2021, ഫെബ്രുവരി 24, ബുധനാഴ്‌ച

ബോദ്‌ലേർ - കേക്ക്


ഞാൻ യാത്ര ചെയ്യുകയായിരുന്നു.  അപ്രതിരോദ്ധ്യമായ ഒരു ഗാംഭീര്യവും ഉദാത്തതയും ഉള്ളതായിരുന്നു ഞാൻ എത്തിപ്പെട്ട സ്ഥലം . അതിൽ നിന്നെന്തോ ചിലത് ആ നിമിഷം എന്റെ ആത്മാവിലേക്കും കടന്നിട്ടുണ്ടാവണം. ആ അന്തരീക്ഷത്തിന്റേതിനു തുല്യമായ ഒരു ലാഘവത്തോടെ എന്റെ ചിന്തകൾ ചിറകെടുത്തു; വിദ്വേഷവും താണതരം സ്നേഹങ്ങളും പോലുള്ള അധമവികാരങ്ങളൊക്കെ എന്റെ കാലടികൾക്കു കീഴിൽ അങ്ങകലെയുള്ള  അഗാധഗർത്തങ്ങളിൽ ഒഴുകിനീങ്ങുന്ന മേഘങ്ങൾ പോലെ അതിദൂരത്തായിരിക്കുന്നു; എന്നെ വലയം ചെയ്തു നില്ക്കുന്ന ആകാശത്തിന്റെ കുംഭഗോപുരം പോലെ വിശാലവും നിർമ്മലവുമാണ്‌ എന്റെ ആത്മാവെന്നും എനിക്കു തോന്നി; ഭൂമിയിലെ വസ്തുക്കൾ എന്റെ ഓർമ്മയിൽ പ്രതിധ്വനിച്ചത് അങ്ങകലെ മറ്റൊരു മലയുടെ ചരിവുകളിൽ അദൃശ്യരായി മേഞ്ഞുനടക്കുന്ന കാലികളുടെ കുടമണികൾ പോലെ അത്ര നേർത്തിട്ടാണ്‌. ആഴക്കയങ്ങളാലിരുണ്ടതും അനക്കമറ്റതുമായ തടാകത്തിനു മുകളിലൂടെ ഇടയ്ക്കോരോ മേഘങ്ങൾ കടന്നുപോയി, ഒരാകാശചാരിയുടെ മേലങ്കിയുടെ നിഴൽ പറന്നുപോകുമ്പോലെ. ഏതോ ദിവ്യമുഹൂർത്തം രൂപപ്പെടുന്നതിനു സാക്ഷിയാകുന്ന ഒരാൾക്കുണ്ടാകുന്ന ഭീതി കലർന്ന ആനന്ദമാണ്‌ എനിക്കപ്പോഴുണ്ടായ അനുഭൂതിയെന്നും ഞാനോർക്കുന്നു. അധികം വിസ്തരിക്കുന്നില്ല, എന്നെ വലയം ചെയ്തുകിടക്കുന്ന ആ ത്രസിപ്പിക്കുന്ന സൗന്ദര്യം ഒന്നുകൊണ്ടു മാത്രം എന്നോടും പ്രപഞ്ചത്തോടുമുള്ള എന്റെ എല്ലാ കലഹങ്ങൾക്കും ശമനമായി; ആ പരമാനന്ദത്തിന്റെ അവസ്ഥയിൽ, ഭൂമിയിലെ സകലമാനതിന്മകളും മറന്ന ഞാൻ മനുഷ്യൻ ജന്മനാ നല്ലവനാണെന്നവകാശപ്പെടുന്ന പത്രങ്ങളോടുള്ള അവജ്ഞ ഉപേക്ഷിക്കാൻ തയ്യാറാവുമെന്നുള്ള ഘട്ടം വരെ എത്തി. എന്നാൽ ഈ നേരത്താണ്‌ ശരീരം അതിന്റെ ആവശ്യങ്ങൾ ഉണർത്തിക്കുന്നത്; അത്രയും നേരത്തെ കയറ്റം കൊണ്ടുണ്ടായ വിശപ്പും ക്ഷീണവും ശമിപ്പിക്കേണ്ടതാണല്ലോ എന്ന ചിന്ത എനിക്കുണ്ടായി. ഞാൻ പോക്കറ്റിൽ നിന്ന് വലിയൊരു കഷണം റൊട്ടിയും ഒരു തോല്ക്കപ്പും അക്കാലത്ത് മരുന്നുകടക്കാർ സഞ്ചാരികൾക്കു വിറ്റിരുന്ന, ആവശ്യമെങ്കിൽ മഞ്ഞുവെള്ളവുമായി കലർത്തി കഴിക്കാവുന്ന ഒരരിഷ്ടത്തിന്റെ കുപ്പിയും പുറത്തെടുത്തു. 

അങ്ങനെ സമാധാനത്തോടെയിരുന്ന് റൊട്ടി മുറിക്കുമ്പോഴാണ്‌ ചെറിയ ഒരനക്കം കേട്ട് ഞാൻ തല പൊക്കി നോക്കിയത്. കീറത്തുണി ചുറ്റി, മുടി കാടു കേറിയ ഒരു കൊച്ചുപയ്യൻ എനിക്കു മുന്നിൽ നില്ക്കുന്നു; അവന്റെ കുഴിഞ്ഞ കണ്ണുകൾ ആർത്തിയോടെ, അപേക്ഷയോടെ, എന്റെ റൊട്ടിയിൽ തറഞ്ഞുനില്ക്കുകയാണ്‌. പതിഞ്ഞ, തൊണ്ടയടഞ്ഞ ഒരു ശബ്ദത്തിൽ, ഒരു നിശ്വാസം പോലെ ഇങ്ങനെ ഒരു വാക്കും ഞാൻ കേട്ടു: “കേക്ക്!” എന്റെ ആ വെളുത്ത സാധാരണ റൊട്ടിയെ അങ്ങനെയൊരു പദം കൊണ്ട് അവൻ ബഹുമാനിക്കുന്നതു കേട്ടപ്പോൾ എനിക്കു പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല; ഞാൻ വലിയൊരു കഷണം മുറിച്ചെടുത്ത് അവനു നേരെ നീട്ടി. തന്നെ കൊതിപ്പിക്കുന്ന ആ വസ്തുവിൽ നിന്നു കണ്ണെടുക്കാതെ അവൻ സാവധാനം അടുത്തുവന്നു; എന്നിട്ട് അതു തട്ടിപ്പറിച്ചെടുത്തുകൊണ്ട് അവൻ ദൂരെപ്പോയി; എന്റെ ആ സമ്മാനം ആത്മാർത്ഥമല്ലെന്നോ അതു വേണ്ടിയിരുന്നില്ലെന്ന് എനിക്കിതിനകം തോന്നിക്കാണുമെന്നോ അവൻ പേടിച്ചുകാണണം.

എന്നാൽ ഈ സമയത്ത്, എവിടെനിന്നു പൊട്ടിവീണുവെന്നറിയില്ല,  അവനെപ്പോലെതന്നെ കാട്ടുപ്രകൃതിയായ മറ്റൊരു പയ്യൻ (അവർ സഹോദരങ്ങളാണെന്നും വരാം) അവനെ തട്ടിത്താഴെയിട്ടു. ആ അമൂല്യവസ്തുവിനായി അഴുക്കിൽ കിടന്നവർ കെട്ടിമറിഞ്ഞു; പകുതി മറ്റേയാൾക്കു കൊടുക്കാനുള്ള ത്യാഗമനഃസ്ഥിതി രണ്ടുപേർക്കും ഉണ്ടായില്ല. ആദ്യത്തെയാൾ കോപത്തോടെ രണ്ടാമനെ മുടിക്കു കയറിപ്പിടിച്ചു; അവൻ തിരിച്ച് മറ്റവന്റെ ചെവി കടിച്ചുപറിച്ചു. അവൻ ചവച്ചുതുപ്പിയ ചോരയിൽ അന്നാട്ടിലെ ഒന്നാന്തരമൊരു തെറിയും കലർന്നിരുന്നു. കേക്കിന്റെ യഥാർത്ഥത്തിലുള്ള അവകാശി അതിക്രമിയുടെ കണ്ണു മാന്തിപ്പൊളിക്കാൻ നോക്കുകയായിരുന്നു; മറ്റവൻ ഒരു കൈ കൊണ്ട് പ്രതിയോഗിയുടെ കഴുത്തു ഞെരിക്കാനും മറ്റേക്കൈ കൊണ്ട് ആ കൊള്ളമുതൽ പോക്കറ്റിലാക്കാനും. അപ്പോഴേക്കും നൈരാശ്യം എരി കേറ്റിയ തോറ്റ കുട്ടി ചാടിയെഴുന്നേറ്റ് തല കൊണ്ട് വയറ്റിനൊരിടി കൊടുത്ത് വിജയിയെ നിലത്തു വീഴ്ത്തി. ആ കുട്ടികളുടെ കഴിവിനു താങ്ങാവുന്നതിനുമപ്പുറം നീണ്ടുപോയ ഒരു ദാരുണയുദ്ധത്തെ എന്തിനധികം വർണ്ണിക്കണം? കേക്ക് കയ്യിൽ നിന്നു കയ്യിലേക്കും പോക്കറ്റിൽ നിന്നു പോക്കറ്റിലേക്കും നിമിഷം പ്രതി സ്ഥാനം മാറി; കഷ്ടമെന്നു പറയട്ടെ, അതിന്റെ വലിപ്പവും മാറുകയായിരുന്നു. ഒടുവിൽ, ക്ഷീണിച്ചുകിതച്ച്, ദേഹമാകെ ചോരയും പുരണ്ട്, ഇനി വയ്യ എന്നായതുകൊണ്ടു മാത്രം അവർ യുദ്ധം നിർത്തിയപ്പോൾ അതിനു കാരണമായതും കാണാനുണ്ടായിരുന്നില്ല; ആ റൊട്ടിക്കഷണം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു; അതിന്റെ പൊട്ടും പൊടിയും വേർതിരിച്ചറിയാനാകാതെ മൺതരികളുമായി കൂടിക്കലർന്നു കിടന്നു.

ആ കാഴ്ച്ചയോടെ എനിക്കു ചുറ്റുമുള്ള ഭൂപ്രകൃതി ഇരുട്ടടച്ചു; ആ കൊച്ചുമനുഷ്യരുടെ വരവിനു മുമ്പ് എന്റെ ആത്മാവു വിഹരിച്ച ആ സ്വച്ഛമായ ആനന്ദം എങ്ങോ പോയിമറഞ്ഞു; വിഷാദത്തിലാണ്ടുപോയ ഞാൻ കുറേനേരത്തേക്ക് ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു: “എന്തു കേമത്തമുള്ള നാട്! റൊട്ടി കേക്കാവുകയും ഭ്രാതൃഹത്യയിലേക്കുവരെ നയിക്കുന്ന ഒരു യുദ്ധത്തിനു കാരണമാവുന്ന തരത്തിൽ അത്രയും അപൂർവ്വമായ ഒരു പലഹാരമാവുകയും ചെയ്യുന്ന നാട്!”

(16)


അഭിപ്രായങ്ങളൊന്നുമില്ല: