2018, ജനുവരി 28, ഞായറാഴ്‌ച

ആന്റൺ ചെക്കോഫ് - തടിച്ചയാളും മെലിഞ്ഞയാളും



ഒരിക്കൽ നിക്കോളയേവ് സ്റ്റേഷനിൽ വച്ച് രണ്ടു കൂട്ടുകാർ കണ്ടുമുട്ടി; ഒരാൾ നന്നായി തടിച്ചിട്ടായിരുന്നു, മറ്റേയാൾ ശരിക്കും മെലിഞ്ഞും. തടിച്ചയാൾ സ്റ്റേഷനിൽ നിന്ന് ഡിന്നർ കഴിച്ചിറങ്ങുകയായിരുന്നു; വെണ്ണയുടെ മയം മാറാത്ത ചുണ്ടുകൾ മൂത്ത ചെറിപ്പഴങ്ങൾ പോലെ മിനുങ്ങുന്നു. മേൽത്തരം വീഞ്ഞിന്റെയും വാസനത്തൈലത്തിന്റെയും മണം അയാളെ ചൂഴ്ന്നുനില്ക്കുന്നുണ്ട്. മെലിഞ്ഞയാൾ ട്രെയിനിൽ നിന്ന് ഇറങ്ങിയപാടെയാണ്‌. കുറേ സഞ്ചികളും കെട്ടുകളും പെട്ടികളും അയാൾ അടുക്കിപ്പിടിച്ചിരിക്കുന്നു. പന്നിയിറച്ചിയും വില കുറഞ്ഞ കാപ്പിപ്പൊടിയുമാണ്‌ അയാളെ മണക്കുന്നത്. അയാളുടെ പിന്നിൽ നിന്നെത്തിനോക്കുന്ന താടി കൂർത്ത, മെലിഞ്ഞ സ്ത്രീ അയാളുടെ ഭാര്യയാണ്‌, ഒരു കണ്ണ്‌ ചുരുക്കിപ്പിടിച്ച, ഉയരം കൂടിയ പയ്യൻ അയാളുടെ മകനുമാണ്‌.

“പോർഫിറി!” മെലിഞ്ഞയാളെ കണ്ട തടിച്ചയാൾ അത്ഭുതം കൂറി. “ഇത് താൻ തന്നെയാണോടോ? എന്റെ ചങ്ങാതീ! നമ്മൾ തമ്മിൽ കണ്ടിട്ടെത്ര കാലമായെടോ!”

“കർത്താവേ!” മെലിഞ്ഞയാൾക്കും അത്ഭുതമായി. “മിഷാ! ഇതെന്റെ കുട്ടിക്കാലത്തെ കൂട്ടുകാരൻ. താനിപ്പോൾ എവിടുന്നു പൊട്ടിവീണു?”

ചങ്ങാതിമാർ മൂന്നു തവണ കെട്ടിപ്പിടിച്ചിട്ട് നനഞ്ഞ കണ്ണുകളോടെ അന്യോന്യം നോക്കിനിന്നു.
“എന്റെ കൂട്ടുകാരാ!” കെട്ടിപ്പിടിക്കലൊക്കെ കഴിഞ്ഞ് മെലിഞ്ഞയാൾ പറഞ്ഞു. “ഞാനിത് തീരെ പ്രതീക്ഷിച്ചില്ല! എന്നെ ശരിക്കൊന്നു നോക്കിയേ. താൻ അന്നത്തെപ്പോലെ തന്നെ ഒരു സുന്ദരക്കുട്ടപ്പൻ തന്നെ ഇപ്പോഴും! എന്റെ കർത്താവേ! അതിരിക്കട്ടെ, വിശേഷങ്ങൾ പറയൂ. പണമൊക്കെ ഉണ്ടാക്കിയോ? കല്യാണം കഴിഞ്ഞോ? എന്റെ വിവാഹം കഴിഞ്ഞു. ഇതെന്റെ ഭാര്യ ലൂയിസ, മുമ്പ് വാൻസെൻബാഹ് ആയിരുന്നു, ലൂഥറൻ സഭ; ഇതെന്റെ മകൻ, നഥാനിയേൽ, മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. നഥാനിയേൽ, ഇതെന്റെ പഴയ ഒരു കൂട്ടുകാരനാണ്‌; സ്കൂളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു.“

നഥാനിയേൽ ഒന്നാലോചിച്ചിട്ട് തൊപ്പിയൂരി.

”ഞങ്ങൾ സ്കൂളിൽ ഒരുമിച്ചായിരുന്നു.“ മെലിഞ്ഞയാൾ തുടർന്നു. ”അവർ തന്നെ കളിയാക്കാറുള്ളത് താൻ ഓർക്കുന്നുണ്ടോ? പാഠപുസ്തകം എരിയുന്ന സിഗററ്റ് വച്ചു കരിച്ചതിന്‌ ഹെറോസ്ട്രാറ്റസ് എന്നായിരുന്നു തനിക്കിട്ടിരുന്ന ഇരട്ടപ്പേര്‌; കെട്ടുകഥകൾ പറഞ്ഞുനടക്കുന്നതിനാൽ ഞാൻ എഫിയാല്റ്റസ്സുമായി! അന്നൊക്കെ ഞങ്ങൾ ആരായിരുന്നു! നാണിക്കേണ്ട, നഥാനിയേൽ, അടുത്തു ചെന്നോ; ഇതെന്റെ ഭാര്യ, മുമ്പ് വാൻസെൻബാഹ് ആയിരുന്നു, ലൂഥറൻ സഭയിൽ.“

നഥാനിയേൽ ആലോചിച്ചുനിന്നിട്ട് അച്ഛന്റെ പിന്നിൽ അഭയം തേടി.

”അതിരിക്കട്ടെ, തന്റെ കാര്യമൊക്കെ എങ്ങനെ?“ തടിച്ചയാൾ സന്തോഷത്തോടെ കൂട്ടുകാരനെ നോക്കിക്കൊണ്ട് ചോദിച്ചു. ”താൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടോ അതോ പിരിഞ്ഞോ?“

”ഇപ്പോഴും ജോലിയിൽത്തന്നെയാണ്‌ ചങ്ങാതീ. രണ്ടു കൊല്ലമായി കോടതിയിൽ അസ്സെസ്സർ ആണ്‌; ഒരു സ്റ്റാനിസ്ലാവും കിട്ടിയിട്ടുണ്ട്. ശമ്പളമൊക്കെ കുറവാണ്‌, അതു കാര്യമാക്കേണ്ട. ഭാര്യ പാട്ടു പഠിപ്പിക്കുന്നുണ്ട്, ഞാൻ സ്വകാര്യമായി തടി കൊണ്ട് സിഗററ്റ് കൂടും ഉണ്ടാക്കുന്നു; നല്ല ഒന്നാന്തരം കൂടുകൾ! ഒന്നിന്‌ ഒരു റൂബിൾ വച്ചു വില്ക്കും. പത്തിൽ കൂടുതലെടുത്താൽ കിഴിവുമുണ്ട്, കേട്ടോ. അങ്ങനെയൊക്കെ തട്ടിമുട്ടി പോകുന്നു. മുമ്പ് ഞാൻ ക്ലാർക്ക് ആയിരുന്നു, ഇപ്പോൾ ഇങ്ങോട്ട് ഹെഡ് ക്ലാർക്ക് ആയി സ്ഥലം മാറ്റം കിട്ടിയിരിക്കുകയാണ്‌. തന്റെ കാര്യമൊക്കെ എങ്ങനെ? ഇപ്പോഴൊരു കൗൺസിലർ ആയിട്ടുണ്ടാവും, അല്ലേ?“

”അല്ലെടോ, അതിനും മുകളിലാണ്‌,“ തടിച്ചയാൾ പറഞ്ഞു. ”ഞാനിപ്പോൾ പ്രിവി കൗൺസിലറാണ്‌...“

മെലിഞ്ഞയാൾ പെട്ടെന്ന് വിളറിയ പോലെയായി; വേരിറങ്ങിയപോലെ അയാൾ നിന്നു. വലിച്ചുനീട്ടിയ ഒരു പുഞ്ചിരി കൊണ്ട് അയാളുടെ മുഖം വക്രിച്ചു; അതിന്റെ സ്ഫുരണങ്ങൾ അയാളുടെ മുഖത്തും കണ്ണുകളിലും നിന്നു ചിതറുന്നപോലെ തോന്നി. അയാൾ വളഞ്ഞുകൂടി, ഒടിഞ്ഞുമടങ്ങി, ചുരുണ്ടുകൂടി. അയാളുടെ കൈയിലെ പെട്ടികളും കെട്ടുകളും സഞ്ചികളും അതേപോലെ ചുരുണ്ടുകൂടിയെന്നു തോന്നി. അയാളുടെ ഭാര്യയുടെ കൂർത്ത താടി ഒന്നുക്ടി കൂർത്തു. നഥാനിയേൽ അറ്റൻഷനായി നീണ്ടുനിവർന്നു നിന്നിട്ട് യൂണിഫോമിന്റെ ബട്ടണുകളെല്ലാം പിടിച്ചിട്ടു.

”എനിക്ക്...യുവർ എക്സലൻസി...വളരെ സന്തോഷമായി! കുട്ടിക്കാലത്തെ ഒരു കൂട്ടുകാരൻ, അങ്ങനെ പറയാമോ എന്തോ, പെട്ടെന്ന് വലിയൊരാളാവുക! ഹി, ഹി!“

”മതി, മതി!“ തടിച്ചയാൾ നീരസത്തോടെ നെറ്റി ചുളിച്ചുകൊണ്ടു പറഞ്ഞു. ”എന്തിനാ ഇങ്ങനെയൊരു ഭാവമാറ്റം? നമ്മൾ പണ്ടു മുതലേ കൂട്ടുകാരല്ലേ? പദവിയോടുള്ള ഈ ബഹുമാനമൊന്നും ആവശ്യമില്ല.“

”അയ്യയ്യോ! യുവർ എക്സലൻസി എന്താണീ പറയുന്നത്?“ ഒന്നുകൂടി ചെറുതായിക്കൊണ്ട് അയാൾ അമർത്തിച്ചിരിച്ചു. ”അങ്ങയുടെ ദാക്ഷിണ്യപൂർവ്വമായ ശ്രദ്ധ മന്നാ പോലെയാണ്‌...ഇത്, യുവർ എക്സലൻസി, എന്റെ മകൻ നഥാനിയേലാണ്‌...ഇതെന്റെ ഭാര്യ, ലൂയിസ, ഒരു തരത്തിൽ പറഞ്ഞാൽ ഒരു ലൂഥറൻ...“

തടിച്ചയാൾ എന്തോ തിരിച്ചുപറയാൻ ഒരുങ്ങിയതാണ്‌; പക്ഷേ മെലിഞ്ഞയാളിന്റെ മുഖത്തെ ആ അമിതബഹുമാനം, ആ കീടഭാവം, ആ ഒലിപ്പിക്കൽ കണ്ടപ്പോൾ കൗൺസിലർക്കു മനം പുരട്ടി. അയാൾ അവിടെ നിന്നു മാറിപ്പോയി; പോകുന്ന വഴിക്ക് അയാൾ മറ്റേയാളുടെ നേർക്ക് ഒന്നു കൈ നീട്ടുകയും ചെയ്തു.

മെലിഞ്ഞയാൾ അതിൽ മൂന്നു വിരലുകളിൽ ഒന്നു തൊട്ടിട്ട് തന്റെ ശരീരമെല്ലാമെടുത്ത് താണുവണങ്ങി; എന്നിട്ട് ഒരു ചൈനാക്കാരനെപ്പോലെ അമർത്തിച്ചിരിച്ചു: ”ഹി-ഹി-ഹി!“

അയാളുടെ ഭാര്യ ഒന്നു പുഞ്ചിരിച്ചു. നഥാനിയേൽ കാലടി കൊണ്ട് നിലത്തൊന്നു വരച്ചിട്ട് തൊപ്പി താഴെയിട്ടു. മൂന്നു പേരും ആവോളം വികാരാധീനരുമായിരുന്നു.



*ഹെറോസ്ട്രാറ്റസ് - പ്രാചീനലോകത്തെ ഏഴു മഹാത്ഭുതങ്ങളിൽ ഒന്നായ ആർട്ടിമീസിന്റെ ക്ഷേത്രം തീ വച്ചു നശിപ്പിച്ച ഗ്രീക്കുകാരൻ. ക്രിസ്തുവിനു മുമ്പ് ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. പേരെടുക്കാൻ വേണ്ടിയാണ്‌ താനത് ചെയ്തതെന്ന് അയാൾ കുറ്റസമ്മതം നടത്തുന്നുണ്ട്. ഏതു വിധേനയും പ്രശസ്തനാവാൻ നോക്കുന്നവർക്കുള്ള പര്യായമായിട്ടുണ്ട് അയാളുടെ പേര്‌.
*എഫിയാല്റ്റസ് - ഒരു ഗ്രീക്ക് രാഷ്ട്രതന്ത്രജ്ഞൻ
*അസ്സെസ്സർ - ജഡ്ജിയുടെയോ മജിസ്ട്രേറ്റിന്റെയോ സഹായി
*സ്റ്റാനിസ്ലാവ്- ഓർഡർ ഒഫ് സെയിന്റ് സ്റ്റാനിസ്ലാവ് - റഷ്യയിലെ റൊമാനോവ് രാജവംശം ഏർപ്പെടുത്തിയ ഒരു മെഡൽ
*പ്രിവി കൗൺസിലർ- സാറിസ്റ്റ് റഷ്യയിൽ ലെഫ്. ജനറലിനു തുല്യമായ സിവിൽ പദവി

Fat And Thin

Two friends -- one a fat man and the other a thin man -- met at the Nikolaevsky station. The fat man had just dined in the station and his greasy lips shone like ripe cherries. He smelt of sherry and fleur d'orange. The thin man had just slipped out of the train and was laden with portmanteaus, bundles, and bandboxes. He smelt of ham and coffee grounds. A thin woman with a long chin, his wife, and a tall schoolboy with one eye screwed up came into view behind his back.
"Porfiry," cried the fat man on seeing the thin man. "Is it you? My dear fellow! How many summers, how many winters!"
"Holy saints!" cried the thin man in amazement. "Misha! The friend of my childhood! Where have you dropped from?"
The friends kissed each other three times, and gazed at each other with eyes full of tears. Both were agreeably astounded.
"My dear boy!" began the thin man after the kissing. "This is unexpected! This is a surprise! Come have a good look at me! Just as handsome as I used to be! Just as great a darling and a dandy! Good gracious me! Well, and how are you? Made your fortune? Married? I am married as you see. . . . This is my wife Luise, her maiden name was Vantsenbach . . . of the Lutheran persuasion. . . . And this is my son Nafanail, a schoolboy in the third class. This is the friend of my childhood, Nafanya. We were boys at school together!"
Nafanail thought a little and took off his cap.
"We were boys at school together," the thin man went on. "Do you remember how they used to tease you? You were nicknamed Herostratus because you burned a hole in a schoolbook with a cigarette, and I was nicknamed Ephialtes because I was fond of telling tales. Ho--ho! . . . we were children! . . . Don't be shy, Nafanya. Go nearer to him. And this is my wife, her maiden name was Vantsenbach, of the Lutheran persuasion. . . ."
Nafanail thought a little and took refuge behind his father's back.
"Well, how are you doing my friend?" the fat man asked, looking enthusiastically at his friend. "Are you in the service? What grade have you reached?"
"I am, dear boy! I have been a collegiate assessor for the last two years and I have the Stanislav. The salary is poor, but that's no great matter! The wife gives music lessons, and I go in for carving wooden cigarette cases in a private way. Capital cigarette cases! I sell them for a rouble each. If any one takes ten or more I make a reduction of course. We get along somehow. I served as a clerk, you know, and now I have been transferred here as a head clerk in the same department. I am going to serve here. And what about you? I bet you are a civil councillor by now? Eh?"
"No dear boy, go higher than that," said the fat man. "I have risen to privy councillor already . . . I have two stars."
The thin man turned pale and rigid all at once, but soon his face twisted in all directions in the broadest smile; it seemed as though sparks were flashing from his face and eyes. He squirmed, he doubled together, crumpled up. . . . His portmanteaus, bundles and cardboard boxes seemed to shrink and crumple up too. . . . His wife's long chin grew longer still; Nafanail drew himself up to attention and fastened all the buttons of his uniform.
"Your Excellency, I . . . delighted! The friend, one may say, of childhood and to have turned into such a great man! He--he!"
"Come, come!" the fat man frowned. "What's this tone for? You and I were friends as boys, and there is no need of this official obsequiousness!"
"Merciful heavens, your Excellency! What are you saying. . . ?" sniggered the thin man, wriggling more than ever. "Your Excellency's gracious attention is like refreshing manna. . . . This, your Excellency, is my son Nafanail, . . . my wife Luise, a Lutheran in a certain sense."
The fat man was about to make some protest, but the face of the thin man wore an expression of such reverence, sugariness, and mawkish respectfulness that the privy councillor was sickened. He turned away from the thin man, giving him his hand at parting.
The thin man pressed three fingers, bowed his whole body and sniggered like a Chinaman: "He--he--he!" His wife smiled. Nafanail scraped with his foot and dropped his cap. All three were agreeably overwhelmed.


2018, ജനുവരി 22, തിങ്കളാഴ്‌ച

യൂഷെനിയോ ദെ അന്ദ്രാജ് - ഗദ്യകവിതകൾ




കവിത അതുപോലെയാണ്‌


എവിടെയാണുറക്കമുണർന്നതെന്ന് എനിക്കു ബോധമുണ്ടായിരുന്നില്ല; നീണ്ടുനീണ്ടൊരിടനാഴിയുടെ അങ്ങേയറ്റത്ത് വെളിച്ചം ഇല്ലാതാവുകയായിരുന്നു; ഇരുവശവുമുള്ള മുറികളിലൊന്നിൽ നീയുണ്ട്; എത്ര നീണ്ട, നീണ്ട നേരമെടുക്കണം, അവിടെയെത്താൻ; ഒരു കുട്ടിയുടെ ചുവടുകളാണെന്റേതെങ്കിലും നിന്റെ കണ്ണുകൾ കാത്തിരിക്കുകയാണെന്നെ, എന്തു മാത്രം, എന്തു മാത്രം സ്നേഹവുമായി; എന്നെക്കാണാൻ നീ ഓടിവരുന്നു, ഞാൻ വായുവിൽ തടഞ്ഞുവീഴുമോയെന്ന പേടിയോടെ- ഹാ, ഏതു സംഗീതത്തിലും മേലെയാണത്


തെക്കു നിന്നൊരു കഥ


ഞാനോർക്കുന്നു, രാത്രിയായിക്കഴിഞ്ഞിരുന്നു, നാരകമരങ്ങളും മുറ്റങ്ങളുടെ കയങ്ങളിൽ നിഴലുകളുടെ മിനുക്കവുമുണ്ടായിരുന്ന ആ തെക്കൻ നഗരത്തിൽ ഒരു കൊച്ചു വെളുത്ത നായയുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പാണത്, ദൂരേ നിന്നതു വരുന്നതു ഞാൻ കണ്ടു; അതിനൊരു ലക്ഷ്യമുണ്ടെന്നത് വ്യക്തമായിരുന്നു, ഒരു നായയുടെ പരിമിതനിയോഗം, എങ്കില്ക്കൂടി അതൊരു നിയോഗം തന്നെ. നിർജ്ജനമായ രാത്രിയിൽ, കടിച്ചുപിടിച്ച ഒരെല്ലുമായി അവൻ തന്റെ ജീവിതം ജീവിക്കുകയായിരുന്നു; തുറമുഖത്തിന്റെ കൊഴുത്ത ഇരുട്ടിലേക്കു നിർഗ്ഗമിക്കുന്ന ഇടത്തെരുവുകളിലൊന്നിൽ തള്ളപ്പട്ടി അവനെ കാത്തുനില്പുണ്ടെന്നു വരാം; എന്നാൽ ഒപ്പം തന്നെ അവൻ എന്നെയും കണ്ടു; ആളൊഴിഞ്ഞ തെരുവിൽ ഞാൻ മാത്രമേ കാത്തുനില്ക്കുന്നുള്ളു എന്നതിനാൽ അതെളുപ്പവുമായിരുന്നു. അമർത്തിപ്പിടിച്ച ഉത്സാഹത്തോടെ അടുത്തുവന്ന് അവൻ എന്റെ മുന്നിൽ നിന്നു; എല്ലിൻ കഷണം താഴെയിട്ടിട്ട് അവൻ പിൻകാലുകളിൽ കുന്തിച്ചിരുന്നു; അവന്റെ കണ്ണുകൾ എന്നോടു പറയുകയായിരുന്നു, ഇനി മേൽ തന്റെ എല്ലും തള്ളപ്പട്ടിയും നിയോഗവുമെല്ലാം ഞാനായിരിക്കുമെന്ന്. ഞാൻ കുനിഞ്ഞ് അവനെ തലോടി, എനിക്കവനോടുള്ള സ്നേഹത്തെക്കുറിച്ചും കുറച്ചു നേരം മുമ്പ് എനിക്കു പറ്റിയ മുറിവിനെക്കുറിച്ചും (അത് വേഗം ഉണങ്ങാനുള്ളതേയുള്ളു) അവനോടു പറഞ്ഞു; എന്നാൽ അവന്റേതിനെക്കാൾ അപകടത്തിലായിരുന്നു, എന്റെ നിയോഗം; വന്നതും പോകേണ്ട നേരമായിരിക്കുന്നു എനിക്ക്; വെള്ളയടിച്ച മേൽമറകളുടെ മണം നുകരാനുള്ള നേരം പോലും എനിക്കു കിട്ടിയില്ല. ഞാൻ ചില ചുവടുകൾ വച്ചു, അവൻ പിന്നാലെ വരുമെന്ന് എനിക്കറിയാമായിരുന്നു; ഞാൻ നിന്നു, അവനും നിന്നു, ഞാൻ പിന്നെയും നടക്കാൻ തുടങ്ങി, അവനും പിന്നാലെ വരാൻ തുടങ്ങി, ഞാൻ പിന്നെയും അവനെ തലോടി; ആ കണ്ണുകൾ, നനവാർന്ന ആ കണ്ണുകൾ, അവ, അങ്ങനെ പറയാമെങ്കിൽ, എന്റെ അമ്മയുടെ കണ്ണുകൾ പോലെയായിരുന്നു; ഞാൻ പിന്നെയും അവനോടു സംസാരിച്ചു; അവനെ കൂടെക്കൂട്ടാൻ പറ്റാത്തതിന്‌, എനിക്കു നില്ക്കാൻ പറ്റാത്തതിന്‌ ഞാൻ ക്ഷമ ചോദിച്ചു: കൂട്ടുകാരുമായി യാത്ര ചെയ്യുന്നത് തോളത്തൊരു ചാക്കുസഞ്ചിയുമായി ചുറ്റിത്തിരിയുന്നതുപോലല്ലല്ലോ, നീയതു മനസ്സിലാക്കണം. ഇല്ല, അവനതു മനസ്സിലായിട്ടില്ല, ആ തരം യുക്തികൾ അവനു മനസ്സിലാവുകയുമില്ല. ഭൂമി പോലെ ഇത്ര തരിശ്ശായൊരിടം വേറെയില്ല, ചോരയുടെ നേർത്തൊരിഴ പോലത്രയും സ്നേഹമേ ശേഷിച്ചിട്ടുള്ളു, അത്ര പോലും ഉണ്ടാവണമെന്നില്ല, ഒരു പുല്ക്കൊടിയിൽ ഒരൊച്ചു വീഴ്ത്തിയ പശയുടെ കറ പോലത്ര കുറച്ചുമാകാം. പെട്ടെന്ന് ഒരു മണി മുഴങ്ങി, ഞങ്ങൾക്കു ചുറ്റും ആളുകളായി, തരിശുനിലത്തിന്റെ വിസ്താരം കൂടിവന്നു, അവൻ എന്നെത്തന്നെ നോക്കിനിന്നു, എത്രയുമഗാധമായ ഉറവുകളിൽ നിന്നു വെള്ളമൂറിവരുന്ന ആ കണ്ണുകൾ, എങ്ങനെ ഞാനവ മറക്കാൻ? എന്റെ കൂട്ടുകാർ പെട്ടെന്നതു ശ്രദ്ധിച്ചു (എന്തു സമർത്ഥരാണവർ), ഞങ്ങൾ തമ്മിലുള്ള ആ കാതരബന്ധം. അവർ പിന്നെ വിശദീകരണങ്ങളായി: ആ കൊച്ചുനായയ്ക്ക് ഒരുടമസ്ഥൻ തീർച്ചയായും ഉണ്ടായിരിക്കണം, നാടൻ ഇനമാണെങ്കിലും തെണ്ടിപ്പട്ടിയല്ല അതെന്നതിനു സംശയമില്ല, ഇനിയഥവാ എനിക്കൊരു നായയെ വേണമെന്നാണെങ്കിൽ അതെത്രയെങ്കിലും കിട്ടാനുണ്ടല്ലോ, ഇതിലും കാണാൻ കൊള്ളാവുന്ന ആയിരക്കണക്കിനെണ്ണത്തെ കിട്ടാവുന്നതേയുള്ളു, അതിനും പുറമേ അതിർത്തിയിലെ ചെക്ക്പോസ്റ്റുകൾ, ഇതുപോലത്തെ ഒരു നാടൻ പട്ടിക്കു വേണ്ടി ഇത്രയൊക്കെ ഉപദ്രവം സഹിക്കണോ? നീ കണ്ടില്ലേ, അവർക്കു മനസ്സിലായിട്ടില്ല; നിന്റെ കണ്ണുകളിലുള്ള മഞ്ഞുതുള്ളിയുടെ വേരവർ കണ്ടിട്ടില്ല; അവർ കാറിൽ കയറി, ഞാനവനെ ഒന്നുകൂടി തലോടി; കാറു വിട്ടുപോന്ന സ്ഥലത്ത് അവൻ നില്ക്കുന്നത് പിനിലെ ഗ്ലാസ്സിലൂടെ ഞാൻ കണ്ടു. ആകാംക്ഷയോടെ നിലത്തു മണത്തിട്ട് ഒന്നും പിടി കിട്ടാത്തപോലെ തല പൊക്കി നോക്കുകയാണവൻ. ഒരു കാറ്റു വന്ന് എന്നെയുമെടുത്തു പോകുന്നതെങ്ങനെ എന്നവനു മനസ്സിലായില്ല. അസാദ്ധ്യസ്നേഹം, എന്റെ കുഞ്ഞേ, നിന്നെ തട്ടിയുറക്കി ശിഷ്ടജീവിതം ഞാൻ നയിക്കും. ആളുകൾ പിരിഞ്ഞുപൊയ്ക്കൊണ്ടിരുന്നു, സിനിമാടാക്കീസിലെ അവസാനത്തെ ലൈറ്റുകളും അണഞ്ഞു, തെരുവിൽ ഇരുട്ടായി, വൈകാതെ അത് വിജനവുമാകും.


അമ്മമാർ.


ഞാൻ അലെന്റെഹോയിലേക്കു മടങ്ങുമ്പോഴേക്കും ചീവീടുകളൊക്കെ മണ്ണടിഞ്ഞിട്ടുണ്ടാവും; വേനൽക്കാലം മുഴുവൻ വെളിച്ചത്തെ പാട്ടുകളാക്കുകയായിരുന്നു അവ: അതിലുമുജ്ജ്വലമായ ഒരു ജാതകം എന്റെ അറിവിലില്ല. അവിടെ ഉറപ്പായും നാം കാണുക, വിലാപത്തിന്റെ കരിനിഴലുകൾ വാരിപ്പുതച്ച ആ സ്ത്രീകളെയാണ്‌: മരിച്ച മണ്ണിന്റെ അനാഥസന്തതികളെപ്പോലെ. ബറാന്റൊയിലും കാസ്ട്രോ ലബോറൈയിലും മാത്രമല്ല, സൂര്യനുദിക്കുന്ന ഏതു ദേശത്തും അവരെ കാണാം: കോറിയായിലും കാറ്റേനിയായിലും, മിസ്ട്രാസിലും സാന്താ ക്ളാരാ ഡെൽ കോബ്രെയിലും, വാർച്ചറ്റ്സിലും ബേനി മഹാലിലും: എന്തെന്നാൽ, അവരാണ്‌ അമ്മമാർ. നിശിതമോ നിദ്രാണമോ ആയ ഒരു നോട്ടം; ഒരഴി പോലെയോ, അത്രയും പോലും മാസം താങ്ങാനാവാത്ത പോലെയോ ഒരുടൽ: അവരാണ്‌ അമ്മമാർ. നിങ്ങളുടെ; മുഖത്തു ചാലു കീറാൻ കാറ്റിനു നേരം കിട്ടും മുമ്പേ അമ്മ മരിച്ചു പോയിരുന്നില്ലെങ്കിൽ എന്റെയും. ആദ്യതാരം പിറക്കുമ്പോഴേ അവർ ഇവിടെ ഉണ്ടായിരുന്നിരിക്കണം. അവരുടെ സഹനശീലത്തെക്കുറിച്ചെന്തു പറയാൻ! വെയിലു വാട്ടിയ മുൾച്ചെടി കൊണ്ടാണ്‌ അവരെ നിർമ്മിച്ചതെന്നു തോന്നും; മരണമില്ലാത്തവരാണവരെന്നു തോന്നും; തല്ലിക്കെടുത്തിയാൽ കെടാത്ത തീയുടെ പ്രകൃതമാണവർക്കെന്നെങ്കിലും. ദുർബലമായ വിരലുകൾ കൊണ്ട് നമുക്കവർ സ്വപ്നങ്ങളുടെ വല നെയ്തു തരുന്നു; തലയിലെ തട്ടങ്ങളുടെ ഇരുട്ടിൽ അരിച്ചെടുത്ത വെളിച്ചം കൊണ്ട് നമ്മെ ഊട്ടുന്നു. ചിലപ്പോഴാവട്ടെ, വെള്ളയടിച്ച ചുമരുകളിൽ ചാരി, പകലുകൾ കടന്നുപോകുന്നതും നോക്കി അവരിരിക്കുന്നതു കാണാം; അപ്പോഴവർ ഒരു റൊട്ടിക്കഷണം വായിലിട്ടു ചവയ്ക്കുന്നുണ്ടാവും; അല്ലെങ്കിൽ ഒടുവിൽ പിറന്ന പേരക്കുട്ടിക്കായി ഒരു കമ്പിളിക്കാലുറ തുന്നുകയാവും. മറ്റു ചിലപ്പോൾ ഒരിടത്തെരുവിൽ നിന്നു മറ്റൊന്നിലേക്ക് അവർ നടന്നുപോകുന്നതു കാണാം, ഒരു തീപ്പെട്ടിയോ അല്പം ഉപ്പോ കടം വാങ്ങാൻ; പരേതാത്മാക്കളെ കൂട്ടിനു പിടിച്ച് അതിനു നന്ദി പറയാൻ; പിന്നെ സ്വന്തം വീടുകളുടെ ഊഷ്മളതയിലേക്കു മടങ്ങാൻ; ഒരു തുള്ളി കാപ്പി അനത്തിക്കുടിയ്ക്കാൻ; മുറ്റം അടിച്ചുവാരി ജറേനിയത്തിനു വെള്ളമൊഴിക്കാൻ. അവരാണ്‌ അമ്മമാർ; സ്ഥലകാലങ്ങൾക്കപ്പു റത്തുള്ളവരെന്ന് ഗെയ്ഥേ പറഞ്ഞവർ; സ്വർഗ്ഗത്തെക്കാൾ, നരകത്തെക്കാൾ പ്രായം ചെന്നവർ; കണ്ണുകളിൽ ശൂന്യതയോ നഷ്ടബോധമോ മാത്രമുള്ളവർ; അല്ലെങ്കിൽ കണ്ണുകളിൽ കനലെരിയുന്നവർ. ഒറ്റയ്ക്കോ എണ്ണമറ്റോ, നിങ്ങൾക്കു മുന്നിൽ അവർ: ശാന്തഗംഭീരകളായി, നിശബ്ദരായി, ഭവ്യമായ നിശ്ചലതയുമായി. അവർ മറന്നുപോയിരിക്കുന്നു,തങ്ങളായിരുന്നു, മനുഷ്യന്‍ കണ്ട ആദ്യത്തെ മഞ്ഞുതുള്ളിയെന്ന്, അവൻ കണ്ട ആദ്യവെളിച്ചമെന്ന്. പിന്നെയും അവരെ കാണാം, നിഴലു വീണ വഴികളിലൂടെ, അകിടു ചുക്കിച്ചുളിഞ്ഞുവെങ്കിലും ഉയർത്തിപ്പിടിച്ച ശിരസ്സിന്റെ ചാരുത ശേഷിച്ച ഒന്നോ രണ്ടോ ആടുകൾക്കു പിന്നാലെ സ്വന്തം ഇച്ഛാശക്തിയുടെ ബലം പോലുമില്ലാത്ത കാലുകളിൽ വേച്ചുവേച്ചു നടക്കുന്നതായി. ഈ ലോകത്തെ വഴികളിൽ എങ്ങനെ അവർ വിശ്രമം കണ്ടെത്താൻ? നിങ്ങൾ അവരെ കണ്ടിരിക്കും, ജരയോടിയ കൈകളിൽ ജപമാലയുമായി മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ; തന്റെ പന്നിക്കൂടിനു മൂന്നടി അടുത്തേക്കു കാബേജു നട്ടതിന്‌ അയൽക്കാരിക്കു നേരെ ശാപവാക്കുകൾ എടുത്തെറിയുമ്പോൾ; ഒരു കുടം വെള്ളം താങ്ങാൻ പറ്റാതെയായ സ്വന്തം പ്രായത്തെ പ്രാകിക്കൊണ്ട് കിണറ്റിൻകരയിൽ നിന്നു വരുമ്പോൾ, അതുമല്ലെങ്കിൽ ഒലീവുമരത്തിൽ നിന്ന് ഒന്നുരണ്ടു കായകൾ കക്കുമ്പോൾ. അവരെ വെളുത്തുള്ളിസൂപ്പു മണക്കുന്നു, കനച്ച നാറ്റം നാറുന്നു, വില കുറഞ്ഞ ചാരായം മണക്കുന്നു; പെരുന്നാളുകളിലാവട്ടെ, തോട്ടുങ്കരെ നിന്നരിഞ്ഞെടുത്ത തുളസിയും പുതിനയുമാണവരെ മണക്കുക. ഞായറാഴ്ചകളിൽ അവർ മുഖം കഴുകുന്നു, വസ്ത്രം മാറുന്നു, പഴയ ട്രങ്കിൽ പരതി കറുത്ത പട്ടുതുണി കൊണ്ടുള്ള പഴയൊരു തൂവാല കണ്ടെടുക്കുന്നു; മരണശുശ്രൂഷയ്ക്കും അതേ തൂവാല തന്നെയാണ്‌ അവരുപയോഗിക്കുക. പെട്ടി തുറക്കുമ്പോൾ പുറത്തേക്കു വരുന്ന ആ കർപ്പൂരമണം! ചിലർ ഡെയ്സിപ്പൂക്കളും വളർത്തുന്നു; അതവർ സെമിത്തേരികളിലോ കുളിപ്പുരകളിലോ കൊണ്ടുപോയി വിൽക്കുന്നുണ്ട്, വൈക്കോൽ മണക്കുന്ന ആപ്പിൾപ്പഴങ്ങൾക്കൊപ്പം. ഒരു കൊച്ചുകുട്ടിയുടെ വികൃതിത്തരങ്ങളും കണ്ട് മണിക്കൂറുകൾ കഴിക്കുന്ന ഒരു സ്ത്രീയെ എനിക്കറിയാം; മലയാടിന്റെ നെറ്റിയിലെ ചൂട്ടു പോലെ അവന്റെ നെറ്റിയിലുമുണ്ടായിരുന്നു ഒന്ന്- അവനെ അവരേ കണ്ടിരുന്നുള്ളു, അവർ മാത്രം.

അവരാണ്‌ അമ്മമാർ, തങ്ങൾ എന്നു മരിക്കുമെന്നറിയാത്തവർ, എന്നാൽ തങ്ങൾ ഉയിർത്തെഴുന്നേൽക്കുമെന്നു തീർച്ചയുള്ളവർ.


മൊരാന്റി - ഒരുദാഹരണം


രാത്രിയായിക്കഴിഞ്ഞിരുന്നു. വസ്തുക്കളിൽ നിന്ന് അവയുടെ വസ്തുസ്വഭാവം എടുത്തുമാറ്റുകയും വിശുദ്ധമായ ഒരു നിശ്ശബ്ദതയുടെ പരിവേഷത്തിൽ അവയെ നിശ്ചേഷ്ടമാക്കുകയും ചെയ്യുമ്പോൾത്തന്നെ തുടിക്കുന്ന നിത്യയാഥാർത്ഥ്യത്തിൽ നിന്ന് വിട്ടുനില്ക്കുകയും ചെയ്യാത്ത ഒരു കാവ്യാത്മകകലയുടെ ഉദാഹരണമായി മൊരാന്റിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു ഞാൻ. അപ്പോൾ ഒരാൾ ഇടയ്ക്കു കയറിപ്പറഞ്ഞു: “എനിക്കയാളെ അറിയാം, അസാദ്ധ്യമനുഷ്യൻ; രണ്ടു സഹോദരിമാർക്കുമൊപ്പം ബൊലോണിയിലായിരുന്നു താമസം; തേവിടിശ്ശികളെ കാണാനല്ലാതെ അയാൾ വീടിനു പുറത്തിറങ്ങില്ലായിരുന്നു.” അതിനെന്താ, ഞാൻ പറഞ്ഞു, വെർമീറിനെപ്പോലെ, ഷാർദയെപ്പോലെ ചിത്രം വരയ്ക്കാൻ അയാൾക്ക് അത് വേണ്ടിവന്നിരുന്നുവെങ്കിൽ ഭൂമിയിലെയും ആകാശത്തെയും സകല തേവിടിശ്ശികളേയും ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.

മൊരാന്റി- Giorgio Morandi(1890-1964)- സ്റ്റിൽ ലൈഫിൽ മാത്രം ശ്രദ്ധിച്ച ഇറ്റാലിയൻ ചിത്രകാരൻ. ജീവിതവും മരണവും ബൊലോണി (Bologna)യിൽത്തന്നെ ആയിരുന്നു.

വെർമീർ -Johannes Vermeerപതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡച്ച് ചിത്രകാരൻ; മദ്ധ്യവർഗ്ഗകുടുംബങ്ങളിലെ അകത്തളങ്ങളുടെ ചിത്രീകരണത്തിൽ പ്രശസ്തി.

ഷാർദ- Jean-Baptiste-Siméon Chardin(1699-1779)- സ്റ്റിൽ ലൈഫിൽ മാസ്റ്ററായിരുന്ന ഫ്രഞ്ച് ചിത്രകാരൻ; വീട്ടുവേലക്കാരികളെയും കുട്ടികളേയും വീട്ടുമൃഗങ്ങളേയും തന്മയത്വത്തോടെ, അനുതാപത്തോടെ ചിത്രീകരിച്ചിരുന്നു.


മറ്റൊരുദാഹരണം: വിസ്ക്കോണ്ടി

താനനുഭവിക്കുന്ന വേദന പുറത്തു കാണിക്കാതെ ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം ജോലിയെടുത്തു. രോഗം നിങ്ങളെ നാണം കെടുത്തുന്നു; വീൽച്ചെയറിൽ ഇരുന്നുകൊണ്ടാണ്‌ അദ്ദേഹമിപ്പോൾ അഭിനേതാക്കൾക്കു നിർദ്ദേശം നല്കുന്നത്, സെറ്റുകൾ മാറ്റാൻ പറയുന്നത്, വെളിച്ചത്തിന്റെ കാര്യത്തിൽ തർക്കിക്കുന്നത്. മരിക്കാതിരിക്കാൻ വേണ്ടിയാണ്‌ അദ്ദേഹമിപ്പോൾ ജോലി ചെയ്യുന്നത്, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. ഒരു വാതില്ക്കർട്ടന്‌ എന്തു നിറം വേണം, ചുണ്ടുകൾ കാണാവുന്നിടത്തോളം മൂടുപടം ഉയർത്തേണ്ടതെങ്ങനെ, വിവർണ്ണമായ മേശവിരിയിലിരിക്കുന്ന ആപ്പിളിന്‌ എന്തു നിറമായിരിക്കണം എന്നൊക്കെ നിശ്ചയിക്കാൻ എത്ര മണിക്കൂറാണെന്നോ അദ്ദേഹമെടുക്കുന്നത്; അതൊക്കെപ്പക്ഷേ, എത്ര ക്ഷണികമാണ്‌ യാഥാർത്ഥ്യമെന്നു മനസ്സിലാക്കുന്ന ഒരാളുടെ യാഥാർത്ഥ്യബോധത്തോടെയായിരുന്നു. ക്യാമറ ഉപേക്ഷിച്ചു കഴിഞ്ഞുവെങ്കിലും പ്രൂസ്റ്റിന്റെയോ സ്റ്റെന്താളിന്റെയോ രണ്ടോ മൂന്നോ പേജുകൾ വായിക്കുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ താൻ ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ചുള ആലോചനയായിരിക്കും. പൂക്കൾ മുറിയിൽ നിന്നു കൊണ്ടുപോകാൻ പറഞ്ഞിട്ട് അദ്ദേഹം വിളക്കണയ്ക്കുന്നു; ഗാർഡേനിയപ്പൂക്കളുടെ സുഗന്ധം അദ്ദേഹത്തിന്‌ അരോചകമായിത്തുടങ്ങിയിരുന്നു. പക്ഷേ ഉറക്കം മാറിനിന്നു. അദ്ദേഹത്തിന്റെ തലയ്ക്കുള്ളിൽ നിറയെ രൂപങ്ങളായിരുന്നു; പ്രത്യേകിച്ചും അമ്മയുടെ. അടുത്ത കാലത്ത് അദ്ദേഹം തന്റേതു തന്നെയാക്കിയ ഓഡന്റെ ഈ വരികൾ വായിക്കുന്നതിനിടയിൽ അത് കയറിവരികയായിരുന്നു: “ഒരു സുന്ദരരൂപം കണ്ണില്പെട്ടാൽ അതിനു പിന്നാലെ പായുക/തരപ്പെട്ടാലതിനെ പുണരുക/അതൊരു ബാലനാവട്ടെ, ബാലികയാവട്ടെ...” എന്നും വൈകിയാണദ്ദേഹം ഉറങ്ങുക, നേരത്തേയുണരുന്നതും അദ്ദേഹമാവും. തന്നെ കുളിപ്പിക്കാനും ഡ്രസ്സ് ചെയ്യിക്കാനും അദ്ദേഹം സഹായികളോടു പറയും. അതു കഴിഞ്ഞാൽ അദ്ദേഹം പിന്നെയും സീനിലേക്കു തിരിയും, ഇപ്പോൾ ലൈറ്റിംഗ് മാറ്റിയിട്ട്. റ്റൂലിയോ ഹെർമ്മിലിന്റെ മുഖം നിഴലത്താവണം, അയാളുടെ കൈകളിൽ മാത്രം നല്ല വെളിച്ചം വീഴണം. കൈകളിലാണല്ലോ...അല്ലല്ല, കൈകൾ നിരപരാധികളാണ്‌, ആത്മാവിലാണ്‌ സകലതും തുടങ്ങുന്നത്, പ്രണയം പോലും, ദുഷ്ടകൃത്യം പോലും. മരണമൊഴികെ സകലതും. മരണം- അവൾ തുടക്കമിട്ടത് അദ്ദേഹത്തിന്റെ ദേഹത്തായിരുന്നു. അദ്ദേഹത്തിനു മേൽ കണ്ണു പായിച്ചുകൊണ്ട് അവൾ അതാ, അവിടെ ഇരിക്കുന്നു. നിമിഷം വച്ച് അവൾ, ആ കൊടിച്ചിപ്പട്ടി, വളരുന്നത് അദ്ദേഹം കണ്ടു. പെട്ടെന്നവൾ യഥാർത്ഥമാകുന്നു, പല്ലുകൾ കൂർപ്പിച്ച്, ഈത്തയൊലിപ്പിച്ച്, എടുത്തുചാടാനാഞ്ഞുകൊണ്ട്. ക്ലോസപ്പ്.

വിസ്ക്കോണ്ടി Luchino Visconti(1906-1976)- ഇറ്റാലിയൻ നാടക, സിനിമാ സംവിധായകൻ

ഓഡൻ W.H.Auden (1907-1973) - ഇംഗ്ലീഷ്- അമേരിക്കൻ കവി

റ്റൂലിയൊ ഹെർമിൽ Tullio Hermil- വിസ്ക്കോണ്ടിയുടെ L'innocente (1976) എന്ന സിനിമയിലെ നായകകഥാപാത്രം


ഓടക്കുഴൽ


അങ്ങു തെക്കുള്ള ഒരു നഗരമായിരുന്നു. എന്നെ ആദ്യം ആശ്ചര്യപ്പെടുത്തിയത് കുതിരകളുടെ മണമായിരുന്നു. സുഖമുള്ള ഒരു മണം; അതു പിന്നെ അത്ര രൂക്ഷമല്ലാത്ത മറ്റു ഗന്ധങ്ങളുമായി കലർന്നു: കളിമണ്ണിന്റെ, വെയിലിന്റെ, പുതിനയുടെ. തെരുവുകൾ വന്നുചേരുന്നത് ഒരു ചത്വരത്തിലേക്കായിരുന്നു: ലോകത്തിന്റെ വലിപ്പത്തിൽ ഒരു ചത്വരം. അവിടെ ജീവിതം കുമിളയിടുകയായിരുന്നു, വിശേഷിച്ചും സായാഹ്നത്തിന്റെ ഒടുവിൽ. മേള, ചന്ത, വാണിഭം, എല്ലാമായിരുന്നു അത്. എല്ലാം ഇവിടെ വില്പനയ്ക്കുണ്ട്: പൊന്നിന്റെ നിറമുള്ള റൊട്ടികൾ, മനോഹരമായ ഹഷീഷ് ഹുക്കകൾ, മാതളങ്ങൾ, കൈവളകൾ, ഇനാമൽ ചെപ്പുകൾ, ഊറയിട്ട തുകലുകൾ, പിന്നിയെടുത്ത അരപ്പട്ടകൾ, കിളികൾ, മേലങ്കികൾ, പുഞ്ചിരികൾ, പച്ചമരുന്നുകൾ, ആംബർ മാലകൾ, ഈന്തപ്പഴങ്ങൾ, ഇരുണ്ട ഉടലുകൾ, എല്ലാം വില്പനയ്ക്കാണ്‌; ഔചിത്യവും അനൗചിത്യവും നോക്കാതെ ഏറ്റവും പാവപ്പെട്ടവരിൽ മാത്രം കാണുന്ന ആ സ്വാഭാവികതയോടെ എല്ലാം വില്പനയ്ക്കു വച്ചിരിക്കുന്നു. എന്നാൽ മറ്റൊരു ദേശത്തു നിന്നു വരുന്ന എന്റെ കണ്ണുകൾ കൂടുതൽ ആകർഷിക്കപ്പെട്ടത് ആ ചത്വരത്തിൽ നടക്കുന്ന വിനോദങ്ങളിലേക്കാണ്‌: പാമ്പാട്ടികൾ, കഥാപ്രസംഗക്കാർ, കൺകെട്ടുവിദ്യക്കാർ, കമ്പക്കയറിൽ കളിക്കുന്നവർ, ചാടിക്കളിക്കുന്ന കുരങ്ങന്മാർ. അല്ലെങ്കിൽ ആസക്തിയുടെ കണ്ണുകളോടെ ഞങ്ങളെ ഉറ്റുനോക്കുന്ന ചെറുപ്പക്കാരുണ്ടായിരുന്നു. മരുഭൂമിയുടെ കവാടത്തിലെ അ നഗരത്തിന്റെ ആത്മാവ്, ഉടലുകളുടെ മെലിവിൽ വെളിച്ചം പൊട്ടിച്ചിതറുന്ന ആ നഗരത്തിന്റെ ആത്മാവ് അവിടെയായിരുന്നു. “മോസ്യെ, തിടുക്കപ്പെട്ടോടുന്നത് മരണത്തിലേക്കാണേ,” നിങ്ങളുടെ കാതിലേക്കെന്നപോലെ ചെറുപ്പക്കാർ മന്ത്രിക്കുന്നു. “അഞ്ചു ദിർഹം, അഞ്ചു ദിർഹത്തിനു ഞാൻ എന്തു വേണമെങ്കിലും ചെയ്യാം.” അവരിൽ നിന്നു രക്ഷപ്പെടുക പ്രയാസമായിരുന്നു. അവർ പിടിച്ചാൽ പിടി വിടില്ല; ഒരാൾ പിൻവാങ്ങിയാൽ അടുത്തയാൾ വരവായി: “മോസ്യെ, വെറും അഞ്ചു...” വേണ്ട, വേണ്ട, ഞാൻ പറഞ്ഞു, എനിക്കു ബർബർ ചന്ത കാണേണ്ട, കസ്ബ കാണേണ്ട, എനിക്ക് ചേഷ്ടകളുടേയും ഒച്ചകളുടേയും ആ തിരയിളക്കത്തിൽ ഒന്നാണ്ടുമുങ്ങണമെന്നേയുള്ളു; വരണ്ടതും പരന്നതും പൊടിയടിഞ്ഞതുമായ ആ മണ്ണിൽ നിന്നു മുളച്ചുവന്നതോ അതോ, ഒറ്റമേഘം പോലുമില്ലാതെ തെളിഞ്ഞുകിടന്ന മാനത്തു നിന്നിറങ്ങിവന്നതോ എന്നെനിക്കു തീർച്ചയില്ലാത്ത തീക്ഷ്ണതയിൽ സ്വയം നഷ്ടപ്പെടണമെന്നേയുള്ളു. ചെറിയ ഓടക്കുഴലുകൾ നിറച്ചുവച്ചിരുന്ന ഒരു കൂടയിലേക്കു ഞാൻ കുനിഞ്ഞുനോക്കി. മുള കൊണ്ടുള്ള ഒരെണ്ണമെടുത്ത് ഞാൻ ചില സ്വരങ്ങൾ പുറപ്പെടുവിക്കാൻ നോക്കി. ബാലനായ ആ കച്ചവടക്കാരൻ എന്റെ കൈയിൽ മാർദ്ദവത്തോടെ പിടിച്ച് ഓടക്കുഴൽ വാങ്ങിയിട്ട് ഒരു പാമ്പാട്ടിയെപ്പോലെ എന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് അത് ചുണ്ടിലേക്കു വച്ചു. അവനതു വായിക്കുമ്പോൾ അവന്റെ കൃഷ്ണമണികളിലെ കറുത്ത ജലമൊന്നാകെ എന്റെ കണ്ണുകളിലേക്കു തൂവുകയായിരുന്നു. “നിന്റെ പേരെന്താ?” “ബൻ അസ്സി മൊഹമ്മദ്.” “ഓടക്കുഴലിനെന്താ വില?” “പത്തു ദിർഹം, പക്ഷേ താങ്കളായതുകൊണ്ട് അഞ്ചു മതി.” “ഞാൻ പത്തു തരാം.” “ചായ കുടിക്കാൻ എന്റെ വീട്ടിലേക്കു വരുമോ?” “വേണ്ട, എനിക്ക് ഓടക്കുഴൽ മാത്രം മതി.”

തെക്കുള്ള ഒരു നഗരമായിരുന്നു, നെടിയ പനമരങ്ങളും റോസ് നിറത്തിലുള്ള കളിമൺചുമരുകളും നിറഞ്ഞ നഗരം. ശേഷിക്കുന്നത് ചെറിയ ഒരോടക്കുഴൽ മാത്രം. സ്വീകരണമുറിയിലെ ടീപ്പോയിൽ പുസ്തകങ്ങൾക്കിടയിൽ അതു കിടക്കുന്നു. വിപുലമായ ഒരു മൗനം അതിനെ ചൂഴുന്നു.



Verentes do Olhar ഒരു നോട്ടത്തിന്റെ ഇറക്കങ്ങൾ (1987) എന്ന സമാഹാരത്തിൽ നിന്ന്

2018, ജനുവരി 19, വെള്ളിയാഴ്‌ച

യൂഷെനിയൊ ദെ അന്ദ്രാജ് - പച്ചയുടെ ദേവൻ




പോർച്ചുഗീസ് കവിയും വിവർത്തകനുമായ യൂഷെനിയോ ദെ അന്ദ്രാജ് Eugenio de Andrade(യഥാർത്ഥനാമം José Fontinhas) (1923-2005) പോർട്ടുഗലിലെ ഒരു ഗ്രാമത്തിൽ ജനിച്ചു. അച്ഛനമ്മമാർ ബന്ധം വേർപെടുത്തിയതിനാൽ അമ്മയോടൊപ്പമാണ്‌ വളർന്നത്. വളരെ ചെറുപ്പത്തിൽത്തന്നെ കവിതയെഴുതിത്തുടങ്ങിയിരുന്നു. ആദ്യത്തെ കവിതാസമാഹാരമായ നാഴ്സിസസ് 1940ൽ പുറത്തുവന്നു. തുടർന്ന് ഇരുപതിലധികം കവിതാഗ്രന്ഥങ്ങൾ  പ്രസിദ്ധീകരിച്ചു. സാഫോ, ലോർക്ക, യാന്നിസ് റിറ്റ്സോസ് തുടങ്ങിയവരുടെ കൃതികൾ പോർച്ചുഗീസിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.

സൂക്ഷ്മമായ ഒരു സംഗീതാത്മകതയും സരളമെന്നു തോന്നിപ്പിക്കുന്ന ബിംബകല്പനയുമാണ്‌ അദ്ദേഹത്തെ പോർട്ടുഗലിലെ ഏറ്റവും ജനപ്രിയനായ സമകാലികകവിയാക്കിയതെന്ന് ഇംഗ്ളീഷ് വിവർത്തകനായ അലെക്സിസ് ലെവിറ്റിൻ പറയുന്നു.



1. പനിനീർപ്പൂക്കൾ ഞാൻ തീർത്തതു നിനക്കായി


പനിനീർപ്പൂക്കൾ ഞാൻ തീർത്തതു നിനക്കായി,
അവയുടെ പേരു പരിമളപ്പെടുത്തിയതു നിനക്കായി.
ചിറ്റാറുകള്‍ ഞാന്‍ കീറിയെടുത്തതു നിനക്കായി,
മാതളത്തിനു തീനാളങ്ങൾ നൽകിയതും നിനക്കായി.

ചന്ദ്രനെ ഞാനാകാശത്തു പതിച്ചതു നിനക്കായി,
പൈന്‍കാട്ടിൽ പച്ചകളിൽ വച്ചേറ്റവും പച്ച വച്ചതു നിനക്കായി;
മണ്ണിലീയുടൽ നീർത്തിക്കിടന്നതും നിനക്കായി,
ഒരു മൃഗത്തെപ്പോലെ നഗ്നനായി, വ്യഗ്രനായി.

(1948)


 
2. പച്ചയുടെ ദേവൻ

പകലറുതിയിൽ ഉറവകളുടെ ചാരുതകളൊക്കെയും
അവൻ തന്നിലേക്കാവാഹിച്ചിരുന്നു.
അവന്റെയുടൽ തിടുക്കമില്ലാത്തൊരൊഴുക്കായിരുന്നു,
തന്റെ ലക്ഷ്യത്തിലേക്കവരോഹണം ചെയ്യുമ്പോൾ
തടങ്ങളെ വെല്ലുവിളിയ്ക്കുന്ന വിളംബധാര.

കടന്നുപോകുന്നൊരാളെപ്പോലെ അവൻ നടന്നു,
നിൽക്കാനവനു നേരമില്ലായിരുന്നു.
അവൻ ചുവടു വച്ചപ്പോൾ പുൽക്കൊടികൾ പൊടിച്ചു,
ഉയർത്തിയിടത്തോളമവന്റെ കൈകളിൽ നിന്നും
തഴച്ച മരച്ചില്ലകൾ പന്തലിച്ചു.

നൃത്തച്ചുവടു വയ്ക്കുന്നൊരാളെപ്പോലെ അവൻ മന്ദഹസിച്ചു.
അവന്റെയുടൽ, നൃത്തത്തിലെന്നപോലെ, ഇലകൾ കൊഴിച്ചു,
പ്രഹർഷത്തിന്റെ താളത്തിൽ അതു വിറകൊണ്ടു,
ദേവകളേ അനുഭവിച്ചിട്ടുള്ളൂ അങ്ങനെയൊരു മൂർച്ഛയെന്ന്
അവൻ തിരിച്ചറിഞ്ഞുമിരുന്നു.

തന്റേതായ വഴിയിലൂടെ അവൻ സഞ്ചാരം തുടർന്നു,
തങ്ങിനിൽക്കുകയെന്നത് ദേവകൾക്കു പറഞ്ഞതല്ലല്ലോ.
കാണാനായിട്ടുള്ളതിൽ നിന്നൊക്കെ അകലെയായി,
താൻ ചുണ്ടിൽ വച്ച പുല്ലാങ്കുഴലിന്റെ ഈണത്തിൽ
തന്നെത്താൻ പിണഞ്ഞവനായി.

(1948)


3. ഒരു പൂവിന്റെ പേരാണെന്റേത്


നീയെന്നെ പേരെടുത്തു വിളിക്കുമ്പോൾ
ഒരു പൂവിന്റെ പേരാണെന്റേത്.
നീയെന്നെത്തൊടുമ്പോ-
ളെനിക്കു പോലുമറിയില്ല
ഞാനൊരു കന്യകയോ, പുഴയോ,
താഴ്വരയിലൊരു തോട്ടമോയെന്ന്.

(1948)


4. പൂത്ത ചെറിമരത്തോട്


ഉണരുക, ഒരേപ്രിൽമാസപ്പുലരിയിൽ
ആ ചെറിമരത്തിന്റെ വെണ്മയാവുക,
വേരു മുതലിലവരെയെരിയുക,
അതേപോലെ പൂക്കുക, കവിത വിടർത്തുക.

സ്വന്തം കൈകൾ തുറക്കുക, സ്വന്തം ചില്ലകളിൽ ശേഖരിക്കുക,
കാറ്റിനെ, വെളിച്ചത്തെ, പിന്നെയെന്തായാലുമതിനെ;
കാലമിഴയിട്ടിഴയിട്ടു ചെറിമരത്തിന്മേൽ
ഒരു ചെറിയുടെ ഹൃദയം നെയ്തെടുക്കുന്നതറിയുക.

(1948)


5. വാക്കുകൾ


പരലു പോലെയാണവ,
വാക്കുകൾ.
ചിലതൊരു കഠാര,
ചിലതൊരാളൽ.
ചിലതോ,
വെറും മഞ്ഞുതുള്ളിയും.

രഹസ്യത്തിലവ വരുന്നു,
നിറയെ ഓർമ്മകളുമായി.
വിറകൊള്ളുന്ന വെള്ളത്തിൽ
അരക്ഷിതമായവയൊഴുകുന്നു,
കൊതുമ്പുവള്ളങ്ങൾ പോലെ,
ചുംബനങ്ങൾ പോലെ.

ഉപേക്ഷിക്കപ്പെട്ടവ,
നിഷ്കപടമായവ,
ഭാരഹീനമായവ.
വെളിച്ചം മെടഞ്ഞവയവ.
രാത്രിയാണവ.
വിളർത്തു കാണുമ്പോൾ
പച്ചപ്പിന്റെ പറുദീസയെ
ഓർമ്മിപ്പിക്കുമവ.

ആരവയ്ക്കു കാതു കൊടുക്കുന്നു?
ആരവ വാരിയെടുക്കുന്നു,
ക്രൂരവും രൂപഹീനവുമായി
നിര്‍മ്മലമായ ചിപ്പികളിലടങ്ങിയവയെ ?

(1958)


6. ഉണരുകയെന്നാൽ


എന്നെവിളിച്ചുണർത്തിയതാര്‌,
കിളിയോ,കടലോ, പനിനീർപ്പൂവോ?
കിളിയും കടലും പനിനീർപ്പൂവും,
ഒക്കെയുമഗ്നി, ആസക്തി.
ഉണരുകയെന്നാൽ പൂവിന്റെ നിറമാവുക,
കിളിയുടെ പാട്ടും കടലിലെ വെള്ളവുമാവുക.

(1958)


7. ഏതു നിലാശബ്ദം


ഏതു നിലാശബ്ദം പരിചയപ്പെടുത്തുന്നു,
ശബ്ദമില്ലാത്തതൊന്നിനെ?

ഏതു മുഖം രാത്രിയ്ക്കുമേൽ കൊട്ടിത്തൂവുന്നു,
പുലരിയുടെ നീലവെളിച്ചം?

ഏതു സൗവർണ്ണചുംബനം തേടിപ്പോവുന്നു,
തെന്നലിന്റെ, ജലത്തിന്റെ ചുണ്ടുകള്‍?

ഏതു വെളുത്ത കൈ അലസമൊടിച്ചിടുന്നു,
നിശ്ശബ്ദതയുടെ ചില്ലകള്‍?

(1961)


8. പ്രണയം


ഇതുപോലൊരുകാലവും
വേനൽ തങ്ങിനിന്നിട്ടില്ല,
ചുണ്ടുകളിൽ, ജലത്തിൽ.
-നാമെങ്ങനെ പിന്നെ മരിച്ചു,
അത്രയുമരികിലായിരിക്കെ,
അത്രയും നഗ്നരായിരിക്കെ,
അത്രയും നിഷ്കളങ്കരായിരിക്കെ?

(1961)


9. വേനലിന്റെ വരവിനെക്കുറിച്ചൊരു ഗീതകം


നോക്കൂ, എത്ര പൊടുന്നനേ
വേനൽ വന്നെത്തുന്നു,
മഞ്ഞത്തവിട്ടുനിറമായ കുതിരക്കുട്ടികളുമായി,
അരിപ്പല്ലുകളുമായി,

വെള്ളയടിച്ചു വെടിപ്പായ
നീണ്ടുപിരിഞ്ഞ ഇടനാഴികളുമായി,
ഒഴിഞ്ഞ ചുമരുകളുമായി,
ആ ലോഹവെളിച്ചവുമായി,

മണ്ണിൽ കുത്തിയിറക്കിയ
നിര്‍മ്മലശൂലവുമായി,
കനത്ത മൌനത്തിൽ നിന്നു
ചുറയഴിക്കുന്ന പാമ്പുകളുമായി-

നോക്കൂ, വേനൽ
കവിതയിലേക്കിഴഞ്ഞു കയറുന്നതും.

(1964)


10. ഒരു പിഞ്ചുപനമരം


ഡിലോസിൽ യുളീസസ് കണ്ടിരുന്നു
ഒരു പിഞ്ചുപനമരം,

അതുപോലെ ശോഷിച്ചതായിരുന്നു
നിന്നെ ഞാൻ കണ്ട പകൽ;

അതുപോലെ ശോഷിച്ചതായിരുന്നു,
നിന്നെ ഞാനനാവൃതയാക്കിയ രാത്രി;

നഗ്നമായ താഴ്വരയിലൊരു കുതിരക്കുട്ടിയെപ്പോലെ
നിന്നിലേക്കു ഞാൻ കയറി, കയറിവന്ന രാത്രി.

(1971)


11. നാവികവിദ്യ


നോക്കൂ,
നിന്റെ നെഞ്ചിലെത്രവേഗം
വേനലൊരു കടലായി,

രാത്രി നൌകയായി,

എന്റെ കൈ നാവികനായി.

(1971)


12. ഒരുടലിനു മേൽ


നിന്റെയുടലിനു മേൽ ഞാൻ വീഴുന്നു
പകലിന്റെ ചിതറിയ ജലത്തിനു മേൽ
വേനലതിന്റെ മുടി വിതിർത്തുമ്പോൽ
പൂക്കൾ കൊണ്ടൊരു പൊന്മഴ പൊഴിക്കുമ്പോൽ
അതിനിഷിദ്ധമായൊരാശ്ളേഷം നല്കുമ്പോൽ.

(1973)


13. മഴ കൊള്ളുന്ന  വീട്


മഴ, ഒലീവുമരങ്ങൾക്കു മേൽ വീണ്ടും  മഴ.
എനിക്കറിയില്ല,
ഈ അപരാഹ്നത്തിലതു മടങ്ങിവന്നതെന്തിനെന്ന്,
എന്റെ അമ്മ എന്നേ മടങ്ങിപ്പോയെന്നിരിക്കെ,
മഴപെയ്യുന്നതു കാണാനവരിപ്പോൾ
വരാന്തയിലേക്കിറങ്ങിവരാറില്ലെന്നിരിക്കെ,
തുന്നുന്നതിൽ നിന്നു കണ്ണുയർത്തി
നീയതു കേൾക്കുന്നില്ലേയെ-
ന്നവരിപ്പോൾ ചോദിക്കാറില്ലെന്നിരിക്കെ.
അമ്മേ, മഴ പെയ്യുന്നതു വീണ്ടും ഞാൻ കേൾക്കുന്നു,
അമ്മയുടെ  മുഖത്തു പെയ്യുന്ന മഴ.

(1974)


14. ന്യൂയോർക്കിലെ വിമാനത്താവളത്തിൽ


ഒരു ക്ഷണികദർശനം, ഒരു ക്ഷണം
ഞാനതു സ്വീകരിച്ചില്ല
ആനന്ദത്തിന്റെ ആ വാഗ്ദാനം
ഇത്രയും ക്ഷീണിക്കാത്ത കണ്ണുകൾക്കു മേൽ പതിയ്ക്കട്ടെ.
ഒരു ക്ഷണനേരത്തേക്കു പക്ഷേ ഞാൻ കണ്ടു
പുലർച്ചെ മഞ്ഞണിഞ്ഞ പയർച്ചെടികളുടെ പാടം.

(1974)


15. പുല്പരപ്പിൽ മറന്നുവച്ച തുറന്ന പുസ്തകം


പുല്പരപ്പിൽ മറന്നുവച്ച തുറന്ന പുസ്തകം,
കാട്ടുമൾബറികളുടെ ദംശനമേറ്റ സൂര്യൻ,
ബാലന്മാരുടെ നനവൂറിയിഴയുന്ന ശബ്ദങ്ങൾ,
നിഴലുകൾ വഴുതിവീഴുന്ന പടവുകൾ.

(1982)


16. ഇലകളാണിന്നുമവയെന്നപോലെ


ഇലകളാണിന്നുമവയെന്നപോലെ
നാരകമരങ്ങൾക്കിടയിലെ കഴുകിത്തെളിഞ്ഞ വായുവിൽ
പാടുന്ന കിളികൾ;
ഈ അക്ഷരങ്ങൾക്കു മേൽ തെറിച്ചുവീഴുന്ന
ചില സ്ഫുരണങ്ങൾ.

(1982)


17. നിദ്രയിൽ നിന്നെന്നെ വിടുവിയ്ക്കാൻ


നിദ്രയിൽ നിന്നെന്നെ വിടുവിയ്ക്കാൻ,
പ്രസരിപ്പുറ്റ വായുവിൽ
കടലോരപ്പൂക്കളുടെ വിളംബവിസ്ഫോടനമാവാൻ,
ജ്വലിക്കുന്നൊരു മുഷ്ടിയാവാൻ,
ചുണ്ണാമ്പുകല്ലിന്റെ വെണ്മ പിളർന്ന വെളിച്ചമാവാൻ.

(1982)


18. പുഞ്ചിരി


ആ പുഞ്ചിരിയാണെന്നെനിക്കു തോന്നി,
എനിക്കു വാതിൽ തുറന്നു തന്നതാ പുഞ്ചിരിയാണെന്ന്.
വെളിച്ചമുള്ളൊരു പുഞ്ചിരി,
ഉള്ളിൽ നിറയെ വെളിച്ചവുമായി,
അതിനുള്ളിലേക്കു കടക്കാൻ ഞാൻ കൊതിച്ചു,
ഉടുവസ്ത്രങ്ങളുരിഞ്ഞുമാറ്റാൻ,
ആ പുഞ്ചിരിക്കുള്ളിൽ നഗ്നനായിക്കഴിയാൻ.
ആ പുഞ്ചിരിക്കുള്ളിലോടിനടക്കാൻ,
തുഴഞ്ഞുപോകാൻ,
അതിനുള്ളിൽ മരിച്ചുകിടക്കാൻ.

(1988)


19. ഞാറപ്പഴങ്ങൾ


ഞാറപ്പഴങ്ങളുടെ ചുവയാണ്‌
വേനല്ക്കാലത്തെന്റെ നാടിന്‌.
ജ്ഞാനമില്ല, സൗന്ദര്യമില്ല, വൈപുല്യമില്ല
എന്റെ നാടിനെന്നാരും കാണാതിരിക്കുന്നില്ല.
എന്നാലൊരു മധുരസ്വരം നിറഞ്ഞതാണത്,
അതികാലത്തെഴുന്നേറ്റ്
ഞാറച്ചെടികൾക്കിടയിൽ പാടുന്നവന്റെ.
എന്റെ നാടിനെക്കുറിച്ചങ്ങനെ ഞാൻ മിണ്ടാറില്ല,
എനിക്കതിനെ ഇഷ്ടമല്ലെന്നും വരാം.
എന്നാലൊരു സ്നേഹിതനെനിക്കു
കാട്ടു ഞാറപ്പഴങ്ങൾ കൊണ്ടുവരുമ്പോൾ
അതിന്റെ ചുമരുകളുടെ വെണ്മ ഞാൻ കാണുന്നു,
ഇവിടെയും, എന്റെ ഈ നാട്ടിലും,
ആകാശം നീലിച്ചതാണെന്നും ഞാനറിയുന്നു.

(1988)


20. പിൻവാങ്ങുന്ന കടൽനുര


വീഞ്ഞിന്റെ ശീതളോഗ്രത,
പിൻവാങ്ങുന്ന കടൽനുരയിടുന്ന ചാലുകൾ,
പുലർകാലത്താട്ടിടയന്റെ ചൂളം,
ആകാശഗോളങ്ങളുടെ സംഗീതത്തെക്കാൾ
കലയ്ക്കനുകൂലമിതൊക്കെ.
ക്ഷീരപഥത്തിൽ നിന്നു തൂവിയ പാല്പത
തന്റെ ഹൃദയത്തിലുണ്ടെന്ന ഈ അഭിമാനം.

(1988)


21. ഓർമ്മ വരാത്തത്


ഓർമ്മ വരാത്ത നാളുകൾക്കു മറ്റൊരു പേരുണ്ടാവുമോ,
മരണമെന്നല്ലാതെ?
സ്വച്ഛമായവയുടെ, ലോലമായവയുടെ മരണം:
കുന്നുകളെ പുണരുന്ന പ്രഭാതം,
ചുണ്ടുകളിലേക്കടുപ്പിക്കുന്ന ഉടലിന്റെ വെളിച്ചം,
ഉദ്യാനത്തിലാദ്യത്തെ ലൈലാക്കുകൾ.
നിന്റെ ഓർമ്മകൾ ശേഷിക്കാത്തിടത്തിനു
മറ്റൊരു പേരുണ്ടാവുമോ?

(1988)


22. കൊയ്ത കറ്റകളെറിച്ചുനിൽക്കുന്ന പാടം


കൊയ്ത കറ്റകളെറിച്ചുനിൽക്കുന്ന പാടം,
അതിപുലർച്ചെ കുരുവികളുടെ മർമ്മരം,
ഒരു ചുമരിന്റെ ആകസ്മികവെണ്മ,

ചീവീടുകൾ മുൾച്ചെടികൾക്കു മേലെറിയുന്ന ധാർഷ്ട്യം,
കല്ലിച്ചുപോയ നമ്മുടെ നിത്യാന്നം,
ആട്ടിൻപറ്റം പുറത്തുവരുന്ന  പൊടിപടലം,

നീരു വലിയുന്ന കുണ്ടുകളിൽ
താഴ്ന്ന തവളകരച്ചിൽ,
നായ്ക്കളുടെ നേർത്ത മോങ്ങൽ,
തൊലിയുടെ മറുപുറത്ത്
ചാപ്പ കുത്തുന്ന ഉഷ്ണം,

നിർജ്ജനമായ തരിശുനിലം,
ദാഹത്തിന്റെ കൊഴുച്ചാലുകൾ.

(1988)


23. കാവ്യകല


കല എന്നതിതിലുണ്ട്,
ഈ നാട്ടിൻപുറത്തുകാരി
തന്റെ നാലഞ്ചു നിര കാബേജുകൾക്കു
വെള്ളം തളിയ്ക്കുന്ന രീതിയിൽ:
പതറാത്ത കൈകൾ,
മണ്ണിനോടുള്ളടുപ്പം,
ആ ഹൃദയാർപ്പണം.
കവിതയെഴുതപ്പെടുന്നതിങ്ങനെ.

(1992)


24. വാഷിംഗ്ടൺ സ്ക്വയർ


വാഷിംഗ്ടൺ സ്ക്വയറിൽ ചെന്നതില്പിന്നെ
ഞാനെവിടെപ്പോയാലും അണ്ണാറക്കണ്ണന്മാർ പിന്നാലെ വരുന്നു.
വിറ്റ്മാന്റെ ശവകുടീരത്തിനടുത്തുവച്ചുപോലും
എന്റെ കൈയിൽ നിന്നു തിന്നാനവർ വന്നു.
രാത്രിയിലാണു പക്ഷേ, അവരെന്നെ വിടാതെകൂടുക:
കറുത്ത കണ്ണുകൾ, തിളങ്ങുന്ന മണികൾ.
ഇനി ഞാനീ പുഴയുടെ തണലത്തു കിടക്കാൻ പോകുന്നു,
അവരിലൊരാളീ കവിതയിൽ വന്നുകയറും വരെ,
ഇതിൽ തന്റെ കൂടു കൂട്ടും വരെ.

(1992)


25. ഹൈഡ്ര


ശരല്ക്കാലത്തു ഹൈഡ്രയിൽ പോയിട്ടില്ലെങ്കിൽ
നിങ്ങളറിയാൻ പോകുന്നില്ല,
വെളുപ്പിനെന്തു വെളുപ്പാണെന്ന്,
നീലയ്ക്കെന്തു നീലയാണെന്ന്.
പൂക്കളുടെ തണ്ടുകൾക്കിടയിൽ
(യുളീസസ്സ് പാതാളലോകത്തവ കണ്ടിരുന്നു)
കുന്നുകളിൽ നിന്നൊലിച്ചിറങ്ങുന്ന വെയിലിനൊപ്പം
അവിടെച്ചെന്നിട്ടില്ലെങ്കിൽ-
എങ്കിൽ നിങ്ങളറിയാനേ പോകുന്നില്ല,
നമുക്കു കിടന്നുമരിക്കാൻ
ഭൂമി പോലൊരിടം വേറെയില്ലെന്ന്.

(1992)

(ഹൈഡ്ര- ഈജിയൻ കടലിലെ ഒരു ഗ്രീക്ക് ദ്വീപ്)


26. കറുപ്പു ധരിച്ച സ്ത്രീകൾ


അവർ വൃദ്ധകളായിട്ടേറെക്കാലമായിരിക്കുന്നു,
ആത്മാവോളം കറുപ്പു ധരിച്ചവർ.
ചുമരു പറ്റിയിരുന്ന്
കല്ലിച്ച സൂര്യനിൽ നിന്നവരഭയം തേടുന്നു,
അടുപ്പിൻമൂട്ടിലൊരുമിച്ചിരുന്ന്
ലോകത്തിന്റെ ശൈത്യത്തിൽ നിന്നവരൊളിക്കുന്നു.
അവർക്കിപ്പോഴും പേരുകളുണ്ടോ?
ആരും ചോദിക്കുന്നില്ല,
ആരും പറയുന്നുമില്ല.
അവരുടെ നാവുകളും അതുപോലെ കല്ലിച്ചത്.

(1992)


27. ഒരു കൈയുടെ അദ്ധ്വാനങ്ങൾ


ഞാനിപ്പോൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു:
ഈ വരികളെഴുതുന്ന കൈകൾക്കു പ്രായമായിരിക്കുന്നു.
അതിനിപ്പോൾ പൂഴിമണൽക്കൂനകള്‍ ഇഷ്ടമാവുന്നില്ല,
മഴ ചാറുന്ന സായാഹ്നങ്ങളും
മുൾച്ചെടികൾക്കു മേൽ പുലരിമഞ്ഞും ഇഷ്ടമാവുന്നില്ല.
അതിനിപ്പോഴിഷ്ടം സ്വന്തം സഹനങ്ങളുടെ അക്ഷരങ്ങള്‍.
തന്റെ കൂട്ടാളിയെക്കാൾ,
അല്പം മടിയനും സുഖിമാനുമായ മറ്റേക്കൈയെക്കാൾ
ഇതാണു കഷ്ടപ്പെട്ടു പണിയെടുത്തിരുന്നത്.
ദുഷ്കരമായ ഉദ്യമങ്ങളൊക്കെ ഇതിനാണു വന്നുവീണിരുന്നത്:
വിതയ്ക്കുക, കൊയ്യുക, തുന്നുക, തിരുമ്പുക.
ശരി തന്നെ, തലോടലും.
തിടുക്കങ്ങളും നിത്യാദ്ധ്വാനങ്ങളും ഒടുവിലതിനെ ക്ഷയിപ്പിച്ചു.
ഇനിയധികനാൾ അതിനുണ്ടാവില്ല:
ദൈവമേ, അതിന്റെ കുലീനതയെ കാണാതെപോകരുതേ.

(1994)


28. അക്ഷരം


കാലത്തു മുഴുവൻ ഞാനൊരക്ഷരം തേടിനടക്കുകയായിരുന്നു.
അതെ, തീരെച്ചെറിയൊരക്ഷരം:
ഒരു സ്വരം, ഒരു വ്യഞ്ജനം,
ഉണ്ടെന്നു പറയാനില്ലാത്തതൊന്ന്.
എനാലതിന്റെ അഭാവം ഞാനറിഞ്ഞിരുന്നു.
അതില്ലാത്തതിന്റെ നഷ്ടം ഞാനേ അറിഞ്ഞിരുന്നുള്ളു.
അതുകൊണ്ടാണത്ര നിർബ്ബന്ധബുദ്ധിയോടെ
ഞാനതിനെത്തേടിനടന്നത്.
ജനുവരിയുടെ ശൈത്യത്തിൽ നിന്ന്,
വേനലിന്റെ വരൾച്ചയിൽ നിന്നെന്നെ രക്ഷിക്കാൻ
അതിനേ കഴിയൂ.
ഒരക്ഷരം.
ഒരേയൊരക്ഷരം.
മോചനം.

(1994)


29. എന്റെ നാവിൻതുമ്പിലെ ഉപ്പുചുവ


കേൾക്കൂ, കേൾക്കൂ:
പറയാനായി ഇനിയും ചിലതെനിക്കു ബാക്കിയുണ്ട്.
അതത്ര പ്രധാനമൊന്നുമല്ലെന്നെനിക്കറിയാം,
അതീ ലോകത്തെ രക്ഷിക്കാനൊന്നും പോകുന്നില്ല,
ആരുടെയെങ്കിലും ജീവിതം മാറ്റിമറിയ്ക്കാനും പോകുന്നില്ല
-അല്ലെങ്കിൽ, ആരാണൊരാളുള്ളത്,
ലോകത്തെ രക്ഷിക്കാൻ,
മറ്റൊരാളുടെ ജീവിതബോധത്തെ മാറ്റാനെങ്കിലും?
ഞാൻ പറയുന്നതൊന്നു കേൾക്കൂ,
നിങ്ങളെ ഞാൻ അധികനേരം പിടിച്ചുനിർത്താനും പോകുന്നില്ല.
തീരെച്ചെറിയൊരു കാര്യമാണത്,
പൊഴിഞ്ഞുതുടങ്ങിയ പൊടിമഴ പോലെ.
മൂന്നോ നാലോ വാക്കുകൾ മാത്രം.
നിങ്ങളെ വിശ്വസിച്ചേല്പിക്കാനുള്ള വാക്കുകൾ.
അവയുടെ ജ്വാല, അവയുടെ ക്ഷണികജ്വാല,
തവിഞ്ഞു പോകരുതെന്നതിനായി.
ഞാനത്രമേൽ സ്നേഹിച്ച വാക്കുകൾ,
ഇന്നുമൊരുപക്ഷേ ഞാൻ സ്നേഹിക്കുന്ന വാക്കുകൾ.
എന്റെ കുടിയിടമാണവ,
എന്റെ നാവിൻതുമ്പിലെ ഉപ്പുചുവയും.

.(1995)


30. ഗാനം


തിരത്തലപ്പുകളോരോന്നുയർത്തി
പെരുകിവന്ന കടലിനോടു
ഞാൻ യാചിച്ചു,
പോപ്ളാർമരത്തിന്റെ
ഇലകള്‍ പോലാവാൻ;
എന്റെ നെഞ്ചത്തൊരു
സൌമ്യസ്പർശമാവാൻ,
ചില ചുണ്ടുകളുടെ
ഓർമ്മയെങ്കിലുമാവാൻ.

(1997)


31. രാത്രിയിലേക്കു പ്രവേശിക്കുമ്പോൾ


ഒളിച്ചോടുകയാണിപ്പോഴവ: കണ്ണുകൾ,
തുടിക്കുന്ന വെളിച്ചത്തിൽ നിന്നൊളിച്ചോടുകയാണവ.
രോഗികളോ വൃദ്ധരോ ആണവർ, സാധുക്കൾ,
തങ്ങളെത്രയും സ്നേഹിക്കുന്നതിനെ
ചെറുത്തുനിൽക്കുകയാണവ.
അവയോടു നന്ദി പറയാനെത്ര കാരണങ്ങളെനിക്കുണ്ട്:
മേഘങ്ങൾ, പൂഴിമണൽ, കടൽക്കാക്കകൾ,
ശിശുക്കളുടെ തൊലിനിറമായ പീച്ചുപഴങ്ങൾ,
ഷർട്ടിന്റെ തുണിയ്ക്കിടയിലൂടൊളിഞ്ഞുനോക്കുന്ന നെഞ്ച്,
ഏപ്രിലിന്റെ കുളിരുന്ന വെളിച്ചം,
വെണ്മയുടെ നിരന്തരമൌനം,
സെസ്സാന്റെ പച്ചനിറമായ കുഞ്ഞാപ്പിളുകൾ, കടൽ.
ഒരുകാലം വെളിച്ചം കുടിപാർത്തിരുന്ന കണ്ണുകൾ,
ഇന്നു വായുവിൽത്തന്നെ കാലിടറിവീഴുന്ന
തീർച്ച പോരാത്ത കണ്ണുകൾ.

(1998)


32. ചില ദിവസങ്ങളുണ്ട്


ചില ദിവസങ്ങളുണ്ട്,
ലോകത്തിന്റെ മാലിന്യമൊന്നാകെ
നമുക്കു മേൽ വന്നുവീഴുകയാണെന്നു നമുക്കു തോന്നും.
പിന്നീട്, മട്ടുപ്പാവിലിറങ്ങിനില്ക്കുമ്പോൾ
കുട്ടികൾ ജട്ടിയിലൂടെ പാട്ടും പാടിക്കൊണ്ടോടിപ്പോകുന്നത്
നമ്മുടെ കണ്ണില്പെടുന്നു.
എനിക്കവരുടെ പേരറിയില്ല.
അവരിലൊരാൾ എന്നെപ്പോലെയാണെന്ന്
ഇടയ്ക്കിടെ എനിക്കു തോന്നുന്നുണ്ട്.
എന്നു പറഞ്ഞാൽ:
അഴകിന്റെയോ ആനന്ദത്തിന്റെയോ
പ്രകാശപൂർണ്ണമായ ഒരു സാന്നിദ്ധ്യമായിരുന്ന കാലത്ത്
ഞാനെന്തായിരുന്നുവോ, അതുപോലെ.
വളരെപ്പണ്ടുകാലത്തെ ഒരു വേനല്ക്കാലത്ത്
ഒരു പുഞ്ചിരിയപ്പോൾ വിടരുന്നു.
അത് മായാതെ നില്ക്കുന്നു,
ഇന്നും മായാതെ നില്ക്കുന്നു.

(1998)


33. വിൻസന്റിന്റെ ചെവി


ചീവീടുകൾക്കില്ല,
ഗോതമ്പുപാടങ്ങളുടെ പൊള്ളുന്ന തുടകൾക്കില്ല,
ലില്ലിപ്പൂക്കളുടെ ധ്യാനസ്ഥവർണ്ണങ്ങൾക്കില്ല,
തെക്കൻനാടുകളുടെ കിരാതവെളിച്ചത്തിനു പോലുമില്ല,
ഇനിമേൽ നിന്റെ നെഞ്ചിലൊരിടം;
മുറിപ്പെട്ട പ്രാപ്പിടിയനെപ്പോലെ
കാതിന്റെ ചോരവാർച്ച നിലയ്ക്കുന്നേയില്ല;
അതൊലിപ്പിക്കുന്നു,
കറുത്ത, വിഭ്രാന്തമായ സ്നേഹം,
ലോകത്തെ മുക്കിത്താഴ്ത്തുന്ന സ്നേഹം,
താനറിയാതെ, എന്തിനെന്നറിയാതെ,
അവമാനിതമായും.

(1992)


34. ഫലം


കവിത ഇങ്ങനെയാവട്ടെയെന്നാണെനിക്ക്:
വെളിച്ചത്തിനൊത്തു ത്രസിക്കുന്നത്, മണ്ണിനൊത്തു പരുക്കനായത്,
തെന്നലിനും ചോലയ്ക്കുമൊത്തു മന്ത്രിക്കുന്നത്.


35. ഒരു പുഴ നിങ്ങളെ കാത്തിരിക്കുന്നു


കിഴക്കൻ കാറ്റിനു തുറന്നുകിടക്കുന്ന നഗരത്തിൽ
നിങ്ങൾ ഒറ്റയ്ക്കാണ്‌, രാത്രിയുമാണ്‌.
നിങ്ങൾക്കറിയാത്തതായി ഒരുപാടുണ്ട്,
ഇനി ചോദിക്കാനുള്ള നേരവുമില്ല.
എന്നാൽ തനിക്കു മതിയായത്ര വാക്കുകൾ നിങ്ങൾക്കുണ്ട്,
അവസാനത്തെ വാക്കുകൾ,
നിറം വിളർത്തവ, ഭാരം തൂങ്ങുന്നവ,
പിന്നെ, പരിത്യക്തനായി നിങ്ങളും.

നിങ്ങൾ ഒറ്റയ്ക്കാണ്‌,
പുഴയ്ക്കു മുകളിലെ വലിയ പാലം
നിങ്ങളെ എതിരേല്ക്കുന്നു.
ബോട്ടുകൾ കടന്നുപോയിടത്തേക്കു നിങ്ങൾ നോക്കുന്നു,
ഇരുണ്ടു, കൊഴുത്തുകിടക്കുന്ന ജലം,
ലില്ലികളെക്കുറിച്ച്, 
രാക്കിളികളെക്കുറിച്ചു മന്ത്രിക്കുന്ന ജലം.

ഒരു നിമിഷത്തേക്കു നിങ്ങൾ മറക്കുന്നു,
നഗരത്തെ, 
അതിന്റെ വ്യാപാരബാധിതപ്രേതങ്ങളെ,
സ്വന്തം തൃഷ്ണകൾക്കു കുഞ്ഞുശവപ്പെട്ടികൾ പണിയാൻ
ഓടിപ്പാഞ്ഞുനടക്കുന്ന ആൾക്കൂട്ടങ്ങളെ,
അതിഭക്തിയോടെ നായ്ക്കൾ വെട്ടിവിഴുങ്ങുന്ന,
നഗ്നമേനികളായി കുട്ടികൾ മിനുങ്ങുന്ന
നഗരത്തെ.

നിങ്ങൾ പുഴയെ നോക്കിനില്ക്കുന്നു,
തന്റെ കുട്ടിക്കാലക്കിടക്കയാണതെന്നപോലെ:
പിന്നാമ്പുറച്ചുമരിലെ കുലമറിഞ്ഞിപ്പൂക്കൾ,
മരം കേറിപ്പറിച്ചെടുത്ത്
പിന്നെ വലിച്ചെറിഞ്ഞ സ്ട്രോബെറിപ്പഴങ്ങൾ,
നിങ്ങളുടെ കൂട്ടുകാർ
(അവർക്കയച്ച നിഷ്കളങ്കമായ വാക്കുകൾ
ചോര വാർത്തും കൊണ്ടു മടങ്ങിവന്നിരുന്നു)
എല്ലാം നിങ്ങൾക്കോർമ്മവരുന്നു,
ആനന്ദം കൊണ്ടീറനായ കണ്ണുകളോടെ
നിങ്ങളെ കാത്തിരിക്കുന്ന അമ്മയെ നിങ്ങൾക്കോർമ്മവരുന്നു.

ജലത്തെ, പാലത്തെ,
വിളക്കുകളുടെ നിരകളെ
നിങ്ങൾ നോക്കിനില്ക്കുന്നു,
പിന്നെയും നിങ്ങൾ നോക്കിനില്ക്കുന്നു,
ജലത്തെ,
ജലത്തെ, അല്ലെങ്കിൽ വാക്കുകളെ;
വേനലിന്റെ നീളുന്ന പകലുകളിൽ
നിർമ്മലമായ നിഴലുകൾ.
നിങ്ങൾ ഏകാകിയാണ്‌,
ഏകാകിയും പരിത്യക്തനുമാണ്‌.
രാത്രിയുമാണ്‌.

2018, ജനുവരി 12, വെള്ളിയാഴ്‌ച

ബ്രെഷ്റ്റ്–സ്വെൻഡ്ബോർഗ് കവിതകള്‍ (1936-1938)


index

നാസികൾ അധികാരം പിടിച്ചതോടെ 1933ൽ ജർമ്മനി വിട്ട ബ്രെഷ്റ്റ് പ്രാഗ്, സൂറിച്ച്, പാരീസ് എന്നിവിടങ്ങളിൽ കുറേക്കാലം താമസിച്ചതിനു ശേഷം 1936ൽ ഡന്മാർക്കിലെ സ്വെൻഡ്ബോർഗ്ഗിൽ ഒരു വീടു വാങ്ങി താമസമാക്കി. അടുത്ത ആറു കൊല്ലത്തേക്ക് ബ്രെഷ്റ്റ് കുടുംബത്തോടൊപ്പം ഇവിടെയായിരുന്നു.


ചരമലിഖിതം, ഗോർക്കിയ്ക്ക്


ഇവിടെ ശയിക്കുന്നു,
ചേരികളുടെ സ്ഥാനപതി,
ജനങ്ങളുടെ പീഡകരേയും
ആ പീഡകരോടെതിരിടുന്നവരേയും കുറിച്ചു വിവരിച്ചവൻ,
പെരുവഴികളുടെ സർവ്വകലാശാലകളിൽ
വിദ്യാഭ്യാസം ചെയ്തവൻ,
താഴ്ന്നവനായി ജനിച്ചിട്ട്
ഉയർന്നവനും താണവനുമുള്ള വ്യവസ്ഥിതി
ഇല്ലാതാക്കാൻ സഹായിച്ചവൻ,
ജനങ്ങളിൽ നിന്നു പഠിക്കുകയും
ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തവൻ.


എല്ലാക്കൊല്ലവും സെപ്തംബറിൽ


എല്ലാക്കൊല്ലവും സെപ്തംബറിൽ സ്കൂൾ തുറക്കുമ്പോൾ
സ്ത്രീകൾ നഗരപ്രാന്തങ്ങളിലെ സ്റ്റേഷനറിക്കടകളിൽ ചെല്ലുന്നു,
തങ്ങളുടെ കുട്ടികൾക്കായി പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും വാങ്ങുന്നു.
പിഞ്ഞിക്കീറിയ സഞ്ചിയിൽ നിന്ന് അവസാനത്തെത്തുട്ടും തപ്പിപ്പിടിച്ചെടുക്കുമ്പോൾ
അറിവിനു വില വളരെക്കൂടുതലായെന്ന് അവർ പരാതിപ്പെടുന്നു.
തങ്ങളുടെ കുട്ടികൾ പഠിക്കാൻ പോകുന്ന അറിവെത്ര മോശമാണെന്ന്
അവർ അറിയുന്നതേയില്ല.


വിടവാങ്ങൽ


നാമന്യോന്യം കെട്ടിപ്പിടിക്കുന്നു.
എന്റെ കൈ തൊടുന്നത് പട്ടിന്റെ മൃദുലതയിൽ,
നിന്റേത് കോറത്തുണിയിലും.
തിടുക്കത്തിൽ നാമതു നിർവഹിച്ചു.
നിനക്കൊരത്താഴവിരുന്നിനു ക്ഷണമുണ്ടായിരുന്നു,
എന്റെ പിന്നാലെ ആരാച്ചാരുടെ പിണിയാളുകളുണ്ടായിരുന്നു.
കാലാവസ്ഥയെക്കുറിച്ചു നാം സംസാരിച്ചു,
നമ്മുടെ സൗഹൃദത്തിനൊരുകാലവും ഭംഗമുണ്ടാവില്ലെന്നും.
അതിലധികമെന്തും കയ്ക്കുന്നതായേനെ.


വന്ധ്യതയെക്കുറിച്ച്


കായ്ക്കാത്ത ഫലവൃക്ഷത്തെ
വന്ധ്യമെന്നു നിങ്ങൾ വിളിക്കുന്നു.
മണ്ണിന്റെ ഗുണം നിങ്ങൾ പരിശോധിച്ചോ?

ഒടിഞ്ഞുവീണ കൊമ്പ്
ദ്രവിച്ചതായിരുന്നുവെന്നു നിങ്ങൾ പറയുന്നു.
അതിൽ മഞ്ഞു വീണതു നിങ്ങൾ കണ്ടിരുന്നോ?


ഉദ്ധരിക്കാവുന്നത്


കിൻ എന്ന കവി പറയുന്നു:
പ്രസിദ്ധനല്ലെങ്കില്പിന്നെ മരണമില്ലാത്ത കവിതകൾ
എങ്ങനെ ഞാനെഴുതും?
എനിക്കു നേരേ ചോദ്യമുയരുന്നില്ലെങ്കില്പിന്നെ
ഞാനെങ്ങനെ ഉത്തരം പറയും?
കാലം കഴിയുമ്പോൾ പാഴാവാനാണെങ്കില്പിന്നെ
ഞാനെന്തിനു കവിതയെഴുതാൻ കാലം പാഴാക്കണം?
ഞാനെന്റെ നിർദ്ദേശങ്ങൾ
ഈടു നില്ക്കുന്നൊരു ഭാഷയിൽ എഴുതിവയ്ക്കുന്നു;
അവ നടപ്പിലാവാൻ സമയമെടുക്കുമെന്നെനിക്കറിയാമല്ലോ.
വലിയ നേട്ടങ്ങൾ കൈവരിക്കാൻ വലിയ മാറ്റങ്ങൾ നടക്കണം.
വലിയ മാറ്റങ്ങളുടെ ശത്രുക്കളാണ്‌ ചെറിയ മാറ്റങ്ങൾ.
എനിക്കു ശത്രുക്കളുണ്ട്. അതിനാൽ ഞാൻ പ്രസിദ്ധനായിരിക്കണം.
(കിൻ ബ്രെഷ്റ്റ് തന്നെ)


യുദ്ധത്തെക്കുറിച്ചുള്ള ഒരു ജർമ്മൻ പാഠപുസ്തകത്തിൽ നിന്ന്


1
ഉയർന്ന സ്ഥിതിയിൽ ഇരിക്കുന്നവരുടെ വിചാരം
ആഹാരത്തെക്കുറിച്ചു സംസാരിക്കുന്നത് താഴ്ന്ന പണിയാണെന്നാണ്‌.
വാസ്തവമെന്തെന്നാൽ:
അവർ ആഹാരം കഴിച്ചുകഴിഞ്ഞിരിക്കുന്നു.

നല്ല മാംസത്തിന്റെ രുചി ഒരിക്കൽപ്പോലുമറിയാതെ
താഴ്ന്നവർ ലോകം വിട്ടുപോകേണ്ടിവരുന്നു.

സുന്ദരസായാഹ്നങ്ങളിൽ അവർ അത്രയ്ക്കു തളർന്നുപോകുന്നതിനാൽ
തങ്ങൾ എവിടെ നിന്നു വരുന്നു എവിടെയ്ക്കു പോകുന്നു
എന്നാലോചിക്കാനവർക്കു കഴിയുന്നില്ല.

മലകളും വൻകടലും കാണാതെ തന്നെ
അവരുടെ കാലം കഴിഞ്ഞുപോകുന്നു.

താഴുക എന്നാലെന്താണെന്ന്
താഴ്ന്നവർ ചിന്തിക്കാതിരുന്നാൽ
അവർ ഒരിക്കലും ഉയരുകയുമില്ല.

2
നേതാക്കൾ സമാധാനത്തെക്കുറിച്ചു സംസാരിക്കുമ്പോൾ
സാധാരണക്കാർക്കറിയാം യുദ്ധം വരാറായെന്ന്.

നേതാക്കന്മാർ യുദ്ധത്തെ ശപിക്കുമ്പോൾ
പടനീക്കത്തിനുള്ള കല്പന പോയിക്കഴിഞ്ഞിരിക്കും.

3
തലപ്പത്തുള്ളവർ പറയുന്നു:
യുദ്ധവും സമാധാനവും വേറേ വേറേ കാര്യങ്ങളാണെന്ന്.
എന്നാൽ അവരുടെ യുദ്ധവും അവരുടെ സമാധാനവും
കാറ്റും കൊടുങ്കാറ്റും പോലെയാണെന്നേയുള്ളു.

അവരുടെ സമാധാനത്തിൽ നിന്ന് യുദ്ധം പിറക്കുന്നു
അമ്മയിൽ നിന്നു മകനെന്നപോലെ.
മകന്റെ മുഖത്തുകാണാം
അമ്മയുടെ പേടിപ്പെടുത്തുന്ന മുഖലക്ഷണങ്ങൾ.

അവരുടെ സമാധാനം ബാക്കി വച്ചതെന്തെങ്കിലുമുണ്ടെങ്കിൽ
അതിനെ കൊന്നുകളയുന്നു
അവരുടെ യുദ്ധം.

4
തലപ്പത്തുള്ളവർ പറയുന്നു:
കീർത്തിയിലേക്ക് ഇതു വഴിയേ.
അങ്ങു താഴെക്കിടക്കുന്നവർ പറയുന്നു:
ശവക്കുഴിയിലേക്ക് ഇതു വഴിയേ.

5
വരാനുള്ള യുദ്ധം ആദ്യത്തേതല്ല.
അതിനു മുമ്പ് വേറെയും യുദ്ധങ്ങളുണ്ടായിരുന്നു.
അവസാനത്തേതിനവസാനമായപ്പോൾ
തോറ്റവരും തോല്പിച്ചവരുമുണ്ടായി.
തോറ്റവർക്കിടയിൽ സാധാരണക്കാർ പട്ടിണി കിടന്നു.
തോല്പിച്ചവർക്കിടയിലും സാധാരണക്കാർ പട്ടിണി കിടന്നു.

6
തലപ്പത്തുള്ളവർ പറയുന്നു
സൗഹൃദമാണ്‌ പട്ടാളത്തിൽ നടപ്പെന്ന്.
അതിന്റെ നേരറിയാൻ
അടുക്കളയിൽ ചെന്നാൽ മതി.
അവരുടെ ഹൃദയങ്ങളിലുള്ളത്
ഒരേ തരം ധീരത തന്നെ.
അവരുടെ പാത്രങ്ങളിലുള്ളതു പക്ഷേ,
രണ്ടു തരം റേഷനും.

7
മാർച്ചു ചെയ്തു പോകുമ്പോൾ മിക്കവർക്കുമറിയില്ല
മുന്നിൽ മാർച്ചു ചെയ്യുന്നത് തങ്ങളുടെ ശത്രു തന്നെയാണെന്ന്.
തങ്ങൾക്കു കല്പനകൾ നല്കുന്ന ശബ്ദം
തങ്ങളുടെ ശത്രുവിന്റെ ശബ്ദം തന്നെയാണെന്നും
ശത്രുവിനെക്കുറിച്ചു സംസാരിക്കുന്ന ആ മനുഷ്യൻ
ശത്രു തന്നെയാണെന്നും.

8
രാത്രിയായിരിക്കുന്നു.
ദമ്പതികൾ കിടക്കകളിൽ.
യുവതികളായ ഭാര്യമാർ
അനാഥശിശുക്കളെ ഗർഭം ധരിക്കും.

9
ചുമരിൽ ചോക്കു കൊണ്ടെഴുതിയിരുന്നു:
അവർക്കു യുദ്ധം വേണം.
അതെഴുതിയ മനുഷ്യൻ
വീണുകഴിഞ്ഞിരുന്നു.

10
ജനറൽ, താങ്കളുടെ ടാങ്ക് കരുത്തൻ വാഹനം തന്നെ.
അത് കാടുകൾ തട്ടിത്തകർക്കുന്നു,
ഒരു നൂറു മനുഷ്യരെ ഞെരിച്ചമർത്തുന്നു.
എന്നാൽ അതിനൊരു കുറവുണ്ട്:
അതിനൊരു ഡ്രൈവർ വേണം.

ജനറൽ, താങ്കളുടെ ബോംബർ കരുത്തുറ്റതു തന്നെ.
അതൊരു കൊടുങ്കാറ്റിനെക്കാൾ വേഗത്തിൽ പായും,
ഒരാനയെക്കാളധികം ഭാരം വഹിക്കുകയും ചെയ്യും.
എന്നാൽ അതിനൊരു കുറവുണ്ട്:
അതിനൊരു മെക്കാനിക്ക് വേണം.

ജനറൽ, മനുഷ്യനെക്കൊണ്ടുപയോഗമുണ്ട്.
അവൻ പറക്കും അവൻ കൊല്ലും.
എന്നാൽ അവനൊരു കുറവുണ്ട്:
അവൻ ചിന്തിക്കും.


ഭരിക്കുന്നതിന്റെ പ്രയാസങ്ങൾ


1
മന്ത്രിമാർ ജനങ്ങളോടു പറഞ്ഞുകൊണ്ടേയിരിക്കുകയാണ്‌,
ഭരിക്കുക എന്നത് എത്ര ദുഷ്കരമായ കാര്യമാണെന്ന്.
മന്ത്രിമാരില്ലെങ്കിൽ ചോളം വളരുക
നിലത്തേക്കായിരിക്കും, മുകളിലേക്കാവില്ല.
ചാൻസെലർ ഇത്ര മിടുക്കനായിരുന്നില്ലെങ്കിൽ
ഒരു കട്ട കരി പോലും ഖനിയിൽ നിന്നു പുറത്തേക്കു വരുമായിരുന്നില്ല.
പ്രചാരണകാര്യമന്ത്രിയില്ലെങ്കിൽ
ഒരു പെണ്ണും ഗർഭം ധരിക്കാൻ സമ്മതിക്കുമായിരുന്നില്ല.
യുദ്ധകാര്യമന്ത്രിയില്ലെങ്കിൽ യുദ്ധമേ ഉണ്ടാവില്ല.
എന്തിനു പറയുന്നു, ഫ്യൂററുടെ സമ്മതമില്ലെങ്കിൽ
കാലത്തു സൂര്യനുദിക്കുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു;
ഇനി ഉദിച്ചാൽത്തന്നെ അതു സ്ഥാനം തെറ്റിയിട്ടുമായിരിക്കും.

2
അത്രതന്നെ ദുഷ്കരമാണത്രെ, അവർ നമ്മോടു പറയുന്നു,
ഒരു ഫാക്ടറി നടത്തിക്കൊണ്ടു പോകുന്നതും.
ഫാക്ടറിയുടമയില്ലെങ്കിൽ ചുമരുകളിടിഞ്ഞുവീഴുമത്രെ,
യന്ത്രങ്ങൾ തുരുമ്പെടുക്കുമത്രെ.
ഇനി എവിടെങ്കിലും ഒരു കലപ്പയുണ്ടാക്കിയാൽത്തന്നെ
അതെങ്ങനെ പാടത്തെത്തും,
ഫാക്ടറിയുടമ കൃഷിക്കാരനോടു പറയുന്ന കൗശലങ്ങളില്ലാതെ:
കലപ്പ എന്നൊരു സംഗതിയുണ്ടെന്ന് ആരല്ലെങ്കിൽ അവരോടു പറയും?
ജന്മിയില്ലെങ്കിൽ പാടത്തിന്റെ സ്ഥിതിയെന്താവും?
സംശയമെന്ത്, ഉരുളക്കിഴങ്ങു നടേണ്ടിടത്ത് അവർ തിന വിതയ്ക്കും.

3
ഭരണം എളുപ്പപ്പണിയാണെങ്കിൽ
ഫ്യൂററെപ്പോലുള്ള പ്രചോദിതമനസ്സുകളുടെ ആവശ്യം തന്നെ വരില്ല.
യന്ത്രം പ്രവർത്തിപ്പിക്കാൻ തൊഴിലാളിക്കറിയുമെങ്കിൽ,
പാടവും ചപ്പാത്തിപ്പലകയും തമ്മിലുള്ള വ്യത്യാസം കൃഷിക്കാരനറിയുമെങ്കിൽ
ജന്മിയുടേയോ ഫാക്ടറിയുടമയുടേയോ ആവശ്യം തന്നെയില്ല.
അവർ ഇത്രയും ബുദ്ധി കെട്ടവരായതു കൊണ്ടാണ്‌
മിടുക്കരായ ചിലരെ വേണ്ടിവരുന്നത്.

4
ഇനിയഥവാ,
ഭരണം ഇത്രയും ദുഷ്കരമാണെന്നു പറയുന്നത്
തട്ടിപ്പിനും ചൂഷണത്തിനും കുറച്ചു പരിശീലനം വേണമെന്നുള്ളതുകൊണ്ടാണോ?


തീ പിടിച്ച പുരയെക്കുറിച്ച് ബുദ്ധന്റെ ഉപമ


നമ്മെ ബന്ധിച്ച തൃഷ്ണയുടെ ചക്രത്തെക്കുറിച്ചു ഗൌതമബുദ്ധൻ നമ്മെ പഠിപ്പിച്ചു,
ആശകൾ നാമകലെക്കളയണമെന്നും
ആശകളറ്റവരായി വേണം താൻ നിർവാണമെന്നു വിളിക്കുന്ന ശൂന്യതയിലേക്കു നാം പ്രവേശിക്കാനെന്നും
അദ്ദേഹം നമ്മെ ഉപദേശിച്ചു.
പിന്നെയൊരുനാൾ ഒരു ശിഷ്യൻ അദ്ദേഹത്തോടു ചോദിച്ചു:
ആ ശൂന്യത, അതേതു പോലിരിക്കും, ഗുരോ?
അങ്ങുപദേശിച്ചപോലെ മോഹങ്ങളൊക്കെ ഞങ്ങൾ വെടിയാം,
പിന്നെ ഞങ്ങൾ പ്രവേശിക്കുന്ന ശൂന്യതയേതുപോലെയെന്നൊന്നു പറയൂ:
സർവസൃഷ്ടികളോടും താദാത്മ്യം പ്രാപിക്കുമ്പോലെയാണോ?
ഉച്ചയ്ക്കു പുഴയിൽ ഉടലിന്റെ ഭാരമറിയാതെ,
മനസ്സിൽ ചിന്തകളേതുമില്ലാതെ പൊന്തിയൊഴുകുന്നപോലെയോ?
വിരിപ്പിന്റെ ചുളി നീർത്തുന്നതു പോലുമറിയാതെ മയങ്ങിക്കിടക്കുമ്പോലെയോ?
ആ ശൂന്യത, ഇതു പോലതു ഹൃദ്യമോ, പ്രീതിദമായൊരു ശൂന്യത?
അതോ അങ്ങു പറയുന്ന ഈ ശൂന്യത വെറുമൊരില്ലായ്മയോ,
തണുത്തതും ബോധഹീനവും പൊള്ളയായതും?
ബുദ്ധൻ ഏറെ നേരം മൌനിയായിരുന്നു,
പിന്നെ കൂസലെന്യേ അദ്ദേഹം പറഞ്ഞു:
നിന്റെ ചോദ്യത്തിന്‌ ഉത്തരമില്ല.
പിന്നെ സന്ധ്യക്ക് അവർ പോയിക്കഴിഞ്ഞപ്പോൾ
കടപ്ളാവിനടിയിലിരുന്നുകൊണ്ട്
അന്യശിഷ്യരോട് ബുദ്ധൻ ഈ ഉപമ പറഞ്ഞു:
അടുത്തിടെ ഞാനൊരു പുര കണ്ടു. അതെരിയുകയായിരുന്നു.
തീനാളം അതിന്റെ മേല്പുര നക്കുകയായിരുന്നു.
അടുത്തുചെന്നു നോക്കുമ്പോൾ
ഉള്ളിലപ്പോഴുമാളുകളുണ്ടെന്നു ഞാൻ കണ്ടു.
വാതിൽ തുറന്നു ഞാനവരോടു വിളിച്ചുപറഞ്ഞു,
മേല്പുരയിൽ തീയാളിക്കത്തുന്നുവെന്ന്,
എത്രയും വേഗം പുര വിട്ടിറങ്ങുകയെന്ന്.
ആ മനുഷ്യർക്കു പക്ഷേ, ഒരു തിടുക്കവും കണ്ടില്ല.
പുരികം പൊള്ളിക്കുന്നത്ര എരിച്ചടുത്തു തീയെന്നായിട്ടും
അവരിലൊരാൾ എന്നോടു ചോദിച്ചു,
പുറത്തെന്താ സ്ഥിതിയെന്ന്, മഴ പെയ്യുന്നില്ലേയെന്ന്,
കാറ്റു വീശുകയാവാമല്ലേയെന്ന്,
പുറത്തു തങ്ങൾക്കു വേറൊരു വീടു കിട്ടുമോയെന്ന്,
അതും ഇതുമാതിരി തന്നെയുള്ളത്.
മറുപടി പറയാതെ ഞാനിറങ്ങിപ്പോന്നു.
ഈ മനുഷ്യരുടെ സംശയങ്ങൾ അവസാനിക്കണമെങ്കിൽ, ഞാനോർത്തു,
ഇവർ എരിഞ്ഞുചാവുക തന്നെ വേണം.
ഇനിയൊട്ടും പറ്റില്ലെന്ന മട്ടിൽ പൊള്ളിയാലേ
നില്ക്കുന്നിടം വിട്ടു മാറൂ എന്നാണൊരാളുടെ തീരുമാനമെങ്കിൽ
അയാളോടെനിക്കൊന്നും പറയാനില്ല.
എന്നു ഗൌതമബുദ്ധൻ.
അതുപോലെ നമ്മളും,
കീഴടങ്ങലല്ല, കീഴടങ്ങാതിരിക്കലാണു വേണ്ടതെന്ന വാദിക്കുന്നവർ,
ജിവിതവുമായി ബന്ധപ്പെട്ട പലതരം നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നവർ,
തങ്ങളെ പീഡിപ്പിക്കുന്ന മനുഷ്യരെ കുടഞ്ഞുതെറിപ്പിക്കാൻ
ആളുകളോടു കെഞ്ചുന്നവർ,
നമ്മളും വിശ്വസിക്കുന്നു,
ബോംബറുകൾ പറന്നടുക്കുമ്പോൾ നീണ്ട ചോദ്യങ്ങൾ ചോദിക്കുന്നവർ,
ഇതെങ്ങനെ ചെയ്യാനാണു നാമുദ്ദേശിക്കുന്നതെന്നും,
അതെങ്ങനെയാണു നാം മുന്നിൽ കാണുന്നതെന്നും,
വിപ്ളവത്തിനു ശേഷം തങ്ങളുടെ സമ്പാദ്യങ്ങൾക്കെന്തു പറ്റുമെന്നും,
തങ്ങളുടെ ഞായറാഴ്ചവേഷത്തിന്റെ ഗതിയെന്താവുമെന്നും സംശയിക്കുന്നവർ,
അവരോടു നമുക്കു കൂടുതലായൊന്നും പറയാനില്ലെന്ന്.

(ഇങ്ങനെയൊരു കഥ ബുദ്ധമതഗ്രന്ഥങ്ങളിൽ ഇല്ല. ഡാനിഷ് നോവലിസ്റ്റായ Karl Gjellerupന്റെ The Pilgrim Kamanita എന്ന നോവലിലെ ഒരു സന്ദർഭമാണ്‌ കവിതയുടെ വിഷയം. കാമനീത എന്ന യുവാവായ തീർത്ഥാടകൻ ബുദ്ധനോടു ചോദിക്കുന്നു, നിത്യജീവനാണോ നിശ്ശൂന്യതയാണോ ജന്മത്തിനൊടുവിൽ ലഭിക്കുക എന്നതറിയാതെ എങ്ങനെയാണ്‌ ഒരാൾ പ്രവൃത്തി ചെയ്യുക എന്ന്. അതിന്‌ ബുദ്ധന്റെ മറുപടി ഇങ്ങനെ: ഒരു വീടിനു തീ പിടിച്ചുവെന്നും വേലക്കാരൻ യജമാനനെ വിളിച്ചുണർത്താൻ ഓടിച്ചെല്ലുകയാണെന്നും കരുതുക. എഴുന്നേല്ക്കണേ, വീടിനു തീ പിടിച്ചു. കഴുക്കോലുകൾ എരിഞ്ഞുതുടങ്ങി, മേല്ക്കൂര വൈകാതെ എരിഞ്ഞുവീഴും. അപ്പോൾ വീട്ടുകാരൻ ഇങ്ങനെ മറുപടി പറയുമോ?: നീ പോയി പുറത്ത് കാറ്റോ മഴയോ ഉണ്ടോയെന്നു നോക്കിയിട്ടു വാ; അല്ലെങ്കിൽ നിലാവുള്ള രാത്രിയാണോയെന്നു നോക്ക്. രണ്ടാമതു പറഞ്ഞതാണെങ്കിൽ നമുക്ക് പുറത്തു കടക്കാം.

അങ്ങനെയൊരാൾക്ക് തനിക്കു നേരിടാൻ പോകുന്ന അപകടം കാണാൻ കണ്ണില്ലെന്ന് കാമനീത സമ്മതിക്കുന്നു. അപ്പോൾ ബുദ്ധൻ പറയുന്നു: അതേപോലെയാണ്‌ നിന്റെ കാര്യവും. നിന്റെ തല്യ്ക്കു മേൽ തീയെരിയുകയാണെന്നപോലെ ജീവിക്കുക. നിന്റെ വീടിനു തീ പിടിച്ചിരിക്കുന്നു. ഏതാണ്‌ ആ വീട്? ലോകം! ..

അടുത്ത ദിവസം തെരുവിൽ വച്ച് കാമനീത ഒരു കാളയുടെ ഇടി കൊണ്ട് മരിക്കുന്നു.)


വിമർശനാത്മകമനോഭാവത്തെക്കുറിച്ച്


നിഷ്ഫലമാണ്  വിമർശനാത്മകമനോഭാവമെന്ന്
പലരും കരുതുന്നു.
തങ്ങളുടെ വിമർശനത്തിനപ്രാപ്യമാണു ഭരണകൂടം
എന്നവർ കരുതുന്നതുകൊണ്ടാണങ്ങനെ.
ഇവിടെപ്പക്ഷേ നിഷ്ഫലമായ മനോഭാവമെന്നാൽ
ദുർബലമായ മനോഭാവമെന്നേ വരുന്നുള്ളു.
വിമർശനത്തിനായുധം കൊടുത്തു നോക്കൂ,
ഭരണകൂടങ്ങളെ തട്ടിനിരത്താനതു മതി.

ഒരു പുഴയ്ക്കു കനാലു വെട്ടുക
ഒരു ഫലവൃക്ഷം പതി വച്ചെടുക്കുക
ഒരാൾക്കു വിദ്യാഭ്യാസം കൊടുക്കുക
ഒരു ഭരണകൂടത്തെ മാറ്റിത്തീർക്കുക
സഫലമായ വിമർശനത്തിനു നിദർശനങ്ങളാണിതൊക്കെ
അതേ സമയം തന്നെ കലയുടെയും.


അനന്തരതലമുറയോട്


1
സത്യമായും ഞാൻ ജീവിക്കുന്നത് ഇരുണ്ട കാലഘട്ടത്തിൽത്തന്നെ!
കപടമില്ലാത്ത വചനം വിഡ്ഡിത്തമാണ്‌.
ചുളി വീഴാത്ത നെറ്റി നിർവികാരതയുടെ ലക്ഷണമാണ്‌.
ചിരിക്കുന്നവൻ ഭീകരമായ വാർത്തകൾ കേൾക്കാനിരിക്കുന്നതേയുള്ളു.

എന്തു തരം കാലമാണത്,
അത്രയധികം കൊടുമകളെക്കുറിച്ചു മൌനം ദീക്ഷിക്കുന്നുവെന്നതിനാൽ
മരങ്ങളെക്കുറിച്ചൊരു സംഭാഷണം പാതകമാവുന്ന കാലം?
സമാധാനത്തോടെ തെരുവു മുറിച്ചുകടക്കുന്ന ആ മനുഷ്യൻ
അയാളുടെ സഹായമാവശ്യമുള്ള സ്നേഹിതന്മാർക്ക്
കൈ നീട്ടിയാലെത്തില്ലെങ്കിൽ?

എനിക്കു വേണ്ടതു ഞാൻ നേടുന്നുവെന്നതു സത്യം തന്നെ.
അതു പക്ഷേ, ഞാൻ പറയുന്നതു വിശ്വസിക്കൂ,
യാദൃച്ഛികം മാത്രമാണ്‌.
ഞാൻ ചെയ്യുന്നതൊന്നും സ്വന്തം വയറു നിറയ്ക്കാനുള്ള അവകാശം
എനിക്കു നൽകുന്നില്ല.
ഭാഗ്യം കൊണ്ടു ഞാൻ രക്ഷപെട്ടുവെന്നേയുള്ളു.
(എന്റെ ഭാഗ്യം തീർന്നാൽ ഞാനും തീർന്നു.)

അവർ എന്നോടു പറയുകയാണ്‌: തിന്നൂ, കുടിക്കൂ!
ഉള്ളവനാവാൻ കഴിഞ്ഞതിലാനന്ദിക്കൂ!
പക്ഷേ എങ്ങനെ ഞാൻ തിന്നുകയും കുടിക്കുകയും ചെയ്യാൻ,
വിശക്കുന്നവന്റെ കൈയിൽ നിന്നു തട്ടിപ്പറിച്ചതാണു ഞാൻ തിന്നുന്നതെങ്കിൽ,
ദാഹിച്ചു മരിക്കുന്നവനു കിട്ടേണ്ടതാണെന്റെ ഗ്ളാസ്സിലെ വെള്ളമെങ്കിൽ?
എന്നിട്ടും ഞാൻ തിന്നുകയും കുടിക്കുകയും ചെയ്യുന്നു.

ജ്ഞാനിയാവാനെനിക്കിഷ്ടമായിരുന്നു.
ജ്ഞാനമെന്താണെന്നു പുരാതനഗ്രന്ഥങ്ങൾ പറയുന്നുണ്ടല്ലോ:
ലോകത്തിലെ മദമാത്സര്യങ്ങളിൽ നിന്നു പിൻവാങ്ങുക,
നിങ്ങൾക്കനുവദിച്ചുകിട്ടിയ ഹ്രസ്വായുസ്സു ഭയലേശമെന്യെ ജീവിച്ചുതീർക്കുക.
തിന്മയെ നന്മ കൊണ്ടു നേരിടുക,
ആഗ്രഹങ്ങൾ നിറവേറ്റുകയല്ല, അവയെ മറന്നുകളയുക.
ഇതൊന്നും പക്ഷേ, എനിക്കനുസരിക്കാൻ കഴിയില്ല.
സത്യമായും ഞാൻ ജീവിക്കുന്നതൊരിരുണ്ട കാലത്തു തന്നെ!

2
എല്ലാം താറുമാറായൊരു കാലത്താണു ഞാൻ നഗരത്തിലേക്കു വന്നത്
വിശപ്പിന്റെ രാജ്യഭാരമായിരുന്നു
പ്രക്ഷുബ്ധമായൊരു കാലത്തെ മനുഷ്യർക്കിടയിലേക്കാണു ഞാൻ വന്നത്
അവർ ഇളകിമറിഞ്ഞപ്പോൾ അവർക്കൊപ്പം ഞാനും ചേർന്നു.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.

പോരാട്ടങ്ങൾക്കിടയിൽ കിട്ടിയ നേരത്തു ഞാൻ ആഹാരം കഴിച്ചു
കൊലപാതകികൾക്കിടയിൽ തല ചായ്ച്ചു ഞാനിളവെടുത്തു
അലക്ഷ്യമായി ഞാൻ പ്രണയിച്ചു
പ്രകൃതിയെ ആസ്വദിക്കാനെനിക്കു ക്ഷമയുണ്ടായില്ല.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.

എന്റെ കാലത്തു വഴികൾ നിണ്ടുചെന്നതു ചെളിക്കുണ്ടിലേക്കായിരുന്നു.
എന്റെ ഭാഷ കശാപ്പുകാരന്‌ എന്നെ ഒറ്റിക്കൊടുത്തു.
എനിക്കധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
പക്ഷേ ഞാനില്ലെങ്കിൽ അധികാരത്തിലിരിക്കുന്നവർക്കിരുപ്പിന്റെ സുഖം കൂടും
അഥവാ ഞാനങ്ങനെ പ്രതീക്ഷിച്ചു.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.

തുച്ഛമായിരുന്നു ഞങ്ങളുടെ ശക്തികൾ.
ലക്ഷ്യം വളരയകലെയുമായിരുന്നു.
എനിക്കതപ്രാപ്യമാണെന്നതു മിക്കവാറുമുറപ്പായിരുന്നെങ്കിലും
അതെന്റെ കണ്മുന്നിൽ തെളിഞ്ഞുനിന്നിരുന്നു.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.

3
ഞങ്ങളെ മുക്കിക്കൊന്ന
പ്രളയത്തിൽ നിന്നുയർന്നുവന്നവരേ,
ഞങ്ങളുടെ ദൌർബല്യങ്ങളെക്കുറിച്ചു പറയുമ്പോൾ
നിങ്ങൾക്കനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത
ഈ ഇരുണ്ട കാലത്തെക്കൂടിയോർക്കുക.
ചെരുപ്പുകൾ മാറ്റുന്നതിലും വേഗത്തിൽ നാടുകൾ മാറിമാറി ഞങ്ങൾ കടന്നുപോയി,
വർഗ്ഗസമരങ്ങൾക്കിടയിലൂടെ,
അനീതികളേയുള്ളു, ചെറുത്തുനില്പുകളില്ല എന്ന നൈരാശ്യവുമായി.

എന്നാലും ഞങ്ങൾക്കറിയാമായിരുന്നു:
വിദ്വേഷം, ഹീനതയ്ക്കെതിരെയാണതെങ്കിൽപ്പോലും,
മുഖത്തെ വക്രിപ്പിക്കുമെന്ന്.
കോപം, അനീതിക്കെതിരെയാണതെങ്കിൽപ്പോലും
സ്വരം പരുഷമാക്കുമെന്ന്.
ഹാ, സൌഹാർദ്ദത്തിനടിത്തറയൊരുക്കാനാഗ്രഹിച്ചവർ,
ഞങ്ങൾക്കു പക്ഷേ, സൌഹാർദ്ദമുള്ളവരാവാൻ കഴിഞ്ഞില്ല.

പക്ഷേ നിങ്ങൾ,
മനുഷ്യൻ മനുഷ്യനു തുണയാവുന്ന ആ കാലമെത്തിച്ചേരുമ്പോൾ,
നിങ്ങൾ ഞങ്ങളെ ഓർക്കുന്നത്
ദാക്ഷിണ്യത്തോടെയാവണം.


പ്രമാണവാക്യം


ഇരുണ്ട കാലത്തും
പാട്ടുകളുണ്ടാവില്ലേ?
തീർച്ചയായും,
ഇരുണ്ട കാലത്തെക്കുറിച്ചുള്ള
പാട്ടുകൾ.



2018, ജനുവരി 9, ചൊവ്വാഴ്ച

ബ്രെഷ്റ്റ്–കവിതകള്‍ (1922-28)


images


ഗോർഡിയൻ കുരുക്ക്


1
മാസിഡോണിയാക്കാരനായ ആ മനുഷ്യൻ
തന്റെ വാളു കൊണ്ട്
കുരുക്കറുത്തുമുറിച്ചപ്പോൾ
ഗോർഡിയത്തിൽ ആ സന്ധ്യക്ക്
അവർ അയാളെ വിളിച്ചു,
‘സ്വന്തം പ്രശസ്തിക്കടിമ’യെന്ന്.

അവരുടെ ആ കുരുക്ക്
ലോകാത്ഭുതങ്ങളിൽ ഒന്നായിരുന്നതാണല്ലോ,
ഒരു മനുഷ്യന്റെ മാസ്റ്റർപീസ്,
അയാളുടെ മസ്തിഷ്കം (ലോകത്തേറ്റവും സങ്കീർണ്ണമായതൊന്ന്)
സ്വന്തം സ്മാരകമായി ശേഷിപ്പിച്ചുപോയ ഇരുപതു കയറുതുണ്ടുകൾ,
അതിസങ്കീർണ്ണമായി പിണച്ചുവച്ച ആ കുരുക്കഴിക്കാൻ
ലോകത്തേറ്റവും നിപുണമായ കൈകൾക്കേ കഴിയൂ-
ആ കുരുക്കിട്ടവന്റെ കൈകൾ കഴിച്ചാൽ
പിന്നെ നിപുണമായ കൈകളുണ്ടെങ്കിലത്.
ഹാ, ആ കുരുക്കിട്ടവന്റെ കൈകൾക്ക്
ഒരു നാളതഴിക്കണമെന്നുമുണ്ടായിരുന്നു,
അയാളുടെ ആയുർദൈർഘ്യം പക്ഷേ, കഷ്ടം,
ഒന്നിനേ തികഞ്ഞുള്ളു, കുരുക്കിടുന്നതിന്‌.

അതു മുറിക്കാൻ
രണ്ടാമതൊരാൾ മതിയായി.

അതു മുറിച്ചവനെക്കുറിച്ചു
പലരും പറഞ്ഞു,
ആ ഒരു വെട്ടു കൊണ്ടയാൾ ഭാഗ്യവാനായെന്ന്,
അതനായാസമായിരുന്നുവെന്ന്,
അതു കൊണ്ടുണ്ടായ വിനാശം  ഏറ്റവും കുറവായിരുന്നുവെന്ന്.

പേരില്ലാത്ത ആ മനുഷ്യന്‌ ഒരു ബാദ്ധ്യതയുമുണ്ടായിരുന്നില്ല
സ്വന്തം പ്രവൃത്തിക്ക് സ്വന്തം പേരു കൊണ്ടുത്തരം പറയാൻ,
അതു ദൈവത്തിന്റെ പ്രവൃത്തികൾക്കു തുല്യമായിരുന്നല്ലോ;
അതു നശിപ്പിച്ച മന്ദനു പക്ഷേ,
ഉന്നതങ്ങളിൽ നിന്നൊരു നിദേശമെന്നപോലെ ബാദ്ധ്യതയുണ്ടായിരുന്നു,
സ്വന്തം പേരുദ്ഘോഷിക്കാൻ,
ഒരു ഭൂഖണ്ഡത്തിനു മുന്നിൽ തന്നെ കൊണ്ടുവന്നു നിർത്താൻ.

2
ഗോർഡിയത്തെക്കുറിച്ചിതാണവർ പറയുന്നതെങ്കിൽ, ഞാൻ പറയുന്നു
സങ്കീർണ്ണമായതെല്ലാം ഉപയോഗപ്രദമാവണമെന്നില്ലെന്ന്,
ലോകത്തെ ഒരു ചോദ്യത്തിൽ നിന്നു വിടുവിക്കാൻ
ഒരുത്തരത്തെക്കാൾ പലപ്പോഴും കഴിയുക
ഒരു പ്രവൃത്തിക്കാണെന്ന്.

(1926)


ഗോർഡിയൻ കുരുക്ക് - ഫിർജിയത്തിലെ ഗോർഡിയസ് രാജാവ് തന്റെ കാളവണ്ടിയിൽ കെട്ടിയിട്ട സങ്കീർണ്ണമായ കുരുക്ക്; അതഴിക്കുന്നവൻ ഏഷ്യാഭൂഖണ്ഡമാകെ ഭരിക്കുമെന്ന് പ്രവചനമുണ്ടായിരുന്നു. യശസ്കാമിയായ അലക്സാണ്ടർ കുരുക്കഴിക്കാൻ പറ്റില്ലെന്നു കണ്ടപ്പോൾ വാളു കൊണ്ടതറുത്തിട്ടു.


ഞാൻ അലക്സാണ്ടർക്കെതിരു പറയുകയല്ല


ലോകം കാൽക്കീഴിലാക്കാൻ മെനക്കെട്ടുവത്രെ, തിമൂർ.
എനിക്കതു മനസ്സിലാവുന്നില്ല;
ഒരല്പം പട്ടച്ചാരായമടിച്ചാൽ മറക്കാനുള്ളതേയുള്ളു ലോകം.
അലക്സാണ്ടർക്കെതിരു പറയുകയുമല്ല ഞാൻ.
പിന്നെ,
ശ്രദ്ധേയരായ മനുഷ്യരെ കണ്ടിട്ടുണ്ട്
ഞാനെന്നു മാത്രം-
ജിവിച്ചിരിക്കുന്നുവെന്നതു കൊണ്ടുമാത്രം
നിങ്ങളുടെ ബഹുമാനത്തിനത്രയുമർഹരായവർ.
മഹാന്മാര്‍ ഒരുപാടു വിയർപ്പൊഴുക്കുന്നു.
ഇതിലൊക്കെ ഞാൻ തെളിവു കണ്ടതിങ്ങനെ:
അവനവനാവാനവർക്കായില്ലെന്നു തന്നെ,
കുടിച്ചും,
പുക വലിച്ചും,
അതുമാതിരിയൊക്കെച്ചെയ്തും.
ഒരു പെണ്ണിനരികത്തിരുന്നാൽത്തന്നെ
മനസ്സു തൃപ്തമാകുന്നില്ലവർക്കെങ്കിൽ,
അത്ര ചെറ്റകളുമായിരിക്കണമവർ.


വസന്തം സംബന്ധിച്ച്


വളരെപ്പണ്ട്
ഞങ്ങൾ എണ്ണയ്ക്കും ഇരുമ്പിനും അമ്മോണിയക്കും മേൽ
ചാടിവീഴുന്നതിനും മുമ്പ്
ഓരോ കൊല്ലവുമുണ്ടായിരുന്നു
മരങ്ങളിൽ ഇലകൾ പ്രചണ്ഡമായിത്തളിർത്തിരുന്ന ഒരു കാലം.
ഞങ്ങളിന്നുമോർമ്മിക്കുന്നു
നീളം വച്ച പകലുകൾ
തെളിമ കൂടിയ ആകാശം
കാറ്റിന്റെ പെരുമാറ്റത്തിൽ ഒരു മാറ്റം
വന്നെത്തിയെന്നു തീർച്ചയായ വസന്തം.
ആ വിശ്രുതമായ ഋതുവിനെപ്പറ്റി
ഞങ്ങളിന്നും പുസ്തകങ്ങളിൽ വായിക്കാറുണ്ട്.
ഏറെക്കാലമായിരിക്കുന്നു പക്ഷേ,
ഞങ്ങളുടെ നഗരങ്ങൾക്കു മേൽ
ആ പേരു കേട്ട പറവപ്പറ്റങ്ങളെക്കണ്ടിട്ട്.
വസന്തം ആരുടെയെങ്കിലും കണ്ണിൽപ്പെടുന്നുണ്ടെങ്കിൽത്തന്നെ
അതു ട്രെയിൻ യാത്രക്കാർ മാത്രം.
സമതലദേശങ്ങളിൽ ഇന്നുമതിനെക്കാണാം
അതേ പഴയ തെളിച്ചത്തോടെ.
അങ്ങു മുകളിൽ, ശരി തന്നെ,
കൊടുങ്കാറ്റുകളുണ്ടെന്നു തോന്നാം:
അവ തൊടുന്നതു പക്ഷേ
ഞങ്ങളുടെ ആന്റിനകളിൽ.


വില കുറച്ചു വില്ക്കാൻ നിർബന്ധിതരായ കവികൾ പാടിയ പാട്ട് (കവിതയ്ക്കു കാശു കിട്ടാതായിത്തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ)


1
നിങ്ങൾ ഈ വായിച്ചുകൊണ്ടിരിക്കുന്നത് ആകമാനം വൃത്തത്തിലെഴുതിയതൊന്നത്രെ!
ഞാനിതു പറയുന്നതെന്തെന്നാൽ നിങ്ങൾക്കറിയാതായിരിക്കുന്നു (എന്നെനിക്കു തോന്നുന്നു), കവിതയെന്നാലെന്താണെന്ന്, അല്ലെങ്കിൽ കവിയെന്ന ജീവിയെന്നാലർത്ഥമാക്കുന്നതെന്താണെന്ന്
തീർച്ചയായും ഞങ്ങളെ കുറേക്കൂടി ഭേദപ്പെട്ട രീതിയിൽ പരിഗണിക്കുന്നതിനുള്ള വഴികൾ നിങ്ങളാലോചിക്കുന്നുണ്ടാവും.

2
പറയൂ, എന്തോ ചിലതു നടന്നുവെന്നു നിങ്ങൾക്കു തോന്നിയിട്ടില്ലേ? നിങ്ങൾ ആലോചിച്ചുനോക്കിയിട്ടില്ലേ?
പുതിയ കവിതകൾ പ്രത്യക്ഷപ്പെടാതായിട്ടു കാലം കുറേയായെന്നു നിങ്ങൾക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടോ?
എന്നിട്ടതിന്റെ കാരണം നിങ്ങൾക്കു മനസ്സിലായോ? ഇല്ല. ശരി, അതിനു ഞാൻ മറുപടി പറയാം:
ഒരിക്കൽ ആളുകൾ കവിത വായിക്കാറുണ്ടായിരുന്നു, അതിനവർ വില നല്കുകയും ചെയ്തിരുന്നു. അത്രയും വ്യക്തം.

3
ഇന്നു പക്ഷേ കവിതയ്ക്കു രൊക്കം പണം കൊടുക്കാനാരും തയാറല്ല,
അതുകൊണ്ടാണിന്നു കവിതകളെഴുതപ്പെടാത്തത്;
ആരു വായിക്കുമെന്നു മാത്രമല്ല കവി ചോദിക്കുന്നത്, ആരു പണം കൊടുക്കുമെന്നു കൂടിയാണ്‌,
കാശു കിട്ടിയില്ലെങ്കിൽ കവിതയെഴുതാനും താൻ തയാറല്ല.  അങ്ങനെയൊരു പടുതിയിലേക്കാണു നിങ്ങൾ കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നത്.

4
പക്ഷേ ഇതെന്തുകൊണ്ടിങ്ങനെയാവണം, അയാൾ ചോദിക്കുകയാണ്‌. ഞാനെന്തു പാതകം ചെയ്തു?
എനിക്കു കാശു തന്നവർ ആജ്ഞാപിച്ചതിൻ വണ്ണമല്ലേ ഞാനിതേവരെ ചെയ്തുപോന്നത്?
ഞാനെന്തൊക്കെ വാഗ്ദത്തം ചെയ്തുവോ, അതൊക്കെ ഞാൻ നിറവേറ്റിയിട്ടുണ്ടല്ലോ, സമയം കിട്ടിയതിനനുസരിച്ച്.
ഇന്നിതാ എന്റെ സ്നേഹിതന്മാരായ ചിത്രകാരന്മാർ പറഞ്ഞു ഞാൻ കേൾക്കുന്നു

5
ചിത്രങ്ങൾ വാങ്ങാനുമാളില്ലെന്ന്. സുഖിപ്പിക്കുന്ന ചിത്രങ്ങളാണവയെന്നവർ സമ്മതിക്കുമ്പോൾത്തന്നെ.
ആരും വാങ്ങാനില്ലാതെ കെട്ടിക്കിടക്കുകയാണവ...
ഞങ്ങളോടിത്ര വിരോധം വരാനെന്താണു കാരണം? എന്താണു നിങ്ങൾ കാശു തരാത്തത്?
നിങ്ങളാണെങ്കിൽ പണം വാരിക്കൂട്ടുകയുമാണ്‌, അല്ലെങ്കിലങ്ങനെയാണാളുകൾ പറയുന്നത്...

6
കഴിഞ്ഞുകൂടാൻ വേണ്ടതു കിട്ടിയിരുന്ന കാലത്തു മുടക്കം കൂടാതെ ഞങ്ങൾ പാടിയിരുന്നതല്ലേ,
ഭൂമിയിൽ നിങ്ങൾക്കാഹ്ളാദം തന്നിരുന്ന കാര്യങ്ങളെക്കുറിച്ച്?
നിങ്ങൾക്കു നവാഹ്ളാദം നല്കട്ടേയവയെന്നതിനായി: നിങ്ങളുടെ പെണ്ണുങ്ങളുടെ ഉടലുകൾ,
ശരല്ക്കാലത്തിന്റെ ശോകം, ഒരരുവി, മുകളിൽ തിളങ്ങുന്ന ചന്ദ്രൻ...

7
നിങ്ങളുടെ കനികളുടെ മാധുര്യം, ഇല കൊഴിയുന്ന മർമ്മരം,
പിന്നെ വീണ്ടും നിങ്ങളുടെ പെണ്ണുങ്ങളുടെ ഉടലുകൾ. നിങ്ങളെ ചൂഴുന്ന നിത്യത.
ഇതിനെക്കുറിച്ചൊക്കെ ഞങ്ങൾ പാടി, നിങ്ങളുടെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചും,
യാത്രാവസാനം തന്നെ കാത്തുകിടക്കുന്ന പൊടിമണ്ണിനെക്കുറിച്ചുള്ള നിങ്ങളുടെ ആലോചനകളെക്കുറിച്ചും.

8
നിങ്ങൾ സന്തോഷത്തോടെ കാശു തന്നതിതിനു മാത്രമായിരുന്നില്ല.
സ്വർണ്ണക്കസേരകളിൽ അലസം ചാഞ്ഞിരുന്നു നിങ്ങൾ പണം മുടക്കിയത്
നിങ്ങളോളം ഭാഗ്യം ചെയ്യാത്തവരെക്കുറിച്ചു ഞങ്ങൾ പാടിയ പാട്ടുകൾക്കു കൂടിയാണ്‌.
അവരുടെ കണ്ണീരൊപ്പിയതിനും നിങ്ങൾ മുറിപ്പെടുത്തിയവരെ സമാശ്വസിപ്പിച്ചതിനും നിങ്ങൾ ഞങ്ങൾക്കു കാശു തന്നു.

9
അത്രയൊക്കെ ഞങ്ങൾ നിങ്ങൾക്കായിച്ചെയ്തു. പറ്റില്ലെന്നൊരക്ഷരം ഞങ്ങൾ മിണ്ടിയോ?
എന്നും വിധേയർ, ചെയ്ത ജോലിക്കു കൂലിയേ ഞങ്ങൾ ചോദിച്ചുള്ളു.
എന്തൊക്കെത്തിന്മകൾ ഞങ്ങൾ ചെയ്തില്ല- നിങ്ങൾക്കായി! എന്തൊക്കെത്തിന്മകൾ!
എന്നിട്ടു നിങ്ങളുടെ മേശപ്പുറത്തു നിന്നുവീഴുന്ന ഉച്ഛിഷ്ടങ്ങൾ കൊണ്ടു ഞങ്ങൾ തൃപ്തരാവുകയും ചെയ്തു.

10

ചെളിയിലും ചോരയിലും പൂണ്ടിറങ്ങിയ നിങ്ങളുടെ വണ്ടികളുടെ നുകങ്ങളിൽ
ഉജ്ജ്വലവചനങ്ങളുടെ കുതിരകളെ പിന്നെയും പിന്നെയും ഞങ്ങളിണക്കിത്തന്നു;
നിങ്ങളുടെ കൂറ്റൻ അറവുശാലകളെ ശ്രേയസ്സിന്റെ പോർക്കളങ്ങളെന്നു ഞങ്ങൾ വിളിച്ചു,
ചോരക്കറ മാറാത്ത നിങ്ങളുടെ വാളുകളെ  ചതിക്കാത്ത ചങ്ങാതിമാരെന്നും.

11
കരമടയ്ക്കാനാവശ്യപ്പെട്ടുകൊണ്ടു നിങ്ങൾ ഞങ്ങൾക്കയച്ച ഫോറങ്ങളിൽ
എത്രയും ആശ്ചര്യജനകമായ ചിത്രങ്ങൾ നിങ്ങൾക്കായി ഞങ്ങൾ വരച്ചു;
ഞങ്ങളെഴുതിയ ഉത്ബോധനാത്മകമായ കവിതകൾ കൂട്ടമായുറക്കെപ്പാടിക്കൊണ്ട്
ജനങ്ങൾ, പതിവു പോലെ, കിട്ടേണ്ടതെന്നു നിങ്ങളവകാശപ്പെട്ട കരമത്രയുമൊടുക്കുകയും ചെയ്തു.

12
വാക്കുകളെ ഞങ്ങൾ സൂക്ഷ്മമായി പഠിച്ചു, ഔഷധങ്ങൾ പോലവയുടെ ചേരുവകൾ പരീക്ഷിച്ചു;
അവയിൽ മികച്ചതും വീര്യമേറിയതുമേ ഞങ്ങളുപയോഗിച്ചിരുന്നുള്ളു.
ഞങ്ങൾ നല്കിയതെല്ലാം ജനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങി,
എന്നിട്ടു നിങ്ങളുടെ വിളിപ്പുറത്തവർ കുഞ്ഞാടുകളെപ്പോലെ വന്നു.

13
നിങ്ങളാദരിക്കുന്നതിനോടേ ഞങ്ങൾ നിങ്ങളെ താരതമ്യം ചെയ്തുള്ളു,
കൂടുതലും നിങ്ങളെപ്പോലെതന്നെ അനർഹമായ ബഹുമതികൾ കൈനീട്ടി വാങ്ങുന്നവരോട്;
അവർക്കവ നല്കിയതാവട്ടെ, ഞങ്ങളെപ്പോലെതന്നെ പട്ടിണിക്കാരും, യജമാനന്റെ പിന്നാലെ തൂങ്ങുന്ന എച്ചില്പട്ടികൾ.
നിങ്ങളുടെ ശത്രുക്കളെ കവിതകൾ കഠാരകളാക്കി ഞങ്ങൾ നായാടുകയും ചെയ്തു.

14
എന്നിട്ടിപ്പോഴിതെന്താണിത്ര പെട്ടെന്നു നിങ്ങൾ ഞങ്ങളുടെ ചന്തയിലേക്കു കാലു കുത്താതായത്?
തീന്മേശയ്ക്കു മുന്നിലിത്രയും നേരമിരിക്കരുതേ! ഞങ്ങൾക്കു കിട്ടുന്ന ഉച്ഛിഷ്ടം തണുത്തുപോകും.
എന്തെങ്കിലുമൊന്നു ചെയ്യാൻ ഞങ്ങളെ ഏല്പിച്ചുകൂടേ- ഒരു ഛായാചിത്രം, ഒരു പ്രശസ്തികാവ്യം?
അതോ അനലംകൃതമായ തങ്ങളുടെ ആത്മാക്കൾ തന്നെ കണ്ണിനൊരു വിരുന്നാണെന്നു നിങ്ങൾക്കു തോന്നിത്തുടങ്ങിയോ?

15
ജാഗ്രത! നിങ്ങൾക്കു ഞങ്ങളെ അങ്ങനെയങ്ങൊഴിവാക്കാമെന്നു വിചാരിക്കരുതേ! ഞങ്ങളുടെ ചരക്കുകളിലേക്കു നിങ്ങളുടെ കണ്ണുകളെയൊന്നാകർഷിക്കാൻ ഞങ്ങൾക്കു കഴിഞ്ഞെങ്കിൽ!
ഞാൻ പറയുന്നതു വിശ്വസിക്കൂ, സാറന്മാരേ, ഇന്നത്തെപ്പോലിത്ര വിലക്കുറവിൽ ഞങ്ങളുടെ ചരക്കു നിങ്ങൾക്കിനി കിട്ടില്ല.
ഞങ്ങളതു വെറുതേ തരുമെന്നു നിങ്ങൾക്കങ്ങു വിശ്വസിക്കാനും പറ്റില്ലല്ലോ.

16
നിങ്ങൾ ഈ വായിച്ചുകൊണ്ടിരിക്കുന്നതിന്‌ (നിങ്ങൾ വായിക്കുക തന്നെയല്ലേ?) തുടക്കം കുറിക്കുമ്പോൾ
ഓരോ ശ്ലോകവും പ്രാസമൊപ്പിച്ചാവണമെന്നെനിക്കു നിർബന്ധമുണ്ടായിരുന്നു.
പിന്നെ ഞാനാലോചിച്ചു: അതൊക്കെപ്പണിയല്ലേ. ആരാണതിനെനിക്കു കാശു തരിക?
അതിനാൽ ഖേദപൂർവം ഞാനതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. അത്രയൊക്കെ മതിയെന്നേ.

(1927)


2018, ജനുവരി 5, വെള്ളിയാഴ്‌ച

ബ്രെഷ്റ്റ് - പ്രവാസത്തിന്റെ ആദ്യവർഷങ്ങൾ (1934-1936)


images


അജ്ഞാതനായ വിപ്ളവപ്പോരാളിയുടെ സ്മാരകശില


അജ്ഞാതനായ വിപ്ളവപ്പോരാളി നിലം പതിച്ചു.
സ്വപ്നത്തിൽ ഞാനവന്റെ സ്മാരകശില കണ്ടു.

അതൊരു വെട്ടുകുഴിയിലായിരുന്നു.
അതെന്നു പറയാൻ രണ്ടു പാറക്കല്ലുകളേയുണ്ടായിരുന്നുള്ളു.
അതിലൊന്നും എഴുതിവച്ചിരുന്നുമില്ല.
രണ്ടിലൊന്നു പക്ഷേ എന്നോടിങ്ങനെ പറഞ്ഞു.

ഇവിടെക്കിടക്കുന്നവൻ, അതു പറഞ്ഞു,
മാർച്ചു ചെയ്തു പോയതൊരന്യനാടിനെയും കീഴടക്കാനായിരുന്നില്ല,
സ്വന്തം നാടിനെ കീഴടക്കാനായിരുന്നു.
എന്താണവന്റെ പേരെന്നൊരാൾക്കുമറിയില്ല.
ചരിത്രപുസ്തകങ്ങളിൽ പക്ഷേ,
അവനെ തോല്പിച്ചവരുടെ പേരുകൾ നിങ്ങൾക്കു വായിക്കാം.

ഒരു മനുഷ്യജീവിയെപ്പോലെ ജീവിക്കാനാഗ്രഹിച്ചുപോയി എന്നതിനാൽ
ഒരു കാട്ടുമൃഗത്തെപ്പോലെ അവൻ കൊല ചെയ്യപ്പെട്ടു.

അവന്റെ അന്ത്യവചനം ഒരു മന്ത്രിക്കലായിരുന്നു,
ഞെക്കിപ്പിടിച്ചൊരു തൊണ്ടയിൽ നിന്നാണവ വന്നതെന്നതിനാൽ;
തണുത്ത കാറ്റു പക്ഷേ സർവസ്ഥലത്തേക്കുമതിനെക്കൊണ്ടുപോയി,
തണുത്തു മരവിച്ച അനേകം മനുഷ്യരിലേക്ക്.


ഓറഞ്ചു വാങ്ങല്‍


സതാംപ്ടൺ തെരുവിലൂടെ മഞ്ഞിച്ച മൂടൽമഞ്ഞിൽ നടക്കുമ്പോൾ
പൊടുന്നനേയൊരുന്തുവണ്ടി, നിറയെ പഴങ്ങളുമായി;
ഒരു വിളക്കിനടിയിൽ ഒരു കടലാസ്സുബാഗുമായി ഒരു കിഴവിയും.
വിസ്മയപ്പെട്ടും നാവിറങ്ങിയും ഞാൻ നിന്നുപോയി,
തേടിനടന്നതു കണ്മുന്നിൽ കാണുന്ന ഒരുവനെപ്പോലെ.

ഓറഞ്ചുകൾ! അന്നെന്നപോലത്തെ ഓറഞ്ചുകൾ!
തണുപ്പാറ്റാൻ കൈവെള്ളകളിലേക്കു ഞാനൂതി,
ഒരു നാണയത്തിനായി കീശകളിൽ ഞാൻ പരതി.

നാണയമെടുത്തു കൈയിൽ പിടിക്കുമ്പോൾ പക്ഷേ,
പത്രക്കടലാസ്സിൽ കരിക്കട്ട കൊണ്ടെഴുതിയ വില വായിക്കുമ്പോൾ,
ഞാനറിഞ്ഞു, പതിയെ ചൂളം വിളിക്കുകയാണു ഞാനെന്ന്,
ആ പരുഷസത്യമത്രമേലെനിക്കു തെളിഞ്ഞുകിട്ടുകയും ചെയ്തു:
ഈ നഗരത്തിൽ ഇപ്പോഴെന്നോടൊപ്പമില്ല നീയെന്ന്.


ചോദ്യങ്ങൾ


നിന്റെ വേഷമെന്താണെന്നെനിക്കെഴുതൂ. നിനക്കു ചൂടു കിട്ടുന്നുണ്ടോ?
നീ ഉറങ്ങുന്നതെങ്ങനെയാണെന്നെനിക്കെഴുതൂ. നിന്റെ കിടക്ക മൃദുവാണോ?
നീ കാണാനെങ്ങനെയുണ്ടെന്നെനിക്കെഴുതൂ. പണ്ടെപ്പോലെ തന്നെയാണോ നീ?
നിനക്കു നഷ്ടപ്പെടുന്നതെന്താണെന്നെനിക്കെഴുതൂ. അതെന്റ കൈത്തണ്ടയാണോ?

പറയൂ: അവർ നിന്നെ ശല്യപ്പെടുത്തുന്നുണ്ടോ?
പിടിച്ചുനിൽക്കാൻ നിനക്കാവുന്നുണ്ടോ?
അവരുടെ അടുത്ത നീക്കമെന്താവും?
നീയെന്തു ചെയ്യുന്നു? ചെയ്യേണ്ടതു തന്നെയാണോ അത്?
എന്തിനെക്കുറിച്ചാണു നിന്റെ ചിന്തകൾ? അതെന്നെക്കുറിച്ചാണോ?

ചോദ്യങ്ങളേ നിനക്കു നൽകാനെനിക്കുള്ളു.
ഉത്തരമെന്തായാലും ഞാനതെടുത്തോളാം,
മറ്റൊരു വഴിയില്ലെന്നതിനാൽ.
നീ തളർന്നാൽ നിന്നെത്താങ്ങാനെനിക്കാവില്ല,
നിനക്കു വിശന്നാൽ നിന്നെയൂട്ടാനെനിക്കാവില്ല.
ഈ ലോകത്തു ഞാനില്ലാത്ത പോലെയാണത്,
ഞാൻ ജനിച്ചിട്ടേയില്ലാത്ത പോലെയാണത്.
നിന്നെ ഞാൻ മറന്നപോലെയാണത്.


(അക്ഷരമാലയില്‍ നിന്ന്)


അഡോൾഫ് ഹിറ്റ്ലറുടെ മുഖരോമം
അതികൗതുകമുണർത്തുന്ന സംഗതിയാണ്‌:
അവലക്ഷണമെന്നാണതിനെ ഞാൻ വിളിക്കുക,
അത്രയും വലിയൊരു വായയ്ക്ക് അത്രയും ചെറിയൊരു ടൂത്ത് ബ്രഷ്!
*
ലൂസിക്കു കരച്ചിലൊഴിഞ്ഞിട്ടു നേരമില്ല,
അതിനാൽ തോട്ടക്കാരൻ അവൾക്കൊരു കുളം കുത്തിക്കൊടുത്തു,
അവളുടെ കണ്ണീരിനൊഴുകി നിറയാൻ.
അധികനേരമെത്തും മുമ്പേ കുളം നിറഞ്ഞുകവിഞ്ഞു,
നടുക്കു നീന്തിത്തുടിക്കുന്ന ഒരു തവളയുമായി.
*
അങ്കിളിന്റെ വാച്ച് നല്ലൊരു മെയ്ക്കാണ്‌,
അതെടുത്തു കുളത്തിലെറിയരുത്,
അതിനു നീന്താനറിയില്ലെന്നതിനാൽ,
അങ്കിളിനു സമയം പറഞ്ഞുകൊടുക്കുന്നതതാണെന്നതിനാൽ.


എന്റെ പലായനത്തിന്റെ രണ്ടാമത്തെ വർഷത്തിൽ


എന്റെ പലായനത്തിന്റെ രണ്ടാമത്തെ വർഷത്തിൽ
ഒരു പത്രത്തിൽ, ഒരു വിദേശഭാഷയിൽ ഞാൻ വായിച്ചു,
എനിക്കെന്റെ പൌരത്വം നഷ്ടമായെന്ന്.
നല്ലവരും മോശക്കാരുമായ മറ്റനേകം പേർക്കിടയിൽ
എന്റെ പേരു വായിച്ചപ്പോൾ
ഞാൻ ദുഃഖിതനായില്ല, സന്തുഷ്ടനുമായില്ല.
നാട്ടിൽത്തന്നെ തങ്ങിയവരുടെ ദുരവസ്ഥയെക്കാൾ മോശമാണ്‌
പലായനം ചെയ്തവരുടെ ദുരവസ്ഥയെന്നെനിക്കു തോന്നിയില്ല.


കുളിക്കാനിഷ്ടമില്ലാത്ത കുട്ടി


പണ്ടൊരിക്കലൊരു കുട്ടിയുണ്ടായിരുന്നു,
കുട്ടിക്കു കുളിക്കാനിഷ്ടമില്ലായിരുന്നു.
കുട്ടിയെ കുളിപ്പിച്ചു നിർത്തേണ്ട താമസം,
അതു ചാരത്തിൽ കൊണ്ടുപോയി മുഖമുരച്ചു.

ഈ നേരത്താണ്‌ കൈസർ വരുന്നത്,
ഏഴു കോണിപ്പടിയും കയറിയിട്ടാണാളു വരുന്നത്.
കുട്ടിയുടെ മുഖവും മുടിയും തോർത്താൻ
അമ്മയൊരു തോർത്തു നോക്കിപ്പോയി.

തോർത്തു വച്ചതെവിടെയെന്നമ്മയ്ക്കോർമ്മ വന്നില്ല,
കൈസറുടെ സന്ദർശനം ആകെ അലങ്കോലമായി.
ആകെ മുഷിഞ്ഞിട്ട് കൈസർ ഇറങ്ങിപ്പോയി;
അതല്ലേ, കുട്ടിക്കു വേണ്ടിയിരുന്നതും!


കൊള്ളക്കാരനും അയാളുടെ വേലക്കാരനും


രണ്ടു കൊള്ളക്കാർ ഹെസ്സെ എന്ന ദേശം കൊള്ളയടിച്ചു,
കുറേ നാട്ടുകാരുടെ കഴുത്തവർ പിരിച്ചൊടിച്ചു.
ഒരാൾ വിശന്ന ചെന്നായയെപ്പോലെ മെലിഞ്ഞിട്ടായിരുന്നു,
മറ്റേയാൾ മാർപ്പാപ്പയെപ്പോലെ തടിച്ചിട്ടും.

അവരുടെ ഉടലുകൾ പക്ഷേ, ഇത്ര വ്യത്യസ്തമായതെങ്ങനെ?
അവർ യജമാനനും വേലക്കാരനുമായിരുന്നു എന്നതാണു കാരണം.
പാലിന്റെ പാട യജമാനൻ വടിച്ചുതിന്നിരുന്നു,
വേലക്കാരനതിനാൽ കിട്ടിയത് പിരിഞ്ഞ പാലായിരുന്നു.

ഗ്രാമീണർ കൊള്ളക്കാരെ പിടിച്ചുകെട്ടി,
ഒറ്റക്കയറിൽ ഇരുവരെയും കെട്ടിത്തൂക്കി.
ഒരാൾ വിശന്ന ചെന്നായയെപ്പോലെ തൂങ്ങിക്കിടന്നു,
മറ്റേയാൾ തടിച്ചുകൊഴുത്ത മാർപ്പാപ്പയെപ്പോലും.

കുരിശ്ശും വരച്ച് ഗ്രാമീണർ അവരെ നോക്കിനിന്നു,
അവരെത്തന്നെ നോക്കിനിന്നു;
തടിച്ചയാൾ കൊള്ളക്കാരനാണെന്നവർക്കു മനസ്സിലായി,
മെലിഞ്ഞയാളെങ്ങനെ പക്ഷേ, കൊള്ളക്കാരനായി?


പ്രബലരായ കൊള്ളക്കാർ കയറിവന്നപ്പോൾ


പ്രബലരായ കൊള്ളക്കാർ കയറിവന്നപ്പോൾ
വീടിന്റെ വാതിൽ ഞാൻ മലർക്കെത്തുറന്നുകൊടുത്തു.
അവരെന്റെ പേരു വിളിക്കുന്നതു ഞാൻ കേട്ടു,
ഞാൻ പുറത്തേക്കിറങ്ങിച്ചെന്നു.

ഇന്നതു വേണമെന്നൊരാവശ്യമുയരും മുമ്പേ
താക്കോല്ക്കൂട്ടം ഞാനവർക്കു വച്ചുനീട്ടി;
അതിനാൽ അക്രമമൊന്നും ഉണ്ടായില്ല,
ഉണ്ടായത് കണ്ടെടുക്കലുകളായിരുന്നു.


വായനാശീലമുള്ള തൊഴിലാളിയുടെ ചോദ്യങ്ങൾ


ഏഴു കവാടങ്ങളുള്ള തീബ്സ് ആരു നിർമ്മിച്ചു?
പുസ്തകങ്ങളിൽ നിങ്ങൾക്കു രാജാക്കന്മാരുടെ പേരുകൾ കാണാം.
കൂറ്റൻ പാറകൾ വലിച്ചുയർത്തിയതു രാജാക്കന്മാരായിരുന്നോ?
പല തവണ തട്ടിനിരപ്പാക്കിയ ബാബിലോൺ നഗരത്തെ
അത്രയും തവണ പണിതുയർത്തിയതാരായിരുന്നു?
പൊന്നു മിനുങ്ങുന്ന ലിമാ പണിഞ്ഞവർ ജീവിച്ചതേതു വീടുകളിൽ?
ചൈനയിലെ വന്മതിൽ പണി തീർന്നന്നു രാത്രിയിൽ
കല്പണിക്കാരെവിടെയ്ക്കു പോയി?
വിജയകമാനങ്ങളാണു മഹത്തായ റോമാനഗരം നിറയെ.
അവ സ്ഥാപിച്ചതാര്‌?
സീസർമാർ വിജയം കണ്ടതാർക്കെതിരെ?
ഗാനങ്ങളിലേറെപ്പുകഴ്ത്തപ്പെട്ട ബൈസാന്റിയത്തിൽ
കൊട്ടാരങ്ങൾ മാത്രമേ അവർക്കുണ്ടായിരുന്നുള്ളു?
ഇതിഹാസപ്രസിദ്ധമായ അറ്റ്ലാന്റിസിലും
അതിനെ കടലു വിഴുങ്ങിയ രാത്രിയിൽ
മുങ്ങിത്താഴുന്നവർ തങ്ങളുടെ അടിമകളോടൊച്ചയെടുത്തിരുന്നു.

യുവാവായ അലക്സാൻഡർ ഇന്ത്യ കീഴടക്കിയത്രെ.
ആൾ ഒറ്റയ്ക്കായിരുന്നു?
സീസർ ഗാളുകളെ അടിച്ചമർത്തിയത്രെ.
ഒരു പാചകക്കാരൻ പോലും അദ്ദേഹത്തിനൊപ്പമില്ലായിരുന്നു?
തന്റെ പടക്കപ്പലുകളുടെ വ്യൂഹം മുങ്ങിത്താണപ്പോൾ
സ്പെയിനിലെ ഫിലിപ്പുരാജാവ് കണ്ണീരു വാർത്തുവത്രെ.
അദ്ദേഹമൊരാൾ മാത്രമേ കണ്ണീരു വാർത്തുള്ളു?
ഫ്രെഡറിക് രണ്ടാമൻ സപ്തവർഷയുദ്ധം ജയിച്ചുവത്രെ.
കൂടെ വേറെയാരതു ജയിച്ചു?

ഓരോ പേജും ഓരോ വിജയം.
വിജയിച്ചവർക്കു സദ്യയൊരുക്കിയതാരായിരുന്നു?
ഓരോ പത്തു കൊല്ലത്തിലും ഒരു മഹാൻ.
ചെലവുകൾ ആരു വഹിച്ചു?

അത്രയധികം വിവരണങ്ങൾ.
അത്രയധികം ചോദ്യങ്ങൾ.


പഠിതാവ്


ആദ്യം ഞാൻ പൂഴിയിൽ പണിതു,
പിന്നെ ഞാൻ പാറയിൽ പണിതു.
പാറ ഇടിഞ്ഞുതാണപ്പോൾ
പിന്നെ ഞാനൊന്നിലും പണിയാതെയായി.
പിന്നെയും ഞാൻ പണിതിരുന്നു,
പാറയിലും പൂഴിയിലും,
കിട്ടിയതേതോ അതിൽ;
പക്ഷേ ഞാൻ പാഠം പഠിച്ചിരുന്നു.

ഞാൻ കത്തേല്പിച്ചവർ
അതെടുത്തു ദൂരെക്കളഞ്ഞു.
എന്നാൽ ഞാൻ ഗൌനിക്കാതെ വിട്ടവരോ,
അതെടുത്തെനിക്കു തന്നു.
അതു വഴി ഞാൻ പഠിച്ചു.

ഞാൻ ഉത്തരവിട്ടതു നടപ്പിലായില്ല.
വന്നുചേർന്നപ്പോൾ ഞാൻ കണ്ടു,
എന്റെ ഉത്തരവു തെറ്റായിരുന്നുവെന്ന്.
ശരിയായതു ചെയ്തുകഴിഞ്ഞിരുന്നുവെന്ന്.
അതിൽ നിന്നു ഞാൻ പഠിച്ചു.

മുറിപ്പാടുകൾ നോവിക്കും
ഇന്നവ തണുത്തും പോയിരിക്കുന്നു.
പക്ഷേ ഞാൻ പലപ്പോഴുമെന്നപോലെ പറഞ്ഞിരിക്കുന്നു:
കുഴിമാടമേ കാണൂ,
എന്നെ ഒന്നും പഠിപ്പിക്കാനില്ലാത്തതായി.


യാത്രക്കാരൻ


വർഷങ്ങൾക്കു മുമ്പ്,
ഞാൻ കാറോടിക്കാൻ പഠിക്കുമ്പോൾ
എന്റെ ഗുരു എന്നെക്കൊണ്ടു സിഗാറു വലിപ്പിച്ചിരുന്നു,
ഗതാഗതക്കുരുക്കിലോ കൊടും വളവുകളിലോ വച്ച് അതു കെട്ടുപോയാൽ
അദ്ദേഹമെന്നെ ഡ്രൈവറുടെ സീറ്റിൽ നിന്നു മാറ്റിയിരുത്തിയിരുന്നു.
ഞാൻ ഡ്രൈവു ചെയ്യുമ്പോൾ അദ്ദേഹം തമാശകൾ പറഞ്ഞിരുന്നു.
സ്റ്റിയറിംഗിൽത്തന്നെയാണെന്റെ ശ്രദ്ധയെങ്കിൽ,
അതിനാൽ ഞാൻ ചിരിക്കാൻ വിട്ടുപോയെങ്കിൽ
അദ്ദേഹമെന്നെ ഡ്രൈവറുടെ സീറ്റിൽ നിന്നു മാറ്റിയിരുത്തിയിരുന്നു.
തനിക്കത്ര സുരക്ഷിതത്വം തോന്നുന്നില്ല, അദ്ദേഹം പറഞ്ഞിരുന്നു.
ഞാൻ, യാത്രക്കാരൻ, വിരണ്ടുപോകുന്നു,
കാറിന്റെ ഡ്രൈവർ ഡ്രൈവിംഗിലല്ലാതെ മറ്റൊന്നിലും ശ്രദ്ധിക്കാതാവുമ്പോൾ.

അതില്പിന്നെ, ജോലി ചെയ്യുമ്പോൾ
ജോലിയിൽ അത്രയധികം മുഴുകിപ്പോകാതിരിക്കാൻ
ഞാൻ ശ്രദ്ധിക്കാറുണ്ട്.
ചുറ്റും നടക്കുന്ന പലതിലും ഞാൻ ശ്രദ്ധ കൊടുക്കുന്നു.
ആരെങ്കിലുമായി ഒന്നു സംസാരിക്കാൻ
പലപ്പോഴും ഞാൻ ജോലിയിൽ നിന്നൊരിടവേള എടുക്കാറുമുണ്ട്.
ഒന്നു പുകവലിക്കാൻ പോലും പറ്റാത്തത്ര വേഗത്തിൽ വണ്ടിയോടിക്കുന്ന ശീലം
ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.
കാറിൽ യാത്രക്കാരനുണ്ടെന്ന കാര്യം ഞാൻ ഓർക്കുന്നു.


എന്തിനെന്റെ പേരു പരാമർശിക്കപ്പെടണം?


1
ഒരിക്കൽ ഞാൻ കരുതി:
ഞാൻ പാർക്കുന്ന കെട്ടിടങ്ങൾ തകർന്നുവീഴുകയും
ഞാൻ യാത്ര ചെയ്യുന്ന കപ്പലുകൾ ദ്രവിക്കുകയും ചെയ്യുന്ന
വിദൂരമായൊരു കാലത്ത്
അന്യരുടെ പേരുകൾക്കൊപ്പം
എന്റെ പേരും പരാമർശിക്കപ്പെടുമെന്ന്.

2
ഉപയോഗപ്രദമായവയെ സ്തുതിച്ചവനല്ലേ ഞാൻ,
എന്റെ കാലത്ത് അധമമെന്നു കരുതിയവയെ?
സർവമതങ്ങൾക്കുമെതിരെ മല്ലു പിടിച്ചവനല്ലേ ഞാൻ,
ചൂഷണത്തിനെതിരെ പൊരുതിയവനല്ലേ ഞാൻ?
ഇവയല്ലെങ്കിൽ മറ്റൊരു കാരണത്താൽ?

3
ജനങ്ങളുടെ പക്ഷം ചേരുകയും
സർവതും അവരിൽ വിശ്വസിച്ചേല്പിക്കുക വഴി
അവരെ ബഹുമാനിക്കുകയും ചെയ്തവനല്ലേ ഞാൻ?
കവിതകളെഴുതി ഭാഷയെ പുഷ്ടിപ്പെടുത്തിയവനല്ലേ ഞാൻ?
പ്രായോഗികമായി പെരുമാറേണ്ടതെങ്ങനെയെന്നു പഠിപ്പിച്ചവനല്ലേ ഞാൻ?
ഇവയല്ലെങ്കിൽ മറ്റൊരു കാരണത്താൽ?

4
അതിനാൽ ഞാൻ കരുതി
എന്റെ പേരും പരാമർശിക്കപ്പെടുമെന്ന്;
എന്റെ പേരെഴുന്നുനിൽക്കും ഒരു ശിലയിലെന്ന്,
പുസ്തകങ്ങളിൽ നിന്നു പുതിയ പുസ്തകങ്ങളിലേക്ക്
എന്റെ പേരച്ചടിക്കപ്പെടുമെന്ന്.

8
ഇന്നു പക്ഷേ
അതു മറക്കപ്പെടുമെന്നതു ഞാൻ സമ്മതിക്കുന്നു.
അപ്പം മതിയായത്രയുണ്ടെങ്കിൽ
അപ്പക്കാരനെവിടെയെന്നെന്തിനു തിരക്കണം?
പുതിയ മഞ്ഞുവീഴ്ചകൾ ആസന്നമാണെങ്കിൽ
അലിഞ്ഞുപോയ പഴയ മഞ്ഞിനെ എന്തിനു സ്തുതിക്കണം?
ഒരു ഭാവികാലമുണ്ടെങ്കിൽ
എന്തിനൊരു ഭൂതകാലം?

6
എന്തിനെന്റെ പേരു പരാമർശിക്കപ്പെടണം?


ബ്രഷ്റ്റ്- പ്രതിസന്ധിയുടെ കാലത്തിന്റെ കവിതകൾ (1929-1933)


e44fd435abac4a6afce549864b28aa49

1927ൽ മാർക്സിസം പഠിച്ചു തുടങ്ങിയ ബ്രഷ്റ്റ് 1929 ആയപ്പോൾ അടിയുറച്ച കമ്മ്യൂണിസ്റ്റ് ആയിക്കഴിഞ്ഞു. തന്റെ പുതിയ രാഷ്ട്രീയവിശ്വാസത്തിന്റെ പ്രകാശനങ്ങളായിരുന്നു ഇക്കാലത്തെഴുതിയ നാടകങ്ങൾ. 1929ൽ അദ്ദേഹം Helene Weigelനെ വിവാഹം കഴിച്ചു. കാണികളെ നിഷ്ക്രിയരാക്കിയിരുത്തുന്ന സാമ്പ്രദായികനാടകവേദിക്കു ബദലായി അവരുടെ ക്രിയാത്മകമായ സഹകരണം ആവശ്യപ്പെടുന്ന മറ്റൊരരങ്ങിനെക്കുറിച്ച് ഇക്കാലത്തദ്ദേഹം ആലോചിക്കുന്നുണ്ട്. അക്കാലത്ത് ജർമ്മനിയെ ബാധിച്ച രൂക്ഷമായ തൊഴിലില്ലായമയെക്കുറിച്ച് ഡോക്യുമെന്ററി രൂപത്തിലുള്ള ഒരു ഫീച്ചർ ഫിലിമിനുള്ള തിരക്കഥയും അദ്ദേഹം എഴുതി. എന്നാൽ ഇതിനൊക്കെ വിരാമമിട്ടുകൊണ്ട് 1933 ഫെബ്രുവരിയിൽ നാസികൾ അധികാരം പിടിച്ചെടുത്തു. ജർമ്മൻ പാർലമെന്റ് കെട്ടിടം തീവച്ചു നശിപ്പിച്ചന്നു രാത്രിയിൽ ബ്രഷ്റ്റ് കുടുംബത്തോടൊപ്പം പ്രാഗിലേക്കു രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും നാടകങ്ങളും നിരോധിക്കപ്പെട്ടു.


സി. എൻ എന്ന നടിക്കൊരുപദേശം


ചെമ്പിന്റെ താമ്പാളത്തിൽ ഐസു പൊട്ടിച്ചിട്ട വെള്ളത്തിൽ
മേലു കഴുകൂ സഹോദരീ.
ജലത്തിനടിയിൽ കണ്ണുകൾ തുറന്നവയും കഴുകൂ.
പരുക്കൻ ടവലു കൊണ്ടു പിന്നെ ദേഹം തുടയ്ക്കൂ,
ഇഷ്ടപ്പെട്ടൊരു പുസ്തകത്തിലേക്കൊന്നു കണ്ണോടിക്കൂ.

സുന്ദരവും സഫലവുമായൊരു ദിവസത്തിന്‌
ഈ വിധം തുടക്കം കുറിക്കൂ.

(ബ്രഷ്റ്റിന്റെ നാടകങ്ങളിൽ അഭിനയിച്ചിരുന്ന Carola Neher എന്ന നടിയെ ഉദ്ദേശിച്ച്)


കടലിലൊരു തുള്ളിയെക്കുറിച്ച് ഒരു കഥാഗാനം


1
വേനല്ക്കാലം വന്നുകഴിഞ്ഞു,
ഗ്രീഷ്മാകാശത്തിന്റെ തിളക്കം നിങ്ങൾക്കു മേലും വീഴുന്നുണ്ട്.
പുഴവെള്ളം ഊഷ്മളം.
ആ ഇളംചൂടുള്ള വെള്ളത്തിൽ നിങ്ങളും നീന്തിത്തുടിച്ചു.
പച്ചപ്പുൽമൈതാനങ്ങളിൽ നിങ്ങൾ കൂടാരമടിച്ചു.
പാതകൾ നിങ്ങളുടെ പാട്ടുകൾ കേട്ടു.
കാടുകൾ നിങ്ങളെ വരവേല്ക്കുന്നു.
അതുകൊണ്ട്?
അതുകൊണ്ടു നിങ്ങൾ പാവപ്പെട്ടവനല്ലാതായിക്കഴിഞ്ഞോ?
നിങ്ങളുടെ അരിക്കലത്തിൽ കൂടുതൽ ചോറു വേവുന്നുണ്ടോ?
നിങ്ങളുടെ കാര്യങ്ങൾ നോക്കാൻ ആരെങ്കിലുമുണ്ടായോ?
സ്വന്തം തലയിലെഴുത്തിൽ നിങ്ങൾ തൃപ്തനായോ?
കാര്യങ്ങൾ പച്ച പിടിക്കുകയാണെന്നാണോ? അങ്ങനെയല്ല:
ഇതു കടലിലൊരു തുള്ളി പോലെയേയുള്ളു, അത്ര തന്നെ.

2
വീടില്ലാത്തവരെ കാടുകൾ പണ്ടും സ്വാഗതം ചെയ്തിരുന്നു.
സുന്ദരമായ ആകാശം വിളങ്ങിനില്ക്കുന്നത് ആശിക്കാൻ വകയില്ലാത്തവർക്കു മേലാണ്‌.
വേനല്ക്കൂടാരങ്ങളടിച്ചു കഴിയുന്നവർ മറ്റൊരു കൂരയില്ലാത്തവരാണ്‌.
ഇളംചൂടുവെള്ളത്തിൽ നീന്തുന്നവരുടെ വയറു കാലിയുമാണ്‌.
വഴിയിൽ കാണുന്നവർ ഉലാത്താനിറങ്ങിയതല്ല,
വേല തേടി നിരന്തരം യാത്ര ചെയ്യുന്നവരാണ്‌.
പണ്ടേപ്പോലെ തന്നെ പാവപ്പെട്ടവനാണു നിങ്ങൾ.
നിങ്ങളുടെ കലത്തിൽ ഒരു വറ്റെങ്കിലും കൂടിയിട്ടില്ല.
നിങ്ങളുടെ കാര്യങ്ങൾ നോക്കാനാരും വന്നിട്ടില്ല.
ഇതാണെന്റെ വിധിയെന്നു പറഞ്ഞു സമാധാനിക്കാൻ നിങ്ങൾക്കാവില്ല.
കാര്യങ്ങൾ പച്ച പിടിക്കുകയാണോ, അപ്പോൾ? അല്ല, അങ്ങനെയല്ല.
ഇതു കടലിലൊരു തുള്ളി പോലെയേയുള്ളു, അത്ര തന്നെ.

3
തിളങ്ങുന്നൊരാകാശം കൊണ്ടു മാത്രം നിങ്ങൾ തൃപ്തനാവുമോ?
ഇളംചൂടുവെള്ളത്തിൽ നിന്നൊരിക്കലും നിങ്ങൾ കര കയറില്ലേ?
കാടിന്റെ പിടി എന്നും നിങ്ങൾക്കു മേലുണ്ടാവുമോ?
ഉപായത്തിൽ നിങ്ങളെ പറഞ്ഞുവിടുകയാണെന്നു വരില്ലേ?
അതുമിതും പറഞ്ഞു നിങ്ങളെ സമാധാനിപ്പിച്ചു വിടുകയല്ലേ?
ലോകം  പക്ഷേ കാത്തിരിക്കുകയാണ്‌ നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾ മുന്നിൽ വയ്ക്കുന്നതു കാണാൻ,
നിങ്ങളുടെ അസംതൃപ്തി അതിനു വേണം, നിങ്ങളുടെ നിർദ്ദേശങ്ങളും.
ശേഷിച്ച പ്രത്യാശയുടെ തുരുമ്പും കൊണ്ടു ലോകം നിങ്ങളുടെ മുഖത്തേക്കുറ്റുനോക്കുകയാണ്‌.
നിങ്ങൾ തറപ്പിച്ചു പറയേണ്ട കാലമായിരിക്കുന്നു,
ഒരു തുള്ളിക്കായി താൻ കൈ നീട്ടില്ല, ഒരു കടലു തന്നെ വേണം തനിക്കെന്ന്.

(ബർലിനിലെ ഒരു ക്യാമ്പിൽ വാരാന്ത്യം ആഘോഷിക്കുന്ന തൊഴിൽരഹിതരെക്കുറിച്ച്)


രാത്രിയിലേക്കൊരു പായും തലയിണയും


ന്യൂയോർക്കിൽ, ഞാനിങ്ങനെ കേട്ടിരിക്കുന്നു,
ഇരുപത്താറാം നമ്പർ തെരുവും ബ്രോഡ് വേയും ചേരുന്ന മൂലയ്ക്ക്
മഞ്ഞുകാലമാസങ്ങളിൽ എന്നും സന്ധ്യക്കൊരാൾ വന്നു നിൽക്കുമത്രെ,
കിടക്കാനിടമില്ലാത്തവർക്കായി വഴിപോക്കരോടയാളിരക്കുമത്രെ.

അതുകൊണ്ടു പക്ഷേ, ലോകം മാറാൻ പോകുന്നില്ല.
മനുഷ്യബന്ധങ്ങൾ മെച്ചപ്പെടാൻ പോകുന്നില്ല.
ചൂഷണകാലത്തിന്റെ ദൈർഘ്യം അതുകൊണ്ടു കുറയുകയുമില്ല.
എന്നാൽക്കൂടി ചിലർക്കൊരു രാത്രിയിലേക്ക് പായും തലയിണയും കിട്ടും,
ഒരു രാത്രിയിലേക്ക് ശീതക്കാറ്റവരിൽ നിന്നു മാറിനിൽക്കും,
അവർക്കായി വച്ചിരുന്ന മഞ്ഞു വീഴുന്നത് റോഡിലേക്കായിരിക്കുകയും ചെയ്യും.

ഇത്രയും വായിച്ചിട്ടു പുസ്തകം മടക്കിവയ്ക്കരുതേ, മനുഷ്യാ.

ചിലർക്കൊരു രാത്രിയിലേക്ക് പായും തലയിണയും കിട്ടും,
ഒരു രാത്രിയിലേക്ക് ശീതക്കാറ്റവരിൽ നിന്നു മാറിനിൽക്കും,
അവർക്കായി വച്ചിരുന്ന മഞ്ഞു വീഴുന്നത് റോഡിലേക്കായിരിക്കുകയും ചെയ്യും.
പക്ഷേ അതു കൊണ്ടു ലോകം മാറാൻ പോകുന്നില്ല,
മനുഷ്യബന്ധങ്ങൾ മെച്ചപ്പെടാൻ പോകുന്നില്ല,
ചൂഷണകാലത്തിന്റെ ദൈർഘ്യം കുറയാനും പോകുന്നില്ല.

(Theodore Dreiser എഴുതിയ Sister Carrie എന്ന നോവലിലെ ഒരു സന്ദർഭത്തെക്കുറിച്ച്. മതവിശ്വാസിയായി മാറിയ ഒരു വിമുക്തഭടൻ കവിതയിൽ പറയുന്ന ആ മൂലയ്ക്ക്ക്ക് കുറേ അഗതികളുമായി വന്നുനില്ക്കും; എന്നിട്ട് അവർക്ക് രാത്രിയിൽ കിടക്കാൻ സൗകര്യമൊരുക്കാനുള്ള പണത്തിനായി വഴിയാത്രക്കാരുടെ പിന്നാലെ കൈയും നീട്ടി നടക്കും.)


എനിക്കൊരു സ്മാരകശിലയും വേണമെന്നില്ല


എനിക്കൊരു സ്മാരകശിലയും വേണമെന്നില്ല,
ഇനിയല്ല, വേണമെന്നാണു നിങ്ങൾക്കെങ്കിൽ,
അതിൽ ഈ വാക്കുകളുണ്ടാകുന്നതാണെനിക്കിഷ്ടം:
അയാൾ നിർദ്ദേശങ്ങൾ വച്ചു,
ഞങ്ങൾ അവ നടപ്പിലാക്കി.

അങ്ങനെയൊരു ലിഖിതം
നമ്മെയേവരേയും ആദരിക്കും.

(അദ്ദേഹത്തിന്റെ ശരിക്കുള്ള സ്മാരകശിലയിൽ പേരും തീയതിയും മാത്രമേയുള്ളു.)