2016, ഏപ്രിൽ 17, ഞായറാഴ്‌ച

അന്ന കാമിയെൻസ്കയുടെ കവിതകൾ



എഴുതപ്പെടാത്ത കവിതകൾ
എവിടെയോ കാത്തുകിടക്കുന്നു,
ആരും ചെന്നു കാണാത്ത
ഏകാന്തവാപികൾ കണക്കെ.

യുദ്ധാനന്തരപോളിഷ് കവിതയെ അടിമുടി മാറ്റിമറിച്ച ഒരു കൂട്ടം കവികളുണ്ടായിരുന്നു: ചെസ് വാ മിവോഷ്, മിരോൺ ബിയാലോസെവ്സ്കി, ജൂലിയ ഹാർട്വിഗ്, സ്ബിഗ്നിയെഫ് ഹെർബർട്ട്, തിമോത്തിയൂസ് കാർപോവിച്, തദേവുഷ് റോസെവിച്, വീസ് വാവ ഷിംബോർസ്ക എന്നിങ്ങനെ. ലോകസാഹിത്യത്തിൽ പോളിഷ് കവിതയ്ക്ക് നിയതമായ ഒരിടം നിർണ്ണയിച്ചവർ. “എന്റെ തലമുറ കവിതയിലേക്കു കടന്നുവന്നത് നിരൂപകരുടെ കൊട്ടും കുരവയും അകമ്പടി സേവിച്ചുകൊണ്ടല്ല,” കാമിയെൻസ്ക തന്റെ ഒരു പുസ്തകത്തിന്റെ അവതാരികയിൽ എഴുതുന്നുണ്ട്. “ഫയറിങ്ങ് സ്ക്വാഡിന്റെയും ബോംബുസ്ഫോടനങ്ങളുടെയും കടകടശബ്ദത്തിനുള്ളിലിരുന്നുകൊണ്ടാണ്‌ ഞങ്ങൾ എഴുത്തു പഠിച്ചത്.” ഈ അനുഭവങ്ങൾ കാരണമായി അവരുടെ കവിത മനുഷ്യാവസ്ഥയുടെ ശാശ്വതഛായയായ ദുരന്തബോധം നിഴൽ വീഴ്ത്തിയതായി. ഈ ദുരന്തബോധം പക്ഷേ അവരുടെ ആവിഷ്കാരരീതിയെ അതിവൈകാരികതയുടെ അപകടങ്ങളിൽ കൊണ്ടു ചാടിച്ചതുമില്ല. നിരാനന്ദത്തിന്റേതായ ഒരു ഹാസ്യം അവരെ രക്ഷിക്കാനുണ്ടായിരുന്നു. ഈ തലമുറയുടെ അസ്തിത്വപരവും ധാർമ്മികവുമായ സന്ദേഹങ്ങൾ പിൻപറ്റുന്നവയാണ്‌ നിരൂപകയും കവിയും വിവർത്തകയുമായ അന്ന കാമിയെൻസ്ക Anna Kamienska(1920-1986)യുടെ കവിതകൾ.  1920ഏപ്രിൽ 12ന്‌ പോളണ്ടിലെ ക്രാസ്നിസ്റ്റാവിലാണ്‌ കാമിയെൻസ്കയുടെ ജനനം. നാസികൾ പോളണ്ടു കൈയേറുമ്പോൾ അവർക്ക് ഇരുപതു വയസ്സായിരുന്നില്ല; അഞ്ചു കൊല്ലത്തെ നാസി ഭീകരതയ്ക്കു ശേഷം അവരുടെ ജീവിതം തുടർന്നത് കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായിരുന്നു. 1947ൽ അവർ കവിയും നിരൂപകനുമായ ജാൻ സ്പിവാക്കിനെ വിവാഹം ചെയ്തു. ഇക്കാലത്തെ അവരുടെ കവിതകൾ സന്തുഷ്ടമായ ഒരു ദാമ്പത്യത്തിന്റെ തെളിവുകളാണ്‌. പക്ഷേ ക്യാൻസർ വന്ന് ജാൻ സ്പീവാക്ക് പെട്ടെന്നു മരിച്ചപ്പോൾ ആ വിയോഗം അവർക്കു താങ്ങാവുന്നതായില്ല. പിന്നീടുള്ള അവരുടെ കാവ്യജീവിതത്തെ നിർണ്ണയിച്ചത് ആ മരണമായിരുന്നു. കത്തോലിക്കാവിശ്വാസത്തിൽ അവർ ആകൃഷ്ടയാവുന്നതും ഇതോടെയാണ്‌. ഇക്കാലത്താണ്‌ പ്രസിദ്ധമായ തന്റെ നോട്ടുബുക്കുകൾ അവർ എഴുതിത്തുടങ്ങുന്നതും. തന്റെ കവിതയെക്കുറിച്ചും ആത്മീയജീവിതത്തെക്കുറിച്ചും തന്നെ ആകർഷിച്ച പുസ്തകങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള കുറിപ്പുകളാണ്‌ ഈ നോട്ടുബുക്കുകളുടെ ഉള്ളടക്കം.   വളച്ചുകെട്ടില്ലാത്തവയാണ്‌ കാമിയെൻസ്കയുടെ കവിതകൾ. സാധാരണ സംഭാഷണരീതിയാണ്‌ അതിന്റെ ഘടന. ഒരാളെ, അതു തന്റെ പരിചയത്തിലുള്ള ഒരു വ്യക്തിയാവാം, ദൈവവുമാവാം, നേരേ പിടിച്ചുനിർത്തി സംസാരിക്കുന്ന മട്ടിലാണ്‌ ആ കവിതകളുടെ പോക്ക്. അതിന്റെ ആർജ്ജവം, അടുപ്പം ഈ കവിതകളിലൊക്കെ കാണാം.

തെരുവുകളുടെ മുഖങ്ങൾ

തെരുവുകളുടെ മുഖങ്ങൾ നിശബ്ദമാണ്‌, ജനാലകൾ അന്ധമാവുന്നു,
പാളങ്ങളുടെ തണുത്ത സിരകൾ ഒച്ചയില്ലാതെ വിറ കൊള്ളുന്നു.
നനഞ്ഞ നടവഴിയുടെ കണ്ണാടിയിൽ ആകാശം തൂങ്ങിനില്ക്കുന്നു
ആലിപ്പഴങ്ങൾ നിറഞ്ഞ കാരീയമേഘങ്ങളുമായി.


എന്റെ അമ്മ ഒരാശുപത്രിയിൽ കിടന്നു മരിക്കുകയാണ്‌.
വെളുത്തു ജ്വലിക്കുന്ന കിടക്കവിരിപ്പിൽ നിന്ന്
അവർ കൈപ്പടമുയർത്തുന്നു- പിന്നെ കൈ താഴെ വീഴുന്നു.
എന്നെ കുളിപ്പിക്കുമ്പോൾ വേദനിപ്പിച്ചിരുന്ന കല്യാണമോതിരം
അവരുടെ മെലിഞ്ഞ വിരലിൽ നിന്നൂരിപ്പോകുന്നു.


മരങ്ങൾ മഞ്ഞുകാലത്തെ ഈർപ്പം മോന്തിക്കുടിക്കുന്നു.
കല്ക്കരി നിറച്ച വണ്ടിക്കടിയിൽ കുതിര തല താഴ്ത്തിനില്ക്കുന്നു.
ഗ്രാമഫോണിൽ ബാഹും മൊസാർട്ടും ഭ്രമണം ചെയ്യുന്നു,
ഭൂമി സൂര്യനെ ചുറ്റുന്ന പോലെ.


അവിടെ, ഒരാശുപത്രിയിൽ എന്റെ അമ്മ കിടന്നു മരിക്കുകയാണ്‌.
എന്റ മമ്മ.


(1959)

“നോക്കൂ” അമ്മ പറയുകയാണ്‌

“നോക്കൂ” എന്റെ സ്വപ്നത്തിൽ വന്ന് അമ്മ പറയുകയാണ്‌,
“നോക്കൂ, മേഘങ്ങൾക്കിടയിലേക്കൊരു കിളി പറന്നുയരുന്നു.
നീയെന്താണതിനെക്കുറിച്ചെഴുതാത്തത്,
എന്തു ഭാരമാണ്‌, എന്തു വേഗമാണതിനെന്ന്?


”പിന്നെ ഈ മേശപ്പുറത്തെന്താ-
റൊട്ടിയുടെ മണം, പിഞ്ഞാണത്തിന്റെ കിലുക്കം.
ഇനിയും നീ എന്നെക്കുറിച്ചു പറയേണ്ട കാര്യമില്ല.
ഞാൻ വിശ്രമിക്കുന്നേടത്തു ഞാനെന്നൊന്നില്ല.


“ഞാൻ പൊയ്ക്കഴിഞ്ഞു, ഞാൻ നിലച്ചു കഴിഞ്ഞു,
എനിക്കിതുകൊണ്ടു മതിയായി: ശുഭരാത്രി!”
അതിനാൽ ഈ കവിത ഞാനെഴുതുന്നത് കിളികളെക്കുറിച്ച്,
റൊട്ടിയെക്കുറിച്ച്...മമ്മാ. മമ്മാ.


(1959)

വ്യർത്ഥം

ബാല്യത്തിൽ നിന്നേ ഞാൻ ചുമക്കുന്നതാണ്‌
ഈ മാറാപ്പിത്രയും:
ഒരു കറുത്ത പെട്ടിയിലിട്ടടച്ച അച്ഛന്റെ വയലിൻ,
‘ഉത്തമം സ്നേഹിതരുമായി സഹഭോജനം’
എന്ന ലിഖിതവുമായി ഒരു ദാരുഫലകം,
ഒരിടുങ്ങിയ വഴി
അതിൽ ഒരു കുതിരയുടെയും വണ്ടിയുടെയും മായുന്ന നിഴലുമായി,
പൂപ്പലു പാടു വീഴ്ത്തിയ ഒരു ഭിത്തി,
മടക്കിവയ്ക്കാവുന്ന ഒരു കുട്ടിക്കിടക്ക,
മാടപ്രാവുകളുടെ പടമുള്ള ഒരു പാലിക,
ജീവിതത്തെക്കാൾ ഈടു നില്ക്കുന്ന വസ്തുക്കൾ,
പഴയൊരലമാരയ്ക്കു മേൽ
സ്റ്റഫ്ഫു ചെയ്തുവച്ച പക്ഷി,
ഹാ, കോണികളുടെയും വാതിലുകളുടെയും
ഈ കൂറ്റൻ പിരമിഡും.
അത്രയെളുപ്പമല്ല,
ഇത്രയധികം പേറിനടക്കുകയെന്നത്.
ഇതിലൊന്നുപോലുമൊഴിവാക്കുകയില്ല
അന്ത്യം വരെ ഞാനെന്നതും എനിക്കറിയാം.
ഒടുവിൽ എവിടെയുമല്ലാത്തൊരിടത്തു നിന്ന്
ബുദ്ധിമതിയായ എന്റെ അമ്മ വന്ന് എന്നോടു പറയുന്നു,
“അതൊക്കെക്കളയൂ, എന്റെ പൊന്നുമോളേ,
അതിലൊന്നും ഒരർത്ഥവുമില്ല.“


(1960)

ഞാൻ നില്ക്കുകയായിരുന്നു


സിമിത്തേരിയിൽ, അമ്മയുടെ മൺകൂനയ്ക്കരികിൽ
സഹോദരിയുമൊത്തു നില്ക്കുകയായിരുന്നു ഞാൻ.
അതിപ്രധാനമായ പലതിനെക്കുറിച്ചും പറയുകയായിരുന്നു ഞങ്ങൾ.
മകൻ ഒന്നാമനാണ്‌ സ്കൂളിൽ,
ഇളയവൻ കൊഞ്ചാൻ തുടങ്ങിക്കഴിഞ്ഞു.
ആളുകളോടെങ്ങനെ പെരുമാറുന്നുവോ,
അതുപോലായിരിക്കും അവർ തിരിച്ചും പെരുമാറുക.

വീടിപ്പോൾ ഒന്നുകൂടി പെയിന്റു ചെയ്തു.
ഞങ്ങളൊരു മേശയും കസേരകളും വാങ്ങി.
ഒരയല്ക്കാരി കടന്നുപോകും വഴി പറയും,
“വീടസ്സലായിട്ടുണ്ടല്ലോ!”
അമ്മയ്ക്കൊരുപാടിഷ്ടമായിരുന്ന ചെടി പൂത്തിരിക്കുന്നു,
വാടുമെന്നു പേടിച്ചു ഞാൻ പൂക്കൾ കൊണ്ടുവന്നില്ല.

കാറ്റും മരവും കല്ലും മണ്ണും ഞങ്ങളുടെ സംസാരം കേട്ടുനില്ക്കുന്നു.
ഒരാൾ മാത്രം അതു കേൾക്കുന്നില്ല:
ഞങ്ങൾ പറഞ്ഞത് അവർ കേൾക്കാനായിരുന്നു.
എന്നാലവർ ഞങ്ങൾക്കു പിന്നിൽ നില്ക്കുന്നുണ്ടാവാം,
ജീവിതത്തെക്കുറിച്ചോർത്തു പുഞ്ചിരിക്കുന്നുണ്ടാവാം,
അവർ മന്ത്രിക്കുന്നുണ്ടാവാം, “എനിക്കറിയാം, മക്കളേ.
ഇനിയതൊന്നും പറയേണ്ട കാര്യമില്ല.”


ഒരു കൈ

ഈ വസ്തുവിന്‌ കൈ എന്നു പേര്‌.
ഈ വസ്തുവിനെ കണ്ണുകളിലേക്കടുപ്പിച്ചാൽ
അതു ലോകം മറയ്ക്കും.
സൂര്യനെക്കാൾ, കുതിരയെക്കാൾ, വീടിനെക്കാൾ,
മേഘത്തെക്കാൾ, ഈച്ചയെക്കാൾ വലുതാണത്.
വിരലുകളുള്ള ഈ വസ്തു.
ഇളംചുവപ്പുനിറത്തിൽ
മനോഹരമായ പ്രതലമുള്ള ഈ വസ്തു.
ഞാൻ തന്നെ ഈ വസ്തു.
മനോഹരമാണതെന്നു മാത്രമല്ല.
അതു കടന്നുപിടിക്കും, പിടിച്ചുവയ്ക്കും,
വലിക്കും, വലിച്ചുകീറും.
എണ്ണമറ്റതാണതിന്റെ മറ്റു പ്രവൃത്തികൾ.
മനോഹരമാണതെന്നു മാത്രമല്ല.
സൈന്യങ്ങളെ നയിക്കുന്നതത്,
മണ്ണിൽ പണിയെടുക്കുന്നതത്,
മഴു കൊണ്ടു കൊല ചെയ്യുന്നതത്,
സ്ത്രീയുടെ തുടകളകറ്റുന്നതത്,
എണ്ണമറ്റതാണതിന്റെ മറ്റു പ്രവൃത്തികൾ.
അതിന്റെ അഞ്ചു വിരലുകൾ- അഞ്ചു പാതകങ്ങൾ.
അതിന്റെ അഞ്ചു വിരലുകൾ- ഒരു നന്മ.


(1962)

മുത്തശ്ശനും മുത്തശ്ശിയും

ഫോട്ടോയിലെത്ര സന്തുഷ്ടരാണവർ,
നമ്മുടെ മുത്തശ്ശനും മുത്തശ്ശിയും,
ഒരു പച്ചില പോലെ ജീവൻ തുടിക്കുന്നവർ.
ചെറുപ്പമായ നമ്മുടെ മുത്തശ്ശി
ഭർത്താവിന്റെ തോളത്തു സ്നേഹത്തോടെ തല ചായ്ച്ചിരിക്കുന്നു.
മുത്തശ്ശനിനിയുമറിഞ്ഞിട്ടില്ല താൻ മരിച്ചിരിക്കുന്നുവെന്ന്.
വാച്ചിന്റെ ചെയിൻ കൊണ്ടലങ്കരിച്ച നെഞ്ചു വീർപ്പിച്ചദ്ദേഹം നില്ക്കുന്നു.
മരിച്ചുപോയ നമ്മുടെ ചെറുപ്പക്കാരിമുത്തശ്ശിയെ
അതിസ്നേഹത്തോടദ്ദേഹം അണച്ചുപിടിച്ചിരിക്കുന്നു.
പ്രസന്നമായൊരു വേനലിന്റെ പൊയ്പ്പോയ പ്രഭാതങ്ങളിൽ
തങ്ങളൊരുമിച്ചിരുന്നാഹാരം കഴിച്ചിരുന്ന വരാന്തയിൽ
തനിക്കൊപ്പമിരിക്കുന്നവർ, തന്റെ സഹോദരങ്ങളും മക്കളും,
അവർ മരിച്ചിരിക്കുന്നുവെന്നദ്ദേഹമിനിയുമറിഞ്ഞിട്ടില്ല.
നമ്മുടെ മുത്തശ്ശിക്കറിയുകയേയില്ല,
തന്റെ വിരലുകൾ തിരുപ്പിടിക്കുന്നതൊരു തണുത്ത ജപമാലയെയെന്ന്.
മുത്തശ്ശിയുടെ ഒന്നു ചരിഞ്ഞ ആ കഴുത്തിൽ നമുക്കു കേൾക്കാം,
ആനന്ദത്തിന്റെ ഗാനാലാപം,
നിർജ്ജീവമായ വീണയിൽ സംഗീതമെന്നപോലെ.


(1967)

പ്രവാസത്തിന്റെ കരയടുത്ത അനക്സിമൻഡെർ സോസോപോളീസിൽ ഒരു നഗരം സ്ഥാപിക്കുന്നു

 
ഇതു ഞാൻ, മിലെറ്റസിലെ അനക്സിമൻഡെർ,
സ്വന്തം രാജ്യത്തു നിന്നു ഭ്രഷ്ടനായവൻ.
കറുത്ത ഗോളങ്ങൾ കളിമൺഭരണിയിൽ വീഴുന്നത്
ഇപ്പോഴുമെന്റെ കാതുകളിൽ മാറ്റൊലിക്കുന്നു.
അപരാധി.
എന്നാൽ ഭ്രഷ്ടെന്നാലെന്താണെന്ന് കരുതലോടെ നാമാലോചിക്കണം.
ഒരിക്കൽ മാത്രമാണോ മനുഷ്യൻ ഭ്രഷ്ടനുഭവിക്കുന്നത്?
ഒന്നാമതായി അമ്മയുടെ ഗർഭപാത്രത്തിൽ നിന്നു നിങ്ങൾ ഭ്രഷ്ടനായി.
അതായിരുന്നു ആദ്യത്തെ ദൌർഭാഗ്യം, മറ്റെല്ലാ ദൌർഭാഗ്യങ്ങൾക്കും കാരണവും.
അതില്പിന്നെ നിങ്ങളെ തള്ളിമാറ്റി,
അവരുടെ മാറിടത്തിൽ നിന്ന്,
അവരുടെ മടിയിൽ നിന്ന്.
ഒരു ശിശുവിന്റെ മുഗ്ധമായ അജ്ഞതയിൽ നിന്നു നിങ്ങൾ ഭ്രഷ്ടനായി,
പിന്നെ യൌവനത്തിൽ നിന്ന്, കരുത്തിൽ നിന്ന്,
സ്ത്രീകളുടെ ചെറിയ ഹൃദയങ്ങളിൽ നിന്ന്.
ഒന്നൊന്നായി നിങ്ങൾ ഭ്രഷ്ടനായി,
മനുഷ്യർ നല്ലതെന്നു മതിക്കുന്ന ആശയങ്ങളിൽ നിന്നെല്ലാം.
അവസാനമായി,
എല്ലാ ഭ്രഷ്ടുകളും അനുഭവിച്ചതില്പിന്നെ,
ജീവിതത്തിൽ നിന്നു നിങ്ങൾ ഭ്രഷ്ടനാവും,
ഈ ഒരു തുണ്ടു പ്രാണനിൽ നിന്ന്.
പക്ഷേ സ്വന്തം രാജ്യത്തു നിന്നു ഭ്രഷ്ടനാവുക?
മറ്റേതു മൺകട്ട പോലെ മാത്രം ഫലപുഷ്ടമായ ഇതിൽ നിന്ന്,
ഉള്ളിയും വെളുത്തുള്ളിയും നാറുന്ന ഒച്ചപ്പാടുകാരായ സഹപൌരന്മാരിൽ നിന്ന്?
അങ്ങനെ ഞാൻ ഭ്രഷ്ടനാവുന്നു,
കലഹങ്ങളിൽ നിന്ന്. തർക്കങ്ങളിൽ നിന്ന്, ദുർഗന്ധത്തിൽ നിന്ന്.
ഇതു ശിക്ഷയല്ല പക്ഷേ.
ഇതൊരു ദാക്ഷിണ്യം തന്നെയാണ്‌.
കവിയായിരുന്നെങ്കിൽ
എന്റെ രാജ്യത്തെ പ്രകീർത്തിച്ചെത്ര സ്തുതിഗീതങ്ങൾ ഞാൻ രചിച്ചേനേ,
അകലെ നിന്നു നോക്കുമ്പോൾ അത്ര പ്രീതിദമായതിനെ.
ഒരഥീനിയൻ കുംഭാരന്റെ ചൂളയിലെപ്പോലെ പൊള്ളുന്നതാണിവിടവും.
കടലതു തന്നെ, ഉദിച്ചുവരുന്ന നക്ഷത്രങ്ങളും വിഭിന്നമാവില്ല.
ഇവിടെ, ഈ മുനമ്പിൽ
നാട്ടിലെ കശപിശകളിൽ നിന്നു വിമുക്തമായ ഒരു നഗരം ഞങ്ങൾ സ്ഥാപിക്കും.
ഞാനതിന്റെ മേച്ചിലോടുകൾ കണ്മുന്നിൽ കാണുകയായി,
അതിന്മേൽ കടല്ക്കാക്കകൾ വന്നിരിക്കും,
ജനാലകൾ ഒരു മീൻവലയുടെ നിഴലിലായിരിക്കും,
അത്തിമരങ്ങൾക്കിടയിൽ
മുന്തിരിവള്ളികൾ പിണഞ്ഞുകേറിയ വരാന്തകളിൽ
സായാഹ്നങ്ങളാസ്വദിച്ചു നാമിരിക്കും.
ഭ്രഷ്ടൻ- ഏതു സവിശേഷാവകാശത്തിൽ നിന്ന്?
കച്ചവടക്കാരുടെ കബളിപ്പിക്കലുകളിൽ നിന്നോ?
ചെറ്റകളായ ഉദ്യോഗസ്ഥന്മാരുടെ ഗർവുകളിൽ നിന്നോ?
തത്വചിന്തകന്മാരുടെ ഡംഭുകളിൽ നിന്നോ?
ന്യായാധിപന്മാരുടെ അഴിമതികളിൽ നിന്നോ?
എഴുത്തുകാരുടെ വ്യഭിചാരത്തിൽ നിന്നോ?
അതോ കവലയിൽ കൈയടക്കക്കാരുടെ കൂത്തുകൾ കണ്ട
ജനക്കൂട്ടത്തിന്റെ ചിരിയിൽ നിന്നോ?
എന്നിട്ടും, ഞാൻ, അനക്സിമൻഡെർ, സ്വരാജ്യത്തു നിന്നു ഭ്രഷ്ടനായി!
അതിന്റെ ഭാവിയെ ഓർത്തു വിറക്കൊള്ളാൻ എനിക്കവകാശം നിഷേധിക്കപ്പെട്ടു,
അതിനോടൊത്തു വേദനിക്കാനും അതിനോടൊത്തു കരയാനും.

(1970)
*അനക്സിമൻഡെർ - ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു ദാർശനികൻ.  

താക്കോൽ

ചരടിൽ കോർത്ത ഒരു താക്കോൽ കഴുത്തിലിട്ട്
ഒരു ബാലൻ നടക്കുന്നു.
വീടില്ലാത്തതിന്റെ ഒരു പ്രതീകം.
തന്റെ ഒഴിഞ്ഞ വീട് അവൻ കൂടെക്കൊണ്ടുനടക്കുന്നു,
എപ്പോൾ വേണമെങ്കിലും അവനതിലേക്കു മടങ്ങിച്ചെല്ലാം,
പക്ഷേ അവൻ മടങ്ങിപ്പോകില്ല,
കാരണം ഒഴിഞ്ഞ പുരകൾ വീടുകളാവില്ലല്ലോ.
അതു കൊണ്ടുകളയരുത്, പോകുമ്പോൾ അമ്മ പറഞ്ഞിരുന്നു.
അത്താഴം മേശപ്പുറത്തുണ്ട്.
ഒരു ദിവസം അവനു താക്കോലു നഷ്ടപ്പെടും,
സ്വപ്നത്തിലെന്നപോലെ അവനലഞ്ഞുനടക്കും,
നെഞ്ചത്തവൻ പറിച്ചുനോക്കും.
അതവിടെ ഉണ്ടായിരുന്നതാണല്ലോ,
കട്ടിയുള്ള ചരടിൽ കോർത്തത്.
താക്കോലുമായി ഒരു കൊച്ചുബാലൻ.
പോകുന്ന വഴിയ്ക്ക് ഞാനവനെ കണാറുണ്ട്,
എനിക്കവനെ സഹായിക്കാനേ കഴിയുന്നില്ല.
എല്ലാ താക്കോലുകളും നഷ്ടപ്പെട്ടവളാണു ഞാനും.



സ്വർഗ്ഗം

നീതി നടപ്പാകുമെന്നായിരുന്നു എന്റെ വിശ്വാസം.
അതിനാൽ എന്റെ മുടിയിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ കരഞ്ഞില്ല.
എന്റെ മുഖത്തു കാരണമില്ലാതെ പ്രഹരിച്ചപ്പോൾ
നിശ്ശബ്ദം ഞാനതു സഹിച്ചു.
കണ്ണില്പെട്ടതും അല്ലാത്തതുമായ അപവാദങ്ങൾ,
നഷ്ടപ്പെട്ട സമ്പാദ്യങ്ങൾ, കത്തിച്ച കളിപ്പാവ,
യൌവനത്തിനു പകരം വന്നുചേർന്ന യുദ്ധം,
എന്നിൽ നിന്നു മോഷ്ടിച്ച ഹാൻഡ്ബാഗ്,
അവർ കണ്ടുകെട്ടിയ എന്റെ സൈക്കിൾ,
എനിക്കു പരിചയമില്ലാത്തവരെക്കൊണ്ടു നിറഞ്ഞ വൃദ്ധസദനം,
കാരണമില്ലാതെയുള്ള കലഹങ്ങൾ,
മരണമെന്നു പേരുള്ള ആ കള്ളൻ,
ഞാനർഹിക്കാത്ത ഏകാന്തത,
അനീതികളുടെ ഈ പട്ടികയിൽ ഞാൻ മുങ്ങിത്താണു.
ഇപ്പോൾ ഞാൻ കാത്തുകാത്തിരിക്കുന്നു,
കുത്തിയൊലിക്കുന്ന കണ്ണീരു തുടയ്ക്കാൻ വരും,
സർവതും തന്റെ ആലിംഗനത്തിലൊതുക്കുന്ന ആ പിതാവ്,
ശൂന്യതയെന്ന്.



മാലാഖമാർ

മാലാഖമാരുണ്ട് മാലാഖമാർ ശരിക്കുമുണ്ട്
ജാക്കറ്റു ധരിച്ചവർ ഫാഷനല്ലാതായിക്കഴിഞ്ഞ വേഷങ്ങൾ ധരിച്ചവർ
അവർ മേശക്കരികിലിരിക്കുന്നു ബിയറു കുടിക്കുന്നു സല്ലപിക്കുന്നു
കോട്ടുവായിടുന്നു വൈകി ഉറങ്ങാൻ പോകുന്നു
ആ അലമാരയിൽ ഒരു വെള്ളച്ചിറകു കിടക്കുന്നതു കാണാം
മരിച്ചവരോടവർക്കവജ്ഞയില്ല
അവരുടെ യാതനകളോടും വിയർപ്പിനോടുമില്ല
അവർക്കറിയാം എത്ര ദുഷ്കരമാണു മരിക്കുകയെന്ന്
വസന്തകാലത്തു കലപ്പ വലിക്കുമ്പോലെയാണതെന്ന്
ഡോക്ടറുടെ വെളുത്ത കോട്ടിൽ ദീനക്കാർക്കു മേലവർ കുനിഞ്ഞുനില്ക്കുന്നു
പ്രായമായവരോടവർ പറയുന്നു അല്ല ഇതൊക്കെ നമുക്കു സഹിക്കാതെ പറ്റുമോ
കഷണ്ടിയുടെ പ്രകാശവലയവുമായി നരച്ച മുടിയുമായി
അവർ ചിലപ്പോൾ ഒരു പുരോഹിതനുമാവുന്നു
മേശ മേൽ നെറ്റി മുട്ടിച്ച് ഒറ്റയ്ക്കിരുന്നു കരയുന്നവൻ
പെട്ടെന്നതാ അവർ ഒരു കവിവചനം വിളിച്ചുപറയുന്നു
അവരുടെ താരസ്വരം ഒരു സിംഫണിയിലൂടെ തുളച്ചുകയറുന്നു
മരിക്കാൻ സമ്മതമില്ലാത്ത ചെറുപ്പക്കാരുടെ സ്ഥാനം അവരേറ്റെടുക്കുന്നു
അല്ലെങ്കിലവർ സർജ്ജന്റെ കത്തിക്കടിയിൽ നിന്നു പെട്ടെന്നപ്രത്യക്ഷരാവുന്നു
അനസ്തീഷ്യാവിദഗ്ധൻ ഓടിവന്നൊച്ചയെടുക്കുന്നു സിരകൾ തുന്നിക്കൂട്ടൂ
അവർ പക്ഷേ അകലെയായിക്കഴിഞ്ഞു
സ്വർഗ്ഗത്തിലെത്തിക്കഴിഞ്ഞു
ഒരു മേഘത്തിന്റെ മർമ്മരമേ അരികിൽ കേൾക്കാനുള്ളു
ഒരു മേഘത്തിന്റെ മർമ്മരം മാത്രം
മാലാഖമാരുണ്ട് മാലാഖമാർ ശരിക്കുമുണ്ട്
പ്രജ്ഞയുടെ ചൂണ്ടയിട്ട് അവർ ഓരോ ശബ്ദവും ആശയവും പിടിച്ചെടുക്കുന്നു
സത്യം നിറച്ച തമലകളിൽ നിന്ന് അവരൊരല്പം പകർന്നെടുക്കുന്നു
അവർ അപ്പം മൊരിച്ചെടുക്കുന്നു വെള്ളവീഞ്ഞിൽ മീൻ നുറുക്കിയിടുന്നു
നല്ല തമാശകളവർ രസിച്ചുകേൾക്കും
ചിരിക്കുമ്പോളവരുടെ കണ്ണിന്റെ വെള്ള തിളങ്ങുന്നതു കാണാം
ചന്ദ്രനിലേക്കു വിക്ഷേപിച്ച പേടകത്തിൽ
സ്പേസ് സ്യൂട്ടുമിട്ട് അവരിലൊരാൾ കയറിക്കൂടിയിട്ടുണ്ടോയെന്നു നമുക്കറിയില്ല
ഫ്ളെമിഷ് പെയിന്റിംഗുകളിലെപ്പോലത്ര ബലത്തതാണവരുടെ കാൽവണ്ണകൾ
വെള്ളത്തിലിറങ്ങിനില്ക്കുന്ന നിറം വിളർത്ത മൂരികളെപ്പോലുടൽ കനത്തവരാണവർ
തീക്ഷ്ണമായൊരു കാരുണ്യത്തിന്റെ ബലവുമവരിലുണ്ട്
സ്നേഹശീലമായൊരിളംകാറ്റിൽ അവരുടെ ഉടയാടകൾ പാറുന്നു
പല്ലുഡോക്ടറെ കാണാൻ അവർ ക്ഷമയോടെ കാത്തിരിക്കുന്നതു കാണാം
ആരുമില്ലാത്തൊരു കസേരയിൽ
ഒടുവിൽ അകത്തേക്കു കടക്കുന്നതും അവരായിരിക്കും
അവർ പോയ പിന്നാലെ ഒരു നീണ്ട നിശബ്ദത വീഴുന്നു
മാലാഖമാരാണവരെന്നു നിങ്ങൾ തിരിച്ചറിയുന്നതുമങ്ങനെ


(1970)

നിന്റെ സ്വപ്നങ്ങളുറങ്ങുന്നതെവിടെ

നിന്റെ സ്വപ്നങ്ങളിപ്പോളുറങ്ങുന്നതെവിടെ
നിന്റെ പേടികൾ കൂടു കൂട്ടുന്നതെവിടെ
നിന്റെ വിശപ്പുകൾ മുരളുന്നതെവിടെ
ഒരു ഗ്രഹം കൈയിൽ നിന്നു വീണുപോകുന്നു
നിന്റെ മഞ്ഞ് കുഞ്ഞുറക്കത്തിലായതെവിടെ
കാതരകളായ മാൻപേടകൾ കുതുകികളായ മുയലുകൾ
സൌമ്യജീവികളായ മാടപ്രാവുകൾ കർക്കശക്കാരായ പാതകൾ

ഓരോ രാത്രിയിലും ഞാനുറങ്ങാൻ കിടക്കുന്നു
അവർക്കരികെ


(1970)

ഇയ്യോബും ഒരു സ്ത്രീയും

ഇയ്യോബേ
നീ രോഗിയും ദരിദ്രനുമായിരുന്നപ്പോൾ
നിന്നെ കൈക്കൊണ്ടതു ഞാനായിരുന്നു
നോക്കൂ നിന്റെ പരുക്കൻ കുപ്പായം
ഇപ്പോഴും എന്റെ കൈയിലുണ്ട്
ചോരയുടെയും ചലത്തിന്റെയും പാടു മാറാത്ത
കൃഷിക്കാരന്റെ കുപ്പായം


ഇയ്യോബേ
യൌവനവും ആരോഗ്യവുമായി ഞാൻ നിന്നിലേക്കു വന്നു
അന്നെന്റെ സ്ത്രീധനമെത്രയെന്നു നീ ചോദിച്ചില്ല
നീ ഉറക്കത്തിൽ കിടന്നലറുമായിരുന്നു
ദൈവവുമായി നീ വഴക്കടിച്ചിരുന്നു
തീ പിടിച്ച പോലെ ഉറക്കമില്ലാതെ കിടന്നുരുളുമായിരുന്നു


ചുംബനങ്ങൾ കൊണ്ടു ഞാൻ നിന്നെ തണുപ്പിച്ചു

അത്ര മതിക്കേണ്ടൊരുപഹാരമല്ല ജീവിതമെന്നു സമ്മതിച്ചു
എന്നും നീ ആദ്യനായിരുന്നു ഏകാകിയായിരുന്നു
യാതനപ്പെടുന്നവനായിരുന്നു
ആരും മനസ്സിലാക്കാതെ പോകുന്നവനായിരുന്നു
കോപത്തിലും നിർഭാഗ്യത്തിലും മുമ്പനായിരുന്നു
കാറ്റിനെപ്പോലെ
ഞാൻ ഒരുടൽ മാത്രമായിരുന്നു
നിന്റെ വാർദ്ധക്യത്തിന്റെ രുഷ്ടതയ്ക്കു ചൂടു തന്നവൾ


ഇയ്യോബേ
ചിലനേരം ഞാൻ ഓർത്തുപോകാറുണ്ട്
ദൈവം നമ്മെ ബന്ധിച്ചതു കാരണമില്ലാതെയല്ലെന്ന്
ഉടലും കാറ്റും നല്ല പൊരുത്തമുള്ള ഇണയല്ലേ
അതിനാൽ ഇയ്യോബേ എന്നെ തള്ളിമാറ്റരുതേ
വിധിയന്ത്രം തിരിഞ്ഞുകറങ്ങുമ്പോൾ
അന്യരെപ്പോലെ പെരുമാറരുതേ
നിന്നോടൊപ്പമുണ്ടാവണമെന്നല്ലാതെ
നിന്നിൽ നിന്നൊന്നുമെനിക്കു വേണ്ട
ഒരു കാറ്റിന്റെ ഉടലാവുക എന്നത്
അതിദുഷ്കരമായ ജോലി തന്നെ


ഇത്രമേലാത്മനിയന്ത്രണത്തിന്റെ
ധാർഷ്ട്യം കലർന്നവനാവരുതേ
ഒരിക്കൽ പൊടിയിലും അഴുക്കിലും കിടന്നുരുണ്ടവനേ
തന്റേതു തന്നെയല്ല
അന്യരുടെ കണ്ണീരും പൊള്ളുമെന്നറിയുക

ഇയ്യോബ് പക്ഷേ അവളെ വിട്ടുപോയി
ദൈവം തമ്പുരാനേ എന്നു മന്ത്രിച്ചും കൊണ്ട്


(1972)

വേനലൊടുവിൽ

ഇനി ഞാനൊന്നടച്ചിരിക്കാൻ പോകുന്നു
അരമുള്ള വൈക്കോലു കൊണ്ടൊരറയുണ്ടാക്കി അതിനുള്ളിൽ
ആദി മുതല്ക്കെല്ലാമെനിക്കൊന്നാലോചിച്ചെടുക്കണം


ഒരില ഒരു വേര്‌ ഒരുറുമ്പ് ഒരു മുയൽ
കടൽ ഒരു മേഘം ഒരു കല്ല്


അവയെക്കുറിച്ചെല്ലാമെനിക്കോർക്കണം
പാപി
തന്റെ പാപങ്ങളെണ്ണിയെണ്ണിയോർക്കുമ്പോലെ


എനിക്കെന്നോടു തന്നെ ചോദിക്കണം
പച്ചപ്പിന്റെ നാട്ടുകാരനല്ലാതെപോയതിൽ
വല്ലാതെ പശ്ചാത്തപിക്കുന്നുവോ ഞാനെന്ന്


എനിക്കെന്നെത്തന്നെ ചോദ്യം ചെയ്യണം
ഏതു വഴിക്കു പോകണമെന്നെത്ര തവണ
വേരുകളോടു ഞാനാരാഞ്ഞുവെന്ന്


ചെയ്ത കുറ്റങ്ങൾ ഞാനേറ്റുപറയും
ജലത്തിനു മുന്നിൽ
മേഘത്തിനും ബിർച്ചുമരത്തിനും മുന്നിൽ
ഞാനവരുടെ കാലു കഴുകും
അവരുടെ മുറിവുകൾ വച്ചുകെട്ടും


പച്ചിലകൾ മർമ്മരമുതിർക്കുന്നൊരു ജീവിതത്തോ-
ടെന്തു കൊണ്ടെനിക്കു സമരസപ്പെട്ടുകൂടാ
മരണത്തിന്റെ സ്വപ്നങ്ങൾക്കിടയിലെനിക്കെന്തുകൊണ്ടുറങ്ങിക്കിടന്നുകൂടാ


ഇലകളേ
ഉദാസീനമായ മണ്ണിലേക്കടർന്നു വീഴാൻ
എന്നെപ്പഠിപ്പിക്കൂ


(1972)

മരങ്ങൾ

എന്റെ ബാല്യത്തിന്റെ ഭൂപ്രകൃതിയിൽ നിന്ന്
രാത്രിയിൽ അവർ എന്നെത്തേടിവന്നു
എന്റെ അമ്മാമന്റെ തോപ്പിലെ നാരകമരം
ഞാൻ ചെന്നു പുണരാറുണ്ടായിരുന്ന ബിർച്ചുമരം
കായകൾ കൊണ്ടെന്നെ എറിഞ്ഞിരുന്ന ഓക്കുമരം
പിന്നെ അരളിമരങ്ങളും കരിമുള്ളുകളും
എനിക്കു മേൽ കുനിഞ്ഞു നിന്നുകൊണ്ട്
അവർ എന്നെ നിരീക്ഷിച്ചു
അവരെന്നെ തിരിച്ചറിഞ്ഞു
അവരെന്നെ തിരിച്ചറിഞ്ഞതുമില്ല
ഒരു മർമ്മരത്തോടെ അവർ ചോദിച്ചു
നീ പോവുകയാണോ


ഞാൻ പോവുകയാണ്‌ ഞാൻ പോവുകയാണ്‌
ദൈവം തമ്പുരാൻ കല്പിച്ചപോലെ


(1972)

കൃതജ്ഞത

ഒരു ചണ്ഡവാതമെന്റെ മുഖത്തേക്കൊരു മഴവില്ലെറിഞ്ഞു
അതിനാൽ ഞാൻ മോഹിച്ചു മഴയ്ക്കടിയിൽ വീണുകിടക്കാൻ
ഞാനിരിക്കാനിടം കൊടുത്ത ഒരു വൃദ്ധയുടെ കൈകളിലുമ്മ വയ്ക്കാൻ
അവർ ജീവനോടിരിക്കുന്നു എന്ന വസ്തുത കൊണ്ടു മാത്രമായി
സർവരോടും നന്ദി പറയാൻ
ഒന്നു മന്ദഹസിക്കാൻ കൂടി ചിലനേരമെനിക്കു തോന്നിയിരുന്നു
തളിരിലകളോടു ഞാൻ കൃതജ്ഞയായിരുന്നു
വെയിലത്തു മലരാനവ മനസ്സു കാണിച്ചുവെന്നതിനാൽ
കുഞ്ഞുങ്ങളോടു ഞാൻ കൃതജ്ഞയായിരുന്നു
ഈ ലോകത്തേക്കു വരാനവർക്കിനിയും വൈമുഖ്യം വന്നിട്ടില്ലെന്നതിനാൽ
വൃദ്ധരോടു ഞാൻ കൃതജ്ഞയായിരുന്നു
അന്ത്യം വരെക്കും പിടിച്ചുനില്ക്കാനുള്ള ധൈര്യമവർ കാണിക്കുന്നുവെന്നതിനാൽ
നിറയെ നന്ദിയായിരുന്നു ഞാൻ
ഞായറാഴ്ചകളിൽ നിറയുന്ന ധർമ്മപ്പെട്ടി പോലെ
ഈ സമയത്തു മരണമെനിക്കരികിൽ വന്നുനിന്നിരുന്നെങ്കിൽ
ഞാനവളെ ആലിംഗനം ചെയ്തേനെ


അശരണമായൊരു സ്നേഹമാണ്‌ കൃതജ്ഞത

(1972)
 

നിഘണ്ടുക്കൾ

എത്ര കവിതകളാണ്‌ നിഘണ്ടുക്കളിൽ ഉറങ്ങിക്കിടക്കുന്നത്
വൈക്കോല്ക്കൂനയിൽ സൂചികളെന്നപോലെ
ഇനിയും പിറക്കാത്ത കവികളെത്ര
രോഷത്തിന്റെ ഇഴയടുത്ത വലയ്ക്കുള്ളിൽ
പൊതിഞ്ഞുകിടക്കുന്നവർ
മനസ്സലിഞ്ഞ കുമ്പസാരങ്ങളെത്രയാണവിടെ
അവമാനങ്ങളെത്ര
വ്യാജങ്ങളെത്ര


മൌനത്തിന്റെ മരുപ്പറമ്പുകളുമെത്ര
കാലടികൾ പതിയാതെ
ജനവാസമില്ലാതെ


(1978)

നീതിമാന്മാർ

മൌനം പാലിക്കുന്നവരെക്കുറിച്ചു ഞാനോർക്കുന്നു
മൂഢമായ ചോദ്യങ്ങൾക്കുത്തരം നല്കാത്തവരെ


നമ്മുടെ അമ്മമാരെക്കുറിച്ചു ഞാനോർക്കുന്നു
മരണശേഷവും നമ്മെ സ്നേഹിക്കുന്നവരെ


പൊറുക്കാനറിയുന്നവരെക്കുറിച്ചു ഞാനോർക്കുന്നു
എണ്ണത്തിൽ കുറവാണവരെങ്കിലും


ശാന്തമനസ്കരായി മരിക്കുന്ന ക്യാൻസർ രോഗികളെക്കുറിച്ചു ഞാനോർക്കുന്നു
വീടുകളിലെത്തിച്ചേരാത്തവരെക്കുറിച്ചും


തെരുവുകളിൽ അവമാനിതരാവുന്നവരെക്കുറിച്ചു ഞാനോർക്കുന്നു
വീണിടത്തു നിന്നു തന്നെത്താന്നെഴുന്നേല്ക്കുന്നവരെ


ഊന്നുവടികൾ കൈകളിൽ നിന്നു തെറിച്ചുപോയവരെ
കണ്ണടകൾ തകർന്നുപോയവരെ


നുണകൾക്കു കാതു കൊടുക്കാൻ വിസമ്മതിക്കുന്നവരെയും ഞാനോർക്കുന്നു
നീതിമാന്മാരെക്കുറിച്ചു ഞാനോർക്കുന്നു


അവർക്കു തലയ്ക്കു മേൽ പ്രകാശവലയങ്ങളില്ല
അവർ തങ്ങളുടേതായൊന്നും ശേഷിപ്പിച്ചുപോകുന്നുമില്ല


(1972)

ഉടലുകൾ

ഉടലുകൾ ഭൂതങ്ങളെപ്പോലെ അപ്രത്യക്ഷമാകുന്നു
അദൃശ്യമാകുന്നു
അസ്പൃശ്യവും അസന്നിഹിതവുമാകുന്നു
കുളിത്തൊട്ടികളിൽ കണ്ടതായി
തെരുവുകളിൽ മയങ്ങിവീഴുന്നതായി
സ്ട്രെച്ചറുകളിൽ കിടന്നുലയുന്നതായി
കൈയിൽ ഒരു ഫോട്ടോയുമായി വിടവാങ്ങിപ്പോകുന്നതായി
ഒരു വാച്ചിൽ നിന്ന് ഒരു വിവാഹമോതിരത്തിൽ നിന്ന്
ഒരു കുടയിൽ നിന്നു വിടുതൽ നേടിയതായി
ഒരു വിവാഹരാത്രിയിലെന്നപോലെ മനോഹരമായി
നഗ്നമായി
ഇനിയെന്നെന്നേക്കും വിശ്വസ്തരായി
മൌനത്തിനിണങ്ങരായി
പിന്നെ ഒരു സ്വപ്നത്തിന്റെ ഇടവാതിലിലൂടെ
മടങ്ങുന്നവയായി
പൊടുന്നനേ സർവവ്യാപികളായി
അടങ്ങാത്ത തൃഷ്ണയാൽ ഒച്ചയില്ലാതലറിക്കരയുന്നതായി


(1972)

സഫലമാവാൻ പോകുന്ന ഒരു പ്രാർത്ഥന

ദൈവമേ, ഞാനേറെ യാതന തിന്നട്ടെ,
അതില്പിന്നെ ഞാൻ മരിക്കുമാറാകട്ടെ.


മൌനങ്ങൾക്കിടയിലൂടെ ഞാൻ കടന്നുപോകട്ടെ,
യാതൊന്നും, ഭീതി പോലും ഞാൻ ശേഷിപ്പിക്കാതിരിക്കട്ടെ.


മുമ്പെന്നപോലെ തന്നെ ലോകമതിന്റെ വഴിക്കു പോകട്ടെ,
മുമ്പെന്നപോലെ തന്നെ കടൽ കരയെ ചുംബിക്കട്ടെ.


പുല്ക്കൊടികളിൽ പച്ചപ്പു മായാതിരിക്കട്ടെ,
ഒരു കൊച്ചുതവളയ്ക്കതിലഭയം കിട്ടുമാറാകട്ടെ.


ഒരാൾക്കു വേണമെങ്കിൽ കൈകളിൽ മുഖം പൂഴ്ത്താം,
നെഞ്ചു പറിഞ്ഞുപോരുമ്പോലെ തേങ്ങിക്കരയാം.


നേരം പുലരുന്നതത്ര ദീപ്തിയോടാവട്ടെ,
യാതനകൾക്കവസാനമായെന്നു ലോകത്തിനു തോന്നട്ടെ.


എന്റെ കവിത അത്ര സുതാര്യവുമാവട്ടെ,
ഉള്ളില്‍ പെട്ടുപോയൊരീച്ച തല തല്ലുന്ന ജനാലച്ചില്ലു പോലെ.


(1972)

മനഃസാക്ഷി

നിങ്ങളോടൊപ്പം നിങ്ങളല്ലാതാരുമില്ല
ഇതു സത്യമേയല്ല
ഒരു കോടതി അങ്ങനെത്തന്നെ നിങ്ങളോടൊപ്പമുണ്ട്
ഒരു പ്രോസിക്യൂട്ടറും പ്രതിഭാഗം വക്കീലുമൊക്കെയായി
അവർ നിങ്ങളെച്ചൊല്ലി വഴക്കടിയ്ക്കുന്നു
അപരാധി നിരപരാധി
അപരാധി പ്രോസിക്യൂട്ടർ പറയുന്നു
നിങ്ങളതു സമ്മതിച്ചുകൊടുക്കുന്നു
നിങ്ങളതിൽ അസ്വാഭാവികത കാണുന്നില്ല
അതേ സമയം പ്രതിഭാഗം വക്കീലിനു പറയാനുള്ളതിലും
ന്യായം നിങ്ങൾ കാണുന്നുണ്ട്
നിങ്ങളുടെ തല ആ ഭാഗത്തേക്കും ഈ ഭാഗത്തേക്കും തിരിയുകയാണ്‌
തന്നെക്കുറിച്ചെന്തു കരുതണമെന്ന്
നിങ്ങളൊരാൾക്കേ അറിയാതുള്ളു
നിങ്ങൾ സ്വയം മരണശിക്ഷ വിധിക്കുന്നു
എന്നിട്ടതു നടപ്പാക്കുന്നതു നീട്ടിവയ്ക്കുകയും ചെയ്യുന്നു
ഒടുവിൽ ഈ മനഃസാക്ഷിക്കളി നിങ്ങൾക്കു മടുക്കുകയാണ്‌
നിങ്ങൾ ഉറങ്ങുന്നു
കാലത്തെഴുന്നേല്ക്കുമ്പോൾ
ദൈവം നിങ്ങൾക്കാത്മാവു മടക്കിത്തരും
കേടുപാടുകൾ തീർത്തും അലക്കിവെളുപ്പിച്ചും
നമുക്കാശിക്കാം
കിട്ടുന്നതു മറ്റൊരാളുടേതാവില്ലെന്ന്


(1972)

ഒരു ചോരത്തുള്ളി

ഒരു ചോരത്തുള്ളി, വായുവിൽ ചാലിച്ചത്
ഒരു കവിത
ഒരപ്പക്കഷണം
പ്രഭാതവെളിച്ചത്തിലൊരല്പം
നിന്റെ ജീവിതത്തിൽ നിന്നൊരു നിമിഷവും
ഇതില്പരമെനിക്കെന്തു കിട്ടാൻ


(1972)

ജന്തുക്കളുടെ ആത്മാക്കൾ

ജന്തുക്കളുടെ ആത്മാക്കളേ
നായ്ക്കൾ കടിച്ചുനുറുക്കിയ ഇളമാനിന്റെ
ഒരു ചെവി വിണ്ടുകീറി
തല കീഴായി തൂങ്ങിക്കിടക്കുന്ന മുയലിന്റെ
തലയില്ലാതെ ചാടുന്ന പൂവൻ കോഴിയുടെ
പോയ വഴിയേ ചോര കൊണ്ടു ചാലിടുന്ന പെൺപട്ടിയുടെ
ഒരു വേലിക്കടിയിൽ നിർജ്ജീവമായ കണ്ണുകളോടെ കിടക്കുന്ന പ്രാവിന്റെ
ഹാ ജന്തുക്കളുടെ ആത്മാക്കളേ
ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ


(1979)

വിളക്ക്

ഉള്ളു തുറക്കാനല്ല ഉൾക്കൊള്ളാനാണു ഞാനെഴുതുന്നത്
യാതൊന്നുമെനിക്കു തെളിഞ്ഞുകിട്ടാറില്ല
അതു തുറന്നുസമ്മതിക്കുന്നതിലെനിക്കു മടിയില്ല
ഈ അറിവില്ലായ്മ ഒരു മേപ്പിളിലയുമായി പങ്കു വയ്ക്കുന്നതിലെനിക്കു നാണക്കേടുമില്ല
അതിനാൽ എന്റെ ചോദ്യങ്ങൾ ഞാൻ സമർപ്പിക്കുന്നത്
എന്നെക്കാളറിവു കൂടിയ വാക്കുകൾക്കു മുന്നിൽ
നമ്മെക്കാൾ ചിരായുസ്സുകളായ വസ്തുക്കൾക്കു മുന്നിൽ
യാദൃച്ഛികമായി കിട്ടുന്നതാവട്ടെ അറിവെന്നു ഞാൻ കാത്തുനില്ക്കുന്നു
മൌനത്തിൽ നിന്നു വരട്ടെ ബോധമെന്നു ഞാൻ പ്രതീക്ഷ വയ്ക്കുന്നു
ആകസ്മികമായിട്ടെന്തോ ഒന്നു സംഭവിച്ചുവെന്നു വരാം
മറഞ്ഞുകിടക്കുന്ന നേരു കൊണ്ടതു തുടിച്ചുവെന്നു വരാം
എണ്ണവിളക്കിന്റെ തിരിനാളമെന്നപോലെ
ഒരിക്കൽ നാമതിനു മുന്നിൽ തല കുമ്പിട്ടു നിന്നിരുന്നു
നമുക്കു വളരെ ചെറുപ്പമായിരുന്നപ്പോൾ
മുത്തശ്ശി കത്തി കൊണ്ടപ്പം മുറിക്കുമ്പോൾ
നമുക്കന്നു സർവതിനെയും വിശ്വാസവുമായിരുന്നു
ഇന്നു ഞാനുള്ളു തുറന്നാഗ്രഹിക്കുന്നതും മറ്റൊന്നിനല്ല
ആ വിശ്വാസത്തിന്


(1979)

ട്രാമിൽ കണ്ട കൈകൾ

മടിത്തട്ടിൽ കൈത്തലങ്ങൾ വച്ചുകൊണ്ട്
ഒരു യുവതി ട്രാമിലിരിക്കുന്നു
കൈയുറകളില്ലാതെ വെണ്ണക്കൽക്കൈകൾ
റാഫേൽ അവളുടെ നഖങ്ങളിൽ കാവി പൂശി
മൈക്കലാഞ്ജലോ തന്റെ മാർബിൾ ലെയ്ത്തിൽ
പത്തു വിരലുകൾ കടഞ്ഞെടുത്തു
ബൻവെനുറ്റോ ഓരോ വിരലിലും
തനിപ്പൊന്നിന്റെ നാരുകൾ പടർത്തി


എന്റെ കൈകൾ പക്ഷേ ഭാരം പേറുന്നവ
അരികിൽ ഞാൻ നില്ക്കുന്നു
തളർന്നും പ്രായമേറിയും
കഴയ്ക്കുന്ന പരന്ന കാലടികളിൽ
ഒരു മഡോണയുടെ കൈകൾ നോക്കിയും


(1979)

പേടിക്കേണ്ട

പേടിക്കേണ്ട യാതനകളിനിയുമനവധി അനുഭവിക്കാനുണ്ടാവും
ഒരു ചതഞ്ഞ സൌഹൃദത്തിന്റെ ഊന്നുവടിയിൽ ചാഞ്ഞുനിന്നോളൂ
തല്ക്കാലത്തേക്കതു നിങ്ങളുടെ അവകാശം തന്നെ
നിങ്ങൾ അവഗണിച്ചുകളഞ്ഞ ഒരു കർത്തവ്യമായിരുന്നു
സന്തോഷവാനായിരിക്കുകയെന്നത്
അശ്രദ്ധമായി കാലമെടുത്തുപയോഗിച്ചവൻ
പുൽത്തകിടിയിലേക്കു വാത്തുകളെയെന്നപോലെ
നാളുകളെ നിങ്ങളിറക്കിവിടുന്നു
പേടിക്കേണ്ട അനവധി തവണ നിങ്ങൾ മരിക്കും
ജീവിതത്തെ സ്നേഹിക്കാൻ ഒടുവിൽ നിങ്ങൾ പഠിക്കും വരെ


(1979)

ഒഴിഞ്ഞ ഇടങ്ങൾ

നാം തിടുക്കപ്പെടുക, മനുഷ്യരെ സ്നേഹിക്കാൻ
                                      (ജാൻ ത്വാർദോവ്സ്കി)


ഒരാളെപ്പോലും സ്നേഹിക്കാൻ എനിക്കു കഴിഞ്ഞില്ല
അത്രയൊക്കെ ഞാൻ തിടുക്കപ്പെട്ടിട്ടും
ഒഴിഞ്ഞ ഇടങ്ങളെയേ ഞാൻ സ്നേഹിച്ചുകൂടൂ എന്നപോലെയായിരുന്നു
ആശ്ളേഷത്തിലേക്കെത്താതെ വീണുതൂങ്ങുന്ന കൈകളെ
ശിരസ്സുപേക്ഷിച്ചുപോയ തൊപ്പിയെ
എഴുന്നേറ്റു മുറി വിട്ടു പോകേണ്ട ചാരുകസേരയെ
എടുത്തു നോക്കാതായിക്കഴിഞ്ഞ പുസ്തകങ്ങളെ
ഒരു വെള്ളിയിഴ ശേഷിച്ച ചീർപ്പിനെ
വളരുന്ന കുഞ്ഞുങ്ങൾക്കൊതുങ്ങാതായിക്കഴിഞ്ഞ കിടക്കകളെ
വേണ്ടാത്തതൊക്കെ കുത്തിനിറച്ച വലിപ്പുകളെ
നഗ്നപാദയായി ലോകം വിട്ടുപോയൊരു പാദത്തിന്റെ
വടിവു പൂണ്ട ഷൂസുകളെ
ശബ്ദങ്ങൾ താഴ്ന്നുതാഴ്ന്നു നിശബ്ദമാവുന്ന ഫോണുകളെ
സ്നേഹിക്കാൻ അത്രയേറെ ഞാൻ തിടുക്കപ്പെട്ടു
സ്വാഭാവികമായും എനിക്കതിനായതുമില്ല


(1983)

മനുഷ്യനാവുക എന്നാൽ...

 
മനുഷ്യനാവുക എന്നാൽ എന്താണതിനർത്ഥം

കിളി ചോദിച്ചു

അതെനിക്കുമറിയില്ല

അനന്തതയിലേക്കെത്തിപ്പിടിക്കുമ്പോൾത്തന്നെ
സ്വന്തം ചർമ്മത്തിന്റെ തടവിലാവുക എന്നാണത്
നിത്യതയിൽ കൈ തൊടുമ്പോൾത്തന്നെ
നിങ്ങൾക്കു പറഞ്ഞ ആയുസ്സിന്റെ ദാസനാവുക എന്നാണത്
ആശ കെടും വിധം അനിശ്ചിതത്വത്തിലാഴുകയും
നിസ്സഹായനാക്കുന്ന വിധം പ്രത്യാശ കൊണ്ടു നിറയുകയുമാണത്
ഉറഞ്ഞ മഞ്ഞിന്റെ ഒരു ചീളാവുകയും
ഒരുള്ളംകൈയിൽ കൊള്ളുന്നത്ര ചൂടാവുകയുമാണത്
വായുവിൽ നിന്നു ശ്വാസമുൾക്കൊള്ളുമ്പോൾത്തന്നെ
വാക്കു കിട്ടാതെ വിക്കുക എന്നാണത്
ചാരം കൊണ്ടു നെയ്ത കൂട്ടിലിരുന്നെരിയുക എന്നാണത്
വിശപ്പു കൊണ്ടു നിറയുമ്പോൾത്തന്നെ
അപ്പം തിന്നുക എന്നാണത്
പ്രണയരഹിതമായി മരിക്കുക എന്നാണത്
മരിക്കുമ്പോഴും പ്രണയിക്കുക എന്നാണത്


തമാശ തന്നെ  തന്നെ കിളി പറഞ്ഞു
എന്നിട്ടത് നിരായാസമായി പറന്നുയർന്നു


(1984)

ഒരാശുപത്രിയിൽ

ഇടനാഴിയുടെ മൂലയ്ക്കു കിടന്ന്
ഒരു കിഴവി മരിക്കുമ്പോൾ
അരികിൽ നിൽക്കാൻ ആരുമില്ല


ഇത്രനാൾ മച്ചും നോക്കി അവർ മലർന്നുകിടന്നു
ഇപ്പോഴവർ  വിരലു കൊണ്ടു വായുവിലെഴുതുന്നു


കണ്ണീരില്ല വിലാപങ്ങളില്ല
ആരും കൈ ഞെരിക്കുന്നില്ല
ഡ്യൂട്ടിയിൽ വേണ്ടത്ര മാലാഖമാരുമില്ല


നിശബ്ദമായി മര്യാദ കാണിക്കലാണ് ചില മരണങ്ങൾ
തിരക്കു കൂടിയൊരു തീവണ്ടിമുറിയിൽ
ഒരാൾ സീറ്റൊഴിഞ്ഞുകൊടുക്കുന്നപോലെ


(1984)

മരിക്കൽ

അതെത്രയും വേഗമാവണേയെന്നു പ്രാർത്ഥിക്കുകയായിരുന്നു സകലരും
ഇനിയെത്രനേരം ദൈവമേ അയാൾ നെടുവീർപ്പിട്ടു
അഭാവത്തിലേക്കയാൾ കണ്ണു നട്ടുകഴിഞ്ഞിരുന്നു
ഒരു പശ്ചാത്താപവും അയാൾക്കുണ്ടായിരുന്നുമില്ല
ഹൃദയം പക്ഷേ മിടിച്ചുകൊണ്ടേയിരുന്നു
എന്തിനോ കാത്തുനില്ക്കുകയാണെന്നപോലെ
ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നപോലെ
പിന്നെയും ചെറുത്തുനില്ക്കുകയാണെന്നപോലെ


ഒടുവിൽ ദൈവം ഒരു സ്പർശത്താൽ
കഥയില്ലാത്ത ആ ഹൃദയത്തെ നിശബ്ദമാക്കി
പിന്നെയുണ്ടായതത്രയ്ക്കൊരു നിശബ്ദതയായിരുന്നു
ഇല്ലാത്ത മാതിരി


(1984)

ഭാരം പേറുന്നവർ

പത്താം നിലയിലേക്കു പിയാനോകൾ ചുമന്നു കേറ്റുന്നവർ
അലമാരകളും ശവപ്പെട്ടികളും ചുമക്കുന്നവർ
വിറകുകെട്ടുമായി ചക്രവാളത്തിനു നേർക്കു വേച്ചുവേച്ചു നടക്കുന്ന വൃദ്ധൻ
മുൾച്ചെടിക്കെട്ടു മുതുകത്തു പേറിനടക്കുന്ന സ്ത്രീ
കുഞ്ഞുങ്ങളെ കിടത്തുന്ന ഉന്തുവണ്ടിയിൽ
ഒഴിഞ്ഞ വോഡ്ക്കാക്കുപ്പികളിട്ടു നടക്കുന്ന ഭ്രാന്തത്തി
ഇവരെല്ലാം ഉയർത്തപ്പെടും
ഒരു കടല്ക്കാക്കയുടെ തൂവൽ പോലെ ഒരു കരിയില പോലെ
ഒരു മുട്ടത്തോടു പോലെ തെരുവിലൊരു പത്രക്കടലാസ്സിന്റെ തുണ്ടു പോലെ


ഭാരം പേറുന്നവർ ഭാഗ്യവാന്മാർ
എന്തെന്നാൽ അവർ ഉയർത്തപ്പെടുമല്ലോ


(1984)

കവിതയുടെ പടിവാതില്ക്കൽ വച്ച്

കവിതയുടെ പടിവാതില്ക്കൽ വച്ച്
നിങ്ങളുടെ ആത്മാവിൽ നിന്ന്
വിദ്വേഷത്തിന്റെ പൊടിയും മണ്ണും തട്ടിക്കളയുക
വികാരാവേശങ്ങൾ മാറ്റിവയ്ക്കുക
വാക്കുകളെ അവ മലിനപ്പെടുത്തരുതല്ലോ


ആ ഇടത്തിലേക്ക് ഒറ്റയ്ക്കു കാലെടുത്തുവയ്ക്കുക
വസ്തുക്കളുടെ ആർദ്രത നിങ്ങളെ വന്നുപൊതിയും
ഇരുട്ടിലേക്കു നിങ്ങളെ ആനയിച്ചുകൊണ്ടുപോകും
ലോകം കാണുന്ന കണ്ണു നഷ്ടപ്പെട്ടവനാണു നിങ്ങളെന്നപോലെ


പേരുള്ളതായിട്ടുള്ളതെല്ലാം അവിടെ മടങ്ങിയെത്തും
വെളിച്ചത്തിൽ കുളിച്ചുനില്ക്കും
നീയും ഞാനുമതിലന്യോന്യം കണ്ടെത്തും
മൂടൽമഞ്ഞിൽ മുങ്ങിപ്പോയ രണ്ടു മരങ്ങൾ പോലെ


(1987)

ഒരു നഗരത്തിന്റെ ഭൂപടം

ഈ നഗരം ഒരു പ്രണയത്തിന്റെ ഭൂപടം
നീയെന്നെ ആദ്യമായി കണ്ട തെരുവിതാ ഇവിടെ
മഞ്ഞു പെയ്യുമ്പോൾ നമ്മുടെ ചുണ്ടുകളൊന്നായതിവിടെ
നാം യാത്ര പറഞ്ഞു പിരിഞ്ഞതും
നിന്റെ കണ്ണുകൾ പിന്നേറെ നേരമെന്റെ പിന്നാലെ വന്നതുമിവിടെ
നമ്മുടെ പാതകൾ പരിണയിച്ചതിവിടെ
നമ്മുടെ കൈകൾ കൂടു കണ്ടതിവിടെ
രോഗിയായ നിന്നെക്കാണാൻ ഞാനോടിവന്നതിവിടെ
നിന്നെയും കൊണ്ടവസാനമായി ഞാൻ വണ്ടിയോടിച്ചെത്തിയതിവിടെ
നീ എന്നിൽ നിന്നൊളിഞ്ഞിരിക്കുന്നതിവിടെ
നിന്നെ ഞാനെന്നുമെന്നും തേടിനടക്കുന്നതിവിടെ


(1987)



റെംബ്രാന്റ്

കല മാനുഷികമാണെങ്കിൽ
അതു ജനിച്ചതു സഹാനുഭൂതിയിൽ നിന്നാവണം
മർത്ത്യഭീതിയോടുള്ള മമതയിൽ നിന്നാവണം
ഇക്കാരണത്താൽ അവരിലേറ്റവും മഹാൻ
ആ മില്ലുകാരന്റെ മകനത്രേ
റെംബ്രാന്റ്
ഇരുട്ടും ചെളിയും കുഴച്ചെടുത്തതായിരുന്നു
അയാളുടെ ഉടലുകൾ
മണ്ണു പോലെ ഭാരമാർന്നവ
അപൂർവ്വമായി മാത്രമനാവൃതമാവുന്നവ
നിഗൂഢതകൾ നിറഞ്ഞവ
അയാളുടെ ആൾക്കൂട്ടങ്ങൾ- കൂട്ടിയിട്ട ശവക്കച്ചകൾ
അയാളുടെ ചെടികൾ- ഒരു ശവപ്പറമ്പിലെ തകരപ്പാത്രത്തിൽ മുളച്ചവ
ആകാശം വരിയുടച്ച കാളയുടെ ജഡം വെട്ടിക്കീറിയ പോലെ
തവിട്ടുനിറമായ കൈകളുമായി പ്രതാപികളായ വൃദ്ധന്മാർ
ഇല്ലായ്മയിലേക്കുള്ള മടക്കത്തിന്റെ പാതിവഴിയിലെത്തിയ
കാമലോലുപരായ സ്ത്രീകൾ
തന്റെ കൈയുടെ ജ്ഞാനത്താൽ
അയാൾ ജീവിച്ചിരിക്കുന്നവരോടു സഹാനുഭൂതി കാട്ടി
താൻ മഹാനാണെന്നയാൾക്കറിയാമായിരുന്നു
തന്റെയാ കൃഷീവലമുഖം കൊണ്ട്
അയാൾ യാഥാർത്ഥ്യത്തിന്മേൽ മുദ്ര വച്ചു
ഒരു പ്രകാശരശ്മിയുടെ കവാടത്തിൽ അയാളുടെ ക്രിസ്തു നിന്നിരുന്നു
മനുഷ്യന്റെ നിസ്സഹായതയിലേക്കൊരു ചുവടു വയ്ക്കുന്നതിനു തൊട്ടുമുമ്പ്
ഏതു കലാകാരനെയും പോലെ
ദുഃഖിതനും ഏകാകിയുമാണു ക്രിസ്തു


(1987)
റെംബ്രാന്റ് (1606-1669) - യൂറോപ്യൻ കലാചരിത്രത്തിലെ ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാൾ.

ഒരു പ്രാർത്ഥന

ഒരു തീപ്പൊരിയിൽ നിന്ന് ഒരു മൺതരിയിൽ നിന്നെന്നെ വീണ്ടും സൃഷ്ടിച്ചാലും
എന്റെ പറുദീസയിൽ വീണ്ടും മരങ്ങൾ നട്ടുവളർത്തിയാലും
എന്റെ തലയ്ക്കു മേൽ ആകാശം വീണ്ടും നല്കിയാലും


എന്റെ യുക്തി കൊണ്ടെനിക്കു നിന്നെ നിഷേധിക്കാനായി
എന്റെ കണ്ണീരു കൊണ്ടെനിക്കു നിന്നെ വിളിച്ചുവരുത്താനായി
എന്റെ ചുണ്ടുകൾ കൊണ്ടു പ്രണയം പോലെ നിന്നെ കണ്ടെത്താനായി


(1988)

ഒരു കാട്ടുപാത

ഓർമ്മകളുടെ യാഥാർത്ഥ്യത്തെ എനിക്കു വിശ്വാസമല്ല
നമ്മെ ഉപേക്ഷിച്ചുപോകുന്നത്
എന്നെന്നേക്കുമായിട്ടാണു നമ്മെ വിട്ടുപോകുന്നതെന്ന്
എനിക്കറിയാത്തതല്ലല്ലോ
ഈ പാവനമായ പുഴ ഒരു വഴിക്കേ ഒഴുകുന്നുള്ളു
എന്നാലുമെനിക്കിഷ്ടം
എന്റെ ആദ്യാശ്ചര്യങ്ങളോടു വിശ്വസ്തയായിരിക്കാൻ
ശിശുവിന്റെ വിസ്മയത്തെ ജ്ഞാനമായി ഗണിക്കാൻ
എന്റെ ബാല്യത്തിൽ നിന്നും വെയിലു പുള്ളി കുത്തിയൊരു കാട്ടുപാത
അന്ത്യം വരെയ്ക്കും എന്റെ ഉള്ളിൽ കൊണ്ടുനടക്കാൻ
കാഴ്ചബംഗ്ളാവുകളിൽ പള്ളികളുടെ നിഴലിൽ
എവിടെയും അതിനെ തേടിനടക്കാൻ
അതിനെ
എന്റെ പ്രഥമവും നിഗൂഢവുമായ ഏകാകിതയിലേക്ക്
ഒരാറു വയസുകാരിയായി താനറിയാതെ ഞാനോടിപ്പോയ
ആ പാതയെ


 (1988)

വ്യത്യാസം
എന്താണു വ്യത്യാസമെന്നോടു പറയൂ
പ്രത്യാശയും കാത്തിരിപ്പും തമ്മിൽ
എന്റെ ഹൃദയത്തിനതറിയുന്നില്ല
കാത്തിരിപ്പിന്റെ കുപ്പിച്ചില്ലിൽ വീണു
മുറി പറ്റുകയാണതിനെന്നും
പ്രത്യാശയുടെ മൂടൽമഞ്ഞിൽ
വഴി തെറ്റുകയാണതിനെന്നും  
(1989)

മൂന്നു കുരിശുകൾ

ഒന്നാമത്തെ കുരിശിൽ നൈരാശ്യമാണ് മരിക്കുന്നത്
അതിനാലതു ദൈവനിന്ദ ചെയ്യുകയാണ് പരാതി പറയുകയാണ്
രണ്ടാമത്തെ കുരിശിൽ പശ്ചാത്താപമാണ് മരിക്കുന്നത്
അതിനാലതു കാത്തിരിപ്പു തുടരുകയാണ്
മൂന്നാമത്തേതിൽ ഭൂമിക്കൊത്ത നടുവിൽ
ഉടലുകളിൽ പാവനമായത് പ്രാണൻ വെടിയും
എല്ലാവർക്കുമുള്ളത് ഒരേ ഇരുട്ടു തന്നെ ആകാശത്ത്
എല്ലാവർക്കുമുള്ളത് അമ്മയായ ഒരേ മണ്ണു തന്നെ പാറയ്ക്കടിയിൽ


(1989)

കുരിശിൽ

കുരിശിൽ മരിക്കുകയായിരുന്നു അവൻ
ഒരാശുപത്രിക്കിടക്കയിൽ
അവന്റെയരികിൽ നിന്നിരുന്നു
ഏകാന്തത

കദനങ്ങൾക്കമ്മ

അടച്ചുപൂട്ടിയ ചുണ്ടുകൾ
കെട്ടിയിട്ട കാലടികൾ
ദൈവമേ എന്റെ ദൈവമേ
നീയെന്നെക്കൈവിട്ടതെന്തേ


ഒരാകസ്മികനിശബ്ദത
എല്ലാം നടന്നുകഴിഞ്ഞു
ഒരു മനുഷ്യനും
ദൈവത്തിനുമിടയിൽ
നടക്കേണ്ടേതെല്ലാം


1986 മെയ് 8
(1989)


കാമിയെൻസ്കയുടെ അവസാനത്തെ കവിത; മരിക്കുന്നതിനു മൂന്നു ദിവസം മുമ്പെഴുതിയത്


അഭിപ്രായങ്ങളൊന്നുമില്ല: