2023, മാർച്ച് 8, ബുധനാഴ്‌ച

ഗബ്രിയെൽ ഗാർസിയ മാർക്വെസ് - അഭിമുഖം

 മെൻഡോസ: സ്ത്രീകളുടെ മാസികകളിൽ കാണുന്നപോലെ നമുക്കിനി താങ്കളുടെ ഇഷ്ടങ്ങളെക്കുറിച്ചു സംസാരിക്കാം. അങ്ങ് കൊളംബിയയിൽ സൗന്ദര്യറാണിമാരോട് ഞങ്ങൾ എപ്പോഴും ചോദിക്കുന്ന ചോദ്യങ്ങൾ താങ്കളോടു ചോദിക്കുന്നത് ഒരു രസമാണല്ലോ. താങ്കൾക്കിഷ്ടപ്പെട്ട പുസ്തകം ഏതാണ്‌?

ഗാർസിയ മാർക്വെസ്: ഈഡിപ്പസ് റെക്സ്.
മെൻഡോസ: ഇഷ്ടപ്പെട്ട സംഗീതജ്ഞൻ?
ഗാർസിയ മാർക്വെസ്: ബേല ബാർത്തോക്ക്.
മെൻഡോസ: ചിത്രകാരനോ?
ഗാർസിയ മാർക്വെസ്: ഗോയ.
മെൻഡോസ: താങ്കൾ ഏറ്റവുമധികം ആദരിക്കുന്ന സിനിമാസംവിധായകൻ?
ഗാർസിയ മാർക്വെസ്: ഓർസൺ വെൽസ്, The Immortal Story ചെയ്തയാൾ പ്രത്യേകിച്ചും; പിന്നെ Red Beradന്റെ പേരിൽ കുറോസാവ.
മെൻഡോസ: താങ്കൾ ഏറ്റവുമധികം ആസ്വദിച്ചു കണ്ട സിനിമ?
ഗാർസിയ മാർക്വെസ്: Il Generale de la Rovere, റോസെല്ലിനിയുടെ.
മെൻഡോസ: വേറേ ഏതെങ്കിലും?
ഗാർസിയ മാർക്വെസ്: ത്രൂഫോയുടെ Jules et Jim.
മെൻഡോസ: ഏതു ചരിത്രപുരുഷനാണ്‌ താങ്കളെ ഏറ്റവുമധികം ആകർഷിച്ചിട്ടുള്ളത്?
ഗാർസിയ മാർക്വെസ്: ജൂലിയസ് സീസർ; എന്നാൽ സാഹിത്യപരമായ കാഴ്ചപ്പാടിലൂടെ മാത്രം.
മെൻഡോസ: ഒട്ടുമിഷ്ടമല്ലാത്തതോ?
ഗാർസിയ മാർക്വെസ്: ക്രിസ്റ്റൊഫർ കൊളംബസ്. അയാൾ ശരിക്കും ഒരു ബോറാണ്‌. ‘കുലപതിയുടെ ഹേമന്ത’ത്തിലെ ഒരു കഥാപാത്രം അങ്ങനെ പറയുന്നുമുണ്ട്.
മെൻഡോസ: താങ്കൾക്കിഷ്ടപ്പെട്ട നായകകഥാപാത്രങ്ങൾ?
ഗാർസിയ മാർക്വെസ്: ഗാർഗന്റ്വ, എഡ്മണ്ട് ഡാന്റെയ്സ്, ഡ്രാക്കുള പ്രഭു.
മെൻഡോസ: ഏതു ദിവസമാണ്‌ താങ്കൾ ഏറ്റവും വെറുക്കുന്നത്?
ഗാർസിയ മാർക്വെസ്: ഞായറാഴ്ച.
മെൻഡോസ: താങ്കളുടെ ഇഷ്ടപ്പെട്ട നിറം മഞ്ഞയാണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഏതു മഞ്ഞ?
ഗാർസിയ മാർക്വെസ്: ഞാനത് ഒരിക്കൽ ഇങ്ങനെ വിവരിച്ചിരുന്നു: ഉച്ച തിരിഞ്ഞഞ്ചു മണിയ്ക്ക് ജമൈക്കയിൽ നിന്നു കാണുന്ന കരീബിയൻ.
മെൻഡോസ: താങ്കൾക്കിഷ്ടപ്പെട്ട പക്ഷിയോ?
ഗാർസിയ മാർക്വെസ്: അതും ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. canard à l’orange.*
(ഒരു താറാവുകറി)

                                    ***

മെൻഡോസ: താങ്കളുടെ ജീവിതത്തിൽ സ്ത്രീകളുടെ പ്രാധാന്യം എത്രത്തോളമായിരുന്നു?
ഗാർസിയ മാർക്വെസ്: എന്റെ ജീവിതത്തെ മനസ്സിലാക്കണമെങ്കിൽ അതിൽ സ്ത്രീകൾ വഹിച്ച കാര്യമായ പങ്കിനെക്കുറിച്ചു പറയാതെ പറ്റില്ല. എന്നെ വളർത്തിയത് എനിക്കു മേൽ വാത്സല്യം കോരിച്ചൊരിഞ്ഞ ഒരു മുത്തശ്ശിയും എണ്ണമറ്റ അമ്മായിമാരും കൂടിയാണ്‌; ഒപ്പം, സന്തുഷ്ടമായ ഒട്ടനേകം ബാല്യകാലനിമിഷങ്ങൾ എനിക്കു സമ്മാനിച്ച വേലക്കാരികളും. കാരണം, അവരുടെ മുൻവിധികൾ, കുടുംബത്തിലെ സ്ത്രീകളുടേതിൽ നിന്നു കുറവായിരുന്നില്ലെങ്കിലും, വ്യത്യസ്തമെങ്കിലുമായിരുന്നു. എന്നെ എഴുതാൻ പഠിപ്പിച്ചത് അതിസൗന്ദര്യവും ചാരുതയുമുള്ള ഒരു സ്ത്രീയായിരുന്നു; ഞാൻ സ്കൂളിൽ പോയിരുന്നതുതന്നെ അവരെ കാണാൻ വേണ്ടിയായിരുന്നു എന്നു പറയാം. അസ്തിത്വമെന്ന കുടിലദുർഗ്ഗത്തിലൂടെ (പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ്‌ അത് കൂടുതൽ മനസ്സിലായിട്ടുള്ളതും) എന്നെ കൈപിടിച്ചുനടത്താൻ എന്റെ ജീവിതത്തിലെന്നും ഒരു സ്ത്രീ ഉണ്ടായിരുന്നു. അനായാസമായിട്ടാണ്‌ അവർ വഴി തെളിച്ചത്; അതിനവർക്ക് ഒരു ബാഹ്യസംവിധാനത്തിന്റെയും തുണയും വേണ്ടായിരുന്നു. ഇക്കാലമായപ്പോഴേക്കും അക്കാര്യത്തിൽ ഞാൻ ഒരന്ധവിശ്വാസിയായിത്തുടങ്ങി എന്നും പറയാം; സ്ത്രീകളോടൊപ്പമാണെങ്കിൽ ഭയങ്കരമായതൊന്നും എനിക്കു സംഭവിക്കില്ല എന്നാണെന്റെ ചിന്ത. അവർക്കൊപ്പമായിരിക്കുമ്പോൾ സുരക്ഷിതനാണ്‌ ഞാനെന്ന് എനിക്കു തോന്നിപ്പോകുന്നു. ആ രക്ഷാബോധമില്ലായിരുന്നെങ്കിൽ മൂല്യമുള്ളതായി ഈ ജീവിതകാലത്തു ഞാൻ ചെയ്തതിന്റെ പകുതി പോലും ചെയ്യാൻ എനിക്കു കഴിയുമായിരുന്നില്ല; അതിലും പ്രധാനമായി, എഴുതാൻ എനിക്കു കഴിയുമായിരുന്നില്ല. ഇതിനർത്ഥം, തീർച്ചയായും, പുരുഷന്മാരോടെന്നതിനെക്കാൾ എനിക്കൊത്തുപോകാൻ കഴിയുന്നത് അവരോടാണെന്നുമാണ്‌.
മെൻഡോസ: ‘ഏകാന്തതയുടെ നൂറു വർഷങ്ങ’ളിൽ പുരുഷന്മാർ എല്ലാം കുഴപ്പത്തിലാക്കുന്നവരാണെങ്കിൽ സ്ത്രീകളാണ്‌ ക്രമം പുന:സ്ഥാപിക്കുന്നത്. ആൺപെൺ ലിംഗങ്ങളുടെ ചരിത്രപരമായ പങ്കിനെ താങ്കൾ ഇവ്വിധമാണോ കാണുന്നത്?
ഗാർസിയ മാർക്വെസ്: എന്റെ പുസ്തകങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അവരുടെ റോളുകൾ കൊടുത്തിരുന്നത് തീർത്തും അബോധപൂർവ്വമായും നൈസർഗ്ഗികമായിട്ടുമായിരുന്നു, ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ക്കു മുമ്പ്. നിരൂപകർ, വിശേഷിച്ചും ഏണെസ്റ്റോ വോൾക്കെനിംഗ് ആണ്‌, അതിനെക്കുറിച്ച് എന്നെ ബോധവാനാക്കിയത്. അതങ്ങനെ ചൂണ്ടിക്കാണിക്കപ്പെട്ടതിൽ എനിക്കത്ര സന്തോഷമുണ്ടെന്നു പറയാൻ വയ്യ; കാരണം, മുമ്പുണ്ടായിരുന്ന അതേ സ്വച്ഛന്ദതയോടെ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കാൻ എനിക്കിപ്പോൾ കഴിയാതായിരിക്കുന്നു.എന്നാലും അതിന്റെ വെളിച്ചത്തിൽ എന്റെതന്നെ പുസ്തകങ്ങൾ വിശകലനം ചെയ്യുമ്പോൾ എനിക്കു മനസ്സിലായിരിക്കുന്നു, ആൺപെൺജാതികളുടെ ചരിത്രപരമായ പങ്കിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിന്‌ അനുരോധമാണതെന്ന്: എന്നുപറഞ്ഞാൽ, സ്ത്രീകൾ ഉരുക്കുമുഷ്ടി കൊണ്ട് സമൂഹക്രമത്തെ താങ്ങിനിർത്തുമ്പോൾ പുരുഷന്മാർ പരിധിയില്ലാത്ത മൂഢതയുമായി ലോകം ചുറ്റിയടിക്കുകയും ചരിത്രത്തെ മുന്നോട്ടു നീക്കുകയുമായിരുന്നു. സ്ത്രീകൾക്ക് ഒരു ചരിത്രബോധവുമില്ല എന്ന നിഗമനത്തിലാണ്‌ ഞാനെത്തിയിരിക്കുന്നത്. അതല്ലെങ്കിൽ വംശവർദ്ധന എന്ന അവരുടെ ആദിമധർമ്മം നിർവ്വഹിക്കാൻ അവർക്കു കഴിയില്ല.
മെൻഡോസ: ചരിത്രപരമായ വിഭജനത്തെക്കുറിച്ചുള്ള ഈ ആശയം എവിടെ നിന്നാണു കിട്ടിയത്?
ഗാർസിയ മാർക്വെസ്: മുത്തശ്ശിയുടെ വീട്ടിൽ നിന്നു കേട്ട ആഭ്യന്തരയുദ്ധത്തെക്കുറിച്ചുള്ള കഥകളിൽ നിന്നായിരിക്കാം. ലോകത്തെ അത്രയും നിർഭയരായി നേരിടാൻ അവരെ പ്രാപ്തരാക്കുന്ന, ഭൗമമെന്നുതന്നെ പറയാവുന്ന, ബലം സ്ത്രീകൾക്കുണ്ടായിരുന്നില്ലെങ്കിൽ അവ സംഭവിക്കുകയില്ലായിരുന്നു എന്നാണെനിക്കെന്നും തോന്നിയിട്ടുള്ളത്. യുദ്ധത്തിന്‌ ആളുകൾ പോകുന്നതിനെക്കുറിച്ച് എന്റെ മുത്തശ്ശൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്: തോക്കും തോളത്തുവച്ച്, തങ്ങൾ എങ്ങോട്ടാണു പോകുന്നതെന്നറിയാതെ, എന്നാണു തങ്ങൾക്കു മടങ്ങാനാവുക എന്നതിനെക്കുറിച്ച് തരിമ്പും ധാരണയില്ലാതെ അവർ ഇറങ്ങിപ്പോവുകയാണ്‌; സ്വാഭാവികമായും തങ്ങളുടെ വീടുകളിൽ എന്താണു നടക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അവർ വേവലാതിപ്പെടുന്നതേയില്ല. അതവരുടെ മനസ്സിലേ വരുന്നില്ല. വംശം കുറ്റിയറ്റുപോകാതിരിക്കാൻ, യുദ്ധത്തിൽ മരിച്ചവരുടെ സ്ഥാനമേറ്റെടുക്കാനുള്ള പുതിയ മനുഷ്യരെ സൃഷ്ടിക്കാനുള്ള ചുമതല അവർ വിട്ടുപോകുന്ന സ്ത്രീകളുടേതായിരുന്നു; അവർക്കാശ്രയിക്കാൻ സ്വന്തം ബലവും ഭാവനാശേഷിയും മാത്രം. “പരിചയുമേന്തിയല്ലെങ്കിൽ പരിചയിൽ കിടന്ന് മടങ്ങിവരിക” എന്ന വാക്കുകളുമായി പുരുഷന്മാരെ യുദ്ധത്തിനു പറഞ്ഞുവിടുന്ന യവനമാതാക്കളെപ്പോലെയായിരുന്നു അവർ. ജീവനോടെയോ മരിച്ചോ, എന്നുപറഞ്ഞാൽ, കീഴടങ്ങാതെ.
(പ്ലിനിയോ മെൻഡോസ 1983ൽ ഗബ്രിയെൽ ഗാർസിയ മാർക്വെസുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: