2020, നവംബർ 19, വ്യാഴാഴ്‌ച

ബോദ്‌ലേർ - നിങ്ങൾക്കസൂയയായിരുന്നു...

 


ആ ദയാമയിയായ ആയയോടു നിങ്ങൾക്കസൂയയായിരുന്നു!
ഇന്നൊരെളിയ പുൽത്തട്ടിനടിയിലവരന്ത്യവിശ്രമം കൊള്ളുമ്പോൾ
ഒരു പിടി പൂവെങ്കിലും നാമവരുടെ കുഴിമാടത്തിലർപ്പിക്കേണ്ടേ?
മരിച്ചുമണ്ണടിഞ്ഞവർ, പാവങ്ങൾ, അവർക്കുമില്ലേ ശോകങ്ങൾ?
വൃദ്ധവൃക്ഷങ്ങളിലിലകൾ കോതാൻ ശരൽക്കാലമെത്തുമ്പോൾ,
തണുത്ത കാറ്റത്തവരുടെ തലക്കല്ലുകൾ വിറ കൊള്ളുമ്പോൾ
എത്ര കൃതഘ്നരാണു ജീവിച്ചിരിക്കുന്നവരെന്നു മരിച്ചവർക്കു തോന്നും:
ഊഷ്മളമായ മെത്തകളിൽ പുതഞ്ഞു സസുഖം നാമുറങ്ങുമ്പോൾ
പേടിക്കിനാവുകളുടെ കറുത്ത പാതകളിലവരലഞ്ഞുതളരുന്നു;
അവർക്കു ചൂടു പകരാനാരുമില്ല, സ്നേഹസല്ലാപത്തിനാരുമില്ല;
പുഴുക്കൾ കരണ്ടുതിന്നുന്ന തണുത്തുവെറുങ്ങലിച്ച എല്ലുകൂടങ്ങൾ-
കാലത്തിന്റെ മഞ്ഞുവീഴ്ചകളറിഞ്ഞും കൊണ്ടവർ കിടക്കുന്നു.
ആണ്ടുകളങ്ങനെ കടന്നുപോകുമ്പോൾ ഒരു കുടുംബക്കാരനുമില്ല,
ആ കുഴിമാടങ്ങളിൽ നിന്നു കരിഞ്ഞ പൂവുകളെടുത്തുമാറ്റാൻ.
ഇനിയൊരു രാത്രിയിൽ മുറിയിൽ തീയും കാഞ്ഞിരിക്കുമ്പോൾ
ചാരുകസേരയിൽ ചിന്താധീനയായി ഞാനവരെ കണ്ടുവെന്നിരിക്കട്ടെ;
അല്ലെങ്കിലൊരു തണുത്തു നീലിച്ച ഡിസംബർ രാത്രിയിൽ
മുറിയുടെ മൂലയ്ക്കൊതുങ്ങിനില്ക്കുന്നതായി,
(മുതിർന്നുപോയ തന്റെ കുട്ടിയെ ഒന്നു കാണാനുള്ള വെമ്പലോടെ
നിത്യനിദ്രയിൽ നിന്നവർ ഒരു നിമിഷത്തിനവധിയെടുത്തതാവാം)
കണ്ണുകളെന്ന കുഴികളിൽ നിന്നു കണ്ണീരടർന്നുവീഴുന്നതു കാണുമ്പോൾ
ആ വിശ്വസ്തഹൃദയത്തോടെനിക്കെന്തു പറയാനുണ്ടാവും?
(തിന്മയുടെ പൂക്കൾ)
--------------------------------------------------------------------

അമ്മയെ സംബോധന ചെയ്തുകൊണ്ടെഴുതിയത്. കുട്ടിക്കാലത്തു ബോദ്‌ലേറെ നോക്കിവളർത്തിയ മരീയെറ്റ് ആണ്‌ ‘ആ ദയാമയിയായ ആയ.’ തന്റെ ‘ഇന്റിമേറ്റ് ജേണലി’ൽ അദ്ദേഹം എഴുതുന്നുണ്ട്, തനിക്കു മാദ്ധ്യസ്ഥം പറയാൻ താൻ പ്രാർത്ഥിച്ചത് എഡ്ഗാർ ആലൻ പോ, മരീയെറ്റ് എന്നീ വിശുദ്ധരോടായിരുന്നുവെന്ന്.

അഭിപ്രായങ്ങളൊന്നുമില്ല: