2020, ഡിസംബർ 14, തിങ്കളാഴ്‌ച

ബോദ്‌ലേർ - പാവങ്ങളെ തല്ലുക!

രണ്ടാഴ്ച്ചയോളം ഞാൻ പുറത്തിറങ്ങാൻ പറ്റാതെ കിടപ്പിലായിരുന്നു; അക്കാലത്തു ഫാഷനായിരുന്ന (പതിനാറോ പഴിനേഴോ കൊല്ലം മുമ്പത്തെ കാര്യമാണ്‌)* ചില പുസ്തകങ്ങളായിരുന്നു എനിക്കു ചുറ്റും; എന്നു പറഞ്ഞാൽ, ഇരുപത്തിനാലു മണിക്കൂർ കൊണ്ട് സകലരേയും സന്തോഷവാന്മാരും ബുദ്ധിമാന്മാരും പണക്കാരുമാകാനുള്ള വിദ്യ പഠിപ്പിക്കുന്നതരം പുസ്തകങ്ങൾ. അത്രയും പൊതുജനസുഖസംരംഭകരുടെ- അടിമകളാവാൻ പാവപ്പെട്ടവരെ ഉപദേശിക്കുന്നവർ മുതൽ സിംഹാസനം നഷ്ടപ്പെട്ട രാജാക്കന്മാരാണവരെന്ന് അവരെ പറഞ്ഞുവിശ്വസിപ്പിക്കുന്നവർ വരെ ആ കൂട്ടത്തിലുണ്ട്- പാണ്ഡിത്യശ്രമങ്ങൾ ആ ദിവസങ്ങൾ കൊണ്ട് ഞാൻ അരച്ചുകലക്കിക്കുടിച്ചു; അല്ലെങ്കിൽ വെള്ളം തൊടാതെ വിഴുങ്ങി എന്നും പറയാം. ബുദ്ധി മന്ദിച്ച ഒരവസ്ഥയിലായിരുന്നു ഞാനെന്നു പറഞ്ഞാൽ നിങ്ങൾക്കിനി അത്ഭുതം തോന്നുകയില്ലല്ലോ.

എന്നാലും എന്റെ ബോധത്തിന്റെ ഉള്ളറകളിലെവിടെയോ ഒരാശയത്തിന്റെ അവ്യക്തബീജം പുറത്തുവരാനാവാതെ കിടപ്പുണ്ടെന്ന് എനിക്കൊരു തോന്നലുണ്ടായി; ഞാൻ അക്കാലത്തു വായിച്ച വിജ്ഞാനഭണ്ഡാഗാരങ്ങളിൽ സമാഹരിക്കപ്പെട്ട സകല അമ്മൂമ്മക്കഥകളെക്കാളും ശ്രേഷ്ഠമായ ഒന്ന്. പക്ഷേ തികച്ചും കേവലമായ ഒരാശയം മാത്രമാണത്, ഇന്നതെന്നു പറയാൻ ഒന്നുമില്ല.

ദാഹം കൊണ്ടു പൊരിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി. മോശം പുസ്തകങ്ങൾ ആർത്തി പിടിച്ചു വായിക്കുന്ന ഒരാൾക്ക് അതേ അളവിൽ ശുദ്ധവായുവും തണുത്ത വെള്ളവും വേണമെന്നുമുണ്ടല്ലോ.

ഞാൻ ഒരു മദ്യശാലയിലേക്കു കയറാൻ തുടങ്ങുമ്പോൾ ഒരു ഭിക്ഷക്കാരൻ തൊപ്പിയെടുത്ത് എന്റെ നേർക്കു നീട്ടി; അയാളുടെ ആ നോട്ടം ഞാൻ ഒരിക്കലും മറക്കില്ല; മനസ്സിന്‌ വസ്തുക്കളെ ചലിപ്പിക്കാൻ കഴിയുമെങ്കിൽ, ഒരു ഹിപ്നോട്ടിസ്റ്റിന്റെ കണ്ണുകൾക്ക് മുന്തിരിപ്പഴങ്ങൾ വിളയിക്കാൻ കഴിയുമെങ്കിൽ* ആ നോട്ടത്തിന്‌ സിംഹാസങ്ങളെ മറിച്ചിടാനും കഴിയും. 

ഈ സമയത്തു തന്നെ ഒരു സ്വരം എന്റെ കാതിൽ മന്ത്രിക്കുന്നതു ഞാൻ കേട്ടു; എനിക്കു നല്ല പരിചയമുള്ള ഒരു ശബ്ദം; എപ്പോഴും എന്നോടൊപ്പമുള്ള ഒരു മാലാഖയുടെ, അല്ലെങ്കിൽ ഒരു നല്ല ഭൂതത്തിന്റെ ശബ്ദമാണത്. സോക്രട്ടീസിന്‌ ഒരു നല്ല ഭൂതമുണ്ടാവാമെങ്കിൽ എനിക്കും എന്തുകൊണ്ടൊരു നല്ല മാലാഖ ഉണ്ടായിക്കൂടാ? സോക്രട്ടീസിനെപ്പോലെ എനിക്കും എന്തുകൊണ്ടു സമ്പാദിച്ചുകൂടാ, സൂക്ഷ്മബുദ്ധിയായ ലെലുറ്റും പണ്ഡിതനായ ബൈലാർജറും* ഒപ്പിട്ട ഒരു സാക്ഷ്യപത്രം, സ്വന്തം ഭ്രാന്തിന്‌?

എന്നാൽ സോക്രട്ടീസിന്റെ ഭൂതവും എന്റേതും തമ്മിൽ കാര്യമായ ഒരു വ്യത്യാസമുണ്ടായിരുന്നു: വിലക്കാനും മുന്നറിയിപ്പു നല്കാനും തടയാനുമാണ്‌ അദ്ദേഹത്തിന്റെ ഭൂതം പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ, ദാക്ഷിണ്യത്തോടെ ഉപദേശിക്കാനും നിർദ്ദേശിക്കാനും പ്രേരിപ്പിക്കാനുമാണ്‌ എന്റെ ഭൂതത്തിന്റെ വരവ്. പാവം സോക്രട്ടീസിന്റേത് തടുക്കുന്ന ഭൂതമായിരുന്നു; എന്റേതാകട്ടെ, ഇളക്കിവിടുന്നവനായിരുന്നു, കർമ്മോത്സുകതയുടെ, എതിരിടലിന്റെ ഭൂതമായിരുന്നു.

ആ ഭൂതം എന്റെ ചെവിയിൽ മന്ത്രിച്ചതെന്താണെന്നോ: “ഒരുവൻ മറ്റൊരുവനു തുല്യനാകണമെങ്കിൽ അവൻ അതു തെളിയിച്ചിരിക്കണം; സ്വാതന്ത്ര്യത്തെ കൈക്കലാക്കാൻ അറിയുന്നവനല്ലാതെ മറ്റാരും അതിനർഹനുമല്ല.”

അടുത്ത നിമിഷം ഞാൻ ആ ഭിക്ഷക്കാരന്റെ മേൽ ചാടിവീണു. ഒറ്റയടിക്ക് ഞാൻ അയാളുടെ ഒരു കണ്ണു കലക്കി; ഒരു പന്തു പോലെ അതു വീർത്തുകിടന്നു. അയാളുടെ രണ്ടു പല്ലുകൾ അടിച്ചുകൊഴിച്ചപ്പോൾ എന്റെ ഒരു വിരലിന്റെ നഖം പൊട്ടി. സ്വന്തം കരുത്തിനെക്കുറിച്ച് വലിയ അഭിപ്രായമില്ലാത്തതിനാൽ- ഞാൻ ഒരല്പപ്രാണിയായിരുന്നു, മുഷ്ടിയുദ്ധത്തിൽ പരിശീലനവുമില്ല-  കഴിയും വേഗം കിഴവനെ കീഴ്പ്പെടുത്തണമെന്ന വാശിയോടെ ഒരു കൈ കൊണ്ട് അയാളുടെ കോളറിനും മറ്റേക്കൈ കൊണ്ട് കഴുത്തിനും പിടിച്ച് ഞാൻ അയാളുടെ തല ചുമരിനോടു ചേർത്തുവച്ചിടിച്ചു. ഇതൊക്കെ ചെയ്യുന്നതിനു മുമ്പ് ഞാൻ ചുറ്റുമൊന്നു കണ്ണു പായിച്ചിരുന്നുവെന്നും വിജനമായ ആ പ്രദേശത്ത് കുറേനേരത്തേക്ക് ഒരു പോലീസുകാരനും വരില്ലെന്നുറപ്പു വരുത്തിയിരുന്നുവെന്നും ഞാൻ സമ്മതിക്കട്ടെ.

പിന്നെ ബലം കെട്ട ആ അറുപതുകാരനെ നട്ടെല്ലു തകർക്കാൻ പോന്ന വിധം മുതുകത്തൊരു തൊഴിയും കൊടുത്ത് ഞാൻ തറയിൽ വീഴ്ത്തി; എന്നിട്ട് കൈവാക്കിനു കിട്ടിയ വലിയൊരു മരക്കൊമ്പെടുത്ത് അയാളെ തലങ്ങും വിലങ്ങും പൂശി, ഇറച്ചി അടിച്ചു പതം വരുത്തുന്ന ഒരു പാചകക്കാരന്റെ തളരാത്ത ഊർജ്ജത്തോടെ.

പെട്ടെന്ന്- ഹാ, എന്തൊരത്ഭുതം! സ്വന്തം സിദ്ധാന്തത്തിനു തെളിവു ലഭിക്കുന്ന ഒരു തത്ത്വചിന്തകന്റെ ആഹ്ലാദം!- ആ കിഴട്ടുജഡം പിടഞ്ഞെഴുന്നേറ്റു നിന്നു; എന്നിട്ട് ഇങ്ങനെയൊരു തല്ലിപ്പൊളിയന്ത്രത്തിൽ ഉണ്ടാവുമെന്നു ഞാൻ സ്വപ്നം പോലും കാണാത്ത ഒരൂർജ്ജത്തോടെ എന്നെ ഒന്നാഞ്ഞിടിച്ചു; പിന്നെ ശുഭസൂചകമെന്ന് എനിക്കു തോന്നിയ, വിദ്വേഷം നിറഞ്ഞ ഒരു നോട്ടത്തോടെ ആ ജീർണ്ണസത്വം എന്റെ മേൽ ചാടിവീണ്‌ എന്റെ കണ്ണു രണ്ടും ഇടിച്ചുകലക്കുകയും എന്റെ നാലു പല്ലുകൾ അടിച്ചുകൊഴിക്കുകയും ഞാൻ അയാളെ തല്ലാൻ ഉപയോഗിച്ച അതേ മരക്കൊമ്പെടുത്ത് എന്നെ തല്ലി ഇഞ്ചപ്പരുവമാക്കുകയും ചെയ്തു. എന്റെ വീര്യമുള്ള മരുന്നു കൊണ്ട് അയാൾക്കങ്ങനെ സ്വന്തം ജീവിതവും ആത്മാഭിമാനവും തിരിച്ചുകിട്ടിയിരിക്കുന്നു.

പിന്നെ, നമ്മൾ തമ്മിലുള്ള സംവാദം ഇതോടെ അവസാനിച്ചതായിട്ടാണ്‌ ഞാൻ മനസ്സിലാക്കിയിരിക്കുന്നതെന്ന് പലവിധ ചേഷ്ടകൾ കാട്ടി ഞാൻ അയാളെ ബോദ്ധ്യപ്പെടുത്തി; എന്നിട്ട് ഒരു സ്റ്റോയിക് തത്ത്വചിന്തകന്റെ ആത്മസംതൃപ്തിയോടെ രണ്ടുകാലിൽ എഴുന്നേറ്റു നിന്നുകൊണ്ട് ഞാൻ അയാളോടു പറഞ്ഞു: “മാന്യമിത്രമേ, നിങ്ങൾ എനിക്കു തുല്യനാണ്‌! എന്റെ പേഴ്സിലുള്ളതിൽ പകുതി സ്വീകരിക്കാൻ ദയവുണ്ടായാലും; ഇതുകൂടി ഓർക്കുക, നിങ്ങളുടെ കൂട്ടത്തിലൊരാൾ നിങ്ങളോടിരക്കാൻ വന്നാൽ ഞാൻ കഷ്ടപ്പെട്ടു നിങ്ങളുടെ മുതുകത്തു പരീക്ഷിച്ച അതേ സിദ്ധാന്തം അവരുടെ മേലും പ്രയോഗിക്കണം.“

എന്റെ സിദ്ധാന്തം തനിക്കു പിടി കിട്ടിയതായും എന്റെ ഉപദേശം പിന്തുടരാമെന്നും അയാൾ എനിക്കു വാക്കു തരികയുമുണ്ടായി.

*

(from Little Prose Poems)


*അപ്പോൾ 1848ലെ വിപ്ലവത്തിന്റെ കാലത്താണ്‌ കഥ നടക്കുന്നത്.

*ഹിപ്നോട്ടിസത്തിലൂടെ മുന്തിരിയുടെ വിളവുകാലം കുറയ്ക്കാനാവുമൊയ്യെന്ന് അക്കാലത്തു പരീക്ഷണങ്ങൾ നടന്നിരുന്നു.

* L.F.Lelut, Jules-Gabriel-Francois Baillarger-ഒരു ശബ്ദം തന്റെയുള്ളിൽ ഇരുന്നുകൊണ്ട് തന്നെ ശാസിച്ചിരുന്നുവെന്ന സോക്രട്ടീസിന്റെ അവകാശവാദം ഭ്രാന്തിന്റെ തുടക്കത്തിലുള്ള ലക്ഷണമായിരുന്നുവെന്നാണ്‌ പ്രസിദ്ധരായ ഈ മനഃശാസ്ത്രജ്ഞന്മാർ വാദിച്ചിരുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല: