തന്നെയാണ്‌, ദുഃഖത്തിന്റെ നിമിഷങ്ങളിൽ നാം ഒറ്റയ്ക്കാവേണ്ടത്, ശ്രദ്ധാലുവാകേണ്ടത്: എന്തെന്നാൽ, ഭാവി നമുക്കുള്ളിൽ വന്നുകയറുന്ന, സംഭവരഹിതവും ചലനരഹിതവുമെന്നു പുറമേ തോന്നുന്ന ആ നിമിഷം ജീവിതത്തോടെത്രയോ അടുത്തതാണ്‌, ബാഹ്യമായിട്ടെന്നപോലെ നമുക്കതു സംഭവിക്കുന്ന മുഖരിതവും ആകസ്മികവുമായ നിമിഷത്തേക്കാൾ. നമ്മുടെ ദുഃഖങ്ങളുടെ നേരത്ത് നാം എത്രത്തോളം നിശ്ശബ്ദരും ക്ഷമാശീലരും തുറന്നവരുമാകുന്നുവോ, അത്രയും ഉള്ളിലേക്ക്, അത്രയുറപ്പോടെ ആ പുതിയ സാന്നിദ്ധ്യം നമ്മിലേക്കിറങ്ങുകയാണ്‌, അത്രയ്ക്കും അതു നമ്മുടേതാവുകയാണ്‌, അത്രയും അത് നമ്മുടെ വിധിയാവുകയാണ്‌. പിന്നെ ഭാവിയിലൊരിക്കൽ അത് ‘സംഭവിക്കുമ്പോൾ’ (അതായത് അത് നമ്മിൽ നിന്നിറങ്ങി മറ്റുള്ളവർക്കു നേരേ പോകുമ്പോൾ) നമുക്കതിനോട് എത്രയടുത്ത ബന്ധമാണെന്ന് ഉള്ളിന്റെയുള്ളിൽ നാമറിയുകയും ചെയ്യും. അതനിവാര്യവുമാണ്‌. നമുക്കന്യമായതൊന്നും നമുക്കു സംഭവിക്കരുതെന്നും പണ്ടേ നമ്മുടേതായതു മാത്രമേ നമുക്കു സംഭവിക്കാവൂ എന്നുമുള്ളത് അനിവാര്യമാണ്‌; അതിലേക്കാണ്‌ പതുക്കെപ്പതുക്കെയെങ്കിലും നമ്മുടെ വികാസത്തിന്റെ ഗതിയും. ഗ്രഹങ്ങളുടെ ചലനത്തെക്കുറിച്ച് ഓരോ പുതിയ സിദ്ധാന്തങ്ങൾ വരുമ്പോഴും അതിനനുസരിച്ച് നാം നമ്മുടെ അറിവിൽ തിരുത്തുകൾ വരുത്തിക്കൊണ്ടിരിക്കുന്നു; അതുപോലെ തന്നെ വിധി എന്നു നാം വിളിക്കുന്ന സംഗതി നമുക്കുള്ളിൽത്തന്നെ ആവിർഭവിക്കുന്നതാണെന്നും പുറത്തു നിന്നുകൊണ്ട് നമ്മിൽ പ്രവർത്തിക്കുന്നതല്ലെന്നുമുള്ള തിരിച്ചറിവ് ക്രമേണ നാം പഠിച്ചെടുക്കേണ്ടതാണ്‌. വളരെയധികം ആളുകൾ തങ്ങളുടെ വിധിയെ, അവർ അതിൽ അധിവസിച്ചിരുന്ന കാലത്ത്, തങ്ങളിലേക്കു വലിച്ചെടുക്കുകയും അതിനെ പരിവർത്തിപ്പിക്കുകയും ചെയ്തില്ല എന്നതുകൊണ്ടാണ്‌ തങ്ങളിൽ നിന്നാവിർഭവിക്കുന്നതെന്താണെന്ന് അവർക്കു ബോദ്ധ്യമാകാതെ പോകുന്നത്. തങ്ങളുടെ വിധി അവർക്കു തന്നെ തീരെ അന്യമായിത്തോന്നുന്നു; അതിന്റെ അന്ധാളിപ്പിലും ഭീതിയിലും നിന്ന് അവർ ഊഹിക്കുകയാണ്‌, അപ്പോൾ മാത്രമാണ്‌, തങ്ങൾ അതിനെക്കുറിച്ചു ബോധവാന്മാരായ ആ നിമിഷം മാത്രമാണ്‌ അത് തങ്ങളിലേക്കു പ്രവേശിച്ചതെന്ന്; ഇങ്ങനെയൊന്ന് തങ്ങളിൽ മുമ്പുണ്ടായിരുന്നതേയില്ലെന്ന് അവർ ആണയിട്ടുപറയുന്നു. സൂര്യന്റെ ചലനത്തെക്കുറിച്ച് ആളുകൾ എത്രയോ കാലം തെറ്റായ ധാരണകൾ വച്ചുകൊണ്ടിരുന്നപോലെ വരാനുള്ളതിന്റെ ചലനത്തെക്കുറിച്ചും അവർ തെറ്റായ ധാരണകൾ വച്ചുകൊണ്ടിരിക്കുന്നു. ഭാവി ഉറച്ചുനില്ക്കുകയാണ്‌ പ്രിയപ്പെട്ട മി. കാപ്പുസ്, നാമെന്നാൽ അനന്തമായ സ്ഥലരാശിയിലൂടെ നീങ്ങുകയും.

കാര്യങ്ങൾ പിന്നെങ്ങനെ നമുക്കു ദുഷ്കരമാകാതിരിക്കും?

ഏകാന്തതയിലേക്കു നമുക്കു തിരിച്ചുവരാം: നമ്മുടെ ആഗ്രഹം പോലെ വേണമെന്നോ വേണ്ടെന്നോ വയ്ക്കാവുന്നതല്ല അടിസ്ഥാനപരമായി അതെന്ന് നമുക്കു കൂടുതൽ കൂടുതൽ സ്പഷ്ടമാവുകയാണ്‌. നാം ഏകാകികളാണ്‌. അങ്ങനെയല്ല എന്നു വേണമെങ്കിൽ നമുക്കു ഭാവിക്കുകയോ സ്വയം കബളിപ്പിക്കുകയോ ചെയ്യാമെന്നു മാത്രം. അത്ര തന്നെ. അതേ സമയം, നാം അങ്ങനെയാണെന്നു സമ്മതിക്കുകയും അതൊരു തുടക്കമായിട്ടെടുക്കുകയും കൂടിച്ചെയ്താൽ അതല്ലേ കൂടുതൽ ഭേദം? അതെ, അതു നമ്മുടെ തല ചുറ്റിക്കുമെന്നതു തീർച്ച; കാരണം, നമ്മുടെ കണ്ണുകൾക്കു തങ്ങിനിന്നു പരിചയമായവയൊക്കെ നമ്മിൽ നിന്നെടുത്തുമാറ്റപ്പെടുകയാണ്‌; യാതൊന്നും നമുക്കിപ്പോൾ അടുത്തല്ല, ദൂരത്തായിരുന്നതൊക്കെ അതിവിദൂരത്തിലുമായിരിക്കുന്നു. സ്വന്തം മുറിയിൽ നിന്ന്, ഒരു മുന്നറിയിപ്പുമില്ലാതെ, ഒരു മുന്നൊരുക്കത്തിനും ഇട കിട്ടാതെ, വലിയൊരു കൊടുമുടിയുടെ മുകളറ്റത്തേക്കു മാറ്റപ്പെടുന്ന ഒരു മനുഷ്യനുണ്ടാവുക ഇങ്ങനെ ഒരനുഭവമായിരിക്കും: താരതമ്യമില്ലാത്ത ഒരക്ഷിതത്വബോധം, പേരില്ലാത്തതൊന്നിനു മുന്നിലേക്കു വലിച്ചെറിയപ്പെട്ട തോന്നൽ; അതയാളെ ഇല്ലാതാക്കിയെന്നുതന്നെ വരാം. താൻ വീണുകൊണ്ടേയിരിക്കുകയാണെന്നോ തന്നെ ശൂന്യാകാശത്തിലേക്കു ചുഴറ്റിയെറിഞ്ഞിരിക്കുകയാണെന്നോ ഒരായിരം ചീളുകളായി താൻ പൊട്ടിച്ചിതറുകയാണെന്നോ അയാൾക്കു തോന്നിയേക്കാം. അനിയന്ത്രിതമായ ആ ഐന്ദ്രിയാനുഭവങ്ങളെ വിശദീകരിക്കാൻ എത്ര പെരുത്ത ഒരു നുണ മെനഞ്ഞെടുക്കേണ്ടിവരും, അയാളുടെ മസ്തിഷ്കത്തിന്‌! ഒറ്റയായിപ്പോകുന്ന ഒരാൾക്കും ഇതേ പോലെ എല്ലാ ദൂരങ്ങളും എല്ലാ അളവുകളും മാറുകയാണ്‌; ഈ മാറ്റങ്ങൾ ഒരുമിച്ച്, പെട്ടെന്നാണു നടക്കുന്നതെന്നതിനാൽ, മലമുകളിലെ ആ മനുഷ്യനെപ്പോലെ, അയാൾക്കും അസാധാരണമായ ഭ്രമകല്പനകളും വിചിത്രമായ അനുഭൂതികളും ഉണ്ടായെന്നു വരാം; സഹനത്തിന്റെ അളവുകളും ഭേദിച്ചവ വളർന്നുവെന്നു വരാം. അതും പക്ഷേ, നാം അനുഭവിച്ചിരിക്കണം. നമ്മുടെ അസ്തിത്വത്തെ അതിന്റെ സാദ്ധ്യമായത്ര വിപുലമായ അർത്ഥത്തിൽ നാം അംഗീകരിക്കുക; സർവ്വതും, കേട്ടുകേൾവിയില്ലാത്തതു പോലും, അതിനുള്ളിൽ സാദ്ധ്യമായിരിക്കണം. എല്ലാം പറഞ്ഞുവരുമ്പോൾ ഈയൊരുതരം ധൈര്യമേ നമുക്കാവശ്യമായിട്ടുള്ളു: നമുക്കു മുന്നിലേക്കു വന്നേക്കാവുന്ന ഏറ്റവും അസാധാരണവും ഏറ്റവും അപ്രതീക്ഷിതവും ഏറ്റവും അവ്യാഖ്യേയവുമായ അനുഭവങ്ങളെ നേരിടാനുള്ള ധൈര്യം. ഇക്കാര്യത്തിൽ മനുഷ്യർ ഭീരുക്കളാണെന്ന വസ്തുത തീരാത്ത ദ്രോഹമാണ്‌ ജീവിതത്തിനു വരുത്തിയിട്ടുള്ളത്. ‘ഭൂതങ്ങൾ’ എന്നു നാം വ്യവഹരിക്കുന്ന അനുഭവങ്ങൾ, ‘പ്രേതലോകം’ മുഴുവനായി, മരണം- നമ്മോട് അത്രയും ബാന്ധവം പുലർത്തുന്ന ആ കാര്യങ്ങളെയൊക്കെ ദൈനന്ദിനനിരാസം കൊണ്ട് ജീവിതത്തിൽ നിന്നു ബഹുദൂരം നാം പുറന്തള്ളിയിരിക്കുന്നു; അവയെ ഗ്രഹിക്കാൻ നമുക്കുപയോഗപ്പെടുമായിരുന്ന ഇന്ദ്രിയങ്ങൾ ഉപയോഗമില്ലാതെ ക്ഷയിച്ചും പോയിരിക്കുന്നു. ദൈവത്തിന്റെ കാര്യം ഞാനിവിടെ പറയുന്നുമില്ല. വിശദീകരണത്തിനു വഴങ്ങാത്തവയോടുള്ള ഭയം വ്യക്തിജീവിതത്തെ മാത്രമല്ല ദരിദ്രമാക്കിയിരിക്കുന്നത്, മനുഷ്യർ തമ്മിലുള്ള ബന്ധത്തെയും അത് പരിമിതമാക്കിയിരിക്കുന്നു; മനുഷ്യബന്ധങ്ങളെ അനന്തസാദ്ധ്യതകളുടെ പുഴത്തടത്തിൽ നിന്നു പൊക്കിയെടുത്ത് പുഴക്കരയിലെ ഏതോ തരിശുനിലത്തു കൊണ്ടിട്ടിരിക്കുന്ന പോലെയാണത്; അവിടെ ഒന്നും നടക്കുന്നില്ല. മനുഷ്യബന്ധങ്ങൾ പറഞ്ഞറിയിക്കാനാവാത്ത വിരസതയോടെ, അതേ പഴയ ചാലിലൂടെ പിന്നെയും പിന്നെയും ആവർത്തിക്കാൻ കാരണമാകുന്നത് ജാഡ്യം മാത്രമല്ല; പുതിയതെന്തിനും മുന്നിലെ, മനസ്സിൽ കാണാത്ത ഒരനുഭവത്തിനു മുന്നിലെ പേടിയോടെയുള്ള ഒഴിഞ്ഞുമാറലും അതിനു കാരണമാണ്‌; അങ്ങനെയൊന്നിനെ നേരിടാൻ പ്രാപ്തരാണോ നാമെന്നു നമുക്കു സംശയമാകുന്നു. എന്നാൽ എന്തിനും തയാറായ, ഒരു സാദ്ധ്യതയും, ഏറ്റവും നിഗൂഢമായതു പോലും, തള്ളിക്കളയാത്ത ഒരാൾക്കേ മറ്റൊരാളുമായുള്ള ബന്ധം സജീവമായ ഒന്നായി അനുഭവിക്കാൻ കഴിയൂ; അയാൾക്കത് ഗഹനമായ ഒരനുഭവമായിരിക്കുകയും ചെയ്യും. ഒരാളുടെ ജീവിതത്തെ ചെറുതോ വലുതോ ആയ ഒരു മുറിയായി കാണുകയാണെങ്കിൽ മിക്കവർക്കും ആ മുറിയുടെ ഒരു മൂലയോ ജനാലയ്ക്കു പിന്നിലുള്ള ഒരിടമോ നിരന്തരം ചാലിട്ടു പരിചയമായ നാടവണ്ണത്തിലുള്ള ഒരു ഭാഗമോ മാത്രമേ അറിവുണ്ടാകൂ എന്നതിൽ സംശയിക്കാനില്ല. അതു വഴി അവർക്കൊരുതരം സുരക്ഷിതത്വബോധവും കിട്ടുന്നുണ്ട്. എന്നാൽ അതിലും എത്രയോ മാനുഷികമാണ്‌ എഡ്ഗാർ അലൻ പോയുടെ കഥകളിലെ ആ തടവുകാരെ തങ്ങളുടെ ഭീകരമായ തടവറയുടെ ചുമരുകളിൽ വിരലുകൾ കൊണ്ടു പരതി അതിന്റെ പറയാനരുതാത്ത ഘോരത അനുഭവിക്കാൻ അവരെ പ്രേരിപ്പിക്കുന്ന ആപല്ക്കരമായ അനിശ്ചിതത്വം. നമ്മൾ പക്ഷേ, തടവുകാരല്ല. നമ്മെ കുടുക്കാനായി കെണികളോ വലകളോ വെച്ചിട്ടില്ല; നമ്മെ പേടിപ്പിക്കാനോ പീഡിപ്പിക്കാനോ യാതൊന്നുമില്ല. നമുക്കേറ്റവും യോജിച്ച ഒരു പരിതോവസ്ഥയിലെന്നപോലെയാണ്‌ നമ്മെ ജീവിതത്തിൽ എടുത്തുവച്ചിരിക്കുന്നത്; തന്നെയുമല്ല, ആയിരക്കണക്കായ വർഷങ്ങളുടെ അനുകൂലനത്തിനു ശേഷം ജീവിതവുമായി നമുക്കത്ര സാദൃശ്യവും വന്നിരിക്കുന്നു; നിശ്ചേഷ്ടരായി നിന്നാൽ ചുറ്റുപാടിൽ നിന്നു നമ്മെ വേറിട്ടറിയുക തന്നെയില്ല. ഈ ലോകത്തെ അവിശ്വസിക്കേണ്ട ഒരു കാരണവുമില്ല, എന്തെന്നാൽ അത് നമുക്കെതിരല്ല. അതിൽ ഭീകരതകളുണ്ടെങ്കിൽ അതു നമ്മുടെ തന്നെ ഭീകരതകളാണ്‌, അതിൽ ഗർത്തങ്ങളുണ്ടെങ്കിൽ അതു നമ്മുടെ സ്വന്തം ഗർത്തങ്ങളാണ്‌, അതിൽ അപകടങ്ങളുണ്ടെങ്കിൽ നാമവയെ സ്നേഹിക്കാൻ ശ്രമിക്കുകയും വേണം. എപ്പോഴും ദുഷ്കരമായതിനെ മുറുകെപ്പിടിക്കാൻ നമ്മെ ഉപദേശിക്കുന്ന പ്രമാണത്തിനനുസൃതമായി ജീവിതം വിന്യസിക്കാൻ നമുക്കായാൽ ഇന്നു നമുക്കേറ്റവുമന്യമായി തോന്നുന്നത് നമ്മുടെ ഹൃദയത്തോടേറ്റവുമടുത്തതും നമുക്കേറ്റവും വിശ്വസിക്കാവുന്നതുമായ അനുഭവമായി മാറും. എല്ലാ ജനതകളുടേയും തുടക്കത്തിൽ നില്ക്കുന്ന ആ പ്രാചീനകഥകളെ നാം എങ്ങനെ മറക്കാൻ? അവസാനമുഹൂർത്തത്തിൽ രാജകുമാരിമാരായി മാറുന്ന വ്യാളികളെക്കുറിച്ചുള്ള കഥകളെ?നമ്മുടെ ജീവിതങ്ങളിലെ വ്യാളികൾ യഥാർത്ഥത്തിൽ രാജകുമാരിമാരാണെന്നു വരാം; നാം ധീരന്മാരും സുന്ദരന്മാരുമാകുന്ന ആ ഒരു മുഹൂർത്തത്തിനായി കാത്തുനില്ക്കുകയാണവരെന്നു വരാം. നമ്മെ ഭീതിപ്പെടുത്തുന്നതെന്തും ഉള്ളിന്റെയുള്ളിൽ നമ്മുടെ സ്നേഹം കൊതിക്കുന്ന നിസ്സഹായതയാണെന്നും വരാം.

അതിനാൽ പ്രിയപ്പെട്ട മി. കാപ്പുസ്, ഒരു ശോകം, താൻ ഇന്നേവരെ കണ്ടതെന്തിലും വച്ചു വലുതായി മുന്നിൽ ഉയർന്നുവന്നാൽ പേടിച്ചുപോകരുതേ; അല്ലെങ്കിൽ, നിങ്ങളുടെ കൈകൾക്കും ചെയ്തികൾക്കും മേൽ വെളിച്ചവും മേഘച്ഛായയും പോലെ ഒരുത്കണ്ഠ കടന്നുപോയാൽ. തനിക്കെന്തോ സംഭവിക്കുകയാണെന്നേ നിങ്ങൾ കരുതേണ്ടു: ജീവിതം നിങ്ങളെ മറന്നിട്ടില്ലെന്ന്, അതു നിങ്ങളെ കൈകളിൽ എടുത്തുപിടിച്ചിരിക്കുകയാണെന്ന്. അതു നിങ്ങളെ താഴെ വീഴാൻ വിടില്ല. തന്റെ ജീവിതത്തിൽ നിന്ന് എല്ലാ അസ്വസ്ഥതകളേയും എല്ലാ വേദനകളേയും എല്ലാ നൈരാശ്യങ്ങളേയും പുറത്താക്കാൻ നിങ്ങളെന്തിനാഗ്രഹിക്കണം, ആ അവസ്ഥകൾ നിങ്ങളിൽ എന്താണു നിർവ്വഹിക്കുന്നതെന്ന് നിങ്ങൾക്കറിയില്ലെന്നിരിക്കെ? ഇതെല്ലാം എവിടെ നിന്നു വരുന്നുവെന്നും എവിടെയ്ക്കാണിതൊക്കെ കൊണ്ടുപോകുന്നതെന്നുമുള്ള ചോദ്യങ്ങൾ കൊണ്ട് എന്തിനു നിങ്ങൾ സ്വയം ദണ്ഡിപ്പിക്കണം? ഒരു സംക്രമദശയിലാണു താനെന്നും ഒരു പരിണാമമൊന്നേ താൻ ആഗ്രഹിക്കുന്നുള്ളുവെന്നും നിങ്ങൾക്കറിയാവുന്നതുമാണല്ലോ. നിങ്ങളുടെ പ്രതികരണങ്ങളിൽ അനാരോഗ്യകരമായി എന്തെങ്കിലും കാണുന്നെങ്കിൽ ഓർക്കുക, ഒരു ജീവി തന്നിൽ കടന്നുകൂടിയ ഒരന്യവസ്തുവിനെ പുറന്തള്ളുന്ന പ്രക്രിയയാണ്‌ രോഗം. നിങ്ങൾ ചെയ്യേണ്ടത് രോഗിയാവാൻ അതിനെ സഹായിക്കുകയാണ്‌; രോഗം അതിൽ പൂർണ്ണമാവട്ടെ, അതിന്റെ ഗതി പൂർത്തിയാക്കട്ടെ; അങ്ങനെയാണ്‌ അത് സ്വയം സുഖപ്പെടുത്തുന്നതും. പ്രിയപ്പെട്ട മി. കാപ്പുസ്, ഈ നിമിഷം നിങ്ങളിൽ വളരെ കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. രോഗിയായി കിടക്കുന്നവനെപ്പോലെ നിങ്ങൾ ക്ഷമാശീലനാവണം, രോഗം ഭേദമായി വരുന്നവനെപ്പോലെ നിങ്ങൾ ശുഭാപ്തിവിശ്വാസിയുമാവണം; നിങ്ങൾ രണ്ടുമാണെന്നു വരാമല്ലോ. അതു മാത്രം പോര: നിങ്ങളെ പരിചരിക്കേണ്ട ഡോക്ടറും നിങ്ങൾ തന്നെ. എന്നാൽ കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ഒരു ഡോക്ടർക്കു ചെയ്യാനില്ലാത്ത വളരെയധികം ദിവസങ്ങൾ ഏതു രോഗത്തിന്റെ കാര്യത്തിലുമുണ്ടാവും. നിങ്ങളുടെ കാര്യത്തിൽ ചികിത്സകൻ നിങ്ങൾ തന്നെയാണെന്നതിനാൽ മറ്റെന്തിലുമുപരിയായി ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടതും അതു തന്നെയാണ്‌.

അത്രയ്ക്കടുത്തു നിന്ന് സ്വയം നിരീക്ഷിക്കരുത്. തനിയ്ക്കു സംഭവിക്കുന്ന കാര്യങ്ങൾ വച്ച് തിടുക്കത്തിലുള്ള നിഗമനങ്ങളിലെത്തുകയും വേണ്ട; അവ സംഭവിക്കട്ടേയെന്നു വയ്ക്കുക. അതല്ലെങ്കിൽ സ്വന്തം ഭൂതകാലത്തെ കുറ്റപ്പെടുത്തുന്ന കണ്ണുകളോടെ (എന്നു പറഞ്ഞാൽ സദാചാരത്തിന്റെ കണ്ണുകളോടെ) നോക്കാൻ നിങ്ങൾക്കൊരു പ്രയാസവുമുണ്ടാവില്ല; നിങ്ങൾക്കിപ്പോൾ സംഭവിക്കുന്നതിൽ സ്വാഭാവികമായും ആ ഭൂതകാലത്തിന്റെ സ്വാധീനമുണ്ടെന്നതിനാൽ പ്രത്യേകിച്ചും. എന്നാൽ നിങ്ങളുടെ കുട്ടിക്കാലത്തെ വ്യതിയാനങ്ങളിലും തൃഷ്ണകളിലും ആഗ്രഹങ്ങളിലും നിന്ന് ഇപ്പോൾ നിങ്ങളെ ബാധിക്കുന്നവയെ ആവില്ല നിങ്ങൾ ഓർമ്മിക്കുന്നതും കുറ്റപ്പെടുത്തുന്നതും. ഏകാന്തവും നിസ്സഹായവുമായ ഒരു ബാല്യത്തിന്റെ അസാധാരണമായ അവസ്ഥ അത്ര ദുർവ്വഹവും സങ്കീർണ്ണവും പലതരം സ്വാധീനങ്ങൾക്കു വിധേയവും ഒപ്പം യഥാർത്ഥജീവിതസന്ദർഭവുമായി ഒരു ബന്ധവും ഇല്ലാത്തതുമാണെന്നതിനാൽ അതിൽ ഒരു പാപം കയറിക്കൂടിയാൽ നാമതിനെ പാപമെന്നു വിളിക്കാൻ തിടുക്കം കൂട്ടരുത്. പേരുകളുടെ കാര്യത്തിൽ, പൊതുവേ തന്നെ, നാം ശ്രദ്ധാലുക്കളായിരിക്കണം. ഒരു ജീവിതത്തെ തകർക്കുന്നത് പലപ്പോഴും അതിനോടു ചെയ്യുന്ന ഒരപരാധത്തിന്റെ പേരായിരിക്കും, പേരില്ലാത്തതും വ്യക്തിപരവുമായ ആ അപരാധമായിരിക്കില്ല; അതൊരുപക്ഷേ, ആ ജീവിതത്തിന്‌ അത്യന്താപേക്ഷിതമായിരുന്നുവെന്നും അതൊരു പ്രയാസവും കൂടാതെ അതിൽ ഉൾച്ചേർന്നുപോവുകയും ചെയ്തേനെ എന്നും വരാം. അതിപ്രയത്നം വേണ്ടിവരുന്നുവെന്നു തോന്നുന്നത് വിജയത്തിന്‌ നിങ്ങൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതു കൊണ്ടുമാണ്‌. താൻ കൈവരിച്ചുവെന്നു നിങ്ങൾ കരുതുന്ന ആ ‘വലിയ കാര്യം’ വിജയമല്ല, ആ തോന്നലിൽ തെറ്റു പറയാൻ ഒന്നുമില്ലെങ്കിലും. ആ മിത്ഥ്യാധാരണയ്ക്കു പകരം വയ്ക്കാവുന്നതൊന്ന്, സത്യമായതും യഥാർത്ഥമായതും, മുമ്പേതന്നെ അവിടെയുണ്ടായിരുന്നു; അതാണ്‌ ആ ‘വലിയ കാര്യം.’ അതില്ലെങ്കിൽ നിങ്ങളുടെ വിജയം വിശേഷിച്ചൊരു പ്രാധാന്യവുമില്ലാത്ത ഒരു നൈതികപ്രതികരണം മാത്രമായിപ്പോകും; അതേ സമയം അത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗവുമായിക്കഴിഞ്ഞു- വളരെയധികം പ്രതീക്ഷയോടെ ഞാൻ കാണുന്ന നിങ്ങളുടെ ജീവിതത്തിന്റെ, പ്രിയപ്പെട്ട മി. കാപ്പുസ്. നിങ്ങളുടെ ഈ ജീവിതം മുതിർന്നവരുടേതു പോലാകാൻ ബാല്യത്തിൽ നിങ്ങൾ എത്രയാഗ്രഹിച്ചതാണെന്ന് നിങ്ങൾക്കോർമ്മയുണ്ടോ? ഇന്നത് അതും കടന്ന് അതിലും വലിയ മറ്റൊന്നാകാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണു പറയുന്നത്, അതിനിയും ദുഷ്കരമായിത്തന്നെയിരിക്കും, എന്നാലത് വളർന്നുകൊണ്ടുമിരിക്കും.

ഇനിയെനിക്ക് നിങ്ങളോടെന്തെങ്കിലും പറയാനുണ്ടെങ്കിൽ അതിതാണ്‌: നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തി നിങ്ങൾക്കു ചിലനേരം തുണയാവുന്ന ലളിതവും വിനീതവുമായ വാക്കുകൾക്കു പിന്നിൽ സ്വസ്ഥമായൊരു ജീവിതം നയിക്കുകയാണെന്നു കരുതരുതേ. വളരെയധികം വൈഷമ്യങ്ങളും സങ്കടങ്ങളും നിറഞ്ഞതാണയാളുടെ ജീവിതം, അവയെ നേരിടാൻ അതിനു തീരെ പ്രാപ്തിയുമില്ല. എന്നാൽ അതങ്ങനെയായിരുന്നില്ലെങ്കിൽ ആ വാക്കുകൾ അയാൾ കണ്ടെത്തുകയുമില്ല.

നിങ്ങളുടെ

റെയിനർ മരിയ റില്ക്കെ


എഡ്ഗാർ അലൻ പോയുടെ കഥകളിലെ ആ തടവുകാരെ- എഡ്ഗാർ അല്ലൻ പോയുടെ The Pit and the Pendulam എന്ന കഥയിൽ ഒരു തടവുകാരൻ കൈ കൊണ്ടു ചുമരുകൾ പരതി തന്റെ നിലവറ അളക്കാൻ ശ്രമിക്കുന്നുണ്ട്.

9.

ഫുറുബോർഗ്, ജോൺസെറെഡ്, സ്വീഡൻ

1904 നവംബർ 4

പ്രിയപ്പെട്ട മി. കാപ്പുസ്,

ഈ കഴിഞ്ഞ കാലത്ത് നിങ്ങൾക്കൊരു കത്തു കിട്ടാതെ പോയതിന്‌ ഒരു കാരണം ഞാൻ യാത്രകളിലായിരുന്നു എന്നതാണ്‌, മറ്റൊന്ന് ഒരു കത്തെഴുതാൻ നേരം കിട്ടാത്തത്ര തിരക്കായിരുന്നു എന്നതും. ഇന്നും അതത്ര എളുപ്പമാകാൻ പോകുന്നില്ല, കാരണം, അത്രയധികം കത്തുകൾ എഴുതേണ്ടി വന്നതിനാൽ എന്റെ കൈ ഇപ്പോൾത്തന്നെ ക്ഷീണിച്ചിരിക്കുന്നു. കേട്ടെഴുതാൻ ഒരാളുണ്ടായിരുന്നെങ്കിൽ എനിക്കു പറയാൻ ഒരുപാടുണ്ടാകുമായിരുന്നു; എന്നാൽ അതിനു വഴിയില്ലെന്നതിനാൽ നിങ്ങളുടെ ദീർഘമായ കത്തിനു പകരമായി കുറച്ചു വാക്കുകൾ കൊണ്ടു മാത്രം തൃപ്തനാവുക.

നിങ്ങളെക്കുറിച്ചു പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്, പ്രിയപ്പെട്ട മി. കാപ്പുസ്, നിങ്ങൾക്കെല്ലാ നന്മകളും വരട്ടേയെന്ന് മനസ്സു തുളുമ്പി ഞാൻ നേരാറുമുണ്ട്; അതേതോ വിധത്തിൽ നിങ്ങളെ സഹായിക്കുന്നുണ്ടെന്നും ഞാൻ വിശ്വസിക്കട്ടെ. എന്റെ കത്തുകൾ നിങ്ങൾക്കങ്ങനെ ശരിക്കുമൊരു സഹായമാവുന്നുണ്ടോയെന്ന കാര്യത്തിൽ എനിക്കു സംശയങ്ങളുണ്ട്. അല്ല, അങ്ങനെയല്ല, എന്നു പറയരുത്. ശാന്തമനസ്സോടെ, നന്ദിവാക്കുകളില്ലാതെ അവ കൈക്കൊള്ളുക; എന്തുണ്ടായിവരുമെന്നു നമുക്കു കാത്തിരിക്കുകയും ചെയ്യുക.

നിങ്ങളുടെ കത്തിന്റെ വിശദാംശങ്ങളിലേക്കു പോയിട്ടു വലിയ കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല; കാരണം, സ്വയം അവിശ്വസിക്കാനുള്ള നിങ്ങളുടെ പ്രവണതയെക്കുറിച്ചോ ആന്തരവും ബാഹ്യവുമായ ജീവിതങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ നിങ്ങൾക്കു കഴിയാത്തതിനെക്കുറിച്ചോ അതുമല്ലെങ്കിൽ നിങ്ങളെ വന്നലട്ടുന്ന മറ്റനേകം പ്രശ്നങ്ങളെക്കുറിച്ചോ ഒക്കെ എനിക്കു പറയാനുള്ളത്- അതു ഞാൻ മുമ്പേ പറഞ്ഞിട്ടുള്ളതു തന്നെ: അതിജീവിക്കാൻ വേണ്ടത്ര ക്ഷമയും വിശ്വസിക്കാൻ വേണ്ടത്ര എളിമയും നിങ്ങൾ കണ്ടെത്തുമാറകട്ടേയെന്ന്; ദുഷ്കരമായതിലും അന്യർക്കിടയിലെ നിങ്ങളുടെ ഏകാന്തതയിലും നിങ്ങൾ കൂടുതൽ കൂടുതൽ വിശ്വാസമർപ്പിക്കട്ടേയെന്ന്. പിന്നെ, ജീവിതം അതിന്റെ വഴിക്കും പോകട്ടെ. ഞാൻ പറയുന്നതു വിശ്വസിക്കൂ: ജീവിതത്തിനൊരിക്കലും വഴി പിഴയ്ക്കില്ല.

പിന്നെ വികാരങ്ങളുടെ കാര്യം: നിങ്ങൾക്കേകാഗ്രതയും പ്രചോദനവും നല്കുന്ന ഏതു വികാരവും നിർമ്മലമാണ്‌. നിങ്ങളുടെ പ്രകൃതത്തിന്റെ ഒരു വശത്തെ മാത്രം സ്പർശിക്കുകയും അങ്ങനെ അതിനെ വികലമാക്കുകയും ചെയ്യുന്ന വികാരം മാത്രമേ അശുദ്ധമായിട്ടുള്ളു. നിങ്ങളുടെ ബാല്യത്തിൽ നിന്ന് നിങ്ങൾക്കോർത്തെടുക്കാനാവുന്നതെന്തും നല്ലതാണ്‌. നിങ്ങളുടെ ഏറ്റവും നല്ല നിമിഷങ്ങളിൽ നിങ്ങൾ എന്തായിരുന്നുവോ, അതിലും ഒരു പടി നിങ്ങളെ ഉയർത്തുന്നതെന്തും ശരിയാണ്‌. ഏതുദ്ദീപനവും നല്ലതാണ്‌, അതു നിങ്ങളുടെ ചോരയോട്ടത്തിൽ കലർന്നിട്ടുണ്ടെങ്കിൽ, അതൊരുന്മത്തതയോ മനഃകാലുഷ്യമോ അല്ലെങ്കിൽ, അടിയോളം തെളിഞ്ഞ ഒരാനന്ദമാണതെങ്കിൽ. ഞാൻ പറയുന്നത് നിങ്ങൾക്കു മനസ്സിലാകുന്നുണ്ടാവുമല്ലോ?

പരിശീലിപ്പിച്ചെടുത്താൽ നിങ്ങളുടെ സംശയസ്വഭാവവും നല്ലൊരു ഗുണമാണ്‌. പക്ഷേ അത് കാര്യങ്ങൾ അറിഞ്ഞുകൊണ്ടുള്ളതാവണം, വിമർശനസ്വഭാവത്തിലുള്ളതാവണം. നിങ്ങളുടെ എന്തെങ്കിലും കാര്യത്തെ തുലയ്ക്കാൻ അതിടപെടാനുള്ള ഒരുക്കം കാണിച്ചാൽ അതിനോടു ചോദിക്കുക, എന്താണ്‌ ആ കാര്യത്തിൽ വഷളായിട്ടുള്ളതെന്ന്, കൃത്യമായ തെളിവെവിടെയെന്ന്. നിങ്ങളുടെ സംശയം അന്ധാളിച്ചെന്നപോലെ നില്ക്കുന്നതും ഒരു മറുപടി പറയാൻ കുഴങ്ങുന്നതും ചിലപ്പോഴതു പ്രതിഷേധിക്കുന്നതും കണ്ടേക്കാം. എന്നാൽ വഴങ്ങരുത്, നിങ്ങളുടെ വാദങ്ങൾക്ക് തിരിച്ചെന്താണു പറയാനുള്ളതെന്നു വാശി പിടിക്കുക; ഓരോ വട്ടവും ഈ തരം ജാഗ്രതയോടെയും നിർബ്ബന്ധബുദ്ധിയോടെയും പ്രവർത്തിക്കുക; എങ്കിൽ ഒരു ദിവസം കാണാം, തച്ചുടയ്ക്കുന്നവനല്ല, നിങ്ങളുടെ ഏറ്റവും നല്ല പണിക്കാരനാണതെന്ന്- നിങ്ങളുടെ ജീവിതം കെട്ടിപ്പൊക്കുന്ന പണിക്കാരിൽ വച്ചേറ്റവും മിടുക്കൻ.

ഇന്നു നിങ്ങളോട് എനിക്കിത്രയേ പറയാൻ കഴിയുന്നുള്ളു, പ്രിയപ്പെട്ട മി. കാപ്പുസ്. പ്രാഗിലെ ഡ്യൂഷ് അർബെയ്റ്റിൽ അടുത്ത കാലത്തു വന്ന ഒരു കവിതയുടെ ഒരു കോപ്പി കൂടി ഈ കത്തിനൊപ്പം വയ്ക്കുന്നുണ്ട്. അതിൽ നിങ്ങളോടു ഞാൻ കൂടുതൽ സംസാരിക്കുന്നുണ്ട്, ജീവിതത്തെയും മരണത്തെയും കുറിച്ചും രണ്ടിന്റെയും പദവിയേയും മഹിമയേയും കുറിച്ചും.

നിങ്ങളുടെ,

റെയ്നർ മരിയ റില്ക്കെ


10.

പാരീസ്,

1908, ക്രിസ്തുമസ്സിന്റെ പിറ്റേ ദിവസം

നിങ്ങളുടെ ഈ മനോഹരമായ കത്ത് എന്നെ എന്തുമാത്രം സന്തോഷിപ്പിച്ചുവെന്ന് നിങ്ങൾ അറിയണം, പ്രിയപ്പെട്ട മി. കാപ്പുസ്. ആത്മാർത്ഥവും നിഷ്കപടവുമായി നിങ്ങൾ അതിൽ പങ്കു വച്ചത് നല്ല വിശേഷങ്ങളായി എനിക്കു തോന്നി; ആലോചിക്കുന്തോറും എത്ര നല്ല വിശേഷങ്ങളാണവയെന്ന് എനിക്കു തോന്നുകയുമായിരുന്നു. ക്രിസ്തുമസ്സ് രാത്രിയുടന്ന് നിങ്ങൾക്കു കിട്ടുന്ന രീതിയിൽ ഇതെല്ലാം നിങ്ങൾക്കെഴുതി അയക്കണമെന്ന് ഞാൻ മനസ്സിൽ കണ്ടിരുന്നു; പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, ഈ മഞ്ഞുകാലത്ത് ഒരിളവില്ലാതെ, പല രീതികളിൽ എന്നെ കൈവശപ്പെടുത്തിയ ജോലിയും അത്ര പെട്ടെന്നു കയറിവന്ന ക്രിസ്തുമസ്സും സഹായിച്ച് കത്തെഴുതാൻ പോകട്ടെ, അത്യാവശ്യപ്പണികൾക്കുള്ള സമയം പോലും എനിക്കു കിട്ടാതെപോയി.

പക്ഷേ ഈ അവധിക്കാലത്ത് പലപ്പോഴും ഞാൻ നിങ്ങളെക്കുറിച്ചാലോചിച്ചിരുന്നു, നഗ്നമായ കുന്നുകൾക്കിടയിലെ ഏകാന്തമായൊരു കോട്ടയ്ക്കുള്ളിൽ നിങ്ങൾ നിശ്ശബ്ദനായി ഇരിക്കുന്നതു ഞാൻ മനസ്സിൽ കണ്ടിരുന്നു; ആ കുന്നുകളെ വെട്ടിവിഴുങ്ങാനെന്നപോലെ തെക്കൻ കാറ്റുകൾ ഊറ്റത്തോടെ വീശുന്നുമുണ്ടാവണം.

ആ വിധമുള്ള ശബ്ദങ്ങൾക്കും ചലനങ്ങൾക്കും ഇടമുള്ള ഒരു നിശ്ശബ്ദത എത്ര വിപുലമായിരിക്കണം; ഇതിനെല്ലാമൊപ്പം വിദൂരസാഗരത്തിന്റെ സാന്നിദ്ധ്യവും സംഗീതവും ചേരുന്നുണ്ടെന്നോർക്കുമ്പോൾ (ചരിത്രത്തിനും മുമ്പൊരു കാലത്തെ സ്വരലയത്തിലെ ഏറ്റവും അന്തഃസ്ഥിതമായ സ്വരമാണത്) ക്ഷമയോടെയും വിശ്വാസത്തോടെയും നിങ്ങൾ സ്വയം ആ മഹത്തായ ഏകാന്തതയ്ക്കു വിട്ടുകൊടുക്കുകയാണെന്നു പ്രതീക്ഷിക്കാനേ എനിക്കു കഴിയൂ. അതിനെ പിന്നെ നിങ്ങളുടെ ജീവിതത്തിൽ നിന്നു തുടച്ചുമാറ്റാനും കഴിയില്ല. നിങ്ങളുടെ എല്ലാ അനുഭവങ്ങളിലും എല്ലാ പ്രവൃത്തികളിലും ഒരജ്ഞാതസ്വാധീനമായി അത് അന്തർനിഹിതമായിരിക്കും. നമ്മുടെ സിരകളിലൂടെ നിരന്തരമോടുന്ന നമ്മുടെ പൂർവ്വികരുടെ രക്തം നമ്മുടെ ചോരയിൽ കലർന്ന് വ്യതിരിക്തവും പിന്നൊരിക്കൽ ആവർത്തിക്കാത്തതുമായ ഒരു സത്തയായി നമ്മെ മാറ്റുന്നപോലെ നമ്മുടെ ജീവിതത്തെ നിരന്തരമായും സൗമ്യമായും അതു നിർണ്ണയിച്ചുകൊണ്ടിരിക്കും. നമ്മുടെ ജീവിതത്തിന്റെ ഓരോ തിരിവിലും സൂക്ഷ്മവും സൗമ്യവുമായ ഒരു നിർണ്ണയമായിരിക്കും.

അതെ, നിങ്ങൾക്കിപ്പോൾ ഉറച്ചതും പറയത്തക്കതുമായ ഒരസ്തിത്വമുണ്ടെന്നത് എന്നെ സന്തോഷിപ്പിക്കുന്നു: ആ പദവി, ആ യൂണിഫോം, ഉത്തരവാദിത്തം-പ്രത്യക്ഷവും ക്ളിപ്തവുമായ ആ ലോകം- നിങ്ങളെപ്പോലെതന്നെ ഒറ്റപ്പെട്ട കുറച്ചു പട്ടാളക്കാരോടൊപ്പമുള്ള ഒരു ചുറ്റുപാടിൽ പട്ടാളത്തൊഴിലിന്റെ ഭാഗമായ കളിതമാശയ്ക്കും നേരമ്പോക്കിനുമപ്പുറം ഒരുതരത്തിലുള്ള ഗൗരവവും പ്രാമാണ്യതയും കൈവരിക്കുന്നു; ഇങ്ങനെയൊരു ചുറ്റുപാട് നിങ്ങളെ ജാഗ്രതയിലേക്കും വ്യക്തിപരമായ ശ്രദ്ധയിലേക്കും നയിക്കുന്നുവെന്നു മാത്രമല്ല, രണ്ടിനുമുള്ള പരിശീലനം കൂടിയാവുന്നു. നമ്മെ സ്വാധീനിക്കുകയും പ്രകൃതിയുടെ മഹത്തായ പ്രതിഭാസങ്ങൾക്കു മുന്നിൽ കാലാകാലം നമ്മെ കൊണ്ടുനിർത്തുകയും ചെയ്യുന്ന ചുറ്റുപാടുകളിൽ ആയിരിക്കുക- അതേ നമുക്കു വേണ്ടൂ.

കലയും ഒരു ജീവിതരീതി മാത്രമാണ്‌; നിങ്ങൾ എങ്ങനെ ജീവിച്ചാലും, അറിയാതെതന്നെ നിങ്ങളതിനു സജ്ജരാവുകയാണ്‌. അയഥാർത്ഥമായ, കലയെന്നവകാശപ്പെടുന്ന ആ തൊഴിലുകൾ - ഉദാഹരണത്തിന്‌, പത്രപ്രവർത്തനം മുഴുവനായും, മിക്കവാറുമെല്ലാ നിരൂപണവും, സാഹിത്യമെന്നു വിളിക്കപ്പെടുന്നതിൽ മുക്കാൽ പങ്കും- കലയോടു മുട്ടിനില്ക്കുന്നുവെന്നു നടിക്കുകയും വാസ്തവത്തിൽ അതിന്റെ അസ്തിത്വത്തെത്തന്നെ നിഷേധിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നവ: അവയല്ല, യഥാർത്ഥമായ ഓരോ ജീവിതസന്ദർഭവുമാണ്‌ നമ്മെ കലയോടു കൂടുതൽ അടുപ്പിക്കുന്നത്, അതിന്റെ കുറച്ചുകൂടി അടുത്ത അയല്ക്കാരാക്കുന്നത്. അങ്ങനെയൊരു തൊഴിലിൽ ചെന്നടിയുക എന്ന അപകടത്തിൽ നിന്ന് നിങ്ങൾ സ്വയം തടുത്തു എന്നതും എവിടെയോ ഒരു പരുക്കൻ യാഥാർത്ഥ്യത്തിൽ ഒറ്റയ്ക്ക് ധൈര്യത്തോടെ ജീവിക്കുകയാണ്‌ നിങ്ങളെന്നതും എന്നെ സന്തോഷവാനാക്കുന്നു. ആ ജീവിതത്തിൽ തുടരുന്നതിനു വേണ്ട പിൻബലവും കരുത്തും വരുംവർഷം നിങ്ങൾക്കു നല്കട്ടെ.

എന്നും നിങ്ങളുടെ,

ആർ.എം.റില്ക്കെ


ഏകാന്തമായൊരു കോട്ടയ്ക്കുള്ളിൽ- കാപ്പുസ് അപ്പോള്‍ ആസ്ട്രോ-ഹംഗേറിയന്‍ സാമ്രാജ്യത്തിന്റെ ഭാഗമായ ഡാല്‍മേഷിയയിലാണ്