2020, നവംബർ 3, ചൊവ്വാഴ്ച

ബോദ്‌ലേർ - പുലർച്ചക്കൊരു മണിയ്ക്ക്

ഒടുവിൽ, ഒറ്റയ്ക്ക്‌! മടങ്ങാൻ വൈകിയ ചില വണ്ടികളുടെ തളർന്ന കടകടശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ഇനി കുറച്ചുനേരത്തേക്ക് ശാന്തതയല്ലെങ്കിൽ നിശ്ശബ്ദതയെങ്കിലും നമുക്കു പ്രതീക്ഷിക്കാം. ഒടുവിൽ! മനുഷ്യമുഖങ്ങളുടെ ദുർഭരണത്തിന്‌ അവസാനമായിരിക്കുന്നു; ഇനി എന്റെ വക ദുരിതങ്ങളേ എനിക്കനുഭവിക്കാനുള്ളു.

ഒടുവിൽ! ഇനിയെനിക്ക് ഇരുട്ടിന്റെ കുളിത്തൊട്ടിയിൽ കിടന്നൊന്നു തളർച്ച മാറ്റാമെന്നായിരിക്കുന്നു! എന്നാൽ അതിനു മുമ്പ് ഞാൻ വാതിലൊന്നു താഴിട്ടു പൂട്ടട്ടെ. താഴു വീഴുന്ന ആ ശബ്ദം എന്റെ ഏകാന്തതയുടെ കനം കൂട്ടുന്നപോലെയും പുറംലോകത്തു നിന്ന് എന്നെ വേർപെടുത്തുന്ന കന്മതിൽ ബലപ്പെടുത്തുന്നപോലെയുമാണ്‌ എനിക്കു തോന്നുന്നത്.

അസഹ്യമായ ജീവിതം! അസഹ്യമായ നഗരം! ഇന്നുണ്ടായ സംഭവങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്നു തിരിഞ്ഞുനോക്കാം: കുറേ സാഹിത്യകാരന്മാരെ കണ്ടു; അവരിൽ ഒരാൾക്ക് ഞാൻ റഷ്യയിലേക്ക് കരമാർഗ്ഗമുള്ള വഴി പറഞ്ഞുകൊടുക്കണമത്രെ (റഷ്യ ഏതോ ദ്വീപാണെന്നായിരിക്കും ആൾ കരുതിയിരിക്കുക.); ഒരു മാസികയുടെ  പത്രാധിപരുമായി ശ്വാസം വിടാതെനിന്നു തർക്കിച്ചു; എന്റെ ഓരോ തടസ്സവാദത്തിനും അയാളുടെ മറുപടി “ഞങ്ങൾക്കു മാന്യത നോക്കാതെ പറ്റില്ല” എന്നായിരുന്നു; അതിനർത്ഥം മറ്റു മാസികകൾ നടത്തുന്നത് തെമ്മാടികൾ ആണെന്നായിരിക്കുമല്ലോ; ഒരിരുപതു പേരുടെ അഭിവാദനങ്ങൾക്ക് പ്രത്യഭിവാദനം ചെയ്തു; അതിൽ പതിനഞ്ചുപേരും എനിക്കു കേട്ടുപരിചയം പോലുമില്ലാത്തവർ ആയിരുന്നു; അതേ അനുപാതത്തിൽത്തന്നെ ഹസ്തദാനങ്ങളും നടത്തി, അതും ഒരു കയ്യുറയുടെ കരുതൽ പോലുമില്ലാതെ; മഴ ചാറിയ നേരത്ത് സമയം കളയാൻ വേണ്ടി ഒരു നൃത്തക്കാരിയെ കാണാൻ പോയി; അവൾക്കു ഞാൻ “വീ-നിസ്സി”ന്റെ ഭാഗം അഭിനയിക്കാൻ ഒരു വേഷം ഡിസൈൻ ചെയ്തുകൊടുക്കണമത്രെ; കുറേനേരം ഒരു നാടകസംവിധായകന്റെ പിന്നാലെ തൂങ്ങിനടന്നു; എന്നെ ഒഴിവാക്കാൻ വേണ്ടി അയാൾ പറയുകയാണ്‌: “താൻ ഒന്ന് ‘ഇസെഡി’നെ പോയിക്കാണൂ; എന്റെ നാടകമെഴുത്തുകാരിൽ ഏറ്റവും മന്ദനും ഏറ്റവും മൂഢനും ഏറ്റവും പ്രശസ്തനും അയാളാണ്‌; അയാളോടൊട്ടിനടന്നാൽ തനിക്കെന്തെങ്കിലുമൊക്കെ ആകാം; അയാളെ കണ്ടിട്ടു വാ, എന്നിട്ടു നമുക്കു നോക്കാം;” ചെയ്തിട്ടേയില്ലാത്ത ചില കന്നത്തങ്ങൾ ചെയ്തതായി ഞാൻ വീരവാദം മുഴക്കി (എന്തിന്‌?); രസിച്ചുചെയ്ത വേറേ ചില മര്യാദകേടുകൾ ഒരു ഭീരുവിനെപ്പോലെ ഞാൻ നിഷേധിക്കുകയും ചെയ്തു- ഞെളിഞ്ഞുനിന്നുകൊണ്ടുള്ള വീമ്പു പറച്ചിൽ, മനുഷ്യാന്തസ്സിനെതിരെയുള്ള അപരാധം; ഒരു സുഹൃത്തിന്‌ നിഷ്‌പ്രയാസം ചെയ്തുകൊടുക്കാമായിരുന്ന ഒരു സഹായം ചെയ്യാൻ ഞാൻ മിനക്കെട്ടില്ല; അതേ സമയം ഒരൊന്നാന്തരം പോക്കിരിക്ക് ഒരു ശുപാർശക്കത്തുതന്നെ എഴുതിക്കൊടുക്കുകയും ചെയ്തു. ഹൊ, ഇത്രയൊക്കെപ്പോരേ!

സകലതും വെറുത്ത, എന്നെത്തന്നെ വെറുത്ത ഞാൻ ഈ രാത്രിയുടെ ഏകാന്തതയിലും നിശ്ശബ്ദതയിലും സ്വയമൊന്നു വീണ്ടെടുക്കട്ടെ, നഷ്ടമായ ആത്മാഭിമാനം അല്പമെങ്കിലും കണ്ടെടുക്കട്ടെ. ഞാൻ സ്നേഹിച്ചവരുടെ ആത്മാക്കളേ, ഞാൻ കവിതകളിൽ ആഘോഷിച്ചവരുടെ ആത്മാക്കളേ, എനിക്കു ബലം തരൂ, എന്നെ താങ്ങിനിർത്തൂ, ഈ ലോകത്തിന്റെ നുണകളിലും ദുഷിച്ച വായുവിലും നിന്നെന്നെ അകറ്റിനിർത്തൂ; ദൈവം തമ്പുരാനേ, മനോഹരമായ ചില വരികളെഴുതാനുള്ള അനുഗ്രഹം എനിക്കു തരേണമേ; മനുഷ്യർക്കിടയിൽ ഏറ്റവും താഴ്ന്നവനല്ല ഞാനെന്ന്, ഞാൻ വെറുക്കുന്നവരെക്കാൾ അധമനല്ല ഞാനെന്ന് അങ്ങനെ ഞാൻ എന്നെത്തന്നെ ബോദ്ധ്യപ്പെടുത്തട്ടെ.

*

അഭിപ്രായങ്ങളൊന്നുമില്ല: