2020, ഡിസംബർ 16, ബുധനാഴ്‌ച

യോസെഫ് അറ്റില - ഏഴാമൻ

യോസെഫ് അറ്റില jozsef attila (1905-1937)- ഹംഗേറിയൻ കവി. തൊഴിലാളിവർഗ്ഗകുടുംബത്തിൽ ജനിച്ചു. മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ചുപോയി. ദുരിതം നിറഞ്ഞ കുട്ടിക്കാലം. അനാഥാലയങ്ങളുടെയും ബന്ധുക്കളുടെയും സംരക്ഷണയിലായി​‍ൂന്നു കുറച്ചുകാലം. അവരുടെ പീഡനം സഹിക്കാതെ അമ്മയുടെ അടുത്തേക്കു തന്നെ തിരിച്ചുപോയി. പതിനാലാമത്തെ വയസ്സിൽ അമ്മ മരിച്ചു. പിന്നീട് സഹോദരീഭർത്താവിന്റെ സഹായത്താൽ കോളേജ് വിദ്യാഭ്യാസം. അദ്ധ്യാപകനാകാനുള്ള ആഗ്രഹം പ്രകോപനപരമായ കവിത എഴുതി എന്ന ആരോപണത്താൽ നടന്നില്ല. പിന്നീടുള്ള ജീവിതം എഴുതിക്കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു. ഈ കാലത്ത് സ്കിസോഫ്രേനിയായുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. പ്രണയങ്ങൾ പലതുണ്ടായെങ്കിലും വിവാഹിതനായില്ല. 1937 ഡിസംബർ 3ന്‌ റയിൽപ്പാളത്തിൽ മരിച്ചുകിടക്കുന്നതായി കാണപ്പെട്ടു. അപകടമോ ആത്മഹത്യയോ എന്ന് തീർച്ചയായിട്ടില്ല.


നിന്നെ ഞാൻ സ്നേഹിക്കുന്നു

------------------------------------------------------

നിന്നെ ഞാൻ സ്നേഹിക്കുന്നു
കുഞ്ഞു തന്റെ അമ്മയുടെ മാറിടത്തെയെന്നപോലെ
മൂകഗുഹകൾ സ്വന്തമാഴങ്ങളെയെന്നപോലെ
തെളിച്ചുകാട്ടുന്ന വെളിച്ചത്തെ മുറികളെന്നപോലെ
ആത്മാവഗ്നിജ്വാലകളെയെന്നപോലെ
ഉടൽ തളർന്നുറക്കത്തെയെന്നപോലെ!
നിന്നെ ഞാൻ സ്നേഹിക്കുന്നു
മരണത്തിന്റെ കുറി വീണവൻ
പ്രാണൻ നിന്ന നിമിഷങ്ങളെയെന്നപോലെ.

നിന്റെ ഓരോ പുഞ്ചിരിയും ഓരോ വാക്കും ഓരോ ചേഷ്ടയും
ഓരോന്നും ഞാൻ കാത്തുവയ്ക്കുന്നു
വീണതെന്തിനേയും മണ്ണു പിടിച്ചുവയ്ക്കുമ്പോലെ.
ലോഹത്തിലമ്ളത്തിന്റെ ദംശനം പോലെ
നിന്റെ വടിവെന്റെ മനസ്സു പൊള്ളിക്കുന്നു,
നിന്റെ സത്തയെനിക്കുള്ളിൽ നിറയുന്നു.

നിമിഷങ്ങളാരവത്തോടെ കടന്നുപോകുമ്പോൾ
എന്റെ കാതിൽ നീ മാത്രം മൌനമാകുന്നു,
നക്ഷത്രങ്ങൾ കത്തിയെരിഞ്ഞുവീഴുമ്പോൾ
നീ പക്ഷേ, എന്റെ കണ്ണുകളിലൊരു നിശ്ചലതയാകുന്നു.
ഗുഹയ്ക്കുള്ളിൽ തളം കെട്ടിയ ജലത്തിന്റെ കുളിർമ്മ പോലെ
നിന്റെ രുചി എന്റെ നാവിലലിയുന്നു.
ഒരു ഗ്ലാസ്സു വെള്ളമേന്തിയ നിന്റെ കൈ,
നേർത്ത ഞരമ്പുകളോടിയ നിന്റെ കൈ,
അതെന്റെ കണ്ണുകൾക്കു മുന്നിൽ തെളിയുന്നു,
പിന്നെയും, പിന്നെയും...

(1933)

ഒരു നിർമ്മലഹൃദയവുമായി
--------------------------------------

എനിക്കമ്മയില്ല എനിക്കച്ഛനില്ല
എനിക്കു ദൈവമില്ല പെറ്റ നാടുമെനിക്കില്ല
എനിക്കു തൊട്ടിലില്ല ശവപ്പെട്ടിയില്ല
കാമുകിയും അവളുടെ ചുംബനങ്ങളുമില്ല.
മൂന്നു നാളായി ഞാനൊന്നും കഴിച്ചിട്ടില്ല,
വയറു നിറയെയല്ല ഒരുരുളയെങ്കിലും.
ഇരുപതു കൊല്ലമാണെന്റെ കൈമുതൽ
ഇരുപതു കൊല്ലം ഞാൻ വില്പനയ്ക്കു വയ്ക്കുന്നു.
അതിനാവശ്യക്കാരാരുമില്ലെങ്കിൽ,
വേണ്ട, ഞാനതു പിശാചിനു വിറ്റേക്കാം.
ഒരു നിർമ്മലഹൃദയവുമായി ഞാൻ കൊള്ളയടിക്കും
വേണ്ടിവന്നാൽ കൊലയും നടത്തും.
അവരെന്നെ പിടിക്കും തൂക്കിലേറ്റും
പവിത്രമായ ഈ മണ്ണിലെന്നെക്കിടത്തും
വിഷപ്പുല്ലുകളെനിക്കു മേൽ വളർന്നുകേറും,
ഹാ, എന്റെ സുന്ദരഹൃദയത്തിനു മേൽ.


നിശ്ശബ്ദമായ സായാഹ്നസങ്കീർത്തനം

--------------------------------------------------------------

ദൈവമേ, നിന്റെ മഹിമയെ പ്രാസരൂപത്തിൽ പരുവപ്പെടുത്താൻ എനിക്കു കഴിയില്ല.
എന്റെ വിനീതമായ ചുണ്ടുകളാൽ നിന്റെ സങ്കീർത്തനം ഞാനുരുവിടുന്നു.
എന്നാൽ നിനക്കതു ഹിതമാവുന്നില്ലെങ്കിൽ നീയതിനു കാതു കൊടുക്കുകയും വേണ്ട.

പുല്ലിനു പച്ചനിറമാണെന്നെനിക്കറിയാം,
എന്നാൽ എന്തിനു വേണ്ടിയാണ്‌, ആർക്കു വേണ്ടിയാണ്‌
അതു പച്ചനിറമാകുന്നതെന്നെനിക്കു മനസ്സിലാകുന്നില്ല.
എന്റെയുള്ളിൽ പ്രണയം നിറയുന്നതു ഞാനറിയുന്നു,
എന്നാൽ ആരുടെ ചുണ്ടുകളെയാണെന്റെ ചുണ്ടുകൾ
പൊള്ളിക്കാൻ പോകുന്നതെനിക്കിനിയുമറിയില്ല.
കാറ്റു വീശുന്നതു ഞാൻ കേൾക്കുന്നുണ്ട്,
എന്നാലെന്നിൽ ശോകം നിറയുമ്പോൾ
എന്തിനാണതു വീശുന്നതെന്നെനിക്കറിയുന്നില്ല.
എന്നാൽ എന്റെ വാക്കുകൾ നിനക്കിഷ്ടമാകുന്നില്ലെങ്കിൽ
നീയതിനു ശ്രദ്ധ കൊടുക്കുകയും വേണ്ട.

ലളിതമായി, പ്രാകൃതമായി, നിന്നോടിപ്പോൾ ഞാൻ പറയട്ടെ,
ഞാനെന്നൊരാളുണ്ടെന്ന്, ഇവിടെയുണ്ടെന്ന്,
നിന്നെ ഞാനാദരിക്കുന്നുവെന്ന്,
എന്നാലെനിക്കു നിന്നെ മനസ്സിലാകുന്നില്ല.
ഞങ്ങളുടെ ആരാധന നിനക്കാവശ്യമില്ല,
ഞങ്ങളുടെ പുകഴ്ത്തലും നിനക്കു വേണ്ട.
ഞങ്ങളുടെ നിലയ്ക്കാത്ത, ഉച്ചത്തിലുള്ള നിവേദനങ്ങൾ
നിനക്കു കർണ്ണശൂലമാണെന്നും വരാം.
എന്നാൽ പ്രാർത്ഥിക്കുകയല്ലാതെ, സ്വയമികഴ്ത്തുകയല്ലാതെ,
യാചിക്കുകയല്ലാതൊന്നും ഞങ്ങൾക്കറിയില്ല.

നിന്റെ വിനീതനായ അടിമയാണു ഞാൻ,
നീയെന്നെ നരകത്തിനു വിട്ടുകൊടുത്തെന്നും വരാം.
അതിരറ്റതാണു നിന്റെ മണ്ഡലം,
പ്രതാപിയും ബലവാനും നിത്യനുമാണു നീ.
ദൈവമേ, എന്റെ നിസ്സാരമായ, വിനീതമായ സത്തയെ
എനിക്കു നല്കേണമേ.
എന്നാൽ നിനക്കതു ഹിതമല്ലെങ്കിൽ
ഞാൻ പറഞ്ഞതു നീ കേൾക്കുകയും വേണ്ട.

 

ഏഴാമൻ 

------------

ഈ ലോകത്തേക്കു വരണമെന്നാണു നിനക്കെങ്കിൽ
നിനക്കേഴു ജന്മങ്ങളെടുക്കേണ്ടി വരും:
തീ പിടിച്ചൊരു പുരയിൽ, ഒരിക്കൽ,
മഞ്ഞുകാറ്റൂതുന്ന പ്രളയത്തിൽ, ഒരിക്കൽ,
പിച്ചും പേയുമുയരുന്ന ഭ്രാന്താലയത്തിൽ, ഒരിക്കൽ,
കതിരുകളുലയുന്ന ഗോതമ്പുവയലിൽ, ഒരിക്കൽ,
മണിയടിക്കുന്ന ദേവാലയത്തിനുള്ളിൽ, ഒരിക്കൽ;
പിന്നെയൊരിക്കൽ, ഒരു പന്നിക്കൂടിനുള്ളിലും.
കരഞ്ഞും കൊണ്ടു കിടക്കുന്ന ആറു കുഞ്ഞുങ്ങൾ, അതു പോര, മകനേ:
ഏഴാമൻ നീ തന്നെയാവട്ടെ!

ശത്രുക്കൾ നിന്നെ വന്നു നേർക്കുമ്പോൾ
അവർക്കെതിരു നില്ക്കുന്നതേഴു പേരാവട്ടെ:
ആഴ്ചയൊടുവിൽ വിശ്രമമെടുക്കുന്ന ഒരാൾ,
തിങ്കളാഴ്ച ജോലി തുടങ്ങുന്ന ഒരാൾ,
ശമ്പളം വേണ്ടെന്നു വച്ചു പഠിപ്പിക്കുന്ന ഒരാൾ,
മുങ്ങിത്താണുകൊണ്ടു നീന്താൻ പഠിച്ച ഒരാൾ,
ഒരു കാടിനു വിത്തെറിഞ്ഞ ഒരാൾ,
കാടിന്റെ പിതൃക്കൾ കാക്കുന്ന ഒരാളും.
ഈ ഉപായങ്ങൾ മാത്രം പോര, മകനേ:
ഏഴാമൻ നീ തന്നെയാവട്ടെ!


നിനക്കൊരു പെണ്ണിനെ വേണ്ടിവരികയാണെങ്കിൽ
ഏഴു പേർ അവളുടെ പിന്നാലെ പോകട്ടെ:
വാക്കുകളിൽ സ്വന്തം ഹൃദയം നിറയ്ക്കുന്ന ഒരാൾ,
തന്റെ ഭാഗം നന്നായി അഭിനയിക്കുന്ന ഒരാൾ,
സ്വപ്നദർശിയാണു താനെന്നു നടിക്കുന്ന ഒരാൾ,
പുടവയ്ക്കുള്ളിൽ അവളെ തേടുന്ന ഒരാൾ,
കുടുക്കുകൾ എവിടെയെന്നറിയുന്ന ഒരാൾ,
അവളെ നിലയ്ക്കു നിർത്താൻ അറിയുന്ന ഒരാളും.
ഇറച്ചിക്കു ചുറ്റും ഈച്ചകളെപ്പോലവർ അവളെച്ചുറ്റിപ്പറക്കട്ടെ:
ഏഴാമൻ നീ തന്നെയുമാവട്ടെ!


നിന്നെക്കൊണ്ടു താങ്ങാവുന്നതാണു കവിയാവുക എങ്കിൽ,
നിന്റെ കവിതയെഴുന്നതേഴു പേരാകട്ടെ:
മാർബിൾ കൊണ്ടൊരു ഗ്രാമം പടുക്കുന്ന ഒരാൾ,
ജനിക്കുമ്പോഴേ ഉറക്കമായിരുന്ന ഒരാൾ,
ആകാശത്തിന്റെ ഭൂപടം വായിക്കാനറിയുന്ന ഒരാൾ,
വാക്കുകൾ പേരെടുത്തു വിളിക്കുന്ന ഒരാൾ,
തനിക്കു ചേർന്ന മട്ടിൽ സ്വന്തമാത്മാവിനെ പണിതെടുക്കുന്ന ഒരാൾ,
ജീവനുള്ള എലികളെ കീറിമുറിക്കുന്ന ഒരാളും.
രണ്ടു പേർ ധീരർ, നാലു പേർ ജ്ഞാനികൾ, മകനേ:
ഏഴാമൻ നീ തന്നെയാവട്ടെ!


എഴുതപ്പെട്ട പോലെയാണു കാര്യങ്ങൾ നടക്കുന്നതെങ്കിൽ,
ഏഴു പേരുടെ മരണം നീ മരിക്കട്ടെ:
പതുപതുത്ത മാറത്തു മുല കുടിച്ചു കിടന്ന ഒരാൾ,
ഉറച്ച മുലകളിൽ കടന്നുപിടിച്ച ഒരാൾ,
ഒഴിഞ്ഞ പിഞ്ഞാണങ്ങൾ കഴുകാൻ കൂട്ടിവച്ച ഒരാൾ,
പാവങ്ങളെ ജയിക്കാൻ തുണച്ച ഒരാൾ,
സ്വയമഴിഞ്ഞുതീരും വരെ പണിയെടുത്ത ഒരാൾ,
ചന്ദ്രനെ നോക്കിയിരിക്കുക മാത്രം ചെയ്ത ഒരാൾ.
ലോകം നിനക്കു കുഴിമാടമാകും,  മകനേ,
ഏഴാമൻ നീ തന്നെയാണെങ്കിൽ!
(1932)


ക്ഷീണിതൻ 


മുഖം കനത്ത പണിക്കാർ പാടങ്ങളിൽ നിന്നു കയറിവരുന്നു,
ഒന്നുമേ മിണ്ടാതവർ വീടുകളിലേക്കു മടങ്ങുന്നു.
അടുത്തടുത്തു ഞങ്ങൾ കിടക്കുന്നു, പുഴയും ഞാനും.
എന്റെ ഹൃദയത്തിനടിയിൽ ഇളമ്പുല്ലുകളുറങ്ങുന്നു.

പുഴയ്ക്കു മേലൊരഗാധമൗനം പടരുന്നു,
എന്റെ വേവലാതികളാവിയായലിയുന്നു;
ഞാനിപ്പോൾ ഹംഗേറിയനല്ല, പുരുഷനല്ല,
ശിശുവല്ല, ആരുടേയും സഹോദരനുമല്ല-
ഈ കിടക്കുന്നതൊരു ക്ഷീണിതൻ, നിങ്ങളെപ്പോലെ.

സായാഹ്നം ശാന്തിയുടെ വിരുന്നു വിളമ്പുമ്പോൾ
അതിൽ ചൂടാറാത്തൊരപ്പക്കഷണമാണു ഞാൻ.
ആകാശമിതാ, ഉറക്കത്തിലാഴുന്നു,
നക്ഷത്രങ്ങളൊന്നൊന്നായി പ്രത്യക്ഷപ്പെടുന്നു,
പുഴയ്ക്കു മേൽ തങ്ങാൻ, എന്റെ നെറ്റിത്തടത്തിൽ തിളങ്ങാൻ.


നിഴലുകൾ


നിഴലുകൾ നീളുന്നു,
അകലങ്ങളിൽ നക്ഷത്രങ്ങൾ പ്രത്യക്ഷമാവുന്നു.
ജ്വാലകൾ വായുവിനെ ചുട്ടെരിക്കുന്നു.
എന്നെന്നേക്കുമായി തറഞ്ഞുനില്ക്കുകയാണു നാം,
നക്ഷത്രമണ്ഡലങ്ങൾ പോലെ.
എന്നെ വലിച്ചെടുക്കുന്ന
തമോഗർത്തമാണ്‌
നിന്റെ അസാന്നിദ്ധ്യം.
രാത്രി കടൽ പോലെ പെരുകുന്നു,
അതിനു ഗന്ധം പച്ചച്ച മഹാമാരിയുടെ,
അവസാനശ്വാസവും അമർത്തുന്നതാണത്.
നിന്റെ വല എന്റെ ഗർത്തത്തിലേക്കെറിയൂ,
എന്റെ മാർബിൾക്കണ്ണുകളിലേക്കു നോക്കൂ,
മരിച്ചവർക്കിടയിൽ നിന്നെന്നെ ഉയിർപ്പിക്കൂ,
ജീവദായകമായ നിന്റെ ചുംബനത്താൽ.
*

അറ്റില യോസെഫ്

--------------------
അറ്റില യോസെഫ്,
ഞാൻ നിങ്ങളെ ശരിക്കും സ്നേഹിക്കുന്നു, ഞാൻ പറയുന്നതു വിശ്വസിക്കൂ. എനിക്കെന്റെ അമ്മയിൽ നിന്നു പാരമ്പര്യമായി കിട്ടിയതാണിത്. അവരൊരു നല്ല സ്ത്രീയായിരുന്നു. എന്തായാലും എന്നെ ഈ ലോകത്തേക്കു കൊണ്ടുവന്നത് അവരാണല്ലോ.
ജീവിതത്തെ നമുക്ക് ഒരു ഷൂസിനോടോ ഒരിസ്തിരിക്കടയോടോ അല്ലെങ്കിൽ എന്തിനോടെങ്കിലുമോ ഉപമിക്കാം. എന്നാൽക്കൂടി നമ്മുടെ സ്വന്തം കാരണങ്ങളാൽ നമുക്കതിനെ സ്നേഹവുമാണ്‌.
രക്ഷകർ, ദിവസം മൂന്നു നേരം വച്ച് ലോകത്തെ രക്ഷിക്കാൻ അവർ എത്രയെങ്കിലുമുണ്ട്; എന്നിട്ടും ഒരു തീപ്പെട്ടിയുരയ്ക്കാൻ ഒരാൾക്കും അറിയാത്ത മട്ടാണ്‌. അവരിൽ ആശ വയ്ക്കേണ്ടതില്ലെന്ന് എനിക്കു തോന്നിത്തുടങ്ങിയിരിക്കുന്നു.
നമ്മുടെ അന്തരാത്മാവിലേക്കൊരു യാത്ര ചെയ്യാൻ ടിക്കറ്റ് വാങ്ങുന്നത് നല്ലൊരു കാര്യമായിരിക്കും. നമുക്കുള്ളിൽ എവിടെയോ ആണത്.
എന്നും കാലത്ത് തണുത്ത വെള്ളത്തിൽ ഞാനെന്റെ ചിന്തകൾ കഴുകിയെടുക്കുന്നു. അതിനാൽ അവ പുറത്തേക്കു വരുന്നത് ഒരു ഡെയ്സിപ്പൂവിന്റെ പുതുമയോടെയണ്‌.
സ്വന്തം ഹൃദയത്തിനടിയിൽ നട്ടാൽ വജ്രങ്ങളിൽ നിന്ന് ഒന്നാന്തരം ഊഷ്മളഗാനങ്ങൾ മുളയ്ക്കും.
കുതിര, കാർ, അല്ലെങ്കിൽ വിമാനം: എന്തിൽ കയറി സഞ്ചരിച്ചാലും ചിലർ കാൽനടക്കാർ തന്നെയായിരിക്കും. ഞാൻ, ഞാനാണെങ്കിൽ വാനമ്പാടികളുടെ പ്രഭാതഗീതത്തിൽ ചടഞ്ഞുകിടക്കുകയേയുള്ളു; എന്നിട്ടും ഗർത്തം കടന്നുപോരാൻ എനിക്കു കഴിയുന്നുമുണ്ട്.
നാം നമ്മുടെ യഥാർത്ഥമായ ആത്മാക്കളെ ശ്രദ്ധയോടെ സൂക്ഷിച്ചുവയ്ക്കുക, ആഘോഷദിവസങ്ങൾക്കായി നാം നമ്മുടെ ഉടുപ്പുകൾ അലക്കിവൃത്തിയാക്കി വയ്ക്കുമ്പോലെ.

അഭിപ്രായങ്ങളൊന്നുമില്ല: