2017, ഓഗസ്റ്റ് 22, ചൊവ്വാഴ്ച

നിസാർ ഖബ്ബാനി - പ്രണയഗ്രന്ഥത്തില്‍ നിന്ന്


love7
1. സമവാക്യം

നിന്നെ പ്രണയിക്കുന്നുവെന്നതിനാൽ
വർത്തമാനകാലമെനിക്കുണ്ടെന്നായി;
ഞാനെഴുതുന്നു, പ്രിയേ,
പോയകാലത്തെ വീണ്ടെടുക്കാനായി.



2. വാക്കുകളെല്ലാം മരിച്ചു...

വാക്കുകളെല്ലാം മരിച്ചു,
നിഘണ്ടുക്കളിലെ,
കത്തുകളിലെ,
നോവലുകളിലെ.
നിന്നെ പ്രേമിക്കാൻ
വാക്കുകളില്ലാത്തൊരു പ്രകാരം
എനിക്കിനി കണ്ടെത്തണം.



3. ഭാഷ

പ്രേമിക്കാൻ പോകുന്നൊരാൾക്ക്‌
പഴയ വാക്കുകൾ കൊണ്ടെന്തുപയോഗം?
പെണ്ണുങ്ങൾ കിടക്കേണ്ടത്‌
വ്യാകരണക്കാർക്കൊപ്പമോ?
ഞാനോ,
ഞാൻ എന്റെ കാമുകിയോടു
യാതൊന്നും മിണ്ടിയില്ല,
പ്രേമത്തിന്റെ വിശേഷണങ്ങളെല്ലാം
തൂത്തുകൂട്ടി പെട്ടിയിലാക്കി
ഭാഷയിൽ നിന്നേ ഞാൻ ഒളിച്ചുപോയി.



4.  ഞാൻ സ്നേഹിക്കുന്നവൾ ചോദിക്കുകയാണ്‌
ഞാൻ സ്നേഹിക്കുന്നവൾ ചോദിക്കുകയാണ്‌,
താനും മാനവും തമ്മിൽ എന്തുണ്ടു വ്യത്യാസമെന്ന്.
വ്യത്യാസമുണ്ടല്ലോ എന്റെ പൊന്നേ;
നിന്റെ ചിരി കാണുമ്പോൾ
മാനത്തിന്റെ കാര്യം ഞാൻ മറന്നേ പോകുന്നു.


5. നിന്റെ പേരുച്ചരിക്കാൻ

നിന്റെ പേരുച്ചരിക്കാൻ
കുട്ടികളെ ഞാൻ പഠിപ്പിച്ചു;
അവരുടെ ചുണ്ടുകൾ
മൾബറിച്ചെടികളായി.
നിന്റെ മുടി കോതാൻ
കാറ്റിനോടു ഞാൻ പറഞ്ഞു;
കാറ്റു പക്ഷേ, വഴി മാറിപ്പോയി:
ഇത്ര നീണ്ട മുടി കോതാൻ
അതിനു നേരമില്ലത്രെ!


6. സ്നേഹിക്കുന്ന പെണ്ണിന്റെ പേര്‌

സ്നേഹിക്കുന്ന പെണ്ണിന്റെ പേര്‌
കാറ്റിന്മേല്‍ ഞാനെഴുതി,
ആറ്റിന്മേല്‍ ഞാനെഴുതി;
കാറ്റു ചെകിടനെന്നു ഞാനറിഞ്ഞില്ല,
ആറ്റിനോർമ്മ കഷ്ടിയെന്നും .


7. നിന്റെ ഉടയാടകളുരിഞ്ഞിടൂ…

നിന്റെ ഉടയാടകളുരിഞ്ഞിടൂ.
ലോകത്തൊരു ദിവ്യാത്ഭുതം നടന്നിട്ടു
യുഗങ്ങളേറെക്കഴിഞ്ഞിരിക്കുന്നു.
ഈയുള്ളവൻ ഊമയാണെങ്കിലും
ഭാഷയായ ഭാഷയെല്ലാം
നിന്റെ ഉടലിനറിയാം!

love10




8. എന്റെ പ്രിയേ...
ഹാ, എന്റെ പ്രിയേ,
എന്റെ ഉന്മാദത്തിന്റെ നിരപ്പിലായിരുന്നു നീയുമെങ്കിൽ
നീ നിന്റെ പണ്ടങ്ങൾ  വലിച്ചെറിഞ്ഞേനെ,
നിന്റെ കടകങ്ങൾ നീ വിറ്റുകളഞ്ഞേനെ,
എന്റെ കണ്ണുകളിൽ വന്നുകിടന്നു നീയുറക്കമായേനെ.



9. പിന്നെയും നീ ചോദിക്കുന്നു...

പിന്നെയും നീ ചോദിക്കുന്നു,
എന്റെ പിറന്നാളെന്നെന്ന്;
നിനക്കതറിയില്ലെങ്കില്‍
എഴുതിയെടുത്തോളൂ:
അത് നീ നിന്റെ പ്രണയം
തുറന്നുപറഞ്ഞ നാൾ തന്നെ!



10. നിന്നെക്കുറിച്ചു ഞാൻ...


നിന്നെക്കുറിച്ചു ഞാനവരോടു മിണ്ടിയിട്ടില്ല,
എന്നാലെന്റെ കണ്ണുകളിൽ നീ നീരാടുന്നതവർ കണ്ടു.
നിന്നെക്കുറിച്ചു ഞാനവരോടു മിണ്ടിയിട്ടില്ല,
എന്നാൽ ഞാനെഴുതിയ വാക്കുകളിലവർ നിന്നെക്കണ്ടു.
പ്രണയത്തിന്റെ പരിമളമെങ്ങനെയൊളിപ്പിക്കാൻ?


11. അന്യരെപ്പോലെ പ്രേമിക്കാൻ...

അന്യരെപ്പോലെ പ്രേമിക്കാൻ വെറുപ്പാണെനിക്ക്,
അന്യരെപ്പോലെഴുതാൻ വെറുപ്പാണെനിക്ക്.
എന്റെ ചുണ്ടുകളൊരു ദേവാലയമായിരുന്നെങ്കിൽ,
എന്റെ കത്തുകൾ പള്ളിമണികളായിരുന്നെങ്കിൽ!

love12

12. നീയെന്നെ പ്രേമിച്ച മുഹൂർത്തത്തിൽ...

നീയെന്നെ പ്രേമിച്ച മുഹൂർത്തത്തിൽ
എന്റെ വിളക്കിനു വെളിച്ചമേറി
എന്റെ നോട്ടുബുക്കുകൾ പൂത്തുലഞ്ഞു
കാര്യങ്ങളാകെ മാറി.
സൂര്യനെടുത്തമ്മാനമാടുന്ന
കുട്ടിയായി ഞാൻ,
പ്രവാചകനായി ഞാൻ,
നിന്നെക്കുറിച്ചെഴുതുമ്പോൾ.


13. നമ്മുടെ പ്രണയത്തിനില്ല...

നമ്മുടെ പ്രണയത്തിനില്ല,
മനസ്സും യുക്തിയും;
ജലോപരി നടക്കുന്നു,
നമ്മുടെ പ്രണയം.




14. ആധിപ്പെടേണ്ട നീ...

ആധിപ്പെടേണ്ട നീ,
എന്റെയോമനേ,
നീയുണ്ടെന്റെ കവിതയിൽ,
എന്റെ വാക്കുകളിൽ.
നിനക്കു പ്രായമേറിക്കോട്ടെ,
എന്റെ താളുകളിൽ നീയുണ്ടാവും,
എന്നും യൗവനയുക്തയായി.


15. പ്രണയത്തിന്റെ പ്രവാചകൻ ...

പ്രണയത്തിന്റെ പ്രവാചകൻ ഞാൻ,
സ്ത്രീകൾക്കാശ്ചര്യങ്ങളുമായെത്തുന്നവൻ.
നിന്റെ മുലകളില്‍  വീഞ്ഞു തളിച്ചില്ല ഞാനെങ്കിൽ
പൂത്തുലയുകയുമായിരുന്നില്ലവ.
ഞാൻ പ്രവർത്തിച്ച ഒരിടത്തരമത്ഭുതത്താലത്രേ,
നിന്റെ മുലക്കണ്ണുകൾ മൊട്ടിട്ടതും.


16. ഞാനൊരുപാടു മാറിപ്പോയി...

ഞാനൊരുപാടു മാറിപ്പോയി.
നിന്നെ നഗ്നയായിക്കാണാനായിരുന്നു,
ഒരിക്കലെനിയ്ക്കു കമ്പം,
ഒരു വെണ്ണക്കൽക്കാടു പോലെ നിന്നെക്കാണാൻ.
ഇന്നു നീയെനിക്ക്
നിഗൂഢതയിൽ മറഞ്ഞുകിടന്നാൽ മതി.

love9

17. ഞാൻ പ്രേമിക്കാൻ തുടങ്ങിയപ്പോൾ…

ഞാൻ പ്രേമിക്കാൻ തുടങ്ങിയപ്പോൾ
പ്രപഞ്ചമേ മാറിപ്പോയി:
സന്ധ്യയെന്റെ കീശയിലുറങ്ങി,
സൂര്യൻ പടിഞ്ഞാറുമുദിച്ചു.


18. എന്റെ പ്രിയേ...


എന്റെ പ്രിയേ,
കണ്ണുകൾക്കാഴമിന്നതെന്നറിയാത്തവളേ,
നീ അമിത,
പാവന,
നിഗൂഢ.
നിന്റെ പ്രണയമാവർത്തിക്കാത്തത്,
ജനനമരണങ്ങളെപ്പോലെ.



19. ജന്മം കൊണ്ടേ സുന്ദരിയായിരുന്നു…

ജന്മം കൊണ്ടേ സുന്ദരിയായിരുന്നു നീയെന്നതുകൊണ്ടായില്ല,
ഒരു നാളെന്റെ കൈകളിലൂടെ കടന്നുപോയിട്ടേ
സുന്ദരിയിലുമധികമായുള്ളു നീ.


20. വിഡ്ഢിത്തം
ഓർമ്മയുടെ പുസ്തകത്തിൽ നിന്നു
നിന്നെ മായ്ച്ചുകളയുമ്പോൾ,
ഞാനോർത്തില്ല,
എന്റെ ജീവിതത്തിൽപ്പാതി
വെട്ടിക്കളയുകയാണു ഞാനെന്ന്.


21. ഏതു വാക്കിനെക്കാളും...
ഏതു വാക്കിനെക്കാളുമുന്നതമാണു
നിന്നോടെന്റെ പ്രണയമെന്നതിനാൽ,
വായ മൂടിയിരിക്കുകതന്നെയെന്നു ഞാൻ വച്ചു.



22. വാക്കുകൾ കൊണ്ടു വരയ്ക്കുമ്പോൾ


ഇരുപതു കൊല്ലമായിരിക്കുന്നു,
പ്രണയത്തിന്റെ പാതയിലേക്കിറങ്ങിയിട്ട്,
വഴിയിന്നും അപരിചിതമാണെനിക്ക്;
ചിലപ്പോൾ വിജയി ഞാനായിരുന്നു,
പലപ്പോഴും പരാജിതനും.
ഇരുപതുകൊല്ലം, ഹാ, പ്രണയത്തിന്റെ ഗ്രന്ഥമേ,
ഇന്നും ആദ്യത്തെയേടിൽ!love13


Kitaab ul-hub പ്രണയഗ്രന്ഥം (1970) എന്ന പുസ്തകത്തില്‍ നിന്ന്‍






























അഭിപ്രായങ്ങളൊന്നുമില്ല: