ചോദ്യം: താങ്കളുടെ കൃതികൾ സാമാന്യത്തിലധികം പുരുഷകേന്ദ്രീകൃതമാണെന്ന് ചില വായനക്കാർക്കു പരാതിയുണ്ട്; എന്നിട്ടും താങ്കൾ പറയുന്നു, സ്ത്രീകളാണ് യഥാർത്ഥ ഹീറോകളെന്ന്. എന്തുകൊണ്ട്?
ജയിംസ് സാൾട്ടർ: ആരുടെ ഉദ്യമമാണോ കൂടുതൽ ദുഷ്കരം, ആരാണോ അതിനെ നെഞ്ചുറപ്പോടെ നേരിട്ടു ജീവിക്കുന്നത് അവരെയാണ് ഹീറോകളായി ഞാൻ ഗണിക്കുന്നത്. ഈ ലോകത്ത് അതു ചെയ്യുന്നത് സ്ത്രീകളാണ്.
ചോദ്യം: “ഒരേയൊരു ധീരകൃത്യ”ത്തിൽ ഒരാൾ പറയുന്നുണ്ട്, “ഇവിടെ നിങ്ങൾ മഹത്വത്തിന്റെ പാതയിലേക്കിറങ്ങുകയാണ്.” താങ്കളുടെ രചനാലോകത്ത് ഇപ്പോഴും ഹീറോകളുണ്ട്.
സാൾട്ടർ : ജീവിക്കാനും മരിക്കാനും ഒരു ശരിയായ വഴിയുണ്ടെന്നാണ് എന്റെ വിശ്വാസം. അതു ചെയ്യാൻ കഴിയുന്നവരിൽ എനിക്കു താല്പര്യമുണ്ട്. ഹീറോകളെയോ ഹീറോയിസത്തെയോ ഞാൻ തള്ളിക്കളഞ്ഞിട്ടില്ല. ഹീറോയിസം എന്നു ഞാൻ പറയുന്നത് അതിന്റെ വിശാലമായ അർത്ഥത്തിലാണ്, ഗോളെണ്ണത്തിന്റെയോ പട്ടാളമെഡലുകളുടെയോ അടിസ്ഥാനത്തിലല്ല. നിത്യജീവിതത്തിലെ ഹീറോയിസമുണ്ട്. ഞാൻ ഓർക്കുന്നത് യൂഡൊറ വെല്റ്റിയുടെ “നടന്നുപഴകിയൊരു പാത”യിലെ കറുത്ത വർഗ്ഗക്കാരിയായ ഒരു സ്ത്രീയെക്കുറിച്ചാണ്: തന്റെ പേരക്കുട്ടിക്കുള്ള മരുന്നിനായി അവർ റയില്പാളത്തിലൂടെ മൈലുകൾ നടന്ന് പട്ടണത്തിലേക്കു പോവുകയാണ്. അങ്ങനെയുള്ള ഒരർപ്പണബോധം ഹീറോയിക് ആണെന്നു ഞാൻ കരുതുന്നു.
ചോദ്യം : ജീവിക്കാൻ ശരിയായ ഒരു വഴിയുണ്ടെന്നു പറയുമ്പോൾ താങ്കൾ എന്താണുദ്ദേശിക്കുന്നത്? നാമോരോ ആളും സ്വന്തനിലയ്ക്ക് അതു കണ്ടെത്തണമെന്നാണോ പറയുന്നത്?
സാൾട്ടർ: എന്നല്ല; നാമോരുത്തരും അതു കണ്ടെത്തണമെന്നു ഞാൻ പറയുന്നില്ല; അത് വല്ലാത്ത ഒരവ്യവസ്ഥയായിരിക്കും. ഞാൻ പരാമർശിക്കുന്നത് ക്ലാസിക്കലായ, പുരാതനമായ ആ ഏകാഭിപ്രായത്തെയാണ്; അതായത്, ചില നന്മകൾ ലോകത്തുണ്ടെന്നും കളങ്കപ്പെടുത്താൻ ആവാത്തതാണ് അവയെന്നുമുള്ളത്.
(അമേരിക്കൻ നോവലിസ്റ്റും കഥാകൃത്തുമായ ജയിംസ് സാൾട്ടറുമായി (1925-2015) പാരീസ് റിവ്യുവിനു വേണ്ടി എഡ്വേർഡ് ഹെർഷ് 1993ൽ നടത്തിയ അഭിമുഖത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ