ഒരോർമ്മ
ഓർമ്മ
ഗോതമ്പുപാടത്തിന്റെ നടുക്ക്
പാടലനിറമുള്ളൊരു പോപ്പിപ്പൂവു പോലെ,
പട്ടിലും പട്ടായി,
സർപ്പഗന്ധവുമായി.
പിന്നെയൊക്കെ
പൊൻനിറത്തിൽ
ഗോതമ്പുകതിരിന്റെ മൂർച്ച മാത്രം.
ഒരിക്കലല്ല,
അവിടെ ഞാൻ കുരുങ്ങിക്കിടന്നിരിക്കുന്നു,
ഒരു മെതിക്കാരിക്കരികെ,
ആകസ്മികരതിയുടെ ആപ്പിൾപ്പഴവുമായി.
മെതിച്ച കറ്റകളിൽ ശേഷിച്ചത്
ശുക്ളത്തിന്റെ ഗന്ധം,
നിലാവും.
ലളിതമാണിത്
ബലം മൂകമാണ് (മരങ്ങൾ എന്നോടു പറഞ്ഞു)
ഗഹനതയുമതുപോലെ (വേരുകൾ എന്നോടു പറഞ്ഞു)
അതുപോലെ നൈർമ്മല്യവും (ഗോതമ്പെന്നോടു പറഞ്ഞു).
ഒരു മരവുമൊരിക്കലും പറഞ്ഞിട്ടില്ല:
"എനിക്കാണേറ്റവും പൊക്കമുള്ളത്!”
ഒരു വേരുമൊരിക്കലും പറഞ്ഞിട്ടില്ല:
“ആഴത്തിലുമാഴത്തിൽ നിന്നാണെന്റെ വരവ്!”
അപ്പവുമൊരിക്കലും പറഞ്ഞിട്ടില്ല:
“അപ്പത്തെക്കാൾ നല്ലതായിട്ടെന്തുള്ളു!”
പോയ കാലം
ആ പഴയ നാളുകൾ,
സമൃദ്ധിയുടെ നാളുകൾ,
ആഹ്ലാദത്തിന്റെ നശ്വരഭണ്ഡാരങ്ങൾ,
അവയിനി മടങ്ങിവരില്ല.
ഒരു കേട്ടുകേള്‍വി മാത്രമായിരുന്നു
നമ്മുടെ പുഷ്കലകാലം;
നിലവറകളിൽ നുരഞ്ഞുനിറയുന്ന
ഇരുണ്ട വീഞ്ഞായില്ല നാം.
വിട, വിട,
അത്രയും യാത്രാശിസ്സുകൾ
നമ്മെക്കടന്നുപോകുന്നു,
മാനത്തു മാടപ്രാവുകൾ പോലെ
തെക്കു നോക്കിപ്പറക്കുന്നു,
നിശ്ശബ്ദതയ്ക്കുള്ളിലേക്കു
കയറിപ്പോകുന്നു.
ക്രിയ
ഞാനീ വാക്കിനെ ചുളിയ്ക്കാൻ പോകുന്നു,
ഞാനിതിനെ പിണയ്ക്കാൻ പോകുന്നു,
അതെ,
ഇതേറെ മിനുസമായത്,
ഒരു കൂറ്റന്‍ നായയുടെ, വൻപുഴയുടെ
നാവോ നീരോ
ഏറെയാണ്ടതിനെ നക്കിത്തോര്‍ത്തിയ മാതിരി.
എനിക്കു വേണം
വാക്കിൽ
ഇരുമ്പുപ്പിന്റെ
കാഠിന്യം,
മണ്ണിന്റെ വിഷപ്പല്ലു പറിച്ച ഊറ്റം,
മിണ്ടിയവരുടെ, മിണ്ടാത്തവരുടെ
ചോരയും.
എനിക്കു കാണണം
അക്ഷരങ്ങൾക്കുള്ളിലെ ദാഹം,
എനിക്കു സ്പർശിക്കണം
ശബ്ദത്തിലഗ്നിയെ:
എനിക്കറിയണം
നിലവിളിയുടെ ഇരുട്ടും.
കന്നിശിലകൾ പോലെ
പരുക്കനാവണം
വാക്കുകളെനിക്ക്.
ഉപഹാരം
ഏതുറച്ച കൈകളാണ്
പണിയായുധങ്ങളും
കള്ളിന്റെ കോപ്പയും
പെണ്ണുടലിൽ പറ്റിപ്പിടി-
ച്ചവിടെ മുദ്ര പതിപ്പിച്ച
ജഘനത്തിന്റെ സവിശേഷവടിവും
നമുക്കായി കടഞ്ഞെടുത്തത്?
കോപ്പയ്ക്കതിന്റെ
വടിവു രൂപപ്പെടുത്തിയ കൈകൾ,
വീപ്പയ്ക്കു വർത്തുളതയ്ക്കും
ഓട്ടുമണിയുടെ അമ്പിളിവട്ടത്തിനും
വഴി കാട്ടിയ കൈകൾ.
ഗ്രഹങ്ങളുടെ മുഖരൂപങ്ങൾ മാറ്റിവരയ്ക്കാൻ
എനിക്കു വേണം,
കൂറ്റൻ കൈകൾ;
സഞ്ചാരിക്കു ത്രികോണനക്ഷത്രങ്ങൾ വേണം;
തണുപ്പ് ചതുരക്കരുക്കളായി മുറിച്ചെടുത്ത
നക്ഷത്രമണ്ഡലങ്ങൾ;
അന്റോഫഗസ്റ്റയിൽ* താണുപോയ പുഴകളെ വാറ്റിയെടുത്ത്
പിശുക്കു കാരണം ജലത്തിനു
മരുഭൂമിയിൽ നഷ്ടമായതു വീണ്ടെടുക്കുന്ന
കൈകൾ.
മനുഷ്യകുലത്തിന്റെ കൈകൾ മുഴുവനെനിക്കു വേണം,
കടലിലെ മീനുകളാകെയും
ഒലീവിന്റെ കായ്കളാകെയും
ഇനിയുമുണരാത്ത പ്രണയങ്ങളാകെയും കോരിയെടുക്കാൻ,
പകലിന്റെ കൈകളിൽ
ഉപഹാരങ്ങൾ കൊടുത്തിട്ടു പോകാൻ.
*Antofagasta- ഖനികള്‍ നിറഞ്ഞ ചിലിയന്‍ നഗരം
വിപരീതമായ കൈകൾ
നിങ്ങളിലാരു കണ്ടു,
കറ്റ കൊയ്യുന്ന, കതിരും പതിരും തിരിക്കുന്ന എന്നെ?
ആരാണു ഞാൻ, ഈ കുഴിമടിയൻ?
മറ്റേതോ ഒരു ജോ*
മണ്ണിനെ തൊട്ടു,
അവന്റെ കൈയിൽ നിന്നു വീണതെന്തോ
താഴിൽ ചാവിയെന്നപോലെ തിരിഞ്ഞു:
അവനായി മണ്ണു മലർക്കെത്തുറന്നു.
എനിക്കതായില്ല:
ശ്രമിക്കാനുള്ള ജ്ഞാനമോ
സമയമോ എനിക്കുണ്ടായില്ല.
നാഗരികനായൊരു ജഡത്തെപ്പോലെ
ഞാനെന്റെ വിരൽനഖങ്ങൾ മിനുക്കിവച്ചു;
ചക്രക്കീലിന്റെ മെഴുക്കിനെന്നെ വെറുപ്പായിരുന്നു;
നിർമ്മലമായ പ്രക്രിയകളിലടങ്ങുന്ന കളിമണ്ണോ,
എന്നെക്കൂട്ടാതെ മറ്റേതോ നാട്ടിലേക്കു കുടിയേറുകയും ചെയ്തു.
കൃഷി എന്റെ പുസ്തകങ്ങളെ ഗൌനിച്ചിട്ടേയില്ല;
സ്വന്തമായിട്ടൊന്നും ചെയ്യാനില്ലാതായിപ്പോയ ഞാൻ
എന്റെ ദുർബലമായ ശീലങ്ങളിൽ ഒട്ടിപ്പിടിച്ചു,
ഒന്നിൽ നിന്നൊന്നിലേക്കു ഞാനലഞ്ഞു,
വിട പറയാനായി മാത്രം ഞാൻ ജീവിച്ചു.
വിട, ഒലീവിനെ അറിയാതെ ഒലീവെണ്ണയോടു ഞാൻ പറഞ്ഞു,
വിട, മദ്യക്കോപ്പയോട്, ആ തനിവിസ്മയത്തോടു ഞാൻ പറഞ്ഞു,
വിട, സർവതുമേ, വിട: ഒരിക്കലും ഞാനറിയില്ല,
എന്റെ ബലം കെട്ട കൈകളുടെ സഹായമില്ലാതെ
ഈ മണ്ണിൽ ആ തരം കാര്യങ്ങളുരുവം കൊള്ളുന്നതെങ്ങനെയെന്ന്.
*ആട്ടിടയനും കൃഷിക്കാരനുമായ മിഗുവെൽ ഹെർണാണ്ടെഥ് എന്ന കവിയെ ഓർമ്മിച്ചുകൊണ്ട്
അപരാധി
അപരാധിയെന്നു
ഞാനെന്നെ വിധിക്കുന്നു,
എനിക്കു കിട്ടിയ ഈ കൈകൾ കൊണ്ട്
ഒരു ചൂലു ഞാനുണ്ടാക്കിയില്ലല്ലോ.
എന്തേ ഞാനൊരു ചൂലുണ്ടാക്കിയില്ല?
എനിക്കീ കൈകൾ തന്നതു പിന്നെയെന്തിന്?
ഞാനാകെ ചെയ്തതു
കതിരുകൾ ചായുന്നതു നോക്കിയിരിക്കുകയാണെങ്കിൽ,
കാറ്റിനു കാതോർത്തിരിക്കുകയാണെങ്കിൽ,
മണ്ണിന്റെ പച്ച മാറാത്ത തണ്ടുകൾ മുറിച്ചെടുത്ത്
വെയിലത്തു വിരിച്ചുണക്കി
പൊന്നു പോലവയെ കൂട്ടിക്കെട്ടി
ആ മഞ്ഞപ്പാവാടയോടൊരു
മുളംകമ്പു ചേർത്തുകെട്ടി
വഴിയടിക്കാനൊരു ചൂലു ഞാനുണ്ടാക്കിയില്ലെങ്കിൽ
ഈ കൈകൾ കൊണ്ടെന്തുപയോഗം?
എങ്ങനെ ഞാനെന്റെ ജീവിതം തള്ളിനീക്കും,
അടിസ്ഥാനവസ്തുക്കളെ
കാണാതെ, പഠിക്കാതെ,
ശേഖരിക്കാതെ, ഇണക്കാതെയും?
ഇനി നിഷേധിച്ചിട്ടു കാര്യമില്ല,
എനിക്കു നേരമുണ്ടായിരുന്നു,
കൈകൾ പക്ഷേ മടിച്ചുനിന്നു,
എങ്കിലെങ്ങനെ ഞാൻ
മഹത്വമവകാശപ്പെടാൻ,
ഒരു ചൂല്,
ഒരെണ്ണം,
ഒരേയൊരെണ്ണം
അതൊന്നുണ്ടാക്കാൻ
ഇന്നേവരെയെനിക്കായിട്ടില്ലെങ്കിൽ?
Las manos del dia പകലിന്റെ കൈകള്‍ (1968)
എന്റെ, ദേശത്തിന്റെ കഥ
ക്ഷമിക്കണേ, എന്റെ ജീവിതത്തിന്റെ കഥ പറയുമ്പോൾ
അതെന്റെ ദേശത്തിന്റെ കഥയാവുന്നെങ്കിൽ.
ഇതാണു ദേശം.
നിങ്ങളുടെ ചോരയിൽ അതു വളരുന്നു,
നിങ്ങളും ഒപ്പം വളരുന്നു.
നിങ്ങളുടെ ചോരയിൽ അതു മരിക്കുമ്പോൾ
നിങ്ങളും ഒപ്പം മരിക്കുന്നു.
മറ്റൊരു ദിവസം (1969)
മഴ പെയ്യുന്നു
മഴ പെയ്യുന്നു
പൂഴിയ്ക്കു മേൽ,
മേൽക്കൂരയ്ക്കു മേൽ
മഴയുടെ സ്വരപാതം:
എന്റെ നാളുകൾക്കുപ്പായ
ചിരന്തനപ്രണയത്തിന്റെ
താളുകൾക്കു മേൽ
മഴയുടെ വിളംബതാളം:
മഴ, നീ,
നീ നിന്റെ പഴയ കൂട്ടിലേക്കു
മടങ്ങിപ്പൊയ്ക്കോളൂ,
സൂചികളുമായി നീ നിന്റെ
ഭൂതകാലത്തിലേക്കു പൊയ്ക്കോളൂ:
ഇന്നെനിയ്ക്കു കൊതി,
വെണ്മയിൽ വെണ്മയായൊരിടം,
പച്ചപ്പനിനീർപ്പൊന്തയുടെ ഒരു ചില്ലയ്ക്കും,
ഒരു പൊൻപനിനീർപ്പൂവിനുമായി
ഒരു ഹേമന്തത്തിന്റെ വെണ്മ:
അനന്തവസന്തം കാത്തിരിക്കുകയായിരുന്നു,
മേഘങ്ങളൊഴിഞ്ഞ മാനത്തിനു ചോടെ
വെണ്മ കാത്തിരിക്കുകയായിരുന്നു:
അപ്പോഴല്ലേ, മഴ മടങ്ങിയെത്തുന്നു,
എന്റെ ജനാലയിൽ
കദനത്തിന്റെ താളം കൊട്ടാൻ,
എന്റെ നെഞ്ചിനും
എന്റെ മേൽക്കൂരയ്ക്കും മേൽ
രോഷത്തിന്റെ താണ്ഡവമാടാൻ,
തന്റെയിടം പിടിച്ചുവാങ്ങാൻ:
അതെന്നോടൊരു പാത്രം ചോദിക്കുന്നു,
സൂചികളും,
മറുപുറം കാണുന്ന കാലവും,
കണ്ണീരുമിട്ടു നിറയ്ക്കാൻ.
ഈ ഉടഞ്ഞ മണി
ഈ ഉടഞ്ഞ മണിക്കിനിയും പാടണമത്രെ:
ഇന്നതിനു നിറം പച്ച,
കാടുകളുടെ നിറം,
കാട്ടിൽ കൽക്കുഴികളിൽ
തളം കെട്ടിയ ജലത്തിന്റെ നിറം,
ഇലകളിൽ പകലിന്റെ നിറം.
ഓടുടഞ്ഞുപോയിരിക്കുന്നു,
പച്ചച്ചുപോയിരിക്കുന്നു,
വള്ളിപ്പടർപ്പിൽ പിണഞ്ഞു
വായും തുറന്നു
മണ്ണിൽ വീണതുറങ്ങുമ്പോൾ
വെള്ളോടിന്റെ കട്ടിപ്പൊൻനിറം
തവളപ്പച്ചയായിരിക്കുന്നു:
ജലത്തിന്റെ വിരലുകളായിരുന്നു,
കടലോരത്തിന്റെ നനവായിരുന്നു,
ലോഹത്തെ പച്ചയാക്കിയതും
മണിക്കു മാർദ്ദവം പകർന്നതുമവയായിരുന്നു.
എന്റെ കാടു കേറിയ തോട്ടത്തിലെ
പരുഷമായ പടർപ്പുകൾക്കിടയിൽ
യാതനപ്പെട്ടും മുറിപ്പെട്ടും
പുല്ലുകളിൽ മുറിപ്പാടുകൾ മറഞ്ഞും
ഈ പച്ചമണി:
ഇന്നതാരെയും വിളിക്കുന്നില്ല,
ആ പച്ചക്കോപ്പയ്ക്കു ചുറ്റും ആരും വന്നുകൂടുന്നില്ല,
ഒരു പൂമ്പാറ്റയല്ലാതെ:
വീണ മണിയ്ക്കു മേലതു തത്തിപ്പറക്കുന്നു,
പിന്നെ,
മഞ്ഞച്ചിറകുകളേറി പറന്നു രക്ഷപ്പെടുന്നു.
നമുക്കു കാത്തിരിക്കുക
വരുംനാളുകളുയർന്നുവരുന്നു,
അപ്പത്തിന്റെ മാവു പുളിച്ചുപൊന്തുമ്പോലെ,
അല്ലെങ്കിൽ കാത്തിരിക്കുന്നു,
കസേരകൾ പോലെ,
മരുന്നുകടകൾ പോലെ, പണിയാലകൾ പോലെ:
വരുംനാളുകൾക്കായൊരു പണിപ്പുരയുണ്ട്;
ആത്മാവിന്റെ പണിക്കാരവിടെ പണിതെടുക്കുകയാണ്,
തൂക്കിയെടുക്കുകയാണ്, ഒരുക്കിയെടുക്കുകയാണ്,
കഠിനമോ അനർഘമോ ആയ നാളുകൾ;
വരേണ്ട കാലത്തവ നിങ്ങളുടെ വാതില്ക്കൽ വന്നു മുട്ടും,
നിങ്ങൾക്കൊരോറഞ്ചു സമ്മാനിക്കാൻ,
അല്ലെങ്കിൽ നില്ക്കുന്ന നില്പിൽ നിങ്ങളെ കൊല ചെയ്യാൻ.
നക്ഷത്രങ്ങൾ
അങ്ങവിടെ, അങ്ങവിടെ, മണി മുട്ടുന്നവൻ കൈ ചൂണ്ടി:
ആ ദിക്കിലേക്കു കണ്ണു പായിച്ച ജനക്കൂട്ടം കണ്ടതു പക്ഷേ,
പതിവു കാര്യം തന്നെ: ചിലിയിലെ നീലിച്ച രാത്രി,
വിളർത്ത നക്ഷത്രങ്ങളുടെ സ്പന്ദനം.
പിന്നെയും ആളുകൾ വന്നു,
ഓരോ പകലും ഓരോ രാത്രിയും
ആകാശത്തെ താങ്ങിനിർത്തുന്നതെന്തെന്ന്
അന്നേ വരെ കണ്ടിട്ടില്ലാത്തവർ;
അത്രയധികമാളുകൾ, അത്രയും വിസ്മിതർ,
അവർ ചോദിക്കുകയായിരുന്നു, എവിടെ, എവിടെ?
മണി മുട്ടുന്നവനാവട്ടെ,
ഗൗരവം നിറഞ്ഞ ക്ഷമയോടയാൾ ചൂണ്ടിക്കാട്ടുകയായിരുന്നു,
നക്ഷത്രങ്ങൾ നിറഞ്ഞ രാത്രിയെ,
മറ്റേതു രാത്രിയും പോലായ ഒരു രാത്രിയെ.
El mar y las campanas കടലും മണികളും (1973)
ഒരു നായയുടെ മരണം
എന്റെ നായ ചത്തു.
തോട്ടത്തിൽ തുരുമ്പെടുത്തൊരു യന്ത്രത്തിനരികെ
ഞാനവനെ കുഴിച്ചുമിട്ടു.
അവിടെ, അധികമാഴത്തിലല്ലാതെ,
ആഴം കുറയാതെയും,
വരുന്നൊരുകാലം
എന്റെ ചൂളം വിളി കേട്ടെഴുന്നേറ്റു വന്ന്‍
അവനെന്നെയെതിരേൽക്കും.
അവന്റെ കുപ്പായവും
അവന്റെ ദുശ്ശീലങ്ങളും
നീരൊലിക്കുന്ന മൂക്കുമായി
അവൻ മുമ്പേ പോയി.
ഞാൻ, ഭൗതികവാദി,
ഒരു താരാവൃതസ്വർഗ്ഗം മനുഷ്യനു വാഗ്ദത്തമാണെന്ന
വിശ്വാസമില്ലാത്തവൻ,
ഞാൻ വിശ്വസിക്കുന്നു,
ഈ നായയ്ക്കും മറ്റു നായകൾക്കുമായി
ഒരു സ്വർഗ്ഗമുണ്ടെന്ന്;
അതെ, ഞാൻ കടക്കാത്തൊരു സ്വർഗ്ഗത്തിൽ
ഞാൻ വിശ്വസിക്കുന്നു.
പക്ഷേ വിശറി പോലത്തെ വാലുമാട്ടി
അവൻ കാത്തുനില്ക്കുമ്പോൾ
വൈകാതെ അവിടെയെത്തുന്ന എനിക്ക്
ഒരു സ്വാഗതത്തിന്റെ സമാശ്വാസം കിട്ടുമല്ലോ.
ഇല്ല, അവൻ കൂട്ടു പിരിഞ്ഞതിലെ ദുഃഖത്തെക്കുറിച്ചു
ഞാൻ മിണ്ടുന്നില്ല,
അവനെന്റെ സേവകനായി താണിട്ടുമില്ല.
അവനെനിക്കു തന്നത്
സ്വന്തം പരമാധികാരം കാക്കുന്ന
ഒരു മുള്ളൻപന്നിയുടെ സൗഹൃദമായിരുന്നു,
സ്വതന്ത്രമായൊരു നക്ഷത്രത്തിന്റെ സൗഹൃദം,
ആവശ്യത്തിൽക്കവിഞ്ഞ അടുപ്പമില്ലതിൽ,
അതിശയോക്തികളുമില്ല.
തന്റെ പൂടയും ചെള്ളുകളും കൊണ്ടെന്നെപ്പൊതിയാൻ
അവനെന്റെ മടിയിൽ ചാടിക്കയറിയിട്ടില്ല,
കാമം പെരുത്ത മറ്റു നായ്ക്കളെപ്പോലെ
എന്റെ കാൽമുട്ടിൽ വന്നുരുമ്മാനും വന്നിട്ടില്ല.
എന്റെ നായ എന്നെ നോക്കിനിന്നിട്ടുണ്ട്,
എനിക്കു വേണ്ടത്ര പരിഗണനയും നല്കിക്കൊണ്ട്;
ഒരു നായയായ അവൻ,
എന്റേതിനെക്കാൾ നിർമ്മലമായ കണ്ണുകളുള്ളവൻ,
അവന്റെ സമയം പാഴാക്കുകയാണെന്ന്
പൊങ്ങച്ചക്കാരനായ ഒരു മനുഷ്യനെ അറിയിക്കാനുള്ള പരിഗണനയേ
അതിലുണ്ടായിരുന്നുള്ളു പക്ഷേ.
അവൻ എന്നെയും നോക്കിയിരിക്കാറുണ്ടായിരുന്നു;
അതിലവൻ എനിക്കു മാത്രമായി കരുതിവച്ചുമിരുന്നു
സകലമാധുര്യവും:
തന്റെ മുഷിഞ്ഞ ജീവിതം,
നിശ്ശബ്ദജീവിതം,
ഒരിക്കലുമെന്നെ സൊല്ലപ്പെടുത്താതെ,
എന്നിൽ നിന്നൊന്നുമാവശ്യപ്പെടാതെ.
ഹാ, ഇവ നെഗ്രായിലെ* മഞ്ഞുകാലത്ത്
അതിരറ്റ ഏകാന്തതയിൽ
കടലോരത്തവനോടൊപ്പം നടക്കുമ്പോൾ
എത്ര മോഹിച്ചിരിക്കുന്നുവെന്നോ
ഞാനൊരു വാലിനായി:
ഞങ്ങൾക്കു മുകളിൽ
ഹിമപ്പക്ഷികൾ മാനം തുളച്ചുപോയി,
കടലിന്റെ ഊർജ്ജം പകർന്നും
വാൽരോമങ്ങളെഴുന്നും
എന്റെ നായ തുള്ളിച്ചാടി നടന്നു.
കടലിന്റെയും നുരയുടെയും മുഖത്ത്
തന്റെ സ്വർണ്ണവാലെടുത്തു വീശിയും,
ചുറ്റും മണത്തുനോക്കിയും
എന്റെ നായ ഓടിനടന്നു.
ഹാ, നായ്ക്കൾക്കു മാത്രമറിവുള്ള ഒരാഹ്ളാദത്തോടെ
അവന്‍ ആനന്ദിച്ചുനടന്നു,
തീർത്തും ലജ്ജാഹീനമായൊരു പ്രകൃതവുമായി.
ചത്തുപോയ എന്റെ നായയ്ക്കു ഞാൻ വിട പറയുന്നില്ല,
ഞങ്ങൾക്കിടയിലന്നുമിന്നും നുണകൾ കയറിക്കൂടിയിട്ടുമില്ല.
അവൻ പോയി, ഞാനവനെയടക്കി, അതോടെ അതു കഴിഞ്ഞു.
*നെരൂദ അവസാനകാലത്ത് വീടു വച്ചു താമസിച്ചിരുന്ന ദ്വീപ്
Jardin de invierno ഹേമന്തോദ്യാനം (1974)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ