2018, നവംബർ 22, വ്യാഴാഴ്‌ച

റൂമിയുടെ കവിതകള്‍ - 2


mevlevi semazen

28. ഞാൻ മരിക്കുമ്പോൾ…


ഞാൻ മരിക്കുമ്പോൾ
ജഡം നിലത്തിറക്കിക്കിടത്തുക,
അഴുകാൻ തുടങ്ങിയെങ്കിലും
എന്റെ ചുണ്ടുകളിൽ ചുംബിക്കണമെന്നു
നിനക്കുണ്ടാവും.
ഭയന്നുപോകരുതേ,
ഞാനൊന്നു കണ്ണു തുറന്നാൽ.


29. പകലാകെ നിന്നോടൊപ്പം…


പകലാകെ നിന്നോടൊപ്പം പാടി ഞാനിരുന്നു,
രാത്രിയിലൊരേ കിടക്കയിൽ നാം കിടന്നു,
പകലും രാത്രിയുമെനിക്കു തിരിയാതെ പോയി,
ഞാനാരെന്നെനിക്കറിയാമെന്നു ഞാൻ കരുതി,
നീയാണു ഞാനെന്നും ഞാനറിഞ്ഞില്ല.


30. എത്രനാൾ നിങ്ങൾ പറഞ്ഞിരിക്കും…

എത്രനാൾ നിങ്ങൾ പറഞ്ഞിരിക്കും,
ഈ ലോകത്തെ ഞാൻ കീഴടക്കും,
അതിലെന്നെക്കൊണ്ടു ഞാൻ നിറയ്ക്കുമെന്ന്?
ലോകമാകെപ്പുതമഞ്ഞു മൂടിയാലും
ഒരു സൂര്യകടാക്ഷം മതിയതാകെയുരുകാൻ.
ഒരു തീപ്പൊരിയോളം ദൈവകൃപ മതി,
കൊടുംവിഷം തെളിനീരാകാൻ.
സംശയങ്ങൾ വാണിടത്ത്
അവൻ തീർച്ചയെ പ്രതിഷ്ഠിക്കുന്നു.


31. ഭൂതകാലത്തിന്റെ മുഖവുരകളിൽ...


ഭൂതകാലത്തിന്റെ മുഖവുരകളിൽ കാലിടറുകയരുത്,
പശ്ചാത്താപങ്ങളാൽ മുറിപ്പെടുകയുമരുത്;
നഷ്ടബോധത്തിന്റെ ശരൽക്കാലത്ത്
ആസന്നവസന്തത്തെയറിയാതെപോകരുത്,
സുതാര്യമായൊരു നിമിഷത്തിലെ
സ്വദേശിയാണു നിങ്ങൾ,
അതിനെയനന്തമാക്കൂ,
സ്ഥലകാലങ്ങളുടെ പാമ്പിൻചുറകൾക്കുമപ്പുറം.
അനന്തമായി വഴുതുന്ന നിമിഷത്തിൽക്കിടന്നു
മരിക്കാനുമഭ്യസിക്കൂ.


32. പ്രണയമെന്നാൽ...


പ്രണയമെന്നാലിതുതന്നെ-
നേരിന്റെ പകൽവെളിച്ചത്തിൽ
പൊടുന്നനേ നഗ്നരാവുക.


33. ഒരു വികാരത്തിൽ നിന്ന്...


ഒരു വികാരത്തിൽ നിന്നു
മറ്റൊന്നിലേക്ക്
ദൈവം നിങ്ങളെ മറിച്ചിടുന്നു,
വിപരീതങ്ങളാൽ
നിങ്ങളെ പഠിപ്പിക്കുന്നു,
ഒന്നല്ല, രണ്ടു ചിറകുകൾ വേണം
പറക്കാനെന്ന്.


34. കാലത്തിന്റെ ഉരഗവേഗത്തിൽ നിന്ന്...


കാലത്തിന്റെ ഉരഗവേഗത്തിൽ നി-
ന്നൊരുനൊടി നിങ്ങൾ മോചിതനാവുമ്പോൾ,
കുതികൊള്ളുന്ന മാനിനെപ്പോ-
ലൊരുനിമിഷം നിങ്ങൾ പിടഞ്ഞുമാറുമ്പോൾ,
ബന്ധങ്ങളെ നിങ്ങൾ പിന്നിലാക്കിപ്പായുന്നു,
വിദൂരതയിലവകളലിഞ്ഞുചേരുന്നു.
കാലമില്ലാത്ത, പ്രതീക്ഷകളില്ലാത്ത
ബന്ധമുക്തിയിലേക്കു നിങ്ങൾ പുനർജ്ജനിക്കുന്നു.


35. അന്ധമായ മായയുടെ...

അന്ധമായ മായയുടെ
വിരൽത്തുമ്പുകളാണു ഞങ്ങൾ,
കാരണങ്ങൾക്കു കാരണമായ
നിമിത്തകാരണമാണു നീ.
ഉയർന്നപാടെ മാഞ്ഞുപോകുന്ന
മാറ്റൊലികളാണു ഞങ്ങൾ,
സത്തിലേക്കു പാടിയുയർത്തുന്ന
മഹാഗായകനാണു നീ.
ചുരുട്ടിവച്ച പതാകകളിലെ
സിംഹചിഹ്നങ്ങളാണു ഞങ്ങൾ,
ഞങ്ങൾ ചുരുളഴിഞ്ഞുപാറുന്ന
നിശ്വാസനൃത്തമാണു നീ.


36. ആവേശത്തോടെ


പ്രാർത്ഥിക്കുന്നെങ്കിലാവേശത്തോടെ.
പണിയുന്നെങ്കിലാവേശത്തോടെ.
പ്രണയിക്കുന്നെങ്കിലാവേശത്തോടെ.
തിന്നുകയും കുടിയ്ക്കുകയും നൃത്തം വയ്ക്കുകയും
കളിക്കുകയും ചെയ്യുന്നെങ്കിലതുമാവേശത്തോടെ.
ചത്ത മീനെപ്പോലെ പൊന്തിക്കിടക്കണോ,
ദൈവത്തിന്റെ ഈ പെരുംകടലിൽ?


File:Sufi.png
37. റൂമീ, പ്രണമിക്കൂ

“എന്റെ കൈകളിലേക്കെത്താൻ
നിന്നെത്തുണച്ച സർവതിനെയും,
റൂമീ, പ്രണമിക്കൂ,”
എന്നു ദൈവമെന്നോടു പറഞ്ഞാൽ,
ഒരു ജീവിതാനുഭവവുമുണ്ടാവില്ല,
ഒരു ചിന്തയുമുണ്ടാവില്ല,
ഒരു വികാരവുമുണ്ടാവില്ല,
ഒരു പ്രവൃത്തിയുമുണ്ടാവില്ല,
ഞാൻ വണങ്ങാത്തതായി.


 38. എന്റെ ചുണ്ടുകൾക്കു വഴി തെറ്റി

ഒരു ചുംബനത്തിലേക്കു പോകവെ,
എന്റെ ചുണ്ടുകൾക്കു വഴിതെറ്റി;
ഞാനുന്മത്തനായതുമങ്ങനെ.


39. ഗുരു ശിഷ്യനോടു പറഞ്ഞത്

നിന്നോടു ഞാൻ പറഞ്ഞതല്ലേ:
അവിടെയ്ക്കു പോകരുതെന്ന്,
എനിയ്ക്കു നിന്നെ അറിയാമെന്ന്;
ഉന്മൂലനത്തിന്റെ ഈ മരീചികയിൽ
നിന്റെ ജീവനുറവു ഞാനാണെന്ന്;
എന്നോടു കോപിച്ചൊരുകോടിക്കൊല്ലമെന്നിൽ നിന്നു പാഞ്ഞാലും,
ഒടുവിൽ നീയെന്നിലേക്കു മടങ്ങുമെന്ന്,
നിന്റെ ലക്ഷ്യം ഞാൻ തന്നെയാണെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
ലോകത്തിന്റെ പുറവും വടിവും കണ്ടു
നീ തൃപ്തനാവരുതെന്ന്;
നിന്റെ തൃപ്തിയുടെ കൂടാരമടിച്ചതു ഞാൻ തന്നെയെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
കടൽ ഞാനാണെന്ന്,
എന്നിലൊരു പരലുമീനാണു നീയെന്ന്;
നിനക്കു ദ്രവനൈർമ്മല്യം ഞാനായിരിക്കെ,
വരണ്ട പൂഴിമണൽ തേടിപ്പോകരുതു നീയെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
കിളികളെപ്പോലെ കെണിയിൽപ്പോയി വീഴരുതെന്ന്;
നിനക്കു ചിറകും തൂവലും പറക്കാനുള്ള കരുത്തും ഞാനാണെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
മ്ളേച്ഛഗുണങ്ങൾ കൊണ്ടവർ നിന്നെ നിറയ്ക്കുമെന്ന്,
ഗുണങ്ങൾക്കുറവയായ എന്നിലേക്കുള്ള വഴി നിനക്കു പിശകുമെന്ന്?
നിന്നോടു ഞാൻ പറഞ്ഞതല്ലേ:
എങ്ങിനെ,യെവിടെനിന്നു നിന്റെ കാര്യങ്ങൾ നടക്കുമെന്നോർക്കരുതെന്ന്;
എങ്ങുനിന്നുമല്ലാതെ, ഒന്നിൽ നിന്നുമല്ലാതെ
നിന്നെ മെനഞ്ഞെടുക്കും ഞാനെന്ന്?
ഹൃദയങ്ങൾക്കു വിളക്കാണു നീയെങ്കിൽ,
വീട്ടിലേക്കുള്ള വഴിയേതെന്നറിയുക.
ഒരു പ്രഭുവിന്റെ ഗുണങ്ങൾ നിനക്കുണ്ടെങ്കിൽ,
അറിയുക,
നിനക്കു ഞാൻ
മഹാപ്രഭു.


അഭിപ്രായങ്ങളൊന്നുമില്ല: