നിങ്ങളുടെ സന്തോഷവും നിങ്ങളുടെ ശുപാർശയും ഇരിക്കെത്തന്നെ ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല എന്നാണെന്റെ പ്രതീക്ഷ. ഒരു യാത്രയുടേയോ ഒരു നടത്തയുടേയോ അന്ത്യത്തിൽ ഈ ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള മനുഷ്യജീവിയാണ് എന്നെ കാത്തിരിക്കുന്നതെന്നായാലും; പരവതാനി പട്ടിന്റേതും ജാലകത്തിരശ്ശീലകൾ പ്രഭാതമേഘങ്ങളുടേതുമാണെന്നായാലും; കസേരകളും സോഫകളും അരയന്നങ്ങളുടെ ഇളംതൂവലുകൾ കൊണ്ടു നിറച്ചതായാലും; കഴിക്കാൻ മന്നായും കുടിക്കാൻ ഫ്രെഞ്ച് വീഞ്ഞിലും മുന്തിയതുമാണുള്ളതെന്നായാലും; ജനാല തുറക്കുന്നത് വിനാൻഡെർ തടാകത്തിലേക്കായാലും- എന്നാലും എന്റെ ഏകാന്തതയുടെ ഉദാത്തത പോലതു സുന്ദരമായിരിക്കില്ല. ഞാനിപ്പോൾ വർണ്ണിച്ചതിനു പകരം എന്നെ വരവേല്ക്കുന്നതു മറ്റൊരുദാത്തതയാണ്- ഹുങ്കാരം മുഴക്കുന്ന കാറ്റാണെന്റെ ഭാര്യ, ജാലകച്ചില്ലിലൂടെത്തെളിയുന്ന നക്ഷത്രങ്ങളാണെന്റെ കുഞ്ഞുങ്ങൾ. സർവ്വതിലുമടങ്ങിയ സൗന്ദര്യത്തെക്കുറിച്ചുള്ള എന്റെ പ്രബലമായ അമൂർത്തസങ്കല്പം അതിനെക്കാൾ ശകലിതവും നിസ്സാരവുമായ കുടുംബസുഖത്തെ അമർത്തിവയ്ക്കുന്നു- ശാലീനയായ ഒരു ഭാര്യയും ഓമനകളായ കുഞ്ഞുങ്ങളും ആ സൗന്ദര്യത്തിന്റെ ഒരു ഭാഗമായിട്ടാണു ഞാൻ കാണുന്നത്. പക്ഷേ എന്റെ ഹൃദയം നിറയണമെങ്കിൽ ആ സൗന്ദര്യകണികകൾ ഒരായിരം എനിക്കു വേണം. എന്റെ ഭാവനാശക്തി ബലപ്പെടുന്നതിനോടൊപ്പം ഓരോ ദിവസവും എനിക്കു തോന്നുകയാണ്, ഈ ലോകത്തിൽ മാത്രമല്ല ഒരായിരം ലോകങ്ങളിലാണ് ഞാൻ ജീവിക്കുന്നതെന്ന്. ഞാൻ ഒറ്റയ്ക്കാകേണ്ട താമസം, ഐതിഹാസികമഹത്വമുള്ള രൂപങ്ങൾ എനിക്കു ചുറ്റും നിലയുറപ്പിക്കുന്നു, ഒരു രാജാവിന്റെ അംഗരക്ഷകർക്കു തുല്യമായ ഒരു പദവിയോടെ അവ എന്റെ ആത്മാവിനെ സേവിക്കുന്നു...ഞാൻ ഇതു നിങ്ങൾക്കെഴുതുന്നത് ഏറ്റവും ഉന്നതമായ ആനന്ദങ്ങളുടെ വിഹിതം എനിക്കു കിട്ടാതെപോകുന്നില്ലെന്നും ഒറ്റയ്ക്കാണെങ്കിലും ഏകാകിയല്ല ഞാനെന്നും നിങ്ങൾ അറിയാൻ വേണ്ടിയാണ്...
(1818 ഒക്ടോബറിൽ 23 വയസ്സുള്ള കീറ്റ്സ് സഹോദരൻ ജോർജ്ജിനും ഭാര്യ ജ്യോർജ്ജിനയ്ക്കും എഴുതിയ കത്തിൽ നിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ