2017, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

ഗോട്ട്ഫ്രീഡ് ബൻ - ഒരു സ്ത്രീയും പുരുഷനും കാൻസർ വാർഡിലൂടെ കടന്നുപോവുന്നു


drog_Benn_DW_Kultur_264847a


ഗോട്ട്ഫ്രീഡ് ബൻ Gottfried Benn (1886-1956)- യുദ്ധാനന്തരജർമ്മനിയിലെ ഏറ്റവും ഗണനീയനായ കവി. ജീർണ്ണമായ ഒരു ലോകത്തിന്റെ നൈരാശ്യവും വിഷാദവും നിറഞ്ഞ കാഴ്ചകളാണ്‌ എക്സ്പ്രഷനിസ്റ്റ് ശൈലിയിൽ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതകൾ.

ഒരു ലൂഥറൻ വൈദികന്റെ മകനായി ജനിച്ച ബൻ മാർബർഗ് യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രപഠനത്തിനു ചേർന്നുവെങ്കിലും പിന്നീട് അവിടെത്തന്നെ മെഡിക്കൽ-മിലിട്ടറി പഠനം തുടർന്ന് ഗുഹ്യരോഗങ്ങളുടെ ചികിത്സയിൽ സ്പെഷ്യലിസ്റ്റ് ആയി. പഠനാനന്തരം യാത്രക്കപ്പലുകളിൽ ഡോക്ടറായി ജോലി ചെയ്തു. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ സൈന്യത്തിൽ ഓഫീസറായി സേവനം ചെയ്യുമ്പോൾ ജർമ്മൻ അധീനതയിലായിരുന്ന ബ്രസ്സൽസിൽ തടവുകാരുടേയും വേശ്യകളുടേയും മെഡിക്കൽ സൂപ്പർവൈസർ ആയിരുന്നു.

അദേഹത്തിന്റെ ആദ്യകാലകവിതകൾ രോഗവും ജീർണ്ണതയും നിറഞ്ഞ ഒരു ലോകമാണ്‌. ആദ്യഭാര്യയുടെ മരണവും (1914) സ്നേഹിതയായ ഒരു നടിയുടെ ആത്മഹത്യയും അതിൽ വീണ്ടും നിഴൽ വീഴ്ത്തി. 1912ൽ പ്രസിദ്ധീകരിച്ച ആദ്യത്തെ കവിതാസമാഹാരത്തിന്റെ പേരു തന്നെ Morgue (ശവമുറി) എന്നാണ്‌.

രാഷ്ട്രീയമായി വലതുചായ്‌വുണ്ടായിരുന്നുവെങ്കിലും എക്സ്പ്രഷനിസ്റ്റ് എഴുത്തുകാരനായതിനാൽ നാസി ഭരണത്തിന്റെ പീഡനങ്ങൾക്ക് അദ്ദേഹം ഇരയായി. കൃതികൾ പ്രസിദ്ധീകരിക്കുന്നതിന്‌ വിലക്കുണ്ടായി. പീഡനത്തിൽ നിന്നു രക്ഷപ്പെടുന്നതിന്‌ രണ്ടാമതും സൈന്യത്തിൽ ചേർന്നു. പക്ഷേ അതുകൊണ്ടു ഫലമുണ്ടായില്ല. പത്തു കൊല്ലം കഴിഞ്ഞ് 1948ലാണ്‌ സ്വന്തം കൃതികൾ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിന്‌ അവസരം കിട്ടുന്നത്. Statische Gedichte (1948; “Static Poems”) എന്ന സമാഹാരം. അക്കൊല്ലം തന്നെ പഴയ കവിതകൾ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. എഴുത്തിനോടൊപ്പം മെഡിക്കൽ പ്രാക്റ്റീസും തുടർന്നുപോന്നു. 1950ൽ ഇറങ്ങിയ Doppelleben (ഇരട്ടജീവിതം) എന്ന ആത്മകഥ ഒരു സിനിക്കിൽ നിന്ന് പ്രാഗ്‌മാറ്റിസ്റ്റിലേക്കുള്ള ക്രമാനുഗതമായ പരിണാമത്തിന്റെ രേഖയാണ്‌. അദ്ദേഹത്തിന്റെ കവിതകളുടേയും ഗദ്യരചനകളുടേയും ഇംഗ്ളീഷിൽ ലഭ്യമായ സമാഹാരങ്ങളാണ്‌  The Primal Vision, Ed. E. B. Ashton, Impromptus: Selected Poems and Some Prose, Tr. Michael Hofmann എന്നിവ.


 


1. ഡയ്സി


മുങ്ങിച്ചത്ത ഒരു ലോറിഡ്രൈവറെ
മേശപ്പുറത്തേക്കു മറിച്ചിട്ടു.
ആരോ അയാളുടെ പല്ലുകൾക്കിടയിൽ
ഒരു ഡയ്സിപ്പൂവു തിരുകിവച്ചിരുന്നു.
തൊലിയ്ക്കടിയിൽ നീണ്ട കത്തി കടത്തി
നെഞ്ചിൻകൂട്ടിലൂടെ നാവും മോണയും മുറിച്ചെടുക്കുമ്പോൾ
ഞാനതിൽ ചെന്നു തട്ടിയിട്ടുണ്ടാവണം:
അടുത്തു കിടന്ന തലച്ചോറിലേക്ക്
അതു വഴുതിവീണു.
പിന്നെ ഞങ്ങൾ നെഞ്ചിൻകൂടു തുന്നിക്കൂട്ടുമ്പോൾ
അറുക്കപ്പൊടിയ്ക്കൊപ്പം
അതും ഞാൻ ഉള്ളിലേക്കിട്ടു.
ആ പൂപ്പാത്രത്തിൽ നിന്നാവോളം കുടിയ്ക്കൂ!
ശാന്തമായി ശയിക്കൂ!
കുഞ്ഞുഡെയ്സീ!

(1912)


2. സുന്ദരമായ ബാല്യം


ഓടപ്പുല്ലുകൾക്കിടയില്‍ ഏറെക്കാലമായിക്കിടന്നിരുന്ന പെൺകുട്ടിയുടെ വായ

കാർന്നെടുത്തപോലെ കാണപ്പെട്ടു.

നെഞ്ചിൻകൂടു ഞങ്ങൾ വെട്ടിപ്പൊളിച്ചപ്പോൾ

അന്നനാളം നിറയെ തുള വീണിരുന്നു.

ഒടുവിൽ ഉദരഭിത്തിയ്ക്കടിയിലെ ഒരു വള്ളിക്കൂട്ടത്തിൽ

ഒരു പറ്റം കുഞ്ഞെലികളെ ഞങ്ങൾ കണ്ടെത്തി.

ഒരെലിപ്പെങ്ങൾ ചത്തുകിടന്നിരുന്നു.

ശേഷിച്ചവ കരളും വൃക്കയും തിന്നും 

തണുത്ത ചോര കുടിച്ചും ജീവിക്കുകയായിരുന്നു;

സുന്ദരമായ ഒരു ബാല്യമാസ്വദിക്കുകയായിരുന്നു അവ.

അത്ര സുന്ദരവും ആകസ്മികവുമായിരുന്നു അവയുടെ മരണവും:

ഒക്കെക്കൂടി ഞങ്ങൾ വെള്ളത്തിലേക്കെറിഞ്ഞു.

ഹൊ, ആ കൂർത്ത മോന്തകൾ ചീറ്റുന്നതു നിങ്ങളൊന്നു കേൾക്കണമായിരുന്നു!

(1912)


3. വൃത്തം


ആരെന്നറിയാതെ മരിച്ച ഒരു വേശ്യയുടെ
ആകെയുള്ള ഒരണപ്പല്ല് സ്വർണ്ണം കെട്ടിയതായിരുന്നു.
(തമ്മിൽ പറഞ്ഞൊത്തപോലെ
ബാക്കിയൊക്കെ കൊഴിഞ്ഞുപോയിരുന്നു.)
അതു പക്ഷേ, ശവമുറിയിലെ പ്യൂണ്‍ ഇളക്കിയെടുത്തു;
അതു പണയം വച്ചിട്ടയാൾ ഡാൻസിനും പോയി.
അയാൾ പറഞ്ഞതു പ്രകാരം,
മണ്ണേ മണ്ണിലേക്കു മടങ്ങാവൂ.

(1912)


4.
ഒരു സ്ത്രീയും പുരുഷനും കാൻസർ വാർഡിലൂടെ കടന്നുപോവുന്നു

പുരുഷൻ:
ഇതാ, ഈ നിര നിറയെ ജീർണ്ണിച്ച ഗർഭപാത്രങ്ങളാണ്‌,
ഈ നിര നിറയെ ജീർണ്ണിച്ച മുലകളും.
അടുത്തടുത്തു കിടക്കകൾ നാറുന്നു,
മണിക്കൂറു വച്ചു നഴ്സുമാരും മാറുന്നു.


വരൂ, പേടിക്കാതെ ഈ പുതപ്പൊന്നു മാറ്റിനോക്കൂ,
കൊഴുപ്പും നാറുന്ന പഴുപ്പും നിറഞ്ഞ ഈ പിണ്ഡം
പണ്ടൊരിക്കൽ ഒരു പുരുഷന്റെ ജീവിതസുഖമായിരുന്നു.


വരൂ, ഇനി ഈ മുലയിലെ വടുക്കളൊന്നു നോക്കൂ,
തൊടുമ്പോഴറിയുന്നില്ലേ, ജപമാലയിലെ മുത്തുകൾ പോലെ?
പേടിക്കേണ്ട, തൊട്ടോളൂ. മൃദുലമായ മാംസമാണ്‌,
അതിനു വേദന അറിയുകയുമില്ല.


ഇവിടെ നോക്കൂ, മുപ്പതുടലിൽ നിന്നെന്നപോലെ
ചോര വാർക്കുന്നൊരാൾ;
മറ്റൊരാൾക്കുമുണ്ടാവില്ല, ഇത്രയും ചോര.
ഈ കിടക്കുന്നവളെ നോക്കൂ;
അവളുടെ കാൻസർ പിടിച്ച ഗർഭപാത്രത്തിൽ നിന്ന്
ഒരു കുട്ടിയെ മുറിച്ചെടുക്കേണ്ടി വന്നു.


അവരെ ഉറങ്ങാൻ വിട്ടിരിക്കുകയാണ്‌- രാവും പകലും.
നവാഗതരോടിങ്ങനെയാണു പറയുക:
ഉറങ്ങിയാൽ രോഗം ഭേദമാവും.
ഞായറാഴ്ച സന്ദർശകർക്കായി അവരെ ഒന്നുണർത്തും.


അവർ അധികമൊന്നും കഴിക്കുന്നുമില്ല.
അവർക്കു മുതുകത്തു പുണ്ണുകളായിരിക്കുന്നു.
കാണുന്നില്ലേ ഈച്ചകളെ?
ചിലപ്പോൾ നഴ്സുമാർ അവരെ കുളിപ്പിക്കും,
ബഞ്ചു കഴുകുന്ന പോലെ.


ഇവിടെ ഓരോ കിടക്കയ്ക്കു ചുറ്റും ശവക്കുഴികളുയരുന്നു.
മാംസം മണ്ണായിപ്പൊടിയുന്നു.
തീ കെടുന്നു. ജീവദ്രവമൊഴുകുന്നു..
മണ്ണു വിളിയ്ക്കുന്നു-

(1912)


5. പ്രസവമുറി


ബർലിനിലെ ഏറ്റവും പാവപ്പെട്ട സ്ത്രീകൾ
-പതിമൂന്നു പേർക്കാണ്‌ ഒന്നര മുറി ഒരുക്കിവച്ചിരിക്കുന്നത്-
തടവുകാർ, വേശ്യകൾ, തെണ്ടികൾ
ഇവിടെ ഞെളിപിരിക്കൊണ്ടു തേങ്ങുന്നു.
ഇങ്ങനെയൊരലമുറയിടൽ മറ്റെവിടെയും നിങ്ങൾ കേൾക്കില്ല.
യാതനയും വേദനയും മറ്റെവിടെയുമിത്ര അവഗണിക്കപ്പെടുകയുമില്ല;
എന്തെന്നാൽ ഇവിടെയേതുനേരത്തും
എന്തെങ്കിലുമൊന്നലമുറയിടുന്നുണ്ടാവും.
“അടങ്ങു പെണ്ണേ! പറഞ്ഞതു കേട്ടോ? അടങ്ങാൻ!
തമാശയ്ക്കല്ല നീയിവിടേയ്ക്കു വന്നത്.
അങ്ങനെയങ്ങു വലിച്ചുനീട്ടാൻ നോക്കേണ്ട.
പോരുമ്പോൾ പോരട്ടേയെന്നു വയ്ക്കുകയും വേണ്ട.
ഉള്ളിലുള്ളതൊക്കെപ്പുറത്തുപോരുമെന്നു തോന്നിയാലും
ആഞ്ഞുമുക്കുക തന്നെവേണം!
വിശ്രമെടുക്കാനൊന്നുമല്ല നിന്നെയിവിടെ കൊണ്ടുവന്നത്.
അതതായിട്ടു പോരുകയുമില്ല.”
ഒടുവിലതു പുറത്തേക്കു വരുന്നു:
തീരെ വലിപ്പം കുറഞ്ഞ്, നീലിച്ച നിറത്തിൽ,
മലവും മൂത്രവും കൊണ്ടഭിഷിക്തമായും.
കണ്ണീരിന്റെയും ചോരയുടെയും പതിമൂന്നു കിടക്കകളിൽ നിന്ന്
കരച്ചിലുകൾ അതിനെ എതിരേൽക്കുന്നു.
രണ്ടു കണ്ണുകളിൽ നിന്നു മാത്രം
ഒരു വിജയാഹ്ളാദത്തിന്റെ സങ്കീർത്തനം മാനം നോക്കി ഉയരുന്നു.
ഈ ഇറച്ചിത്തുണ്ടൊരു ജീവിതം കൊണ്ടെല്ലാമറിയും:
കയ്പ്പും മധുരവും.
പിന്നെയതു പ്രാണൻ കുറുകിക്കൊണ്ടു മരിച്ചുകഴിഞ്ഞാൽ,
തന്റെ തലവിധി അനുഭവിച്ചു കഴിഞ്ഞാൽ
ഈ മുറിയിലെ പന്ത്രണ്ടു കിടക്കകളിൽ
മറ്റുള്ളവർ വന്നുനിറയും.

(1912)


6. ഞാൻ കണ്ടവർ


എന്താണു പേരെന്നു ചോദിക്കുമ്പോൾ,

ക്ഷമാപണത്തോടെ,

ഒരു കുടുംബപ്പേരു കൊണ്ടുപോലും

ശ്രദ്ധ നേടാനർഹരല്ല തങ്ങളെന്ന പോലെ,

ഇങ്ങനെ മറുപടി പറയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്:

“മിസ് വിവിയൻ,” എന്നിട്ടവർ കൂട്ടിച്ചേർക്കും,

“വിളിപ്പേരു പോലെ തന്നെ”;

അവർ മറ്റേയാൾക്കു കാര്യങ്ങൾ എളുപ്പമാക്കുകയാണ്‌,

“പോപ്പിയോൾ” പോലെ “ബാബെൻഡെറേർഡെ” പോലെ

കുഴപ്പം പിടിച്ച പേരുകളല്ല,

“വിളിപ്പേരു പോലെ തന്നെ”-

ഓർമ്മിക്കാൻ നിങ്ങൾക്കെളുപ്പമാണത്!


അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കുമൊപ്പം

ഒറ്റ മുറിയിൽ വളർന്നവരെ ഞാൻ കണ്ടിട്ടുണ്ട്;

രാത്രിയിൽ, ചെവിയിൽ വിരൽ തിരുകി,

അടുപ്പിൻ മൂട്ടിലിരുന്ന് അവർ പഠിച്ചു;

അവർ പിന്നെ വലിയ നിലകളിലെത്തി,

സുന്ദരികളായി, പ്രഭ്വികളെപ്പോലെ ആത്മവിശ്വാസമുള്ളവരായി,

നൗസിക്കയെപ്പോലെ* സൗമ്യരും കഠിനാദ്ധ്വാനികളുമായി,

മാലാഖമാരെപ്പോലെ മുഖം തെളിഞ്ഞവരായി.


പലപ്പോഴും ഞാൻ എന്നോടു തന്നെ ചോദിച്ചിട്ടുണ്ട്,

ഒരിക്കലും ഉത്തരം കിട്ടിയിട്ടുമില്ല,

നന്മയും സൗമ്യതയും എവിടെ നിന്നാണു വരുന്നതെന്ന്;

ഈ ദിവസം വരെ എനിക്കതറിയില്ല,

എനിക്കു പോകാൻ കാലവുമായി.

(1912)

* Nausicaa- ഹോമറുടെ ഒഡീസ്സിയിലെ ഒരു കഥാപാത്രം; ഇത്താക്കയിലേക്കുള്ള വഴി കപ്പല്ച്ചേതത്തിൽ പെട്ടു കരയ്ക്കടിഞ്ഞ യുളീസസ്സിനെ തുണി കഴുകിക്കൊണ്ടുനിന്ന നൗസിക്കയാണ്‌ തന്റെ പിതാവിന്റെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നത്.


7. ഒരു ചോളപ്പാടം


ഒരു ചോളപ്പാടത്തെ നോക്കി അയാൾ ഇങ്ങനെ പറഞ്ഞു:
ചോളപ്പാടത്തിന്റെ ആത്മാർത്ഥപ്രണയമൊക്കെ
ചിത്രകാരികൾക്കു ചേർന്ന പ്രതിപാദ്യം തന്നെ.
എനിക്കിഷ്ടം പക്ഷേ, പോപ്പിപ്പൂക്കളുടെ ഗഹനശാരീരം.
അതെന്നെ ഓർമ്മിപ്പിക്കുന്നത് കട്ട പിടിച്ച ചോരയെ,
ആർത്തവത്തെ, വേദനയെ, തുപ്പലിനെ,
വിശപ്പിനെ, മരണത്തെ-
ചുരുക്കത്തിൽ പുരുഷന്റെ ഇരുളടഞ്ഞ പാതയെ.

(1913)


8. എന്താണ്‌ മോശം


നിങ്ങൾക്ക് ഇംഗ്ളീഷ് അറിയില്ലെന്നും
ജർമ്മനിലേക്കു പരിഭാഷപ്പെടുത്താത്ത
നല്ലൊരു ഇംഗ്ളീഷ് കുറ്റാന്വേഷണനോവലിനെക്കുറിച്ച്
കേൾക്കാനിടയായെന്നും വരിക.


നിങ്ങൾ ചുട്ടു പഴുത്തിരിക്കുമ്പോൾ
നിങ്ങൾക്കു വില താങ്ങാനാത്ത ഒരു ബിയർ കാണാനിട വരിക.


നിങ്ങളുടെ മനസ്സിൽ പുതിയൊരാശയമുദിക്കുമ്പോൾ
പ്രൊഫസ്സർമാർ ചെയ്യുന്നതു പോലെ
ഹോൾഡർലിന്റെ ശൈലിയിൽ
അതു രൂപപ്പെടുത്താനാവാതെ വരിക.


രാത്രിയിലെ യാത്രക്കിടയിൽ
തിര തല്ലുന്നതു കേൾക്കുമ്പോൾ
അവയ്ക്കു സദാ അതു തന്നെ വേല എന്നോർക്കുക.


അതിലും മോശം:
വീട്ടിലിരിക്കാനാണു നിങ്ങൾക്കിഷ്ടമെന്നിരിക്കെ,
അവിടെയാണ്‌ കോഫി കൂടുതൽ നല്ലതെന്നിരിക്കെ,
വിനോദത്തിന്റെ ഒരാവശ്യവും നിങ്ങൾക്കില്ലെന്നിരിക്കെ
പുറത്തു പോകാൻ നിങ്ങൾക്കു ക്ഷണം കിട്ടുക.


അതിലൊക്കെ മോശം:
സർവ്വതും ദീപ്തമായ,
മൺവെട്ടിയ്ക്കിറങ്ങാൻ പാകത്തിൽ മണ്ണിളകിയ വേനല്ക്കാലത്ത്
മരിക്കാൻ പറ്റാതെ വരിക.


Primal_Vision410LDXssX9L._SX331_BO1,204,203,200_

Little Aster

A drowned driver of a beer truck was dumped onto the table
Someone had stuck a dark-pale lilac-colored aster
Between his teeth
I cut out the tongue and gums
With a long knife
Working from the chest outwards
Under the skin,
I must have touched it, because it slid
Into the brain right next to it.

I packed it into the chest cavity,
Between the wood shavings,
As it was being stitched up.
Drink up in your vase!
Rest sweetly,
Little Aster!

Tr. Babette Deutsch

Lovely Childhood


The mouth of a girl who had long lain among the reeds looked
gnawed away.
As the breast was cut open, the gullet showed full of holes.
Finally in a cavity below the diaphragm
a nest of young rats was discovered.
One little sister lay dead.
The others thrived on liver and kidneys,
drank the cold blood and
enjoyed a lovely childhood here.
And sweet and swift came their death also:
They were all thrown into the water together,
Oh, how the little muzzles squeaked!

Tr. Babette Deutsch

Cycle

The lone molar of a whore
who had died unknown
had a gold filling.
As if by silent agreement
the others had all fallen out.
But this one the morgue attendant knocked out
and pawned to go dancing.
For, he said,
only earth should return to earth.

Tr. Francis Golffing

Man and Woman Go Through the Cancer Ward

The man:
Here in this row are wombs that have decayed,
and in this row are breasts that have decayed.
Bed beside stinking bed. Hourly the sisters change.
Come, quietly lift up this coverlet.
Look, this great mass of fat and ugly humours
was precious to a man once, and
meant ecstasy and home.
Come, now look at the scars upon this breast.
Do you feel the rosary of small soft knots?
Feel it, no fear. The flesh yields and is numb.
Here's one who bleeds as though from thirty bodies.
No one has so much blood.
They had to cut
a child from this one, from her cancerous womb.
They let them sleep. All day, all night.---They tell
the newcomers: here sleep will make you well.---But Sundays
one rouses them a bit for visitors.---
They take a little nourishment. Their backs
are sore. You see the flies. Sometimes
the sisters wash them. As one washes benches.---
Here the grave rises up about each bed.
And flesh is leveled down to earth. The fire
burns out. And sap prepares to flow. Earth calls.---

Tr. Babette Deutsch

People Met

I have met people who,

asked after their names,

shyly—as if they had no title

to an appellation all to themselves—

replied “Fräulein Christian” and added:

“like the first name,” they wanted to make it easy for the other,

not a difficult name like “Popiol” or “Babendererde”—

“like the first name”—please, don’t burden your memory overmuch!

I have met people who

grew up in a single room with their parents

and four brothers and sisters, and studied at night

with their fingers in their ears at the kitchen table,

and grew up to be beautiful and self-possessed as duchesses—

and innerly gentle and hard-working as Nausicaa,

clear-browed as angels.

I have often asked myself and never found an answer

whence kindness and gentleness come,

I don’t know it to this day, and now must go myself.

(Tr. Michael Hofmann )

Labour Room

The poorest women from Berlin
—thirteen kids in one and a half rooms,
whores, prisoners, outcasts—
crook their bodies and whimper.
Nowhere is there so much wailing.
Nowhere are pain and suffering
so utterly ignored as here.
Here something always wails.

“Push, woman! Do you understand?
You’re not here just for fun.
Don’t stretch the thing out.
Pushing also brings the shit out.
You’re not here just to rest.
You’ve got to work. It won’t come by itself.”
Finally it comes: bluish and small.
Urine and feces applied as a salve.

From eleven beds with tears and blood
whimpers a painful “Salut.”
From just two eyes bursts a choir
of jubilation to heaven on high.

Through this tiny fleshly morsel
all things will pass: misery and hope.
And one day it dies, gasping in pain,
twelve others still lie in this room.

Tr. Teresa Iverson.

Before a Cornfield

Before a cornfield he said:
The loyalty and etherealness of the corn-flowers
is a fine motif for daubing ladies.
I prefer the deep contralto of the poppy.
It makes you think of caked blood and menstruation,
of stress, wheezing, hunger and kicking the bucket--
in short, of the murky path of the male.

Tr. Francis Golffing

What’s Bad

Not reading English,

and hearing about a new English thriller

that hasn’t been translated.

Seeing a cold beer when it’s hot out,

and not being able to afford it.

Having an idea

that you can’t encapsulate in a line of Hölderlin,

the way the professors do.

Hearing the waves beat against the shore on holiday at night,

and telling yourself it’s what they always do.

Very bad: being invited out,

when your own room at home is quieter,

the coffee is better,

and you don’t have to make small talk.

And worst of all:

not to die in summer,

when the days are long

and the earth yields easily to the spade.

Tr. Michael Hofmann


അഭിപ്രായങ്ങളൊന്നുമില്ല: