നാസികൾ അധികാരം പിടിച്ചതോടെ 1933ൽ ജർമ്മനി വിട്ട ബ്രെഷ്റ്റ് പ്രാഗ്, സൂറിച്ച്, പാരീസ് എന്നിവിടങ്ങളിൽ കുറേക്കാലം താമസിച്ചതിനു ശേഷം 1936ൽ ഡന്മാർക്കിലെ സ്വെൻഡ്ബോർഗ്ഗിൽ ഒരു വീടു വാങ്ങി താമസമാക്കി. അടുത്ത ആറു കൊല്ലത്തേക്ക് ബ്രെഷ്റ്റ് കുടുംബത്തോടൊപ്പം ഇവിടെയായിരുന്നു.
ചരമലിഖിതം, ഗോർക്കിയ്ക്ക്
ഇവിടെ ശയിക്കുന്നു,
ചേരികളുടെ സ്ഥാനപതി,
ജനങ്ങളുടെ പീഡകരേയും
ആ പീഡകരോടെതിരിടുന്നവരേയും കുറിച്ചു വിവരിച്ചവൻ,
പെരുവഴികളുടെ സർവ്വകലാശാലകളിൽ
വിദ്യാഭ്യാസം ചെയ്തവൻ,
താഴ്ന്നവനായി ജനിച്ചിട്ട്
ഉയർന്നവനും താണവനുമുള്ള വ്യവസ്ഥിതി
ഇല്ലാതാക്കാൻ സഹായിച്ചവൻ,
ജനങ്ങളിൽ നിന്നു പഠിക്കുകയും
ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തവൻ.
എല്ലാക്കൊല്ലവും സെപ്തംബറിൽ
എല്ലാക്കൊല്ലവും സെപ്തംബറിൽ സ്കൂൾ തുറക്കുമ്പോൾ
സ്ത്രീകൾ നഗരപ്രാന്തങ്ങളിലെ സ്റ്റേഷനറിക്കടകളിൽ ചെല്ലുന്നു,
തങ്ങളുടെ കുട്ടികൾക്കായി പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും വാങ്ങുന്നു.
പിഞ്ഞിക്കീറിയ സഞ്ചിയിൽ നിന്ന് അവസാനത്തെത്തുട്ടും തപ്പിപ്പിടിച്ചെടുക്കുമ്പോൾ
അറിവിനു വില വളരെക്കൂടുതലായെന്ന് അവർ പരാതിപ്പെടുന്നു.
തങ്ങളുടെ കുട്ടികൾ പഠിക്കാൻ പോകുന്ന അറിവെത്ര മോശമാണെന്ന്
അവർ അറിയുന്നതേയില്ല.
വിടവാങ്ങൽ
നാമന്യോന്യം കെട്ടിപ്പിടിക്കുന്നു.
എന്റെ കൈ തൊടുന്നത് പട്ടിന്റെ മൃദുലതയിൽ,
നിന്റേത് കോറത്തുണിയിലും.
തിടുക്കത്തിൽ നാമതു നിർവഹിച്ചു.
നിനക്കൊരത്താഴവിരുന്നിനു ക്ഷണമുണ്ടായിരുന്നു,
എന്റെ പിന്നാലെ ആരാച്ചാരുടെ പിണിയാളുകളുണ്ടായിരുന്നു.
കാലാവസ്ഥയെക്കുറിച്ചു നാം സംസാരിച്ചു,
നമ്മുടെ സൗഹൃദത്തിനൊരുകാലവും ഭംഗമുണ്ടാവില്ലെന്നും.
അതിലധികമെന്തും കയ്ക്കുന്നതായേനെ.
വന്ധ്യതയെക്കുറിച്ച്
കായ്ക്കാത്ത ഫലവൃക്ഷത്തെ
വന്ധ്യമെന്നു നിങ്ങൾ വിളിക്കുന്നു.
മണ്ണിന്റെ ഗുണം നിങ്ങൾ പരിശോധിച്ചോ?
ഒടിഞ്ഞുവീണ കൊമ്പ്
ദ്രവിച്ചതായിരുന്നുവെന്നു നിങ്ങൾ പറയുന്നു.
അതിൽ മഞ്ഞു വീണതു നിങ്ങൾ കണ്ടിരുന്നോ?
ഉദ്ധരിക്കാവുന്നത്
കിൻ എന്ന കവി പറയുന്നു:
പ്രസിദ്ധനല്ലെങ്കില്പിന്നെ മരണമില്ലാത്ത കവിതകൾ
എങ്ങനെ ഞാനെഴുതും?
എനിക്കു നേരേ ചോദ്യമുയരുന്നില്ലെങ്കില്പിന്നെ
ഞാനെങ്ങനെ ഉത്തരം പറയും?
കാലം കഴിയുമ്പോൾ പാഴാവാനാണെങ്കില്പിന്നെ
ഞാനെന്തിനു കവിതയെഴുതാൻ കാലം പാഴാക്കണം?
ഞാനെന്റെ നിർദ്ദേശങ്ങൾ
ഈടു നില്ക്കുന്നൊരു ഭാഷയിൽ എഴുതിവയ്ക്കുന്നു;
അവ നടപ്പിലാവാൻ സമയമെടുക്കുമെന്നെനിക്കറിയാമല്ലോ.
വലിയ നേട്ടങ്ങൾ കൈവരിക്കാൻ വലിയ മാറ്റങ്ങൾ നടക്കണം.
വലിയ മാറ്റങ്ങളുടെ ശത്രുക്കളാണ് ചെറിയ മാറ്റങ്ങൾ.
എനിക്കു ശത്രുക്കളുണ്ട്. അതിനാൽ ഞാൻ പ്രസിദ്ധനായിരിക്കണം.
(കിൻ ബ്രെഷ്റ്റ് തന്നെ)
യുദ്ധത്തെക്കുറിച്ചുള്ള ഒരു ജർമ്മൻ പാഠപുസ്തകത്തിൽ നിന്ന്
1
ഉയർന്ന സ്ഥിതിയിൽ ഇരിക്കുന്നവരുടെ വിചാരം
ആഹാരത്തെക്കുറിച്ചു സംസാരിക്കുന്നത് താഴ്ന്ന പണിയാണെന്നാണ്.
വാസ്തവമെന്തെന്നാൽ:
അവർ ആഹാരം കഴിച്ചുകഴിഞ്ഞിരിക്കുന്നു.
നല്ല മാംസത്തിന്റെ രുചി ഒരിക്കൽപ്പോലുമറിയാതെ
താഴ്ന്നവർ ലോകം വിട്ടുപോകേണ്ടിവരുന്നു.
സുന്ദരസായാഹ്നങ്ങളിൽ അവർ അത്രയ്ക്കു തളർന്നുപോകുന്നതിനാൽ
തങ്ങൾ എവിടെ നിന്നു വരുന്നു എവിടെയ്ക്കു പോകുന്നു
എന്നാലോചിക്കാനവർക്കു കഴിയുന്നില്ല.
മലകളും വൻകടലും കാണാതെ തന്നെ
അവരുടെ കാലം കഴിഞ്ഞുപോകുന്നു.
താഴുക എന്നാലെന്താണെന്ന്
താഴ്ന്നവർ ചിന്തിക്കാതിരുന്നാൽ
അവർ ഒരിക്കലും ഉയരുകയുമില്ല.
2
നേതാക്കൾ സമാധാനത്തെക്കുറിച്ചു സംസാരിക്കുമ്പോൾ
സാധാരണക്കാർക്കറിയാം യുദ്ധം വരാറായെന്ന്.
നേതാക്കന്മാർ യുദ്ധത്തെ ശപിക്കുമ്പോൾ
പടനീക്കത്തിനുള്ള കല്പന പോയിക്കഴിഞ്ഞിരിക്കും.
3
തലപ്പത്തുള്ളവർ പറയുന്നു:
യുദ്ധവും സമാധാനവും വേറേ വേറേ കാര്യങ്ങളാണെന്ന്.
എന്നാൽ അവരുടെ യുദ്ധവും അവരുടെ സമാധാനവും
കാറ്റും കൊടുങ്കാറ്റും പോലെയാണെന്നേയുള്ളു.
അവരുടെ സമാധാനത്തിൽ നിന്ന് യുദ്ധം പിറക്കുന്നു
അമ്മയിൽ നിന്നു മകനെന്നപോലെ.
മകന്റെ മുഖത്തുകാണാം
അമ്മയുടെ പേടിപ്പെടുത്തുന്ന മുഖലക്ഷണങ്ങൾ.
അവരുടെ സമാധാനം ബാക്കി വച്ചതെന്തെങ്കിലുമുണ്ടെങ്കിൽ
അതിനെ കൊന്നുകളയുന്നു
അവരുടെ യുദ്ധം.
4
തലപ്പത്തുള്ളവർ പറയുന്നു:
കീർത്തിയിലേക്ക് ഇതു വഴിയേ.
അങ്ങു താഴെക്കിടക്കുന്നവർ പറയുന്നു:
ശവക്കുഴിയിലേക്ക് ഇതു വഴിയേ.
5
വരാനുള്ള യുദ്ധം ആദ്യത്തേതല്ല.
അതിനു മുമ്പ് വേറെയും യുദ്ധങ്ങളുണ്ടായിരുന്നു.
അവസാനത്തേതിനവസാനമായപ്പോൾ
തോറ്റവരും തോല്പിച്ചവരുമുണ്ടായി.
തോറ്റവർക്കിടയിൽ സാധാരണക്കാർ പട്ടിണി കിടന്നു.
തോല്പിച്ചവർക്കിടയിലും സാധാരണക്കാർ പട്ടിണി കിടന്നു.
6
തലപ്പത്തുള്ളവർ പറയുന്നു
സൗഹൃദമാണ് പട്ടാളത്തിൽ നടപ്പെന്ന്.
അതിന്റെ നേരറിയാൻ
അടുക്കളയിൽ ചെന്നാൽ മതി.
അവരുടെ ഹൃദയങ്ങളിലുള്ളത്
ഒരേ തരം ധീരത തന്നെ.
അവരുടെ പാത്രങ്ങളിലുള്ളതു പക്ഷേ,
രണ്ടു തരം റേഷനും.
7
മാർച്ചു ചെയ്തു പോകുമ്പോൾ മിക്കവർക്കുമറിയില്ല
മുന്നിൽ മാർച്ചു ചെയ്യുന്നത് തങ്ങളുടെ ശത്രു തന്നെയാണെന്ന്.
തങ്ങൾക്കു കല്പനകൾ നല്കുന്ന ശബ്ദം
തങ്ങളുടെ ശത്രുവിന്റെ ശബ്ദം തന്നെയാണെന്നും
ശത്രുവിനെക്കുറിച്ചു സംസാരിക്കുന്ന ആ മനുഷ്യൻ
ശത്രു തന്നെയാണെന്നും.
8
രാത്രിയായിരിക്കുന്നു.
ദമ്പതികൾ കിടക്കകളിൽ.
യുവതികളായ ഭാര്യമാർ
അനാഥശിശുക്കളെ ഗർഭം ധരിക്കും.
9
ചുമരിൽ ചോക്കു കൊണ്ടെഴുതിയിരുന്നു:
അവർക്കു യുദ്ധം വേണം.
അതെഴുതിയ മനുഷ്യൻ
വീണുകഴിഞ്ഞിരുന്നു.
10
ജനറൽ, താങ്കളുടെ ടാങ്ക് കരുത്തൻ വാഹനം തന്നെ.
അത് കാടുകൾ തട്ടിത്തകർക്കുന്നു,
ഒരു നൂറു മനുഷ്യരെ ഞെരിച്ചമർത്തുന്നു.
എന്നാൽ അതിനൊരു കുറവുണ്ട്:
അതിനൊരു ഡ്രൈവർ വേണം.
ജനറൽ, താങ്കളുടെ ബോംബർ കരുത്തുറ്റതു തന്നെ.
അതൊരു കൊടുങ്കാറ്റിനെക്കാൾ വേഗത്തിൽ പായും,
ഒരാനയെക്കാളധികം ഭാരം വഹിക്കുകയും ചെയ്യും.
എന്നാൽ അതിനൊരു കുറവുണ്ട്:
അതിനൊരു മെക്കാനിക്ക് വേണം.
ജനറൽ, മനുഷ്യനെക്കൊണ്ടുപയോഗമുണ്ട്.
അവൻ പറക്കും അവൻ കൊല്ലും.
എന്നാൽ അവനൊരു കുറവുണ്ട്:
അവൻ ചിന്തിക്കും.
ഭരിക്കുന്നതിന്റെ പ്രയാസങ്ങൾ
1
മന്ത്രിമാർ ജനങ്ങളോടു പറഞ്ഞുകൊണ്ടേയിരിക്കുകയാണ്,
ഭരിക്കുക എന്നത് എത്ര ദുഷ്കരമായ കാര്യമാണെന്ന്.
മന്ത്രിമാരില്ലെങ്കിൽ ചോളം വളരുക
നിലത്തേക്കായിരിക്കും, മുകളിലേക്കാവില്ല.
ചാൻസെലർ ഇത്ര മിടുക്കനായിരുന്നില്ലെങ്കിൽ
ഒരു കട്ട കരി പോലും ഖനിയിൽ നിന്നു പുറത്തേക്കു വരുമായിരുന്നില്ല.
പ്രചാരണകാര്യമന്ത്രിയില്ലെങ്കിൽ
ഒരു പെണ്ണും ഗർഭം ധരിക്കാൻ സമ്മതിക്കുമായിരുന്നില്ല.
യുദ്ധകാര്യമന്ത്രിയില്ലെങ്കിൽ യുദ്ധമേ ഉണ്ടാവില്ല.
എന്തിനു പറയുന്നു, ഫ്യൂററുടെ സമ്മതമില്ലെങ്കിൽ
കാലത്തു സൂര്യനുദിക്കുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു;
ഇനി ഉദിച്ചാൽത്തന്നെ അതു സ്ഥാനം തെറ്റിയിട്ടുമായിരിക്കും.
2
അത്രതന്നെ ദുഷ്കരമാണത്രെ, അവർ നമ്മോടു പറയുന്നു,
ഒരു ഫാക്ടറി നടത്തിക്കൊണ്ടു പോകുന്നതും.
ഫാക്ടറിയുടമയില്ലെങ്കിൽ ചുമരുകളിടിഞ്ഞുവീഴുമത്രെ,
യന്ത്രങ്ങൾ തുരുമ്പെടുക്കുമത്രെ.
ഇനി എവിടെങ്കിലും ഒരു കലപ്പയുണ്ടാക്കിയാൽത്തന്നെ
അതെങ്ങനെ പാടത്തെത്തും,
ഫാക്ടറിയുടമ കൃഷിക്കാരനോടു പറയുന്ന കൗശലങ്ങളില്ലാതെ:
കലപ്പ എന്നൊരു സംഗതിയുണ്ടെന്ന് ആരല്ലെങ്കിൽ അവരോടു പറയും?
ജന്മിയില്ലെങ്കിൽ പാടത്തിന്റെ സ്ഥിതിയെന്താവും?
സംശയമെന്ത്, ഉരുളക്കിഴങ്ങു നടേണ്ടിടത്ത് അവർ തിന വിതയ്ക്കും.
3
ഭരണം എളുപ്പപ്പണിയാണെങ്കിൽ
ഫ്യൂററെപ്പോലുള്ള പ്രചോദിതമനസ്സുകളുടെ ആവശ്യം തന്നെ വരില്ല.
യന്ത്രം പ്രവർത്തിപ്പിക്കാൻ തൊഴിലാളിക്കറിയുമെങ്കിൽ,
പാടവും ചപ്പാത്തിപ്പലകയും തമ്മിലുള്ള വ്യത്യാസം കൃഷിക്കാരനറിയുമെങ്കിൽ
ജന്മിയുടേയോ ഫാക്ടറിയുടമയുടേയോ ആവശ്യം തന്നെയില്ല.
അവർ ഇത്രയും ബുദ്ധി കെട്ടവരായതു കൊണ്ടാണ്
മിടുക്കരായ ചിലരെ വേണ്ടിവരുന്നത്.
4
ഇനിയഥവാ,
ഭരണം ഇത്രയും ദുഷ്കരമാണെന്നു പറയുന്നത്
തട്ടിപ്പിനും ചൂഷണത്തിനും കുറച്ചു പരിശീലനം വേണമെന്നുള്ളതുകൊണ്ടാണോ?
തീ പിടിച്ച പുരയെക്കുറിച്ച് ബുദ്ധന്റെ ഉപമ
നമ്മെ ബന്ധിച്ച തൃഷ്ണയുടെ ചക്രത്തെക്കുറിച്ചു ഗൌതമബുദ്ധൻ നമ്മെ പഠിപ്പിച്ചു,
ആശകൾ നാമകലെക്കളയണമെന്നും
ആശകളറ്റവരായി വേണം താൻ നിർവാണമെന്നു വിളിക്കുന്ന ശൂന്യതയിലേക്കു നാം പ്രവേശിക്കാനെന്നും
അദ്ദേഹം നമ്മെ ഉപദേശിച്ചു.
പിന്നെയൊരുനാൾ ഒരു ശിഷ്യൻ അദ്ദേഹത്തോടു ചോദിച്ചു:
ആ ശൂന്യത, അതേതു പോലിരിക്കും, ഗുരോ?
അങ്ങുപദേശിച്ചപോലെ മോഹങ്ങളൊക്കെ ഞങ്ങൾ വെടിയാം,
പിന്നെ ഞങ്ങൾ പ്രവേശിക്കുന്ന ശൂന്യതയേതുപോലെയെന്നൊന്നു പറയൂ:
സർവസൃഷ്ടികളോടും താദാത്മ്യം പ്രാപിക്കുമ്പോലെയാണോ?
ഉച്ചയ്ക്കു പുഴയിൽ ഉടലിന്റെ ഭാരമറിയാതെ,
മനസ്സിൽ ചിന്തകളേതുമില്ലാതെ പൊന്തിയൊഴുകുന്നപോലെയോ?
വിരിപ്പിന്റെ ചുളി നീർത്തുന്നതു പോലുമറിയാതെ മയങ്ങിക്കിടക്കുമ്പോലെയോ?
ആ ശൂന്യത, ഇതു പോലതു ഹൃദ്യമോ, പ്രീതിദമായൊരു ശൂന്യത?
അതോ അങ്ങു പറയുന്ന ഈ ശൂന്യത വെറുമൊരില്ലായ്മയോ,
തണുത്തതും ബോധഹീനവും പൊള്ളയായതും?
ബുദ്ധൻ ഏറെ നേരം മൌനിയായിരുന്നു,
പിന്നെ കൂസലെന്യേ അദ്ദേഹം പറഞ്ഞു:
നിന്റെ ചോദ്യത്തിന് ഉത്തരമില്ല.
പിന്നെ സന്ധ്യക്ക് അവർ പോയിക്കഴിഞ്ഞപ്പോൾ
കടപ്ളാവിനടിയിലിരുന്നുകൊണ്ട്
അന്യശിഷ്യരോട് ബുദ്ധൻ ഈ ഉപമ പറഞ്ഞു:
അടുത്തിടെ ഞാനൊരു പുര കണ്ടു. അതെരിയുകയായിരുന്നു.
തീനാളം അതിന്റെ മേല്പുര നക്കുകയായിരുന്നു.
അടുത്തുചെന്നു നോക്കുമ്പോൾ
ഉള്ളിലപ്പോഴുമാളുകളുണ്ടെന്നു ഞാൻ കണ്ടു.
വാതിൽ തുറന്നു ഞാനവരോടു വിളിച്ചുപറഞ്ഞു,
മേല്പുരയിൽ തീയാളിക്കത്തുന്നുവെന്ന്,
എത്രയും വേഗം പുര വിട്ടിറങ്ങുകയെന്ന്.
ആ മനുഷ്യർക്കു പക്ഷേ, ഒരു തിടുക്കവും കണ്ടില്ല.
പുരികം പൊള്ളിക്കുന്നത്ര എരിച്ചടുത്തു തീയെന്നായിട്ടും
അവരിലൊരാൾ എന്നോടു ചോദിച്ചു,
പുറത്തെന്താ സ്ഥിതിയെന്ന്, മഴ പെയ്യുന്നില്ലേയെന്ന്,
കാറ്റു വീശുകയാവാമല്ലേയെന്ന്,
പുറത്തു തങ്ങൾക്കു വേറൊരു വീടു കിട്ടുമോയെന്ന്,
അതും ഇതുമാതിരി തന്നെയുള്ളത്.
മറുപടി പറയാതെ ഞാനിറങ്ങിപ്പോന്നു.
ഈ മനുഷ്യരുടെ സംശയങ്ങൾ അവസാനിക്കണമെങ്കിൽ, ഞാനോർത്തു,
ഇവർ എരിഞ്ഞുചാവുക തന്നെ വേണം.
ഇനിയൊട്ടും പറ്റില്ലെന്ന മട്ടിൽ പൊള്ളിയാലേ
നില്ക്കുന്നിടം വിട്ടു മാറൂ എന്നാണൊരാളുടെ തീരുമാനമെങ്കിൽ
അയാളോടെനിക്കൊന്നും പറയാനില്ല.
എന്നു ഗൌതമബുദ്ധൻ.
അതുപോലെ നമ്മളും,
കീഴടങ്ങലല്ല, കീഴടങ്ങാതിരിക്കലാണു വേണ്ടതെന്ന വാദിക്കുന്നവർ,
ജിവിതവുമായി ബന്ധപ്പെട്ട പലതരം നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നവർ,
തങ്ങളെ പീഡിപ്പിക്കുന്ന മനുഷ്യരെ കുടഞ്ഞുതെറിപ്പിക്കാൻ
ആളുകളോടു കെഞ്ചുന്നവർ,
നമ്മളും വിശ്വസിക്കുന്നു,
ബോംബറുകൾ പറന്നടുക്കുമ്പോൾ നീണ്ട ചോദ്യങ്ങൾ ചോദിക്കുന്നവർ,
ഇതെങ്ങനെ ചെയ്യാനാണു നാമുദ്ദേശിക്കുന്നതെന്നും,
അതെങ്ങനെയാണു നാം മുന്നിൽ കാണുന്നതെന്നും,
വിപ്ളവത്തിനു ശേഷം തങ്ങളുടെ സമ്പാദ്യങ്ങൾക്കെന്തു പറ്റുമെന്നും,
തങ്ങളുടെ ഞായറാഴ്ചവേഷത്തിന്റെ ഗതിയെന്താവുമെന്നും സംശയിക്കുന്നവർ,
അവരോടു നമുക്കു കൂടുതലായൊന്നും പറയാനില്ലെന്ന്.
(ഇങ്ങനെയൊരു കഥ ബുദ്ധമതഗ്രന്ഥങ്ങളിൽ ഇല്ല. ഡാനിഷ് നോവലിസ്റ്റായ Karl Gjellerupന്റെ The Pilgrim Kamanita എന്ന നോവലിലെ ഒരു സന്ദർഭമാണ് കവിതയുടെ വിഷയം. കാമനീത എന്ന യുവാവായ തീർത്ഥാടകൻ ബുദ്ധനോടു ചോദിക്കുന്നു, നിത്യജീവനാണോ നിശ്ശൂന്യതയാണോ ജന്മത്തിനൊടുവിൽ ലഭിക്കുക എന്നതറിയാതെ എങ്ങനെയാണ് ഒരാൾ പ്രവൃത്തി ചെയ്യുക എന്ന്. അതിന് ബുദ്ധന്റെ മറുപടി ഇങ്ങനെ: ഒരു വീടിനു തീ പിടിച്ചുവെന്നും വേലക്കാരൻ യജമാനനെ വിളിച്ചുണർത്താൻ ഓടിച്ചെല്ലുകയാണെന്നും കരുതുക. എഴുന്നേല്ക്കണേ, വീടിനു തീ പിടിച്ചു. കഴുക്കോലുകൾ എരിഞ്ഞുതുടങ്ങി, മേല്ക്കൂര വൈകാതെ എരിഞ്ഞുവീഴും. അപ്പോൾ വീട്ടുകാരൻ ഇങ്ങനെ മറുപടി പറയുമോ?: നീ പോയി പുറത്ത് കാറ്റോ മഴയോ ഉണ്ടോയെന്നു നോക്കിയിട്ടു വാ; അല്ലെങ്കിൽ നിലാവുള്ള രാത്രിയാണോയെന്നു നോക്ക്. രണ്ടാമതു പറഞ്ഞതാണെങ്കിൽ നമുക്ക് പുറത്തു കടക്കാം.
അങ്ങനെയൊരാൾക്ക് തനിക്കു നേരിടാൻ പോകുന്ന അപകടം കാണാൻ കണ്ണില്ലെന്ന് കാമനീത സമ്മതിക്കുന്നു. അപ്പോൾ ബുദ്ധൻ പറയുന്നു: അതേപോലെയാണ് നിന്റെ കാര്യവും. നിന്റെ തല്യ്ക്കു മേൽ തീയെരിയുകയാണെന്നപോലെ ജീവിക്കുക. നിന്റെ വീടിനു തീ പിടിച്ചിരിക്കുന്നു. ഏതാണ് ആ വീട്? ലോകം! ..
അടുത്ത ദിവസം തെരുവിൽ വച്ച് കാമനീത ഒരു കാളയുടെ ഇടി കൊണ്ട് മരിക്കുന്നു.)
വിമർശനാത്മകമനോഭാവത്തെക്കുറിച്ച്
നിഷ്ഫലമാണ് വിമർശനാത്മകമനോഭാവമെന്ന്
പലരും കരുതുന്നു.
തങ്ങളുടെ വിമർശനത്തിനപ്രാപ്യമാണു ഭരണകൂടം
എന്നവർ കരുതുന്നതുകൊണ്ടാണങ്ങനെ.
ഇവിടെപ്പക്ഷേ നിഷ്ഫലമായ മനോഭാവമെന്നാൽ
ദുർബലമായ മനോഭാവമെന്നേ വരുന്നുള്ളു.
വിമർശനത്തിനായുധം കൊടുത്തു നോക്കൂ,
ഭരണകൂടങ്ങളെ തട്ടിനിരത്താനതു മതി.
ഒരു പുഴയ്ക്കു കനാലു വെട്ടുക
ഒരു ഫലവൃക്ഷം പതി വച്ചെടുക്കുക
ഒരാൾക്കു വിദ്യാഭ്യാസം കൊടുക്കുക
ഒരു ഭരണകൂടത്തെ മാറ്റിത്തീർക്കുക
സഫലമായ വിമർശനത്തിനു നിദർശനങ്ങളാണിതൊക്കെ
അതേ സമയം തന്നെ കലയുടെയും.
അനന്തരതലമുറയോട്
1
സത്യമായും ഞാൻ ജീവിക്കുന്നത് ഇരുണ്ട കാലഘട്ടത്തിൽത്തന്നെ!
കപടമില്ലാത്ത വചനം വിഡ്ഡിത്തമാണ്.
ചുളി വീഴാത്ത നെറ്റി നിർവികാരതയുടെ ലക്ഷണമാണ്.
ചിരിക്കുന്നവൻ ഭീകരമായ വാർത്തകൾ കേൾക്കാനിരിക്കുന്നതേയുള്ളു.
എന്തു തരം കാലമാണത്,
അത്രയധികം കൊടുമകളെക്കുറിച്ചു മൌനം ദീക്ഷിക്കുന്നുവെന്നതിനാൽ
മരങ്ങളെക്കുറിച്ചൊരു സംഭാഷണം പാതകമാവുന്ന കാലം?
സമാധാനത്തോടെ തെരുവു മുറിച്ചുകടക്കുന്ന ആ മനുഷ്യൻ
അയാളുടെ സഹായമാവശ്യമുള്ള സ്നേഹിതന്മാർക്ക്
കൈ നീട്ടിയാലെത്തില്ലെങ്കിൽ?
എനിക്കു വേണ്ടതു ഞാൻ നേടുന്നുവെന്നതു സത്യം തന്നെ.
അതു പക്ഷേ, ഞാൻ പറയുന്നതു വിശ്വസിക്കൂ,
യാദൃച്ഛികം മാത്രമാണ്.
ഞാൻ ചെയ്യുന്നതൊന്നും സ്വന്തം വയറു നിറയ്ക്കാനുള്ള അവകാശം
എനിക്കു നൽകുന്നില്ല.
ഭാഗ്യം കൊണ്ടു ഞാൻ രക്ഷപെട്ടുവെന്നേയുള്ളു.
(എന്റെ ഭാഗ്യം തീർന്നാൽ ഞാനും തീർന്നു.)
അവർ എന്നോടു പറയുകയാണ്: തിന്നൂ, കുടിക്കൂ!
ഉള്ളവനാവാൻ കഴിഞ്ഞതിലാനന്ദിക്കൂ!
പക്ഷേ എങ്ങനെ ഞാൻ തിന്നുകയും കുടിക്കുകയും ചെയ്യാൻ,
വിശക്കുന്നവന്റെ കൈയിൽ നിന്നു തട്ടിപ്പറിച്ചതാണു ഞാൻ തിന്നുന്നതെങ്കിൽ,
ദാഹിച്ചു മരിക്കുന്നവനു കിട്ടേണ്ടതാണെന്റെ ഗ്ളാസ്സിലെ വെള്ളമെങ്കിൽ?
എന്നിട്ടും ഞാൻ തിന്നുകയും കുടിക്കുകയും ചെയ്യുന്നു.
ജ്ഞാനിയാവാനെനിക്കിഷ്ടമായിരുന്നു.
ജ്ഞാനമെന്താണെന്നു പുരാതനഗ്രന്ഥങ്ങൾ പറയുന്നുണ്ടല്ലോ:
ലോകത്തിലെ മദമാത്സര്യങ്ങളിൽ നിന്നു പിൻവാങ്ങുക,
നിങ്ങൾക്കനുവദിച്ചുകിട്ടിയ ഹ്രസ്വായുസ്സു ഭയലേശമെന്യെ ജീവിച്ചുതീർക്കുക.
തിന്മയെ നന്മ കൊണ്ടു നേരിടുക,
ആഗ്രഹങ്ങൾ നിറവേറ്റുകയല്ല, അവയെ മറന്നുകളയുക.
ഇതൊന്നും പക്ഷേ, എനിക്കനുസരിക്കാൻ കഴിയില്ല.
സത്യമായും ഞാൻ ജീവിക്കുന്നതൊരിരുണ്ട കാലത്തു തന്നെ!
2
എല്ലാം താറുമാറായൊരു കാലത്താണു ഞാൻ നഗരത്തിലേക്കു വന്നത്
വിശപ്പിന്റെ രാജ്യഭാരമായിരുന്നു
പ്രക്ഷുബ്ധമായൊരു കാലത്തെ മനുഷ്യർക്കിടയിലേക്കാണു ഞാൻ വന്നത്
അവർ ഇളകിമറിഞ്ഞപ്പോൾ അവർക്കൊപ്പം ഞാനും ചേർന്നു.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.
പോരാട്ടങ്ങൾക്കിടയിൽ കിട്ടിയ നേരത്തു ഞാൻ ആഹാരം കഴിച്ചു
കൊലപാതകികൾക്കിടയിൽ തല ചായ്ച്ചു ഞാനിളവെടുത്തു
അലക്ഷ്യമായി ഞാൻ പ്രണയിച്ചു
പ്രകൃതിയെ ആസ്വദിക്കാനെനിക്കു ക്ഷമയുണ്ടായില്ല.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.
എന്റെ കാലത്തു വഴികൾ നിണ്ടുചെന്നതു ചെളിക്കുണ്ടിലേക്കായിരുന്നു.
എന്റെ ഭാഷ കശാപ്പുകാരന് എന്നെ ഒറ്റിക്കൊടുത്തു.
എനിക്കധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
പക്ഷേ ഞാനില്ലെങ്കിൽ അധികാരത്തിലിരിക്കുന്നവർക്കിരുപ്പിന്റെ സുഖം കൂടും
അഥവാ ഞാനങ്ങനെ പ്രതീക്ഷിച്ചു.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.
തുച്ഛമായിരുന്നു ഞങ്ങളുടെ ശക്തികൾ.
ലക്ഷ്യം വളരയകലെയുമായിരുന്നു.
എനിക്കതപ്രാപ്യമാണെന്നതു മിക്കവാറുമുറപ്പായിരുന്നെങ്കിലും
അതെന്റെ കണ്മുന്നിൽ തെളിഞ്ഞുനിന്നിരുന്നു.
അങ്ങനെ കഴിഞ്ഞു
ഭൂമിയിൽ എനിക്കനുവദിച്ച കാലം.
3
ഞങ്ങളെ മുക്കിക്കൊന്ന
പ്രളയത്തിൽ നിന്നുയർന്നുവന്നവരേ,
ഞങ്ങളുടെ ദൌർബല്യങ്ങളെക്കുറിച്ചു പറയുമ്പോൾ
നിങ്ങൾക്കനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത
ഈ ഇരുണ്ട കാലത്തെക്കൂടിയോർക്കുക.
ചെരുപ്പുകൾ മാറ്റുന്നതിലും വേഗത്തിൽ നാടുകൾ മാറിമാറി ഞങ്ങൾ കടന്നുപോയി,
വർഗ്ഗസമരങ്ങൾക്കിടയിലൂടെ,
അനീതികളേയുള്ളു, ചെറുത്തുനില്പുകളില്ല എന്ന നൈരാശ്യവുമായി.
എന്നാലും ഞങ്ങൾക്കറിയാമായിരുന്നു:
വിദ്വേഷം, ഹീനതയ്ക്കെതിരെയാണതെങ്കിൽപ്പോലും,
മുഖത്തെ വക്രിപ്പിക്കുമെന്ന്.
കോപം, അനീതിക്കെതിരെയാണതെങ്കിൽപ്പോലും
സ്വരം പരുഷമാക്കുമെന്ന്.
ഹാ, സൌഹാർദ്ദത്തിനടിത്തറയൊരുക്കാനാഗ്രഹിച്ചവർ,
ഞങ്ങൾക്കു പക്ഷേ, സൌഹാർദ്ദമുള്ളവരാവാൻ കഴിഞ്ഞില്ല.
പക്ഷേ നിങ്ങൾ,
മനുഷ്യൻ മനുഷ്യനു തുണയാവുന്ന ആ കാലമെത്തിച്ചേരുമ്പോൾ,
നിങ്ങൾ ഞങ്ങളെ ഓർക്കുന്നത്
ദാക്ഷിണ്യത്തോടെയാവണം.
പ്രമാണവാക്യം
ഇരുണ്ട കാലത്തും
പാട്ടുകളുണ്ടാവില്ലേ?
തീർച്ചയായും,
ഇരുണ്ട കാലത്തെക്കുറിച്ചുള്ള
പാട്ടുകൾ.
1 അഭിപ്രായം:
ആലോചനാമൃതം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ