2017, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

നെരൂദ–പില്‍ക്കാലകവിതകള്‍ (1958-1968)


എന്നോടു ചോദിക്കരുത്


ചിലർ എന്നോടു പറയുന്നു,
പേരുകൾ, ഇരട്ടപ്പേരുകൾ, വിലാപങ്ങൾ
ഇവ ചേർന്ന മനുഷ്യവ്യാപാരങ്ങൾ
എന്റെ പുസ്തകത്താളുകളിലുണ്ടാവരുതെന്ന്,
എന്റെ വരികളിലവയ്ക്കിടം കൊടുക്കരുതെന്ന്:
അവർ പറയുന്നു, അവിടെ കവിത മരിക്കുകയാണെന്ന്,
ചിലർ പറയുന്നു, ഞാനതു ചെയ്യരുതെന്ന്:
അവരെ പ്രീതിപ്പെടുത്താൻ ഞാനില്ല എന്നതാണു സത്യം.
ഞാനവരോടു കുശലം പറയുന്നു,
തല വണങ്ങി ആദരിക്കുന്നു,
വെണ്ണക്കട്ടിയിൽ എലികളെപ്പോലെ സന്തുഷ്ടരായി
അവർ പർണ്ണാസ്സസിലേക്കു പോകുന്നതിൽ ഞാനെതിരു പറയുന്നുമില്ല.
മറ്റൊരു ഗണത്തിൽ പെട്ടവനാണു ഞാൻ.
ചോരയും നീരുമുള്ള വെറും മനുഷ്യൻ.
അതുകാരണം, എന്റെ സഹോദരനെ അവർ തല്ലിയാൽ
കൈയിൽ കിട്ടിയതെടുത്തു ഞാൻ ചെറുക്കും;
എന്റെ ഓരോ വരിയിലുമുണ്ട്,
മനുഷ്യത്വമില്ലാത്തവർക്കു മേൽ,
ക്രൂരന്മാർക്കും അഹങ്കാരികൾക്കും മേൽ
വെടിമരുന്നിന്റെയോ ഉരുക്കിന്റെയോ ഭീഷണി.
എന്റെ രുഷ്ടസമാധാനത്തിന്റെ ശിക്ഷ പക്ഷേ,
പാവങ്ങളെ, നല്ലവരെ വേട്ടയാടില്ല:
കൈയിലൊരു വിളക്കുമായി വീണവരെ തേടി ഞാൻ നടക്കുന്നു:
ഞാനവരെ സാന്ത്വനിപ്പിക്കുന്നു,
ഞാനവരുടെ മുറിവുകൾ വച്ചുകെട്ടുന്നു:
നിത്യകർമ്മങ്ങളാണിവ കവിയുടെ ,
വിമാനം പറത്തുന്നവന്റെ, കല്ലു വെട്ടുന്നവന്റെ.
ഈ ഭൂമിയിൽ എന്തെങ്കിലും നാം ചെയ്തിരിക്കണം,
ഈ ഗ്രഹത്തിലാണു നാം പിറന്നതെന്നതിനാൽ;
മനുഷ്യസമൂഹത്തെ നാം ചിട്ടപ്പെടുത്തണം,
കിളികളോ, നായ്ക്കളോ അല്ല നാമെന്നതിനാൽ.
ഞാൻ വെറുക്കുന്നവരെ ഞാൻ ആക്രമിക്കുമ്പോൾ,
ഞാൻ സ്നേഹിക്കുന്നവർക്കു ഞാൻ പാടിക്കൊടുക്കുമ്പോൾ,
എന്റെ വിശ്വാസപ്രമാണങ്ങളെ വെടിയാനാണു
കവിതയ്ക്കു തോന്നുന്നതെങ്കിൽ,
എന്റെ നിയമത്തെ അക്ഷരാർത്ഥത്തിൽ ഞാനനുസരിക്കും,
നക്ഷത്രങ്ങളും ആയുധങ്ങളും ശേഖരിച്ചും കൊണ്ട്;
അമേരിക്കയോടുള്ള എന്റെ ചഞ്ചലിക്കാത്ത കടമയിൽ
ഒരു പനിനീർപ്പൂവു കൂടിയാലും കുഴപ്പമൊന്നുമില്ല.
സൗന്ദര്യവുമായി പ്രണയം കൊണ്ടൊരുടമ്പടി എനിക്കു പാലിക്കാനുണ്ട്:
എന്റെ ജനതയുമായി ചോര കൊണ്ടൊരുടമ്പടി എനിക്കു പാലിക്കാനുണ്ട്.

Cancion de Gesta പ്രതിഷേധത്തിന്റെ ഗാനം (1958-1968)


ഞാൻ മടങ്ങിയെത്തും


ഇനിയൊരു കാലം,
സ്ത്രീയോ, പുരുഷനോ ആയ യാത്രികാ,
ഇനിയൊരിക്കൽ,
എനിയ്ക്കു ജീവനില്ലാത്തൊരു കാലം,
ഇവിടെ വന്നു നോക്കൂ,
ഞാനിവിടെയുണ്ടോയെന്നു നോക്കൂ,
കല്ലിനും കടലിനുമിടയിൽ,
നുരയിലൂടിരച്ചുപായുന്ന
വെളിച്ചത്തിൽ.
ഇവിടെ നോക്കൂ,
ഇവിടെ വന്നെന്നെ നോക്കൂ,
ഞാൻ മടങ്ങുന്നതിവിടെയ്ക്ക്,
ഒരു വസ്തുവുമുരിയാടാതെ,
ശബ്ദമില്ലാതെ,
ചുണ്ടുകളില്ലാതെ,
നിർമ്മലനായി,
ഇവിടെയ്ക്കു ഞാൻ മടങ്ങും,
ഈ സമുദ്രമഥനമാവാൻ,
അതിന്റെ അഖണ്ഡഹൃദയമാവാൻ,
ഇവിടെ, ഇവിടെ ഞാൻ വെളിച്ചപ്പെടും,
ഇവിടെ ഞാൻ മാഞ്ഞുപോകും;
ഇവിടെ ഞാനൊരുവേള,
ശിലയുമതിന്റെ മൗനവുമാകും.

Las Piedras de Chile ചിലിയിലെ ശിലകള്‍ (1959-1961)


ഓർക്കുന്നുവോ


ഓർക്കുന്നുവോ:
ഒരു കിളിക്കുഞ്ഞിന്റെ ഹൃദയം
കൂട്ടിലിട്ടൊപ്പം കൊണ്ടുനടക്കുന്നവൾ നീ:
ചിറകിന്റെയും പാട്ടിന്റെയും സംവാദം;
എത്ര വയലിനുകൾ,
ഉയർന്നു പറക്കുന്നവ, വെട്ടിത്തിളങ്ങുന്നവ.
വാരിയെടുക്കൂ, എനിക്കു വേണ്ടി വാരിയെടുക്കൂ,
ശബ്ദങ്ങളും രത്നക്കല്ലുകളും,
തീയിലും വായുവിലും അതു പെറുക്കിക്കെട്ടി
നിർമ്മലസംഗീതത്തിന്റെ അകമ്പടിയുമായി
നാം യാത്ര പോകും
പൊൻകട്ടകൾ കുത്തിയൊലിക്കുന്ന പുലരിയിലേക്ക്.
നമ്മുടെ പ്രണയം തുടിക്കട്ടെ
തണുപ്പത്തു ചെകിളയിളക്കുന്ന മത്സ്യം പോലെ.


Cantos Ceremoniales  അനുഷ്ഠാനഗാനങ്ങള്‍ (1959-1961)


അഭിപ്രായങ്ങളൊന്നുമില്ല: