2018, നവംബർ 28, ബുധനാഴ്‌ച

റൂമിയുടെ കവിതകള്‍ - 6



81. ചിരിക്കുക, മരിക്കുക

ഒരു കാമുകൻ കാമുകിയോടു പറയുകയായിരുന്നു,
താനവളെ എന്തുമാത്രം സ്നേഹിക്കുന്നുവെന്ന്,
എത്ര വിശ്വസ്തനാണു താനവളോടെന്ന്,
പുലർച്ചെയെഴുന്നേറ്റും, പട്ടിണി കിടന്നും,
ധനവും മാനവും ബലവും വേണ്ടെന്നു വച്ചും
ആത്മത്യാഗങ്ങളെത്ര ചെയ്തിരിക്കുന്നു
അവൾക്കു വേണ്ടി താനെന്ന്.

അയാൾക്കുള്ളിലെരിഞ്ഞതൊരഗ്നി.
അയാൾക്കറിയില്ല അതെവിടെ നിന്നു വന്നുവെന്ന്;
അയാൾ കരഞ്ഞതും
മെഴുകുതിരി പോലുരുകിയതും
അതിന്റെ ചൂടിൽ.

“ഇച്ചെയ്തതൊക്കെ ശരി”, കാമുകി പറഞ്ഞു
“എന്നാലിതുകൂടി കേൾക്കൂ;
പറഞ്ഞതൊക്കെ പ്രണയത്തിന്റെ മോടികൾ,
ഇലയും ചില്ലയും പൂക്കളും.
വേരിലേക്കിറങ്ങിയാലേ
അസ്സലുള്ള കാമുകനാവൂ.“

”അതെയോ! അതെവിടെയെന്നൊന്നു പറയൂ!“

”നിങ്ങൾ ചെയ്തതൊക്കെ പുറംപ്രവൃത്തികൾ.
മരിച്ചിട്ടില്ലല്ലോ നിങ്ങൾ?
നിങ്ങള്‍ മരിക്കണം.“

അതു കേട്ടതും അയാൾ മലർന്നു കിടന്നു,
ചിരിച്ചുകൊണ്ടു മരിക്കുകയും ചെയ്തു.
ഇറുന്നു വീഴുന്ന പനിനിർപ്പൂവു പോലെയാണയാൾ തുറന്നത്,
ചിരിച്ചുകൊണ്ടാണയാൾ മരിച്ചത്.

ആ ചിരിയായിരുന്നു അയാളുടെ മോചനം,
നിത്യതയ്ക്ക് അയാളുടെ നിവേദ്യവും.

വീട്ടിൽ നിന്നൊരു വിളി അയാൾ കേട്ടു,
വിളി കേട്ടിടത്തേക്കയാൾ പോവുകയും ചെയ്തു.

വെളിച്ചമുറവിലേക്കു മടങ്ങുമ്പോൾ
തിളക്കിയതൊന്നിനേയും അതു കൂടെക്കൊണ്ടുപോകുന്നില്ല.

കുപ്പക്കൂന, ഉദ്യാനം, മനുഷ്യന്റെ കണ്ണിനകം
ഏതുമാകട്ടെ.

അതു പോകുന്നു,
പോകുമ്പോൾ ത്യക്തമായ പുൽമേടു വിങ്ങുന്നു,
പോയതു മടങ്ങുവാൻ കൊതിക്കുന്നു.


82. വിളി കേൾക്കുമ്പോൾ...

വിളി കേൾക്കുമ്പോളാത്മാവു
പറന്നുപോകാത്തതെന്തേ?
കരയിൽ വീണു പ്രാണനു പിടയ്ക്കുന്ന മത്സ്യം
കടലരികിലായിട്ടും നിരങ്ങിയിറങ്ങാത്തതെന്തേ?
വെയിലത്തു കണികകൾ നൃത്തം വയ്ക്കുമ്പോൾ
അതിൽച്ചേരാൻ നാം മടിയ്ക്കുന്നതെന്തേ?
ചിറകും വിടർത്തി
കൂട്ടിനു പുറത്തു വന്നിരിയ്ക്കുകയാണു നാം,
പറന്നുയരുന്നില്ല നാം.
കല്ലും മാടോടും പെറുക്കി കച്ചവടം കളിയ്ക്കുകയാണു നാം
കുട്ടികളെപ്പോലെ.
ഈ സംസ്ക്കാരത്തിന്റെ ചാക്കുസഞ്ചി വലിച്ചുകീറൂ,
സ്വന്തം തലകൾ പുറത്തേക്കിട്ടു നോക്കൂ.
ബാല്യം വലിച്ചെറിയൂ.
വലതു കൈയെത്തിച്ചു
വായുവിൽ നിന്നീ ഗ്രന്ഥമെടുത്തു വായിക്കൂ.
മരണത്തിന്റെ മുഹൂർത്തത്തിലേക്കു കാലെടുത്തുവയ്ക്കൂ.
നിങ്ങൾക്കു വേണ്ടതെന്തെന്നാലോചിച്ചു നോക്കൂ.
നിങ്ങൾ തന്നെ വിളിച്ചുപറയട്ടെ
നിങ്ങളനുസരിക്കേണ്ട കൽപ്പനകൾ.
നിങ്ങൾക്കു രാജാവു നിങ്ങൾ തന്നെ.
ചോദിയ്ക്കേണ്ട ചോദ്യം മുന്നിൽ വയ്ക്കൂ,
ഒരുത്തരത്തിന്റെ ദാക്ഷിണ്യത്തിനു കാത്തുനിൽക്കൂ.


83. സ്വന്തം ഹൃദയത്തെ പാടിയുറക്കി ഞാൻ...

ഇന്നലെ ഞാനൊരു സന്ദേശമയച്ചു,
ഒരു നക്ഷത്രം പോലെ ദൃഢവും ദീപ്തവും.
കല്ലിനെ പൊന്നാക്കുന്നവനേ,
എന്നെയുമൊന്നഴിച്ചുപണിയൂ.

എന്റെയാർത്തി നിന്നെ ഞാൻ കാട്ടിയതല്ലേ?
കരയുന്ന കുഞ്ഞിനെപ്പോലെന്റെ ഹൃദയത്തെ
ഞാൻ പാടിയുറക്കുന്നതും നീ കണ്ടതല്ലേ?

നിന്റെ മാറിന്റെ കെട്ടഴിയ്ക്കൂ,
പണ്ടെപ്പോലെന്നെ മാറോടടുക്കൂ.

ഇനിയുമെത്രനാൾ
നിന്നിൽ നിന്നു ഞാന്‍ മാറിയലയണം?
ഇനി ഞാൻ മിണ്ടാതിരിക്കാം, ക്ഷമിച്ചിരിക്കാം,
നീ തിരിഞ്ഞൊന്നു നോക്കുന്നതും കാത്തിരിക്കാം.


84. ഇതു പോലെ

സൗന്ദര്യത്തിന്റെ പൂർണ്ണതയേതുപോലെ
എന്നൊരാൾ ചോദിച്ചാൽ
മുഖം പുറത്തിട്ടുകൊണ്ടു പറയൂ,
ഇതു പോലെ.

രാത്രിയിലാകാശത്തിൽ
ചന്ദ്രന്റെ ചാരുതയേതുപോലെ
എന്നൊരാൾ സംശയിച്ചാൽ
പുരപ്പുറത്തു കയറി വിളിച്ചുകൂവൂ,
ഇതു പോലെ.

മാലാഖയുടെ ചിറകേതുപോലെ
എന്നൊരാളാരാഞ്ഞാൽ
ഒന്നു പുഞ്ചിരിക്കൂ.
ദൈവത്തിനുമുണ്ടോ പരിമളമെന്നയാൾ ചോദിച്ചാൽ
അയാളെ വലിച്ചടുപ്പിയ്ക്കൂ,
മുഖത്തോടു മുഖം ചേർക്കൂ,
ഇതു പോലെ.

യേശുദേവൻ മരിച്ചവരെ ഉയിർപ്പിച്ചതെങ്ങെനെ
എന്നൊരാൾ ചോദിച്ചാൽ
ഒരക്ഷരവും മിണ്ടരുത്-
അയാളുടെ കവിളത്തൊന്നു മൃദുവായി ചുംബിക്കൂ,
ഇതു പോലെ.

പ്രണയത്തിനു ബലിയാവുന്നതിന്റെ രഹസ്യമെന്ത്
എന്നൊരാൾ ചോദിച്ചാൽ
കണ്ണും പൂട്ടി നെഞ്ചു തുറന്നു കാട്ടൂ,
ഇതു പോലെ.

എത്രയ്ക്കുണ്ടെന്റെ കിളരമെന്നൊരാൾ ചോദിച്ചാൽ
നെറ്റിയിലെ ചുളിവുകൾക്കുള്ളകലമളന്നു കാണിക്കൂ,
ഇതു പോലെ.

ആത്മാവൊരുടൽ വിട്ടുപോകും,
മറ്റൊന്നിൽ ചെന്നുകേറും,
അതിൽ തർക്കിക്കാനൊരാൾ നിന്നാൽ
എന്റെ വീട്ടിൽ വന്നുകയറി വാതിലടയ്ക്കൂ,
ഇതു പോലെ.

പ്രണയികൾ വിലപിക്കുമ്പോൾ
അവർ പറയുന്നതു നമ്മുടെ കഥ,
ദൈവമതു കേൾക്കുകയും ചെയ്യുന്നു,
ഇതു പോലെ.

ആനന്ദങ്ങളുടെ കലവറ ഞാൻ,
ആത്മനിരാസത്തിന്റെ വേദന ഞാൻ.
എന്നെക്കാണാൻ മണ്ണിലേക്കു കണ്ണു താഴ്ത്തൂ,
പിന്നെ മാനത്തേക്കു നോക്കൂ,
ഇതു പോലെ.

ഇളംകാറ്റു മാത്രമറിയുന്നു
സംഗമത്തിന്റെ രഹസ്യങ്ങൾ.
ഹൃദയങ്ങളിലതു മന്ത്രിക്കുമ്പോൾ കാതോർക്കൂ,
ഇതു പോലെ.

സേവകൻ യജമാനനാകുന്നതെങ്ങനെ
എന്നൊരാൾ ചോദിച്ചാൽ
കൈയിലൊരു വിളക്കു കൊളുത്തിപ്പിടിയ്ക്കൂ,
ഇതു പോലെ.

ജോസഫിന്റെ പരിമളം
കുരുടനു കാഴ്ച കൊടുത്തതെങ്ങനെയെന്നു ഞാൻ ചോദിക്കുമ്പോൾ
നീ വീശിയ കാറ്റിലെന്റെ കണ്ണിലെ കരടു പോകുന്നു,
ഇതു പോലെ.

നമ്മുടെ ഹൃദയം പ്രണയം കൊണ്ടു നിറയ്ക്കാൻ
സന്മനസ്സു കാട്ടിയെന്നുവരാം ഷംസ്.
ഒരു പുരികമൊന്നുയർത്തി
നമുക്കു നേരെയൊരു കടാക്ഷമെയ്തുവെന്നുവരാമവൻ,
ഇതു പോലെ.


85. മധുരിക്കുന്ന കരിമ്പിൻപാടം

കരിമ്പിൻമധുരം മധുരിക്കുമോ,
കരിമ്പിൻപാടം സൃഷ്ടിച്ചവന്റെ മധുരത്തോളം?
ചന്ദ്രന്റെ ഭംഗിയ്ക്കു പിന്നിലൊരു ഭംഗിയുണ്ട്,
ചന്ദ്രനു പിറവി കൊടുത്തവന്റെ ഭംഗി.
കടലിന്റെ അറിവുകൾക്കു പിന്നിലൊരറിവുണ്ട്,
കണ്ണിൽപ്പെടാത്തൊരു ചക്രം പോലെ വെള്ളം തേവി
നമ്മെയൂട്ടുന്നതതു തന്നെ.
എള്ളിൽ നിന്നെണ്ണയെടുക്കുന്നൊരു വിദ്യയുണ്ട്,
നിങ്ങളുടെ കൺകുഴികളിൽ നിന്നു കാഴ്ചയെടുക്കുന്ന സൂത്രവുമുണ്ട്,
അതുമൊന്നോർത്തുനൊക്കൂ.
വിളമ്പിവച്ച വിരുന്നു പോലിതാ പുലരി പിറക്കുന്നു,
വിശന്നും വശം കെട്ടും അതിലേക്കു നാമോടുമ്പോൾ
അത്രയും വച്ചുണ്ടാക്കിയവനെ കാണാതിരിക്കരുതേ.
മൂന്നു കഴുതകളെയും തെളിച്ചു ഞെളിഞ്ഞു നടക്കുമ്പോൾ
പിരിച്ചുവെച്ച മീശയെ പ്രതി ഗർവമരുതേ.
രത്നക്കല്ലുകളെയല്ല, രത്നവ്യാപാരിയെ സ്നേഹിക്കൂ.
പറഞ്ഞുപറഞ്ഞുകൂട്ടുകയാണു ഞാൻ.
കേൾവിയെ കാഴ്ചയാക്കുന്ന പ്രേയാൻ തന്നെ
ഇതിനൊരു തീർച്ചയും വരുത്തട്ടെ.


86. അവനൊളിയ്ക്കുമിടം

ഞാനൊരുമ്പെട്ടിറങ്ങുമ്പോൾ
അവനാണെന്റെ ലക്ഷ്യം.
ഹൃദയത്തിലേക്കു  നോക്കുമ്പോൾ
അതിൽ മത്തടിക്കുന്നതവൻ തന്നെ.
ഞാൻ നീതി തേടുമ്പോൾ
അവനാണു ന്യായാധിപൻ.
ഞാൻ പടയ്ക്കു പോകുമ്പോൾ
അവനാണെന്റെയുടവാൾ.

ഞാൻ വിരുന്നിനു കൂടുമ്പോൾ
അവനാണപ്പവും വീഞ്ഞും.
ഉദ്യാനത്തിലേക്കു കടക്കുമ്പോൾ
വിരിഞ്ഞ പനിനിർപ്പൂവുമവൻ തന്നെ.

ഞാൻ ഖനി തുരന്നിറങ്ങുമ്പോൾ
അവനാണു മാണിക്യവും മരതകവും.
ഞാൻ കടലിലേക്കൂളിയിടുമ്പോൾ
അവനാണടിയിലെ മുത്തുമണി.

ഞാൻ മരുനിലം താണ്ടുമ്പോൾ
അവനാണു മരുപ്പച്ച.
ഗോളാന്തരത്തിലേക്കുയരുമ്പോൾ
അവനാണു ദീപ്തതാരം.

ഞാനുശിരു കാട്ടുമ്പോൾ
അവനാണെന്റെ പരിച.
ജ്വരമെന്നെയെരിക്കുമ്പോൾ
അവനാണെനിക്കു തുളസിയും കുരുമുളകും.

ഞാൻ പട പൊരുതുമ്പോൾ
അവനാണെന്റെ നായകൻ.
മദിരോത്സവത്തിലവൻ ഗായകൻ,
ചഷകം, ചഷകമേന്തുന്നവനും.

ഞാൻ ചങ്ങാതിമാർക്കെഴുതുമ്പോൾ
അവനാണു താളും തൂലികയും.
ഞാൻ കവിതയെഴുതുമ്പോൾ
അവനാണു താളമിടുന്നതും.

ഞാനുണർന്നെഴുന്നേല്ക്കുമ്പോൾ
അവനാണെന്റെ ശുദ്ധബോധം.
ഞാനുറങ്ങാൻ കിടക്കുമ്പോൾ
കിനാവിൽ വിളയാടുന്നതുമവൻ തന്നെ.

നിങ്ങളേതു ചിത്രമെഴുതിയാലും
നിങ്ങളേതു കവിത ചമച്ചാലും
അവനതിനുമതീതൻ.
നിങ്ങളേതുയരമെത്തിയാലും
അതിലുമുയരത്തിലുള്ളവൻ.

വലിച്ചെറിയൂ നിങ്ങളുടെ ഗ്രന്ഥങ്ങൾ,
പിഴുതെറിയൂ നിങ്ങളുടെ നാവും.
അവനാവട്ടെ നിങ്ങളുടെ ഗ്രന്ഥം.

തബ്രീസിലെ അതിശയവെളിച്ചമേ,
നീയെവിടെപ്പോയൊളിക്കാൻ?
നീ മറഞ്ഞിരിക്കുമിടം വെളിച്ചപ്പെടുത്തുമല്ലോ
നിന്റെ സൂര്യന്റെ ദീപ്തി.


87. ആണായതു കൊണ്ടായില്ല...


ആണത്തമുണ്ടാകാൻ ആണായതു കൊണ്ടായില്ല ,
കണ്ണീരു തുടച്ചതു കൊണ്ടു ചങ്ങാതിയുമാവില്ല.
മുത്തശ്ശി പറഞ്ഞിട്ടില്ലേ: ‘ഇന്നു നീ വിളറിയിരിക്കുന്നു,
അതിനാലിന്നു പഠിക്കാനും പോകേണ്ട.’
അതു കേട്ടാലോടിക്കോളൂ.
പിതാവിന്റെ ചെകിട്ടത്തടിയത്രേ അതിലും ഭേദം.
നിങ്ങളുടെയുടലിനു തലോടലു പോരും.
കണിശക്കാരനായ പിതാവിനു തെളിഞ്ഞ ബോധവും.
അയാൾ നിങ്ങളെ പ്രഹരിക്കുന്നുവെങ്കിൽ
തുറസ്സിലേക്കു നിങ്ങളെ ഓടിച്ചിറക്കാനത്രേ.
നിങ്ങൾക്കു വേണ്ടതു മയമില്ലാത്തൊരു ഗുരുവിനെ,
നിങ്ങളെ അറിയാൻ, നിങ്ങളെ നടത്താൻ.

എത്ര സഹതാപങ്ങൾ നാം വാരിക്കൂട്ടി?
ഇനി നാം പഠിക്കുക, അതിനെയൊക്കെ സംശയിക്കാൻ.


88. നിന്നെത്തേടി ഞാൻ മുകളിലും താഴെയും...


 

നിന്നെത്തേടി ഞാൻ മുകളിലും താഴെയും...
നിന്നെത്തേടി ഞാനടുത്തുമകലെയും...
നിന്നെ നോക്കി ഞാനോരോ കല്ലിനടിയിലും...
ചെന്നുനോക്കി ഞാൻ ഒളിച്ചിരിക്കുമിടങ്ങളെല്ലാം...
മാനത്തു കണ്ണു നട്ടിരുന്നു ഞാൻ...
പ്രകൃതി മുഴുവൻ ഞാൻ തിരഞ്ഞു...
സകലശാസ്ത്രങ്ങളിലും ഞാൻ തിരഞ്ഞു...
എന്നിട്ടും നിന്നെ ഞാൻ കണ്ടില്ല ...
“എവിടെ നീ! നീയെന്നിൽ നിന്നൊളിക്കുന്നതെന്ത്!”
ഞാനലറി.
ഞാനൊന്നു ശ്വാസമെടുക്കുന്നതിന്നിടയിൽ
നിന്റെ മറുപടി വന്നു...

“മരത്തിലുണ്ട് ഞാൻ.
നീ നടക്കുന്ന വഴിയിലുണ്ട് ഞാൻ.
ആകാശത്തുണ്ട് ഞാൻ.
അണ്ണാറക്കണ്ണനിലുണ്ട് ഞാൻ.
മേഘത്തിലുണ്ട് ഞാൻ.
സൂര്യനിലുണ്ട് ഞാൻ.
നീയെന്നെക്കാണാതെപോയതെവിടെ?”

ഞാൻ കരഞ്ഞു...


89. കഥയുടെ ചൂടുവെള്ളം

കഥയെന്നാൽ
കുളിയ്ക്കാനനത്തിയ വെള്ളം പോലെ.

അതു സന്ദേശങ്ങൾ കൈമാറുന്നു
നിങ്ങളുടെ തൊലിയ്ക്കും തീയ്ക്കുമിടയിൽ.
അവ തമ്മിലടുക്കുന്നതങ്ങനെ,
നിങ്ങൾ വൃത്തിയാകുന്നതുമങ്ങനെ.

തീയിലിരിയ്ക്കാനാർക്കാകും,
തീപ്പിശാചിനെപ്പോലെ, അബ്രഹാമിനെപ്പോലെ?
നമുക്കു വേണം മധ്യവർത്തികൾ.

നിറഞ്ഞെന്നൊരു തോന്നലുണ്ട്,
ഒരപ്പത്തിൻപുറമേറീട്ടാ-
ണതിൻ വരവു പൊതുവേ.

നമ്മെച്ചൂഴെയഴകുണ്ട്,
അതറിയാൻ പക്ഷേ,
ഉദ്യാനത്തിലൊന്നുലാത്തണം നമ്മൾ.

ഉടൽ തന്നെയൊരു മറ,
അതു മറയ്ക്കുന്നു,
പാതി പുറത്തു കാട്ടുന്നു,
നിങ്ങളുടെ സന്നിധാനത്തിൽ
ആളിക്കത്തുന്നൊരാഴിയെ.

ഉടൽ, വെള്ളം, കഥകൾ,
നാം ചെയ്യുന്ന ചെയ്തികൾ,
ഒക്കെയുപാധികൾ,
മറയ്ക്കാൻ, മറഞ്ഞതിനെ കാട്ടാൻ.

ഇതൊന്നാലോചിക്കൂ,
ചിലനേരമറിയുന്നത്,
ചിലനേരമറിയാത്തത്,
അങ്ങനെയൊരു രഹസ്യത്തിൽ
കുളിച്ചുകേറാനെന്തു സുഖം!


90. പുതിയ നിയമം


കുടിയന്മാർ വഴക്കടിയ്ക്കും, തല്ലുപിടിയ്ക്കും,
അതു പഴയ നിയമം.
കാമുകനും മോശമല്ല, പക്ഷേ.
ചങ്ങാതി ചെന്നൊരു കുഴിയിൽ വീഴുന്നു.
അവിടെക്കിടന്നു പരതുമ്പോൾ
കൈയിൽത്തടയുന്നു തിളങ്ങുന്നതെന്തോ.
അതിന്റെ വിലയ്ക്കൊക്കില്ല,
ഏതു ധനവുമധികാരവും.

ഇന്നലെ രാത്രിയിൽ തെരുവിനു മേൽ
ആടകളുരിഞ്ഞിട്ടുംകൊണ്ടു ചന്ദ്രൻ വന്നു.
ഇതു പാടാനുള്ള നേരമെന്ന ചിന്തയോടെ
മാനത്തിന്റെ കുടുവൻകിണ്ണത്തിലേക്കു ഞാനെടുത്തുചാടി.
കിണ്ണമുടഞ്ഞു. വീഴുന്നെന്തുമെങ്ങും.
ഇനിയൊന്നുമില്ലല്ലോ ചെയ് വാനായി.

ഇതത്രേ പുതിയ നിയമം:
മദ്യകുംഭമുടയ്ക്കുക,
കുംഭാരന്റെ ചക്രത്തിൽച്ചെന്നു വീഴുക.


91. സത്രം



മനുഷ്യജന്മമൊരു സത്രം.
അതിഥിയാണോരോ പ്രഭാതവും.

ഓർക്കാപ്പുറത്തൊരു വിരുന്നുകാരനായെത്തുന്നു
ഒരാഹ്ളാദം, ഒരു വിഷാദം, ഒരു ചെറ്റത്തരം,
നൈമിഷികമായൊരു ബോധോദയം.

എല്ലാവരെയുമെതിരേല്ക്കുക,
സല്ക്കരിക്കുകയെല്ലാവരെയും!
ഒരു പറ്റം ദുരിതങ്ങളാണവരെന്നാലും,
തല്ലും പിടിയും കലമ്പലുമായി
ഒക്കെപ്പുറത്തെറിയുന്നവരാണവരെന്നാലും,
അവരെപ്പിണക്കാതെ വിടുക.
പുതുമയുള്ളൊരാനന്ദത്തിനായി
നിങ്ങളെയവർ ഒഴിച്ചെടുക്കുകയാവാം .

ഇരുണ്ട ചിന്തകൾ, നാണക്കേടുകൾ, വിദ്വേഷം,
വാതില്ക്കൽ വച്ചേ ചിരിയോടവരെക്കാണുക,
അകത്തേക്കു ക്ഷണിച്ചുകൊണ്ടു പോവുക.

വരുന്നവരോടൊക്കെ നന്ദിയുള്ളവനായിരിക്കുക,
ആരു വിരുന്നു വന്നാലും
അതീതത്തിൽ നിന്നൊരു വഴികാട്ടിയത്രേയയാൾ.


92. സർവം സംഗീതമയം

ഈ പാട്ടുകളോർത്തുവയ്ക്കാൻ മിനക്കെടേണ്ട!
ഒരു വീണ പൊട്ടിയാൽ പോകട്ടേയെന്നു വയ്ക്കുക.

സർവം സംഗീതമായൊരു ലോകത്തല്ലോ,
നാം വന്നുവീണിരിക്കുന്നു.

വീണ മീട്ടുന്നതു കേൾക്കാനുണ്ട്,
ആരോ പുല്ലാങ്കുഴലുമൂതുന്നു.
ലോകത്തിന്റെ കിന്നരമെരിഞ്ഞാലെരിയട്ടെ,
കണ്ണിൽപ്പെടാത്ത വാദ്യങ്ങൾ പിന്നെയുമുണ്ടാവും.

കരിന്തിരി കെട്ടു പോകട്ടെ വിളക്കുകൾ,
നമ്മുടെ കൈയിലുണ്ടല്ലോ
ഒരു തീക്കല്ലും ഒരു തീപ്പൊരിയും.

ഒരു കടൽപ്പതയാണീ പാട്ടുവിദ്യ.
ഏതോ കയത്തിൽ നിന്നൊരു കടൽമുത്തിൽ നിന്നത്രേ
അതിന്റെ വശ്യചലനങ്ങളുറവയെടുക്കുന്നു.

കവിതകൾ തിരയെറ്റുന്ന പത പോലെ,
കടൽ കക്കുന്ന പാഴുകൾ പോലെ.

നമുക്കു കണ്ണിൽ വരാത്തൊരു വേരിന്റെ
തുടിപ്പുകളിലാണതിനുല്പത്തി.

വാക്കുകളെ വിലക്കുക.
നെഞ്ചിലെ കിളിവാതിൽ തുറന്നുവയ്ക്കുക,
പറന്നുനടക്കട്ടെ ആത്മാക്കൾ
അകത്തേയ്ക്കും പുറത്തേയ്ക്കും.


93. പുത്തനങ്ങാടി

ഇങ്ങനെയൊരങ്ങാടി കണ്ടിട്ടുണ്ടോ നിങ്ങൾ?

ഒരു പൂ കൊടുത്താൽ
നൂറു പൂന്തോപ്പു കിട്ടുന്നിടം?

ഒരു വിത്തിനൊരു കാടു കിട്ടുന്നിടം?

ഒരു ക്ഷീണനിശ്വാസത്തിനു
ദിവ്യമായൊരു കൊടുങ്കാറ്റു കിട്ടുന്നിടം?

നിങ്ങൾക്കു പേടിയായിരുന്നു,
താൻ നിലത്തു വലിഞ്ഞുപോകുമോയെന്ന്,
വായുവിലലിഞ്ഞുപോകുമോയെന്ന്.

ഇതാ, നിങ്ങളുടെ നീർത്തുള്ളിയിറുന്നുവീഴുന്നു,
അതു വിട്ടുപോന്ന കടലിൽ ലയിച്ചുചേരുന്നു.

പണ്ടത്തെ രൂപമല്ലിന്നതിന്‌,
എന്നാലുമതേ നീരു തന്നെയത്.

ഒരു പ്രായശ്ചിത്തവുമല്ല,
ഈ പരിത്യാഗം;
അതൊരാത്മാരാധനം,
ആഴത്തിലുള്ളതും.

നിങ്ങളെ പ്രണയിക്കാൻ കടലിരമ്പിവരുമ്പോൾ
കഴുത്തു നീട്ടിക്കൊടുത്താട്ടേ!

പിന്നെയാകട്ടെന്നു വയ്ക്കരുതേ!
ഇതുപോലൊരുപഹാരം വേറെയുണ്ടോ?

എത്ര തിരഞ്ഞാലും കിട്ടില്ലിത്.

എന്തു കാരണമെന്നറിയില്ല,
ഒന്നാന്തരമൊരു പ്രാപ്പിടിയനിതാ,
നിങ്ങളുടെ ചുമലിൽ വന്നിരിയ്ക്കുന്നു,
നിങ്ങൾക്കു സ്വന്തവുമാകുന്നു.


94. അജ്ഞാതവെളിച്ചങ്ങള്‍


മുലകുടി മാറിയ കുട്ടി
അമ്മയെത്തന്നെ മറക്കുന്നു,
അതുമിതും തിന്നവൻ മുതിർക്കുന്നു.

വിത്തുകൾ നിലത്തിഴയുന്നതൊരുനാൾ,
രണ്ടു നാൾ;
പിന്നെയവ തല പൊന്തിക്കുന്നതു
സൂര്യനിലേക്കത്രേ.

അരിച്ചെടുത്തൊരീ വെളിച്ചം
നിങ്ങളുമൊന്നു നുകർന്നുനോക്കൂ;
ലോകത്തിന്റെ പൊന്ത വെട്ടി
അറിവിലേക്കുള്ള വഴി തെളിയ്ക്കൂ.

അജ്ഞാതവെളിച്ചങ്ങളെത്രയാണു
നിശാകാശത്തിൽ;
അവയ്ക്കൊപ്പം നിങ്ങളും ചേരൂ,
പേരു വീഴാത്തൊരു നക്ഷത്രമായി.


95. സ്വന്തം പ്രഹേളികയുടെ പൊരുളു തിരിയ്ക്കൂ…

പുലരി പിറക്കുന്ന മുഹൂർത്തമറിയാൻ
നേരത്തേ പിടഞ്ഞെഴുന്നേറ്റ വിദ്വാനാര്‌?
ദാഹിച്ചെത്തിയ ചോലയിൽ
ചന്ദ്രനെ കണ്ടുകിട്ടിയതാർക്ക്?
ശോകവും പ്രായവും കൊണ്ടന്ധനായ യാക്കോബിനെപ്പോലെ
കാണാതപോയ മകന്റെ കുപ്പായം മുത്തി
കാഴ്ച കിട്ടിയ പിതാവുമാര്‌?
കെട്ടിയിറക്കിയ തൊട്ടിയിൽ
ഒഴുകുന്ന പ്രവാചകനെ കോരിയെടുത്തതാര്‌?
മോശയെപ്പോലെ തീ തേടിപ്പോയി
ജ്വലിക്കുന്ന സൂര്യഹൃദയം കണ്ടു മടങ്ങിയതാര്‌?

ശത്രുക്കളെപ്പേടിച്ചൊരു കൂരയിൽ കേറിയൊളിച്ചവൻ യേശു,
അവൻ വാതിൽ തുറന്നതു മറ്റൊരു ലോകത്തേക്കത്രെ.
മീനറുക്കുമ്പോൾ ശലോമോൻ കണ്ടതു
പൊന്നിന്റെ മോതിരമത്രെ.
പ്രവാചകനെ കൊല്ലാൻ കുതിച്ചെത്തിയ ഉമർ
വരങ്ങൾ വാങ്ങി മടങ്ങിയത്രെ.
ഒരു മാനിന്റെ പിന്നാലെ പോകുന്നൊരാൾ
എത്തിപ്പെട്ടതതിരില്ലാത്തൊരിടത്തത്രെ.
ഒരു തുള്ളി വിഴുങ്ങാൻ വായ തുറന്ന ചിപ്പിയിൽ
പിന്നെ വിളഞ്ഞതു മുത്താണത്രെ.
നിലം പൊത്തിയ കോട്ടയ്ക്കുള്ളിലലഞ്ഞുനടന്ന തെണ്ടിയ്ക്ക്
കൈ നിറയെ നിധി കിട്ടിയത്രെ.

കഥകൾ കേട്ടു മയങ്ങേണ്ട,
അന്യർ കാര്യം നടത്തിയ പ്രകാരങ്ങൾ കേട്ടു തൃപ്തനുമാവേണ്ട:
സ്വന്തം പ്രഹേളികയുടെ പൊരുളു തിരിയ്ക്കൂ;
വ്യാഖ്യാനങ്ങളുടെ പൊന്തക്കാട്ടിൽ നിന്നു പുറത്തു വരൂ;
നിന്റെ ഹൃദയം ഞാൻ തുറക്കുന്നു-
ആ വചനം പോലെ ലളിതമാവട്ടെ നിന്റെ സത്യം.

എഴുന്നേറ്റു നടന്നാട്ടെ.
കാലുകൾ കുഴഞ്ഞോട്ടെ, ദേഹം തളർന്നോട്ടെ.
ഒരു മുഹൂർത്തം വരും:
നിങ്ങൾക്കു ചിറകു മുളയ്ക്കുന്നതു നിങ്ങളറിയും,
ഉടൽ നിലം വിടുന്നതു നിങ്ങളറിയും.


96. രണ്ടു കടകൾക്കുടമ

ഒളിയ്ക്കാനൊരു മാളം നോക്കി
ലോകത്തോടി നടക്കേണ്ട.
ഏതു ഗുഹയിലുമുണ്ടൊരു കാട്ടുജന്തു!
എലികളോടൊത്താണു വാസമെങ്കിൽ
പൂച്ചയുടെ നഖങ്ങളവിടെത്തേടിയെത്തും.
ദൈവത്തോടൊത്തേകാന്തത്തിലിരിക്കുമ്പോഴേ
നിങ്ങൾക്കിളവു കിട്ടുന്നുള്ളു.
നിങ്ങൾ പുറപ്പെട്ടുപോന്നൊരിടമില്ലേ,
എവിടെയുമല്ലാത്തൊരിടം?
അവിടെപ്പോയി താമസമാക്കൂ,
ഇവിടത്തെ മേൽവിലാസം വിട്ടേക്കൂ.
നോക്കുമ്പോൾ കാണുന്നതു
രണ്ടാകുന്നതുമതിനാൽ.
ചിലനേരം നിങ്ങളൊരാളെ നോക്കുമ്പോൾ
നിങ്ങൾ കാണുന്നതൊരു വിഷമൂർഖനെ.
വേറൊരാൾ കാണുന്നതുറ്റ ചങ്ങാതിയെ.
രണ്ടാൾക്കും പിശകിയിട്ടുമില്ല!
പാതിയതും പാതി മറ്റേതുമാണാളുകൾ,
പുള്ളി കുത്തിയ കാളയെപ്പോലെ.
ജ്യേഷ്ടന്മാർക്കു വിരൂപനായിരുന്നു ജോസഫ്,
അവന്റെ പിതാവിനോ, അത്ര സുന്ദരനും.
നിങ്ങൾക്കുണ്ടല്ലോ
അതീതത്തിൽ നിന്നു കാണുന്ന കണ്ണുകൾ,
ദൂരമളക്കുന്ന കണ്ണുകൾ,
ആഴവുമുയരവുമറിയുന്ന കണ്ണുകൾ.
നിങ്ങൾ രണ്ടു കടകൾ തുറന്നു വച്ചിരിക്കുന്നു,
അങ്ങോട്ടുമിങ്ങോട്ടുമോട്ടവുമാണു നിങ്ങൾ.
കെണി പോലെ പേടിപ്പിക്കുന്ന കടയടയ്ക്കൂ,
വിൽക്കാൻ ചൂണ്ടയില്ലാത്ത കട തുറന്നു വയ്ക്കൂ.
നീന്തിക്കളിയ്ക്കുന്ന മീനല്ലേ നിങ്ങൾ!


97. ബിസ്മി

പതുക്കെ നടക്കുക നിങ്ങൾക്കു ശീലം,
തീരാത്തൊരു വിരോധം
മനസ്സിൽ കൊണ്ടുനടക്കുന്നുമുണ്ട് നിങ്ങൾ.
ഇത്രയും കനപ്പെട്ടൊരാളെങ്ങനെയെളിമപ്പെടാൻ?
ഇത്രയും മാറാപ്പു പേറുന്നൊരാളെവിടെയെത്താൻ?

ഒരു രഹസ്യമറിയാനെങ്കിൽ
വായു പോലെ പരക്കുക.
ഇപ്പോൾ നിങ്ങൾ വെറും ചെളിയും വെള്ളവും,
പാതിയ്ക്കു പാതി.

എബ്രഹാമിനൊരിക്കൽ തിരിഞ്ഞു
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
എവിടെപ്പോയസ്തമിക്കുന്നുവെന്ന്;
അതിൽപ്പിന്നെ എബ്രഹാം പറഞ്ഞു,
ദൈവത്തിനു പങ്കാളികളുണ്ടെന്ന്
താൻ വിശ്വസിക്കുന്നില്ലയെന്ന്.

നിങ്ങളാകെ ബലം കെട്ടവൻ.
ദൈവവരത്തിനു കീഴ്പ്പെടെന്നേ.
കരയെത്തും വരെ
ഓരോ തിരയെയും കാക്കുന്നില്ലേ വൻകടൽ?
തനിക്കു വേണമെന്നു നിങ്ങൾ കരുതുന്നതിനെക്കാൾ
തുണ വേണം നിങ്ങൾക്ക്.

ബിസ്മി ചൊല്ലിയിട്ടല്ലേ
ആടിനെയറുക്കുക?
പഴയ നിങ്ങൾക്കൊരു ബിസ്മി ചൊല്ലുക,
നീങ്ങളുടെയസ്സൽപ്പേരു പുറത്തുവരട്ടെ.


98. മുടന്തനാട്


ആട്ടിൻപറ്റത്തെ കണ്ടിട്ടില്ലേ,
വെള്ളം കുടിയ്ക്കാൻ പോകുന്ന പോക്കിൽ?
പിന്നാലെ താങ്ങിത്തുങ്ങി നടക്കുന്നത്
ഒരു മുടന്തനാട്,
സ്വപ്നജീവിയുമാണവൻ.

മറ്റാടുകളുടെ മുഖം നോക്കൂ,
തങ്ങളുടെ സഹജീവിയെച്ചൊല്ലി
വ്യാകുലരാണവർ.

മടക്കത്തിലവരെ കണ്ടിട്ടുണ്ടോ?
ചിരിയും കളിയുമാണവർ.
അവരെ നയിക്കുന്നതു
മുടന്തനാടും.

അറിവിനു വഴികൾ പലതുണ്ട്.
മുടന്തനാടിന്റെ വഴിയെന്നാൽ
സാന്നിദ്ധ്യത്തിന്റെ വേരിലേക്കു കുനിയുന്ന
ചില്ല പോലെ.

മുടന്തനാടിനെക്കണ്ടു പഠിക്കൂ,
ആലയിലേക്കു കൂട്ടത്തെ നയിക്കൂ.


99. ഭയത്തിന്റെ സാദ്ധ്യതകൾ

എള്ളിൽ നിന്നെണ്ണ പോരട്ടേയെന്നു വച്ചിട്ടല്ല
ചക്കാലന്റെ കാള തിരിയുന്നത്;
പുറത്തു വീഴുന്ന ചാട്ടയിൽ നിന്നോടിമാറുകയാണവൻ.

അതേ കാരണം കൊണ്ടുതന്നെ
വണ്ടിക്കാള നിങ്ങളുടെ ചരക്കെടുത്തു
നിങ്ങൾക്കു വേണ്ടിടത്തെത്തിക്കുന്നതും.

കച്ചവടക്കാർ പീടിക തുറന്നുവയ്ക്കുന്നതു
സുമനസ്സുകളുടെ കൊള്ളക്കൊടുക്കയ്ക്കുമല്ല.

നാം നോക്കുന്നതു വേദനയൊന്നു കുറയ്ക്കാൻ,
അങ്ങനെ വേണം ലോകം മുന്നോട്ടു നീങ്ങാൻ.

ദൈവമേർപ്പാടാക്കിയ കങ്കാണിയത്രേ ഭീതി;
അവന്റെ ചാട്ട പേടിച്ചിട്ടത്രേ പെട്ടകം പണിയ്ക്കു നാം കൂടുന്നതും.

ആത്മാവു തകർന്ന പ്രളയങ്ങളെത്ര കടന്നുപോയി,
അത്ര പെട്ടകങ്ങളും അത്ര നോഹമാരും.

തിരയടങ്ങിയ കടവുകളാണു ചില മനുഷ്യജീവികൾ,
അവിടെപ്പോയി നങ്കൂരമിടൂ.

വേറേ ചിലരുമുണ്ട് ചങ്ങാത്തം കാട്ടുന്നവർ,
നിങ്ങളെ നക്കിക്കൊല്ലുന്ന കഴുതകളാണവർ.

ദൂരെ നില്ക്കട്ടെയവർ;
അന്യർക്കോടിക്കയറാനുള്ള വീണമരമാകരുതു നിങ്ങൾ.

ഭീതിയത്രേ ചിലനേരം
നിങ്ങളെ സാന്നിദ്ധ്യത്തിലെത്തിക്കുന്നതും.


100. ഉണ്ടെന്നുമില്ലെന്നുമല്ല


വരാനുള്ളൊരു പ്രളയത്തിൽ
നീന്തിത്തുടിക്കുകയാണു ഞാൻ.

പണിതിട്ടില്ലാത്ത കൽത്തുറുങ്കിൽ
ബന്ധനസ്ഥനാണു ഞാൻ.

ഒരു ഭാവിച്ചതുരംഗത്തിൽ
അടിയറവിന്നേ പറഞ്ഞു ഞാൻ.

ഇനിയും നുകരാത്ത നിന്നെ മോന്തി
തല നീരാതെയായി ഞാൻ.

എന്നോ പട നടന്ന പടനിലത്തിൽ
പണ്ടേ ജീവൻ വെടിഞ്ഞു ഞാൻ.

എനിക്കു പിടിയില്ല ചിന്തയും യാഥാർത്ഥ്യവും,
അവയുടെ വേർതിരിവും.

നിഴൽ പോലെ ഞാനില്ല,
ഇല്ലാതെയുമില്ല.



101. പൂർണ്ണതയുടെ വറവുചട്ടി

ജീവിതങ്ങളുടെ ദാതാവേ,
യുക്തിയിൽ നിന്നെന്നെ മോചിപ്പിക്കൂ!
ശൂന്യതയിൽ നിന്നു ശൂന്യതയിലേക്കതു
പാറിപ്പാറി നടക്കട്ടെ.
എന്റെ തലയോടുടച്ചെടുക്കൂ,
അതിലുന്മാദത്തിന്റെ മദിര പകരൂ.
നിന്നെപ്പോലുന്മാദിയാവട്ടെ ഞാൻ;
നിന്നാലുന്മത്തൻ, ജീവിതത്താലുന്മത്തൻ.
സ്വസ്ഥബുദ്ധിയുടെ മാമൂലിനും മാന്യതയ്ക്കുമപ്പുറം
അറിവുകളുടെ നടപ്പുദീനത്തിനുമപ്പുറം
ഒരു മണൽനിലമുണ്ടല്ലോ
വെളുവെളെക്കത്തുന്നതായി.
ആ വെളിച്ചത്തിന്റെ കണങ്ങളിൽ പമ്പരം കറങ്ങുന്നുമുണ്ടല്ലോ
നിന്റെയവധൂതസൂര്യൻ.
അവിടെയ്ക്കെന്നെ വലിച്ചെറിയൂ,
പരിപൂർണ്ണതയിൽക്കിടന്നു പൊരിയട്ടെ ഞാൻ!


102. കരിങ്കല്ലും ചില്ലുപാത്രവും


നീയൊരു കരിങ്കല്ച്ചീള്‌,
ഒഴിഞ്ഞ ചില്ലുപാത്രം ഞാൻ.
നാമടുക്കുമ്പോൾ എന്തുണ്ടാവുമെന്നു നിനക്കറിയാമേ!
ഉദിച്ചുയരുന്ന സൂര്യനെപ്പോലെ പൊട്ടിച്ചിരിക്കുന്നു നീ,
താൻ വിഴുങ്ങിയ നക്ഷത്രത്തോടാണു സൂര്യന്റെ ചിരി!

പ്രണയമെന്റെ നെഞ്ചു തുറക്കുമ്പോൾ
ചിന്ത ഏതോ കോണിൽപ്പോയൊളിക്കുന്നു.

ക്ഷമയും യുക്തിയും പടിയിറങ്ങിപ്പോകുന്നു.
പനിച്ചും പുലമ്പിയും വികാരം മാത്രം ശേഷിക്കുന്നു.

ഒഴിച്ചുകളഞ്ഞ കിട്ടം പോലെ
വഴിയിൽ കിടപ്പുണ്ടു ചിലർ.
എന്നിട്ടടുത്ത ദിവസമാകുമ്പോൾ
പുത്തനൂറ്റത്തോടെ അവർ പാഞ്ഞും പോകും.

പ്രണയമെന്നതേ യാഥാർത്ഥ്യം,
കവിതയതിന്റെ പെരുമ്പറയും.
കവിത മുഴങ്ങുമ്പോഴത്രേ
പ്രണയത്തിന്റെ മേളയ്ക്കു നാമൊത്തുചേരുന്നു.

താനൊറ്റയാണെന്ന പരിഭവം വേണ്ട!
പേടിച്ച ഭാഷയും ചീന്തിക്കളയൂ.

മേടയിൽ നിന്നിറങ്ങിവരട്ടെ പുരോഹിതൻ,
പിന്നയാൾ മടങ്ങാതെയും പോകട്ടെ!



103. മഹാരഥം

നിന്റെ മുഖം ഞാൻ കാണുമ്പോൾ
കല്ലുകൾ പമ്പരം തിരിയുന്നു!
നീ പ്രത്യക്ഷത്തിൽ വരുമ്പോൾ
പഠിപ്പുകളൊക്കെ തെണ്ടിപ്പോകുന്നു.
എനിക്കിരിപ്പിടവും പോകുന്നു.

ചോലയിൽ പളുങ്കുമണികളുരുളുന്നു.
തീനാളങ്ങൾ തവിഞ്ഞുതണുക്കുന്നു.

നിന്റെ സാന്നിദ്ധ്യത്തിലെനിക്കു വേണ്ട
എനിക്കു വേണമെന്നു ഞാൻ കരുതിയതൊന്നും.

സത്യവേദങ്ങൾ നിന്റെ മുഖത്തു
തുരുമ്പെടുത്ത കണ്ണാടികൾ പോലെ.

നീ നിശ്വസിക്കുമ്പോൾ
ഉരുവങ്ങൾ പുതുതുണ്ടാവുന്നു,
വസന്തം പോലെ നിസ്സീമമായൊരു
തൃഷ്ണയുടെ സംഗീതം
ഒരു മഹാരഥം പോലുരുണ്ടുതുടങ്ങുന്നു.

ഒന്നു പതുക്കെപ്പോകൂ.
കൂടെ നടക്കുന്ന ഞങ്ങളിൽച്ചിലർ
മുടന്തന്മാരുമാണേ!


104. വിട്ടുപോരുക


വിട്ടുപോരുക, സാവധാനം-
ഞാൻ പറഞ്ഞതിനൊക്കെ സാരം
ഇത്രമാത്രം.

ചോര കുടിച്ചുവളർന്ന ഭ്രൂണമായിരുന്നു
നിങ്ങളൊരുകാലം;
പിന്നെ നിങ്ങൾ പാലു കുടിയ്ക്കുന്ന ശിശുവായി,
അപ്പം ചവച്ചുതിന്നുന്ന കുട്ടിയായി,
സത്യാന്വേഷകനായി,
അതിലുമദൃശ്യമായ മൃഗങ്ങളെ നായാടാനും പോയി.

ഭ്രൂണത്തോടു സംഭാഷണം ചെയ്യുന്നതൊന്നോർത്തുനോക്കൂ.
നിങ്ങൾ പറയുകയാണ്‌,
‘എത്ര വിപുലമാണ്‌, സങ്കീർണ്ണമാണു പുറത്തെ ലോകം,
ഗോതമ്പുപാടങ്ങളുണ്ടവിടെ,
മലമ്പാതകളുണ്ടവിടെ,
പൂത്ത തോപ്പുകളുണ്ടവിടെ.
രാത്രിയിൽ കോടികളായ താരാപഥങ്ങൾ,
പകൽ കല്യാണവിരുന്നിൽ നൃത്തം ചെയ്യുന്നവരുടെ
മോഹനസൗന്ദര്യവും.’

കണ്ണും പൂട്ടി, ഇരുട്ടത്തടച്ചിരിക്കുന്നതെന്തിനെന്ന്
നിങ്ങൾ ഭ്രൂണത്തോടു ചോദിക്കുന്നു.
അതിന്റെ മറുപടി കേൾക്കു.
മറ്റൊരു ലോകമില്ലെന്നേ.
ഞാനനുഭവിച്ചതേ എനിക്കറിയൂ.
നിങ്ങൾക്കു മതിഭ്രമമാവണം.


അഭിപ്രായങ്ങളൊന്നുമില്ല: