2020, നവംബർ 16, തിങ്കളാഴ്‌ച

ബോദ്‌ലേർ - അന്തിവെളിച്ചം


പകൽ മായുന്നു. ഒരു പകലത്തെ അദ്ധ്വാനം കൊണ്ടു തളർന്ന സാധുക്കളായ ആത്മാക്കൾക്കു മേൽ വലിയൊരു സമാധാനം വന്നിറങ്ങുന്നു; അവരുടെ ചിന്തകളിലിപ്പോൾ അന്തിവെളിച്ചത്തിന്റെ ലോലവും സന്ദിഗ്ധവുമായ നിറങ്ങൾ പടരുകയും ചെയ്യുന്നു.

ഈ സമയത്താണു പക്ഷേ, മലമുകളിൽ നിന്ന്, ഉന്നതവും സുതാര്യവുമായ സാന്ധ്യമേഘങ്ങൾക്കിടയിലൂടെ വലിയൊരു ഓരിയിടൽ എന്റെ വരാന്തയിലേക്കെത്തുന്നത്; അത്രയും ദൂരം താണ്ടി അപസ്വരങ്ങളുടെ ആ കലാപം എന്റെ കാതുകളിലേക്കെത്തുന്നത് ഒരു ദാരുണസംഗീതം പോലെയാണ്‌- വേലിയേറ്റം പോലെ, ഉരുണ്ടുകൂടുന്ന കൊടുങ്കാറ്റു പോലെ.

സായാഹ്നം സാന്ത്വനമണയ്ക്കാത്ത ആ ഭാഗ്യദോഷികൾ ആരാവാം? കൂമന്മാരെപ്പോലെ പിശാചുമായി സങ്കേതം കുറിയ്ക്കാനുള്ള മുഹൂർത്തമായി സന്ധ്യ മാറുന്നതാർക്കായിരിക്കാം? പൈശാചികമായ ആ കുരവയിടൽ നമ്മിലേക്കെത്തുന്നത് മലമുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആ ഭ്രാന്താലയത്തിൽ നിന്നാണ്‌; സന്ധ്യക്ക് ഞാൻ ഒരു ചുരുട്ടും പുകച്ചുകൊണ്ട്, വീടുകൾ എറിച്ചുനില്ക്കുന്ന വിശാലവും വിശ്രാന്തവുമായ താഴ്വാരത്തെ നോക്കി ഓരോന്നോർക്കുമ്പോൾ (ഓരോ ജനാലയും വിളിച്ചുപറയുകയാണ്‌, “ഇവിടെയിപ്പോൾ സമാധാനമുണ്ട്; ഇവിടെയൊരു സന്തുഷ്ടകുടുംബമുണ്ട്!”) ഞെട്ടിത്തെറിക്കുന്ന എന്റെ ചിന്തകളെ താരാട്ടാൻ ആ നരകസംഗീതത്തിൻ്റെ അനുകരണത്തിനു കഴിയുന്നുണ്ട്.

സന്ധ്യ ഭ്രാന്തന്മാരുടെ മനസ്സിളക്കുന്നു.- ഇരുളു വീഴുമ്പോൾ ആകെ സ്വസ്ഥത കെട്ടിരുന്ന എന്റെ രണ്ടു സ്നേഹിതന്മാരുടെ കാര്യം ഞാനോർക്കുന്നു. ഒരാൾ സൗഹൃദത്തിന്റെയും മര്യാദയുടേയും ഏതു ചേഷ്ടയേയും ദുർവ്വ്യാഖ്യാനം ചെയ്യുകയും ആദ്യം മുന്നിൽ വരുന്നയാൾക്കു മേൽ കാട്ടാളനെപ്പോലെ എടുത്തുചാടുകയും ചെയ്യുമായിരുന്നു. ഒരിക്കലയാൾ ഒന്നാന്തരം പൊരിച്ച കോഴിയെടുത്ത് വെയ്റ്ററുടെ നേർക്കെറിയുന്നതു ഞാൻ കണ്ടു; തന്നെ അധിക്ഷേപിക്കുന്ന എന്തോ ഗൂഢലിപി അയാളതിൽ വായിച്ചെടുക്കുകയായിരുന്നു. ഗഹനാനന്ദങ്ങളുടെ പൂർവ്വഗാമിയായ സന്ധ്യ ഈ മനുഷ്യന്റെ കാര്യത്തിൽ പക്ഷേ, ഏറ്റവും രസനീയമായ സംഗതികളെപ്പോലും തുലച്ചുകളയുകയായിരുന്നു.

മറ്റേയാൾ, എന്തൊക്കെയോ എത്തിപ്പിടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഒരാൾ, പകൽവെളിച്ചം താഴുന്നതോടെ കൂടുതൽ വിഷാദിയും ദുർമ്മുഖനും വഴക്കാളിയുമാകാൻ തുടങ്ങും. പകൽസമയത്ത് ആരുടേയും ഹിതാനുവർത്തിയും സ്നേഹിതനുമായ ഒരാൾ രാത്രിയാവുന്നതോടെ കണ്ണിൽ ചോരയില്ലാത്ത ദുഷ്ടനായി മാറുകയാണ്‌; അന്യരെ മാത്രമല്ല, തന്നെത്തന്നെയും അയാൾ തന്റെ ഉന്മാദത്തിന്റെ രോഷത്തിനിരയാക്കിയിരുന്നു. 

ആദ്യത്തെയാൾ തന്റെ ഭാര്യയേയും കുഞ്ഞിനേയും കൂടി തിരിച്ചറിയാനാകാതെ ഭ്രാന്തെടുത്തു മരിച്ചു. രണ്ടാമത്തെയാളാകട്ടെ, തീരാത്ത അശാന്തിയും ഉത്കണ്ഠയും ഇപ്പോഴും മനസ്സിൽ പേറിനടക്കുന്നു; ഇനിയെന്തൊക്കെ കീർത്തിമുദ്രകൾ രാഷ്ട്രത്തലവന്മാരും രാജാക്കന്മാരും അയാൾക്കു ചാർത്തിക്കൊടുത്താലും ഭാവനയിലെ ബഹുമതികൾക്കായുള്ള അയാളുടെ തൃഷ്ണയ്ക്ക് സന്ധ്യ തിരി കൊളുത്തുമെന്നാണ്‌ എന്റെ വിശ്വാസം. അവരുടെ മനസ്സുകളെ ഇരുളടച്ചതാക്കുന്ന അതേ രാത്രി തന്നെ എന്റെ മനസ്സിനെ പ്രദീപ്തമാക്കുന്നു; ഒരേ കാരണത്തിൽ നിന്ന് വിരുദ്ധഫലങ്ങൾ ഉണ്ടാകുന്നത് അപൂർവ്വമല്ലെങ്കില്ക്കൂടി എനിക്കത് വല്ലാത്തൊരു നിഗൂഢതായി തോന്നുന്നു, ഒപ്പം അതെന്നെ ഉത്കണ്ഠാകുലനാക്കുകയും ചെയ്യുന്നു.

രാത്രീ! നവോന്മേഷം പകരുന്ന ഇരുളേ! എനിക്കു നീ എന്റെ അന്തരംഗത്തിലെ ഉത്സവവേളയുടെ സൂചകം! മനോവ്യഥയിൽ നിന്നെന്നെ കൈപിടിച്ചുകയറ്റുന്നവൾ! താഴ്വരയിലെ ഏകാന്തതയിൽ, മഹാനഗരങ്ങളിലെ ശിലാമയകുടിലദുർഗ്ഗങ്ങളിൽ, നീ, നക്ഷത്രദീപ്തികളും തെരുവുവിളക്കുകളുടെ സ്ഫോടനങ്ങളുമായവളേ, സ്വാതന്ത്ര്യമെന്ന ദേവിയുടെ ദീപക്കാഴ്ച്ചയാണു നീ!

സന്ധ്യേ, എത്ര സൗമ്യയും ലോലയുമാണു നീ! വിജേതാവായ രാത്രി കീഴടക്കിയ പകലിന്റെ പ്രാണവേദന പോലെ ചക്രവാളത്തിൽ മായാതെനില്ക്കുന്ന പാടലദീപ്തി, അസ്തമയസൂര്യന്റെ അന്ത്യപ്രതാപത്തിനു മേൽ ചെന്നിറം ചാമ്പുന്ന കവരവിളക്കുകളുടെ ജ്വാലകൾ, കിഴക്കിന്റെ ആഴങ്ങളിൽ ഒരദൃശ്യഹസ്തം വലിച്ചിടുന്ന കനത്ത വർണ്ണത്തിരശ്ശീലകൾ- ജീവിതത്തിന്റെ പ്രശാന്തഗംഭീരമായ മുഹൂർത്തങ്ങളിൽ ഒരു മനുഷ്യന്റെ ഹൃദയത്തിൽ പരസ്പരം പോരടിക്കുന്ന സങ്കീർണ്ണവികാരങ്ങളുടെ പ്രതിഫലനമാണവ.

ഇനിയഥവാ, ഒരു നർത്തകി എടുത്തണിയുന്ന വിചിത്രവേഷങ്ങളിൽ ഒന്നാണതെന്നും പറയാം: ഇരുളടഞ്ഞ വർത്തമാനകാലത്തെ തുളച്ചു പുറത്തു കാണുന്ന മധുരമായൊരു ഭൂതകാലം പോലെ, സുതാര്യമായ മേലാടയ്ക്കടിയിൽ മങ്ങിക്കാണുന്ന, ഒരുകാലത്തുജ്ജ്വലമായിരുന്ന ഒരു വർണ്ണപ്പാവാട; അതിൽ മിന്നിത്തെളിയുന്ന വെള്ളിനക്ഷത്രങ്ങളും സ്വർണ്ണനക്ഷത്രങ്ങളുമാവട്ടെ, രാത്രിയുടെ ഗഹനശോകത്തിൽ മാത്രം ആളിക്കത്തുന്ന വിചിത്രഭാവനകളുടെ അഗ്നിനാളങ്ങളുടെ പ്രതീകവുമാണ്‌.


അഭിപ്രായങ്ങളൊന്നുമില്ല: