2018, നവംബർ 26, തിങ്കളാഴ്‌ച

റൂമിയുടെ കവിതകള്‍ - 5

kadapuzha5


70. ഉള്ളിലുദയം


ഓരോരോ ചിന്തകൾക്കും കളിപ്പാട്ടമാണു ഞാനെങ്കിൽ
ജ്ഞാനിയെന്നെന്നെപ്പറയേണ്ട,
അറിവുകെട്ടവനായിരിക്കും ഞാൻ.
പ്രണയത്തിന്റെ സൂര്യനെനിക്കു സ്വന്തമായിരുന്നില്ലെങ്കിൽ
വിഷാദിയായ ശനിഗ്രഹത്തെപ്പോലെ
രാത്രിയിലുദിച്ചസ്തമിച്ചേനെ ഞാൻ.

പ്രണയോദ്യാനത്തിന്റെ പരിമളമല്ല വഴികാട്ടിയെനിക്കെങ്കിൽ
പിശാചുകൾക്കു പിന്നാലെ പോയി
അതിരറ്റ ദുരയുടെ മരുനിലത്തിൽപ്പോയടിഞ്ഞേനെ ഞാൻ.

ആത്മാവിന്റെ വിളക്കിനെ കെട്ടിപ്പൂട്ടി വച്ചിരുന്നുവെങ്കിൽ
ഓരോരോ വാതിലും ജനാലയും തുറന്നിട്ടേനെ ഞാൻ.

നോവുന്നവർക്കാശ്വാസമാകുന്നില്ല ആത്മാവിന്റെ ഉദ്യാനമെങ്കിൽ
കിഴക്കൻ കാറ്റിൽ പ്രണയത്തിന്റെ ദൂതു പറത്തിവിടുകയുമില്ല ഞാൻ.

പ്രേമിക്കുന്നവരടിപറയില്ല പാട്ടിനുമാട്ടത്തിനുമെങ്കിൽ
കേഴുന്ന കുഴൽ പോലെന്തിനു പാടണം രാപകൽ ഞാൻ?

ശവക്കുഴിയിൽ നിന്നു പറുദീസയിലേക്കു വഴിയൊന്നുമില്ലെങ്കിൽ
ഈയുടലിൽ സ്വർഗ്ഗീയാനന്ദങ്ങളറിയുമായിരുന്നില്ല ഞാൻ.

സമൃദ്ധിയുടെ ഉദ്യാനത്തിൽ ചെടികൾ വളരുന്നില്ലെങ്കിൽ
എന്റെയാത്മാവിൽ വിടരുകയുമില്ല പൂക്കൾ.
ദൈവവരമെന്നിലുണ്ടായിരുന്നില്ലെങ്കിൽ
പുലമ്പുന്ന ഭ്രാന്തനാകുമായിരുന്നു ഞാൻ.

ഉള്ളിലേക്കു നടക്കൂ.
സൂര്യോദയത്തിന്റെ കഥ സൂര്യൻ പറഞ്ഞുതന്നെ കേൾക്കൂ.
ഉള്ളിലുദയമുണ്ടായിരുന്നില്ലയെങ്കിൽ
എത്ര പണ്ടേയസ്തമിച്ചേനെ ഞാൻ!


71. മിസ്രയീമിലെ അപ്പം

മിസ്രയീമിലെ അപ്പം പോലെയാണെന്റെ കവിത:
ഒരു രാത്രി കഴിഞ്ഞാലതു കനച്ചുപോകും.
വരൂ, വരൂ,
കാറ്റു തട്ടും മുമ്പു നമുക്കതു പങ്കുവയ്ക്കാം.

നെഞ്ചിന്റെ ചൂടു തട്ടിയുയരുന്നതാണെന്റെ വാക്കുകൾ,
ലോകത്തിന്റെ തണുപ്പത്തതു വാടിയും പോകും.
കരയ്ക്കു വീണ മീൻ പോലെ
അവയൊന്നു പിടയ്ക്കുന്നു, പിന്നെ ചത്തുപോകുന്നു.

ഒഴിഞ്ഞ കോപ്പയിൽ നിന്നു നിങ്ങൾ മോന്തുമ്പോൾ
ഓടയിൽ വീണൊഴുകുകയാണു മധുരമദിര.
സ്വന്തം മതിഭ്രമത്തിന്റെ കിണറ്റിൽ നിന്നു നിങ്ങൾ കോരിക്കുടിക്കുന്നു,
മധുരിക്കുന്ന വചനങ്ങൾ നിങ്ങൾ തുപ്പിക്കളയുന്നു.


72. പുൽക്കൊടികൾ


വന്മരങ്ങളെ കടപുഴക്കുന്ന കാറ്റു തന്നെ
പുൽക്കൊടികളെ തഴുകി മിനുക്കുന്നതും.
കാറ്റിന്റെ തമ്പുരാനിഷ്ടം
പുല്ലിന്റെ താഴ്മയും മെലിവും.
താനാളാണെന്നഭിമാനിക്കരുതേ.
മഴുത്തല ചില്ലകളരിഞ്ഞുവീഴ്ത്തും,
ഇലകൾ ബാക്കിനിർത്തും.
വിറകിന്റെ കൂമ്പാരം കണ്ടു
തീനാളം പകച്ചു നിൽക്കില്ല.
ആട്ടിൻപറ്റത്തെക്കണ്ടു
കശാപ്പുകാരനോടിയൊളിക്കുകയുമില്ല.
ഉണ്മയുടെ സന്നിധാനത്തിന്റെ മുന്നിൽ
രൂപം ദുർബലം.
ഉണ്മ ആകാശത്തെ എടുത്തുയർത്തുന്നു,
കമിഴ്ത്തിയ കോപ്പ പോലെ
അതിനെ തിരിക്കുന്നു.
ആകാശചക്രം തിരിക്കുന്നതാര്‌?
ഒരു ബ്രഹ്മാണ്ഡപ്രജ്ഞ.
ചോലവെള്ളം ചക്രം തിരിക്കും പോലത്രേ
ഉടലിൽ പ്രാണന്റെ വ്യാപാരവും.
ആത്മാവിന്റെ ഹിതവുമഹിതവും തന്നെ
ശ്വാസവുമുച്ഛ്വാസവും.
തകർക്കാൻ കാറ്റു തന്നെ,
കാക്കാനും കാറ്റു തന്നെ.
അറിഞ്ഞവനടിപണിയുന്നു,
ദൈവമല്ലാതൊന്നുമില്ല.
സത്തകൾക്കാകരമാണാ സാഗരം.
സൃഷ്ടികൾ
അതിലെ വൈക്കോൽത്തുരുമ്പുകൾ.
അവ പാഞ്ഞുപോകുന്നതും
പൊന്തിയൊഴുകുന്നതും
കടലിന്റെ ഹിതപ്രകാരം.
പുൽക്കൊടികളിൽ കാറ്റിന്റെ വ്യാപാരവും
അതേ പ്രകാരം.
അതിനൊടുക്കവുമില്ല.


73. നിലം കുഴിക്കുന്നൊരാൾ


കണ്ണുകൾ കാണാനുള്ളവ.
ആത്മാനന്ദത്തിനാത്മാവും.
തല കൊണ്ടൊരുപയോഗമുണ്ട്:
അസ്സലുള്ളൊരാളെ പ്രണയിക്കുക.
കാലുകൾ: പിന്നാലെയോടാൻ.

മാനത്തു പോയി മറയലാണു പ്രണയം.
മനുഷ്യർ ചെയ്തുവച്ചതും ചെയ്യാനുന്നിയതും
പഠിച്ചെടുക്കാനാണു മനസ്സ്.
നിഗൂഢതകൾക്കു പിന്നാലെ പോകരുതേ.
എന്തുകൊണ്ടെന്നു മാത്രം നോക്കുമ്പോൾ
കണ്ണുകൾക്കു കാഴ്ചയും പോകുന്നു.

എന്തോ കാട്ടിയെന്നു പഴിയാണു കാമുകനെന്നും.
അവനു തന്റെ പ്രണയത്തെ കണ്ടുകിട്ടുമ്പോഴോ,
നോക്കുമ്പോൾ കാണാതെപോയതു
രൂപം പകർന്നു തിരിച്ചെത്തുന്നു.
മക്കയിലേക്കുള്ള പാതയിൽ
എത്രയാണപായങ്ങൾ:
കള്ളന്മാർ, മണൽക്കാറ്റുകൾ,
ഒട്ടകത്തിന്റെ പാലു മാത്രം കുടിയ്ക്കാൻ.
എന്നാലവിടെയെത്തി കറുത്ത കല്ലിൽ മുത്തുമ്പോൾ
അതിന്റെ പ്രതലത്തിൽ തീർത്ഥാടകനറിയുന്നു
താൻ തേടിയെത്തിയ ചുണ്ടുകളുടെ മാധുര്യം.

കള്ളനാണയങ്ങളടിച്ചിറക്കും പോലെയാണീ
വർത്തമാനം.
അവ കുന്നുകൂടുമ്പോൾ
അസ്സൽപ്രവൃത്തി പുറത്തു നടക്കുകയാണ്‌,
നിലം കുഴിക്കുന്നൊരാൾ നിധിയെടുക്കുകയാണ്‌.


74. ഉയിർത്തെഴുന്നേല്പ്പിന്റെ നാളിൽ


ഉയിർത്തെഴുന്നേൽപ്പിന്റെ നാൾ വരുമ്പോൾ
നിങ്ങളുടെയുടൽ നിങ്ങൾക്കെതിരെ സാക്ഷി പറയും.
നിങ്ങളുടെ കൈ പറയും, “ഞാൻ പണം മോഷ്ടിച്ചു.”
നിങ്ങളുടെ ചുണ്ടുകൾ പറയും, “ഹീനതകൾ പലതും ഞാൻ പറഞ്ഞു.”
നിങ്ങളുടെ കാലടികൾ പറയും, “പോകരുതാത്തിടത്തു ഞാൻ പോയി.”
നിങ്ങളുടെ ജനനേന്ദ്രിയം പറയും, “ഞാനും പോയിരുന്നു.”

നിങ്ങളുടെ പ്രാർത്ഥനകൾ പൊള്ളയായിരുന്നുവെന്നവ വാദിക്കും.
അതിനാൽ നിങ്ങൾ നാവടക്കുക;
നിങ്ങളുടെ ദേഹത്തിന്റെ ചെയ്തികൾ സംസാരിക്കട്ടെ;
ഗുരുവിന്റെ പിന്നാലെ നടക്കുന്ന ശിഷ്യൻ പറയുമല്ലോ
“ഇദ്ദേഹത്തിനാണെന്നെക്കാൾ വഴി നിശ്ചയം.”


75. പണി നടക്കുമിടങ്ങൾ


പണ്ടേ ഞാൻ പറഞ്ഞിരിക്കുന്നു,
വേണ്ടതില്ലാത്തിടങ്ങൾ നോക്കിയാണു പണിക്കാരൻ നടക്കുന്നതെന്ന്,
അവിടങ്ങളിലാണയാൾ തന്റെ പണി പരിശീലിക്കുന്നതെന്ന്.

കല്ലൻ നോക്കിനടക്കുന്നത്
കൂരയിടിഞ്ഞുവീണ പഴയ വീട്,
ഒഴിഞ്ഞ കുടം പൊക്കിയെടുക്കാനാണു വെള്ളക്കാരൻ.
വാതിലു വയ്ക്കാത്ത വീടിനു മുന്നിൽ
തച്ചന്റെ നടത്തയും നില്ക്കും.

ശൂന്യതയുടെ സൂചനകൾ കാണുന്നിടത്തേക്ക്
പണിക്കാർ ഓടിക്കൂടുന്നു,
അതു തൂർക്കലാണവർക്കു പിന്നെ പണി.
ശൂന്യതകളിലാണവർക്കു പ്രതീക്ഷ;
അതിനാലതൊഴിവാക്കാമെന്നും കരുതേണ്ട.
അതിനുള്ളിലുണ്ട് നിങ്ങൾക്കു വേണ്ടതൊക്കെ!

എന്റെയാത്മാവേ,
നിന്റെയുള്ളിലെ കൂറ്റൻ ശൂന്യതയുമായി ചങ്ങാത്തമല്ല നീയെങ്കിൽ
എന്തിനതിലേക്കു വലയും വീശി കണ്ണും നട്ടു നീയിരിക്കുന്നു?

കണ്ണിൽപ്പെടാത്ത ഈ പെരുംകടൽ സകലസമൃദ്ധിയും നിനക്കു തന്നിട്ടും
‘മരണ’മെന്നല്ലാതെ നീയതിനെ വിളിച്ചിട്ടുണ്ടോ?

ദൈവമെന്തോ മാന്ത്രികപ്പണി ചെയ്തിരിക്കുന്നു,
അതിനാൽ നിനക്കു കൊതി
പാമ്പിൻപുറ്റിൽ കൈ കടത്താൻ;
കൺകവരുന്ന പൂവനമൊന്നടുത്തുണ്ടായിട്ടും
പാമ്പിൻ കാവുപോലൊഴിഞ്ഞുമാറിപ്പോവുകയുമാണു നീ.

ഇതു കണക്കെ വിചിത്രമാണു നിന്റെ മരണപ്പേടി,
ഇതു കണക്കശ്ലീലമാണു വേണ്ടാത്ത വകയോടു നിനക്കുള്ളടുപ്പവും.


76. പ്രാണൻ മാത്രം


കൃസ്ത്യാനിയല്ല, ജൂതനല്ല, മുസ്ലീമല്ല,
ഹിന്ദുവും ബൗദ്ധനും സൂഫിയുമല്ല.
ഒരു മതവുമില്ല, ഒരു സഭയുമില്ല.
കിഴക്കനല്ല, പടിഞ്ഞാറനല്ല.
കടലിൽ നിന്നു പൊന്തിയതല്ല,
മണ്ണിൽ നിന്നു മുളച്ചതുമല്ല.
പ്രാകൃതികമല്ല, മായികമല്ല,
പഞ്ചഭൂതങ്ങളുടെ ചേരുവയുമല്ല.
ഇരുലോകങ്ങളിലും പെട്ടവനല്ല,
ആദാമിന്റെയും ഹവ്വയുടെയും സന്തതിയല്ല,
ഒരു സൃഷ്ടികഥയിൽ നിന്നിറങ്ങിവന്നതുമല്ല.
ഇടമില്ലാത്തിടമാണെന്റെയിടം,
ഒരു പൂർണ്ണതയുടെ അംശാവതാരം.
ദേഹമല്ല, ദേഹിയല്ല.
പ്രിയനടിമ ഞാൻ,
ഞാൻ കണ്ടിരിക്കുന്നു
ഇരുലോകങ്ങളെയൊന്നായി,
നമ്മുടെ വിളി കേൾക്കുന്നവനെയും.
ഞാനറിയുന്നു തുടക്കവും ഒടുക്കവും,
അകവും പുറവും;
മനുഷ്യജന്മത്തിലോടുന്ന പ്രാണനെയും.


77. വസന്തം ക്രിസ്തുവായി


വിരുന്നു  കഴിഞ്ഞുറക്കമാണെല്ലാവരും.
വീടൊഴിയുന്നു.
തോട്ടത്തിലേക്കു നാമിറങ്ങുന്നു.
ആപ്പിൾമരം പീച്ചുമരത്തെ കാണട്ടെ,
പനിനീർപ്പൂ മുല്ലപ്പൂവിനു കത്തു കൊടുക്കട്ടെ.

വസന്തം ക്രിസ്തുവത്രേ.
ബലിയായ മരങ്ങൾക്കവൻ
ശവക്കോടിയിൽ നിന്നുയിർപ്പു നല്കുന്നു.
നന്ദിയുടെ മുത്തം നല്കാൻ
അവയുടെ ചുണ്ടുകൾ വിടരുന്നു.
പനിനീർപ്പൂവും ട്യൂലിപ്പും തിളങ്ങുന്നുവെങ്കിൽ
അവയ്ക്കുള്ളിലൊരു ദീപമുണ്ടെന്നത്രേ പൊരുൾ.
ഒരിലയിതാ വിറകൊള്ളുന്നു.
തെന്നലിന്റെ സൗന്ദര്യത്തിൽ
പട്ടുപോലെ ഞാനും വിറകൊള്ളുന്നു.

ഈ തെന്നൽ പരിശുദ്ധാത്മാവ്.
മരങ്ങൾ മേരി.
മണവാളനും മണവാട്ടിയും
കൈകൾ കൊണ്ടദൃശ്യലീലകളാടുന്നതു നോക്കൂ.
ഏദനിൽ നിന്നു കാമുകർക്കു മേൽ
മേഘമുത്തുകൾ പൊഴിഞ്ഞും വീഴുന്നു.

അതുമിതും പറഞ്ഞുകൂട്ടുകയാണു നാം.
ഈ നിമിഷങ്ങളുടെ ചില്ലകളിലല്ലാതെ
നമുക്കൊരിളവുമില്ല.


78. ആവിത്തുണ്ടുകൾ

വെട്ടമെത്തുന്നു,
വെട്ടമെത്തിക്കുന്നവനുമെത്തുന്നു!
നിങ്ങളുടെ ജീവിതസമ്പ്രദായമൊന്നു മാറ്റെന്നേ!

കടലിന്റെ ചാറയിൽ നിന്നു പകരട്ടെ
ഓരോ കോപ്പയിലുമെരിയുന്ന മദിര!
ചത്തുകിടന്നവരൊന്നുരണ്ടുപേരെഴുന്നേറ്റിരിക്കുന്നു,
മത്തുപിടിച്ചവരൊന്നുരണ്ടുപേർ
സിംഹവേട്ടയ്ക്കും പോകുന്നു.

കരുവാളിച്ചൊരു മുഖം വെയിലു കഴുകുന്നു.
പൊരുളിന്റെ പനിനിർപ്പൂവതിൽ വിരിയുന്നു.
പുൽപ്പരപ്പും നിലവും കുതിരുന്നു,
ഒരു വെളിച്ചം നമ്മുടെ ശിരസ്സുകള്‍ തഴുകുന്നു.
ഈ വിരലുകളാവിരലുകളാണൊയെന്നുമറിയില്ല നമുക്ക്.

സാക്ഷ നീങ്ങട്ടെ.
ഒരു നിരപ്പു മറ്റതിലേക്കൊഴുകട്ടെ.
ചൂടരിച്ചിറങ്ങട്ടെ.
വട്ടളങ്ങൾ തിളച്ചുമദിക്കട്ടെ.
ഉടുത്തതുരിഞ്ഞുവീഴട്ടെ.
കവികളിൽ നിന്നാവിത്തുണ്ടുകൾ വമിക്കുന്നു,
വെളിച്ചത്തിലെന്നപോലെവിടെയാഹ്ളാദിക്കാൻ!


79. ദാഹം തീരാത്ത മത്സ്യം

നിന്നെ മടുക്കുകയെന്നതെനിക്കില്ല.
എന്നോടു കരുണ കാട്ടുന്നതിൽ
നിനക്കും മടുപ്പരുതേ!

എന്നെക്കൊണ്ടു മടുത്തിരിക്കും
ഈ ദാഹശമനികളൊക്കെയും,
ഈ ചഷകം, ചഷകമേന്തുന്നവളും.

എനിക്കുള്ളിൽ നീന്തിനടക്കുന്നു
ദാഹം തീരാത്തൊരു മത്സ്യം.
അതിനു ദാഹിക്കുന്നതതിനു മതിയാകുന്നുമില്ല.

ഈ സൂത്രപ്പണികളൊന്നുമെന്നോടു വേണ്ട,
ഈ കുഞ്ഞുപാത്രങ്ങൾ തട്ടിയുടയ്ക്കൂ,
കടലിലേക്കുള്ള വഴിയെനിക്കു കാട്ടൂ.

ഇന്നലെ രാത്രിയിലെന്റെ നെഞ്ചിന്റെ മദ്ധ്യത്തിൽ
വമ്പൻ തിരയൊന്നുയർന്നു,
അതിൽ മുങ്ങിത്താഴട്ടെ ഞാനിരിക്കുമിടം.

ജോസഫു ദാ, വീണുകിടക്കുന്നു
ചന്ദ്രനെപ്പോലെന്റെ കിണറ്റിൽ!
മോഹിച്ച കതിരൊക്കെ
പുഴയെടുത്തും പോയി.
അതു പോയാൽ പോകട്ടെ.

എന്റെ തലപ്പാവിന്റെ മീസാൻകല്ലിനു മുകളിൽ
ഒരഗ്നിയിതാ ഉദിച്ചുയർന്നു നില്ക്കുന്നു.
ഇനിയെനിക്കു വേണ്ടാ
പഠിപ്പും പത്രാസും.

എനിക്കിപ്പാട്ടു മതി,
ഈ പുലരി മതി,
കവിളിൽ കവിളിന്റെ ചൂടു മതി.

ശോകത്തിന്റെ വൻപട നിലയെടുത്തു നില്ക്കുമ്പോൾ
അവർക്കൊപ്പം ചേരാനെനിക്കു മനസ്സുമില്ല.

ഒരു കവിതയെഴുതിത്തീരുമ്പോൾ
ഇമ്മാതിരിയാവുകയാണു ഞാൻ.

ഒരു മഹാമൗനത്തിൽ ഞാനാഴ്ന്നുപോകുന്നു,
ഭാഷയെടുത്തുപയോഗിച്ചതെന്തിനെ-
ന്നന്ധാളിച്ചും പോകുന്നു ഞാൻ.


80. യേശു ഓടിപ്പോയതെന്തിന്‌

യേശുനാഥൻ, മേരീമകൻ
പിന്നാലെ കാട്ടുമൃഗം വരുന്നുണ്ടെന്നപോലെ
തിരിഞ്ഞുനോക്കാതെ കുന്നു കയറുകയാണവൻ.
അനുയായിയൊരാൾ ചോദിക്കുകയാണ്‌,
അവിടുന്നെവിടേക്കാണീ പോകുന്നത്?
പിന്നിൽ ഞാൻ ആരെയും കാണുന്നുമില്ലല്ലോ?
യേശു മിണ്ടുന്നില്ല,
രണ്ടു പാടവുമവർ കടന്നുകഴിഞ്ഞു.
അവിടുന്നല്ലേ,
വചനത്തിന്റെ ജലം തളിച്ചു മരിച്ചവനെ ഉയിർപ്പിച്ചവൻ?
ഞാൻ തന്നെ.
കളിമൺപറവകളെ പറക്കാൻ വിട്ടതും അവിടുന്നു തന്നെയല്ലേ?
അതെ.
എങ്കിൽ ഈ പലായനത്തിനു കാരണമാരാണോ?
യേശു നടത്ത പതുക്കെയാക്കി.

കുരുടന്മാർക്കും ചെകിടന്മാർക്കും മേൽ
എന്റെ വചനം വീഴുമ്പോൾ
അവർക്കു സൗഖ്യമാവുന്നു.
കല്ലു പാകിയ മണ്ണിലതു വീഴുമ്പോൾ
പൊക്കിൾക്കുഴിയോളമതിന്റെ കല്ലിപ്പു വീണ്ടുകീറുന്നു.
ഇല്ലായ്മയ്ക്കു മേൽ അതുണ്മയെ വരുത്തുന്നു.
കഷ്ടം, മനുഷ്യന്റെ ചോരയോടുന്നവർക്കിടയിൽ
മണിക്കൂറുകളും ദിവസങ്ങളും സ്നേഹത്തോടെ, നിർത്താതെ
ഞാനോതിക്കൊണ്ടിരുന്നിട്ടും
യാതൊന്നും സംഭവിക്കുന്നില്ലല്ലോ.
അവർ കല്ലായി മാറുകയാണ്‌,
പൊടിഞ്ഞു മണലാവുകയാണ്‌,
ഒരു കള്ളിച്ചെടിയും അതിൽ വളരില്ല.
ദൈവകൃപയ്ക്കു പ്രവേശിക്കാനുള്ള വഴികളാണന്യരോഗങ്ങൾ;
കൊത്തിയിട്ടുമിളകാത്ത മണ്ണിൽ
ഹിംസയേ വളരൂ,
ദൈവത്തോടുദാസീനതയേ കിളിർക്കൂ.
ഞാൻ പായുന്നതതിൽ നിന്ന്.

വായു വെള്ളം കക്കും പോലെ
വിഡ്ഢികൾക്കു മേൽ ചൊരിയുന്ന വചനം ആവിയായിപ്പോവുന്നു.
തണുത്തു മരവിച്ച കല്ലു പോലെയാണു സംശയാത്മാക്കൾ.
അവർക്കു വെയിലിന്റെ ചൂടറിയില്ല.

യേശു മനുഷ്യരിൽ നിന്നോടിയൊളിക്കുകയായിരുന്നില്ല.
പഠിപ്പിക്കാൻ മറ്റൊരു വഴിയായിരുന്നു അത്.


അഭിപ്രായങ്ങളൊന്നുമില്ല: