1927ൽ മാർക്സിസം പഠിച്ചു തുടങ്ങിയ ബ്രഷ്റ്റ് 1929 ആയപ്പോൾ അടിയുറച്ച കമ്മ്യൂണിസ്റ്റ് ആയിക്കഴിഞ്ഞു. തന്റെ പുതിയ രാഷ്ട്രീയവിശ്വാസത്തിന്റെ പ്രകാശനങ്ങളായിരുന്നു ഇക്കാലത്തെഴുതിയ നാടകങ്ങൾ. 1929ൽ അദ്ദേഹം Helene Weigelനെ വിവാഹം കഴിച്ചു. കാണികളെ നിഷ്ക്രിയരാക്കിയിരുത്തുന്ന സാമ്പ്രദായികനാടകവേദിക്കു ബദലായി അവരുടെ ക്രിയാത്മകമായ സഹകരണം ആവശ്യപ്പെടുന്ന മറ്റൊരരങ്ങിനെക്കുറിച്ച് ഇക്കാലത്തദ്ദേഹം ആലോചിക്കുന്നുണ്ട്. അക്കാലത്ത് ജർമ്മനിയെ ബാധിച്ച രൂക്ഷമായ തൊഴിലില്ലായമയെക്കുറിച്ച് ഡോക്യുമെന്ററി രൂപത്തിലുള്ള ഒരു ഫീച്ചർ ഫിലിമിനുള്ള തിരക്കഥയും അദ്ദേഹം എഴുതി. എന്നാൽ ഇതിനൊക്കെ വിരാമമിട്ടുകൊണ്ട് 1933 ഫെബ്രുവരിയിൽ നാസികൾ അധികാരം പിടിച്ചെടുത്തു. ജർമ്മൻ പാർലമെന്റ് കെട്ടിടം തീവച്ചു നശിപ്പിച്ചന്നു രാത്രിയിൽ ബ്രഷ്റ്റ് കുടുംബത്തോടൊപ്പം പ്രാഗിലേക്കു രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും നാടകങ്ങളും നിരോധിക്കപ്പെട്ടു.
സി. എൻ എന്ന നടിക്കൊരുപദേശം
ചെമ്പിന്റെ താമ്പാളത്തിൽ ഐസു പൊട്ടിച്ചിട്ട വെള്ളത്തിൽ
മേലു കഴുകൂ സഹോദരീ.
ജലത്തിനടിയിൽ കണ്ണുകൾ തുറന്നവയും കഴുകൂ.
പരുക്കൻ ടവലു കൊണ്ടു പിന്നെ ദേഹം തുടയ്ക്കൂ,
ഇഷ്ടപ്പെട്ടൊരു പുസ്തകത്തിലേക്കൊന്നു കണ്ണോടിക്കൂ.
സുന്ദരവും സഫലവുമായൊരു ദിവസത്തിന്
ഈ വിധം തുടക്കം കുറിക്കൂ.
(ബ്രഷ്റ്റിന്റെ നാടകങ്ങളിൽ അഭിനയിച്ചിരുന്ന Carola Neher എന്ന നടിയെ ഉദ്ദേശിച്ച്)
കടലിലൊരു തുള്ളിയെക്കുറിച്ച് ഒരു കഥാഗാനം
1
വേനല്ക്കാലം വന്നുകഴിഞ്ഞു,
ഗ്രീഷ്മാകാശത്തിന്റെ തിളക്കം നിങ്ങൾക്കു മേലും വീഴുന്നുണ്ട്.
പുഴവെള്ളം ഊഷ്മളം.
ആ ഇളംചൂടുള്ള വെള്ളത്തിൽ നിങ്ങളും നീന്തിത്തുടിച്ചു.
പച്ചപ്പുൽമൈതാനങ്ങളിൽ നിങ്ങൾ കൂടാരമടിച്ചു.
പാതകൾ നിങ്ങളുടെ പാട്ടുകൾ കേട്ടു.
കാടുകൾ നിങ്ങളെ വരവേല്ക്കുന്നു.
അതുകൊണ്ട്?
അതുകൊണ്ടു നിങ്ങൾ പാവപ്പെട്ടവനല്ലാതായിക്കഴിഞ്ഞോ?
നിങ്ങളുടെ അരിക്കലത്തിൽ കൂടുതൽ ചോറു വേവുന്നുണ്ടോ?
നിങ്ങളുടെ കാര്യങ്ങൾ നോക്കാൻ ആരെങ്കിലുമുണ്ടായോ?
സ്വന്തം തലയിലെഴുത്തിൽ നിങ്ങൾ തൃപ്തനായോ?
കാര്യങ്ങൾ പച്ച പിടിക്കുകയാണെന്നാണോ? അങ്ങനെയല്ല:
ഇതു കടലിലൊരു തുള്ളി പോലെയേയുള്ളു, അത്ര തന്നെ.
2
വീടില്ലാത്തവരെ കാടുകൾ പണ്ടും സ്വാഗതം ചെയ്തിരുന്നു.
സുന്ദരമായ ആകാശം വിളങ്ങിനില്ക്കുന്നത് ആശിക്കാൻ വകയില്ലാത്തവർക്കു മേലാണ്.
വേനല്ക്കൂടാരങ്ങളടിച്ചു കഴിയുന്നവർ മറ്റൊരു കൂരയില്ലാത്തവരാണ്.
ഇളംചൂടുവെള്ളത്തിൽ നീന്തുന്നവരുടെ വയറു കാലിയുമാണ്.
വഴിയിൽ കാണുന്നവർ ഉലാത്താനിറങ്ങിയതല്ല,
വേല തേടി നിരന്തരം യാത്ര ചെയ്യുന്നവരാണ്.
പണ്ടേപ്പോലെ തന്നെ പാവപ്പെട്ടവനാണു നിങ്ങൾ.
നിങ്ങളുടെ കലത്തിൽ ഒരു വറ്റെങ്കിലും കൂടിയിട്ടില്ല.
നിങ്ങളുടെ കാര്യങ്ങൾ നോക്കാനാരും വന്നിട്ടില്ല.
ഇതാണെന്റെ വിധിയെന്നു പറഞ്ഞു സമാധാനിക്കാൻ നിങ്ങൾക്കാവില്ല.
കാര്യങ്ങൾ പച്ച പിടിക്കുകയാണോ, അപ്പോൾ? അല്ല, അങ്ങനെയല്ല.
ഇതു കടലിലൊരു തുള്ളി പോലെയേയുള്ളു, അത്ര തന്നെ.
3
തിളങ്ങുന്നൊരാകാശം കൊണ്ടു മാത്രം നിങ്ങൾ തൃപ്തനാവുമോ?
ഇളംചൂടുവെള്ളത്തിൽ നിന്നൊരിക്കലും നിങ്ങൾ കര കയറില്ലേ?
കാടിന്റെ പിടി എന്നും നിങ്ങൾക്കു മേലുണ്ടാവുമോ?
ഉപായത്തിൽ നിങ്ങളെ പറഞ്ഞുവിടുകയാണെന്നു വരില്ലേ?
അതുമിതും പറഞ്ഞു നിങ്ങളെ സമാധാനിപ്പിച്ചു വിടുകയല്ലേ?
ലോകം പക്ഷേ കാത്തിരിക്കുകയാണ് നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾ മുന്നിൽ വയ്ക്കുന്നതു കാണാൻ,
നിങ്ങളുടെ അസംതൃപ്തി അതിനു വേണം, നിങ്ങളുടെ നിർദ്ദേശങ്ങളും.
ശേഷിച്ച പ്രത്യാശയുടെ തുരുമ്പും കൊണ്ടു ലോകം നിങ്ങളുടെ മുഖത്തേക്കുറ്റുനോക്കുകയാണ്.
നിങ്ങൾ തറപ്പിച്ചു പറയേണ്ട കാലമായിരിക്കുന്നു,
ഒരു തുള്ളിക്കായി താൻ കൈ നീട്ടില്ല, ഒരു കടലു തന്നെ വേണം തനിക്കെന്ന്.
(ബർലിനിലെ ഒരു ക്യാമ്പിൽ വാരാന്ത്യം ആഘോഷിക്കുന്ന തൊഴിൽരഹിതരെക്കുറിച്ച്)
രാത്രിയിലേക്കൊരു പായും തലയിണയും
ന്യൂയോർക്കിൽ, ഞാനിങ്ങനെ കേട്ടിരിക്കുന്നു,
ഇരുപത്താറാം നമ്പർ തെരുവും ബ്രോഡ് വേയും ചേരുന്ന മൂലയ്ക്ക്
മഞ്ഞുകാലമാസങ്ങളിൽ എന്നും സന്ധ്യക്കൊരാൾ വന്നു നിൽക്കുമത്രെ,
കിടക്കാനിടമില്ലാത്തവർക്കായി വഴിപോക്കരോടയാളിരക്കുമത്രെ.
അതുകൊണ്ടു പക്ഷേ, ലോകം മാറാൻ പോകുന്നില്ല.
മനുഷ്യബന്ധങ്ങൾ മെച്ചപ്പെടാൻ പോകുന്നില്ല.
ചൂഷണകാലത്തിന്റെ ദൈർഘ്യം അതുകൊണ്ടു കുറയുകയുമില്ല.
എന്നാൽക്കൂടി ചിലർക്കൊരു രാത്രിയിലേക്ക് പായും തലയിണയും കിട്ടും,
ഒരു രാത്രിയിലേക്ക് ശീതക്കാറ്റവരിൽ നിന്നു മാറിനിൽക്കും,
അവർക്കായി വച്ചിരുന്ന മഞ്ഞു വീഴുന്നത് റോഡിലേക്കായിരിക്കുകയും ചെയ്യും.
ഇത്രയും വായിച്ചിട്ടു പുസ്തകം മടക്കിവയ്ക്കരുതേ, മനുഷ്യാ.
ചിലർക്കൊരു രാത്രിയിലേക്ക് പായും തലയിണയും കിട്ടും,
ഒരു രാത്രിയിലേക്ക് ശീതക്കാറ്റവരിൽ നിന്നു മാറിനിൽക്കും,
അവർക്കായി വച്ചിരുന്ന മഞ്ഞു വീഴുന്നത് റോഡിലേക്കായിരിക്കുകയും ചെയ്യും.
പക്ഷേ അതു കൊണ്ടു ലോകം മാറാൻ പോകുന്നില്ല,
മനുഷ്യബന്ധങ്ങൾ മെച്ചപ്പെടാൻ പോകുന്നില്ല,
ചൂഷണകാലത്തിന്റെ ദൈർഘ്യം കുറയാനും പോകുന്നില്ല.
(Theodore Dreiser എഴുതിയ Sister Carrie എന്ന നോവലിലെ ഒരു സന്ദർഭത്തെക്കുറിച്ച്. മതവിശ്വാസിയായി മാറിയ ഒരു വിമുക്തഭടൻ കവിതയിൽ പറയുന്ന ആ മൂലയ്ക്ക്ക്ക് കുറേ അഗതികളുമായി വന്നുനില്ക്കും; എന്നിട്ട് അവർക്ക് രാത്രിയിൽ കിടക്കാൻ സൗകര്യമൊരുക്കാനുള്ള പണത്തിനായി വഴിയാത്രക്കാരുടെ പിന്നാലെ കൈയും നീട്ടി നടക്കും.)
എനിക്കൊരു സ്മാരകശിലയും വേണമെന്നില്ല
എനിക്കൊരു സ്മാരകശിലയും വേണമെന്നില്ല,
ഇനിയല്ല, വേണമെന്നാണു നിങ്ങൾക്കെങ്കിൽ,
അതിൽ ഈ വാക്കുകളുണ്ടാകുന്നതാണെനിക്കിഷ്ടം:
അയാൾ നിർദ്ദേശങ്ങൾ വച്ചു,
ഞങ്ങൾ അവ നടപ്പിലാക്കി.
അങ്ങനെയൊരു ലിഖിതം
നമ്മെയേവരേയും ആദരിക്കും.
(അദ്ദേഹത്തിന്റെ ശരിക്കുള്ള സ്മാരകശിലയിൽ പേരും തീയതിയും മാത്രമേയുള്ളു.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ