2018, ജനുവരി 9, ചൊവ്വാഴ്ച

ബ്രെഷ്റ്റ്–കവിതകള്‍ (1922-28)


images


ഗോർഡിയൻ കുരുക്ക്


1
മാസിഡോണിയാക്കാരനായ ആ മനുഷ്യൻ
തന്റെ വാളു കൊണ്ട്
കുരുക്കറുത്തുമുറിച്ചപ്പോൾ
ഗോർഡിയത്തിൽ ആ സന്ധ്യക്ക്
അവർ അയാളെ വിളിച്ചു,
‘സ്വന്തം പ്രശസ്തിക്കടിമ’യെന്ന്.

അവരുടെ ആ കുരുക്ക്
ലോകാത്ഭുതങ്ങളിൽ ഒന്നായിരുന്നതാണല്ലോ,
ഒരു മനുഷ്യന്റെ മാസ്റ്റർപീസ്,
അയാളുടെ മസ്തിഷ്കം (ലോകത്തേറ്റവും സങ്കീർണ്ണമായതൊന്ന്)
സ്വന്തം സ്മാരകമായി ശേഷിപ്പിച്ചുപോയ ഇരുപതു കയറുതുണ്ടുകൾ,
അതിസങ്കീർണ്ണമായി പിണച്ചുവച്ച ആ കുരുക്കഴിക്കാൻ
ലോകത്തേറ്റവും നിപുണമായ കൈകൾക്കേ കഴിയൂ-
ആ കുരുക്കിട്ടവന്റെ കൈകൾ കഴിച്ചാൽ
പിന്നെ നിപുണമായ കൈകളുണ്ടെങ്കിലത്.
ഹാ, ആ കുരുക്കിട്ടവന്റെ കൈകൾക്ക്
ഒരു നാളതഴിക്കണമെന്നുമുണ്ടായിരുന്നു,
അയാളുടെ ആയുർദൈർഘ്യം പക്ഷേ, കഷ്ടം,
ഒന്നിനേ തികഞ്ഞുള്ളു, കുരുക്കിടുന്നതിന്‌.

അതു മുറിക്കാൻ
രണ്ടാമതൊരാൾ മതിയായി.

അതു മുറിച്ചവനെക്കുറിച്ചു
പലരും പറഞ്ഞു,
ആ ഒരു വെട്ടു കൊണ്ടയാൾ ഭാഗ്യവാനായെന്ന്,
അതനായാസമായിരുന്നുവെന്ന്,
അതു കൊണ്ടുണ്ടായ വിനാശം  ഏറ്റവും കുറവായിരുന്നുവെന്ന്.

പേരില്ലാത്ത ആ മനുഷ്യന്‌ ഒരു ബാദ്ധ്യതയുമുണ്ടായിരുന്നില്ല
സ്വന്തം പ്രവൃത്തിക്ക് സ്വന്തം പേരു കൊണ്ടുത്തരം പറയാൻ,
അതു ദൈവത്തിന്റെ പ്രവൃത്തികൾക്കു തുല്യമായിരുന്നല്ലോ;
അതു നശിപ്പിച്ച മന്ദനു പക്ഷേ,
ഉന്നതങ്ങളിൽ നിന്നൊരു നിദേശമെന്നപോലെ ബാദ്ധ്യതയുണ്ടായിരുന്നു,
സ്വന്തം പേരുദ്ഘോഷിക്കാൻ,
ഒരു ഭൂഖണ്ഡത്തിനു മുന്നിൽ തന്നെ കൊണ്ടുവന്നു നിർത്താൻ.

2
ഗോർഡിയത്തെക്കുറിച്ചിതാണവർ പറയുന്നതെങ്കിൽ, ഞാൻ പറയുന്നു
സങ്കീർണ്ണമായതെല്ലാം ഉപയോഗപ്രദമാവണമെന്നില്ലെന്ന്,
ലോകത്തെ ഒരു ചോദ്യത്തിൽ നിന്നു വിടുവിക്കാൻ
ഒരുത്തരത്തെക്കാൾ പലപ്പോഴും കഴിയുക
ഒരു പ്രവൃത്തിക്കാണെന്ന്.

(1926)


ഗോർഡിയൻ കുരുക്ക് - ഫിർജിയത്തിലെ ഗോർഡിയസ് രാജാവ് തന്റെ കാളവണ്ടിയിൽ കെട്ടിയിട്ട സങ്കീർണ്ണമായ കുരുക്ക്; അതഴിക്കുന്നവൻ ഏഷ്യാഭൂഖണ്ഡമാകെ ഭരിക്കുമെന്ന് പ്രവചനമുണ്ടായിരുന്നു. യശസ്കാമിയായ അലക്സാണ്ടർ കുരുക്കഴിക്കാൻ പറ്റില്ലെന്നു കണ്ടപ്പോൾ വാളു കൊണ്ടതറുത്തിട്ടു.


ഞാൻ അലക്സാണ്ടർക്കെതിരു പറയുകയല്ല


ലോകം കാൽക്കീഴിലാക്കാൻ മെനക്കെട്ടുവത്രെ, തിമൂർ.
എനിക്കതു മനസ്സിലാവുന്നില്ല;
ഒരല്പം പട്ടച്ചാരായമടിച്ചാൽ മറക്കാനുള്ളതേയുള്ളു ലോകം.
അലക്സാണ്ടർക്കെതിരു പറയുകയുമല്ല ഞാൻ.
പിന്നെ,
ശ്രദ്ധേയരായ മനുഷ്യരെ കണ്ടിട്ടുണ്ട്
ഞാനെന്നു മാത്രം-
ജിവിച്ചിരിക്കുന്നുവെന്നതു കൊണ്ടുമാത്രം
നിങ്ങളുടെ ബഹുമാനത്തിനത്രയുമർഹരായവർ.
മഹാന്മാര്‍ ഒരുപാടു വിയർപ്പൊഴുക്കുന്നു.
ഇതിലൊക്കെ ഞാൻ തെളിവു കണ്ടതിങ്ങനെ:
അവനവനാവാനവർക്കായില്ലെന്നു തന്നെ,
കുടിച്ചും,
പുക വലിച്ചും,
അതുമാതിരിയൊക്കെച്ചെയ്തും.
ഒരു പെണ്ണിനരികത്തിരുന്നാൽത്തന്നെ
മനസ്സു തൃപ്തമാകുന്നില്ലവർക്കെങ്കിൽ,
അത്ര ചെറ്റകളുമായിരിക്കണമവർ.


വസന്തം സംബന്ധിച്ച്


വളരെപ്പണ്ട്
ഞങ്ങൾ എണ്ണയ്ക്കും ഇരുമ്പിനും അമ്മോണിയക്കും മേൽ
ചാടിവീഴുന്നതിനും മുമ്പ്
ഓരോ കൊല്ലവുമുണ്ടായിരുന്നു
മരങ്ങളിൽ ഇലകൾ പ്രചണ്ഡമായിത്തളിർത്തിരുന്ന ഒരു കാലം.
ഞങ്ങളിന്നുമോർമ്മിക്കുന്നു
നീളം വച്ച പകലുകൾ
തെളിമ കൂടിയ ആകാശം
കാറ്റിന്റെ പെരുമാറ്റത്തിൽ ഒരു മാറ്റം
വന്നെത്തിയെന്നു തീർച്ചയായ വസന്തം.
ആ വിശ്രുതമായ ഋതുവിനെപ്പറ്റി
ഞങ്ങളിന്നും പുസ്തകങ്ങളിൽ വായിക്കാറുണ്ട്.
ഏറെക്കാലമായിരിക്കുന്നു പക്ഷേ,
ഞങ്ങളുടെ നഗരങ്ങൾക്കു മേൽ
ആ പേരു കേട്ട പറവപ്പറ്റങ്ങളെക്കണ്ടിട്ട്.
വസന്തം ആരുടെയെങ്കിലും കണ്ണിൽപ്പെടുന്നുണ്ടെങ്കിൽത്തന്നെ
അതു ട്രെയിൻ യാത്രക്കാർ മാത്രം.
സമതലദേശങ്ങളിൽ ഇന്നുമതിനെക്കാണാം
അതേ പഴയ തെളിച്ചത്തോടെ.
അങ്ങു മുകളിൽ, ശരി തന്നെ,
കൊടുങ്കാറ്റുകളുണ്ടെന്നു തോന്നാം:
അവ തൊടുന്നതു പക്ഷേ
ഞങ്ങളുടെ ആന്റിനകളിൽ.


വില കുറച്ചു വില്ക്കാൻ നിർബന്ധിതരായ കവികൾ പാടിയ പാട്ട് (കവിതയ്ക്കു കാശു കിട്ടാതായിത്തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ)


1
നിങ്ങൾ ഈ വായിച്ചുകൊണ്ടിരിക്കുന്നത് ആകമാനം വൃത്തത്തിലെഴുതിയതൊന്നത്രെ!
ഞാനിതു പറയുന്നതെന്തെന്നാൽ നിങ്ങൾക്കറിയാതായിരിക്കുന്നു (എന്നെനിക്കു തോന്നുന്നു), കവിതയെന്നാലെന്താണെന്ന്, അല്ലെങ്കിൽ കവിയെന്ന ജീവിയെന്നാലർത്ഥമാക്കുന്നതെന്താണെന്ന്
തീർച്ചയായും ഞങ്ങളെ കുറേക്കൂടി ഭേദപ്പെട്ട രീതിയിൽ പരിഗണിക്കുന്നതിനുള്ള വഴികൾ നിങ്ങളാലോചിക്കുന്നുണ്ടാവും.

2
പറയൂ, എന്തോ ചിലതു നടന്നുവെന്നു നിങ്ങൾക്കു തോന്നിയിട്ടില്ലേ? നിങ്ങൾ ആലോചിച്ചുനോക്കിയിട്ടില്ലേ?
പുതിയ കവിതകൾ പ്രത്യക്ഷപ്പെടാതായിട്ടു കാലം കുറേയായെന്നു നിങ്ങൾക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ടോ?
എന്നിട്ടതിന്റെ കാരണം നിങ്ങൾക്കു മനസ്സിലായോ? ഇല്ല. ശരി, അതിനു ഞാൻ മറുപടി പറയാം:
ഒരിക്കൽ ആളുകൾ കവിത വായിക്കാറുണ്ടായിരുന്നു, അതിനവർ വില നല്കുകയും ചെയ്തിരുന്നു. അത്രയും വ്യക്തം.

3
ഇന്നു പക്ഷേ കവിതയ്ക്കു രൊക്കം പണം കൊടുക്കാനാരും തയാറല്ല,
അതുകൊണ്ടാണിന്നു കവിതകളെഴുതപ്പെടാത്തത്;
ആരു വായിക്കുമെന്നു മാത്രമല്ല കവി ചോദിക്കുന്നത്, ആരു പണം കൊടുക്കുമെന്നു കൂടിയാണ്‌,
കാശു കിട്ടിയില്ലെങ്കിൽ കവിതയെഴുതാനും താൻ തയാറല്ല.  അങ്ങനെയൊരു പടുതിയിലേക്കാണു നിങ്ങൾ കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നത്.

4
പക്ഷേ ഇതെന്തുകൊണ്ടിങ്ങനെയാവണം, അയാൾ ചോദിക്കുകയാണ്‌. ഞാനെന്തു പാതകം ചെയ്തു?
എനിക്കു കാശു തന്നവർ ആജ്ഞാപിച്ചതിൻ വണ്ണമല്ലേ ഞാനിതേവരെ ചെയ്തുപോന്നത്?
ഞാനെന്തൊക്കെ വാഗ്ദത്തം ചെയ്തുവോ, അതൊക്കെ ഞാൻ നിറവേറ്റിയിട്ടുണ്ടല്ലോ, സമയം കിട്ടിയതിനനുസരിച്ച്.
ഇന്നിതാ എന്റെ സ്നേഹിതന്മാരായ ചിത്രകാരന്മാർ പറഞ്ഞു ഞാൻ കേൾക്കുന്നു

5
ചിത്രങ്ങൾ വാങ്ങാനുമാളില്ലെന്ന്. സുഖിപ്പിക്കുന്ന ചിത്രങ്ങളാണവയെന്നവർ സമ്മതിക്കുമ്പോൾത്തന്നെ.
ആരും വാങ്ങാനില്ലാതെ കെട്ടിക്കിടക്കുകയാണവ...
ഞങ്ങളോടിത്ര വിരോധം വരാനെന്താണു കാരണം? എന്താണു നിങ്ങൾ കാശു തരാത്തത്?
നിങ്ങളാണെങ്കിൽ പണം വാരിക്കൂട്ടുകയുമാണ്‌, അല്ലെങ്കിലങ്ങനെയാണാളുകൾ പറയുന്നത്...

6
കഴിഞ്ഞുകൂടാൻ വേണ്ടതു കിട്ടിയിരുന്ന കാലത്തു മുടക്കം കൂടാതെ ഞങ്ങൾ പാടിയിരുന്നതല്ലേ,
ഭൂമിയിൽ നിങ്ങൾക്കാഹ്ളാദം തന്നിരുന്ന കാര്യങ്ങളെക്കുറിച്ച്?
നിങ്ങൾക്കു നവാഹ്ളാദം നല്കട്ടേയവയെന്നതിനായി: നിങ്ങളുടെ പെണ്ണുങ്ങളുടെ ഉടലുകൾ,
ശരല്ക്കാലത്തിന്റെ ശോകം, ഒരരുവി, മുകളിൽ തിളങ്ങുന്ന ചന്ദ്രൻ...

7
നിങ്ങളുടെ കനികളുടെ മാധുര്യം, ഇല കൊഴിയുന്ന മർമ്മരം,
പിന്നെ വീണ്ടും നിങ്ങളുടെ പെണ്ണുങ്ങളുടെ ഉടലുകൾ. നിങ്ങളെ ചൂഴുന്ന നിത്യത.
ഇതിനെക്കുറിച്ചൊക്കെ ഞങ്ങൾ പാടി, നിങ്ങളുടെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചും,
യാത്രാവസാനം തന്നെ കാത്തുകിടക്കുന്ന പൊടിമണ്ണിനെക്കുറിച്ചുള്ള നിങ്ങളുടെ ആലോചനകളെക്കുറിച്ചും.

8
നിങ്ങൾ സന്തോഷത്തോടെ കാശു തന്നതിതിനു മാത്രമായിരുന്നില്ല.
സ്വർണ്ണക്കസേരകളിൽ അലസം ചാഞ്ഞിരുന്നു നിങ്ങൾ പണം മുടക്കിയത്
നിങ്ങളോളം ഭാഗ്യം ചെയ്യാത്തവരെക്കുറിച്ചു ഞങ്ങൾ പാടിയ പാട്ടുകൾക്കു കൂടിയാണ്‌.
അവരുടെ കണ്ണീരൊപ്പിയതിനും നിങ്ങൾ മുറിപ്പെടുത്തിയവരെ സമാശ്വസിപ്പിച്ചതിനും നിങ്ങൾ ഞങ്ങൾക്കു കാശു തന്നു.

9
അത്രയൊക്കെ ഞങ്ങൾ നിങ്ങൾക്കായിച്ചെയ്തു. പറ്റില്ലെന്നൊരക്ഷരം ഞങ്ങൾ മിണ്ടിയോ?
എന്നും വിധേയർ, ചെയ്ത ജോലിക്കു കൂലിയേ ഞങ്ങൾ ചോദിച്ചുള്ളു.
എന്തൊക്കെത്തിന്മകൾ ഞങ്ങൾ ചെയ്തില്ല- നിങ്ങൾക്കായി! എന്തൊക്കെത്തിന്മകൾ!
എന്നിട്ടു നിങ്ങളുടെ മേശപ്പുറത്തു നിന്നുവീഴുന്ന ഉച്ഛിഷ്ടങ്ങൾ കൊണ്ടു ഞങ്ങൾ തൃപ്തരാവുകയും ചെയ്തു.

10

ചെളിയിലും ചോരയിലും പൂണ്ടിറങ്ങിയ നിങ്ങളുടെ വണ്ടികളുടെ നുകങ്ങളിൽ
ഉജ്ജ്വലവചനങ്ങളുടെ കുതിരകളെ പിന്നെയും പിന്നെയും ഞങ്ങളിണക്കിത്തന്നു;
നിങ്ങളുടെ കൂറ്റൻ അറവുശാലകളെ ശ്രേയസ്സിന്റെ പോർക്കളങ്ങളെന്നു ഞങ്ങൾ വിളിച്ചു,
ചോരക്കറ മാറാത്ത നിങ്ങളുടെ വാളുകളെ  ചതിക്കാത്ത ചങ്ങാതിമാരെന്നും.

11
കരമടയ്ക്കാനാവശ്യപ്പെട്ടുകൊണ്ടു നിങ്ങൾ ഞങ്ങൾക്കയച്ച ഫോറങ്ങളിൽ
എത്രയും ആശ്ചര്യജനകമായ ചിത്രങ്ങൾ നിങ്ങൾക്കായി ഞങ്ങൾ വരച്ചു;
ഞങ്ങളെഴുതിയ ഉത്ബോധനാത്മകമായ കവിതകൾ കൂട്ടമായുറക്കെപ്പാടിക്കൊണ്ട്
ജനങ്ങൾ, പതിവു പോലെ, കിട്ടേണ്ടതെന്നു നിങ്ങളവകാശപ്പെട്ട കരമത്രയുമൊടുക്കുകയും ചെയ്തു.

12
വാക്കുകളെ ഞങ്ങൾ സൂക്ഷ്മമായി പഠിച്ചു, ഔഷധങ്ങൾ പോലവയുടെ ചേരുവകൾ പരീക്ഷിച്ചു;
അവയിൽ മികച്ചതും വീര്യമേറിയതുമേ ഞങ്ങളുപയോഗിച്ചിരുന്നുള്ളു.
ഞങ്ങൾ നല്കിയതെല്ലാം ജനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങി,
എന്നിട്ടു നിങ്ങളുടെ വിളിപ്പുറത്തവർ കുഞ്ഞാടുകളെപ്പോലെ വന്നു.

13
നിങ്ങളാദരിക്കുന്നതിനോടേ ഞങ്ങൾ നിങ്ങളെ താരതമ്യം ചെയ്തുള്ളു,
കൂടുതലും നിങ്ങളെപ്പോലെതന്നെ അനർഹമായ ബഹുമതികൾ കൈനീട്ടി വാങ്ങുന്നവരോട്;
അവർക്കവ നല്കിയതാവട്ടെ, ഞങ്ങളെപ്പോലെതന്നെ പട്ടിണിക്കാരും, യജമാനന്റെ പിന്നാലെ തൂങ്ങുന്ന എച്ചില്പട്ടികൾ.
നിങ്ങളുടെ ശത്രുക്കളെ കവിതകൾ കഠാരകളാക്കി ഞങ്ങൾ നായാടുകയും ചെയ്തു.

14
എന്നിട്ടിപ്പോഴിതെന്താണിത്ര പെട്ടെന്നു നിങ്ങൾ ഞങ്ങളുടെ ചന്തയിലേക്കു കാലു കുത്താതായത്?
തീന്മേശയ്ക്കു മുന്നിലിത്രയും നേരമിരിക്കരുതേ! ഞങ്ങൾക്കു കിട്ടുന്ന ഉച്ഛിഷ്ടം തണുത്തുപോകും.
എന്തെങ്കിലുമൊന്നു ചെയ്യാൻ ഞങ്ങളെ ഏല്പിച്ചുകൂടേ- ഒരു ഛായാചിത്രം, ഒരു പ്രശസ്തികാവ്യം?
അതോ അനലംകൃതമായ തങ്ങളുടെ ആത്മാക്കൾ തന്നെ കണ്ണിനൊരു വിരുന്നാണെന്നു നിങ്ങൾക്കു തോന്നിത്തുടങ്ങിയോ?

15
ജാഗ്രത! നിങ്ങൾക്കു ഞങ്ങളെ അങ്ങനെയങ്ങൊഴിവാക്കാമെന്നു വിചാരിക്കരുതേ! ഞങ്ങളുടെ ചരക്കുകളിലേക്കു നിങ്ങളുടെ കണ്ണുകളെയൊന്നാകർഷിക്കാൻ ഞങ്ങൾക്കു കഴിഞ്ഞെങ്കിൽ!
ഞാൻ പറയുന്നതു വിശ്വസിക്കൂ, സാറന്മാരേ, ഇന്നത്തെപ്പോലിത്ര വിലക്കുറവിൽ ഞങ്ങളുടെ ചരക്കു നിങ്ങൾക്കിനി കിട്ടില്ല.
ഞങ്ങളതു വെറുതേ തരുമെന്നു നിങ്ങൾക്കങ്ങു വിശ്വസിക്കാനും പറ്റില്ലല്ലോ.

16
നിങ്ങൾ ഈ വായിച്ചുകൊണ്ടിരിക്കുന്നതിന്‌ (നിങ്ങൾ വായിക്കുക തന്നെയല്ലേ?) തുടക്കം കുറിക്കുമ്പോൾ
ഓരോ ശ്ലോകവും പ്രാസമൊപ്പിച്ചാവണമെന്നെനിക്കു നിർബന്ധമുണ്ടായിരുന്നു.
പിന്നെ ഞാനാലോചിച്ചു: അതൊക്കെപ്പണിയല്ലേ. ആരാണതിനെനിക്കു കാശു തരിക?
അതിനാൽ ഖേദപൂർവം ഞാനതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. അത്രയൊക്കെ മതിയെന്നേ.

(1927)


അഭിപ്രായങ്ങളൊന്നുമില്ല: