ധൂർത്തയായ മണ്ണിനെയല്ല,
വേരുകൾക്കു തള്ളയായ
തേവിടിശ്ശിയെയല്ല,
പഴവും കിളിയും
ചെളിയും ഒഴുകുന്ന ചോലകളും
നിറഞ്ഞ ധാരാളിയെയല്ല,
ഗൗളികൾക്കു സ്വദേശത്തെയല്ല,
കതിർക്കിരീടം വച്ച
പോർമുലക്കാരി സുൽത്താനയെയല്ല,
കാട്ടുപൂച്ചയുടെ
ഈറ്റില്ലത്തെയല്ല,
കൊഴുവോടിയ മണ്ണിനെയല്ല,
പാട്ടും പാടി
പുലരിയെ എതിരേൽക്കാൻ
നോറ്റിരിക്കുന്ന
കുഞ്ഞിക്കൂടുകൾ പോലത്തെ
വിത്തുകൾ
ഗർഭത്തിൽപ്പേറുന്നവളെയല്ല,
അല്ല,
ഞാൻ സ്തുതിക്കുന്നതു
ധാതുക്കളുടെ ഭൂമിയെ,
ആൻഡീസിലെ പാറയെ,
ചാന്ദ്രമരുഭൂവിലെ
കൊടുംവടുവിനെ,
അതിരറ്റ ലവണപ്പരപ്പിനെ,
എന്റെ സങ്കീർത്തനം
ഇരുമ്പിന്,
വെടിച്ചും പൊടി പിടിച്ചും
തന്റെ ഭൂമിശാസ്ത്രത്തിൽ നിന്നു
പുറമേയ്ക്കു വരുന്ന
ചെമ്പയിരിന്റെ സിരകൾക്ക്.
മണ്ണേ,
കടുപ്പക്കാരിയമ്മേ,
കുഴിച്ചിട്ട ലോഹങ്ങൾ
നീയൊളിപ്പിച്ചതിവിടെ,
ഞങ്ങളവ
തോണ്ടിപ്പുറത്തിട്ടതിവിടെ,
പിന്നെ മനുഷ്യന്മാർ,
ഒരു പെഡ്രോ,
ഒരു റോഡ്രിഗ്സ്, ഒരു റാമിറെസ്
തീയിൽ വീണ്ടെടുക്കുന്നു
അവയുടെ ആദിവെളിച്ചം,
ദ്രവലാവ,
പിന്നെ മണ്ണേ,
നിന്നെപ്പോൽ കടുത്ത
ചണ്ഡലോഹം
എന്റെയമ്മാവന്റെ
ബലത്ത കൊച്ചുകൈകൾക്കു
വഴങ്ങുന്നു ,
കമ്പിയോ ലാടമോ
കപ്പലോ തീവണ്ടിയെഞ്ചിനോ
പള്ളിക്കൂടത്തിന്റെ എല്ലുകൂടമോ
വെടിയുണ്ടയുടെ വേഗമോ ആകുന്നു.
വരണ്ട മണ്ണേ,
ആയുർരേഖയില്ലാത്ത കൈപ്പടമേ,
നിനക്കായി ഞാൻ പാടുന്നു,
കിളി പാടാത്ത,
പനിനീർപ്പൂ വിരിയാത്ത,
പുഴയൊഴുകാത്ത,
വരണ്ടുറച്ചു മൂകമായ ഇവിടെ
കറുത്ത നക്ഷത്രമേ,
ശത്രുവിന്റെ മുഷ്ടീ,
നിനക്കായി ഞാൻ പാടുന്നു,
എന്തെന്നാൽ
മനുഷ്യൻ നിന്നിൽ വിതയ്ക്കുമല്ലോ,
അവൻ നിന്നെ പേറിയ്ക്കുമല്ലോ,
അവൻ നിന്റെ ഗർഭപാത്രം പുറത്തെടുക്കുമല്ലോ,
നിന്റെ ഗൂഢപാത്രത്തിലേക്കവൻ തന്റെ
വിചിത്രരശ്മികൾ പായിക്കുമല്ലോ,
മരുപ്പറമ്പേ,
നേർവരയുടെ ശുദ്ധതേ,
എന്റെ പാട്ടിന്റെ ശീലുകൾ നിനക്ക്,
മയക്കത്തിലാണിപ്പോൾ നീയെങ്കിലും
ഡൈനമിറ്റിന്റെ ചമ്മട്ടി
നിന്നെ കുലുക്കിയുണർത്തും,
ലോഹങ്ങൾ മാനത്തേക്കു കുതിക്കുമ്പോൾ
ചോരച്ച പുകയുടെ പീലി വിരിയും,
ഒരു പിറവിയ്ക്കതു നാന്ദി കുറിയ്ക്കും.
മണ്ണേ,
എനിക്കു ഹിതം
മണലും ചെളിയുമായ നിന്നെ,
നീയെന്നെ രൂപപ്പെടുത്തിയ പോലെ
നിന്നെ കൈയിലെടുത്ത്
ഞാനും നിന്നെ രൂപപ്പെടുത്തുന്നു,
മോചിതനായി,
എല്ലാമടക്കുന്ന നിന്റെ ഗർഭപാത്രത്തിലേക്കു
ഞാൻ മടങ്ങുമ്പോൾ
എന്റെ വിരലുകളിൽ നിന്നു നീ
ഊർന്നുപോകുന്നു.
സുഷിരങ്ങൾ നിറഞ്ഞ പതക്കമേ,
കളിമൺകുടമേ,
പൊടുന്നനേ നിൻ്റെ വടിവുകളാകെ
ഞാൻ പുണരുമ്പോലെനിക്കു തോന്നുന്നു,
നിന്റെ മേലെന്റെ വിരലോടുമ്പോൾ
ഞാൻ തേടുന്നതു ഞാൻ പ്രേമിക്കുന്നവളുടെ
ജഘനങ്ങൾ,
കുഞ്ഞുമുലകൾ,
വെയിൽച്ചൂടേറ്റ,
മിനുസപ്പെട്ടൊരു ധാന്യമണി പോലെ
തെന്നൽ,
നിന്നോടു പറ്റിച്ചേർന്നുകിടക്കുന്നു
ഞാൻ മണ്ണേ,
നിന്നരികത്തു കിടന്നു
ഞാനുറങ്ങുന്നു,
നിന്റെയരക്കെട്ടിനെ താലോലിക്കുന്നു
എന്റെ കൈകളും ചുണ്ടുകളും,
ചുടുന്ന ചുംബനങ്ങൾ നിന്റെ മേൽ വിതച്ചു
നിന്റെയരികത്തു ഞാൻ കിടക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ