2017, ഓഗസ്റ്റ് 21, തിങ്കളാഴ്‌ച

നിസ്സാര്‍ ഖബ്ബാനി - അധികാരിയും അരിപ്രാവും




മുഷ്ടികളുടെ നാട്ടിൽ നിന്നൊരു രഹസ്യറിപ്പോർട്ട്


സ്നേഹിതരേ!
എന്താണു കവിത,
അതു കലാപത്തിനാഹ്വാനം ചെയ്യുന്നില്ലെങ്കിൽ?
ദുശ്ശാസനന്മാരെ അതു മറിച്ചിടുന്നില്ലെങ്കിൽ?
എന്താണു കവിത,
നമുക്കാവശ്യമുള്ള നേരത്ത്
അഗ്നിപർവതങ്ങൾക്കതു തീ കൊളുത്തുന്നില്ലെങ്കിൽ?
എന്താണു കവിത,
കിരീടങ്ങളതു തട്ടിത്തെറിപ്പിക്കുന്നില്ലെങ്കിൽ?


കവിതയുടെ കൂട്ടുകാരേ!


അഗ്നിവൃക്ഷമാണു ഞാൻ,
തൃഷ്ണയുടെ പൂജാരിയും,
അമ്പതു ലക്ഷം കമിതാക്കൾക്കു വക്താവും.
എന്റെ കൈകളിൽക്കിടന്നുറങ്ങുന്നു,
ആസക്തിയുടെ ഒരു ജനത.
ചിലനേരം ഞാനവർക്ക്
മാടപ്രാവുകളെയുണ്ടാക്കിക്കൊടുക്കും,
ചിലനേരം മുല്ലമരങ്ങളും.
സ്നേഹിതരേ!
കഠാരയുടെ അധികാരത്തിനു വഴങ്ങാത്ത
മുറിവാണു ഞാൻ!


അധികാരിയും അരിപ്രാവും


കവിത ചൊല്ലാനായി
അറേബ്യൻ മാതൃഭൂമിയിലൂടെ
ഞാൻ യാത്രചെയ്തു.
കവിത ജനതയുടെ അപ്പമാണെന്ന്
എനിക്കു വിശ്വാസമായിരുന്നു;
വാക്കുകൾ മത്സ്യങ്ങളാണെന്നും
അവയ്ക്കു തടാകം
ജനതയാണെന്നും
എനിക്കു വിശ്വാസമായിരുന്നു.
ഒരു നോട്ടുബുക്കു മാത്രമെടുത്ത്‌
അറേബ്യൻ ജന്മദേശത്തു കൂടെ
ഞാൻ യാത്രചെയ്തു.
പൊലീസുകാർ എന്നെ തട്ടിയെറിഞ്ഞു;
പട്ടാളക്കാർ എന്നെ തട്ടിയെറിഞ്ഞു.
എനിക്കാകെയുണ്ടായിരുന്നത്‌
കീശയിൽ ഒരരിപ്രാവാണ്‌.
അധികാരിക്ക്‌
അരിപ്രാവിന്റെ പാസ്പോർട്ടു കാണണം.
ഞാൻ അനുമതിക്കായി കാത്തുനിന്നു.
മണൽച്ചാക്കുകളിൽ തുറിച്ചുനോക്കിക്കൊണ്ട്‌,
ഒരൊറ്റ ജന്മദേശത്തെയും
ഒരൊറ്റ ജനതയേയും കുറിച്ചു പറയുന്ന
പോസ്റ്ററുകൾ വായിച്ചുകൊണ്ട്‌
ഞാൻ കാത്തുനിന്നു.
എന്റെ നാടിന്റെ പടിക്കൽ
ഉടഞ്ഞ കണ്ണാടിച്ചില്ലുകൾ പോലെ
ഞാൻ ഉപേക്ഷിക്കപ്പെട്ടു.


ഒരു ചിത്രരചനാപാഠം


എന്റെ മകൻ അവന്റെ ചായപ്പെട്ടി എന്റെ മുന്നിൽ കൊണ്ടുവച്ചിട്ട്
ഒരു കിളിയുടെ പടം വരച്ചുകൊടുക്കാൻ പറയുന്നു.
ചാരനിറത്തിൽ ബ്രഷു മുക്കി
അഴികളും താഴുകളുമുള്ള ഒരു ചതുരം ഞാൻ വരച്ചുവയ്ക്കുന്നു.
അവന്റെ കണ്ണു നിറയെ വിസ്മയം:
“...ഇതച്ഛാ, ജയിലല്ലേ,
കിളിയെ വരയ്ക്കാൻ അച്ഛനറിയില്ല?”
ഞാനവനോടു പറയുന്നു: “ പൊറുക്കൂ, മകനേ,
കിളികളുടെ വടിവുകൾ എനിക്കോര്‍മ്മ വരുന്നില്ല.”

എന്റെ മകൻ ചിത്രപുസ്തകം എന്റെ മുന്നിൽ വച്ചിട്ട്
ഒരു ഗോതമ്പുകതിരു വരയ്ക്കാൻ പറയുന്നു.
ഞാൻ പേനയെടുത്ത്
ഒരു തോക്കു വരച്ചുവയ്ക്കുന്നു.
എന്റെ മകൻ എന്റെ അറിവില്ലായ്മയെ കളിയാക്കുകയാണ്‌:
“കതിരും തോക്കും തമ്മിലച്ഛനറിയില്ലേ?”
ഞാനവനോടു പറയുന്നു, “മകനേ,
ഒരിക്കലെനിക്കറിയാമായിരുന്നു ഗോതമ്പുകതിരിന്റെ രൂപം,
അപ്പത്തിന്റെ രൂപം
റോസാപ്പൂവിന്റെ രൂപവും
പക്ഷേ ഈ വിഷമകാലത്ത്
കാട്ടിലെ മരങ്ങൾ ഒളിപ്പോരാളികളോടണിചേർന്നിരിക്കുന്നു
റോസാപ്പൂക്കൾ നിറം കെട്ട യൂണിഫോമുകളണിഞ്ഞിരിക്കുന്നു
ആയുധമെടുത്ത ഗോതമ്പുകതിരുകളുടേയും
ആയുധമെടുത്ത കിളികളുടേയും
ആയുധമെടുത്ത സംസ്ക്കാരത്തിന്റെയും
ആയുധമെടുത്ത മതത്തിന്റെയും ഈ കാലത്ത്
ഒരപ്പം വാങ്ങിയാൽ ഉള്ളിലൊരു തോക്കുണ്ടാവും
റോസാപ്പൂ പറിച്ചാൽ മുഖത്തു മുള്ളുകൾ തുളച്ചുകേറും
പുസ്തകം വാങ്ങിയാൽ വിരലുകൾക്കിടയിലതു പൊട്ടിത്തെറിക്കും.”

എന്റെ മകൻ എന്റെ കട്ടിലിന്നറ്റത്തു വന്നിരുന്ന്
ഒരു കവിത ചൊല്ലിക്കൊടുക്കാൻ പറയുന്നു,
എന്റെ കണ്ണിൽ നിന്നൊരു കണ്ണീർത്തുള്ളി
തലയിണയിലേക്കിറ്റു വീഴുന്നു.
എന്റെ മകൻ അതു നക്കിനോക്കിയിട്ട് വിസ്മയത്തോടെ പറയുകയാണ്‌:
“ഇതു കണ്ണീരാണച്ഛാ, കവിതയല്ല!”
ഞാനവനോടു പറയുകയാണ്‌:
“നീ മുതിരുമ്പോൾ മകനേ,
അറബിക്കവിതകൾ പരിചയിക്കുമ്പോൾ
വാക്കും കണ്ണീരും ഇരട്ടകളാണെന്നു നീ കണ്ടെത്തും,
എഴുതുന്ന വിരലുകൾ ചൊരിയുന്ന കണ്ണീരാണ്‌
അറബിക്കവിതയെന്നും.”

എന്റെ മകൻ അവന്റെ പേനയും ചായപ്പെൻസിലുകളും
എന്റെ മുന്നിൽ വച്ചിട്ട്
അവനൊരു ജന്മദേശം വരച്ചുകൊടുക്കാൻ പറയുന്നു.
എന്റെ കൈയിൽ ബ്രഷിരുന്നു വിറയ്ക്കുന്നു,
ഞാൻ കൂനിക്കൂടുന്നു, തേങ്ങിക്കരഞ്ഞും കൊണ്ട്.


എന്റെ അമ്മയ്ക്ക്


മുറിപ്പെട്ട മത്സ്യത്തെപ്പോലെ
എന്റെ കൈകളിൽ കിടന്നു ബെയ്റൂത്ത് പിടയുമ്പോൾ
ദമാസ്കസിൽ നിന്നൊരു വിളി വന്നു:
“നിങ്ങളുടെ അമ്മ മരിച്ചുപോയി.”
ആ വാക്കുകൾ ആദ്യമെനിക്കു പിടികിട്ടിയില്ല.
എങ്ങനെയാണൊരേനേരത്തെവിടെയും
മത്സ്യങ്ങൾ മരണപ്പെടുക?
എനിക്കു പ്രിയപ്പെട്ട നഗരം, ബെയ്റൂത്ത്,
ഉത്തമയായ എന്റ അമ്മ, ഫെയ്സാ...
ഒരു മരണത്തിൽ നിന്നു ഞാൻ പുറത്തുവന്നതു
മറ്റൊരു മരണത്തിലേക്ക്.
മരണങ്ങൾക്കിടയിലെ സഞ്ചാരമായിരുന്നു
എന്റെ നിയോഗം.

പൊതുസമ്പർക്കപരിപാടികളിലേർപ്പെട്ടിരുന്നില്ല എന്റെ അമ്മ,
പത്രക്കാരുടെ ചിത്രശേഖരത്തിൽ അവരുടെ ഫോട്ടോയുണ്ടായിരുന്നില്ല.
മദ്യസത്കാരങ്ങളിലവർ പങ്കെടുത്തിട്ടില്ല,
ഫ്ളാഷ്ബൾബുകളുടെയും മിനുക്കക്കടലാസ്സുപുഞ്ചിരികളുടെയും പ്രഭയിൽ
ജന്മദിനക്കേക്കു മുറിക്കാനവർ കൂടിയിട്ടുമില്ല.
ലണ്ടനിലോ പാരീസിലോ തുന്നിയ വസ്ത്രങ്ങളവർ വരുത്തിയിട്ടില്ല,
പത്രക്കോളത്തിലവരുടെ പേരു വന്നിട്ടില്ല,
പെണ്മാസികകളവരോടു ചോദിച്ചിട്ടില്ല,
അവരുടെ ആദ്യത്തെ പ്രണയത്തെക്കുറിച്ച്,
ആദ്യത്തെ പുരുഷനെക്കുറിച്ച്.
പഴയ മട്ടുകാരിയായിരുന്നു എന്റെ അമ്മ...
അവർക്കു മനസ്സിലാവില്ല,
എങ്ങനെയാണൊരു സ്ത്രീയ്ക്ക് ആദ്യമൊരു പ്രണയമുണ്ടാവുക,
പിന്നെ രണ്ടാമതും മൂന്നാമതും പതിനഞ്ചാമതുമുണ്ടാവുക എന്ന്.
എന്റെ അമ്മയ്ക്കു വിശ്വാസം ഒരേയൊരു ദൈവത്തിലായിരുന്നു,
ഒരേയൊരു കാമുകനിലും ഒരേയൊരു പ്രണയത്തിലും.

പേരു കേട്ടതായിരുന്നു, എന്റെ അമ്മയിട്ട കാപ്പി.
പിച്ചളക്കിണ്ണത്തിൽ അവരതു പൊടിയ്ക്കും,
കനലിനും തന്റെ ക്ഷമയുടെ തീനാളത്തിനും മേൽ വച്ചു തിളപ്പിയ്ക്കും,
ഏലത്തരിയുടെ വാസന ചേർക്കും,
അതിനു മേൽ തളിയ്ക്കും രണ്ടു തുള്ളി ഓറഞ്ചുനീരും.
വേനൽക്കാലത്തൊരിടത്താവളമാവുമായിരുന്നു
ഞങ്ങളുടെ ബാൽക്കണി,
ആളുകൾ ജോലിക്കു പോവും മുമ്പ്
കാപ്പി കുടിച്ചിരുന്നതവിടെ.

അമ്മയുടെ മരണത്തോടെ ജീർണ്ണിച്ചുപോയി,
ആകെ ശേഷിച്ച കമ്പിളിക്കുപ്പായം,
അനുകമ്പയുടെ അവസാനത്തെക്കുപ്പായം,
നിവർത്തിപ്പിടിച്ച അവസാനത്തെക്കുടയും-
അടുത്ത മഞ്ഞുകാലത്തു നിങ്ങൾ കാണും,
തെരുവുകളിൽ നഗ്നനായലയുന്ന എന്നെ.


ബൾക്കീസിന്റെ മുടിയിലേക്ക് പന്ത്രണ്ടു പനിനീർപ്പൂക്കൾ


qabbani

1
അവളെ കൊല്ലുമെന്നെനിക്കറിയാമായിരുന്നു
എന്നെ കൊല്ലുമെന്നവൾക്കുമറിയാമായിരുന്നു
രണ്ടു പ്രവചനങ്ങളും സത്യമായിവന്നു.
ഒരു പൂമ്പാറ്റയെപ്പോലവൾ വീണു,
(അജ്ഞതയുടെ കാലത്തെ) കല്ലിനും കട്ടയ്ക്കുമടിയിൽ,
ഞാനും വീണു, കവിതകളെ,
സ്ത്രീകളുടെ കണ്ണുകളെ,
സ്വാതന്ത്ര്യത്തിന്റെ പനിനീർപ്പൂക്കളെ വെട്ടിവിഴുങ്ങുന്ന
ഒരു കാലത്തിന്റെ തേറ്റകൾക്കിടയിൽ.

2
അവളെ കൊല്ലുമെന്നെനിക്കറിയാമായിരുന്നു
വിരൂപമായൊരു കാലത്ത് മനോഹരിയായിരുന്നു അവൾ
മലിനമായൊരു കാലത്ത് നിർമ്മലയായിരുന്നു അവൾ
പോക്കിരികളുടെ കാലത്ത് അഭിജാതയായിരുന്നു അവൾ
കൃത്രിമമുത്തുകളുടെ കൂനകൾക്കിടയിൽ
അപൂർവമായൊരു മുത്തായിരുന്നു അവൾ
ഒരേപോലത്തെ സ്ത്രീകൾക്കിടയിൽ
വേറിട്ടുനിൽക്കുന്ന സ്ത്രീയായിരുന്നു അവൾ.

3
അവളെ കൊല്ലുമെന്നെനിക്കറിയാമായിരുന്നു
രണ്ടു മരതകനദികൾ പോലെ തെളിഞ്ഞതായിരുന്നു അവളുടെ കണ്ണുകളെന്നതിനാൽ
ഒരു ബാഗ്ദാദിഗീതം പോലെ ദീർഘമായിരുന്നു അവളുടെ മുടിയെന്നതിനാൽ
ഈ ജന്മദേശത്തിന്റെ ഞരമ്പുകൾക്കാവില്ല
ആ പച്ചയുടെ സാന്ദ്രത താങ്ങാൻ
ബൾക്കീസിന്റെ കണ്ണുകളിൽ
ഒരു കോടി ഈന്തപ്പനകൾ നിരക്കുന്ന ദൃശ്യം കണ്ടുനിൽക്കാൻ.

4
അവളെ കൊല്ലുമെന്നെനിക്കറിയാമായിരുന്നു
വൻകരയുടെ മണ്ഡലത്തിലുമേറിയതായിരുന്നല്ലോ
അവളുടെ അഭിമാനത്തിന്റെ മണ്ഡലം
അവളുടെ പൈതൃകമവളെ അനുവദിച്ചില്ല,
ജീർണ്ണതയുടെ കാലത്തു ജീവിച്ചുപോകാൻ
അവളുടെ ഭാസുരപ്രകൃതി അവളെ അനുവദിച്ചുമില്ല
ഇരുളിൽത്തന്നെ കഴിഞ്ഞുകൂടാൻ.

5
ആത്മാഭിമാനത്തിന്റെ തീവ്രതയിലവൾ വിശ്വസിച്ചു
ഈ ഭൂമി തനിയ്ക്കു പോരെന്ന്,
അതിനാലവൾ തന്റെ പെട്ടികളൊക്കെയെടുത്തു,
ഒച്ച കേൾപ്പിക്കാതെ അവൾ പിന്മാറി,
ഒരു കുഞ്ഞിനോടും പറയാതെ...

6
തന്നെപ്പെറ്റ നാടു തന്നെക്കൊല്ലുമെന്നതവളെ ഭയപ്പെടുത്തിയില്ല
അവൾക്കു ഭയം
തന്റെ പെറ്റനാടു തന്നെത്താൻ കൊല്ലുമോയെന്നതായിരുന്നു.

7
കവിതകൾ ഗർഭം ധരിച്ചൊരു മേഘത്തെപ്പോലെ
എന്റെ നോട്ടുബുക്കുകൾക്കു മേലവൾ പെയ്തു,
വീഞ്ഞും തേനും മാണിക്യങ്ങളും...മാടപ്രാവുകളെയും,
എന്റെ അനുഭൂതികൾക്കു മേലവൾ തളിച്ചു
തോണിപ്പായകൾ, കിളികൾ,
മുല്ലപ്പൂനിലാവും,
അവളുടെ വേർപാടിൽപ്പിന്നെ
ദാഹത്തിന്റെ കാലമായി
ജലത്തിന്റെ കാലത്തിനവസാനവുമായി.

8
അവൾ വിട്ടുപോവുകയാണെന്ന തോന്നലെനിക്കെന്നുമുണ്ടായിരുന്നു
അവളുടെ കണ്ണുകളിലെപ്പോഴുമുണ്ടായിരുന്നു
പായകൾ ചുരുളഴിക്കുന്ന തോണികൾ,
അവളുടെ കണ്ണിമകളിലെപ്പോഴുമുണ്ടായിരുന്നു
പറന്നുയരാനമർന്നിരിക്കുന്ന വിമാനങ്ങൾ.
അവളുടെ ഹാൻഡ്ബാഗിലെന്നും ഞാൻ കണ്ടിരുന്നു
(ഞാനവളെ വിവാഹം കഴിച്ചതിൽപ്പിന്നെ)
ഒരു പാസ്പോർട്ടും ഒരു വിമാനടിക്കറ്റും
താൻ പോയിട്ടേയില്ലാത്ത രാജ്യങ്ങളുടെ വിസാകളും.
ഞാനവളോടു ചോദിക്കാറുമുണ്ടായിരുന്നു:
ഈ പ്രമാണങ്ങളൊക്കെ നീ ഹാൻഡ്ബാഗിൽ കൊണ്ടുനടക്കുന്നതെന്തിന്‌?
അതിനവൾ പറയാറുണ്ടായിരുന്നു:
എനിക്കൊരു കൂടിക്കാഴ്ചയുണ്ട്, ഒരു മഴവില്ലുമായി.

9
കല്ലിനും കട്ടയ്ക്കുമിടയിൽ നിന്ന്
ഹാൻഡ്ബാഗെനിക്കവർ കൈമാറിയപ്പോൾ
അവളുടെ പാസ്പ്പോർട്ടു ഞാൻ കണ്ടു
വിമാനടിക്കറ്റും വിസാകളും കണ്ടു
ഞാനറിഞ്ഞു ഞാൻ പരിണയിച്ചതു ബൾക്കീസ് അൽ-റാവിയെയല്ലെന്ന്
ഞാൻ പരിണയിച്ചത് ഒരു മഴവില്ലിനെയാണെന്ന്...

10
സുന്ദരിയായ ഒരു സ്ത്രീ മരിക്കുമ്പോൾ
ഭൂമിയ്ക്കതിന്റെ സമനില തെറ്റുന്നു
ചന്ദ്രൻ നൂറുകൊല്ലത്തേക്കു ദുഃഖാചരണം പ്രഖ്യാപിക്കുന്നു
കവിതയ്ക്കു തൊഴിലില്ലാതെയാവുന്നു.

11
ബൾക്കീസ് അൽ-റാവി
ബൾക്കീസ് അൽ-റാവി
ബൾക്കീസ് അൽ-റാവി
അവളുടെ പേരിന്റെ താളമെനിക്കിഷ്ടമായിരുന്നു
അതിന്റെ കിലുക്കത്തിൽ ഞാനള്ളിപ്പിടിച്ചുകിടന്നിരുന്നു
എന്റെ പേരതിനോടു ചേർത്തുപറയാനെനിക്കു ഭയമായിരുന്നു
തടാകത്തിലെ തെളിനീരു ഞാൻ കലക്കിയാലോയെന്ന്
സംഗീതത്തിന്റെ സൗന്ദര്യത്തെ ഞാൻ വികലമാക്കിയാലോയെന്ന്.

12
ഈ സ്ത്രീയ്ക്കു ദീർഘായുസ്സു വിധിച്ചിരുന്നില്ല
ദീർഘായുസ്സവളൊട്ടാഗ്രഹിച്ചതുമല്ല
മെഴുകുതിരികളെയും വിളക്കുതിരികളെയും പോലെയാണവൾ,
കവിതയുടെ മുഹൂർത്തം പോലെ
അവസാനത്തെ വരിയെത്തും മുമ്പേ പൊട്ടിത്തെറിക്കുകയും വേണമവൾക്ക്...


(1981 ഡിസംബറിൽ ബെയ് റൂത്തിൽ നടന്ന ഒരു ഭീകരാക്രമണത്തിനിടെ ബോംബുസ്ഫോടനത്തിൽ മരിച്ച ഭാര്യ ബൾക്കീസ് അൽ-റാവിയെക്കുറിച്ചെഴുതിയ വിലാപഗാനം)


അഭിപ്രായങ്ങളൊന്നുമില്ല: