2020, ഡിസംബർ 25, വെള്ളിയാഴ്‌ച

ബോദ്‌ലേർ - ഗദ്യകവിതകൾക്ക് ഒരാമുഖം

 



പ്രിയസ്നേഹിതാ, ഞാനൊരു ചെറിയ പുസ്തകം അങ്ങോട്ടയക്കുന്നു; അതിനു തലയും വാലുമില്ലെന്ന് ആരും പറയാൻ പോകുന്നില്ല, കാരണം അതിലുള്ളതൊക്കെ ഒരേസമയം തലയും വാലുമാണ്‌- ഒന്നിനൊന്നും മാറിമാറിയും. ഇങ്ങനെയൊരേർപ്പാടു കൊണ്ട്‌ നമുക്കെല്ലാമുണ്ടാവുന്ന ഗുണത്തെക്കുറിച്ചൊന്നാലോചിച്ചുനോക്കൂ:എനിക്ക്, നിങ്ങൾക്ക്, വായനക്കാരനും. എവിടെവച്ചുവേണമെങ്കിലും നമുക്കു മുറിയ്ക്കാം-എനിക്കെന്റെ ദിവാസ്വപ്നം, നിങ്ങൾക്കീ കൈയെഴുത്തുപ്രതി, വായനക്കാരന്‌ അയാളുടെ വായനയും! ക്ഷുദ്രമായ ഒരു ഇതിവൃത്തത്തിന്റെ അന്തമറ്റ ചരടിൽ അക്ഷമനായ വായനക്കാരനെ ഞാൻ കെട്ടിയിടുന്നതേയില്ല. ഒരു കശേരു ഇളക്കിമാറ്റൂ, കുടിലമായ ഈ ഭ്രമകൽപനയുടെ ഇരുപാതികളും സുഖമായി ഒന്നുചേരും. എണ്ണമറ്റ കഷണങ്ങളായി അതിനെ വെട്ടിനുറുക്കിക്കോളൂ, ഒരോന്നിനും ജീവൻ വയ്ക്കുന്നതും നിങ്ങൾക്കു കാണാം. നിങ്ങളെ പ്രീതിപ്പെടുത്താനും വിനോദിപ്പിക്കാനും വേണ്ട ഓജസ്സ്‌ ഇതിലെ ചില തുണ്ടങ്ങൾക്കുണ്ടെന്ന വിശ്വാസത്തോടെ ഈ മുഴുവൻസർപ്പത്തെ ഞാൻ നിങ്ങൾക്കു സമർപ്പിക്കുന്നു.     

എനിക്കു ചെറിയൊരു കുമ്പസാരം നടത്താനുമുണ്ട്‌. ഒരിരുപതാമത്തെ തവണയാവണം, അലോഷ്യസ്‌ ബർട്രാന്റിന്റെ പ്രസിദ്ധമായ രാത്രിയിലെ ഗസ്പാർഡ്‌ (എനിക്കും നിങ്ങൾക്കും നമ്മുടെ ചില സുഹൃത്തുക്കൾക്കും മാത്രം പരിചയമുള്ള ഒരു പുസ്തകത്തെ പ്രസിദ്ധം എന്നു വിളിക്കുന്നതിൽ എന്താണു തരക്കേട്‌?) മറിച്ചുനോക്കുന്നതിനിടയിൽ എനിക്കൊരു ചിന്ത പോയി: എന്തുകൊണ്ട്‌ അങ്ങനെയൊന്ന് എനിക്കും പരീക്ഷിച്ചുകൂടാ? അത്രയും ചിത്രോപമമായ പൗരാണികജീവിതത്തെ ആവിഷ്കരിക്കാൻ അദ്ദേഹം സ്വീകരിച്ച രീതിയിൽ എനിക്കും എന്തുകൊണ്ട്‌ ആധുനികജീവിതത്തെ, കൃത്യമായി പറഞ്ഞാൽ കൂടുതൽ  ആധുനികവും അമൂർത്തവുമായ ഒരു ജീവിതത്തെ വരച്ചിട്ടുകൂടാ? 

മോഹങ്ങൾ കുതികൊണ്ടിരുന്ന നാളുകളിൽ കാവ്യാത്മകമായ ഗദ്യം എന്ന അത്ഭുതത്തെ സ്വപ്നം കാണാത്തവരായി നമ്മളിൽ  ഒരാളെങ്കിലുമുണ്ടോ?വൃത്തമോ താളമോ ഇല്ലാതെതന്നെ സംഗീതാത്മകമായത്‌, പേലവവും പരുഷവുമാകുന്നത്‌- ആത്മാവിന്റെ കരണങ്ങൾക്കൊത്തുപോകുന്ന രീതിയിൽ, ദിവാസ്വപ്നത്തിന്റെ ദോലനങ്ങൾക്കനുരൂപമായി, ബോധത്തിന്റെ ഗതിഭേദങ്ങൾക്കൊപ്പിച്ച്‌? 

ഇങ്ങനെയൊരാദർശം എന്നെ വിടാതെ പിടികൂടാൻ കാരണം പ്രധാനമായും വൻനഗരങ്ങളുമായി എനിക്കുള്ള നിരന്തരസമ്പർക്കമാണ്‌, അവയിലെ അനന്തമായ സന്ധിബന്ധങ്ങളാണ്‌. അല്ല സ്നേഹിതാ, നിങ്ങളും ഒരിക്കൽ ഇങ്ങനെയൊരു പ്രലോഭനത്തിനടിപ്പെട്ടുപോയതല്ല്ലേ, ഒരു ചില്ലുകച്ചവടക്കാരന്റെ പരുഷമായ കൂക്കിവിളികളെ ഒരു ഗാനമായി പരാവർത്തനം ചെയ്യാൻ? ആ കൂക്കിവിളി തെരുവിലെ കനത്ത മൂടൽമഞ്ഞിലൂടെ മട്ടുപ്പാവുകളിലേക്കു പറത്തിവിടുന്ന വിഷാദധ്വനികളെ കാവ്യാത്മകമായ ഒരു ഗദ്യത്തിൽ ആവിഷ്കരിക്കാൻ? 

പക്ഷേ, സത്യം പറയട്ടെ, എന്റെ അസൂയ എനിക്കു ഭാഗ്യം ചെയ്തില്ല. എഴുതിത്തുടങ്ങിയതിൽപ്പിന്നെ എനിക്കു ബോധ്യമായി, നിഗൂഢവും ഉജ്ജ്വലവുമായ എന്റെ മാതൃകയിൽ നിന്ന് എത്രയോ അകലെയാണു ഞാൻ എന്നു മാത്രമല്ല, തീർത്തും വ്യത്യസ്തമായ ഒന്നാണ്‌ (അതിനെ അങ്ങനെ വിളിയ്ക്കാമെങ്കിൽ) ഞാൻ സൃഷ്ടിക്കുന്നതെന്നും; മറ്റാർക്കായാലും അഭിമാനം കൊള്ളാവുന്ന ഒരാകസ്മികത; പക്ഷേ, താൻ ലക്ഷ്യം വച്ചതു കൃത്യമായി നേടിയെടുക്കുന്നതിലാണ്‌ കവിയുടെ അന്തസ്സു കിടക്കുന്നതെന്നു വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത്രയ്ക്കൊരവമാനവും. 

സ്നേഹത്തോടെ, 

സി.ബി.

File:Baudelaire signatur.jpg

 

___________________________________________________________________________

ബോദ്‌ലേറുടെ  20 ഗദ്യകവിതകൾ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്‌ സ്നേഹിതനായ അഴ്സേൻ ഹൗസ്സായെ Arsene Houssaye(1815-1895)പത്രാധിപരായിരുന്ന ലാ പ്രസ്സെയിലാണ്‌. അദ്ദേഹത്തിനയച്ച ഈ കത്ത്‌ പിൽക്കാലത്ത്‌ ഗദ്യകവിതകൾക്കുള്ള ഒരാമുഖമെന്ന രീതിയിൽ ഉൾപ്പെടുത്തിപ്പോരുന്നു.

Aloysius Bertrand (1807-1841)- അദ്ദേഹത്തിൻ്റെ മരണം കഴിഞ്ഞ് ഒരു കൊല്ലത്തിനു ശേഷമാണ് Gaspard de la nuit എന്ന ഗദ്യകവിതാസമാഹാരം പുറത്തുവരുന്നത്. ആ പുസ്തകം ബോദ്‌ലേറെ പ്രചോദിപ്പിച്ചിരിക്കാമെങ്കിലും രണ്ടും വളരെ വ്യത്യസ്തമാണ്. ബെർട്രാൻഡിൻ്റെ ഭാവുകത്വം മദ്ധ്യകാലകാല്പനികതയുടേതായിരുന്നു, ബോദ്‌ലേറുടേതാകട്ടെ, ആധുനികതയുടേതും.

ഹൗസ്സായേയുടെ 'ചില്ലുപണിക്കാരൻ്റെ ഗാനം' തൻ്റെ ഭാര്യയേയും കുട്ടികളേയും പോറ്റാൻ പാടുപെടുന്ന തൊഴിലാളിയോടുള്ള ഐക്യദാർഢ്യത്തിൻ്റെ പ്രകാശനമായിരുന്നു; എന്നാൽ ബോദ്‌ലേറുടെ 'ചില്ലുപണിക്കാരൻ' അങ്ങനെയുള്ള അതിഭാവുകത്വത്തിൻ്റെ തിരസ്കാരമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: