1845 ഫെബ്രുവരി 20
പ്രിയപ്പെട്ട സർ,
അടുത്ത കാലത്ത് ഞാൻ അങ്ങയുടെ “മരിയൻ ദ് ലോം”* എന്ന നാടകം കണ്ടിരുന്നു; ആ നാടകത്തിന്റെ സൗന്ദര്യം അതെഴുതിയ ആളെ നേരിട്ടു കാണാനും നന്ദി പറയാനുമുള്ള അടക്കവയ്യാത്ത ആഗ്രഹം കൊണ്ട് എന്റെ മനസ്സു നിറച്ചിരിക്കുന്നു. ഞാൻ ഇപ്പോഴും ഒരു സ്കൂൾ വിദ്യാർത്ഥിയാണ്, കേട്ടുകേൾവിയില്ലാത്ത ഒരു മര്യാദകേടാണ് ഞാൻ ചെയ്യുന്നതെന്നും വരാം; എന്നാൽ സാമൂഹ്യമര്യാദകളെക്കുറിച്ച് എനിക്കൊരു വസ്തുവുമറിയില്ല, അങ്ങെന്റെ ഇഷ്ടം സാധിപ്പിച്ചുതരുമെന്നും ഞാൻ കരുതി. എത്രയോ സഹൃദയരുടെ അഭിനന്ദനങ്ങളും നന്ദികളുമാണ് അങ്ങയ്ക്കു മേൽ കുന്നുകൂടുന്നതെന്നോർക്കുമ്പോൾ ഒരു സ്കൂൾകുട്ടിയുടെ അഭിനന്ദനവും നന്ദിയും അങ്ങയെ സ്പർശിക്കാനൊന്നും പോകുന്നില്ല. അത്രയധികം ആളുകൾ ഇതിനകം അങ്ങയെ വന്നു കണ്ടുകഴിഞ്ഞതിനാൽ ഇനിയുമൊരു ശല്യക്കാരനെക്കൂടി സഹിക്കാൻ അങ്ങയ്ക്കത്ര വ്യഗ്രതയില്ലെന്നുകൂടി വരാം. എന്നാല്ക്കൂടി, യുവാക്കളുടെ സ്നേഹം എത്ര ആത്മാർത്ഥവും എത്ര യഥാർത്ഥവുമാണെന്ന് അങ്ങറിഞ്ഞിരുന്നെങ്കിൽ! അങ്ങയുടെ എല്ലാ കൃതികളും എനിക്കു മനസ്സിലായിട്ടുണ്ടെന്ന് ഞാൻ കരുതുന്നു (ഇതെന്റെ ഒരഹങ്കാരം മാത്രമാണെന്നുവരാം.) അങ്ങയുടെ പുസ്തകങ്ങളെ സ്നേഹിക്കുന്നപോലെതന്നെ ഞാൻ അങ്ങയേയും സ്നേഹിക്കുന്നു; അങ്ങ് നല്ലവനും ഹൃദയവിശാലതയുള്ളയാളുമാണെന്നു ഞാൻ വിശ്വസിക്കുന്നു; കാരണം, എത്രയോ പേരെ അങ്ങ് പുനരധിവസിപ്പിച്ചിരിക്കുന്നു; കാരണം, പൊതുജനാഭിപ്രായത്തിനു വഴങ്ങിക്കൊടുക്കാൻ നില്ക്കാതെ എത്രതവണ അങ്ങതിനെ രൂപപ്പെടുത്തിയിരിക്കുന്നു. അങ്ങയിൽ നിന്ന് നല്ലതും മഹത്തുമായ അനേകം കാര്യങ്ങൾ എനിക്കു പഠിക്കാനാകുമെന്നു ഞാൻ കരുതുന്നു; ഒരാൾ ഒരു പുസ്തകത്തെ, ഒരു വീരനായകനെ, സ്നേഹിക്കുന്നതുപോലെ, ഏതു സുന്ദരവസ്തുവിനേയും സ്നേഹിക്കുന്നതുപോലെ, നിർമ്മലവും നിസ്വാർത്ഥവുമായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഈ അഭിനന്ദനങ്ങൾ, മടിച്ചുമടിച്ചാണെങ്കിലും, അങ്ങയ്ക്കു പോസ്റ്റു ചെയ്തത് എന്റ ചങ്കൂറ്റം കൊണ്ടാവാം; എന്നാൽ ഞാനങ്ങയെ എത്ര ആഴത്തിൽ സ്നേഹിക്കുന്നുവെന്നും ആരാധിക്കുന്നുവെന്നും എനിക്കങ്ങയോടു പറയണമായിരുന്നു; ഞാൻ ഒരു വിഡ്ഢിവേഷം കെട്ടുകയാണെന്ന ചിന്തയും എന്നെ വിറകൊള്ളിക്കുന്നുണ്ട്. എന്നാൽ സർ, അങ്ങും ഒരിക്കൽ ചെറുപ്പക്കാരനായിരുന്നല്ലോ; ഒരു പുസ്തകം വായിച്ചിട്ട് അതെഴുതിയ ആളോടു ഞങ്ങൾക്കു തോന്നുന്ന സ്നേഹവും അയാളെ നേരിൽ കാണാനും എത്രയും വിനയത്തോടെ അയാളുടെ കൈകളിൽ മുത്താനുള്ള വ്യഗ്രതയും അങ്ങയ്ക്കു മനസ്സിലാകാത്തതല്ലല്ലോ. പത്തൊമ്പതാമത്തെ വയസ്സിൽ തന്റെ ആത്മാവിനു തീ പിടിപ്പിച്ച ഒരെഴുത്തുകാരന്, ഉദാഹരണത്തിന് ഷാറ്റോബ്രിയാന്*, ഇത്രയൊക്കെ എഴുതാൻ അങ്ങയ്ക്കു മടി വരുമായിരുന്നോ? ഇതെല്ലാം വേണ്ട രീതിയിൽ പ്രകാശിപ്പിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല- എഴുതുന്നതിലും നന്നായി എനിക്കു ചിന്തിക്കാം. എന്നാൽ അങ്ങും ഒരു കാലത്തു ചെറുപ്പമായിരുന്നതിനാൽ ഞാൻ പറയാതെ വിട്ടതെന്താണെന്നൂഹിക്കാൻ അങ്ങയ്ക്കു കഴിയുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു; ഇത്രയും പുതിയതും അസാധാരണവുമായ ഒരു നീക്കം അങ്ങയെ വല്ലാതെ ഞെട്ടിക്കുകയില്ലെന്നും ഞാൻ വിശ്വസിക്കട്ടെ. ഒരു മറുപടി തന്ന് എന്നെ ആദരിക്കാൻ അങ്ങ് ദാക്ഷിണ്യം കാണിക്കുമെന്നും. അങ്ങേയറ്റത്തെ അക്ഷമയോടെയാണ് ഞാൻ അതിനു വേണ്ടി കാത്തിരിക്കുന്നതെന്നും ഞാൻ സമ്മതിക്കുന്നു.
മറുപടി എഴുതാനുള്ള ദയ കാണിച്ചാലും ഇല്ലെങ്കിലും എന്റെ തീരാത്ത കടപ്പാട് അങ്ങു സ്വീകരിക്കുമല്ലോ.
(പത്തൊമ്പതുകാരനായ ബോദ്‌ലേർ അക്കാലത്തെ സാഹിത്യസിംഹമായ വിക്തോർ ഹ്യൂഗോക്കെഴുതിയ കത്താണിത്. )*Marion de Lorme- ഹ്യൂഗോ 1829ൽ എഴുതിയ നാടകം.*ഹ്യൂഗോ തന്റെ Odes and Ballads സമർപ്പിച്ചിരിക്കുന്നത് എഴുത്തുകാരനും ചരിതകാരനും രാഷ്ട്രതന്ത്രജ്ഞനുമായ Francois-Rene de Chateaubriand (1768-1848)നാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ