2021, ഫെബ്രുവരി 28, ഞായറാഴ്‌ച

ബോദ്‌ലേർ - പദ്ധതികൾ


വലിയൊരുദ്യാനത്തിൽ ഒറ്റയ്ക്കു നടക്കുമ്പോൾ അയാൾ തന്നോടുതന്നെ പറഞ്ഞു: “സുന്ദരമായ ഒരു സായാഹ്നവേളയിൽ, സങ്കീർണ്ണവും സമൃദ്ധവുമായ രാജകീയവസ്ത്രവുമണിഞ്ഞ്, വിശാലമായ പുൽത്തകിടികളും പൊയ്കകളും മുന്നിലുള്ള ഒരു കൊട്ടാരത്തിന്റെ വെണ്ണക്കൽപ്പടവുകളിറങ്ങി വരുന്ന അവളെക്കാണാൻ എന്തു ഭംഗിയായിരിക്കും! അല്ലെങ്കിൽത്തന്നെ സ്വതേ അവൾക്കൊരു രാജകുമാരിയുടെ മട്ടുമാണല്ലോ!”

പിന്നീട് ഒരു തെരുവിലൂടെ നടക്കുമ്പോൾ പ്രിന്റുകൾ വില്ക്കുന്ന ഒരു കടയുടെ മുന്നിൽ അയാൾ നിന്നു; ഏതോ ഉഷ്ണമേഖലാദേശത്തിന്റെ പ്രകൃതിദൃശ്യത്തിന്റെ ചിത്രീകരണം ഒരു കാർഡ്ബോഡ് പെട്ടിയിൽ കണ്ടിട്ട് അയാൾ സ്വയം പറഞ്ഞു: “അല്ല! ഒരു കൊട്ടാരത്തിൽ വച്ചല്ല അവളുടെ അരുമജീവിതം കവരാൻ ഞാനിഷ്ടപ്പെടുക. ഒരു വീടിന്റെ സുഖം ഞങ്ങൾക്കവിടെ കിട്ടില്ല! തന്നെയുമല്ല, പൊന്നുകൊണ്ടു പൊതിഞ്ഞ ആ ചുമരുകളിൽ എവിടെയാണ്‌ ഞാനവളുടെ ചിത്രമൊന്നു തൂക്കിയിടുക? സ്വകാര്യതയ്ക്കു പറ്റിയ ഒഴിഞ്ഞൊരിടം വിശാലമായ ആ മുറികളിൽ എവിടെയുമില്ല. എന്റെ ജീവിതസ്വപ്നം നട്ടുവളർത്താൻ ഞാൻ പോകേണ്ടത്, ഇതാ, ഇവിടെത്തന്നെയാണ്‌!”

ചിത്രത്തിന്റെ ഓരോ വിശദാംശവും കണ്ണുകൾ കൊണ്ടു നിരൂപണം ചെയ്യവെ അയാൾ മനോരാജ്യം തുടർന്നു: “കടലോരം ചേർന്ന് മനോഹരമായ ഒരു മരക്കുടിൽ; പേരുകൾ ഞാൻ മറന്ന, വിചിത്രവും തിളങ്ങുന്നതുമായ മരങ്ങൾ ചുറ്റിനും...വായുവിൽ ഇന്നതെന്നറിയാത്ത, മത്തുപിടിപ്പിക്കുന്ന ആ പരിമളം...പുരയ്ക്കുള്ളിലാവട്ടെ, റോസിന്റെയും കസ്തൂരിയുടെയും സാന്ദ്രഗന്ധം...അതിനുമപ്പുറം, ഞങ്ങളുടെ കൊച്ചുസാമ്രാജ്യത്തിനും പിന്നിലായി, തിരക്കോളു താരാട്ടുന്ന പാമരത്തലപ്പുകൾ... ഞങ്ങൾക്കു ചുറ്റുമായി, തട്ടികളിലൂടെ സൂര്യപ്രകാശമരിച്ചിറങ്ങി സിന്ദൂരവർണ്ണം പകരുന്ന, കുളിർമ്മയുള്ള പുല്പായകളും തലയ്ക്കു പിടിക്കുന്ന പൂക്കളും കനത്തിരുണ്ട മരം കൊണ്ടു പണിത പോർച്ചുഗീസ് റൊക്കോക്കോ കസേരകളും (അതിലാണവൾ ലേശം കറുപ്പു ചേർത്ത പുകയില പുകച്ചും വിശറിയുടെ കാറ്റു കൊണ്ടും അലസമായി ചാഞ്ഞുകിടക്കുക)  കൊണ്ടലങ്കരിച്ച മുറിയ്ക്കുമപ്പുറം,  വരാന്തയിൽ വെളിച്ചം കുടിച്ചു മദിച്ച കിളികളുടെ കോലാഹലം, കാപ്പിരിപ്പെൺകുട്ടികളുടെ സല്ലാപം...രാത്രിയിലാവട്ടെ, എന്റെ ചിന്തകൾക്കകമ്പടിയായി സംഗീതവൃക്ഷങ്ങളുടെ, വിഷാദികളായ ചൂളമരങ്ങളുടെ വ്യാകുലഗാനവും! അതെ, സത്യമായും ഇതുതന്നെ, ഞാൻ തേടിനടന്ന പശ്ചാത്തലം. കൊട്ടാരം കൊണ്ടെനിക്കെന്തു കാര്യം?”

അതും കഴിഞ്ഞ്, വിശാലമായ ഒരു വീഥിയിലൂടെ നടന്നുപോകുമ്പോൾ വൃത്തിയുള്ള ഒരു ചെറിയ സത്രം അയാളുടെ ശ്രദ്ധയിൽ വന്നു; കാലിക്കോ കർട്ടനുകൾ മോടി കൂട്ടുന്ന അതിന്റെ  ജനാലയിലൂടെ ചിരിക്കുന്ന രണ്ടു മുഖങ്ങൾ പുറത്തേക്കു കുനിഞ്ഞുനോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്: “കയ്യകലത്തുള്ള ഒന്നിനെത്തേടി  ഇത്ര അകലേക്കു പോകണമെങ്കിൽ എന്റെ മനസ്സ് ശരിക്കുമൊരു ഊരുതെണ്ടിയല്ലേ?” അയാൾ സ്വയം പറഞ്ഞു. സുഖവും സന്തോഷവുമാണു വേണ്ടതെങ്കിൽ ആദ്യം കാണുന്ന സത്രത്തിൽത്തന്നെ അതുണ്ട്, യാദൃച്ഛികമായി കാണുന്ന, ആനന്ദങ്ങൾ നുരയുന്ന ഒരു സത്രത്തിൽ. ചൂടിന്‌ ആളിക്കത്തുന്ന സ്റ്റൗ, തരക്കേടില്ലാത്ത അത്താഴം, തെളിക്കാത്ത വീഞ്ഞ്, പരുക്കനെങ്കിലും വൃത്തിയുള്ള വിരിയിട്ട വലിയ കിടക്ക: ഇതിലധികം എന്തു വേണം?“

ബാഹ്യജീവിതത്തിന്റെ ഇരമ്പത്തിൽ വിവേകത്തിന്റെ ഉപദേശം മുങ്ങിപ്പോകാത്ത ആ നേരത്ത് ഒറ്റയ്ക്കു വീട്ടിലേക്കു മടങ്ങുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞു: “ഇന്ന് ദിവാസ്വപ്നത്തിൽ മൂന്നിടത്തു ഞാൻ താമസിച്ചു; മൂന്നിലും ഒരേപോലത്തെ സുഖം എനിക്കു കിട്ടുകയും ചെയ്തു. എന്റെ ആത്മാവിന്‌ ഇത്ര ലാഘവത്തോടെ യാത്ര പോകാമെന്നിരിക്കെ ഞാനെന്തിന്‌ എന്റെ ഉടലിനെ മറ്റൊരിടത്തേക്കു തള്ളിവിടണം? പദ്ധതി തന്നെ മതിയായ സന്തോഷമാണെന്നിരിക്കെ എന്തിനതു നടപ്പാക്കാൻ മിനക്കെടണം?”

അഭിപ്രായങ്ങളൊന്നുമില്ല: