2017, ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച

കൊബായാഷി ഇസ്സ - ഹൈക്കു


issa

കൊബായാഷി ഇസ്സ (Kobayashi Issa(1763-1828)യുടെ ശരിക്കുള്ള പേര്‌ കൊബായാഷി യതരോ എന്നാണ്‌. ഇസ്സ അദ്ദേഹത്തിന്റെ തൂലികാനാമമാണ്‌: ‘ഒരു കപ്പ് ചായ’ എന്നർത്ഥം.

ഇസ്സയുടെ അച്ഛൻ കൃഷിക്കാരനായിരുന്നു; അമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചതിനാൽ മുത്തശ്ശിയാണ്‌ വളർത്തിയത്. അച്ഛൻ രണ്ടാമതു വിവാഹം ചെയ്തു; എന്നാൽ രണ്ടാനമ്മയുമായും ആ ബന്ധത്തിലെ സഹോദരനുമായും ഒത്തുപോകാൻ ഇസ്സയ്ക്കു കഴിഞ്ഞില്ല. 14 വയസ്സുള്ളപ്പോൾ അദ്ദേഹം വീടു വിട്ട് ഹൈക്കു പഠിക്കാനായി ഇഡോ (ഇന്നത്തെ ടോക്യോ)യിലേക്കു പോയി. 1810ൽ സ്വദേശമായ കഷിവബരയിൽ തിരിച്ചെത്തുന്നതു വരെ അദ്ദേഹം നിരന്തരയാത്രയിൽ ആയിരുന്നു. ജീവിതകാലം മുഴുവൻ അദ്ദേഹം ദൗർഭാഗ്യങ്ങൾ നേരിട്ടുകൊണ്ടിരുന്നു- ആദ്യഭാര്യയുടേയും മൂന്നു കുട്ടികളുടേയും മരണം, പരാജയപ്പെട്ട രണ്ടാം വിവാഹം, പിന്നെ വീട് കത്തിനശിച്ചു, മൂന്നാമതൊരു വിവാഹം.

ഇസ്സയുടെ ഹൈക്കു വ്യത്യസ്തമാകുന്നത് അതിലെ വൈകാരികത കൊണ്ടാണ്‌; വിഷാദവും മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള അവബോധവും അവയിൽ നിഴൽ വീഴ്ത്തുന്നു. മറ്റൊരു പ്രത്യേകത ലോകത്തെ ചെറുജീവികളോട്- കൊതുക്, ഈച്ച, പൂച്ച, വവ്വാൽ...-അനുതാപത്തോടെ, അല്ലെങ്കിൽ സഹഭാവത്തോടെയുള്ള വീക്ഷണമാണ്‌.


ഹൈക്കു

1

എന്നെപ്പെറ്റ നാടേ,
നിന്നെത്തൊട്ടേടമൊക്കെയും
കാരമുള്ളായ് മാറ്റി നീ.

2

എന്റെ ഗ്രാമം-
കാണാമറയത്താണെങ്കിലും
വാനമ്പാടിയവിടെ പാടുന്നു.

3

ചീവീടേ!
നീ പാടിയതടുത്ത പടിക്കലാണെങ്കിലും
ഇവിടെയിരുന്നു ഞാനതു കേട്ടു.

4

വെള്ളക്രിസാന്തമപ്പൂവേ,
പാത്രം മോറിയ വെള്ളമെടുത്തവർ
നിന്മേൽത്തന്നെയൊഴിച്ചല്ലോ!

5

ലോകം ഒരു മഞ്ഞുതുള്ളി,
ആ മഞ്ഞുതുള്ളിക്കുള്ളിലും
എന്തൊക്കെക്കലാപം!

6

നാണക്കേടു തോന്നുന്നു,
ഉച്ചമയക്കത്തിൽ കിടക്കെ
ഞാറ്റുപാട്ടു കേൾക്കുക!

7

കേൾക്കൂ! കേൾക്കൂ!
മയങ്ങുന്ന കാതിൽ തണ്ണീരു പോലെ
കുയിലിന്റെ ഗാനം.

8

തുടുത്ത ചന്ദ്രൻ-
ആർക്കു സ്വന്തമാണത്,
കുഞ്ഞുങ്ങളേ?

9

നരകത്തിന്റെ മേല്പുരയിൽ
പൂക്കളെ നോക്കി നാം നടക്കുന്നു-
ഇതാണ്‌ ലോകരീതി!

10

ഞാൻ മരിക്കുമ്പോൾ
എന്റെ കുഴിമാടത്തിനു കാവലാളാകൂ,
പുല്ച്ചാടീ.

11

വില്ലോമരത്തിനടിയിൽ
വായിലൊരിലയുമായി
നായക്കുട്ടി മയങ്ങുന്നു.

12

മറ്റൊരു ലോകത്ത്
നിനക്കു ഞാൻ ബന്ധുവായിരുന്നുവോ,
കുയിലേ?

13

വാനമ്പാടീ,
മഴയിൽ കുതിരുന്നല്ലോ,
നിന്റെ പ്രഭാതരാഗം.

14

നോക്കൂ, ഒരു നായക്കുട്ടി,
ഒരു പൂമ്പാറ്റയും-
അന്യോന്യമല്ലാതൊന്നുമവർ കാണുന്നില്ല്ല!

15

ഒരു ഞാറ്റുപാട്ട്...
എന്തൊക്കെക്കലഹങ്ങൾ,
കോപങ്ങളതിൽ ദഹിക്കില്ല!

16

ഓടക്കുഴലുമൂതിയിരിക്കുമ്പോൾ
മഞ്ഞുതുള്ളിയിറ്റുന്നതയാളറിയുന്നില്ല-
എന്റെ അയല്ക്കാരൻ!

17

‘നമ്മുടെ വീട്..’
പറയുമ്പോൾത്തന്നെ
എന്തു കുളിര്‌!

18

ഇരുട്ടിൽ നിന്നു വരുന്നു,
ഇരുട്ടിലേക്കു മടങ്ങുന്നു-
ഒരു പൂച്ചയുടെ പ്രണയഗാനം!

19

ഈ മലയോരക്കുടിലിൽ,
നമ്മുടെ കഞ്ഞിക്കിണ്ണത്തിൽ,
നോക്കൂ, തെളിഞ്ഞ ചന്ദ്രൻ!

20

ഞാനാണടുത്തതെന്നോ?
ഈയുടലാണിനി വീഴുകയെന്നോ,
കാറിക്കരയുന്ന കാക്കേ?

21

എന്തു ഭംഗി!
ചുമരിലെ വിള്ളലിലൂടെ
ആകാശഗംഗയെ കാണുമ്പോൾ!

22


എന്തൊരത്ഭുതം,
ചെറിപ്പൂക്കൾക്കടിയിൽ
ജീവനോടിരിക്കുക!

23

ചെറിപ്പൂക്കൾക്കു നന്ദി!
അവയുടെ തണലത്ത്
ഒരാളും അന്യനല്ല.

24

ഒരു നോക്ക് ചന്ദ്രനെ കണ്ടു,
ഒരു കുറി കുയില്പാട്ടു കേട്ടു,
ഒരു രാവങ്ങനെ കഴിഞ്ഞു.

25

രാജാവും കാലാളും-
കളി കഴിഞ്ഞാൽ
ഒരേ പെട്ടിയിൽ.

26

മുള്ളങ്കി പറിക്കുന്നവനോടു
വഴി ചോദിച്ചു,
മുള്ളങ്കി കൊണ്ടവൻ വഴി കാണിച്ചു!

27

കുയിലു പാടുന്നു,
എനിക്കായി, മലയ്ക്കായി,
മലയ്ക്കായി, എനിക്കായി.

28

വസന്തകാലചന്ദ്രന്റെ മുഖം-
ഒരു പന്ത്രണ്ടു വയസ്സെന്ന്
ഞാൻ പറയും!

29

ആളുകൾ ചിതറി,
ഇലകളും ചിതറി,
ശരല്ക്കാലമഴയത്ത്.

30

വേനല്ക്കാലരാത്രി-
നക്ഷത്രങ്ങൾ പോലും
അന്യോന്യം മന്ത്രിക്കുന്നു!

31

വയസ്സെത്രയെന്നു ചോദിച്ചപ്പോൾ
പുത്തൻ കിമോണോയിട്ട കുട്ടി
അഞ്ചു വിരലും വിരിച്ചുകാട്ടി!

32

രാത്രിയിൽ വിരിയുന്ന പൂക്കൾ,
സംഗീതം കേട്ടു മനസ്സിളകിയ
മനുഷ്യരുടെ മുഖങ്ങൾ.

33

പൂവിടാൻ
ഒരു തിടുക്കവുമില്ല,
എന്റെ പ്ളം മരത്തിന്‌!

34

ചുടുകാട്ടിലേക്കു നടക്കുമ്പോൾ
കിഴവൻ നായ
മുമ്പേ നടക്കുന്നു.

35

പെണ്ണിന്റെ മുറിയിൽ
വെളിച്ചം കണ്ട നിശാശലഭം-
മൊരുമൊരാ കരിഞ്ഞുവീണു!

36

വസന്തകാലമഴച്ചാറൽ-
ഒരു സുന്ദരിപ്പെൺകുട്ടി
കോട്ടുവായിടുന്നു!

37

ബുദ്ധനോടു പ്രാർത്ഥിക്കുകയായിരുന്നു,
കൊതുകിനെ
കൊല്ലുകയുമായിരുന്നു!

38

പേടിക്കേണ്ട ചിലന്തികളേ,
വീടു ഞാനങ്ങനെ
വെടിപ്പാക്കി വയ്ക്കാറില്ല!

39

കുരുവീ, വഴിമാറൂ,
കുതിരയുടെ
വരവുണ്ട്!

40

മഞ്ഞുരുകുന്നു,
നാടു മുഴുവൻ
കുട്ടികൾ നിറയുന്നു!

41

കാതരികിൽ ഒരു കൊതുക്-
അത് കരുതിയോ,
എനിക്കു കാതു കേൾക്കില്ലെന്ന്!

42

കീടങ്ങളിലുമുണ്ട്,
പാടാനറിയുന്നവർ,
പാടാനറിയാത്തവർ!

43

മയക്കം വിട്ട പൂച്ച
മൂരി നിവർക്കുന്നു,
പ്രേമിക്കാൻ യാത്രയാവുന്നു!

44

എന്റെ കൂടെ വരൂ,
നമുക്കൊരുമിച്ചു കളിക്കാം,
അമ്മയില്ലാത്ത കുരുവീ!

45

ഒരുങ്ങിക്കോ, ഒരുങ്ങിക്കോ,
മരിക്കാനൊരുങ്ങിക്കോ!
ചെറിപ്പൂക്കൾ പറയുന്നു.

46

ആ പണിക്കാരിയെ നോക്കൂ,
അവൾ ഞാറു നട്ടു ചെല്ലുന്നത്
കരയുന്ന കുഞ്ഞിനടുത്തേക്ക്.

47

കിളികൾ കൂടു കൂട്ടുന്നു-
മരംവെട്ടി നോക്കിവച്ചതാണാ മരമെന്ന്
അവയറിയുന്നില്ല.

48

അന്യരെപ്പോലെങ്ങനെ ഞാൻ നിവർത്തിക്കാൻ,
പുതുവത്സരച്ചടങ്ങുകൾ-
കുഴിമടിയനായ ഞാൻ!

49

നീയില്ലാതെന്നോമനേ,
എത്രയാണവ, എത്ര ദീർഘമാണവ-
നാം നടന്ന പാതകൾ!

50

എന്റെ വസന്തം?-
ഒരു മുളന്തണ്ട്‌,
ഒരരളിച്ചില്ല.

51

കാട്ടുവാത്തേ, കാട്ടുവാത്തേ,
ഏതു പ്രായത്തിലായിരുന്നു,
നിന്റെ ആദ്യയാത്ര?

52

പ്ളം മരം പൂക്കുന്നു,
രാപ്പാടി പാടുന്നു,
ഞാൻ ഒറ്റയ്ക്കുമാണ്‌.

52

ആണ്ടുപിറപ്പാണിന്ന്-
ഞാൻ മാത്രമല്ലല്ലോ, അല്ലേ,
കൂടില്ലാത്ത കിളിയായി?

53

കിഴവനായെന്നാലും
ഒരനിഷ്ടവുമെന്നോടവർക്കില്ല-
ചെറി പൂത്ത പൂക്കൾക്ക്.

54

നമ്മുടെ പകലു കഴിഞ്ഞുവെന്നാണ്‌
സന്ധ്യക്കു മണി മുട്ടുന്നതിനർത്ഥമെന്നോർക്കാതെ
അന്തിക്കുളിരു കൊണ്ടു നാമിരിക്കുന്നു!

55

ഒരു മഞ്ഞുതുള്ളിയാണ്‌ ലോകം,
അതെ, ലോകം ഒരു മഞ്ഞുതുള്ളിയാണ്‌,
എന്നാലും, എന്നാലും...

(മകൾ മരിച്ച് ഒരു മാസം കഴിഞ്ഞെഴുതിയത്)

56

പിറക്കുമ്പോഴൊരു കുളി,
മരിക്കുമ്പോഴൊരു കുളി,
കഥയില്ലാത്തതിക്കളി!

(അവസാനത്തെ കവിത)


അഭിപ്രായങ്ങളൊന്നുമില്ല: