53. കുറവും നിവൃത്തിയും
വരുന്നതെന്തായാലും വരുന്നതൊരഭാവത്തിൽ നിന്ന്,
തപിക്കുന്നൊരു വിലോപത്തിൽ നിന്ന്,
നീറ്റുന്നൊരു വേദനയിൽ നിന്ന്.
കന്യാമറിയത്തിന്റെ വേദനയിൽ നിന്നത്രേ
ഉണ്ണിയേശു പിറന്നുവന്നു.
അവളുടെ ഗർഭപാത്രത്തിന്റെ ചുണ്ടുകൾ വിടർന്നിട്ടത്രേ
വചനമുച്ചരിക്കപ്പെട്ടതും.
നിങ്ങളുടെയുടലിന്നിടങ്ങളോരോന്നിനുമു-
ണ്ടോരോരോ നിഗൂഢഭാഷ.
നിങ്ങളെന്തു ചെയ്തുവെന്നു വിളിച്ചുപറയും
നിങ്ങളുടെ കൈകളും കാലുകളും.
ഓരോ കുറവിനൊപ്പം
അതിനു നിവൃത്തിയുമുണ്ടാവും.
വേദന ഗർഭത്തിൽ പേറുന്നുണ്ട്
കുഞ്ഞിനെപ്പോലതിനുള്ള മരുന്നും.
ഒന്നുമില്ലയെങ്കിൽ എല്ലാമുണ്ടാവുന്നു.
ദുഷ്കരമായൊരു ചോദ്യം ചോദിക്കൂ,
അത്ഭുതകരമായൊരുത്തരവുമുണ്ടാവും.
പെട്ടകം പണി തുടങ്ങെന്നേ,
വഴിയേ വരുമതൊഴുക്കാനുള്ള വെള്ളവും.
കുഞ്ഞിന്റെ ഇളംതൊണ്ട കരയുമ്പോൾ
അമ്മയുടെ മുലയിറ്റുന്നതു കണ്ടിട്ടില്ലേ?
ജീവജലത്തിനു ദാഹിക്കൂ,
ഉറവ ചുരത്തുന്നതെന്തായാലുമതിനു ചുണ്ടു വിടർത്തൂ.
54. അച്ഛനമ്മമാരും മറ്റു ചിലതും
അച്ഛനമ്മമാർ ചിലതരം കൊളുത്തുകൾ,
വിശ്വാസങ്ങളോടും രക്തബന്ധങ്ങളോടും
ആഗ്രഹങ്ങളോടും ശീലസുഖങ്ങളോടും
നിങ്ങളെ തളച്ചിടുന്നതവർ.
അവർക്കു കാതു കൊടുക്കേണ്ട!
കാക്കുകയാണവരെന്നു തോന്നിയാലും
തടവിലിട്ടടയ്ക്കുകയാണവർ നിങ്ങളെ.
ഇതുപോലൊരു ശത്രു വേറെയില്ല.
അവർ കാരണമത്രെ
ശൂന്യതയിൽ ജീവിക്കാൻ നിങ്ങൾ ഭയക്കുന്നതും.
ആത്മാവിനെയൂട്ടിവളർത്തുന്നതുടലെന്നുമറിയുക.
പിന്നെയതിനെ വഴിപിഴപ്പിക്കുന്നതുമതു തന്നെ.
പടയില്ലാത്ത കാലത്തെ മാർച്ചട്ട പോലെയാണുടൽ,
വേനൽക്കതു ചുട്ടുപൊള്ളും,
മഞ്ഞുകാലത്തു മജ്ജ മരയ്ക്കും.
ഉടലിന്റെ തൃഷ്ണകളോ,
നിങ്ങളെപ്പിരിയാത്തൊരു സഹചാരി,
അവന്റെ രീതികൾ പ്രവചനങ്ങൾക്കതീതം,
എന്നാലുമവനെപ്പൊറുപ്പിക്കണം നിങ്ങൾ.
ആ പൊറുപ്പു തന്നെ
സ്നേഹത്തിലേക്കും ശാന്തിയിലേക്കും
നിങ്ങളെയെത്തിക്കുന്നതും.
മുള്ളിനോടു തൊട്ടിരിക്കാൻ ക്ഷമയുണ്ടായതിനാൽ
പനിനീർപ്പൂവിനു പരിമളമുണ്ടെന്നായി.
മൂന്നാണ്ടെത്തിയ ഒട്ടകക്കുട്ടിയ്ക്കു പാലു ചുരത്തുന്നതും
ക്ഷമ തന്നെ.
ക്ഷമ തന്നെ
പ്രവാചകന്മാർ നമ്മെ പഠിപ്പിച്ചതും.
തുന്നിയെടുത്ത പുടവ സുന്ദരമായെങ്കിൽ
അതിനെടുത്ത ക്ഷമ തന്നെ കാരണം.
സൗഹൃദത്തിനും കൂറിനും കരുത്തുണ്ടെങ്കിൽ
ക്ഷമ തന്നെയതിനും കാരണം.
ഒറ്റയാനാ,ണപകൃഷ്ടനാണു താനെന്നു തോന്നുന്നുവെങ്കിൽ
ക്ഷമയില്ല നിങ്ങൾക്കെന്നേ അർത്ഥവുമുള്ളു.
പാലിൽ തേൻ ചേരും പോലെ
ദൈവത്തിൽ കലരുന്നവരോടു ചേരൂ;
'വന്നുപോകുന്നതിനെയല്ല,
ഉദിച്ചസ്തമിക്കുന്നതിനെയല്ല
ഞാൻ സ്നേഹിക്കുന്നതെന്നു'ദ്ഘോഷിക്കൂ.
പ്രവാചകന്മാരെ ജനിപ്പിച്ചവനിൽ ജീവിക്കൂ,
സഞ്ചാരികൾ വഴിയരികിൽ കൂട്ടിയ തീ പോലെ
കെട്ടണയുമല്ലെങ്കിൽ നിങ്ങൾ.
55. ശലോമോൻ ഷീബയോടു പറഞ്ഞത്
ഷീബയുടെ ദൂതന്മാരോടു ശലോമോൻ പറഞ്ഞതിങ്ങനെ,
‘അവൾക്കുള്ള ദൂതന്മാരായി ഞാൻ നിങ്ങളെ മടക്കുന്നു.
അവൾ കൊടുത്തയച്ച കാഴ്ചകള്‍ ഞാൻ നിരസിച്ചുവെങ്കിൽ
ഞാനവ കൈക്കൊള്ളുന്നതിലുമുത്തമമാണതെന്നവളോടു പറയുക.
ഞാൻ മതിയ്ക്കുന്നതെന്തിനെയെന്നവളങ്ങനെയറിയട്ടെ.
അവൾക്കു പ്രണയം താനിരിക്കുന്ന സിംഹാസനത്തെ,
അസലായ രാജത്വത്തിലേക്കു കടക്കാനുള്ള പടിവാതിലിൽ
വഴി മുടക്കിക്കിടക്കുന്നതതു തന്നെയെന്നവളറിയുന്നുമില്ല.
നൂറു സാമ്രാജ്യങ്ങളെക്കാൾ മധുരമേറും
താഴത്തു വച്ചൊരമ്പിനെന്നുമവളോടു പറയുക.
പെട്ടെന്നൊരുനാളെബ്രഹാമിനെപ്പോലെ സകലതും ത്യജിച്ചു
വെളിവു കെട്ടലയുന്നതിൽ കാര്യമുണ്ടെന്നും പറയുക.
മാടോടു വച്ചു കുട്ടികൾ കച്ചവടം കളിയ്ക്കും,
പൊട്ടക്കിണറ്റിൽ കണ്ടവ നിധികളെന്നു നമുക്കും തോന്നും.
ജോസഫു വീണുകിടന്നതങ്ങനെയൊരു കിണറ്റിലെന്നവളോടു പറയുക,
അതിൽ നിന്നാണൊരു കയറിലെത്തിപ്പിടിച്ചു
പുതിയതൊരു പ്രജ്ഞയിലേക്കയാൾ കയറിപ്പോന്നതും.
ജീവിതത്തെ മാറ്റിത്തീർക്കാനൊരു രാസവിദ്യയുണ്ടെങ്കിൽ
അതുതന്നെ ആകെയുള്ള സത്യം.‘
56. പുരപ്പുറത്തെ പ്രാവ്
എന്റെ നെഞ്ചത്തെന്റെ കൈയമർത്തുമ്പോൾ
എന്റെ കൈയമരുന്നതു നിന്റെ നെഞ്ചിലാണല്ലോ.
ചിലനേരം മറ്റൊട്ടകങ്ങൾക്കൊപ്പം
എന്നെയും നീയഴിച്ചുവിടുന്നു.
ചിലനേരം പടയ്ക്കു മുന്നിൽ
എന്നെ നായകനാക്കി നീ നിർത്തുന്നു.
ചിലനേരം നിന്റെയധികാരത്തിന്റെ
മുദ്രമോതിരവുമാക്കുന്നുണ്ടെന്നെ നീ.
ഇനിയും ചിലനേരമേതോ വാതിൽപ്പിടിയാക്കി
എന്നെയുരുട്ടിയെടുക്കുന്നുമെണ്ടെന്നെ നീ.
ചോരയിൽ നിന്നു ശുക്ളമെടുക്കുന്നു നീ.
ശുക്ളത്തിൽ നിന്നു മൃഗത്തെയെടുക്കുന്നു നീ.
മൃഗത്തിൽ നിന്നു ബുദ്ധിയുമെടുക്കുന്നു നീ.
ജീവനെയതിലും ജീവനായിട്ടു മാറ്റുകയുമാണു നീ.
പുരപ്പുറത്തിരിക്കുന്ന പ്രാവിനെ
ഒരു കുഴൽവിളി പറത്തിവിടുന്ന പോലെ
എന്നെ നീയുന്തിവിടുന്നു.
അതേ കുഴലു വിളിച്ചെന്നെ നീ മടക്കി വിളിക്കുന്നു.
പലപല യാത്രകൾക്കായി നീയെന്നെ തള്ളിവിടുന്നു.
പിന്നെയെന്നെ കടവത്തു കെട്ടിയുമിടുന്നു.
ഒഴുകുന്ന പുഴയാണു ഞാൻ.
അന്യന്റെ കുപ്പായത്തിലുടക്കുന്ന മുള്ളുമാണു ഞാൻ.
ലോകാതിശയങ്ങളൊന്നുമെനിയ്ക്കു കാണേണ്ട.
എന്നുമെന്നും നിന്റെ സവിധത്തിലിരുന്നാൽ മതിയെനിക്ക്.
വിശ്വസിക്കാനായിട്ടൊന്നുമില്ല.
ഈയൊരു തന്നെത്താൻ വിശ്വാസം വിട്ടാലേ
സൗന്ദര്യത്തിലേക്കു ഞാനെത്തൂ.
നിന്റെ വാളു കണ്ടതും
എന്റെ പരിച ഞാനെരിച്ചുകളഞ്ഞു!
ഗബ്രിയേൽ മാലാഖയെപ്പോലെ
അറുനൂറു ജോഡി ചിറകുകളുമായി പറന്നവനാണു ഞാൻ;
ഞാനിങ്ങെത്തിയതിൽപ്പിന്നെ
എന്തിനാണെനിക്കിനി ചിറകുകൾ?
രാവും പകലും കാത്തുസൂക്ഷിക്കുകയായിരുന്നു
എന്റെയാത്മാവിന്റെ മുത്തു ഞാൻ;
മുത്തുകൾ ചൊരിഞ്ഞൊഴുകുന്ന ഈ കടലൊഴുക്കിൽ
എന്റെ മുത്തിന്നതെന്നിനി വേറിട്ടു പറയുന്നതെങ്ങനെ ഞാൻ?
57. വരാനുള്ളത്
ഇന്നു നെഞ്ചിൽ മുഴങ്ങുന്ന പെരുമ്പറ
നാളെ നാം കേട്ടില്ലെന്നു വരാം.
അത്രയ്ക്കു പേടിയാണു നമുക്ക്
ഇനി വരാനുള്ളതിനെ, മരണത്തെ.
പഞ്ഞിത്തുണ്ടുകളാണീ മമതകൾ,
നാമവ തീയിലേക്കെറിയുക.
അങ്ങനെയൊരാളലാണു മരണം,
നിങ്ങൾ കൊതിച്ചിരുന്നൊരു സാന്നിദ്ധ്യം.
നമ്മെ തടുത്തുവയ്ക്കുകയാണീയുടൽ,
ഈ പ്രപഞ്ചവും.
സ്വന്തം തടവറകളലങ്കരിക്കുന്നവരേ,
അവ തകരില്ലെന്നോ നിങ്ങൾ കരുതി?
തടവറകൾ തകരുമെന്നു
പണ്ടേ പറഞ്ഞിരിക്കുന്നു.
അഗ്നിബാധ, ഭൂകമ്പം...
ഒന്നല്ലെങ്കിൽ മറ്റൊന്നെത്തുമെന്നുറപ്പിച്ചോളൂ.
58. ഇരുണ്ട മാധുര്യം
നിലം പച്ച തൊടുന്നു.
ഒരു ചെണ്ടയടി കേൾക്കാകുന്നു.
ഹൃദയത്തിന്റെ ഭാഷ്യങ്ങൾ
ഏഴു വാല്യങ്ങളിലെത്തുന്നു.
താളിനൊരിരുണ്ട മാധുര്യമേകാൻ
തൂലിക തല കുമ്പിടുന്നു.
അഴിച്ചുവിട്ട പോലെ
ഗ്രഹങ്ങൾ നടക്കുന്നു.
ധ്രുവനക്ഷത്രത്തിനരികിലേക്കു
വെള്ളി ചായുന്നു.
ചിങ്ങത്തിനോടൊട്ടുന്നു
ചന്ദ്രൻ.
വന്നുകഴിഞ്ഞു
സ്വന്തമെന്നതില്ലാത്തൊരാതിഥേയൻ.
കണ്ണിൽ കണ്ണിൽ
നോക്കുന്നു നാം.
അക്ഷരം കൂട്ടിച്ചൊല്ലാൻ പഠിച്ചാലും
ശിശു ശിശു തന്നെ.
മലനിരകൾക്കു മേൽ
ശലോമോൻ പ്രഭാതത്തിന്റെ ചഷകമുയർത്തുന്നു.
വരൂ,
ഈ മണ്ഡപത്തിലിരിക്കൂ,
മതങ്ങളുടെ പ്രലപനങ്ങളിൽ നിന്നു
കാതെടുക്കൂ.
വസന്തമുൾക്കൊള്ളുമ്പോൾ
നിശ്ശബ്ദരാവുക നാം.
59. കേവലനിശ്ശബ്ദത
ഈ വട്ടം ഞാനെത്തിയ-
തെന്റെ മുള്ളുകൾ ചുട്ടുകരിയ്ക്കാൻ,
എന്റെ ജീവിതം വിമലീകരിക്കാൻ,
ഉദ്യാനത്തിലെനിക്കു പറഞ്ഞ വേല
വീണ്ടും ചെയ്തു തുടങ്ങാൻ.
ഏങ്ങിയും കരഞ്ഞും കൊ-
ണ്ടീപ്പുഴക്കരെ ഞാനെത്തി,
വികാരത്തിലും വിശ്വാസത്തിലും നിന്നു
സ്വയം മുക്തനാവാൻ.
എന്റെ മുഖമൊന്നു നോക്കൂ.
നിന്റെ പാടുകളാണെന്റെ
കണ്ണീർത്തുള്ളികൾ.
ഈ നിശ്ശബ്ദത നിനക്കറിയുമോ?
സ്വന്തം മുറിയിൽ
മിണ്ടിയിരിക്കാനാരുമില്ലാത്ത
നിശ്ശബ്ദതയല്ലിത്.
ഇതു കേവലനിശ്ശബ്ദത.
ജീവനുള്ള നായ്ക്കൾ
ചത്ത നായയെ തിന്നുന്ന
നിശ്ശബ്ദതയുമല്ലിത്.
60. ഞങ്ങൾക്കറിയില്ല
ഇതിൻ മുമ്പുണ്ടായിട്ടില്ല
ഇതു പോലൊരു സൗന്ദര്യം.
നിന്റെ മുഖം, നിന്റെ കണ്ണുകൾ, നിന്റെ സാന്നിദ്ധ്യം.
നിന്റെ ചാരുത, നിന്റെയുദാരത,
ഏതിനെയേറെ സ്നേഹിക്കണമെന്നുറപ്പും ഞങ്ങൾക്കില്ല.
കൺകെട്ടുകാരന്റെ മന്ത്രച്ചരടു പോലെ
നിറയെ കെട്ടുകളായിരുന്നെന്റെ നെഞ്ചിൽ.
നിന്റെയൊരു തലോടലിലൊക്കെയുമഴിഞ്ഞു;
ഇന്നു ഞാൻ കാണുന്നതു ശിഷ്യന്റെ മഹിമ,
ഗുരുത്വത്തിന്റെ ഗരിമ.
നിന്റെ സാന്നിദ്ധ്യത്തിന്നുള്ളിലിരിക്കുന്നു
ഈയുടലും അതിന്റെ പ്രണയവും;
ഒന്നുന്മത്തം, മറ്റേതു തകർന്നും.
നാം ചിരിക്കുന്നു, തേങ്ങിക്കരയുന്നു,
മരച്ചില്ലകൾ പൊടിയ്ക്കുന്നു, പന്തലിക്കുന്നു.
ഞങ്ങളെ നടത്തുന്നതു നിന്റെ ശക്തി.
കല്ലിനു പൂക്കാലത്തെക്കുറിച്ചെന്തറിയാൻ?
അതു ചോദിക്കേണ്ടതു പൂവിട്ട പുൽത്തട്ടിനോട്,
മുല്ലക്കൊടിയോട്, മൊട്ടുകൾ തുടുക്കുന്ന കൊമ്പിനോട്.
61. തുറന്ന ജാലകം
ഈ തുറന്ന ജാലകത്തിൻ പിന്നിൽ
നീ പൊടുന്നനേ വന്നുനിന്നാൽ?
എങ്കിലെന്റെ കൈകാലുകളുടെ കെട്ടുകളഴിയും,
ജീവനെന്റെ സിരകളിലാർത്തിരമ്പും.
നീ പോയതിൽപ്പിന്നെ ചിരിച്ചിട്ടില്ല ഞാൻ,
ഒന്നു മന്ദഹസിച്ചിട്ടില്ല ഞാൻ,
ലഹരി കൊണ്ടൊന്നിളകീട്ടുമില്ല ഞാൻ.
അത്രയ്ക്കൊരു ശോകമോ?
നീയെന്നെ കളിയാക്കും.
പിന്നെ ഞാനെന്റെ ശവക്കോടി ചുരുട്ടിയെടുക്കും,
എന്റെ തല നിന്റെ വാളിനു വച്ചുതരും.
ഈ തലവേദനയെന്നെന്നേക്കുമായൊന്നു മാറ്റിത്തരൂ.
എന്റെ കണ്ണുകളിലാത്മാവിന്റെ വെളിച്ചമല്ലേ നീ.
വാക്കുകൾ വായുവിൽ പാറിനടക്കുന്നു.
വാദ്യക്കാരൊക്കെ വന്നു നിരക്കട്ടെ.
തന്ത്രിവാദ്യങ്ങൾ, തംബുരു, മൃദംഗങ്ങൾ;
പുല്ലാങ്കുഴലൂതുന്നവനെത്തിയിട്ടുമില്ല.
62. ഉറങ്ങിയും കാതോർത്തും
ഇന്നലെയോ മിനിയാന്നോ,
തീ അടക്കം പറയുകയായിരുന്നു
വാസനിക്കുന്ന പുകയോട്:
അകിലിനെന്നോടു സ്നേഹമാണെന്നേ,
അതിനെ കെട്ടഴിച്ചു വിടാൻ
എനിക്കറിയാമെന്നതിനാൽ.
ഈ ദഹനം നടന്നാലേ
വല്ലതുമൊന്നു നടന്നുവെന്നാകൂ.
ബീജം അണ്ഡത്തിൽ പോയി മറയുന്നു,
പിന്നെ പുറത്തു വരുന്നതോ,
മുമ്പില്ലാത്തൊരു സൗന്ദര്യവും.
ഉദരത്തിലപ്പവും വെള്ളവും ദഹിച്ചാലേ
ഉടലിനു ശേഷി നിങ്ങൾക്കുണ്ടാവൂ.
അയിരുലയിൽ കാച്ചിയാലേ
പൊൻനാണയമായിട്ടടിച്ചിറങ്ങൂ.
ഇല്ലായ്മ നിങ്ങളറിയണം.
പ്രണയം നിങ്ങളെ നയിക്കുന്നതവിടെയ്ക്ക്.
പുഴയലയ്ക്കുമിടത്തു പോയിക്കിടക്കൂ,
അതു രഹസ്യങ്ങളോതിത്തരട്ടെ.
ഒരേനേരം നിദ്രയാവട്ടെ,
ശുദ്ധമായ കേൾവിയുമാകട്ടെ നിങ്ങൾ.
63. പുഴയൊഴുകും പോലെ...
പുഴയൊഴുകും പോലുള്ളു കൊണ്ടു
പ്രണയമെന്തെന്നറിയാത്തവർ,
ചോലവെള്ളം പോലെ കൈക്കുമ്പിളിൽ
പുലരിയെ കോരിയെടുക്കാത്തവർ,
സായംസന്ധ്യയുടെ സമൃദ്ധി മതി
അത്താഴവിരുന്നിനെന്നു പോരാത്തവർ,
മാറണമെന്നില്ലാതെ മാറിമാറിപ്പോകുന്നവർ,
ഹിതം പോലെയവര്‍ കിടന്നുറക്കമായിക്കോട്ടെ.
വേദപ്പഠിപ്പിനും തട്ടിപ്പിനുമപ്പുറത്താണീ പ്രണയം.
ആ പഠിപ്പു മതി നിങ്ങൾക്കെങ്കിൽ
നിങ്ങളും കിടന്നുറങ്ങിക്കോളൂ.
ഞാനെന്റെ തലയുടെ പിടി വിട്ടുകഴിഞ്ഞു,
ഉടുത്തതു ചീന്തി കാറ്റിലും പറത്തി.
പിറന്ന പടിയല്ല നിങ്ങളെങ്കിൽ
വാക്കുകളുടെ മേത്തരം പട്ടും പുതച്ചു
സുഖം പിടിച്ചു കിടന്നുറങ്ങെന്നേ.
64. ഇരുളും വെളിച്ചവും
ലോകത്തിനംശമായതു ലോകം വിട്ടുപോകുമോ?
വെള്ളത്തിൽ നിന്നു നനവു വിട്ടുപോകുമോ?
തീയിൽ തീ കോരിയാൽ തീ കെടുമോ?
മുറിവു കഴുകാൻ ചോര വേണമോ?
എങ്ങനെ കുതിച്ചുപാഞ്ഞാലും
ഒപ്പമുണ്ടാവും നിങ്ങളുടെ നിഴൽ.
ചിലനേരത്തതു മുന്നിലുമാവും!
സൂര്യനുച്ചിയിലെത്തിയാലേ
നിഴൽ നിങ്ങളിലൊതുങ്ങൂ.
ആ നിഴൽ തന്നെ
നിങ്ങളെ സേവിച്ചു നടന്നതും.
നിങ്ങളെ നോവിക്കുന്നതു തന്നെ
നിങ്ങൾക്കനുഗ്രഹമാവുന്നതും.
അന്ധകാരം നിങ്ങൾക്കു ദീപം.
നിങ്ങളുടെ അതിരുകൾ
നിങ്ങളുടെ അന്വേഷണവും.
ഇതു ഞാൻ വിശദീകരിക്കാൻ നിന്നാൽ
നിങ്ങളുടെ നെഞ്ചിലൊരു ചില്ലുകൂടു തകരും.
നിഴലും വെളിച്ചവും രണ്ടും വേണം നിങ്ങൾക്കെന്നറിയൂ;
ഭക്തിയുടെ മരത്തണലിൽ ചെന്നു തല ചായ്ക്കൂ.
അതിൽ നിന്നു നിങ്ങൾക്കു മേൽ ചിറകും തൂവലും മുളയ്ക്കുമ്പോൾ
ഒരു മാടപ്രാവു പോലെ മിണ്ടാതനങ്ങാതെയുമിരിക്കൂ.
ഒന്നു കുറുകാൻ പോലും കൊക്കു വിടർത്തുകയുമരുത്.
65. ഒന്നു വരൂ
വ്യതിചലിക്കുന്ന ഹൃദയമേ, ഒന്നു വരൂ!
നോവുന്ന കരളേ, ഒന്നു വരൂ!
വാതിലടച്ചിരിക്കുന്നുവെങ്കിൽ
മതിലു കേറി നീ വരൂ!
66. ഒരു പേരെനിക്കു തരൂ
ഗുരോ, ഞാനേതു കിളിയെന്നൊന്നു പറയൂ!
തിത്തിരിയല്ല, പ്രാപ്പിടിയനല്ല,
നല്ലതല്ല, കെട്ടതുമല്ല,
അതുമല്ല, ഇതുമല്ല ഞാൻ.
പൂന്തോപ്പിലെ കുയിലല്ല,
അങ്ങാടിക്കുരുവിയല്ല,
ഒരു പേരെനിക്കു തരൂ, ഗുരോ,
ഒരു പേരെനിക്കെന്നെ വിളിയ്ക്കാൻ!
67. പ്രണയസിംഹം
പ്രണയസിംഹത്തിനു ചോര കുടിക്കാൻ തോന്നുമ്പോൾ
ഞങ്ങൾ ചെന്നു കിടന്നുകൊടുക്കുന്നു.
ഓരോ നിമിഷവുമോരോ ആത്മാവിനെ
ഞങ്ങൾ കൊണ്ടു കാഴ്ചവയ്ക്കുന്നു.
ആരോ പെറുക്കിമാറ്റുന്നുണ്ട്
തലപ്പാവുകളും ചെരുപ്പുകളും.
ഇടിമിന്നലിനു കാരണമായ ശാന്തത
ഇടിമിന്നലിനു നടുവിലുണ്ട്.
കണ്ടാൽ ഞാനാകെ ദുർബ്ബലൻ.
എന്നാലെന്റെ കൈലിരിപ്പുണ്ട്
നിത്യത ചാർത്തിക്കിട്ടിയ പട്ടയം.
കടലു തേടിയൊരു പാമ്പിഴഞ്ഞുപോകുന്നുണ്ട്.
കടലു കൈയിൽക്കിട്ടിയാലതെന്തു ചെയ്യും?
പ്രായശ്ചിത്തമായിട്ടാണു നിങ്ങൾ മുന്തിരി കശക്കുന്നതെങ്കിൽ
മുന്തിരിവീഞ്ഞു തന്നെ മോന്തിക്കൂടേ നിങ്ങൾക്ക്?
പണ്ടത്തെ സൂഫികളുടെ കോപ്പകളിൽ
കിട്ടമാണുള്ളതെന്നു മനസ്സിൽ പറയുന്നുണ്ടു നിങ്ങൾ.
നിങ്ങൾക്കു മനസ്സിലെന്തായാലും
അതിവിടെ കാര്യമാക്കാനുമില്ല.
ചില്ലയെ നോക്കി ഒന്നു ചിരിക്കില്ലയെങ്കിൽ
പൂവു വാടിക്കൊഴിഞ്ഞുപോകണം.
സൂര്യനുദിച്ചുയരുമ്പോൾ
നക്ഷത്രമെണ്ണിയിരിക്കണോ?
68. എന്തു ഭയം?
നിന്നോടൊത്തിരിക്കുമ്പോൾ
ഏതു നഷ്ടഭയം ഞങ്ങളെ പിടിച്ചുലയ്ക്കാൻ?
ഏതു ശോകവും സ്വർണ്ണമാക്കുന്നു നീ,
ഞങ്ങളെത്തുന്ന ലോകങ്ങളുടെ
ചാവി ഞങ്ങൾക്കു നല്കുന്നു നീ.
ഞങ്ങൾ സ്നേഹിക്കുന്നവരുടെ ചുണ്ടുകളിൽ
പഞ്ചാരത്തരി പുരട്ടുന്നു നീ.
ഊഹങ്ങൾക്കുമപ്പുറമാണു നീ.
ഊഹങ്ങൾക്കുള്ളിലുമാണു നീ.
മറഞ്ഞവനെന്നാൽ
വെളിപ്പെടുകയുമാണു നീ.
നീ നടക്കുന്ന നിലമാണു ഞങ്ങൾ.
ആകാശം വർണ്ണിക്കാൻ
മറ്റു ചിലർ പോകട്ടെ.
മൗനത്തിലൊതുക്കുക ഞങ്ങളെ.
അതുമിതും ചർച്ചകളിലേക്കു
തള്ളിവിടരുതേ ഞങ്ങളെ.
69. ചെയ്ത പിഴ
എന്റെ നെഞ്ചിലെ കൂട്ടിനുള്ളിൽ
പെടപെടയ്ക്കുകയാണൊരു കിളി.
കെട്ടുപൊട്ടിക്കാൻ നോക്കുകയാണു
ഭ്രാന്തു പിടിച്ചൊരൊട്ടകം.
എന്റെ കണ്ണുകൾക്കുള്ളിൽ നിന്നും
കണ്ണു പായിക്കുന്നുണ്ടൊരു സിംഹത്താൻ.
അതിന്റെ കണ്ണുകളിൽപ്പെടുന്നുമുണ്ട്
ദൂരെ ദൂരെയൊരു കന്മട.
പുഴ പൊന്തിയൊഴുകുന്നു.
തടങ്ങളിൽ പുതുനാമ്പുകൾ പൊടിയ്ക്കുന്നു.
പനിനീർപ്പൂങ്കാവിലൂടെ
പുലർതെന്നൽ വീശുന്നു.
ഒരു കൈപ്പിഴ ഞാൻ ചെയ്തതിനാൽ
പ്രണയമെന്നെ വിട്ടുപോയി.
ഇന്നതു മടങ്ങിയെത്തുകയായി.
കുരുടൻ വടി ദൂരെയെറിയുന്നു.
കൈക്കുഞ്ഞ് സ്വയമെടുത്തുകഴിക്കുന്നു.
രാജാവിന്റെ പറ മുഴങ്ങുന്ന ദിക്കു നോക്കി
പ്രാപ്പിടിയൻ പറന്നുപൊങ്ങുന്നു.
നാം നെയ്തുവച്ച വാക്കുകളുടെ ശവക്കച്ചയിതാ,
മൗനമിഴവേർപിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ