2020, ഡിസംബർ 16, ബുധനാഴ്‌ച

ഹെയ്ൻറിച്ച് ബോൾ - പാലത്തിനപ്പുറം

  

ാനിപ്പോൾ പറയാൻ പോകുന്ന കഥയിൽ കാര്യമായിട്ടൊന്നും കണ്ടില്ലെന്നു വരാം, അതിനി ഒരു കഥ തന്നെയല്ലെന്നും തോന്നാം; എന്നാല്ക്കൂടി എനിക്കതു പറയാതെയും പറ്റില്ല. അതിന്റെ തുടക്കമെന്നു പറയുന്നത് പത്തു കൊല്ലം മുമ്പാണുണ്ടായത്, കുറച്ചു ദിവസം മുമ്പ് അതിന്‌ ഒരവസാനവുമുണ്ടായി….

കുറച്ചു നാൾ മുമ്പ് ഞാൻ ട്രെയിനിൽ ഒരു റയിൽപാലം കടന്നു പോവുകയായിരുന്നു; ഒരിക്കൽ, യുദ്ധത്തിനു മുമ്പ്, അത് ബലത്തതും നല്ല വീതിയുള്ളതുമായിരുന്നു; എന്നു പറഞ്ഞാൽ, എവിടെയും കാണുന്ന ബിസ്മാർക്ക്പ്രതിമകളുടെ നെഞ്ചിലെ ഉരുക്കു പോലുറച്ചത്, ബ്യൂറോക്രസിയുടെ ചട്ടങ്ങൾ പോലെ ഇളക്കമറ്റത്: റൈൻ നദിക്കു മുകളിൽ, നിരനിരയായി നില്ക്കുന്ന തൂണുകൾക്കു മേൽ, നാലുവരിയിൽ പാളങ്ങളിട്ട, വിശാലമായ ഒരു റയിൽപാലം. പത്തു കൊല്ലം മുമ്പ് ഇതേ ട്രെയിനിൽ ഞാൻ ഈ പാലം കടന്നുപോയിട്ടുണ്ട്, ആഴ്ചയിൽ മൂന്നു ദിവസം എന്ന കണക്കിൽ: തിങ്കളാഴ്ചകളിൽ, ബുധനാഴ്ചകളിൽ, ശനിയാഴ്ചകളിൽ. യുദ്ധത്തിനു മുമ്പുള്ള അക്കാലത്ത് റീഹ് ഗൺ ഡോഗ് ആൻഡ് റിട്രീവർ അസ്സോസിയേഷനിലെ ഒരു ജോലിക്കാരനായിരുന്നു ഞാൻ- അത്ര ഉയർന്നതൊന്നുമല്ലാത്ത ഒരുദ്യോഗം. ശരിക്കു പറഞ്ഞാൽ, ഒരു പ്യൂൺ പണി. നായ്ക്കളെക്കുറിച്ച് എനിക്കു യാതൊന്നുമറിയില്ല; എനിക്കത്ര പഠിപ്പുമില്ല. ആഴ്ചയിൽ മൂന്നു ദിവസം ഞാൻ ഞങ്ങളുടെ ഹെഡ്ഡോഫീസ് നില്ക്കുന്ന കോണിഗ്സ്റ്റാഡ്റ്റിൽ നിന്ന് മറ്റൊരു ശാഖ പ്രവർത്തിക്കുന്ന ഗ്രുൻഡെർഹെയ്മിലേക്ക് ട്രെയിനിൽ പോകും. അവിടെ നിന്ന് അടിയന്തിരമായിട്ടുള്ള തപാലും പണവും പിന്നെ “പെൻഡിംഗ് കേസുകളും” കളക്റ്റ് ചെയ്യും. ഒടുവിൽ പറഞ്ഞത് ഒരു മനില ഫോൾഡറിലായിരിക്കും. ഞാൻ വെറും മെസ്സഞ്ചർ മാത്രമായിരുന്നതിനാൽ അതിനുള്ളിൽ എന്തായിരുന്നുവെന്ന് ആരും എന്നോടു പറയാറുമില്ല…

ഞാൻ കാലത്ത് വീട്ടിൽ നിന്നു നേരേ സ്റ്റേഷനിൽ പോയി ഗ്രുൻഡെർഹെയ്മിലേക്ക് എട്ടു മണിക്കുള്ള ട്രെയിൻ പിടിക്കും. യാത്രയ്ക്ക് മുക്കാൽ മണിക്കൂറെടുക്കും. അക്കാലത്തു പോലും ട്രെയിൻ പാലത്തിലേക്കു കടക്കുമ്പോൾ എനിക്കു പേടിയാകും. എന്തു ഭാരം താങ്ങാനുമുള്ള ശേഷി പാലത്തിനുണ്ടെന്ന് അത്തരം കാര്യങ്ങളിൽ വിവരമുള്ളവർ പറഞ്ഞുതന്നതൊന്നും എന്നിൽ ഏശിയില്ല: എനിക്കു പേടിയായിരുന്നു, അതാണു സത്യം. ട്രെയിനും പാലവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതു തന്നെ എന്നെ പേട്പ്പിക്കാൻ മതിയാവുന്നതായിരുന്നു; അതു സമ്മതിക്കാൻ ഒരു മടിയും എനിക്കില്ല. ഞങ്ങൾ താമസിക്കുന്ന ഭാഗത്ത് റൈനിന്‌ നല്ല പരപ്പാണ്‌. പാലത്തിന്റെ നേർത്ത ഉലച്ചിലും അറുന്നൂറു യാർഡ് ദൂരം നീണ്ടുനില്ക്കുന്ന ആ ചാഞ്ചാട്ടവും ഓരോ നിമിഷവും എന്റെ ബോധത്തിലേക്കു വന്നുകൊണ്ടിരുന്നു. ഒടുവിൽ ഉറച്ച തിട്ടയിലേക്കെത്തുമ്പോഴത്തെ അമർന്ന, ആശ്വാസം നല്കുന്ന കടകടശബ്ദം വരികയായി, പിന്നെ, പച്ചക്കറിപ്പാടങ്ങൾ, നിരനിരയായി പച്ചക്കറിപ്പാടങ്ങൾ- ഒടുവിലായി, കാലെൻകാറ്റെൻ എത്തുന്നതിനു തൊട്ടു മുമ്പായി, ഒരു വീട്: ഈ വീട്ടിന്മേലാണ്‌ കണ്ണുകൾ കൊണ്ടു ഞാൻ അള്ളിപ്പിടിച്ചിരുന്നത്. ഉറച്ച നിലത്താണ്‌ ആ വീടു നില്ക്കുന്നത്; എന്റെ കണ്ണുകൾ അതിന്മേൽ കൊളുത്തിപ്പിടിച്ചു.

വീടിന്റെ പുറംഭാഗം ചുവപ്പു കലർന്ന തവിട്ടുനിറത്തിൽ നല്ല വൃത്തിയായി കുമ്മായം പൂശിയതായിരുന്നു; ജനാലച്ചട്ടങ്ങളും പടികളുമൊക്കെ ആ ഇരുണ്ട തവിട്ടുനിറത്തിൽ എടുത്തുപിടിച്ചു നിന്നു. രണ്ടു നിലകൾ, മുകളിൽ മൂന്നും താഴെ രണ്ടും ജനാലകൾ, മുൻവാതിലിലേക്കു കയറാൻ മൂന്നു നടക്കല്ലുകൾ. മഴ കാര്യമായിട്ടില്ലെങ്കിൽ ആ നടക്കല്ലുകളിൽ ഒരു കുട്ടി ഇരിക്കുന്നുണ്ടാവും, ഒമ്പതോ പത്തോ വയസ്സ് പ്രായം വരുന്ന, ഒരു മെലിഞ്ഞ പെൺകുട്ടി; വൃത്തിയുള്ള, വലിയൊരു പാവയും കൈയിൽ പിടിച്ച് ട്രെയിനിനെ നോക്കി മുഖം ചുളിച്ചിരിക്കുകയാവും അവൾ. നിശ്ചയമായും ആ കുട്ടിയുടെ മേൽ എന്റെ കണ്ണുകളുടക്കും; പക്ഷേ പിന്നെയെന്റെ കണ്ണുകൾ ചെന്നുമുട്ടുന്നത് ഇടതുവശത്തെ ജനാലയിലായിരിക്കും; ഞാൻ കാണുമ്പോഴൊക്കെ ഒരു സ്ത്രീ അടുത്ത് ഒരു വെള്ളത്തൊട്ടിയും വച്ച്, കൈയിൽ ഒരു ബ്രഷുമായി, കുനിഞ്ഞിരുന്ന് തറ ഉരച്ചുകഴുകുകയായിരിക്കും. മഴ കൊട്ടിച്ചൊരിയട്ടെ, ആ കൊച്ചുകുട്ടി നടക്കല്ലിൽ ഇരിക്കുന്നില്ലെന്നിരിക്കട്ടെ, ആ സ്ത്രീ നിശ്ചയമായും അവിടെയുണ്ടാവും. ആ കുട്ടിയുടെ അമ്മയാണവരെന്നു വിളിച്ചുപറയുന്ന ആ മെലിഞ്ഞ പിടലി, മുന്നോട്ടും പിന്നോട്ടുമുള്ള ആ ആട്ടം, ഉരച്ചുകഴുകുമ്പോഴത്തെ ആ ചലനം. ഫർണീച്ചറും ജനാലക്കർട്ടനുമൊക്കെ ശ്രദ്ധിക്കാൻ പലപ്പോഴും ഞാൻ ശ്രമിച്ചുനോക്കിയിട്ടുണ്ട്; പക്ഷേ എന്റെ കണ്ണുകൾ നിതാന്തമായി തറയുരച്ചുകഴുകുന്ന ആ മെലിഞ്ഞ സ്ത്രീയിൽത്തന്നെ പശ വച്ചൊട്ടിച്ചപോലെ തങ്ങിനില്ക്കും; മറ്റെന്തിനെയെങ്കിലും കുറിച്ചു ചിന്തിക്കാൻ തുടങ്ങുമ്പോഴേക്കും ട്രെയിൻ അവിടം കടന്നുപോവുകയും ചെയ്യും. തിങ്കളാഴ്ചകൾ, ബുധനാഴ്ചകൾ, ശനിയാഴ്ചകൾ- എട്ടു മണി കഴിഞ്ഞ് പത്തു മിനുട്ടായിരിക്കണം. കാരണം, അക്കാലത്ത് ട്രെയിനുകൾ കൃത്യസമയത്തിനല്ലാതോടിയിട്ടില്ല. ട്രെയിൻ ആ ഭാഗം കടന്നുകഴിഞ്ഞാൽ ബാക്കിയാവുന്നത് വീടിന്റെ വെടിപ്പുറ്റ പിൻഭാഗമായിരുന്നു, നിശ്ശബ്ദവും എന്നോടൊന്നും പറയാനില്ലാതെയും.

എന്തിനധികം പറയുന്നു, ഞാൻ ആ സ്ത്രീയെക്കുറിച്ചും ആ വീടിനെക്കുറിച്ചും ആലോചിക്കാൻ തുടങ്ങി. ഞങ്ങൾ കടന്നുപോകുന്ന മറ്റൊരു സ്ഥലവും എനിക്കു താല്പര്യമുണ്ടാക്കിയില്ല. കാഹ്‌ലെൻകാറ്റെൻ- ബ്രോഡെർകോറ്റെൻ- സുലെൻഹെയ്ം- ഗ്രുൻഡെർഹെയ്ം- താല്പര്യമുണർത്തുന്നതായി എന്തെങ്കിലും ആ സ്റ്റേഷനുകൾക്കുണ്ടായിരുന്നില്ല. എന്റെ ചിന്തകളിൽ ആ വീടു മാത്രമാണ്‌ നിറഞ്ഞുനിന്നത്. എന്തിനാണ്‌ ആ സ്ത്രീ ആഴ്ചയിൽ മൂന്നു ദിവസം ഇങ്ങനെ വീടുരച്ചുകഴുകുന്നത്? എന്റെ ആലോചന അതുതന്നെയായിരുന്നു. വൃത്തിയില്ലാത്തവർ അതിനുള്ളിൽ താമസിക്കുന്നുണ്ടെന്നോ ഒരുപാടു സന്ദർശകർ വന്നുപോകുന്നതാണതെന്നോ ആ വീടു കണ്ടാൽ തോന്നില്ല. സത്യം പറഞ്ഞാൽ, വൃത്തിയുണ്ടെങ്കിലും ആതിഥ്യത്തിൽ വിമുഖമാണെന്നാണ്‌ അതു കണ്ടാൽ തോന്നുക. വൃത്തിയുള്ള, എന്നാൽ ആർക്കും ക്ഷണമില്ലാത്ത ഒരു വീട്.

ഗ്രുൻഡെർഹെയ്മിൽ നിന്ന് പതിനൊന്നു മണിയ്ക്കുള്ള മടക്കവണ്ടി പിടിച്ച്, ഉച്ചയാവുമ്പോഴേക്കും കാഹ്ലെൻകാറ്റെൻ കഴിഞ്ഞാലുടനേ എനിക്ക് ആ വീടിന്റെ പിൻഭാഗം കാണാറാകും; അപ്പോൾ ആ സ്ത്രീ വലതുവശത്ത്, അറ്റത്തുള്ള ജനാലയുടെ ചില്ലുപാളികൾ കഴുകുകയായിരിക്കും. അസാധാരണമെന്നു പറയട്ടെ, തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലും അവർ അറ്റത്തുള്ള ജനാലകളും ബുധനാഴ്ചകളിൽ നടുക്കുള്ള ജനാലയുമാണ്‌ അവർ കഴുകി വൃത്തിയാക്കുക. കൈയുറകൾ ഇട്ടുകൊണ്ട് അവർ ഉരച്ചുരച്ചുകഴുകും. നിറം മങ്ങിയ ഒരു ചുവന്ന സ്കാർഫ് കൊണ്ട് അവർ തല മൂടിയിട്ടുണ്ടാവും. പക്ഷേ മടക്കയാത്രകളിൽ ആ കൊച്ചുപെൺകുട്ടിയെ ഞാൻ കാണാറേയില്ല; നട്ടുച്ചയാവുമ്പോൾ (പന്ത്രണ്ടടിക്കാൻ ഒന്നോ രണ്ടോ മിനുട്ടു മതിയായിരിക്കും, കാരണം, അക്കാലത്ത് ട്രെയിനുകൾ കൃത്യസമയത്തിനല്ലാതോടാറില്ലല്ലോ) വീടിന്റെ മുൻഭാഗമാണ്‌  മൂകവും എന്നോടൊന്നും പറയാനില്ലാത്തതുമായി കാണപ്പെടുക.

ഈ കഥ വിവരിക്കുമ്പോൾ സ്വന്തം കണ്ണു കൊണ്ടു കണ്ടതല്ലാത്ത യാതൊന്നും കടന്നുവരാതിരിക്കാൻ ഞാൻ എല്ലാ കരുതലും എടുക്കുന്നുണ്ടെങ്കിലും ഒരെളിയ നിരീക്ഷണം നടത്തുന്നതിൽ ആരും എതിരു പറയില്ല എന്നു കരുതട്ടെ: മൂന്നു മാസം കഴിഞ്ഞപ്പോൾ ഗണിതയുക്തിയിലൂടെ ഞാൻ ഒരു നിഗമനത്തിലെത്തി- ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും വെള്ളിയാഴ്ചകളിലും ആ സ്ത്രീ മറ്റു ജനാലകൾ കഴുകുന്നുണ്ടാവണം. എളിയതാണെങ്കിലും ആ നിഗമനം പിന്നെ ഒരൊഴിയാബാധ പോലെ എന്നെ ആവേശിച്ചു. ചില ദിവസങ്ങളിൽ കാഹ്ലെൻകാറ്റെനിൽ നിന്ന് ഗ്രുൻഡെർഹെയ്ം വരെയുള്ള ദൂരം ഞാൻ ഒരേ പ്രഹേളികയുടെ കുരുക്കഴിക്കാൻ ശ്രമിക്കുകയായിരിക്കും: ഏതു സായാഹ്നങ്ങളിലും പ്രഭാതങ്ങളിലുമാണ്‌ രണ്ടു നിലകളിലെ മറ്റു ജനാലകൾ കഴുകപ്പെടുന്നത്? വാസ്തവം പറയട്ടെ, പേപ്പറും പെൻസിലുമെടുത്ത് ഒരു ടൈംടേബിൾ തന്നെ ഞാൻ എഴുതിയുണ്ടാക്കി. മൂന്നു പ്രഭാതങ്ങൾ നിരീക്ഷിച്ചതിൽ നിന്ന് ആ മൂന്നു വൈകുന്നേരങ്ങളിലും മറ്റു ദിവസങ്ങളിലും ഏതൊക്കെ ജനാലകളാണ്‌ കഴുകപ്പെടാൻ പോകുന്നതെന്നു ഗണിച്ചെടുക്കാൻ ഞാൻ ശ്രമിച്ചു. ഈ ഉരയ്ക്കലും കഴുകലുമല്ലാതെ ആ സ്ത്രീ മറ്റൊന്നും ചെയ്യാറില്ലെന്ന വിചിത്രമായ ഒരു ധാരണ എന്റെ മനസ്സിൽ വേരിറക്കിയിരുന്നല്ലോ. അങ്ങനെയല്ലാതെ ഞാനവരെ കണ്ടിട്ടുമില്ലെന്നതാണു വാസ്തവം; എട്ടു കഴിഞ്ഞു പത്തു മിനുട്ടായാൽ എനിക്കവരുടെ കിതപ്പു കേൾക്കാം എന്നെനിക്കു തോന്നിയിരുന്നു. പന്ത്രണ്ടിനു തൊട്ടു മുമ്പ് അവരുടെ കൂട്ടിയടച്ച ചുണ്ടുകൾക്കിടയിൽ അവരുടെ നാവിൻ തുമ്പ് കാണാമെന്നും എനിക്കു തോന്നി.

ആ വീടിന്റെ കഥ എന്നെ വേട്ടയാടിത്തുടങ്ങി. ഞാൻ ദിവാസ്വപ്നം കാണാൻ തുടങ്ങി. എനിക്കു ജോലിയിൽ ശ്രദ്ധയില്ലാതായി. അതെ, എന്റെ ശ്രദ്ധയൊക്കെപ്പോയി. എന്റെ ചിന്തകൾ പലപ്പോഴും കാടു കയറി. ഒരു തവണ ഞാൻ “പെൻഡിംഗ് കേസ്” ഫോൾഡർ പോലും മറന്നു. റീഹ് ഗൺ ഡോഗ്  ആൻഡ് റിട്രീവർ അസ്സൊസിയേഷന്റെ ഡിസ്ട്രിക്റ്റ് മാനേജരുടെ രോഷം ഞാൻ തലയിൽ വലിച്ചുകയറ്റി. അയാൾ എനിക്കാളയച്ചു; കോപം കൊണ്ടയാൾ കിടന്നുവിറയ്ക്കുകയായിരുന്നു. “ഗ്രബോവ്സ്കി,” അയാൾ എന്നോടു പറഞ്ഞു, “താൻ ‘പെൻഡിംഗ് കേസ്’ കൊണ്ടുവരാൻ മറന്നെന്നു കേട്ടു. ഉത്തരവുകൾ അനുസരിക്കാനുള്ളതാണ്‌, ഗ്രബോവ്സ്കി.” എന്റെ മൗനം തുടർന്നുപോയപ്പോൾ ബോസിന്റെ കോപം ഇരട്ടിച്ചു. “പ്യൂൺ ഗ്രബോവ്സ്കീ, ഞാൻ നിങ്ങൾക്കു വാണിംഗ് തരികയാണ്‌. റീഹ് ഗൺ ഡോഗ് ആൻഡ് റിട്രീവർ അസോസിയേഷന്‌ ഓർമ്മക്കുറവുള്ള ജീവനക്കാരെക്കൊണ്ട് ഒരുപയോഗവുമില്ല. യോഗ്യതയുള്ള ജോലിക്കാരെ ഇഷ്ടം പോലെ വേറേ ഞങ്ങൾക്കു കിട്ടും.” ഭീഷണിപ്പെടുത്തുന്നതുപോലെ അയാൾ എന്നെ ഒന്നു നോക്കി; എന്നിട്ടു പെട്ടെന്നയാൾ മുഖത്തു മനുഷ്യത്വം വരുത്തി. “തന്റെ മനസ്സിൽ എന്തെങ്കിലും കിടന്നു തിരിയുന്നുണ്ടോ?” പതിഞ്ഞ സ്വരത്തിൽ ഞാൻ സമ്മതിച്ചു, “ഉവ്വ്.” “എന്താണത്?” അയാൾ സൗമ്യമായി ചോദിച്ചു. ഞാനൊന്നു തല കുലുക്കിയതേയുള്ളു. “എന്റെ സഹായമെന്തെങ്കിലും വേണോ? പറഞ്ഞോ.”

“എനിക്കൊരു ദിവസം അവധി വേണം, സർ,” ശങ്കിച്ചുകൊണ്ട് ഞാൻ പറഞ്ഞു, “എനിക്കതേ വേണ്ടൂ.” അയാൾ മഹാമനസ്കതയോടെ തലയാട്ടി. “തന്നിരിക്കുന്നു! ഞാൻ പറഞ്ഞത് കാര്യമായിട്ടെടുക്കേണ്ട. ആർക്കും ഒരു തെറ്റു പറ്റാമല്ലോ; ഞങ്ങൾ നിങ്ങളുടെ ജോലിയിൽ ഇതേവരെ തൃപ്തരുമാണ്‌…“

എന്റെ ഹൃദയം ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി. ഈ കൂടിക്കാഴ്ച നടക്കുന്നത് ബുധനാഴ്ചയാണ്‌.  അടുത്ത ദിവസം, വ്യാഴാഴ്ചയാണ്‌, എനിക്ക് അവധി കിട്ടാൻ പോകുന്നത്. ഒക്കെ ഞാൻ പ്ലാൻ ചെയ്തു വച്ചിരുന്നു. എട്ടു മണിയ്ക്കു തന്നെ ഞാൻ ട്രെയിൻ പിടിച്ചു; പാലം കടക്കുമ്പോൾ ഇത്തവണ ഞാൻ വിറച്ചുവെങ്കിൽ അത് പേടി കൊണ്ടല്ല, അക്ഷമ കൊണ്ടായിരുന്നു. അതാ, ആ സ്ത്രീ, അവർ മുൻവശത്തെ നടക്കല്ലുകൾ കഴുകുകയാണ്‌. കാഹ്ലെൻകാറ്റെനിൽ നിന്ന് അടുത്ത മടക്കട്രെയിൻ പിടിച്ച് കൃത്യം ഒമ്പതാകുമ്പോഴേക്കും ഞാൻ അവരുടെ വീട് കടന്നുപോയി: മുകൾനില, നടുക്കത്തെ ജനാല, മുൻവശം. ആ ദിവസം നാലു തവണ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തപ്പോൾ വ്യാഴാഴ്ചത്തെ ടൈംടേബിൾ എനിക്കു കൃത്യമായി: മുൻവശത്തെ നടക്കല്ലുകൾ, മുകൾനിലയിൽ മുൻവശത്ത് നടുക്കുള്ള ജനാല, മുകൾനിലയിൽ പിൻവശത്ത് നടുക്കുള്ള ജനാല, തട്ടുമ്പുറം, മുൻവശത്തെ മുറിയുടെ മുകൾഭാഗം. ആറു മണിക്ക് അവസാനമായി ആ വീടു കടന്നുപോകുമ്പോൾ പറമ്പിൽ ഒരു കൊച്ചുമനുഷ്യന്റെ വളഞ്ഞ രൂപം കിളച്ചും കൊണ്ടു നില്ക്കുന്നതു കണ്ടു. ആ പെൺകുട്ടി, വൃത്തിയുള്ള ആ പാവയും പിടിച്ചുകൊണ്ട്, ഒരു ജയിലറെപ്പോലെ അയാളെത്തന്നെ നോക്കിനില്ക്കുകയായിരുന്നു. ആ സ്ത്രീയെ കാണാനുണ്ടായിരുന്നില്ല.

പക്ഷേ ഇതൊക്കെ സംഭവിക്കുന്നത് പത്തുകൊല്ലം മുമ്പാണ്‌, യുദ്ധത്തിനു മുമ്പ്. കുറച്ചു ദിവസം മുമ്പ് ഞാൻ പിന്നെയും ട്രെയിനിൽ ആ പാലം കടന്നുപോയി. എന്റെ ദൈവമേ, കോണിഗ്സ്റ്റാഡ്റ്റിൽ ട്രെയിൻ കയറുമ്പോൾ എന്റെ മനസ്സ് എത്ര അകലെയായിരുന്നു! ഈ സംഗതികളൊക്കെ ഞാൻ പാടേ മറന്നുകഴിഞ്ഞിരുന്നു. ചരക്കുവാഗണുകൾ ഘടിപ്പിച്ചതായിരുന്നു ഞങ്ങളുടെ ട്രെയിൻ. വണ്ടി റൈൻ നദിയെ സമീപിക്കുമ്പോൾ  അസാധാരണമായതൊന്നു സംഭവിച്ചു: ഞങ്ങൾക്കു മുമ്പുള്ള വാഗണുകൾ ഒന്നൊന്നായി നിശ്ശബ്ദമായി. തീർത്തും വിചിത്രമായിട്ടാണെനിക്കതു തോന്നിയത്, പതിനഞ്ചോ ഇരുപതോ വാഗണുകളടങ്ങുന്ന ആ ട്രെയിൻ ഒന്നൊന്നായി അണയുന്ന ലൈറ്റുകളുടെ ഒരു മാലയാണെന്നപോലെ. പേടിപ്പെടുത്തുന്നതും പൊള്ളയായതുമായ ഒരു കിലുക്കം ഞങ്ങൾ കേട്ടു. പെട്ടെന്ന് ഞങ്ങളുടെ വാഗണുകളുടെ തറയിൽ ചെറിയ ചുറ്റികകൾ കൊണ്ടടിക്കുന്നതുപോലെ; ഞങ്ങളും നിശ്ശബ്ദരായി; പിന്നെയതാ: ഒന്നുമില്ല, ഒന്നുമില്ല, ഒന്നുമില്ല; ഇടത്തും വലത്തും ഒന്നുമില്ല, ഘോരമായ ഒരു ശൂന്യത…അങ്ങകലെ റൈനിന്റെ പുല്ലു മൂടിയ കരകൾ…വഞ്ചികൾ…വെള്ളം, പക്ഷേ അതിദൂരേയ്ക്കു നോക്കാൻ നിങ്ങൾക്കു ധൈര്യം വരുന്നില്ല: നോക്കുമ്പോഴേ നിങ്ങൾക്കു തല ചുറ്റുകയാണ്‌. ഒന്നുമില്ല, ഒന്നുമേയില്ല! നിശ്ശബ്ദനായ ഒരു കൃഷിക്കാരന്റെ ഭാര്യയുടെ വിളറിയ മുഖം കണ്ടാൽത്തന്നെ അറിയാം, അവർ പ്രാർത്ഥിക്കുകയാണെന്ന്. കുറച്ചു പേർ കൈ വിറച്ചുകൊണ്ട് സിഗററ്റ് കൊളുത്തുകയാണ്‌; മൂലയ്ക്കിരുന്ന് ചീട്ടു കളിച്ചുകൊണ്ടിരുന്നവർ പോലും നിശ്ശബ്ദരായിരിക്കുന്നു…

പിന്നെ മുമ്പിലുള്ള വാഗണുകൾ വീണ്ടും ഉറച്ച തറയിലേക്കു കയറുന്നത് ഞങ്ങൾ കേട്ടു; ഞങ്ങൾ എല്ലാവരുടെയും മനസ്സിൽ ഒരേ ചിന്തയായിരുന്നു: അവർ കടന്നുകൂടി. ട്രെയിനിനെന്തെങ്കിലും സംഭവിച്ചാൽ അവർക്ക് പുറത്തു ചാടാൻ പറ്റിയെന്നു വരാം; പക്ഷേ ഞങ്ങൾ ഏറ്റവും ഒടുവിലത്തേതിനു മുമ്പിലത്തെ വാഗണിലാണ്‌; ഞങ്ങൾ നദിയിൽ മുങ്ങിത്താഴുമെന്നതിൽ ഒരു സംശയവും വേണ്ട. ആ ബോദ്ധ്യം ഞങ്ങളുടെ കണ്ണുകളിലും ഞങ്ങളുടെ വിളറിയ മുഖങ്ങളിലുമുണ്ടായിരുന്നു. ട്രാക്കുകളുടെ വീതിയേ താല്ക്കാലികപാലത്തിനുള്ളു; വാസ്തവം പറഞ്ഞാൽ, ട്രാക്കുകൾ തന്നെയാണ്‌ പാലം; വാഗണിന്റെ വശങ്ങൾ പാലത്തിനു മുകളിലൂടെ ശൂന്യതയിലേക്കു തൂങ്ങിനില്ക്കുകയാണ്‌; ഞങ്ങളെ ഇപ്പോൾ തട്ടിമറിച്ചിടുമെന്നപോലെ പാലം കിടന്നുകുലുങ്ങുകയുമായിരുന്നു...

അപ്പോൾ പെട്ടെന്നാണ്‌, ഒരമർന്ന കിലുക്കം കേട്ടുതുടങ്ങിയത്; കൂടുതൽ വ്യക്തമായി അതടുത്തടുത്തു വരുന്നത് ഞങ്ങൾ കേട്ടു; പിന്നെ ഞങ്ങളുടെ വാഗണിനടിയിലും അത് കൂടുതൽ കനത്തിൽ, കൂടുതൽ ഉറച്ചതായി, ആ കിലുക്കം; ഞങ്ങളുടെ ശ്വാസം നേരേ വീണു, പുറത്തേക്കു നോക്കാൻ ഞങ്ങൾക്കു ധൈര്യവും വന്നു: പച്ചക്കറിപ്പാടങ്ങൾ! പച്ചക്കറിപ്പാടങ്ങൾക്കു ദൈവാനുഗ്രഹമുണ്ടാവട്ടെ! പെട്ടെന്നാണ്‌ ഞങ്ങൾ എവിടെയാണെന്ന് എനിക്കു വെളിവുണ്ടാകുന്നത്; കാഹ്ലെൻകാറ്റെൻ അടുക്കുന്തോറും എന്റെ ഹൃദയം വിചിത്രമായി തുടിക്കുകയായിരുന്നു. എനിക്കു മുന്നിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു: ആ വീട് ഇപ്പോഴും അവിടെയുണ്ടാകുമോ? അപ്പോൾ ഞാനതു കണ്ടു: പച്ചക്കറിപ്പാടങ്ങളിലെ ചില മരങ്ങളുടെ വിരളമായ ഇലകൾക്കിടയിലൂടെ ആ വീടിന്റെ ചെങ്കൽനിറമുള്ള, ഇപ്പോഴും നല്ല വൃത്തിയോടിരിക്കുന്ന, മുഖപ്പ് അടുത്തടുത്തു വന്നു. വിവരിക്കാനാവാത്ത ഒരു വികാരം എന്നെ പിടിച്ചുലച്ചു. സകലതും, പത്തുകൊല്ലം മുമ്പത്തെ കാലവും അതില്പിന്നെ നടന്ന സകലതും വിഭ്രാന്തവും അനിയന്ത്രിതവുമായ ഒരു പ്രക്ഷുബ്ധതയായി എന്റെയുള്ളിലിരമ്പി. പിന്നെ, കൂറ്റൻ കാലടികൾ വച്ചു നീട്ടിനടന്നിട്ടെന്നപോലെ ആ വീട് തൊട്ടുമുന്നിലെത്തി;  അപ്പോൾ ഞാൻ അവരെ കണ്ടു, ആ സ്ത്രീയെ: അവർ മുന്നിലത്തെ നടക്കല്ലുകൾ കഴുകുകയായിരുന്നു. അല്ല, അത് അവരായിരുന്നില്ല- ഈ കാലുകൾ കുറച്ചുകൂടി ചെറുപ്പമാണ്‌, കുറച്ചുകൂടി ബലത്തതാണ്‌, പക്ഷേ ചലനങ്ങൾ അതു തന്നെ; മുന്നിലേക്കും പിന്നിലേക്കും ഉരച്ചുകഴുകുമ്പോഴത്തെ അതേ തെറിച്ച, ആക്കമുള്ള ചലനങ്ങൾ. എന്റെ ഹൃദയം നിശ്ചലമായി, എന്റെ ഹൃദയം നിമിഷങ്ങളെണ്ണി. അപ്പോൾ ആ സ്ത്രീ ഒരു നിമിഷത്തേക്ക് മുഖം തിരിച്ചു; തല്ക്ഷണം പത്തു കൊല്ലം മുമ്പത്തെ ആ കൊച്ചു പെൺകുട്ടിയെ ഞാൻ തിരിച്ചറിയുകയും ചെയ്തു; ആ വിളറിയ, നീണ്ട, പുരികം ചുളിഞ്ഞ മുഖം; ആ മുഖത്തെ ഭാവം കനച്ചതായിരുന്നു, പഴകിയ സലാഡു പോലെ കനച്ചതായിരുന്നു…

എന്റെ ഹൃദയം വീണ്ടും മിടിച്ചുതുടങ്ങിയപ്പോൾ പെട്ടെന്നെനിക്കു വെളിവുണ്ടാവുകയും ചെയ്തു, ഇന്നു ശരിക്കും വ്യാഴാഴ്ചയുമാണെന്ന്…

hen

ഹെയ്ൻറിച്ച് ബോൾ Heinrich Theodor Boll (1917-1985)-  രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള പ്രമുഖനായ ജർമ്മൻ എഴുത്തുകാരൻ. 1917 ഡിസംബർ 21ന്‌ കൊളോണിൽ ജനിച്ചു. ജർമ്മനിയിൽ നാസികൾ പിടി മുറുക്കിത്തുടങ്ങിയ കാലത്ത് കത്തോലിക്കരും പാസിഫിസ്റ്റുകളുമായ അദ്ദേഹത്തിന്റെ കുടുംബം അതിനെ ചെറുത്തുനിന്നു. കൊളോൺ യൂണിവേഴ്സിറ്റിയിൽ ജർമ്മൻ പഠനത്തിനു ശേഷം അദ്ദേഹം സൈന്യത്തിൽ നിർബ്ബന്ധിതസേവനത്തിനു ചേർന്നു. ജർമ്മൻ സൈന്യത്തിനൊപ്പം സോവ്യറ്റ് യൂണിയൻ, ഫ്രാൻസ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധത്തിൽ പങ്കെടുത്തു. 1945ൽ അമേരിക്കൻ സൈന്യം അദ്ദേഹത്തെ തടവിലാക്കുകയും യുദ്ധത്തടവുകാർക്കുള്ള ഒരു ക്യാമ്പിലാക്കുകയും ചെയ്തു. തിരിച്ചു കൊളോണിലെത്തിയ ശേഷം അദ്ദേഹം വീണ്ടും യൂണിവേഴ്സിറ്റിയിൽ പഠനത്തിനു ചേർന്നു. ഭാര്യ സ്കൂൾ ടീച്ചർ ആയിരുന്നതിനാൽ അദ്ദേഹം എഴുത്തിൽ പൂർണ്ണസമയം വിനിയോഗിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ യുദ്ധാനുഭവങ്ങൾ വിവരിക്കുന്ന The Train was on Time (1947) എന്ന നോവൽ ആണ്‌ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്ന ആദ്യത്തെ കൃതി. Adam, Where are Thou?, The Bread of our Early Years, The Clown, Group Portrait with Lady, The Lost Honour of Katharina Blum തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട നോവലുകൾ. 1972ൽ അദ്ദേഹത്തിന്‌ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കിട്ടി.

രണ്ടാം ലോകമഹായുദ്ധത്തിന്റെയും നാസിസത്തിന്റെയും ഓർമ്മകൾ പേറേണ്ടിവന്ന ഒരു തലമുറയിലാണ്‌ ഹെയ്ൻറിച്ച് ബോളിന്റെ സ്ഥാനം. ഹോളോക്കാസ്റ്റിന്റെ കുറ്റബോധം അവരുടെ കൃതികളിൽ നിറഞ്ഞുനില്ക്കുന്നു. അദ്ദേഹത്തിന്റെ രചനകളിൽ നിരന്തരം ആവർത്തിക്കുന്ന മറ്റൊരു പ്രമേയമാണ്‌ തന്റെ പ്രവൃത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ അതിൽ നിന്നൊഴിഞ്ഞുമാറാനോ വ്യക്തി എടുക്കുന്ന തീരുമാനം.


അഭിപ്രായങ്ങളൊന്നുമില്ല: