2021, ഫെബ്രുവരി 24, ബുധനാഴ്‌ച

ബോദ്‌ലേർ - ഇപ്പോഴേ!


വിളുമ്പുകൾ കാണാൻ കൂടിയില്ലാത്ത ആ കൂറ്റൻ കുളിത്തൊട്ടിയിൽ നിന്ന് ഒരു നൂറുതവണ തേജസ്വിയോ വിഷണ്ണനോ ആയി സൂര്യൻ പുറത്തുവന്നുകഴിഞ്ഞു; തെളിഞ്ഞതോ മുഷിഞ്ഞതോ ആയ മുഖത്തോടെ ഒരു നൂറുതവണ സന്ധ്യാസ്നാനത്തിനായി അവൻ അതിൽ പോയി മുങ്ങുകയും ചെയ്തുകഴിഞ്ഞു. കുറേ നാളുകളായി ഞങ്ങൾ അന്തരീക്ഷത്തിന്റെ മറുവശത്തെക്കുറിച്ചുള്ള ചിന്തയിലായിരുന്നു, ആ മറുപാതിയുടെ ആകാശലിപി ഞങ്ങൾ വായിച്ചെടുക്കുകയുമായിരുന്നു. ഓരോ യാത്രക്കാരനും നെടുവീർപ്പിടുകയും പിറുപിറുക്കുകയുമായിരുന്നു. കരയടുക്കുന്തോറും അവരുടെ മനഃക്ലേശം കൂടുകയാണെന്നു തോന്നിപ്പോയി. “ഇനിയെന്നാണാവോ, ” അവർ പറയുകയായിരുന്നു, “തിരകൾ തട്ടിയുരുട്ടാത്ത, ഞങ്ങളെക്കാളുച്ചത്തിൽ കൂർക്കം വലിക്കുന്ന കാറ്റിന്റെ ശല്യമില്ലാത്ത ഒരുറക്കം ഞങ്ങൾക്കു കിട്ടുക? ഞങ്ങളേയും വഹിച്ചുകൊണ്ടുപോകുന്ന ഈ നശിച്ച കടലിനെപ്പോലെ ഉപ്പു ചുവയ്ക്കാത്ത ഇറച്ചി കഴിക്കാൻ ഇനി ഞങ്ങൾക്കെന്നാണു കഴിയുക? ഒരുറച്ച കസേരയിലിരുന്ന് സാവകാശം ഭക്ഷണം കഴിക്കാൻ ഇനിയെന്നാണു ഞങ്ങൾക്കവസരം കിട്ടുക?”

സ്വന്തം കുടുംബത്തെയോർത്ത് ആലോചനയിലാണ്ട ചിലരും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു; ദുർമ്മുഖം കാണിക്കുന്ന, വിശ്വസിക്കാൻ കൊള്ളാത്ത ഭാര്യമാരെ, തൊള്ള തുറക്കുന്ന സന്തതികളെ കാണാൻ അവർക്കു കൊതിയായിക്കഴിഞ്ഞു. കണ്മുന്നിൽ വരാത്ത കര അവരെ ഭ്രാന്തു പിടിച്ചപോലെയാക്കിയിരിക്കുന്നു; കാലികളെക്കാൾ ഉത്സാഹത്തോടെ അവർ പുല്ലു തിന്നുമെന്ന് എനിക്കു തോന്നിപ്പോയി.

ഒടുവിൽ ഒരു തീരം കണ്ണില്പെട്ടു; അടുക്കുന്തോറും അതിമനോഹരവും ഉജ്ജ്വലവുമായ ഒരു ഭൂപ്രദേശമാണതെന്നു ഞങ്ങൾ കാണുകയായിരുന്നു. ജീവന്റെ സംഗീതവൈവിദ്ധ്യം ഒരവ്യക്തമർമ്മരമായി അതിൽ നിന്നു വന്നിരുന്നു; പച്ചപ്പിന്റെ പലപല ഭേദങ്ങൾ കൊണ്ടു സമൃദ്ധമായ തീരത്തു നിന്ന് പൂക്കളുടേയും പഴങ്ങളുടേയും ആസ്വാദ്യഗന്ധം പ്രസരിച്ചിരുന്നു.

ആ നിമിഷം എല്ലാവരും സന്തോഷവാന്മാരായി; എല്ലാവരും ദുർമ്മുഖം വെടിഞ്ഞു. എല്ലാ കലഹങ്ങളും മറക്കപ്പെട്ടു; അന്യോന്യം ചെയ്ത അപരാധങ്ങൾ മാപ്പാക്കപ്പെട്ടു; നടത്താൻ വച്ചിരുന്ന ദ്വന്ദ്വയുദ്ധങ്ങൾ മനസ്സിൽ നിന്നേ മായ്ച്ചുകളഞ്ഞു; വിരോധങ്ങളൊക്കെ ആവി പോലെ അലിഞ്ഞുപോവുകയും ചെയ്തു.

ഞാൻ മാത്രം ദുഃഖിതനായിരുന്നു, ഭാവനാതീതമായിരുന്നു എന്റെ ദുഃഖം. തന്റെ പൂജാവിഗ്രഹം ബലമായി പിടിച്ചെടുക്കപ്പെട്ട ഒരു പൂജാരിയെപ്പോലെ കരളു പറിക്കുന്ന ശോകത്തോടെയാണ്‌ രാക്ഷസീയവശ്യതയാർന്ന ആ കടലിനോട്, ഭീതിദമായ ഒരു ലാളിത്യത്തിന്റെ അനന്തവൈവിദ്ധ്യം പേറുന്ന ആ കടലിനോട്, ഇന്നേവരെ ജീവിച്ച, ജീവിക്കുന്ന, ജീവിക്കാനിരിക്കുന്ന ഓരോ ആത്മാവിന്റെയും മനോനിലകളെ, സന്ത്രാസങ്ങളെ, ഹർഷോന്മാദങ്ങളെ തന്നിലടക്കുകയും  തന്റെ ലീലകളിലൂടെ, വശ്യതകളിലൂടെ, രോഷങ്ങളിലൂടെ, മന്ദഹാസങ്ങളിലൂടെ അവയ്ക്കാവിഷ്കാരം നല്കുന്നതായി തോന്നിക്കുകയും ചെയ്യുന്ന ആ കടലിനോട് ഞാൻ വിട പറഞ്ഞത്. 

സാദൃശ്യമില്ലാത്ത ആ സൗന്ദര്യത്തോടു യാത്ര പറയുമ്പോൾ പ്രഹരമേറ്റു മൃതപ്രായനായ ഒരാളെപ്പോലെയായിരുന്നു ഞാൻ; അതുകൊണ്ടാണ്‌ എന്റെ ഓരോ സഹയാത്രികനും “ഒടുവിൽ!” എന്നു പറയുമ്പോൾ “ഇപ്പോഴേ!” എന്നു കരയാനേ എനിക്കായുള്ളു. 

എന്നാല്ക്കൂടി ഇതു മണ്ണാണ്‌, അതിന്റെ ഒച്ചകളും അതിന്റെ തൃഷ്ണകളും അതിന്റെ വില്പനച്ചരക്കുകളും അതിന്റെ ഉത്സവങ്ങളുമുള്ള മണ്ണ്‌; വാഗ്ദാനങ്ങൾ ഉള്ളിലൊതുക്കിയ, സമൃദ്ധവും ഉജ്ജ്വലവുമായ മണ്ണ്‌; പനിനീർപ്പൂക്കളുടേയും കസ്തൂരിയുടേയും നിഗൂഢപരിമളം നമുക്കു പകരുന്നതതാണ്‌, ജീവന്റെ സംഗീതവൈവിദ്ധ്യം ഒരു പ്രണയമർമ്മരമായി നമുക്കോതിത്തരുന്നതും ആ മണ്ണാണ്‌. 

(34)

അഭിപ്രായങ്ങളൊന്നുമില്ല: