ഒരൊഴിവുദിവസം വീണുകിട്ടിയ ജനം എങ്ങും നിറഞ്ഞുപരന്ന് വിനോദിക്കുകയാണ്. തെരുവുകലാകാരന്മാരും അഭ്യാസികളും മൃഗശിക്ഷകരും നടന്നുവില്പനക്കാരുമെല്ലാം ഒരു കൊല്ലത്തെ അരിഷ്ടിച്ചുള്ള ജീവിതത്തിന്റെ കോട്ടം തീർക്കുന്നത് ഇങ്ങനെയുള്ള ആഘോഷവേളകളിലാണല്ലോ.
ഇതുപോലെയുള്ള ദിവസങ്ങളിൽ ആളുകൾ തങ്ങളുടെ നല്ല കാലവും കഷ്ടപ്പാടുകളും ഒരേപോലെ മറവിയിൽ തള്ളുന്നതായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്; ഒരു ദിവസത്തേക്ക് അവർ കുട്ടികളുടെ മട്ടാകുന്നു. കുട്ടികൾക്ക് ഒരു ദിവസത്തെ അവധിയും കിട്ടുന്നു:ഇരുപത്തിനാലു മണിക്കൂർ നേരത്തേക്ക് പള്ളിക്കൂടഭീകരത തടുത്തുനിർത്തപ്പെടുന്നു. മുതിർന്നവർക്കാകട്ടെ, ജീവിതത്തിലെ മാരകശക്തികളുമായി തല്ക്കാലത്തേക്കൊരു വെടിനിർത്തലാണത്; അവസാനമില്ലാത്ത തർക്കങ്ങളിലും സംഘർഷങ്ങളിലും നിന്ന് ഒരു സാവകാശം.
സമൂഹത്തിലെ വരേണ്യർക്കും ആത്മീയവേലകളിൽ ഏർപ്പെട്ടവർക്കും വരെ ഈ പൊതുതമാശയിൽ നിന്നു രക്ഷപ്പെടുക പ്രയാസമാണ്. അന്തരീക്ഷത്തിൽ തങ്ങിനില്ക്കുന്ന സുഖാലസ്യത്തിന്റെ ഒരംശം തങ്ങളറിയാതെ അവരും ഉള്ളിലേക്കെടുക്കുന്നുണ്ട്. എന്നെ സംബന്ധിച്ചാണെങ്കിൽ, ഒരു യഥാർത്ഥ പാരീസുകാരനായ ഞാൻ ഇത്തരം ഭവ്യസന്ദർഭങ്ങളിൽ തെരുവിനിരുവശവും നിരക്കുന്ന എണ്ണമറ്റ സ്റ്റാളുകൾ ഒന്നുപോലും വിടാതെ നിരീക്ഷണവിധേയമാക്കാറുണ്ട്.
അവരുടെ തമ്മില്പോരിന്റെ ഊറ്റം കാണേണ്ടതുതന്നെ: അവർ ചീറുകയും അമറുകയും ഓരിയിടുകയുമാണ്. ഒച്ചവയ്പും സിംബലുകളുടെ കലമ്പലുകളും പടക്കങ്ങളുടെ പൊട്ടിത്തെറിയുമൊക്കെച്ചേർന്ന ഒരു ചേരുവ. ചെമ്പൻ മുടി നീട്ടിയ കസർത്തുകാരും കോമാളികളും കാറ്റും മഴയും വെയിലുമേറ്റു കരുവാളിച്ച മുഖങ്ങൾ കൊണ്ട് ഗോഷ്ടികൾ കാണിക്കുന്നു. കാണികൾക്കു മേൽ എന്തു പ്രഭാവമാണു തങ്ങൾ സൃഷ്ടിക്കാൻ പോകുന്നതെന്ന് അത്രയ്ക്കുറപ്പുള്ള നടന്മാരെപ്പോലെ ലോകോക്തികളും തമാശകളും തട്ടിവിടുകയാണവർ: ഒരു മോളിയേ കോമഡി പോലെ പഴകിയതും ഏതു വഴിക്കു പോകുമെന്നു മുൻകൂട്ടി പറയാവുന്നതുമായ ഒരു നാടകം. ഒറാങ്ങുട്ടാങ്ങിനെ ഓർമ്മിപ്പിക്കുന്ന നെറ്റിയും തലയോട്ടിയുമുള്ള അഭ്യാസികൾ കൂറ്റൻ കൈകാലുകൾ പ്രദർശിപ്പിച്ചുകൊണ്ട്, ഇന്നൊരു ദിവസത്തിനായി തലേന്നു പ്രത്യേകം അലക്കിയെടുത്ത ലങ്കോട്ടികളുമിട്ട് രാജസപ്രൗഢിയോടെ ചുറ്റിനടക്കുന്നു. യക്ഷികളേയോ രാജകുമാരിമാരെപ്പോലെയോ സുന്ദരികളായ നർത്തകിമാർ റാന്തൽവിളക്കുകളുടെ വെളിച്ചം തട്ടിത്തിളങ്ങുന്ന പാവാടകളുമായി വായുവിലേക്കു കുതിക്കുകയും പെരുവിരലൂന്നിനിന്നു കറങ്ങുകയും ചെയ്യുന്നു.
ആകെ വെളിച്ചവും പൊടിയും ഒച്ചയും ആഹ്ലാദവും ബഹളവുമാണ്. ചിലർ ചെലവാക്കുന്നു, ചിലർ നേടുന്നു: ഇരുകൂട്ടർക്കും സന്തോഷവുമാണ്. ചില കുട്ടികൾ ഒരു കരിമ്പിൻ തുണ്ടത്തിനു വേണ്ടി അമ്മമാരുടെ പാവാടത്തുമ്പിൽ പിടിച്ചുവലിക്കുന്നു; വേറേ ചിലർ ഒരു ദേവനെപ്പോലെ വിസ്മയിപ്പിക്കുന്ന ഏതോ ഇന്ദ്രജാലക്കാരനെ കൂടുതൽ നന്നായി കാണാൻ വേണ്ടി അച്ഛന്മാരുടെ തോളത്തു കയറിപ്പറ്റിയിരിക്കുന്നു. പിന്നെ സകലഗന്ധങ്ങൾക്കും മേലെയായി എവിടെയും ഒഴുകിനടക്കുകയാണ്, ആ മേളയുടെ ഔദ്യോഗികപരിമളം പോലെ, പൊരിക്കുന്ന എണ്ണയുടെ മണം.
സ്റ്റാളുകളുടെ നിരയിൽ ഏറ്റവും ഒടുവിലായി, ആ പകിട്ടുകളുടെയെല്ലാം മുന്നിലേക്കു വരാൻ നാണിച്ചിട്ടു സ്വയം ഭ്രഷ്ടനായപോലെ, വൃദ്ധനായ ഒരു കോമാളിയെ ഞാൻ കണ്ടു; മുതുകു വളഞ്ഞ്, ഒടിഞ്ഞുവീഴാറായ ആ മനുഷ്യാവശിഷ്ടം തന്റെ കൂരയുടെ ഒരു തൂണിൽ ചാരിനില്ക്കുകയാണ്. ഏറ്റവും പ്രാകൃതനായ ഒരു കാട്ടുജാതിക്കാരന്റെ കുടിലിനെക്കാളും നികൃഷ്ടമാണ് ആ കൂര; പുകഞ്ഞുകത്തുന്ന രണ്ടു മെഴുകുതിരിക്കഷണങ്ങളാവട്ടെ, ആ ദാരിദ്ര്യത്തെ ശരിക്കും വെളിച്ചപ്പെടുത്തുകയായിരുന്നു.
എവിടെയും സന്തോഷവും നേട്ടവും തിമിർപ്പും; എവിടെയും പിറ്റേന്നത്തെ അപ്പം ഉറപ്പായതിന്റെ ആശ്വാസം; എവിടെയും ഊർജ്ജസ്വലതയുടെ പ്രചണ്ഡസ്ഫോടനങ്ങൾ. ഇവിടെയാകട്ടെ, പരമദാരിദ്ര്യം അതിന്റെ ഭീകരതയെ എടുത്തുകാണിക്കുന്ന കോമാളിവേഷവുമണിഞ്ഞു നില്ക്കുകയാണ്; ഇവിടെ ആ വൈരുദ്ധ്യത്തെ അവതരിപ്പിക്കുന്നത് കലയെക്കാളേറെ ഗതികേടാണെന്നു മാത്രം. അയാൾ, ആ പാവം, ചിരിക്കുകയല്ല! അയാൾ കരയുകയല്ല, അയാൾ നൃത്തം വയ്ക്കുകയല്ല, അയാൾ ഗോഷ്ടി കാണിക്കുകയല്ല, അയാൾ ഒച്ച വയ്ക്കുകയല്ല; സന്തോഷമോ ശോകമോ പ്രകടിപ്പിക്കുന്ന പാട്ടുകൾ പാടുകയല്ല; അയാൾ ആർക്കും നേരെ കൈ നീട്ടുന്നുമില്ല. നിശ്ശബ്ദനും നിശ്ചേഷ്ടനുമാണയാൾ. അയാൾ കളിയിൽ നിന്നൊഴിവായിക്കഴിഞ്ഞു, അയാൾ സ്ഥാനത്യാഗം ചെയ്തുകഴിഞ്ഞു, അയാളുടെ ഭാഗധേയം നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞു.
എന്നാൽ, തന്റെ അറയക്കുന്ന ദാരിദ്ര്യത്തിനു കുറച്ചു ചുവടുകൾക്കു മാത്രമകലെ വന്നൊഴുക്കു നിലയ്ക്കുന്ന ആൾക്കൂട്ടത്തിനും വെളിച്ചത്തിനും മേൽ അയാൾ പായിച്ച ആ നോട്ടത്തിന്റെ ആഴം ഞാനെങ്ങനെ മറക്കാൻ! വികാരവിക്ഷോഭത്തിന്റെ ഭീകരഹസ്തം എന്റെ തൊണ്ടയ്ക്കു പിടിച്ചമർത്തുന്നപോലെ എനിക്കു തോന്നി, പൊഴിയാൻ കൂട്ടാക്കാത്ത കണ്ണീർത്തുള്ളികൾ കൊണ്ടെന്റെ കാഴ്ച്ച മങ്ങുന്നതായി എനിക്കു തോന്നി.
എന്തു ചെയ്യാൻ? ആ പിഞ്ഞിക്കീറിയ തിരശ്ശീലയ്ക്കു പിന്നിലെ കരിനിഴലുകൾക്കുള്ളിൽ എന്തൊക്കെ കൗതുകങ്ങളും എന്തൊക്കെ അത്ഭുതങ്ങളുമാണ് എനിക്കായി അയാൾ കരുതിവച്ചിരിക്കുന്നതെന്ന് ആ നിർഭാഗ്യവാനോടു ചോദിച്ചിട്ടെന്തു ഗുണം? ചോദിക്കാൻ എനിക്കു ധൈര്യം വന്നില്ല എന്നതാണു വാസ്തവം; ആ ധൈര്യക്കുറവിന്റെ കാരണം കേട്ടാൽ നിങ്ങൾ ചിരിക്കുമെങ്കില്ക്കൂടി പറയട്ടെ, ആ ചോദ്യം അയാൾക്കപമാനമായിത്തോന്നുമോ എന്നായിരുന്നു എന്റെ ശങ്ക. ഒടുവിൽ ഞാൻ നിശ്ചയിച്ചു, കടന്നുപോകുന്ന വഴി ആ പലകയ്ക്കു മേൽ കുറച്ചു പണം വച്ചിട്ടുപോകാമെന്ന്; എന്റെ ഉദ്ദേശ്യം അയാൾക്കു മനസ്സിലാകുമെന്നായിരുന്നു എന്റെ പ്രതീക്ഷ; പക്ഷേ അപ്പോഴേക്കും കാരണമറിയാത്ത ഒരു തള്ളിക്കേറ്റമുണ്ടാവുകയും ആൾക്കൂട്ടം എന്നെ അയാളിൽ നിന്നു വളരെയകലേക്കൊഴുക്കിക്കൊണ്ടുപോവുകയും ചെയ്തു.
ആ കാഴ്ച്ച മനസ്സിൽ നിന്നൊഴിവാക്കാനാകാതെ വീട്ടിലേക്കു മടങ്ങുമ്പോൾ എന്നെ പെട്ടെന്നു വന്നുബാധിച്ച വിഷാദത്തെ വിശകലനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഞാൻ: താൻ ഒരിക്കൽ സമർത്ഥമായി രസിപ്പിച്ച ഒരു തലമുറയെ അതിജീവിച്ച ഒരെഴുത്തുകാരന്റെ ചിത്രമാണ് ഞാനിപ്പോൾ കണ്ടത്; സുഹൃത്തുക്കളില്ലാത്ത, കുടുംബമില്ലാത്ത, കുട്ടികളില്ലാത്ത, ദാരിദ്ര്യവും സമൂഹത്തിന്റെ നന്ദികേടും കൊണ്ടപമാനിതനായ ഒരു വൃദ്ധകവി തന്റെ മുറിക്കു മുന്നിൽ നില്ക്കുന്ന ചിത്രം; മറവി ബാധിച്ച ലോകത്തിന് അങ്ങോട്ടു കടക്കാൻ മനസ്സുമില്ല!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ