2018, ജനുവരി 4, വ്യാഴാഴ്‌ച

ബ്രഷ്റ്റ് - ദുരിതകാലത്തിന്റെ കവിതകള്‍ (1938-1941)


1438138818143

രണ്ടാം ലോകമഹായുദ്ധം ആസന്നമായപ്പോൾ ബ്രഷ്റ്റ് ജർമ്മനി വിട്ട് സ്വീഡനിലേക്കു പോയി. ഹിറ്റ്ലർ ഡെന്മാർക്കും നോർവേയും ആക്രമിച്ചപ്പോൾ അദ്ദേഹം ഫിൻലന്റിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലേക്കു താമസം മാറ്റി. അമേരിക്കയിലേക്കുള്ള വിസ കിട്ടുന്നതു വരെ (1941 മേയ്) അദ്ദേഹം ഇവിടെത്തന്നെയായിരുന്നു.


ആദർശവാക്യം


തോണിയുടെ അണിയത്തിരിക്കുമ്പോൾ
മറ്റേയറ്റത്തു ചോർച്ച കണ്ടാൽ
മുഖം തിരിച്ചിട്ടു കാര്യമില്ല ചങ്ങാതീ.
മരണത്തിന്റെ കണ്ണെത്താത്തിടത്തല്ല താൻ.


കവിതയുടെ ദുരിതകാലം


എനിക്കറിയാം:
സന്തോഷവാനെയേ ആളുകൾക്കിഷ്ടമുള്ളു.
കേൾക്കാനിമ്പമുള്ളതാണവന്റെ ശബ്ദം.
അവന്റെ മുഖം കാണാൻ ഭംഗിയുള്ളതും.

മുറ്റത്തെ മുരടിച്ച മരം കാണിക്കുന്നത്
മണ്ണിനു വളക്കൂറില്ലെന്നാണ്‌.
എന്നിട്ടും മുരടിച്ചതിന്റെ പേരിൽ
ആളുകൾ പഴിക്കുന്നതതിനെയാണ്‌.
അതു ശരിയുമാണ്‌.

പുഴയിലെ പച്ചത്തോണികളും പാറിക്കളിക്കുന്ന കാറ്റുപായകളും
എന്റെ കണ്ണിൽ പെടാതെപോകുന്നു.
ഞാൻ കാണുന്നത് മുക്കുവരുടെ കീറവലകൾ മാത്രം.
നാല്പതുകാരിയായ വീട്ടുവേലക്കാരി നടക്കുന്നത്
കൂനിക്കൂനിയാണെന്നു ഞാനെന്തിനെഴുതിവച്ചു?
പെൺകുട്ടികളുടെ മുലകൾ
പണ്ടേപ്പോലെ തന്നെ ഊഷ്മളമാണല്ലോ.

എന്റെ കവിതയിൽ
പ്രാസം ഒരു മര്യാദകേടാവുമെന്നു തന്നെ എനിക്കു തോന്നുന്നു.

എന്റെയുള്ളിൽ മത്സരിക്കുകയാണ്‌
ആപ്പിൾ മരം പൂവിട്ടതിലുള്ള ആഹ്ളാദവും
വീടു പെയിന്റു ചെയ്യാൻ വന്നവന്റെ വാക്കുകൾ കേട്ടപ്പോഴുള്ള ഉൾക്കിടിലവും.
രണ്ടാമത്തേതേ പക്ഷേ,
എന്നെ എഴുത്തുമേശക്കരികിലേക്കോടിക്കുന്നുള്ളു.


ഊന്നുവടികൾ


ഏഴു കൊല്ലം ഒരടി വയ്ക്കാൻ എനിക്കു പറ്റിയിരുന്നില്ല.
വലിയ ഡോക്ടറെ കാണാൻ ചെന്നപ്പോൾ
അദ്ദേഹം ചോദിച്ചു: എന്തിനീ ഊന്നുവടികൾ?
ഞാൻ പറഞ്ഞു: ഞാൻ മുടന്തനാണ്‌.

അദ്ദേഹം പറഞ്ഞു: അതിൽ അത്ഭുതമൊന്നുമില്ല.
എന്തായാലും ഒന്നുകൂടിയൊന്നു ശ്രമിച്ചുനോക്കൂ.
നിങ്ങൾക്കു മുടന്തുണ്ടെങ്കിൽ അതീ കുന്ത്രാണ്ടങ്ങൾ കാരണമാണ്‌.
വീഴുമെങ്കിൽ തറയിൽ കിടന്നിഴഞ്ഞോളൂ!

ഒരു രാക്ഷസന്റെ വക്രിച്ച മുഖത്തോടെ ചിരിച്ചുകൊണ്ട്
അദ്ദേഹമെന്റെ ഊന്നുവടികൾ പിടിച്ചുവാങ്ങി
എന്റെ പുറത്തു വച്ചൊടിച്ചുകളഞ്ഞിട്ട്
അടുപ്പിലേക്കു വലിച്ചെറിഞ്ഞു.

എന്റെ രോഗം ഭേദമായി: എനിക്കിപ്പോൾ നടക്കാം.
ചിരി കൊണ്ടു മാത്രം എന്റെ രോഗം ഭേദമായി.
എന്നാലിപ്പോഴും വടികൾ കാണുമ്പോൾ ചിലപ്പോൾ
കുറേ നേരത്തേക്കു ഞാനൊന്നു ഞൊണ്ടിപ്പോകാറുണ്ട്.


ജനങ്ങള്‍ക്ക്‌ പിശകില്ലേ?


1. എന്റെ ഗുരുനാഥന്‍,
അദ്ദേഹം മഹാനായിരുന്നു, ദയാലുവായിരുന്നു,
അദ്ദേഹത്തെ വെടി വെച്ചു കൊന്നിരിക്കുന്നു;
ജനകീയകോടതി അദ്ദേഹത്തെ ചാരനെന്ന് വിധിക്കുകയായിരുന്നു.
ശപ്തമാണദ്ദേഹത്തിന്റെ പേരിപ്പോള്‍,
അദ്ദേഹത്തിന്റെ പുസ്തകങ്ങളൊക്കെ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു.
അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നതേ സംശയമുണര്‍ത്തും,
അങ്ങനെയുള്ള സംസാരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യും.
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കിൽ?

2. ജനങ്ങളുടെ സന്തതികള്‍ അദ്ദേഹത്തെ കുറ്റക്കാരനെന്നു വിധിച്ചു.
ലോകത്തെ ഏറ്റവും ധീരോദാത്തമായ സ്ഥാപനങ്ങള്‍ ,
കൂട്ടുകൃഷിക്കളങ്ങളും വ്യവസായശാലകളും അദ്ദേഹത്തെ ശത്രുവെന്ന് കണ്ടു.
അദ്ദേഹത്തിനു വേണ്ടി സംസാരിക്കാന്‍ ഒരാളുമുണ്ടായിരുന്നില്ല.
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കിൽ?

3. ജനങ്ങള്‍ക്ക്‌ ശത്രുക്കള്‍ അനവധിയാണ്.
ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ ശത്രുക്കളാണ്.
ഏറ്റവും ഉപയോഗപ്രദമായ പരീക്ഷണശാലകളിലിരിക്കുന്നവര്‍ ശത്രുക്കളാണ്.
ഭൂഖണ്ഡങ്ങള്‍ക്കുപകരിക്കാനായി അവര്‍ കനാലുകളും അണക്കെട്ടുകളും പണിയുന്നു,
അണക്കെട്ടുകള്‍ തകര്‍ന്നു പോവുന്നു, കനാലുകള്‍ തൂര്‍ന്നുപോകുന്നു.
അപ്പോള്‍ അതിനു ചുമതലക്കാരനെ വെടിവെച്ചുകൊല്ലണം.
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കിൽ?

4. ശത്രു വേഷം മാറി നടക്കുന്നവനാണ്.
പണിക്കാരുടെ തൊപ്പി വലിച്ചു കണ്ണിനു മേലിട്ടവന്‍ നടക്കുന്നു.
അയാളുടെ സുഹൃത്തുക്കള്‍ക്കയാള്‍ സ്ഥിരോത്സാഹിയായ പണിക്കാരനായിരുന്നു.
അയാളുടെ ഭാര്യ അയാളുടെ ചെരുപ്പെടുത്ത് അതിലെ തുളകള്‍ കാണിച്ചു തരുന്നു:
ജനസേവനത്തിനായി തേഞ്ഞുപോയവയാണവ.
എന്നാലും അയാള്‍ ശത്രു തന്നെ.
എന്റെ ഗുരുനാഥന്‍ അങ്ങനെയൊരാളായിരുന്നോ?
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കിൽ?

5. ജനകീയക്കോടതിയില്‍ വിധി കല്‍പ്പിക്കാനിരിക്കുന്ന ശത്രുക്കളെക്കുറിച്ച് സംസാരിക്കുക അപകടകരമാണ്,
എന്തെന്നാല്‍ കോടതികളുടെ പദവിയെ ചോദ്യം ചെയ്യരുതല്ലോ.
കുറ്റം സംശയാതീതമായി തെളിയിക്കുന്ന രേഖകളെവിടെ എന്ന് ചോദിക്കുന്നത് കൊണ്ട് ഫലമില്ല,
കാരണം അങ്ങനെയുള്ള രേഖകള്‍ ഉണ്ടാകണമെന്നില്ല.
കുറ്റവാളികള്‍ക്കു തങ്ങള്‍ നിരപരാധികളാണെന്ന് തെളിയിക്കാന്‍ തെളിവുകള്‍ കൈവശമുണ്ടാവും.
നിരപരാധികള്‍ക്കു പലപ്പോഴും തെളിവുകളുണ്ടാവില്ല.
മൗനം ഭജിക്കുന്നതാണോ അപ്പോള്‍ നല്ലത്?
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കിൽ?

6. അയ്യായിരം പേര്‍ പണിതുയര്‍ത്തിയത് തകര്‍ക്കാന്‍ ഒരാള്‍ മതി.
കുറ്റം ചുമത്തിയ അമ്പതു പേരില്‍ ഒരാള്‍ കുറ്റം ചെയ്യാത്തവനാവും.
ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കിൽ?

7. ഇനിയഥവാ, അദ്ദേഹം നിരപരാധിയാണെങ്കില്‍
മരണത്തിലേക്കു നടക്കുമ്പോള്‍ എന്തായിരുന്നിരിക്കും അദ്ദേഹത്തിന്റെ മനസ്സിൽ?


(സ്റ്റാലിൻ ഭരണകാലത്ത് ശുദ്ധീകരണപ്രക്രിയയുടെ ഭാഗമായി നടന്ന സെർജി ടെർടിയാക്കോവിന്റെ വധമാണ്‌ ഈ കവിതയുടെ പ്രമേയം. 1920ൽ ചൈനയിൽ പഠിപ്പിക്കുകയും ചൈനയെക്കുറിച്ചു റിപ്പോർട്ടുകളും സ്ക്രിപ്റ്റുകളും തയാറാക്കുകയും ചെയ്ത ടെർടിയാക്കോവിനെ ചാരനെന്ന സംശയത്തിലാണ്‌ 1937ൽ വിചാരണ ചെയ്ത് വധിക്കുന്നത്. ബ്രെഷ്റ്റിന്റെ ഈ കവിത 1964ലാണ്‌ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.)


തുടക്കത്തിന്റെ ആനന്ദത്തെക്കുറിച്ച്

ഹാ, തുടക്കത്തിന്റെ ആനന്ദം!
ഹാ, തുടക്കമിടുന്ന പ്രഭാതം!
എന്താണു പച്ചപ്പെന്നാർക്കുമോർമ്മയില്ലാതിരിക്കെ
ആദ്യത്തെ പുൽനാമ്പുകൾ!
ഹാ, ഏറെ നാളായി കാത്തിരിക്കുന്ന പുസ്തകത്തിന്റെ
ആദ്യത്തെ താളുകൾ, അതിന്റെ വിസ്മയം!
സമയമെടുത്തതു വായിക്കൂ,
വായിക്കാൻ ശേഷിച്ച ഭാഗത്തിന്റെ
കനം കുറയുന്നതെത്ര വേഗം!
വിയർപ്പിൽ കുളിച്ച മുഖത്താദ്യം തളിച്ച വെള്ളം!
പുത്തൻ കുപ്പായത്തിന്റെ പുതുമ.
ഹാ, പ്രണയത്തിന്റെ തുടക്കം!
തെന്നിമാറുന്ന നോട്ടം!
ഹാ, വേലയുടെ തുടക്കം!
തണുത്ത യന്ത്രത്തിൽ എണ്ണയൊഴിക്കൽ.
ജീവൻ വച്ചുണരുന്ന യന്ത്രത്തിന്റെ
ആദ്യസ്പർശവും ആദ്യത്തെ മുരളലും.
ശ്വാസകോശങ്ങളിൽ നിറയുന്ന
ആദ്യത്തെ സിഗാർപുക!
പിന്നെ നീയും,
നവീനാശയമേ!


നാടകം അവസാനിച്ചു


നാടകം അവസാനിച്ചു.
അവതരണം പൂർത്തിയായി.
അഴഞ്ഞ കുടലെന്നപോലെ നാടകശാല സാവധാനം ഒഴിയുന്നു.
വളിച്ച വാചാടോപത്തിന്റെ,
തട്ടിക്കൂട്ടുതമാശകളുടെ വിദഗ്ധരായ വ്യാപാരികൾ
അണിയറയിൽ മുഖത്തെ ചായവും വിയർപ്പും കഴുകിക്കളയുന്നു.
ചെയ്തബദ്ധമാക്കിയൊരു പ്രവൃത്തി തെളിച്ചുകാട്ടിയ വിളക്കുകളണയുന്നു.
ദുരുപയോഗം ചെയ്ത അരങ്ങിലെ മനോഹരമായ ശൂന്യതയിൽ
അന്തിവെളിച്ചം പരക്കുന്നു.
നിർജ്ജനമായ, മണം മാറാത്ത ഹാളിൽ
സത്യസന്ധനായ നാടകകൃത്തിരിക്കുന്നു,
മുഖപ്രസാദമില്ലാതെ,
ഓർമ്മിച്ചെടുക്കാൻ ആവതു ശ്രമിച്ചുകൊണ്ട്.


എന്റെ കൊച്ചുമകൻ ചോദിക്കുന്നു


എന്റെ കൊച്ചുമകൻ ചോദിക്കുന്നു: ഞാൻ കണക്കു പഠിക്കണോ?
എന്തു കാര്യത്തിന്‌, എനിക്കു ചോദിക്കാൻ തോന്നിപ്പോകുന്നു.
രണ്ടു കഷണം റൊട്ടി ഒന്നിലും കൂടുതലാണെന്ന്
അല്ലാതെതന്നെ നിനക്കു മനസ്സിലാവുമല്ലോ.
എന്റെ കൊച്ചുമകൻ ചോദിക്കുന്നു: ഞാൻ ഫ്രഞ്ച് പഠിക്കണോ?
എന്തു കാര്യത്തിന്‌, എനിക്കു ചോദിക്കാൻ തോന്നിപ്പോകുന്നു.
ആ സാമ്രാജ്യം തകർന്നടിയുകയാണ്‌.
നീ വയറു തിരുമ്മിയിട്ട് കരയുക,,
അവർക്കു കാര്യം മനസ്സിലായിക്കോളും.
എന്റെ കൊച്ചുമകൻ ചോദിക്കുന്നു: ഞാൻ ചരിത്രം പഠിക്കണോ?
എന്തു കാര്യത്തിന്‌, എനിക്കു ചോദിക്കാൻ തോന്നിപ്പോകുന്നു.
പൂഴിയിൽ തല പൂഴ്ത്താൻ പഠിക്കുക,
എങ്കിൽ നിന്നുപിഴയ്ക്കാൻ നിനക്കു പറ്റിയെന്നു വരാം.

അതെ, ഞാൻ അവനോടു പറയുന്നു, നീ കണക്കു പഠിക്കുക,
ഫ്രഞ്ച് പഠിക്കുക, ചരിത്രം പഠിക്കുക!


അഭിപ്രായങ്ങളൊന്നുമില്ല: