പോർച്ചുഗീസ് കവിയും വിവർത്തകനുമായ യൂഷെനിയോ ദെ അന്ദ്രാജ് Eugenio de Andrade(യഥാർത്ഥനാമം José Fontinhas) (1923-2005) പോർട്ടുഗലിലെ ഒരു ഗ്രാമത്തിൽ ജനിച്ചു. അച്ഛനമ്മമാർ ബന്ധം വേർപെടുത്തിയതിനാൽ അമ്മയോടൊപ്പമാണ് വളർന്നത്. വളരെ ചെറുപ്പത്തിൽത്തന്നെ കവിതയെഴുതിത്തുടങ്ങിയിരുന്നു. ആദ്യത്തെ കവിതാസമാഹാരമായ നാഴ്സിസസ് 1940ൽ പുറത്തുവന്നു. തുടർന്ന് ഇരുപതിലധികം കവിതാഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. സാഫോ, ലോർക്ക, യാന്നിസ് റിറ്റ്സോസ് തുടങ്ങിയവരുടെ കൃതികൾ പോർച്ചുഗീസിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.
സൂക്ഷ്മമായ ഒരു സംഗീതാത്മകതയും സരളമെന്നു തോന്നിപ്പിക്കുന്ന ബിംബകല്പനയുമാണ് അദ്ദേഹത്തെ പോർട്ടുഗലിലെ ഏറ്റവും ജനപ്രിയനായ സമകാലികകവിയാക്കിയതെന്ന് ഇംഗ്ളീഷ് വിവർത്തകനായ അലെക്സിസ് ലെവിറ്റിൻ പറയുന്നു.
1. പനിനീർപ്പൂക്കൾ ഞാൻ തീർത്തതു നിനക്കായി
പനിനീർപ്പൂക്കൾ ഞാൻ തീർത്തതു നിനക്കായി,
അവയുടെ പേരു പരിമളപ്പെടുത്തിയതു നിനക്കായി.
ചിറ്റാറുകള്‍ ഞാന്‍ കീറിയെടുത്തതു നിനക്കായി,
മാതളത്തിനു തീനാളങ്ങൾ നൽകിയതും നിനക്കായി.
ചന്ദ്രനെ ഞാനാകാശത്തു പതിച്ചതു നിനക്കായി,
പൈന്‍കാട്ടിൽ പച്ചകളിൽ വച്ചേറ്റവും പച്ച വച്ചതു നിനക്കായി;
മണ്ണിലീയുടൽ നീർത്തിക്കിടന്നതും നിനക്കായി,
ഒരു മൃഗത്തെപ്പോലെ നഗ്നനായി, വ്യഗ്രനായി.
(1948)
2. പച്ചയുടെ ദേവൻ
പകലറുതിയിൽ ഉറവകളുടെ ചാരുതകളൊക്കെയും
അവൻ തന്നിലേക്കാവാഹിച്ചിരുന്നു.
അവന്റെയുടൽ തിടുക്കമില്ലാത്തൊരൊഴുക്കായിരുന്നു,
തന്റെ ലക്ഷ്യത്തിലേക്കവരോഹണം ചെയ്യുമ്പോൾ
തടങ്ങളെ വെല്ലുവിളിയ്ക്കുന്ന വിളംബധാര.
കടന്നുപോകുന്നൊരാളെപ്പോലെ അവൻ നടന്നു,
നിൽക്കാനവനു നേരമില്ലായിരുന്നു.
അവൻ ചുവടു വച്ചപ്പോൾ പുൽക്കൊടികൾ പൊടിച്ചു,
ഉയർത്തിയിടത്തോളമവന്റെ കൈകളിൽ നിന്നും
തഴച്ച മരച്ചില്ലകൾ പന്തലിച്ചു.
നൃത്തച്ചുവടു വയ്ക്കുന്നൊരാളെപ്പോലെ അവൻ മന്ദഹസിച്ചു.
അവന്റെയുടൽ, നൃത്തത്തിലെന്നപോലെ, ഇലകൾ കൊഴിച്ചു,
പ്രഹർഷത്തിന്റെ താളത്തിൽ അതു വിറകൊണ്ടു,
ദേവകളേ അനുഭവിച്ചിട്ടുള്ളൂ അങ്ങനെയൊരു മൂർച്ഛയെന്ന്
അവൻ തിരിച്ചറിഞ്ഞുമിരുന്നു.
തന്റേതായ വഴിയിലൂടെ അവൻ സഞ്ചാരം തുടർന്നു,
തങ്ങിനിൽക്കുകയെന്നത് ദേവകൾക്കു പറഞ്ഞതല്ലല്ലോ.
കാണാനായിട്ടുള്ളതിൽ നിന്നൊക്കെ അകലെയായി,
താൻ ചുണ്ടിൽ വച്ച പുല്ലാങ്കുഴലിന്റെ ഈണത്തിൽ
തന്നെത്താൻ പിണഞ്ഞവനായി.
(1948)
3. ഒരു പൂവിന്റെ പേരാണെന്റേത്
നീയെന്നെ പേരെടുത്തു വിളിക്കുമ്പോൾ
ഒരു പൂവിന്റെ പേരാണെന്റേത്.
നീയെന്നെത്തൊടുമ്പോ-
ളെനിക്കു പോലുമറിയില്ല
ഞാനൊരു കന്യകയോ, പുഴയോ,
താഴ്വരയിലൊരു തോട്ടമോയെന്ന്.
(1948)
4. പൂത്ത ചെറിമരത്തോട്
ഉണരുക, ഒരേപ്രിൽമാസപ്പുലരിയിൽ
ആ ചെറിമരത്തിന്റെ വെണ്മയാവുക,
വേരു മുതലിലവരെയെരിയുക,
അതേപോലെ പൂക്കുക, കവിത വിടർത്തുക.
സ്വന്തം കൈകൾ തുറക്കുക, സ്വന്തം ചില്ലകളിൽ ശേഖരിക്കുക,
കാറ്റിനെ, വെളിച്ചത്തെ, പിന്നെയെന്തായാലുമതിനെ;
കാലമിഴയിട്ടിഴയിട്ടു ചെറിമരത്തിന്മേൽ
ഒരു ചെറിയുടെ ഹൃദയം നെയ്തെടുക്കുന്നതറിയുക.
(1948)
5. വാക്കുകൾ
പരലു പോലെയാണവ,
വാക്കുകൾ.
ചിലതൊരു കഠാര,
ചിലതൊരാളൽ.
ചിലതോ,
വെറും മഞ്ഞുതുള്ളിയും.
രഹസ്യത്തിലവ വരുന്നു,
നിറയെ ഓർമ്മകളുമായി.
വിറകൊള്ളുന്ന വെള്ളത്തിൽ
അരക്ഷിതമായവയൊഴുകുന്നു,
കൊതുമ്പുവള്ളങ്ങൾ പോലെ,
ചുംബനങ്ങൾ പോലെ.
ഉപേക്ഷിക്കപ്പെട്ടവ,
നിഷ്കപടമായവ,
ഭാരഹീനമായവ.
വെളിച്ചം മെടഞ്ഞവയവ.
രാത്രിയാണവ.
വിളർത്തു കാണുമ്പോൾ
പച്ചപ്പിന്റെ പറുദീസയെ
ഓർമ്മിപ്പിക്കുമവ.
ആരവയ്ക്കു കാതു കൊടുക്കുന്നു?
ആരവ വാരിയെടുക്കുന്നു,
ക്രൂരവും രൂപഹീനവുമായി
നിര്‍മ്മലമായ ചിപ്പികളിലടങ്ങിയവയെ ?
(1958)
6. ഉണരുകയെന്നാൽ
എന്നെവിളിച്ചുണർത്തിയതാര്,
കിളിയോ,കടലോ, പനിനീർപ്പൂവോ?
കിളിയും കടലും പനിനീർപ്പൂവും,
ഒക്കെയുമഗ്നി, ആസക്തി.
ഉണരുകയെന്നാൽ പൂവിന്റെ നിറമാവുക,
കിളിയുടെ പാട്ടും കടലിലെ വെള്ളവുമാവുക.
(1958)
7. ഏതു നിലാശബ്ദം
ഏതു നിലാശബ്ദം പരിചയപ്പെടുത്തുന്നു,
ശബ്ദമില്ലാത്തതൊന്നിനെ?
ഏതു മുഖം രാത്രിയ്ക്കുമേൽ കൊട്ടിത്തൂവുന്നു,
പുലരിയുടെ നീലവെളിച്ചം?
ഏതു സൗവർണ്ണചുംബനം തേടിപ്പോവുന്നു,
തെന്നലിന്റെ, ജലത്തിന്റെ ചുണ്ടുകള്‍?
ഏതു വെളുത്ത കൈ അലസമൊടിച്ചിടുന്നു,
നിശ്ശബ്ദതയുടെ ചില്ലകള്‍?
(1961)
8. പ്രണയം
ഇതുപോലൊരുകാലവും
വേനൽ തങ്ങിനിന്നിട്ടില്ല,
ചുണ്ടുകളിൽ, ജലത്തിൽ.
-നാമെങ്ങനെ പിന്നെ മരിച്ചു,
അത്രയുമരികിലായിരിക്കെ,
അത്രയും നഗ്നരായിരിക്കെ,
അത്രയും നിഷ്കളങ്കരായിരിക്കെ?
(1961)
9. വേനലിന്റെ വരവിനെക്കുറിച്ചൊരു ഗീതകം
നോക്കൂ, എത്ര പൊടുന്നനേ
വേനൽ വന്നെത്തുന്നു,
മഞ്ഞത്തവിട്ടുനിറമായ കുതിരക്കുട്ടികളുമായി,
അരിപ്പല്ലുകളുമായി,
വെള്ളയടിച്ചു വെടിപ്പായ
നീണ്ടുപിരിഞ്ഞ ഇടനാഴികളുമായി,
ഒഴിഞ്ഞ ചുമരുകളുമായി,
ആ ലോഹവെളിച്ചവുമായി,
മണ്ണിൽ കുത്തിയിറക്കിയ
നിര്‍മ്മലശൂലവുമായി,
കനത്ത മൌനത്തിൽ നിന്നു
ചുറയഴിക്കുന്ന പാമ്പുകളുമായി-
നോക്കൂ, വേനൽ
കവിതയിലേക്കിഴഞ്ഞു കയറുന്നതും.
(1964)
10. ഒരു പിഞ്ചുപനമരം
ഡിലോസിൽ യുളീസസ് കണ്ടിരുന്നു
ഒരു പിഞ്ചുപനമരം,
അതുപോലെ ശോഷിച്ചതായിരുന്നു
നിന്നെ ഞാൻ കണ്ട പകൽ;
അതുപോലെ ശോഷിച്ചതായിരുന്നു,
നിന്നെ ഞാനനാവൃതയാക്കിയ രാത്രി;
നഗ്നമായ താഴ്വരയിലൊരു കുതിരക്കുട്ടിയെപ്പോലെ
നിന്നിലേക്കു ഞാൻ കയറി, കയറിവന്ന രാത്രി.
(1971)
11. നാവികവിദ്യ
നോക്കൂ,
നിന്റെ നെഞ്ചിലെത്രവേഗം
വേനലൊരു കടലായി,
രാത്രി നൌകയായി,
എന്റെ കൈ നാവികനായി.
(1971)
12. ഒരുടലിനു മേൽ
നിന്റെയുടലിനു മേൽ ഞാൻ വീഴുന്നു
പകലിന്റെ ചിതറിയ ജലത്തിനു മേൽ
വേനലതിന്റെ മുടി വിതിർത്തുമ്പോൽ
പൂക്കൾ കൊണ്ടൊരു പൊന്മഴ പൊഴിക്കുമ്പോൽ
അതിനിഷിദ്ധമായൊരാശ്ളേഷം നല്കുമ്പോൽ.
(1973)
13. മഴ കൊള്ളുന്ന വീട്
മഴ, ഒലീവുമരങ്ങൾക്കു മേൽ വീണ്ടും മഴ.
എനിക്കറിയില്ല,
ഈ അപരാഹ്നത്തിലതു മടങ്ങിവന്നതെന്തിനെന്ന്,
എന്റെ അമ്മ എന്നേ മടങ്ങിപ്പോയെന്നിരിക്കെ,
മഴപെയ്യുന്നതു കാണാനവരിപ്പോൾ
വരാന്തയിലേക്കിറങ്ങിവരാറില്ലെന്നിരിക്കെ,
തുന്നുന്നതിൽ നിന്നു കണ്ണുയർത്തി
നീയതു കേൾക്കുന്നില്ലേയെ-
ന്നവരിപ്പോൾ ചോദിക്കാറില്ലെന്നിരിക്കെ.
അമ്മേ, മഴ പെയ്യുന്നതു വീണ്ടും ഞാൻ കേൾക്കുന്നു,
അമ്മയുടെ മുഖത്തു പെയ്യുന്ന മഴ.
(1974)
14. ന്യൂയോർക്കിലെ വിമാനത്താവളത്തിൽ
ഒരു ക്ഷണികദർശനം, ഒരു ക്ഷണം
ഞാനതു സ്വീകരിച്ചില്ല
ആനന്ദത്തിന്റെ ആ വാഗ്ദാനം
ഇത്രയും ക്ഷീണിക്കാത്ത കണ്ണുകൾക്കു മേൽ പതിയ്ക്കട്ടെ.
ഒരു ക്ഷണനേരത്തേക്കു പക്ഷേ ഞാൻ കണ്ടു
പുലർച്ചെ മഞ്ഞണിഞ്ഞ പയർച്ചെടികളുടെ പാടം.
(1974)
15. പുല്പരപ്പിൽ മറന്നുവച്ച തുറന്ന പുസ്തകം
പുല്പരപ്പിൽ മറന്നുവച്ച തുറന്ന പുസ്തകം,
കാട്ടുമൾബറികളുടെ ദംശനമേറ്റ സൂര്യൻ,
ബാലന്മാരുടെ നനവൂറിയിഴയുന്ന ശബ്ദങ്ങൾ,
നിഴലുകൾ വഴുതിവീഴുന്ന പടവുകൾ.
(1982)
16. ഇലകളാണിന്നുമവയെന്നപോലെ
ഇലകളാണിന്നുമവയെന്നപോലെ
നാരകമരങ്ങൾക്കിടയിലെ കഴുകിത്തെളിഞ്ഞ വായുവിൽ
പാടുന്ന കിളികൾ;
ഈ അക്ഷരങ്ങൾക്കു മേൽ തെറിച്ചുവീഴുന്ന
ചില സ്ഫുരണങ്ങൾ.
(1982)
17. നിദ്രയിൽ നിന്നെന്നെ വിടുവിയ്ക്കാൻ
നിദ്രയിൽ നിന്നെന്നെ വിടുവിയ്ക്കാൻ,
പ്രസരിപ്പുറ്റ വായുവിൽ
കടലോരപ്പൂക്കളുടെ വിളംബവിസ്ഫോടനമാവാൻ,
ജ്വലിക്കുന്നൊരു മുഷ്ടിയാവാൻ,
ചുണ്ണാമ്പുകല്ലിന്റെ വെണ്മ പിളർന്ന വെളിച്ചമാവാൻ.
(1982)
18. പുഞ്ചിരി
ആ പുഞ്ചിരിയാണെന്നെനിക്കു തോന്നി,
എനിക്കു വാതിൽ തുറന്നു തന്നതാ പുഞ്ചിരിയാണെന്ന്.
വെളിച്ചമുള്ളൊരു പുഞ്ചിരി,
ഉള്ളിൽ നിറയെ വെളിച്ചവുമായി,
അതിനുള്ളിലേക്കു കടക്കാൻ ഞാൻ കൊതിച്ചു,
ഉടുവസ്ത്രങ്ങളുരിഞ്ഞുമാറ്റാൻ,
ആ പുഞ്ചിരിക്കുള്ളിൽ നഗ്നനായിക്കഴിയാൻ.
ആ പുഞ്ചിരിക്കുള്ളിലോടിനടക്കാൻ,
തുഴഞ്ഞുപോകാൻ,
അതിനുള്ളിൽ മരിച്ചുകിടക്കാൻ.
(1988)
19. ഞാറപ്പഴങ്ങൾ
ഞാറപ്പഴങ്ങളുടെ ചുവയാണ്
വേനല്ക്കാലത്തെന്റെ നാടിന്.
ജ്ഞാനമില്ല, സൗന്ദര്യമില്ല, വൈപുല്യമില്ല
എന്റെ നാടിനെന്നാരും കാണാതിരിക്കുന്നില്ല.
എന്നാലൊരു മധുരസ്വരം നിറഞ്ഞതാണത്,
അതികാലത്തെഴുന്നേറ്റ്
ഞാറച്ചെടികൾക്കിടയിൽ പാടുന്നവന്റെ.
എന്റെ നാടിനെക്കുറിച്ചങ്ങനെ ഞാൻ മിണ്ടാറില്ല,
എനിക്കതിനെ ഇഷ്ടമല്ലെന്നും വരാം.
എന്നാലൊരു സ്നേഹിതനെനിക്കു
കാട്ടു ഞാറപ്പഴങ്ങൾ കൊണ്ടുവരുമ്പോൾ
അതിന്റെ ചുമരുകളുടെ വെണ്മ ഞാൻ കാണുന്നു,
ഇവിടെയും, എന്റെ ഈ നാട്ടിലും,
ആകാശം നീലിച്ചതാണെന്നും ഞാനറിയുന്നു.
(1988)
20. പിൻവാങ്ങുന്ന കടൽനുര
വീഞ്ഞിന്റെ ശീതളോഗ്രത,
പിൻവാങ്ങുന്ന കടൽനുരയിടുന്ന ചാലുകൾ,
പുലർകാലത്താട്ടിടയന്റെ ചൂളം,
ആകാശഗോളങ്ങളുടെ സംഗീതത്തെക്കാൾ
കലയ്ക്കനുകൂലമിതൊക്കെ.
ക്ഷീരപഥത്തിൽ നിന്നു തൂവിയ പാല്പത
തന്റെ ഹൃദയത്തിലുണ്ടെന്ന ഈ അഭിമാനം.
(1988)
21. ഓർമ്മ വരാത്തത്
ഓർമ്മ വരാത്ത നാളുകൾക്കു മറ്റൊരു പേരുണ്ടാവുമോ,
മരണമെന്നല്ലാതെ?
സ്വച്ഛമായവയുടെ, ലോലമായവയുടെ മരണം:
കുന്നുകളെ പുണരുന്ന പ്രഭാതം,
ചുണ്ടുകളിലേക്കടുപ്പിക്കുന്ന ഉടലിന്റെ വെളിച്ചം,
ഉദ്യാനത്തിലാദ്യത്തെ ലൈലാക്കുകൾ.
നിന്റെ ഓർമ്മകൾ ശേഷിക്കാത്തിടത്തിനു
മറ്റൊരു പേരുണ്ടാവുമോ?
(1988)
22. കൊയ്ത കറ്റകളെറിച്ചുനിൽക്കുന്ന പാടം
കൊയ്ത കറ്റകളെറിച്ചുനിൽക്കുന്ന പാടം,
അതിപുലർച്ചെ കുരുവികളുടെ മർമ്മരം,
ഒരു ചുമരിന്റെ ആകസ്മികവെണ്മ,
ചീവീടുകൾ മുൾച്ചെടികൾക്കു മേലെറിയുന്ന ധാർഷ്ട്യം,
കല്ലിച്ചുപോയ നമ്മുടെ നിത്യാന്നം,
ആട്ടിൻപറ്റം പുറത്തുവരുന്ന പൊടിപടലം,
നീരു വലിയുന്ന കുണ്ടുകളിൽ
താഴ്ന്ന തവളകരച്ചിൽ,
നായ്ക്കളുടെ നേർത്ത മോങ്ങൽ,
തൊലിയുടെ മറുപുറത്ത്
ചാപ്പ കുത്തുന്ന ഉഷ്ണം,
നിർജ്ജനമായ തരിശുനിലം,
ദാഹത്തിന്റെ കൊഴുച്ചാലുകൾ.
(1988)
23. കാവ്യകല
കല എന്നതിതിലുണ്ട്,
ഈ നാട്ടിൻപുറത്തുകാരി
തന്റെ നാലഞ്ചു നിര കാബേജുകൾക്കു
വെള്ളം തളിയ്ക്കുന്ന രീതിയിൽ:
പതറാത്ത കൈകൾ,
മണ്ണിനോടുള്ളടുപ്പം,
ആ ഹൃദയാർപ്പണം.
കവിതയെഴുതപ്പെടുന്നതിങ്ങനെ.
(1992)
24. വാഷിംഗ്ടൺ സ്ക്വയർ
വാഷിംഗ്ടൺ സ്ക്വയറിൽ ചെന്നതില്പിന്നെ
ഞാനെവിടെപ്പോയാലും അണ്ണാറക്കണ്ണന്മാർ പിന്നാലെ വരുന്നു.
വിറ്റ്മാന്റെ ശവകുടീരത്തിനടുത്തുവച്ചുപോലും
എന്റെ കൈയിൽ നിന്നു തിന്നാനവർ വന്നു.
രാത്രിയിലാണു പക്ഷേ, അവരെന്നെ വിടാതെകൂടുക:
കറുത്ത കണ്ണുകൾ, തിളങ്ങുന്ന മണികൾ.
ഇനി ഞാനീ പുഴയുടെ തണലത്തു കിടക്കാൻ പോകുന്നു,
അവരിലൊരാളീ കവിതയിൽ വന്നുകയറും വരെ,
ഇതിൽ തന്റെ കൂടു കൂട്ടും വരെ.
(1992)
25. ഹൈഡ്ര
ശരല്ക്കാലത്തു ഹൈഡ്രയിൽ പോയിട്ടില്ലെങ്കിൽ
നിങ്ങളറിയാൻ പോകുന്നില്ല,
വെളുപ്പിനെന്തു വെളുപ്പാണെന്ന്,
നീലയ്ക്കെന്തു നീലയാണെന്ന്.
പൂക്കളുടെ തണ്ടുകൾക്കിടയിൽ
(യുളീസസ്സ് പാതാളലോകത്തവ കണ്ടിരുന്നു)
കുന്നുകളിൽ നിന്നൊലിച്ചിറങ്ങുന്ന വെയിലിനൊപ്പം
അവിടെച്ചെന്നിട്ടില്ലെങ്കിൽ-
എങ്കിൽ നിങ്ങളറിയാനേ പോകുന്നില്ല,
നമുക്കു കിടന്നുമരിക്കാൻ
ഭൂമി പോലൊരിടം വേറെയില്ലെന്ന്.
(1992)
(ഹൈഡ്ര- ഈജിയൻ കടലിലെ ഒരു ഗ്രീക്ക് ദ്വീപ്)
26. കറുപ്പു ധരിച്ച സ്ത്രീകൾ
അവർ വൃദ്ധകളായിട്ടേറെക്കാലമായിരിക്കുന്നു,
ആത്മാവോളം കറുപ്പു ധരിച്ചവർ.
ചുമരു പറ്റിയിരുന്ന്
കല്ലിച്ച സൂര്യനിൽ നിന്നവരഭയം തേടുന്നു,
അടുപ്പിൻമൂട്ടിലൊരുമിച്ചിരുന്ന്
ലോകത്തിന്റെ ശൈത്യത്തിൽ നിന്നവരൊളിക്കുന്നു.
അവർക്കിപ്പോഴും പേരുകളുണ്ടോ?
ആരും ചോദിക്കുന്നില്ല,
ആരും പറയുന്നുമില്ല.
അവരുടെ നാവുകളും അതുപോലെ കല്ലിച്ചത്.
(1992)
27. ഒരു കൈയുടെ അദ്ധ്വാനങ്ങൾ
ഞാനിപ്പോൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു:
ഈ വരികളെഴുതുന്ന കൈകൾക്കു പ്രായമായിരിക്കുന്നു.
അതിനിപ്പോൾ പൂഴിമണൽക്കൂനകള്‍ ഇഷ്ടമാവുന്നില്ല,
മഴ ചാറുന്ന സായാഹ്നങ്ങളും
മുൾച്ചെടികൾക്കു മേൽ പുലരിമഞ്ഞും ഇഷ്ടമാവുന്നില്ല.
അതിനിപ്പോഴിഷ്ടം സ്വന്തം സഹനങ്ങളുടെ അക്ഷരങ്ങള്‍.
തന്റെ കൂട്ടാളിയെക്കാൾ,
അല്പം മടിയനും സുഖിമാനുമായ മറ്റേക്കൈയെക്കാൾ
ഇതാണു കഷ്ടപ്പെട്ടു പണിയെടുത്തിരുന്നത്.
ദുഷ്കരമായ ഉദ്യമങ്ങളൊക്കെ ഇതിനാണു വന്നുവീണിരുന്നത്:
വിതയ്ക്കുക, കൊയ്യുക, തുന്നുക, തിരുമ്പുക.
ശരി തന്നെ, തലോടലും.
തിടുക്കങ്ങളും നിത്യാദ്ധ്വാനങ്ങളും ഒടുവിലതിനെ ക്ഷയിപ്പിച്ചു.
ഇനിയധികനാൾ അതിനുണ്ടാവില്ല:
ദൈവമേ, അതിന്റെ കുലീനതയെ കാണാതെപോകരുതേ.
(1994)
28. അക്ഷരം
കാലത്തു മുഴുവൻ ഞാനൊരക്ഷരം തേടിനടക്കുകയായിരുന്നു.
അതെ, തീരെച്ചെറിയൊരക്ഷരം:
ഒരു സ്വരം, ഒരു വ്യഞ്ജനം,
ഉണ്ടെന്നു പറയാനില്ലാത്തതൊന്ന്.
എനാലതിന്റെ അഭാവം ഞാനറിഞ്ഞിരുന്നു.
അതില്ലാത്തതിന്റെ നഷ്ടം ഞാനേ അറിഞ്ഞിരുന്നുള്ളു.
അതുകൊണ്ടാണത്ര നിർബ്ബന്ധബുദ്ധിയോടെ
ഞാനതിനെത്തേടിനടന്നത്.
ജനുവരിയുടെ ശൈത്യത്തിൽ നിന്ന്,
വേനലിന്റെ വരൾച്ചയിൽ നിന്നെന്നെ രക്ഷിക്കാൻ
അതിനേ കഴിയൂ.
ഒരക്ഷരം.
ഒരേയൊരക്ഷരം.
മോചനം.
(1994)
29. എന്റെ നാവിൻതുമ്പിലെ ഉപ്പുചുവ
കേൾക്കൂ, കേൾക്കൂ:
പറയാനായി ഇനിയും ചിലതെനിക്കു ബാക്കിയുണ്ട്.
അതത്ര പ്രധാനമൊന്നുമല്ലെന്നെനിക്കറിയാം,
അതീ ലോകത്തെ രക്ഷിക്കാനൊന്നും പോകുന്നില്ല,
ആരുടെയെങ്കിലും ജീവിതം മാറ്റിമറിയ്ക്കാനും പോകുന്നില്ല
-അല്ലെങ്കിൽ, ആരാണൊരാളുള്ളത്,
ലോകത്തെ രക്ഷിക്കാൻ,
മറ്റൊരാളുടെ ജീവിതബോധത്തെ മാറ്റാനെങ്കിലും?
ഞാൻ പറയുന്നതൊന്നു കേൾക്കൂ,
നിങ്ങളെ ഞാൻ അധികനേരം പിടിച്ചുനിർത്താനും പോകുന്നില്ല.
തീരെച്ചെറിയൊരു കാര്യമാണത്,
പൊഴിഞ്ഞുതുടങ്ങിയ പൊടിമഴ പോലെ.
മൂന്നോ നാലോ വാക്കുകൾ മാത്രം.
നിങ്ങളെ വിശ്വസിച്ചേല്പിക്കാനുള്ള വാക്കുകൾ.
അവയുടെ ജ്വാല, അവയുടെ ക്ഷണികജ്വാല,
തവിഞ്ഞു പോകരുതെന്നതിനായി.
ഞാനത്രമേൽ സ്നേഹിച്ച വാക്കുകൾ,
ഇന്നുമൊരുപക്ഷേ ഞാൻ സ്നേഹിക്കുന്ന വാക്കുകൾ.
എന്റെ കുടിയിടമാണവ,
എന്റെ നാവിൻതുമ്പിലെ ഉപ്പുചുവയും.
.(1995)
30. ഗാനം
തിരത്തലപ്പുകളോരോന്നുയർത്തി
പെരുകിവന്ന കടലിനോടു
ഞാൻ യാചിച്ചു,
പോപ്ളാർമരത്തിന്റെ
ഇലകള്‍ പോലാവാൻ;
എന്റെ നെഞ്ചത്തൊരു
സൌമ്യസ്പർശമാവാൻ,
ചില ചുണ്ടുകളുടെ
ഓർമ്മയെങ്കിലുമാവാൻ.
(1997)
31. രാത്രിയിലേക്കു പ്രവേശിക്കുമ്പോൾ
ഒളിച്ചോടുകയാണിപ്പോഴവ: കണ്ണുകൾ,
തുടിക്കുന്ന വെളിച്ചത്തിൽ നിന്നൊളിച്ചോടുകയാണവ.
രോഗികളോ വൃദ്ധരോ ആണവർ, സാധുക്കൾ,
തങ്ങളെത്രയും സ്നേഹിക്കുന്നതിനെ
ചെറുത്തുനിൽക്കുകയാണവ.
അവയോടു നന്ദി പറയാനെത്ര കാരണങ്ങളെനിക്കുണ്ട്:
മേഘങ്ങൾ, പൂഴിമണൽ, കടൽക്കാക്കകൾ,
ശിശുക്കളുടെ തൊലിനിറമായ പീച്ചുപഴങ്ങൾ,
ഷർട്ടിന്റെ തുണിയ്ക്കിടയിലൂടൊളിഞ്ഞുനോക്കുന്ന നെഞ്ച്,
ഏപ്രിലിന്റെ കുളിരുന്ന വെളിച്ചം,
വെണ്മയുടെ നിരന്തരമൌനം,
സെസ്സാന്റെ പച്ചനിറമായ കുഞ്ഞാപ്പിളുകൾ, കടൽ.
ഒരുകാലം വെളിച്ചം കുടിപാർത്തിരുന്ന കണ്ണുകൾ,
ഇന്നു വായുവിൽത്തന്നെ കാലിടറിവീഴുന്ന
തീർച്ച പോരാത്ത കണ്ണുകൾ.
(1998)
32. ചില ദിവസങ്ങളുണ്ട്
ചില ദിവസങ്ങളുണ്ട്,
ലോകത്തിന്റെ മാലിന്യമൊന്നാകെ
നമുക്കു മേൽ വന്നുവീഴുകയാണെന്നു നമുക്കു തോന്നും.
പിന്നീട്, മട്ടുപ്പാവിലിറങ്ങിനില്ക്കുമ്പോൾ
കുട്ടികൾ ജട്ടിയിലൂടെ പാട്ടും പാടിക്കൊണ്ടോടിപ്പോകുന്നത്
നമ്മുടെ കണ്ണില്പെടുന്നു.
എനിക്കവരുടെ പേരറിയില്ല.
അവരിലൊരാൾ എന്നെപ്പോലെയാണെന്ന്
ഇടയ്ക്കിടെ എനിക്കു തോന്നുന്നുണ്ട്.
എന്നു പറഞ്ഞാൽ:
അഴകിന്റെയോ ആനന്ദത്തിന്റെയോ
പ്രകാശപൂർണ്ണമായ ഒരു സാന്നിദ്ധ്യമായിരുന്ന കാലത്ത്
ഞാനെന്തായിരുന്നുവോ, അതുപോലെ.
വളരെപ്പണ്ടുകാലത്തെ ഒരു വേനല്ക്കാലത്ത്
ഒരു പുഞ്ചിരിയപ്പോൾ വിടരുന്നു.
അത് മായാതെ നില്ക്കുന്നു,
ഇന്നും മായാതെ നില്ക്കുന്നു.
(1998)
33. വിൻസന്റിന്റെ ചെവി
ചീവീടുകൾക്കില്ല,
ഗോതമ്പുപാടങ്ങളുടെ പൊള്ളുന്ന തുടകൾക്കില്ല,
ലില്ലിപ്പൂക്കളുടെ ധ്യാനസ്ഥവർണ്ണങ്ങൾക്കില്ല,
തെക്കൻനാടുകളുടെ കിരാതവെളിച്ചത്തിനു പോലുമില്ല,
ഇനിമേൽ നിന്റെ നെഞ്ചിലൊരിടം;
മുറിപ്പെട്ട പ്രാപ്പിടിയനെപ്പോലെ
കാതിന്റെ ചോരവാർച്ച നിലയ്ക്കുന്നേയില്ല;
അതൊലിപ്പിക്കുന്നു,
കറുത്ത, വിഭ്രാന്തമായ സ്നേഹം,
ലോകത്തെ മുക്കിത്താഴ്ത്തുന്ന സ്നേഹം,
താനറിയാതെ, എന്തിനെന്നറിയാതെ,
അവമാനിതമായും.
(1992)
34. ഫലം
കവിത ഇങ്ങനെയാവട്ടെയെന്നാണെനിക്ക്:
വെളിച്ചത്തിനൊത്തു ത്രസിക്കുന്നത്, മണ്ണിനൊത്തു പരുക്കനായത്,
തെന്നലിനും ചോലയ്ക്കുമൊത്തു മന്ത്രിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ