2020, നവംബർ 3, ചൊവ്വാഴ്ച

ആൻ കാർസൺ - ഗദ്യകവിതകൾ

 ശരിപ്പെടുത്തൽ


കാഫ്ക തന്റെ വാച്ചിലെ സമയം എപ്പോഴും ഒന്നര മണിക്കൂർ കൂട്ടിവയ്ക്കാറുണ്ടായിരുന്നു. ഫെലിസ് അതെപ്പോഴും കൃത്യമാക്കിവയ്ക്കുകയും ചെയ്യും. എന്നാൽക്കൂടി അഞ്ചുകൊല്ലം അവർ വിവാഹത്തിന്റെ വക്കിലെത്തിയവരെപ്പോലെയായിരുന്നു. വിവാഹത്തിനനുകൂലമായും പ്രതികൂലവുമായുള്ള വാദങ്ങളുടെ ഒരു പട്ടിക കാഫ്ക തയ്യാറാക്കിയിരുന്നു; അതിൽ സ്വന്തം ജീവിതത്തിന്റെ പ്രഹരം ഒറ്റയ്ക്കു സഹിക്കാൻ കഴിയായ്കയും (അനുകൂലം) പത്തരയ്ക്ക് അച്ഛനമ്മമാരുടെ കിടക്കയിൽ അവരുടെ നിശാവസ്ത്രങ്ങളുടെ കാഴ്ചയും (പ്രതികൂലം) ഉൾപ്പെട്ടിരുന്നു. രക്തസ്രാവം അദ്ദേഹത്തെ രക്ഷിച്ചു. സംസാരിക്കരുതെന്ന് സാനിട്ടോറിയത്തിലെ ഡോക്ടർമാർ വിലക്കിയപ്പോൾ അദ്ദേഹം തറയിലെമ്പാടും കുപ്പിച്ചില്ലു പോലത്തെ വാചകങ്ങൾ ബാക്കിവച്ചു. അതിലൊന്ന് ഇങ്ങനെയായിരുന്നു: ഫെലിസിൽ കൂടിയ അളവിലുള്ള നഗ്നത ഇനിയും ബാക്കിയുണ്ട്.


(കാഫ്കയുടെ അവസാനത്തെ സാനിറ്റോറിയവാസത്തിൽ തനിക്കു പറയാനുള്ളത് കടലാസ്സുതുണ്ടുകളിൽ എഴുതിക്കാണിക്കുകയാണ്‌ അദ്ദേഹം ചെയ്തിരുന്നത്. ഗുളികയുടെ അംശങ്ങൾ കുപ്പിച്ചില്ലു പോലെ കഫത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നതിനെക്കുറിച്ച് അതിലൊന്നിൽ പറയുന്നുണ്ട്.)


പിന്നിലേക്കു നടക്കുന്നതിനെക്കുറിച്ച്


പിന്നിലേക്കു നടക്കരുതെന്ന് അമ്മ ഞങ്ങളെ വിലക്കിയിരുന്നു. മരിച്ചവരാണ്‌ അങ്ങനെ നടക്കുന്നത്, അമ്മ പറയും. അങ്ങനെയൊരാശയം അമ്മയ്ക്കെവിടുന്നു കിട്ടിയോ ആവോ? അതിനി വിവർത്തനത്തിലെ പിശകാണെന്നും വരാം. മരിച്ചവർ എന്തായാലും പിന്നിലേക്കല്ല നടക്കുന്നത്, അവർ നമ്മുടെ പിന്നിലാണു നടക്കുന്നത്. ശ്വാസകോശങ്ങളില്ലാത്തതിനാൽ അവർക്കു നമ്മളെ വിളിക്കാൻ പറ്റില്ല; എന്നാൽ നമ്മൾ തിരിഞ്ഞുനോക്കിയാൽ അതവർക്കു സന്തോഷമാവുകയും ചെയ്യും. സ്നേഹത്തിന്റെ ഇരകളാണവർ, അവരിൽ പലരും.

*

ആൻ കാർസൺ Anne Carson (ജനനം 1950) കനേഡിയൻ കവിയും എഴുത്തുകാരിയും. ക്ലാസ്സിക്കൽ ഗ്രീക്കിൽ നിന്നുള്ള വിവർത്തനങ്ങൾ (സാഫോ, യൂറിപ്പിഡീസ്) പ്രസിദ്ധമാണ്‌.



അഭിപ്രായങ്ങളൊന്നുമില്ല: