2021, ഫെബ്രുവരി 7, ഞായറാഴ്‌ച

ബോദ്‌ലേർ - മദാം...

 1850കളിൽ അനാരോഗ്യവും ദാരിദ്ര്യവും കൊണ്ടു വലയുകയായിരുന്നു ബോദ്‌ലേർ; അതദ്ദേഹത്തിന്റെ സർഗ്ഗാത്മകതയെക്കൂടി ബാധിച്ചു. എന്നാൽ 1852ൽ മേരി ദൗബ്രുണിനെഴുതിയതായി കരുതപ്പെടുന്ന വികാരതീക്ഷ്ണമായ ഈ പ്രേമലേഖനത്തിൽ താൻ അനുഭവിക്കുന്ന ഭൗതികപ്രയാസങ്ങളുടെ ഒരു സൂചനയും  അദ്ദേഹം നല്കുന്നില്ല.

മദാം,

ഞാനിനി ഒരിക്കലും നിങ്ങളെ കാണില്ലെന്നു വരുമോ? എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായ പ്രശ്നം അതാണ്‌; എന്തെന്നാൽ, നിങ്ങളുടെ സാന്നിദ്ധ്യം കിട്ടാതെവരിക എന്നതുകൊണ്ടുതന്നെ കഠിനമായ ഹൃദയവേദന അനുഭവിക്കുന്ന ഘട്ടത്തിൽ ഞാനെത്തിയിരിക്കുന്നു. നിങ്ങൾ മോഡലിംഗ് ഉപേക്ഷിക്കുകയാണെന്നും അറിയാതെതന്നെ ഞാനാണ്‌ ആ തീരുമാനത്തിനു കാരണമായതെന്നും കേട്ടപ്പോൾ അസാധാരണമായ ഒരു ദുഃഖമാണ്‌ എനിക്കു തോന്നിയത്. കാര്യങ്ങൾ എഴുതിവയ്ക്കുന്നതിൽ അത്ര താല്പര്യമില്ലാത്തയാളാണു ഞാനെങ്കിലും നിങ്ങൾക്കെഴുതണമെന്ന് എനിക്കു തോന്നി. എഴുതിക്കഴിഞ്ഞാൽ മിക്കപ്പോഴും പിന്നതിനെക്കുറിച്ചെനിക്കു പശ്ചാത്തപിക്കേണ്ടിവരാറുണ്ട്. എന്നാൽ എനിക്കു യാതൊന്നും നഷ്ടപ്പെടാനില്ല, കാരണം, എന്നെന്നേക്കുമായി നിങ്ങൾക്കു സ്വയം സമർപ്പിക്കാൻ ഞാൻ തീരുമാനിച്ചുകഴിഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചത്തെ നമ്മുടെ സംഭാഷണം എത്ര അസാധാരണമായിരുന്നുവെന്ന് നിങ്ങൾക്കു ബോദ്ധ്യമുണ്ടോ? ആ സംഭാഷണം തന്നെയാണ്‌ മുമ്പൊരിക്കലും അനുഭവിക്കാത്ത ഒരവസ്ഥയിലേക്ക് എന്നെ തള്ളിയിട്ടതും ഈ കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചതും.

“ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നു പറയുന്ന, യാചിക്കുന്ന ഒരു മനുഷ്യൻ, “നിങ്ങളെ സ്നേഹിക്കാനോ? ഞാനോ? ഒരിക്കലുമില്ല! എന്റെ സ്നേഹം ഒരേയൊരാൾക്കു മാത്രമുള്ളതാണ്‌. ആ ഒരാൾക്കു ശേഷം വരുന്ന ഏതൊരാൾക്കും നിർഭാഗ്യം മാത്രമേ വിധിച്ചിട്ടുള്ളു: എന്റെ അവഗണനയും പുച്ഛവും മാത്രമാണ്‌ അയാൾക്കു കിട്ടാനുള്ളത്!” എന്നു മറുപടി പറയുന്ന ഒരു സ്ത്രീ.  ആ മനുഷ്യനാവട്ടെ, നിങ്ങളുടെ കണ്ണുകളിലേക്കു കുറച്ചുനേരം കൂടി നോക്കിയിരിക്കാനുള്ള സന്തോഷത്തിനായി മറ്റേയാളെക്കുറിച്ചു തന്നോടു സംസാരിക്കാൻ നിങ്ങളെ അനുവദിക്കുന്നു, അയാളെക്കുറിച്ചു മാത്രം സംസാരിക്കാൻ നിങ്ങളെ അനുവദിക്കുന്നു, അയാളെക്കുറിച്ചോർത്തു മനസ്സുരുകാനും ചിന്തിക്കാനും നിങ്ങളെ അനുവദിക്കുന്നു! ഈ കുമ്പസാരങ്ങളുടെയെല്ലാം ഫലം വിചിത്രമായിരുന്നു: നിങ്ങളിപ്പോൾ ഞാൻ മോഹിക്കുന്ന വെറുമൊരു സ്ത്രീ മാത്രമല്ല, അവളുടെ ആത്മാർത്ഥത, അവളുടെ വികാരം, അവളുടെ പുതുമ, അവളുടെ യൗവ്വനം, അവളുടെ മുഗ്ധത എന്നിവ കാരണമായി ഞാൻ സ്നേഹിക്കുന്നവളാണ്‌. ഈ വിശദീകരണങ്ങളുടെ പേരിൽ എനിക്കു പലതും നഷ്ടപ്പെട്ടുകഴിഞ്ഞു; കാരണം, നിങ്ങളുടെ മനോദാർഢ്യം അത്ര ബലത്തതായിരുന്നതിനാൽ അടിയറവു പറയുകയല്ലതെ എനിക്കു വഴിയില്ലായിരുന്നു. എന്നാൽ, മദാം, നിങ്ങളതു കൊണ്ടു പലതും നേടി: എനിക്കു നിങ്ങളോടു ബഹുമാനവും വല്ലാത്ത മതിപ്പും തോന്നി. എന്നും ഇതുപോലായിരിക്കുക, നിങ്ങളെ ഇത്ര സുന്ദരിയും സന്തോഷവതിയുമാക്കുന്ന ആ വികാരം കാത്തുസൂക്ഷിക്കുക.

മടങ്ങിവരൂ, ഞാൻ യാചിക്കുകയാണ്‌, എന്റെ തൃഷ്ണകളിൽ ഞാൻ മാന്യതയും മിതത്വവും പാലിക്കാം. ഉച്ഛിഷ്ടങ്ങൾ കൊണ്ടു ഞാൻ തൃപ്തനായേക്കാം എന്നു പറഞ്ഞപ്പോൾ ഞാൻ നിങ്ങളുടെ അവജ്ഞ ചോദിച്ചുവാങ്ങുകയായിരുന്നു. ഞാൻ കള്ളം പറഞ്ഞതാണ്‌. അന്നു രാത്രിയിൽ താനെത്ര സുന്ദരിയായിരുന്നു എന്നു നിങ്ങൾക്കറിയാമോ! നിങ്ങളെ അഭിനന്ദിക്കാൻ എനിക്കു ധൈര്യം തന്നെ വന്നില്ല- അതത്ര വിരസവും നിസ്സാരവും ആകുമായിരുന്നു. പക്ഷേ നിങ്ങളുടെ കണ്ണുകൾ, നിങ്ങളുടെ ചുണ്ടുകൾ, ഓജസ്സും ചലനവും നിറഞ്ഞ നിങ്ങളുടെ ഉടലാകെ, ഇപ്പോഴിതാ, എന്റെ അടഞ്ഞ കണ്ണുകൾക്കു മുന്നിലൂടെ കടന്നുപോകുന്നു; അതെന്നും അങ്ങനെയായിരിക്കുമെന്ന് എനിക്കത്ര നന്നായി അറിയുകയും ചെയ്യാം. മടങ്ങിവരൂ, മുട്ടുകാലിൽ വീണുകിടന്ന് ഞാൻ അപേക്ഷിക്കുകയാണ്‌. എനിക്കു നിങ്ങളോടുള്ള സ്നേഹം അവസാനിച്ചതായി ഒരുനാൾ നിങ്ങൾ കാണുമോയെന്നു ഞാൻ പറയില്ല; എന്നാൽ നിങ്ങളുടെ കൈകൾക്കു ചുറ്റും, നിങ്ങളുടെ മനോഹരമായ ആ കൈകൾക്കു ചുറ്റും, ജീവന്റെ നിമിത്തകാരണമായ നിങ്ങളുടെ ചുണ്ടുകൾക്കു ചുറ്റും, നിങ്ങളുടെ ആരാധ്യമായ ഭൗമസത്തയ്ക്കു ചുറ്റും അലഞ്ഞുനടക്കുന്നതിൽ നിന്ന് നിങ്ങൾക്കെന്റെ മനസ്സിനെ തടയാനാവില്ല. ഇല്ല, നിങ്ങൾക്കതു തടയാനാവില്ല എന്നെനിക്കറിയാം; എന്നുവച്ചു നിങ്ങൾ പേടിക്കുകയും വേണ്ട; നിങ്ങൾ എനിക്കൊരു പൂജാവിഗ്രഹമാണ്‌, അതിനെ അശുദ്ധമാക്കാൻ എനിക്കു കഴിയില്ല. നിങ്ങളെ മുമ്പത്തെപ്പോലെതന്നെ ദീപ്തിമത്തായി എന്നെന്നും ഞാൻ കാണും. നിങ്ങളുടെ സത്തയാകെ അത്രയും നന്മ നിറഞ്ഞതാണ്‌, അത്രയും സൗന്ദര്യം തികഞ്ഞതാണ്‌, അത്രയും സുഗന്ധവാഹിയുമാണ്‌! എനിക്കു നിങ്ങളാണ്‌ ജീവനും ചലനവും; അതു  നിങ്ങളുടെ ചേഷ്ടകളുടെ ചടുലതയും നിങ്ങളുടെ പ്രകൃതത്തിന്റെ പ്രചണ്ഡതയും കൊണ്ടല്ല, നിങ്ങളുടെ കണ്ണുകൾ കാരണമാണ്‌, നിത്യപ്രണയം കൊണ്ട് ഒരു കവിയെ പ്രചോദിപ്പിക്കുന്ന ആ കണ്ണുകൾ കാരണം.

ഞാൻ നിങ്ങളുടെ കണ്ണുകളെ എത്ര ആഴത്തിൽ സ്നേഹിക്കുന്നുവെന്നും നിങ്ങളുടെ സൗന്ദര്യത്തെ എത്ര പൂർണ്ണമായി ആസ്വദിക്കുന്നുവെന്നും എങ്ങനെയാണു ഞാൻ നിങ്ങളോടു പറയുക? പരസ്പരവിരുദ്ധമായ രണ്ടു ചാരുതകൾ (എന്നാൽ നിങ്ങളിലവ ഒന്നിനൊന്നെതിരുമല്ല): ഒരു ശിശുവിന്റെ ചാരുതയും ഒരു സ്ത്രീയുടെ ചാരുതയും: അതു രണ്ടും ചേർന്നതാണ്‌ ആ സൗന്ദര്യം. എനിക്കെത്ര ആരാധ്യയാണു നിങ്ങളെന്നും എത്ര അഗാധമാണ്‌ നിങ്ങളോടെന്റെ സ്നേഹമെന്നും ഉള്ളിന്റെയുള്ളിൽ നിന്നു ഞാൻ പറയുമ്പോൾ, ഹാ, എന്നെ വിശ്വസിക്കണേ! എന്നെ എന്നെന്നേക്കുമായി നിങ്ങളോടു ബന്ധിച്ചിടുന്ന ആ വികാരം ധാർമ്മികമായ ഒന്നാണ്‌. നിങ്ങൾ സ്വയം എന്തു പറഞ്ഞാലും ഇനിമുതൽ നിങ്ങളാണെന്റെ രക്ഷാകവചം, എന്റെ പിൻബലം. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു, മേരീ, അതു നിഷേധിച്ചിട്ടു കാര്യമില്ല; എന്നാൽ നിങ്ങൾ എന്നിലുണർത്തുന്ന സ്നേഹം ഒരു ക്രിസ്ത്യാനിക്ക് തന്റെ ദൈവത്തോടു തോന്നുന്ന സ്നേഹമാണ്‌. നിങ്ങളുടെ കാമനകൾ എന്തായിരുന്നാലും എന്റെ ആത്മാവിനെ നിങ്ങളുടേതുമായി ഒരുമിപ്പിക്കുന്ന ദേഹനിബദ്ധമല്ലാത്തതും നിഗൂഢവുമായ ഈ ഉപാസനരീതിയ്ക്ക്, മധുരനിർമ്മലമായ ഈ ആകർഷണത്തിന്‌, അതിനാൽ ലൗകികമായ ഒരു പേരു നല്കാൻ ഉദ്യമിക്കരുതേ; പലപ്പോഴും ആ പേരുകൾ അപമാനകരമായേ വന്നിട്ടുള്ളു. അതൊരു ദൈവദൂഷണം തന്നെയാണ്‌.

ഞാൻ മരിച്ചുകിടക്കുകയായിരുന്നു, നിങ്ങളെനിക്കു ജീവൻ തിരിച്ചുതന്നു. ഹാ, എന്തിനൊക്കെയാണ്‌ ഞാൻ നിങ്ങളോടു കടപ്പെട്ടിരിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. നിങ്ങളുടെ വിശുദ്ധനേത്രങ്ങളിൽ നിന്ന് അജ്ഞാതാനന്ദങ്ങൾ ഞാൻ പിടിച്ചെടുത്തിട്ടുണ്ട്; ആത്മാവിന്റെ ഏറ്റവും പൂർണ്ണവും ഏറ്റവും ലോലവുമായ ആനന്ദങ്ങളിലേക്ക് നിങ്ങളുടെ കണ്ണുകൾ എന്നെ ആനയിച്ചിട്ടുണ്ട്. ഇനിമുതൽ നിങ്ങളാണെന്റെ ഒരേയൊരു റാണി, എന്റെ വികാരാവേശം, എന്റെ സൗന്ദര്യം, ഒരാത്മീയത തഴുകിവളർത്തുന്ന എന്റെ സത്തയുടെ അംശം. 

നിങ്ങളിലൂടെ മേരീ, ഞാൻ കരുത്തനും മഹാനുമാവും. പെട്രാർക്കിനെപ്പോലെ ഞാനെന്റെ ലാറയെ അനശ്വരയാക്കും. എന്റെ കാവൽമാലാഖയാകൂ, എന്റെ കാവ്യദേവതയും എന്റെ മഡോണയുമാകൂ, സൗന്ദര്യത്തിന്റെ പാതയിൽ എന്റെ ചുവടുകൾക്കു വഴികാട്ടിയാകൂ.

മറുപടിയായി ഒരു വാക്കെഴുതാനുള്ള സന്മനസ്സു കാണിയ്ക്കണേ, ഞാൻ യാചിക്കുകയാണ്‌, ഒരേയൊരു വാക്ക്. ഏതു വ്യക്തിയുടേയും ജീവിതത്തിലുണ്ടാവും, സന്ദേഹത്തിന്റെ നാളുകൾ- സൗഹൃദത്തിന്റെ ഒരടയാളം, ഒരു നോട്ടം, കുത്തിക്കുറിച്ച ഒരു സന്ദേശം അയാളെ മൂഢതയിലേക്കോ ഉന്മാദത്തിലേക്കോ ആട്ടിപ്പായിക്കുന്ന നിർണ്ണായകദിനങ്ങൾ. അങ്ങനെയൊരു ബിന്ദുവിലേക്ക് ഞാൻ എത്തിക്കഴിഞ്ഞുവെന്ന് ഞാൻ ആണയിട്ടുപറയുന്നു. നിങ്ങളിൽ നിന്നൊരു വാക്ക് എനിക്കു നോക്കിനോക്കിയിരിക്കാനുള്ള, മനഃപാഠമാക്കാനുള്ള  അനുഗൃഹീതവസ്തുവായിരിക്കും. എത്ര ആഴമുള്ളതാണ്‌ എനിക്കു നിങ്ങളോടുള്ള സ്നേഹമെന്ന് നിങ്ങൾക്കെന്തെങ്കിലും പിടിയുണ്ടായിരുന്നെങ്കിൽ! ഞാൻ നിങ്ങളുടെ കാല്ക്കൽ വീഴുന്നു; ഒരു വാക്കു പറയൂ, ഒരേയൊരു വാക്ക്...ഇല്ല, നിങ്ങളതു പറയില്ല.

എത്ര സന്തോഷവാനായിരിക്കും, ആയിരം മടങ്ങു സന്തോഷവാനായിരിക്കും, അയാൾ, എല്ലാ പുരുഷന്മാരിൽ നിന്നും നിങ്ങൾ തിരഞ്ഞെടുത്ത ആ പുരുഷൻ, വിവേകത്തിലും സൗന്ദര്യത്തിലും അത്രയും സമൃദ്ധയായ നിങ്ങൾ, സിദ്ധി കൊണ്ട്, ബുദ്ധി കൊണ്ട്, ഹൃദയം കൊണ്ട് അത്രയും കാമ്യയായ നിങ്ങൾ! നിങ്ങളുടെ സ്ഥാനം കവരാൻ ഏതു സ്ത്രീയ്ക്കാവും? ഒരു സന്ദർശനത്തിനു യാചിക്കാൻ എനിക്കു ധൈര്യം വരുന്നില്ല; നിങ്ങളതു നിരസിക്കുകയേയുള്ളു. പകരം ഞാൻ കാത്തിരിക്കാം; വർഷങ്ങളോളം ഞാൻ കാത്തിരിക്കാം, എത്ര നിർബ്ബന്ധബുദ്ധിയോടെയും ആദരവോടെയുമാണ്‌ താൻ സ്നേഹിക്കപ്പെട്ടതെന്ന്, എത്ര നിസ്വാർത്ഥമായിട്ടാണ്‌ താൻ സ്നേഹിക്കപ്പെട്ടതെന്ന് നിങ്ങൾ കണ്ടെത്തുന്ന ആ നാളിനായി, തുടക്കത്തിൽ നിങ്ങൾക്കെന്നെ അവിശ്വാസമായിരുന്നുവെന്നു നിങ്ങൾക്കോർമ്മ വരുന്ന, നിങ്ങളെന്നോടു മോശമായി പെരുമാറിയെന്നു നിങ്ങൾ സമ്മതിക്കുന്ന ആ നാളിനായി. 

ചുരുക്കത്തിൽ, നിങ്ങൾക്കെന്റെ നേർക്കയക്കാൻ തോന്നുന്ന പ്രഹരങ്ങൾ തടുക്കാൻ എനിക്കു സ്വാതന്ത്ര്യമില്ല, എന്റെ ദേവതേ. നിങ്ങൾക്കിഷ്ടം എന്നെ ചവിട്ടിപ്പുറത്താക്കാനായിരുന്നു; എനിക്കിഷ്ടം നിങ്ങളെ ആരാധിക്കാനായിരുന്നു. ഇതിലധികമൊന്നും പറയാനില്ല.

അഭിപ്രായങ്ങളൊന്നുമില്ല: