15 കൊല്ലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് 1948 ഒക്റ്റോബർ 22ന് ബ്രഷ്റ്റ് ജർമ്മനിയിൽ മടങ്ങിയെത്തി കിഴക്കൻ ബർലിനിൽ താമസമാക്കി. കമ്മ്യൂണിസ്റ്റ് സാംസ്കാരികവ്യവസ്ഥയ്ക്ക് അദ്ദേഹം സമ്മതനായിരുന്നുവെന്നു മാത്രമല്ല, നാടകങ്ങൾ അവതരിപ്പിക്കാനുള്ള സൗകര്യങ്ങളും അദ്ദേഹത്തിനു കിട്ടി. 1949ൽ അദ്ദേഹം ബർലിൻ എൻസെംബിൾ സ്ഥാപിച്ചു. 1954ൽ അദ്ദേഹത്തിന് സ്വന്തമായി ഒരു തിയേറ്റർ തന്നെ അനുവദിച്ചു കിട്ടുകയും ചെയ്തു. പക്ഷേ താൻ സ്വപ്നം കണ്ട തരം കമ്മ്യൂണിസമല്ല, ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റേതെന്ന് വൈകാതെ ബ്രഷ്റ്റിനു ബോദ്ധ്യമായി. വലിയ പ്രതീക്ഷകളുടേയും ആ പ്രതീക്ഷകളുടെ തകർച്ചയുടേയും കവിതകളാണ് ഇക്കാലത്തേത്.
ചില നാടകങ്ങൾ എഴുതിയെങ്കിലും ആദ്യകാലനാടകങ്ങൾ പോലെ അവ ഫലപ്രദമായില്ല. 1956 ആഗസ്റ്റ് 14ന് ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം മരിച്ചു.
സ്നേഹിതന്മാർ
യുദ്ധം ഞങ്ങളെ വേർപിരിച്ചു,
നാടകമെഴുത്തുകാരനായ എന്നെയും,
രംഗസംവിധായകനായ എന്റെ സ്നേഹിതനെയും.
ഞങ്ങള്‍ പണിയെടുത്തിരുന്ന നഗരങ്ങള്‍ ഇന്നില്ല,
ശേഷിക്കുന്ന നഗരങ്ങളിലൂടെ നടക്കുമ്പോൾ
ചിലനേരം ഞാൻ പറഞ്ഞുപോകുന്നു:
തോരയിട്ടിരിക്കുന്ന ആ നീലത്തുണി,
എന്റെ സ്നേഹിതനുണ്ടായിരുന്നെങ്കിൽ
ഇതിലും ഭംഗി തോന്നിക്കുന്ന വിധത്തിൽ
അയാളതു മാറ്റിയിട്ടേനേ.
ഒരു ചൈനീസ് സിംഹപ്രതിമയെക്കുറിച്ച്
ദുഷ്ടന്മാർ നിന്റെ നഖങ്ങളെ ഭയപ്പെടുന്നു
നല്ലവർ നിന്റെ ചാരുത ആസ്വദിക്കുന്നു
എന്റെ കവിതയെക്കുറിച്ചും
ഇതു പറഞ്ഞുകേൾക്കണമെന്നാണെനിക്ക്.
(തന്റെ “നൂറു കവിതകൾ” എന്ന സമാഹാരത്തിന്റെ മുൻകവറിന് ബ്രഷ്റ്റ് നിർദ്ദേശിച്ചത് തേയിലച്ചെടിയുടെ വേരിൽ നിന്നു കൊത്തിയെടുത്ത ഒരു ചൈനീസ് സിംഹപ്രതിമയുടെ ഫോട്ടോയാണ്. എന്നാൽ പ്രസാധകർക്ക് അത് സമ്മതമായില്ല. അതെന്തു മൃഗമാണെന്ന് വായനക്കാർക്കു മനസ്സിലാവില്ല എന്നാണവർ വാദിച്ചത്. എങ്കിൽ പിൻകവറിൽ ഇതു കൊടുത്തോളൂ എന്നു പറഞ്ഞ് ബ്രഷ്റ്റ് ഈ കവിത എഴുതുകയായിരുന്നു.)
ടയർ മാറ്റുമ്പോൾ
ഡ്രൈവർ ടയർ മാറ്റുമ്പോൾ
ഞാൻ റോഡുവക്കിലിരുന്നു.
എനിക്കിഷ്ടമുള്ള ഒരിടത്തു നിന്നല്ല ഞാൻ വരുന്നത്,
എനിക്കിഷ്ടമുള്ള ഒരിടത്തേക്കല്ല ഞാൻ പോകുന്നതും.
എങ്കില്പിന്നെന്തിനാണ് ഡ്രൈവർ ടയർ മാറ്റുമ്പോൾ
അക്ഷമയോടെ ഞാനതു നോക്കിയിരിക്കുന്നത്?
ജൂൺ 17-ലെ കലാപമൊടുങ്ങിയതിൽപ്പിന്നെ
എഴുത്തുകാരുടെ യൂണിയന്റെ സെക്രട്ടറി
സ്റ്റാലിൻ തെരുവിൽ ലഘുലേഖകൾ വിതരണം ചെയ്തു,
സർക്കാരിനു ജനങ്ങളിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നുവെന്നും,
ഇരട്ടിപ്പണിയെടുത്താലേ അവർക്കതു തിരിച്ചുകൊടുക്കാനാവൂയെന്നും.
അങ്ങനെയെങ്കിൽ സർക്കാരിനു ജനങ്ങളെ പിരിച്ചുവിട്ട്
മറ്റൊന്നിനെ തിരഞ്ഞെടുക്കാനായാൽ
അതല്ലേ കൂടുതലെളുപ്പം എന്നാണു ചോദ്യം.
(1953 ജൂൺ 16.ന് കിഴക്കൻ ജർമ്മനിയിൽ (അന്നത്തെ GDR) നിർമ്മാണത്തൊഴിലാളികൾ തുടങ്ങിവച്ച പ്രക്ഷോഭം പെട്ടെന്നുതന്നെ രാജ്യമാകെ വ്യാപിച്ചുവെങ്കിലും അടുത്ത ദിവസമായപ്പോഴേക്കും സോവ്യറ്റ് യൂണിയന്റെ സൈനികസഹായത്തോടെ അത് അമർച്ച ചെയ്യപ്പെട്ടു.)
ദേവതാരങ്ങൾ
അതിപുലർച്ചനേരത്ത്
ദേവതാരങ്ങൾക്കു ചെമ്പിന്റെ നിറമാണ്.
ഞാനവയെ കണ്ടതങ്ങനെയാണ്,
അര നൂറ്റാണ്ടു മുമ്പ്,
രണ്ടു ലോകയുദ്ധങ്ങൾക്കു മുമ്പ്,
ചെറുപ്പത്തിന്റെ കണ്ണുകൾ കൊണ്ട്.
കലാദേവതമാർ
ഉരുക്കുമനുഷ്യൻ പ്രഹരിക്കുമ്പോൾ
കലയുടെ ദേവിമാർ ഒച്ചയുയർത്തിപ്പാടുന്നു.
കരുവാളിച്ച കണ്ണുകൾ കൊണ്ട്
പെൺപട്ടികളെപ്പോലെ
അവർ അയാളെ ആരാധനയോടെ നോക്കുന്നു.
അവരുടെ ചന്തികൾ വേദന കൊണ്ടു പുളയുന്നു.
അവരുടെ തുടകൾ കാമം കൊണ്ടും.
(സ്റ്റാലിനാണ് ഈ ഉരുക്കുമനുഷ്യന്‍ എന്നു പറയപ്പെടുന്നു)
1
ഞാൻ കിഴവനായിരുന്നു,
ചില നിമിഷങ്ങളിൽ ചെറുപ്പമായിരുന്നു,
പുലരുമ്പോൾ കിഴവനായിരുന്നു,
ഇരുളുമ്പോൾ ചെറുപ്പമായിരുന്നു,
മോഹഭംഗങ്ങളോർത്തെടുക്കുന്ന ശിശുവായിരുന്നു,
സ്വന്തം പേരു തന്നെ മറക്കുന്ന കിഴവനായിരുന്നു.
2
ദുഃഖിതൻ ചെറുപ്പത്തിൽ
ദുഃഖിതൻ പിന്നീടും
എന്നു ഞാനൊന്നു സന്തോഷവാനാവും?
ഇപ്പോൾത്തന്നെയായാൽ
അത്രയും നന്നായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ